ഐഒസി ഡിജിഎമ്മിന്റെ വീട്ടിൽനിന്ന് ബാങ്ക് രേഖകളും മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു
Monday, March 17, 2025 5:07 AM IST
കൊച്ചി: ഗ്യാസ് ഏജന്‍സി അനുവദിക്കുന്നിന് പത്തു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത ഐഒസി ഡിജിഎം അലക്സ് മാത്യുവിന്റെ കടവന്ത്രയിലെ വീട്ടില്‍നിന്നു ലക്ഷങ്ങള്‍ നിക്ഷേപം നടത്തിയതിന്റെ രേഖകളും ആറു ലിറ്ററോളം വിദേശമദ്യവും വിജിലന്‍സ് പിടിച്ചെടുത്തു.
29 ലക്ഷം രൂപ സ്ഥിരനിക്ഷേപം ഇട്ടതിന്റെ രേഖകളും ഏഴു ബോട്ടില്‍ വിദേശമദ്യവും വിവിധ രേഖകളുമാണ് പിടിച്ചെടുത്തത്. ഇവ വിജിലന്‍സ് വിശദമായി പരിശോധിച്ചുവരികയാണ്. പിടിച്ചെടുത്ത മദ്യം തുടര്‍നടപടികള്‍ക്കായി എറണാകുളം സൗത്ത് പോലീസിനു കൈമാറിയതായി വിജിലന്‍സ് എസ്പി അറിയിച്ചു.
അലക്സ് മാത്യു തിരുവനന്തപുരത്ത് അറസ്റ്റിലായതിനു പിന്നാലെയാണ് വിജിലന്‍സ് കടവന്ത്ര ചെലവന്നൂരിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. അലക്സ് മാത്യുവിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. എറണാകുളം വിജിലന്‍സ് മധ്യമേഖലാ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഡിജിഎമ്മിന് സസ്പെന്ഷന്
കൊച്ചി: ഡിജിഎം അലക്സ് മാത്യുവിനെ സസ്പെൻഡ് ചെയ്തതായി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐഒസി) അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. നിയമങ്ങളനുസരിച്ച് കര്‍ശന അച്ചടക്കനടപടികള്‍ സ്വീകരിക്കും. എല്ലാ പ്രവര്‍ത്തനങ്ങളിലും സത്യസന്ധതയുടെയും സുതാര്യതയുടെയും ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ ഇന്ത്യന്‍ ഓയില്‍ പ്രതിജ്ഞാബദ്ധമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.