ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: മുഖ്യപ്രതി പിടിയില്‍
Monday, March 17, 2025 5:07 AM IST
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്നു കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. പോളിടെക്നിക്കലെ മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി കൊല്ലം കരുനാഗപ്പള്ളി പുന്നകുളം മഠത്തില്‍ ആര്. അനുരാജ് (21) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.
കാമ്പസില്‍ ഹോളി ആഘോഷത്തിനു വ്യാപക പിരിവ് നടത്തി ലഭിച്ച പണം, ഈ കേസില്‍ നേരത്തെ റിമാന്‍ഡിലായ പൂര്‍വവിദ്യാര്‍ഥികളായ ആഷിക്, ശാലിക് എന്നിവര്‍ക്കു കൈമാറി കഞ്ചാവ് കാമ്പസില്‍ എത്തിച്ചത് അനുരാജാണ്. പിടിയിലായ പൂര്‍വവിദ്യാര്‍ഥികളുടെ മൊഴിപ്രകാരമാണ് ഇയാളിലേക്ക് അന്വേഷണം എത്തിയത്.
പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക് വിവിധയിടങ്ങളില്‍നിന്നു മൊത്തമായും ചില്ലറയായും കഞ്ചാവും മറ്റു ലഹരി ഉത്പന്നങ്ങളും എത്തിച്ചു നല്‍കിയിരുന്ന ലഹരിമാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് അനുരാജ്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നും കാമ്പസില്‍ ഏതുസമയത്തും കഞ്ചാവ് എത്തിക്കാന്‍ കഴിയുന്ന വന്‍ ലഹരിമാഫിയാ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.