District News
വൈപ്പിൻ: കടലിൽവച്ച് എൻജിൻ നിലച്ചതിനെ തുടർന്ന് നിയന്ത്രണംനഷ്ടപ്പെട്ട് തീരത്തേക്ക് ഒഴുകിയ ഫൈബർ വള്ളം കടൽ ഭിത്തിയിൽ ഇടിച്ചു തകർന്നു. വള്ളത്തിൽ ഉണ്ടായിരുന്ന രണ്ടു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. തിരുവനന്തപുരം വിഴിഞ്ഞം
ഒസാവില കോളനിയിൽ രാജേഷ് (29), വിജയ് (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചെല്ലാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ചെല്ലാനം മറുവക്കാട് തീരത്തായിരുന്നു അപകടം. വള്ളത്തിന്റെ രണ്ട് എൻജിനുകളും ഒരേസമയം തകരാറിലാകുകയായിരുന്നു.
വിഴിഞ്ഞത്ത് നിന്നെത്തി ഒരു മാസമായി കൊച്ചിയിൽ തമ്പടിച്ച് മത്സ്യബന്ധനം നടത്തിയതിന് ശേഷം തിരികെ നാട്ടിലേക്ക് പോവുകയായിരുന്ന കാർമൽ മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലെ ആറു തൊഴിലാളികളിൽ രണ്ടുപേർ മാത്രമേ വള്ളത്തിൽ ഉണ്ടായിരുന്നുള്ളു. ബാക്കി നാലു പേർ ബസിനാണ് നാട്ടിലേക്ക് തിരിച്ചത്.
District News
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മുന്നൂറോളം വാഴകൾ ഉൾപ്പെടെ നിരവധി തെങ്ങുകളും, റബർ മരങ്ങളും, കവുങ്ങുകളും, മറ്റ് ഫല വൃക്ഷങ്ങളുമാണ് നശിപ്പിച്ചത്.
കീരംപാറ ചേലമല ഭാഗത്ത് ഒരാഴ്ചയായി എല്ലാ ദിവസവും കാട്ടാനകൾ രാത്രിയിൽ എത്തുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി ഒറവലക്കുടിയിൽ പോൾ മാത്യുവിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനകൾ കൃഷികൾ നശിപ്പിച്ച് തിന്നു മെതിച്ച് ഇന്നലെ പുലർച്ചെയാണ് കാട്ടിലേക്ക് മടങ്ങിയത്.
പ്രദേശത്ത് മൂന്നാനകളാണ് സ്ഥിരമായി എത്തുന്നത്. ഒരു മാസം മുമ്പ് കാട്ടാനകളെ വനപാലകരുടെ നേതൃത്വത്തിൽ പ്രദേശത്ത് നിന്നു തുരത്തിയിരുന്നു. ഒരാഴ്ചയായി വീണ്ടും ഈ മൂന്നാനകൾ തിരിച്ചെത്തി വീണ്ടും ഇവിടെ തമ്പടിച്ച് കർഷകരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയാണ്.
വീടിന്റെ മുറ്റത്തു വരെയെത്തുന്ന ആനകൾ മനുഷ്യ ജീവന് ഭീഷണിയായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരക്കെ പരാതിയുമുണ്ട്.
District News
പറവൂർ: മദ്യപാനിയായ ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. വെടിമറ തോപ്പിൽപറമ്പിൽ കോമളമാ(58)ണ് മരിച്ചത്. ഭർത്താവ് ഉണ്ണിക്കൃഷ്ണനെ (65) പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.
മദ്യപിച്ച് വീട്ടിലെത്തിയ ഉണ്ണിക്കൃഷ്ണൻ കോമളവുമായി വഴക്കുണ്ടാക്കുകയും മർദിക്കുകയും തലക്ക് ശക്തിയായി അടിക്കുകയും ചെയ്തു. അടിക്കുന്നത് കണ്ട് തടയാൻ ചെന്ന ഇവരുടെ മാനസിക ദൗർബല്യമുള്ള മകൻ ഷിബുവിനും മർദനമേറ്റു. ഷിബു ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുമ്പുവടി ഉപയോഗിച്ചാണ് ഉണ്ണിക്കൃഷ്ണൻ കോമളത്തെ അടിച്ചതെന്നു പറയുന്നുണ്ടെങ്കിലും അത്തരമൊരു വടി വീട്ടിൽ നിന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു.
എന്നാൽ, രക്തപ്പാടുകൾ ഉള്ള കട്ടിയുള്ള ഒരു വിറകിന്റെ കഷണം കണ്ടെടുത്തിട്ടുണ്ട്. അടിയേറ്റു വീണ കോമളത്തെ ഉടനെ നാട്ടുകാരുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോലീസിനെ കണ്ടു വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. നേരത്തെ ചുമട്ട് തൊഴിലാളിയായിരുന്ന ഉണ്ണികൃഷ്ണന് ഇപ്പോൾ കൂലിപ്പണിയാണ്. ഇയാൾ വീട്ടിൽ പതിവായി വഴക്കുണ്ടാക്കുകയും ഭാര്യയെ മർദിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
തന്നെ ഉപദ്രവിക്കുന്നതായി ഭാര്യ നൽകിയ പരാതിയിൽ ഉണ്ണിക്കൃഷ്ണനെ മുന്‍പ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിട്ടുണ്ടെന്നു മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ പറഞ്ഞു.
പറവൂർ താലൂക്ക് ഗവ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടത്തിയ ശേഷം എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. സംസ്കാരം പിന്നീട്. മകൾ: ഷോബി.
District News
കൊച്ചി: യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. മലപ്പുറം എടപ്പാള്‍ പെരിഞ്ഞിപ്പറമ്പില് വീട്ടില്‍ അജിത്താ(25)ണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്.
ഇയാള്‍ മാനേജരായി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെയാണ് ഭീഷണിപ്പെടുത്തിയത്. സെക്യൂരിറ്റി ആവശ്യങ്ങള്‍ പരിശോധിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ വാങ്ങിയെടുത്ത പ്രതി ഫോണിലുണ്ടായിരുന്ന ചിത്രങ്ങള്‍ കൈക്കലാക്കി ഇവ അശ്ലീല സൈറ്റുകളിലും മറ്റും അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു.പ്രതിയെ ബംഗളൂരുവില്‍ നിന്നുമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
കൊച്ചി/കോതമംഗലം: രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി 14 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനക്കാർ അറസ്റ്റിലായി. എറണാകുളം നോര്‍ത്തില്‍ 11 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയും കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിയിൽ രണ്ടുകിലോഗ്രാം കഞ്ചാവുമായി രണ്ട് ആസാം സ്വദേശികളുമാണ് പിടിയിലായത്.
\
ഒഡീഷ കാണ്ടമാല്‍ സ്വദേശി തുമ മുതംജിയെ (40) ആണ് നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ.അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് പിടികൂടിയത്. ഒഡീഷയില്‍ നിന്നും കൊണ്ടുവന്ന് ഇടനിലക്കാര്‍ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ നോര്‍ത്ത് ജൂബിലി റോഡില്‍ നിന്നാണ് 11.616 കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലായത്.
ആസാം സ്വദേശികളായ ഫൈജുല്‍ ഇസ്ലാം(25), ഉബൈദുല്‍ ഹുസൈന്(24) എന്നിവരെയാണ് കോതമംഗലത്ത് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോതമംഗലം ടൗൺ, പാനിപ്ര, ഇരുമലപ്പടി, നെല്ലിക്കുഴി ഭാഗങ്ങളിൽ യുവാക്കൾക്കിടയിലും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും കഞ്ചാവ് എത്തിക്കുന്നതിൽ പങ്കുവഹിക്കുന്നവരാണ് ഇവരെന്ന് പറയുന്നു.
കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ
ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പി.ബി. ലിബു, എം.റ്റി. ബാബു, കെ.എ. റസാക്ക് , സോബിന്‍ ജോസ്, സിവിൽ എക്സൈസ് ഓഫീസർ പി.വി. വികാന്ത്, പി.എം. ഉബൈസ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
District News
അരൂർ: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപതിയിലേക്ക് കൊണ്ടുപോയ ആംമ്പുലൻസ് ഉയരപ്പാത നിർമാണമേഖലയിലെ ഗതാഗത കുരുക്കിൽപെട്ട് താമസിച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവിയും പൊതുമരാമത്ത് റോഡ്സ് ചീഫ് എഞ്ചിനീയറും ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിൽ അറിയിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
എരമല്ലൂർ എൻവിഎസ് കവലയ്ക്ക് സമീപമാണ് കാൽനടയാത്രികനായ എരമല്ലൂർ സ്വദേശി മണിലാലിനെ(55) സ്കൂട്ടർ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ ആമ്പുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അരൂർ പഞ്ചായത്തിന് സമീപം ആമ്പുലൻസ് 20 മിനിറ്റ് ഗതാഗത കുരുക്കിൽപെടുകയായിരുന്നു. പനങ്ങാട് മാടവന ജംഗ്ഷനിലെത്തിയപ്പോഴേക്കും മണിലാൽ മരിച്ചു. രണ്ട് ദിവസം മുമ്പ് എരമല്ലൂർ സ്വദേശി ശരത് ഡയാലിസിസ് ചെയ്യാൻ ആശുപതിയിലേക്ക് പോകുമ്പോൾ അരൂർ ക്ഷേത്രത്തിനു സസമീപം ഗതാഗതകുരുക്കിൽപ്പെട്ട് മരിച്ചിരുന്നു.
District News
കൊച്ചി: പതിനാറുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 25,000 രൂപ പിഴയും 33 വർഷം കഠിന തടവും ശിക്ഷ വിധിച്ചു. വരാപ്പുഴ ചിറക്കകം കടത്തു കടവ് വീട്ടിൽ സുനിയുടെ മകൻ ശ്രീജിത്തി(24)നെ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി പ്രത്യേക ഉത്തരവിട്ടു.
പിഴ അടയ്ക്കാതിരുന്നാൽ എട്ടു മാസം കൂടി അധിക തടവ് അനുഭവിക്കണം. 16 വയസുകാരിയായ അതിജീവിതയെ ഇൻസ്റ്റഗ്രാം വഴി പ്രതി പരിചയപ്പെട്ട് പ്രണയത്തിൽ ആവുകയും, വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി. മുനമ്പം മുൻ ഡിവൈഎസ്പി എ. എൽ. യേശുദാസ് ആണ് അന്വേഷണം നടത്തിയത്.
District News
പെരുമ്പാവൂർ : ശക്തമായ മഴയിൽ പാലക്കാട്ടുതാഴം പാലത്തിന് സമീപം മണ്ണിടിച്ചിൽ. എ.എം റോഡിനോടു ചേർന്നുള്ള ഭാഗത്തെ മണ്ണിടിഞ്ഞതോടെ റോഡ് അപകടാവസ്ഥയിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്നലെ രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്.
പെരുമ്പാവൂർ നഗരത്തിലേക്ക് പ്രവേശിക്കുന്ന പാലക്കാട്ടുതാഴം പാലത്തിന് സമീപത്താണ് സംഭവം. ഇവിടെയുണ്ടായിരുന്ന കുടിവെള്ള പൈപ്പിന് ലീക്ക് ഉണ്ടായിരുന്നതായും പ്രദേശവാസികൾ പറയുന്നുണ്ട്. ശക്തമായ മഴകൂടി പെയ്തതോടെ മണ്ണിടിയികുകയായിരുന്നു. റോഡിന് വശത്തെ മണ്ണിടിഞ്ഞതോടെ കുടിവെള്ള വിതരണ പൈപ്പും തകർന്നിട്ടുണ്ട്. 30 വരെ വെങ്ങോല ഭാഗത്തേക്കുള്ള ശുദ്ധജല വിതരണം മുടങ്ങും. ഗതാഗതം പുതിയ പാലത്തിലൂടെ മാത്രമാക്കി.
District News
സുൽത്താൻ ബത്തേരി: മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളജ് ആരംഭിക്കുന്നതിനായി ഇന്ത്യൻ മെഡിക്കൽ കമ്മീഷന്റെ താത്കാലിക അംഗീകാരം നേടിയെടുത്തത്തിൽ ദുരൂഹത ഉണ്ടെന്നു മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി വിലയിരുത്തി.
പ്രാഥമികമായ സൗകര്യങ്ങൾ പോലും ഒരുക്കാതെയും നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്നുമുള്ള 2023 ജൂണ്‍ 16ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെ അവഗണിച്ചുമാണ് മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിച്ചത്. രണ്ടാം വർഷം മുതലുള്ള ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ യാതൊരു ഒരുക്കങ്ങളും നാളിതുവരെയായി തുടങ്ങുകയോ ചെയ്യുകയോ ചെയ്തിട്ടില്ല.
നിലവിലുള്ള പരിമിതമായ സൗകര്യങ്ങൾ കേവലം ഒരു വർഷത്തേക്ക് മാത്രമേ ഉപയോഗപ്പെടുത്താൻ പറ്റുകയുള്ളു എന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനു 20 ഏക്കർ സ്ഥലമെങ്കിലും വേണമെന്ന നിബന്ധനയിരിക്കെ കേവലം എട്ട് ഏക്കർ സ്ഥലം മാത്രമാണ് മാനന്തവാടിയിൽ സർക്കാരിന്റെ കൈവശം ഉള്ളത്. നിലവിൽ ഇതു തന്നെ നഴ്സിംഗ് കോളജിന്റെ സ്ഥലം ഉൾപ്പെടെയാണ്. ഏറ്റവും ഒടുവിലായി വകുപ്പ് മന്ത്രിയുടെ പ്രസ്താവന വന്നത് മാനന്തവാടി മെഡിക്കൽ കോളജിനായി അന്പുകുത്തിയിലുള്ള 28ഏക്കർ വനഭൂമി വിട്ടുനൽകുന്നതിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. വനം വകുപ്പിൽ നിന്നും 28ഏക്കർ സ്ഥലം വിട്ടുകിട്ടിയിട്ടു മെഡിക്കൽ കോളജ് പ്രവർത്തിപ്പിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കലാണ്.
നാഷണൽ മെഡിക്കൽ കൗണ്‍സിലിന്റെ മാനദണ്ഡങ്ങൾ മനസിലാക്കാതെയാണ് വിദ്യാർഥികൾ ആദ്യവർഷം അഡ്മിഷൻ നേടിയത്. വയനാട്ടിൽ മെഡിക്കൽ കോളജ് ആരംഭിക്കുന്പോൾ അവശത അനുഭവിക്കുന്ന വിഭാഗത്തിൽപ്പെട്ട അഞ്ച് കുട്ടികൾക്ക് ഓരോ വർഷവും മെറിറ്റിൽ അഡ്മിഷൻ നൽകുമെന്ന സർക്കാർ ഉറപ്പു പാലിക്കപ്പെട്ടില്ല. ഈ സംവരണം ആട്ടിമറിക്കപ്പെട്ടതിനാൽ നിലവിൽ അഡ്മിഷൻ നേടിയ കുട്ടികളുടെ തുടർ പഠനംപോലും അനിശ്ചിതത്തിലാകും.
മെഡിക്കൽ കോളജ് തുടങ്ങുമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ മടക്കിമലയിൽ 50ൽ അധികം ഏക്കർ സ്ഥലത്തെ മരങ്ങൾ വീട്ടിനീക്കിയത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കും. മെഡിക്കൽ കോളജിന് വേറെ ഭൂമി കണ്ടെത്തി ഏറ്റെടുക്കുന്നതിന് കാലതാമസവും സർക്കാരിന് ഭാരിച്ച സാന്പത്തിക ബാധ്യതയും വരുത്തും. അതിനാൽ മടക്കിമലയിലെ ഭൂമി ഉപേക്ഷിച്ച സർക്കാർ നടപടി പുനഃപരിശോധിച്ചു എത്രയും പെട്ടന്നു ഈ ഭൂമിയിൽ തന്നെ മെഡിക്കൽ കോളജിന്റെ പ്രവർത്തനം പുനഃരാരംഭിക്കണമെന്ന് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി ബത്തേരിയിൽ ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു. സമരം ശക്തമാക്കാനും തീരുമാനിച്ചു. കെ.എം. ശ്രീധരൻ അന്പലക്കുന്ന് സദസ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി രക്ഷാധികാരി വി.പി. എൽദോ, കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. കെ.വി. ഗോകുൽദാസ്, ഡോ.എം. ബാലകൃഷ്ണൻ, പോൾ മാത്യു, കെ.എം. സെയ്ദലവി, ശാന്തകുമാരി കൽപ്പറ്റ, എ. ഷണ്മുഖൻ, ബിജു പൂളക്കര, ധർമരാജ് അയ്യംകൊല്ലി, ദിവാകരൻ നീലഗിരി, വർഗീസ് വട്ടേക്കാട്, ഇ. ഡെവിസ്, സി.എ. റഫീഖ്, സി.എച്ച്. സജിത്കുമാർ എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിച്ചു.
കൽപ്പറ്റ ക്ലാരാഭവൻ ഓൾഡ് ഏജ് ഹോമിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി കെ. അനീഷ് ചാക്കോ മുഖ്യാതിഥിയായി. സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡ് കരസ്ഥമാക്കിയ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനെയും സംസ്ഥാന അത് ലെറ്റിക്സ് ചാന്പ്യൻഷിപ്പിൽ 70 വയസിന് മുകളിൽ പ്രായമുള്ള വിജയികളായ കായിക താരങ്ങളെയും ജില്ലയിലെ ഏറ്റവും മുതിർന്ന അംഗമായ 107കാരി മോഹയെയും ആദരിച്ചു.
മോട്ടിവേഷൻ സ്പീക്കർ വി.കെ. സുരേഷ്ബാബു ക്ലാസ് നയിച്ചു. വിവിധ ഓൾഡ് ഏജ് ഹോമുകളിൽ നിന്നുള്ള താമസക്കാരുടെ കലാപരിപാടികളും അരങ്ങേറി. പരിപാടിയിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ എസ്. ഗിഫ്റ്റ്സണ്‍ രാജ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗരസഭാ കൗണ്‍സിലർ സി. ഷരീഫ, വയോജന ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ. ഉണ്ണികൃഷ്ണൻ, അനിത, കെഎസ്എസ്എം ജില്ലാ കോ ഓർഡിനേറ്റർ സിനോജ് കെ. ജോർജ്, ജില്ലാസാമൂഹ്യനീതി ഓഫീസ് ജൂണിയർ സൂപ്രണ്ട് ഷീബ പനോളി എന്നിവർ പ്രസംഗിച്ചു.
District News
പയ്യന്പള്ളി: സെന്റ് കാതറിൻസ് ഫൊറോന ദേവാലയത്തിനുകീഴിൽ പുതിയിടത്തുളള കപ്പേളയിൽ വിശുദ്ധ യൂദാശ്ലീഹായുടെ പ്രധാന തിരുനാൾ ഇന്ന് ആഘോഷിക്കും.
രാവിലെ 8.30ന് നേർച്ചകാഴ്ചകൾ. 9.30ന് ജപമാല. 10ന് ബത്തേരി അസംപ്ഷൻ ഫൊറോന അസി. വികാരി ഫാ. ജൂഡ് വട്ടക്കുന്നേലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്. 11.30ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, മേളക്കാഴ്ചകൾ, നേർച്ചഭക്ഷണം. കപ്പേളയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് കഴിഞ്ഞ ദിവസം വികാരി ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠിച്ചു.
District News
ദ്വാരക: ദ്വാരക വിശുദ്ധ അൽഫോൻസ പള്ളിയിൽ മിഷൻ ഞായർ ആചരണം നടത്തി. ഫാ. അഗസ്റ്റിൻ ചേന്പാല വിശുദ്ധബലി അർപ്പിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു.
മിഷൻ റാലിയിൽ ഇടവകയിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വികാരി ഫാ. ബാബു മൂത്തേടത്ത് സമ്മാനദാനം നൽകി.
ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ശാഖ പ്രസിഡന്റ് ലിനോ പുന്നയ്ക്കപടവിൽ, ഹെഡ്മാസ്റ്റർ റെനിൽ കഴുതാടിയിൽ, സിസ്റ്റർ അൽഫോൻസ എന്നിവർ പ്രസംഗിച്ചു. മിഷൻ ലീഗ് ഭാരവാഹികളും അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
District News
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ വർണ ചിറകുകൾ എന്ന പേരിൽ കൃപാലയ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും സൗഹൃദ സംഗമം നടത്തി.
നാളുകളായി സ്കൂളിൽ വരാൻ സാധിക്കാതെ വീടുകളിലിരുന്ന് അധ്യാപകരുടെ സേവനം സ്വീകരിച്ചിരുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും സംഗമത്തിൽ പങ്കെടുത്തു. ബിജു പി. വർഗീസ് ഉദ്ഘാടനം ചെയ്തു.
എസ്എബിഎസ് മാനന്തവാടി പ്രൊവിൻഷ്യൽ കൗണ്‍സലർ സിസ്റ്റർ ആൻസ്മരിയ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി തിരുഹൃദയ ദേവാലയ വികാരി ഫാ. ജോഷി പുൽപ്പയിൽ, മുരളി, സിസ്റ്റർ ടെസീന, സ്കൂൾ ഹെഡ്മിസ്ട്രിസ് സിസ്റ്റർ ആൻസീന, ടി.യു. ഷിബു എന്നിവർ പ്രസംഗിച്ചു.
District News
പുൽപ്പള്ളി: എൽഡിഎഫ് സർക്കാരിന്റെ ശബരിമല സ്വർണ കൊള്ളയ്ക്കെതിരേ മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുള്ളൻകൊല്ലി ടൗണിൽ വിശ്വാസ സംരക്ഷണ പ്രതിഷേധ റാലി നടത്തി.
പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ നേതൃത്വം നൽകി. കെ.കെ. വിശ്വനാഥൻ, എൻ.യു. ഉലഹന്നാൻ, ബീന ജോസ്, ഇ.എ. ശങ്കരൻ, ജിനി തോമസ്, പി.ടി. ജോണി, കെ.ജി. ബാബു, എം.എസ്. പ്രഭാകരൻ, സണ്ണി ചാമക്കാല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുനിൽ പാലമറ്റം, സാജൻ കടുപ്പിൽ, ഷിജു പൗലോസ്, എം.ടി. കരുണാകരൻ, കെ.കെ. മോഹൻദാസ്, ബാബു തോമസ്, വിൻസന്റ് ചേരവേലിൽ, റസാക്ക് കക്കടം, ഷിനോയ് മാത്യു എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ സംഘപരിവാർ ശക്തികളുടെ സമ്മർദ്ദത്തിന് കീഴ്പ്പെടുന്നവെന്ന് യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിലൂടെ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെയും കേന്ദ്രസർക്കാർ ഏജൻസികളെയും ഈ സർക്കാർ എത്രമാത്രം ഭയപ്പെടുന്നു എന്നുള്ളത് തെളിയിച്ചിരിക്കുകയാണ്.
മുന്നണിയിൽ ചർച്ച ചെയ്തതല്ല എന്ന് പറഞ്ഞുകൊണ്ട് ചർച്ച വഴി മാറ്റാൻ ശ്രമിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം സംഘപരിവാർ ശക്തികൾക്ക് അടിയറവയ്ക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത് പ്രതിഷേധാർഹം ആണെന്നും യോഗം കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാണിക്കുന്നതിനായി നവംബർ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിലായി ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. ടി. സിദ്ദിഖ് എംഎൽഎ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി ഹംസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ, യുഡിഎഫ് കണ്‍വീനർ പി.പി. ആലി, എൻ.കെ. റഷീദ്, യഹിയഖാൻ തലക്കൽ, സലീം മേമന, പ്രവീണ്‍ തങ്കപ്പൻ, ഒ.വി. അപ്പച്ചൻ, പോൾസണ്‍ കൂവക്കൽ തുടങ്ങിയവർ പ്രസംഗിച്ച
District News
കൽപ്പറ്റ: ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും മുഖം മിനുക്കുന്നു.
ശുചിത്വവും മനോഹാരിതയുമുള്ള പൊതു സ്ഥാപനങ്ങൾ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശുചിത്വമുള്ള ചുറ്റുവട്ടം എന്ന പേരിൽ കർമ പരിപാടി നടപ്പാക്കുന്നത്. ശുചിത്വോത്സവം-2025ന്റെ രണ്ടാംഘട്ട കർമപരിപാടിയുടെ ഭാഗമായി സർക്കാർ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടപ്പാക്കും. സർക്കാർ സ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളടങ്ങിയ കർമപദ്ധതിയുടെ തുടർ പരിശോധനകളും വിലയിരുത്തലുകളും ഇന്നു മുതൽ 31 വരെ നടത്തും. പ്രവർത്തനങ്ങൾ വിലയിരുത്തി സ്ഥാപനങ്ങൾക്ക് ഗ്രേഡ് നൽകും. ഹരിത ചട്ടങ്ങളുടെ ലംഘനവും മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അഭാവവും ഗൗരവത്തിലെടുക്കും. ശുചിത്വമില്ലാത്ത സ്ഥാപനങ്ങളിൽനിന്നു സ്ക്വാഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ പിഴ ഈടാക്കി റിപ്പോർട്ട് സർക്കാരിനു നൽകും
District News
ചീക്കല്ലൂർ: മലയാള ഐക്യവേദി വിദ്യാർഥി മലയാളവേദി സംസ്ഥാന സമ്മേളന ലോഗോയുടെ ജില്ലാതല പ്രകാശനം നടന്നു. എഴുത്തുകാരനായ വാസുദേവൻ ചീക്കല്ലൂർ ലോഗോ പ്രകാശനം ചെയ്തു.
മലയാള ഐക്യവേദി സംസ്ഥാന നവമാധ്യമസമിതി കണ്‍വീനർ കെ.എ. അഭിജിത്ത്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ, മലയാള ഐക്യവേദി സംസ്ഥാന പ്രവർത്തക സമിതിയംഗം ശിവൻ പള്ളിപ്പാട്, ദർശന ലൈബ്രറി സെക്രട്ടറി പി. ബിജു, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യൂണിറ്റ് സെക്രട്ടറി പി. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളമുണ്ട സ്വദേശി പി.ഡി. അനീഷാണ് ലോഗോ രൂപകല്പന ചെയ്തത്. നവംബർ 15,16 തീയതിയികളിൽ തിരുവനന്തപുരം മേനംകുളത്തുള്ള ഇന്റർനാഷനൽ സ്കൂൾ ഓഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സിലാണ് സംസ്ഥാന സമ്മേളനം.
District News
മീനങ്ങാടി: നവംബർ രണ്ട് വരെ വിജിലൻസ് ബോധവത്കരണ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മീനങ്ങാടി ടൗണിൽ ബോധവത്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു.
മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു. വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജി വർഗീസ് നേതൃത്വം നൽകി. ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വയനാട് വിജിലൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കും കോളജ് വിദ്യാർഥികൾക്കുമായി ബോധവത്കരണ ക്ലാസുകൾ, സ്കൂൾ കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.
District News
കൽപ്പറ്റ: ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റലൈസ്ഡ് ഗ്രാമപഞ്ചായത്തായി മൂപ്പൈനാട്. സമ്പൂർണ ഡിജിറ്റലൈസ്ഡ് പ്രഖ്യാപനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ ശേഖരിക്കുകയും സൂക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു സമഗ്ര സംവിധാനമായ ദൃഷ്ടി പോർട്ടലിലൂടെയാണ് ഡിജിറ്റൽവത്കരണം സാധ്യമാക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തി, വാർഡ് അതിർത്തികൾ, കെട്ടിടങ്ങളുടെ സ്ഥാനം, തരം, വീടുകളിലെ സാമൂഹിക ആരോഗ്യ വിവരങ്ങൾ, വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങൾ എന്നിവ കൃത്യമായ അളവുകളോടെ വിശദമായ വിവരങ്ങൾ ലഭിക്കും.
റോഡുകൾ, പാലങ്ങൾ, കൾവേർട്ടുകൾ, ജലവിതരണം, ഡ്രൈനേജ്, വൈദ്യുതി ലൈൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഫോട്ടോകൾ സഹിതം രേഖപ്പെടുത്തും.
കെട്ടിട വിസ്തൃതി ലേസർ സർവേ വഴി കൃത്യമായി രേഖപ്പെടുത്തുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൾ നിലവിലുള്ള വിശദാംശങ്ങളുമായി താരതമ്യം ചെയ്യുന്നതിനാലും അനധികൃത നിർമാണങ്ങൾ കണ്ടെത്താനും അനധികൃത ഉപയോഗവും വരുമാന നഷ്ടം തടഞ്ഞ് പ്രാദേശിക സ്ഥാപനങ്ങൾക്ക് വരുമാന വർധനവ് ഉറപ്പാക്കാം.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ഓരോ വീടുകളിലെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനാൽ വിദ്യാഭ്യാസം, തൊഴിൽ, പെൻഷൻ, ആരോഗ്യവിവരങ്ങൾ തുടങ്ങി ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭൂപ്രകൃതി, സ്ഥാനം എന്നിവയ്ക്കനുസരിച്ച് സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യുന്നതിനും ആവശ്യമായ ശാസ്ത്രീയ ഡാറ്റാബേസ് ദൃഷ്ടി പോർട്ടലിൽ ലഭ്യമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് ജിഐഎസ് അധിഷ്ഠിത ദൃഷ്ടി വെബ് പോർട്ടൽ വികസിപ്പിച്ചത്.
District News
നിലന്പൂർ: മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കോഴി മാലിന്യവുമായി എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. ഒടുവിൽ പോലീസ് ഇടപ്പെട്ട് മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലെത്തിച്ചു. ആവശ്യമായ രേഖകൾ ഇല്ലാതെയാണ് കോഴി മാലിന്യങ്ങളുമായി വാഹനങ്ങളെത്തിയത്.
ഇതേത്തുടർന്ന് ഇന്നലെ രാവിലെ നിലമ്പൂർ സ്റ്റേഷനിൽ വാഹനങ്ങൾ എത്തിച്ചു. രേഖകൾ ഇല്ലെങ്കിൽ പിഴ അടപ്പിക്കുമെന്നാണ് പോലീസ് പറയുന്നത്. ചാലിയാർ പഞ്ചായത്തിലെ അളക്കൽ വിജയപുരത്തെ കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കാണ് ഞായറാഴ്ച രാത്രി പത്തോടെ രണ്ട് വാഹനങ്ങൾ കോഴി മാലിന്യങ്ങളുമായി എത്തിയത്.
ഈ വാഹനങ്ങളാണ് അകമ്പാടം സദ്ദാം ജംഗ്ഷനിൽ നാട്ടുകാർ പ്രതിഷേധിച്ച് തടഞ്ഞത്. ഫ്രീസർ സൗകര്യമുള്ള വാഹനങ്ങളിൽ വേണം കോഴി മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനെന്നാണ് നാട്ടുകാർ പറയുന്നത്.
ഫ്രീസർ സൗകര്യമില്ലാതെ മാലിന്യങ്ങളുമായി വാഹനങ്ങൾ എത്തിയതിനാൽ അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ച് തടഞ്ഞത്. ചാലിയാർ പഞ്ചായത്തിലെ മൈലാടി മുതൽ അകമ്പാടം - മൂലേപ്പാടം വരെയുള്ള ഭാഗങ്ങളിലെ ജനങ്ങളാണ് ദുർഗന്ധം മൂലം പ്രയാസപ്പെടുന്നത്.
ലൈസൻസുള്ള സംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നതും ഇവിടേക്ക് കോഴി മാലിന്യങ്ങൾ എത്തിക്കുന്നതും ലൈസൻസ് അനുവദിച്ചപ്പോഴുള്ള നിബന്ധനകൾ പാലിച്ചാണോയെന്ന് ഉറപ്പ് വരുത്താൻ പോലീസും ആരോഗ്യവകുപ്പും ജനപ്രതിനിധികളും തയാറാകാത്തതാണ് നിലവിൽ ജനങ്ങൾ ദുർഗന്ധം സഹിക്കേണ്ട അവസ്ഥയിലായത്. സംസ്കരണ കേന്ദ്രത്തിനെതിരേയല്ല, ഇവിടേക്ക് മാലിന്യങ്ങൾ കൊണ്ടുപോകുന്നതിൽ കാണിക്കുന്ന അലംഭാവത്തെയാണ് ജനങ്ങൾ എതിർക്കുന്നത്.
നിലമ്പൂരിൽ നിന്ന് രാത്രി 11ന് പോലീസ് എത്തിയ ശേഷമാണ് കോഴി മാലിന്യങ്ങൾ നിറച്ച വാഹനങ്ങൾ സംസ്കരണ കേന്ദ്രത്തിലെത്തിച്ചത്. അതിന് ശേഷം മാലിന്യം ഇറക്കി. തുടർന്ന് വാഹനങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
അളക്കൽ വിജയപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് സമീപത്തെ കുറുഞ്ഞിതോട്ടിലേക്ക് മാലിന്യ സംസ്കരണ ശേഷം അവശിഷ്ടങ്ങൾ ഒഴുക്കുന്നതായും ആരോപണം ഉയർന്നിരുന്നു.
അടിയന്തരമായി പോലീസും ജനപ്രതിനിധികളും കമ്പനി ഉടമകളും വിഷയം ചർച്ച ചെയ്ത് ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
District News
വണ്ടൂർ: വണ്ടൂർ ഹോമിയോ കാൻസർ ആശുപത്രിയിൽ എക്സറേ, അൾട്രാ സൗണ്ട്, ലാബ് തുടങ്ങിയവക്കായി ഒരുകോടി രൂപ ചെലവുവരുന്ന കെട്ടിടം നിർമിക്കുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യമന്ത്രി വീണാ ജോർജ് ഓണ്‍ലൈനായി നിർവഹിച്ചു.
ചടങ്ങിൽ എ.പി. അനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് ആന്വൽ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ അധ്യക്ഷത വഹിച്ചു.
പി.ടി. ജബീബ് സുക്കീർ, സി. ജയപ്രകാശ്, കാപ്പിൽ മുരളി, സി.ടി. ചെറി, ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിനു കൃഷ്ണൻ, റസിഡന്റ് മെഡിക്കൽ ഓഫീസർ പി. ഷിബിന തുടങ്ങിയവർ പങ്കെടുത്തു.
District News
നിലമ്പൂർ: നിലമ്പൂർ സബ്ജില്ല ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലെ ഐടി മേളയിൽ നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിന് ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ കിരീടവും ഹയർ സെക്കൻഡറി വിഭാഗത്തിനും യുപി വിഭാഗത്തിനും മൂന്നാം സ്ഥാനവും ലഭിച്ചു.
District News
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ബി സോണ്‍ ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ലീഗ് റൗണ്ടിൽ കൊണ്ടോട്ടി ഇഎംഇഎ കോളജിന് വിജയ തുടക്കം. ആദ്യ മത്സരത്തിൽ പെരിന്തൽമണ്ണ ഐഎസ്എസ് കോളജിനെ 3-1 ന് തകർത്താണ് ഇഎംഇഎയുടെ മുന്നേറ്റം.
മൂന്ന് പോയിന്റാണ് നേട്ടം. വിജയികൾക്കായി ഹർഷൽ റഹ്മാൻ ഹാട്രിക് ഗോളുകൾ നേടി. മുപ്പത്തിരണ്ടാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയാണ് ഐഎസ്എസ് ആശ്വാസം നേടിയത്. ഹർഷൽ റഹ്മാനാണ് മത്സരത്തിലെ മികച്ച താരം.
ഇന്നത്തെ മത്സരങ്ങളിൽ എംഐസി അത്താണിക്കൽ, യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റിനെ നേരിടും. രണ്ടാം മത്സരത്തിൽ എംഇഎസ് മന്പാട്, മജ്ലിസ് കോളജ് പുറമണ്ണൂരിനെയും മൂന്നാമത്തേതിൽ എംഇഎസ് കെവിഎം വളാഞ്ചേരി, അംബേദ്കർ കോളജ് വണ്ടൂരുമായും ഏറ്റുമുട്ടും.
ചാമ്പ്യൻഷിപ്പ് കാലിക്കട്ട് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ഇഎംഇഎ കോളജ് കായിക വിഭാഗം മേധാവി ഡോ. ശിഹാബുദീൻ, എംഎഎംഒ കോളജ് കായിക വിഭാഗം മേധാവി ഡോ. മുജീബ് റഹ്മാൻ, എംഇഎസ് കോളജ് മന്പാട് കായിക വിഭാഗം മേധാവി റഫീഖ് എരത്തിൽ, എംഇഎസ് കെവിഎം വളാഞ്ചേരി കായിക വിഭാഗം മേധാവി എസ്. ദിനിൽ എന്നിവർ പങ്കെടുത്തു.
District News
കരുവാരകുണ്ട്: കലോത്സവ വേദിയിൽ കുട്ടി റിപ്പോർട്ടർമാർ സജീവം. കരുവാരകുണ്ടിൽ നടന്ന വണ്ടൂർ ഉപജില്ല കലാമേളയുടെ അവസാന ദിവസമാണ് കുട്ടി റിപ്പോർട്ടർമാർ കലോത്സവ നഗരിയിൽ ചുറ്റി നടന്ന് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കരുവാരകുണ്ട് കൊയ്ത്തക്കുണ്ട് ജിഎൽപി സ്കൂളിലെ കുട്ടി റിപ്പോർട്ടർമാരാണ് മാധ്യമ പ്രവർത്തനം നടത്തിയത്.
പി.കെ. രുദ്ര, കെ. അഫിയ ഷെറിൻ, ആദിദേവ് ഗിരീഷ് കുമാർ എന്നിവരാണ് അവസാന ദിവസത്തെ പ്രധാന ആകർഷണമായ ഒപ്പന വേദിക്കരികിൽ നിന്ന് റിപ്പോർട്ടിംഗ് നടത്തിയത്. വേദിയിൽ നിന്നിറങ്ങുന്ന മത്സരാർഥികളുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞും മറ്റും തത്സമയം തന്നെ വാർത്തയാക്കുകയുമാണ് ചെയ്യുന്നത്. ആയിരങ്ങൾ പങ്കെടുത്ത കലോത്സവ നഗരിയിൽ യാതൊരുവിധ മടിയോ ആശങ്കയോ കൂടാതെയാണ് ഇവർ വാർത്ത തയാറാക്കുന്നത്. വിദ്യാലയത്തിലെ അധ്യാപകനായ പി.കെ. രഘുവാണ് കാമറാമാൻ. അഞ്ചു പേരാണ് വിദ്യാലയത്തിലെ മാധ്യമ സംഘത്തിലുള്ളത്. ഇതിൽ മൂന്നു പേരുമായാണ് രഘു കലോത്സവ വേദിയിൽ എത്തിയത്.
അതേസമയം ഇവർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഇല്ല എന്നതാണ് ശ്രദ്ധേയം. വാർത്തകൾ തയാറാക്കി വിദ്യാലയത്തിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്. വിവിധ ദിനാചരണങ്ങൾ, ആഘോഷങ്ങൾ, ഇതുപോലെയുള്ള കലോത്സവ വേദികൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കുട്ടികൾ റിപ്പോർട്ടിംഗിനായി ഇറങ്ങുന്നത്. പഠനത്തോടൊപ്പം മറ്റു കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുടെ മാധ്യമ പ്രവർത്തനവും.
District News
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് (പരിയാപുരം) അംഗം അനിൽ പുലിപ്ര സിപിഎമ്മിൽ നിന്ന് രാജിവച്ചു. അടുത്തകാലത്തായി സിപിഎമ്മിൽ നിന്ന് അങ്ങാടിപ്പുറത്ത് രാജിവയ്ക്കുന്ന രണ്ടാമത്തെ പഞ്ചായത്ത് അംഗമാണ് അനിൽ. നേരത്തെ 20-ാം വാർഡ് മെന്പറായ കോറാടൻ റംല സിപിഎമ്മിൽ നിന്ന് രാജിവച്ചിരുന്നു. ഇതോടെ പഞ്ചായത്തിൽ സിപിഎം അംഗ സംഖ്യ ഒന്‍പതിൽ നിന്ന് ഏഴായി ചുരുങ്ങി.
28 വർഷമായി സിപിഎം മെന്പഷിപ്പ് ഉണ്ടായിരുന്ന വ്യക്തിയാണ് അനിൽ. 30 വർഷമായി പാർട്ടി മുഖപത്രത്തിന്റെ ഏജന്റ് കൂടിയായിരുന്നു. പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ബഡ്സ് സ്കൂൾ സ്ഥാപിക്കുന്നതിന് പരിയാപുരത്തെ കോനാലിക്കൽ ബാബു വർഗീസ് സൗജന്യമായി 20 സെന്റ് സ്ഥലം നൽകിയപ്പോൾ മെന്പറെ ഉപയോഗപ്പെടുത്തി അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിപ്പിക്കുവാനും ഈ സദുദ്യമം മുടക്കാനും സിപിഎം ശ്രമിച്ചു എന്നതാണ് അനിൽ ഉന്നയിക്കുന്ന ഒരാരോപണം. പാർട്ടിയിൽ നിന്ന് തന്നെ അകറ്റാൻ നിമിത്തമായ പ്രധാന സംഭവം സിപിഎമ്മിന്റെ ഈ വികസന, ജനവിരുദ്ധ, നിഷേധാത്മക നിലപാടാണെന്ന് അനിൽ ചൂണ്ടിക്കാട്ടി.
District News
മഞ്ചേരി: എസ്വൈഎസ് മഞ്ചേരി സോണിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മഞ്ചേരി സാന്ത്വനത്തിന്റെ വിവിധ പദ്ധതികളുടെ സമർപ്പണം ഇന്ന് രാവിലെ 10.30ന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി നിർവഹിക്കും. ആശുപത്രിക്ക് മുന്നിൽ 600 സ്ക്വയർഫീറ്റിലായി പ്രത്യേകം സംവിധാനമൊരുക്കിയാണ് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നത്.
വീൽചെയർ ഹെൽപ് പോയിന്റ്, വിശ്രമകേന്ദ്രം, മൊബൈൽ ചാർജിംഗ് ഹബ്, ടോക്കണ്‍ കെയർ, റീഡിംഗ് റൂം തുടങ്ങി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസകരമാകുന്ന അഞ്ച് പദ്ധതികളുടെ ഒരുമിച്ചുള്ള സമർപ്പണമാണ് ഇന്ന് നിർവഹിക്കുന്നത്.
രോഗികൾ വർഷങ്ങളായി അനുഭവിക്കുന്ന ചക്രകസേരകളുടെ അഭാവം വീൽചെയർ ഹെൽപ് പോയിന്റിലൂടെ പരിഹാരമാകും. ആദ്യഘട്ടം 100 വീൽ ചെയറുകളാണ് ഹെൽപ് പോയിന്റിൽ രോഗികൾക്കായി ഒരുക്കുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഏറെ ആശ്വാസകരമാകുന്ന ചാർജിംഗ് ഹബിൽ 70 പോയിന്റുകൾ ഒരുമിച്ച് പ്രവർത്തിക്കും. ടോക്കണ്‍ കെയർ, സാന്ത്വനം വിശ്രമ കേന്ദ്രം, റീഡിംഗ് റൂം എന്നിവ കൂടി ഇന്ന് ജനങ്ങൾക്കായി തുറന്ന് നൽകും.
സമർപ്പണ സമ്മേളനത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. അനിൽരാജ്, സൂപ്രണ്ട് ഡോ. പ്രഭുദാസ്, ലേ സെക്രട്ടറി എ.പി. മുജീബ് റഹ്മാൻ, എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദീൻ അൽ ഐദ്രൂസി, ജനറൽ സെക്രട്ടറി ശാഫി വെങ്ങാട്, ഫിനാൻസ് സെക്രട്ടറി സയ്യിദ് മുർതള ശിഹാബ് സഖാഫി, മഞ്ചേരി മുനിസിപ്പൽ വൈസ് ചെയർമാൻ വി.പി. ഫിറോസ്, അഡ്വ. ഫിറോസ് ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യാഷിക് മേച്ചേരി, ജില്ലാ ഭാരവാഹികളായ കെ. സൈനുദ്ദീൻ സഖാഫി ഇരുന്പുഴി തുടങ്ങിയവർ സംബന്ധിക്കുമെന്ന് സോണ്‍ ജനറൽ സെക്രട്ടറി സ്വഫുവാൻ കൂടക്കര, ഫിനാൻസ് സെക്രട്ടറി ഇ.കെ. മുസ്തഫ, സംഘടനാകാര്യ പ്രസിഡന്റ് ഇല്യാസ് ബുഖാരി എന്നിവർ അറിയിച്ചു.
District News
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ച മങ്കട ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടങ്ങൾ സ്വന്തമാക്കി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. ഹയർ സെക്കൻഡറി വിഭാഗം പ്രവൃത്തി പരിചയമേളയിൽ 167 പോയിന്റോ സെന്റ് മേരീസ് ഓവറോൾ ജേതാക്കളായി. ഹൈസ്കൂൾ വിഭാഗം ഗണിതമേളയിൽ 69 പോയിന്റോടെയും ഹയർ സെക്കൻഡറി വിഭാഗം ഗണിതമേളയിൽ 80 പോയിന്റോടെയും സെന്റ് മേരീസ് രണ്ടാമതെത്തി.
ഹൈസ്കൂൾ വിഭാഗം ഐടി മേളയിൽ 35 പോയിന്റോടെ രണ്ടാം സ്ഥാനവും ഹയർ സെക്കൻഡറി വിഭാഗം സാമൂഹ്യശാസ്ത്ര മേളയിൽ 33 പോയിന്റോടെ രണ്ടാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി.
ഹയർ സെക്കൻഡറി വിഭാഗം ഐടി മേളയിൽ 31 പോയിന്റോടുകൂടി സെന്റ് മേരീസ് മൂന്നാമതെത്തി.സി.എസ്. അനവദ്യ, നന്ദിക പ്രഭാത്കുമാർ, ശ്രേയ പ്രവീണ്‍, ഫിസാൻ ഫവാസ്, ജി.കെ. അഭിരാം, പി. നിഹാല, ദിൽന ഫാത്തിമ, സാന്ദ്ര സോജി, അയിഷ റിഷ്മ, മിത ട്രീസ, എ. ഫാത്തിമ ജിയ, ടി. ആദില, മരിയ ബിജു, എസ്. ശ്രീകാർത്തിക, അബിൻ ഷാമിൽ പറമ്മൽ, പി.അനന്യ കൃഷ്ണ, അൽവീന സിറിൾ, എം. മുഹമ്മദ് ഇർഫാൻ, എം.ബി.ദിയ, ദാനിഷ് മുഹമ്മദ് പാതാരി, കെ.ടി. ശ്രേയ സുനിൽ, പി. മാളവിക, കെ.പി.ആര്യ, പി.ദേവദർശൻ, സന മെറിൻ, വി. മെഹജബിൻ ഷൗക്കത്ത്, ആൻമരിയ ടോണി, മാനസ ആർ.നായർ, മുഹമ്മദ് ഷിഹാബ്, പി.ടി.ഹാര രമേഷ്, ആർ. ബെൻ ഹനാൻ, എം.കെ. ഫാത്തിമത്തുൽ ഫിദ, അശ്വിൻ അജീഷ്, റയോണ ജോസഫ്, കെ.ടി. സാകേത് കൃഷ്ണ, സി. അയിഷ കിസ്വ, കെ.ടി. നിരഞ്ജൻ, വി. അൻഷിക, ടി.എ. റിൻസി, കെ. ഫാത്തിമ നിദ, അബിൻ ഷിബി, ജെറോം ജോയ്, എം.കെ.അഫ്നാൻ, ഫാത്തിമ സന, പി.ടി. സഹല ഷെറിൻ, സി.പി. ഫാത്തിമ ഹിദ, പി.കെ. നന്ദന, ബ്ലസണ്‍ ഇ.ജോളി, എ.ശ്രീഷ്മ, എ.കെ.ഫാത്തിമ ലിയ, കെ.കെ.നിഷാൽ മുഹമ്മദ്, എം.ഫാത്തിമ റിൻഷ, സി.മുഹമ്മദ് ജസീം, അമീൻ അഹ്മദ് നാസിർ എന്നിവർ മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ യോഗ്യത നേടി.
District News
കരുവാരകുണ്ട്: കരുവാരകുണ്ട് പുൽവെട്ട ജിഎൽപി സ്കൂളിൽ നിർമിച്ച വർണക്കൂടാരം വിദ്യാർഥികൾക്ക് സമർപ്പിച്ചു. കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവിലാണ് സ്കൂളിൽ വർണക്കൂടാരം ഒരുക്കിയത്.
പ്രീ പ്രൈമറി വിദ്യാർഥികൾക്ക് മാനസികോല്ലാസം സമ്മാനിക്കുക, വിവിധ പഠന, പാഠ്യേതര പ്രവർത്തനങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വർണക്കൂടാരം സജ്ജമാക്കിയത്. ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും വൻ സ്വീകരണമാണ് സ്കൂൾ അധികൃതരും നാട്ടുകാരും നൽകിയത്. കരുവാരകുണ്ട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ ബാന്റ്വാദ്യ അകന്പടിയോടെയാണ് ഇവരെ സ്വീകരിച്ചത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ഷീന ജിൽസ്, ടി.കെ.ഉമ്മർ, ബ്ലോക്ക് അംഗം ഷൈലേഷ് പട്ടിക്കാടൻ, വാർഡ് അംഗം ഇ.കുഞ്ഞാണി, ഐ.ടി. സാജിത, ടി.പി. അറമുഖൻ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ സുരേഷ് കൊളശേരി തുടങ്ങിയവർ പങ്കെടുത്തു.
District News
മേപ്പയ്യൂർ: മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. അസൗകര്യത്താൽ വീർപ്പുമുട്ടിയിരുന്ന വില്ലേജ് ഓഫീസിന് മെച്ചപ്പെട്ട സൗകര്യമാണ് പുതിയ ഓഫീസ് നിലവിൽ വരുന്നതോടു കൂടി ഉണ്ടാകുന്നത്.
കേരള സർക്കാരിന്റെ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രവൃത്തി പൂർത്തീകരിച്ചത്. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. കോഴിക്കോട് നിർമിതി കേന്ദ്രം പ്രോജക്ട് ഓഫീസർ ആർ.എസ്. അനുഗ്രഹ് റിപ്പോർട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ശിലാഫലകം അനാച്ഛാദനം ചെയ്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ പ്രവേശനം നിർവഹിച്ചു.
വടകര ആർഡിഒ അൻവർ സാദത്ത്, കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ്. വാര്യർ, മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ശോഭ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. നിഷിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. രമ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. സുനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ എന്നിവർ പ്രസംഗിച്ചു.
District News
കോടഞ്ചേരി: സെന്റ് ജോണ്‍സ് ഹൈസ്കൂളില്‍ ഈ വര്‍ഷം ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വനംമന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു.
ഫാ. ജോര്‍ജ് കറുകമാലില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലിന്റോ ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ഡിവൈഎസ്പി ചന്ദ്രമോഹന്, എസ്പിസി നോഡല്‍ ഓഫീസര്‍ കെ. സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ സൂസന് വര്‍ഗീസ്, പിടിഎ പ്രസിഡന്റ് സാബു അവണ്ണൂര്, മുന്‍ പിടിഎ പ്രസിഡന്റ് വില്‍സണ്‍ തറപ്പേല്‍, എംപിടിഎ പ്രസിഡന്റ് അനു ജോര്‍ജ്, അധ്യാപക പ്രതിനിധി കെ.ജെ. ഷിജി, വിദ്യാര്‍ഥി പ്രതിനിധി അലക്സ് ജോമോന്, സ്കൂള്‍ പ്രധാനാധ്യാപിക ഷില്ലി സെബാസ്റ്റ്യന്‍, സ്റ്റാഫ് സെക്രട്ടറി കെ.ടി. അന്നമ്മ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങില്‍ സോളാര്‍ ഫെന്‍സിംഗ് പദ്ധതി മന്ത്രി പ്രഖ്യാപിച്ചു.
വട്ടചിറ ചിപ്പിലിതോട് വനാതിര്‍ത്തി ഭാഗത്ത് നാലുകിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് നടത്താന്‍ 32 ലക്ഷം രൂപയും മുണ്ടൂര്‍ കണ്ടപ്പന്‍ചാല്‍ കൂരോട്ടുപാറ അതിര്‍ത്തിയില്‍ മൂന്നു കിലോമീറ്റര്‍ ദൂരത്തിന് 24 ലക്ഷം രൂപയും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.
വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ കുട്ടികള്‍ ഉദ്ഘാടന വേളയില്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
District News
മുക്കം: രണ്ട് വർഷം മുമ്പ് കാണാതായ വയോധികയെ കുറിച്ച് യാതൊരു വിവരവുമില്ലാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കി മുക്കം പോലീസ്. 2023 സെപ്റ്റംബർ 17ന് വൈകുന്നേരം നാലോടെ കാണാതായ മുക്കം മാമ്പറ്റ സ്വദേശിനി ചെറോപ്പാലി ബാലകൃഷ്ണന്റെ ഭാര്യ വിജയകുമാരി (57)ക്കായാണ് മുക്കം പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് നടത്തിയ അന്വേഷണത്തിൽ മണാശേരിയിൽ നിന്നും മാവൂർ-കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസിൽ കയറുന്നതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് യാതൊരു വിവരവും ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു.
വിവിധ ക്ഷേത്രങ്ങളിലേക്ക് തീർഥയാത്ര പോവാനുള്ള സാധ്യതയുള്ളതിന്റെ അടിസ്ഥാനത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തിയിരുന്നു. വിജയകുമാരിയെ കുറിച്ച് വിവരം ലഭിക്കുന്നവർ മുക്കം പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോൺ: 04952297133.
District News
മുക്കം: പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും യുഡിഎഫ് വോട്ടുകൾ വ്യാപകമായി തള്ളിയതായി ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ കാരശേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത് സംഘർഷത്തിൽ കലാശിച്ചു. രാവിലെ എട്ട് മുതൽ ഓഫീസിലെ രണ്ട് കവാടങ്ങളും ഉപരോധിച്ചതോടെ ഒരു ഉദ്യോഗസ്ഥന് പോലും ഓഫീസിൽ കയറാനായില്ല. തുടർന്ന് 10.30 ഓടെ മുക്കം ഇൻസ്പെക്ടർ കെ.പി. ആനന്ദിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സമരം ഡിസിസി മെമ്പർ എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൽ വാർഡ് വിഭജനം തീർത്തും അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഭരണ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് വ്യാപകമായിട്ടുള്ള രീതിയിൽ അട്ടിമറി നടത്തിയിട്ടുള്ളതെന്നും സിപിഎമ്മിന്റെ സമ്മർദപ്രകാരം നൂറുകണക്കിന് വോട്ടുകൾ ഹിയറിംഗ് നോട്ടീസ് പോലും നൽകാതെ വെട്ടിമാറ്റിയെന്നും യുഡിഎഫ് ആരോപിച്ചു. യുഡിഎഫ് ചെയർമാൻ കെ. കോയ അധ്യക്ഷത വഹിച്ചു. കൺവീനർ സമാൻ ചാലൂളി, യൂനുസ് പുത്തലത്ത്, സലാം തേക്കുംകുറ്റി, പി.എം. സുബൈർ ബാബു, ജോസ് പാലിയത്ത്, എം.ടി. സൈത് ഫസൽ, ജംഷിദ് ഒളകര എന്നിവർ നേതൃത്വം നൽകി.
District News
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കാരക്കുറ്റിയിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായ എ.പി. അഷ്റഫ് സ്മാരക ഇഷ്ടിക കമ്പനി-പരിയാരം റോഡ് ഉദ്ഘാടനം ചെയ്തു.
പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അറുതി വരുത്തി 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്.
കൊടിയത്തൂർ - നെല്ലിക്കാപറമ്പ് റോഡിനോട് ചേർന്ന പ്രദേശമായിട്ടും വാഹനങ്ങൾ കൊണ്ടുപോകാൻ സൗകര്യപ്രദമായ ഒരു റോഡില്ലാത്തത് പ്രദേശത്തെ വയോധികരും രോഗികളുമുൾപ്പെടെയുള്ളവർക്ക് വലിയ ദുരിതമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇഷ്ടിക കമ്പനി-പരിയാരം റോഡിന് ഫണ്ട് വകയിരുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവാണ് ഉദ്ഘാടനം നിർവഹിച്ചത്.
വാർഡ് മെമ്പർ വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, എം.എ. അബ്ദുറഹിമാൻ, സി.പി. അസീസ്, എം.എ. അബ്ദുൽ അസീസ് ആരിഫ്, പി. അഹമ്മദ്, ജ്യോതി ബസു, വി. അഹമ്മദ് എന്നിവർ പങ്കെടുത്തു.
District News
മേപ്പയ്യൂർ: മേപ്പയ്യൂർ-ചെറുവണ്ണൂർ റോഡ് തകർന്ന് യാത്ര ദുഷ്കരമായി. മേപ്പയ്യൂർ മുതൽ ചെറുവണ്ണൂർ വരെയുള്ള ഒട്ടുമിക്ക പ്രദേശങ്ങളും കുണ്ടും കുഴിയുമായതിനാൽ ഇരുചക്ര വാഹന യാത്ര പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. ജൽ ജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കാൻ ജെസിബി ഉപയോഗിച്ച് റോഡ് മുറിച്ചതിനാലും ഇവിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുന്നിയുള്ളതിൽ മുക്ക്ഭാഗം മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്
തിരുവള്ളൂർ, ആവള, തോടന്നൂർ, പള്ളിയത്ത് പ്രദേശങ്ങളിൽ നിന്ന് കോഴിക്കോട് എത്തിപ്പെടാൻ എളുപ്പവഴിയാണ് ഈ റോഡ്. മേപ്പയ്യൂർ-ചെറുവണ്ണൂർ റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കുവാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എസ്ടിയു മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുജീബ് കോമത്ത് ആവശ്യപ്പെട്ടു.
District News
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മൂന്നു കടകളിൽ മോഷണം. ഈസ്റ്റ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ ഹോം അപ്ലയൻസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബെന്നറ്റ് ബ്യൂട്ടീഷ്യൻസിൽ ഗ്ലാസ് തകർത്താണ് കൃത്യം നടത്തിയത്. ഇവിടെ നിന്നും 18,000 രൂപ പോയതായാണ് വിവരം. തൊട്ടടുത്തുള്ള ഉസ്താദ് ഹോട്ടലിൽ പൂട്ട് തകർത്തിട്ടുണ്ട്.
കൊയിലാണ്ടി സ്റ്റോറിൽ നിന്നും 8,000 രൂപയാണ് മോഷണം പോയത്. കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധനയ്ക്കായി എത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
District News
കൊല്ലം: പിഎം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയെ കബളിപ്പിച്ചു ഒപ്പുവെയ്ക്കുകയായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നാട്ടിന് പുറത്തുപോലും ഇങ്ങനെ ആരും ആരെയും കബളിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം കോര്‍പറേഷന്റെ ദുര്‍ഭരണത്തിനെതിരെ എന്‍.കെ. പ്രേമചന്ദ്രന് എംപി ജാഥാ ക്യാപ്റ്റനും അഡ്വ. ബിന്ദു കൃഷ്ണ, എ.കെ. ഹഫീസ്, നൗഷാദ് യൂനുസ് എന്നിവര്‍ അംഗങ്ങളുമായ കുറ്റവിചാരണ യാത്രയുടെ ഉദ്ഘാടനം അഞ്ചാലുംമൂട്ടില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം കോര്‍പറേഷനെതിരെ തയാറാക്കിയ കുറ്റപത്രത്തിലെ ഓരോ വിഷയവും വോട്ടര്‍മാര്‍ ചര്‍ച്ചചെയ്യുമെന്നും വി.ഡി.സതീശന് കൂട്ടിച്ചേര്‍ത്തു.
കൊല്ലം കോര്പറേഷന് അഴിമതിയുടെ കൂടാരമായി മാറിയെന്നു തുടര്‍ന്നു പ്രസംഗിച്ച ജാഥാ ക്യാപ്റ്റന്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.
അഞ്ചാലുംമൂട്ടില്‍ നിന്നും ആരംഭിച്ച ജാഥ 30ന് ശക്തികുളങ്ങരയില്‍ സമാപിക്കും. യുഡിഎഫ് ജില്ലാ ചെയര്മാന് കെ.സി.രാജന് അധ്യക്ഷനായി ചടങ്ങില്‍ ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയേറ്റംഗം എ.എ.അസീസ്, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, എം.എം. നസീര്‍, അഡ്വ.പി.ജര്‍മിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കുണ്ടറ : ദേശീയപാതയിലെ വെള്ളക്കെട്ട് പരാതി കൊടുത്തു മടുത്തു. ഒടുവിൽ തൂമ്പയും ചട്ടിയും എടുത്തിറങ്ങി അധ്യാപകരും വിദ്യാർഥികളും ചാലുവെട്ടി നേരയാക്കി. കുണ്ടറയിൽ ദേശീയപാത അധികാരികൾ ചെയ്യേണ്ട ജോലി അധ്യാപകരും വിദ്യാർഥികളും കൂടി ചെയ്തു.
ഇളമ്പള്ളൂർ എസ്എൻഎസ്എംഎച്ച്എസ് സ്കൂളിന്റെ മുന്നിലെ വെള്ളക്കെട്ടാണ് അധ്യാപകരും വിദ്യാർഥികളും ചേർന്നു ചാലു വെട്ടി വെള്ളം ഒഴുക്കി കളഞ്ഞത്.
മഴ പെയ്താൽ വർഷങ്ങളായി ഈ പ്രദേശത്ത് മുഴുവൻ വെള്ളക്കെട്ടാകും. സ്കൂൾ കുട്ടികൾ ചാടി കടന്നാണ് സ്കൂളിലേക്ക് കയറുന്നത്.കഴിഞ്ഞ കുറേ വർഷങ്ങളായി സ്കൂൾ അധികൃതർ ഇളമ്പള്ളൂർ പഞ്ചായത്തിനും സ്ഥലം എംഎൽഎ യ്ക്കുംഎംപി യ്ക്കും ദേശീയപാത അധികാരികൾക്കും നിരവധി തവണ പരാതി നൽകിയിട്ടും നാളിതുവരെയും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.ബന്ധപ്പെട്ട അധികാരികളിൽ നിന്നും നടപടികൾ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പായത്തോടെയാണ് അധ്യാപകരും വിദ്യാർഥികളും തൂമ്പയും ചട്ടിയുമായി ഇറങ്ങിയത്.
District News
കൊല്ലം: സപ്ലൈക്കോയുടെ ആറു പമ്പുകള്‍ കൂടി തുടങ്ങുമെന്നു ഭക്ഷ്യ, പൊതുവിതരണമന്ത്രി ജി.ആര് അനില്‍. സപ്ലൈക്കോയുടെ പതിനാലാമതു പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപനം കന്റോണ്‍മെന്റ് സിവില്‍ സപ്ലൈസ് കോംപ്ലക്സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എം നൗഷാദ് എംഎല്‍എ അധ്യക്ഷനായി. എന്‍.കെ.പ്രേമചന്ദ്രന് എംപി, മേയര്‍ ഹണി എന്നിവര്‍ മുഖ്യാതിഥികളായി. സംസ്ഥാന ഐഒസിഎല്‍ റീട്ടെയില്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ഗൗരവ് കുന്ദ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, സംസ്ഥാന ഐഒസിഎല്‍ ചീഫ് ജനറല്‍ മാനേജറും സംസ്ഥാന മേധാവിയുമായി ഗീഥിക മെഹ്റ, ഡെപ്യൂട്ടി കണ്ട്രോളര് ഓഫ് റേഷനിംഗ് സി.വി മോഹനന് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാര്‍, തിരുവനന്തപുരം സപ്ലൈക്കോ റീജിയണല്‍ മാനേജര്‍ എസ്.ആര് സ്മിത, തുടങ്ങിയവര്‍ പങ്കെടുത്തു.
District News
പാരിപ്പള്ളി: യുകെഎഫ് കോളജ് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ (ഓട്ടോണമസ്) മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം ഗാരേജ് ടീം ടര്ബോസിനു ദേശീയ തലത്തില്‍ അഭിമാനനേട്ടം. നാഷണല്‍ ഇലക്ട്രിക് ബൈക്ക് ഡിസൈന്‍ ചലഞ്ചില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ മികച്ച പ്രകടനത്തിലൂടെ ബെസ്റ്റ് എര്‍ഗണോമിക്സ്, എസ്ഥെറ്റിക്സ് ആൻഡ് ഇന്നോവേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.
കോയമ്പത്തൂരിലെ ശ്രീ രാമകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെക്കട്രോണ് മോട്ടോഴ്സുമായി സഹകരിച്ചു സംഘടിപ്പിച്ച ഇലക്ട്രിക് ബൈക്ക് ഡിസൈന്‍ ദേശീയ തല മത്സരത്തില്‍ 19 ടീമുകള്‍ പങ്കെടുത്തു.
യുകെഎഫ് ടീം ടര്‍ബോസ് രൂപകല്പന ചെയ്ത ഇലക്ട്രിക് ബൈക്ക് 'മാര്‍ക്ക് വണ്‍' മികച്ച രൂപകല്പനയും സാങ്കേതിക മികവും മൂലം വിധികര്‍ത്താക്കളുടെ പ്രശംസ നേടി.അതോടൊപ്പം, ഭോപ്പാലിലെ ആര്‍പിഎം അന്താരാഷ്ട്ര റേസിംഗ് സര്‍ക്യൂട്ടില്‍ ഹിന്ദുസ്ഥാന്‍ മോട്ടോര്‍ സ്പോര്‍ട്സുമായി സഹകരിച്ചു സംഘടിപ്പിച്ച ഇന്ത്യന്‍ ഇലക്ട്രിക് ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍, 22 ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ യുകെഎഫ് കോളജ് ടീം മൂന്നാം സ്ഥാനവും പ്രത്യേകമായി നടന്ന കില്‍ ദ ഹില്‍ ഇവന്റില്‍ രണ്ടാം സ്ഥാനവും നേടി.
ഇരു മത്സരങ്ങളിലെയും കേരളത്തില്‍ നിന്ന് പങ്കെടുത്ത ഏക ടീം എന്ന നിലയിലും യുകെഎഫ് എൻജിനിയറിംഗ് കോളജിന്റെ (ഓട്ടോണമസ്) ഈ നേട്ടം ശ്രദ്ധേയമായി. ഈ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് യുകെഎഫ് മെക്കാനിക്കല്‍ എന്ജിനിയററിംഗ് വിഭാഗം അസി. പ്രഫസര്‍മാരായ സി.ആര്. ശ്രീഹരി, പി. അനുരാഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമായിരുന്നു.
അവസാന സെമസ്റ്റര്‍ മെക്കാനിക്കല്‍ വിദ്യാർഥി എസ്. നിര്‍മലിന്റെ നേതൃത്വത്തിൽ അഭിഷേക്, അനന്തു ഗിരീഷൻ, അബാബിൻ, അമൽ, ദർശ്, സന്ദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
District News
ചാത്തന്നൂർ: നടയ്ക്കൽ ഏലായിൽ തുടർച്ചയായി ആറാം വർഷവും നെൽകൃഷി ആരംഭിച്ചു. ഇപ്പോൾ രണ്ടാം വിള കൃഷിയാണ് തുടങ്ങിയത്. 2020 ൽ കേരളസർക്കാരി െ ന്റ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശായി കിടന്ന 10 ഏക്കർ സ്ഥലത്താണ് നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി പ്രവർത്തകരുടെ ശ്രമഫലമായി കൃഷി തുടങ്ങിയത്. ആദ്യകാലത്ത് ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും സബ്സിഡികൾ ഉണ്ടായിരുന്നു.
ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും നെൽകൃഷിക്ക് നൽകി വന്നിരുന്ന ധനസഹായം പിന്നീട് നിർത്തലാക്കി. ഗ്രാമപഞ്ചായത്തിന്റെ ധനസഹായം മാത്രമാണ് ഇപ്പോൾ ഉള്ളത്. ഒന്നാംവിള നെൽകൃഷിയുടെ സബ്സിഡി ഇതുവരെ ലഭിച്ചിട്ടില്ല. എന്നിട്ടും രണ്ടാം വിള കൃഷി തുടങ്ങിയിരിക്കുകയാണ്. നടയ്ക്കൽ ഏലായിൽ റാമ്പ് നിർമിച്ചതോട കൃഷി ചെയ്യുന്നതിനാവശ്യമായ യന്ത്രങ്ങൾ ഇറക്കുന്നതിനും വളം, വിത്ത് എന്നിവ എത്തിക്കുന്നതിനും സഹായമായി.
കാർഷിക സംസ്കാരം നിലനിർത്തുന്നതിനും കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണുന്നതിനും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടുന്നതിനും ഭക്ഷ്യസുരക്ഷയ്ക്കും നെൽകൃഷി സഹായിക്കുന്നതാണ്. നെൽകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ നൽകുക.
നെല്ലിന്റെ താങ്ങുവില വർധിപ്പിക്കുക, വയ്ക്കോൽ ക്ഷീരോല്പാദക സംഘങ്ങൾ വഴി വിറ്റഴിക്കാൻ ഉള്ള സൗകര്യം ചെയ്യുക എന്നിവയാണ് നെൽകൃഷി തുടർന്ന് കൊണ്ട് പോകുന്നതിന് കർഷകർ ആവശ്യപെടുന്നത്.
ലൈബ്രറി പ്രവർത്തകരായ മുൻ ഇത്തിക്കര ബിഡി ഒ ശരത്ചന്ദ്രകുറുപ്പ്, ദേശീയപാത സ്ഥലമെടുപ്പ് ഓഫീസ് അഞ്ചൽ യൂണിറ്റിലെ ക്ലാർക്ക് ഗിരീഷ്കുമാർ നടയ്ക്കൽ, എസ്കെഎം കാലിത്തീറ്റ കൊല്ലം ഡിപ്പോ മാനേജർ പി.വി.അനിൽകുമാർ എന്നിവരാണ് നടയ്ക്കൽ ഏലായിലെ കൃഷിക്ക് നേതൃത്വം നൽകുന്നത്.
District News
കൊല്ലം : ട്രാഫിക് നിയമ ലംഘനങ്ങൾ കൊല്ലം നഗരത്തിൽ തുടർ കഥകളാവുകയാണ്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ. ചില പ്രത്യേക സമയങ്ങളിലാണ് ചില സ്വകാര്യ ബസുകളുടെ നിയമ ലംഘനം നഗരത്തിൽ അരങ്ങേറുന്നത്.
രാവിലെ ഏഴു മുതൽ10 വരെയും ഉച്ചയ്ക്ക് ശേഷം മൂന്നു മുതൽ ആറുവരെയുമാണ് സ്വകാര്യ ബസുകൾ ട്രാഫിക് നിയമങ്ങൾ വക വെയ്ക്കാൻ കൂട്ടാക്കാത്തത്. ഈ തിരക്കുള്ള സമയങ്ങളിൽ സിഗ്നലുകളിൽ ചുവപ്പു ലൈറ്റ് കത്തി കിടന്നാലും ചില സ്വകാര്യ ബസുകൾ അതൊന്നും കാര്യമാക്കാറില്ല.
ചിന്നക്കടയിൽ പ്രധാന ട്രാഫിക് സിഗ്നൽ വഴി നിയമലംഘനം നടത്തി സ്വകാര്യ ബസുകൾ കുതിച്ചു പായുമ്പോൾ ഇരു ചക്ര വാഹനം ഓടിക്കുന്നവർ അടക്കം പ്രാണഭയത്താൽ റോഡ് ഓരത്തേക്ക് മാറുകയാണ് ചെയ്യുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് പോലീസിനെ അവിടെ കാണാറില്ല. നഗരമധ്യത്തെ ട്രാഫിക് സിഗ്നലിൽ മറ്റു വാഹനങ്ങളൊക്കെ സിഗ്നൽ കാത്ത് നിർത്തിയിടുമ്പോൾ ചില സ്വകാര്യ ബസുകൾ മാത്രം അതിനു കൂട്ടാക്കാറില്ല. താലൂക്ക് കച്ചേരി ജംഗ്ഷനിലും ഇത് തന്നെയാണ് സ്ഥിതി. അവിടെ ഒരു സിഗ്നൽ ഉണ്ടെന്നു പോലും കണക്കാക്കാതെയാണ് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ.
നഗരത്തിൽ സ്വകാര്യ ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് ഫോൺ ഉപയോഗം ഒരു തരം ഫാഷനായിരിക്കുകയാണ്. ചെവിയിലും തോളിലുമായി ചേർത്ത് വച്ച ഫോണുകളുമായാണ് മിക്ക ഡ്രൈവർ മാരുംനഗര മധ്യത്തെ വളവുകൾ തിരിക്കുക. ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹോൺ അടിച്ചാൽ ഇതൊന്നും അറിയാത്തവരെ പോലെ ഇക്കൂട്ടർ മറ്റൊരു ലോകത്തായിരിക്കും.
മൂന്നുമാസം മുൻപ് പോലീസിന്റെ പരിശോധനയിൽ സ്വകാര്യ ബസുകളും സ്കൂൾ ബസുകളും അടക്കം മദ്യപിച്ച് വാഹനം ഓടിച്ച ചിലരെ പിടികൂടി നടപടി എടുത്തിരുന്നു. എന്നാൽ പരിശോധനകൾ തുടർന്ന് ഉണ്ടായില്ല.
ക്രിമിനൽ കേസുകളിൽ പെട്ട സ്വകാര്യ ബസ് ജീവനക്കാരുടെ പേരിൽ നടപടി എടുക്കുമെന്ന് വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവനയും വെറുതെയായി.
ആരുടെ പേരിലും നടപടി ഉണ്ടായില്ല. ചവറ - കുണ്ടറ, പെരുമൺ - കുണ്ടറ, കൊട്ടാരക്കര, പത്തനാപുരം റൂട്ടുകളിലും സർവീസ് നടത്തുന്ന ചില ബസുകൾ കാഴ്ചക്കാരെ പോലും ഭയപ്പെടുത്തും വിധമാണ് മരണപാച്ചിൽ നടത്തുന്നത്.
ചവറ - കുണ്ടറ റൂട്ടിലെ ചില ബസുകൾ സമയക്കുറവി െ ന്റ പേര് പറഞ്ഞാണ് മത്സര ഓട്ടം നടത്തുന്നത്.ഈ റൂട്ടിൽ യാത്രക്കാർ ബസിനുള്ളിൽ കയറും മുൻപ് മണിയടിച്ച് ബസെടുക്കുന്നത് നിരവധി അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
District News
പുനലൂർ: യാത്രക്കാർക്ക് ആശ്വാസമായി കൊല്ലം - പുനലൂർ പാതയിൽ ഒരു ട്രെയിൻ കൂടി അനുവദിച്ചേക്കും. കൊല്ലം പുനലൂർ പാതയിൽ പകൽ ഒമ്പതു മണിക്കൂറോളം ട്രെയിൻ സർവീസ് ഇല്ലാത്ത പ്രശ്നം പരിഹരിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം പുനലൂർ റെയിൽവേ സ്റ്റേഷനിലെ അമൃത് ഭാരത് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ മധുര ഡിവിഷണൽ മാനേജർ ഓം പ്രകാശ് മീണയാണ് മധുര ഡിവിഷൻ ഓപ്പറേഷൻ മാനേജർ ഗണേശ െ ന്റ സാന്നിധ്യത്തിൽ യാത്രക്കാർക്ക് ഇതു സംബന്ധിച്ച് ഉറപ്പുനൽകിയത്. വർഷങ്ങളായി എംപിമാരും യാത്രക്കാരും ആവശ്യപ്പെട്ടുവരുന്ന കാര്യമാണിത്. കൊല്ലം -ചെന്നൈ പാതയിലെ പ്രധാനപ്പെട്ട 45 കിലോമീറ്റർ ഭാഗത്ത് മണിക്കൂറുകളോളം ട്രെയിൻ സർവീസ് ഇല്ലാത്തത് നൂറുകണക്കിന് യാത്രക്കാരെ നിത്യവും ദുരിതത്തിലാക്കി വരുകയാണ്.
മധുര - പുനലൂർ എക്സ്പ്രസി െ ന്റ റേക്ക് പകൽസമയം മുഴുവൻ പുനലൂരിൽ വെറുതെ കിടക്കുകയാണ്. ഇത് ഉപയോഗിച്ച് പുനലൂരിൽ നിന്ന് കൊല്ലത്തേക്കും തിരികെയും പാസഞ്ചർ സർവീസ് നടത്താവുന്നതാണെന്ന് വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഗേജ് മാറ്റവും പിന്നീട് വൈദ്യുതീകരണവും പൂർത്തിയായിട്ടും ഒമ്പതു മണിക്കൂർ ട്രെയിൻ ഇല്ലാത്ത സ്ഥിതിക്ക് മാറ്റം വരുത്താൻ ഇതുവരെ നടപടിയുണ്ടാകാഞ്ഞത് ഏറെ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.
District News
കൊല്ലം: വില്പനയ്ക്കെത്തിച്ച 14.702 ഗ്രാം എംഡിഎംഎയുമായി കരുനാഗപ്പള്ളി സ്വദേശിയായ യുവാവ് പോലീസ് പിടിയിലായി. തഴവപൊയ്കയിൽ വീട്ടിൽ അജ്മൽ ഷാ (22) ആണ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്. ബംഗളൂരിവിൽ നിന്ന് കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വില്പനയ്ക്കായി എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയത്.
ഇയാൾ അന്യസംസ്ഥാനത്ത് നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതായി ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസൂർമുക്ക് വച്ച് നടത്തിയ പരിശോധനയിൽ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. എസ്ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കരുനാഗപ്പള്ളി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
District News
കൊട്ടിയം:ഇത്തിക്കര സഞ്ചാര സ്വാതന്ത്യ ജനകീയ സത്യഗ്രഹ സമരം ഇരുപത്തിആറാം ദിവസം യൂത്ത് കോൺഗ്രസ് സത്യഗ്രഹം നടത്തി.
യൂത്ത് കോൺഗ്രസ് ആദിച്ചനല്ലൂർ മണ്ഡലം പ്രസിഡന്റ് ഷെഫീഖ് കുണ്ടുമണാണ് സത്യഗ്രഹം അനുഷ്ഠിച്ചത്. ജനകീയ പ്രതിഷേധ സമിതി കൺവീനർ ജി. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലാൽ ചിറയത്ത് ഉദ്ഘാടനം നിർവഹിച്ചു.
മുൻ ബ്ലോക്ക് മെമ്പർ മൈലക്കാട് സുനിൽ, ഡിസിസി ജനറൽ സെക്രട്ടറി ശ്രീലാൽ, ആദിച്ചനല്ലൂർ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ,സിപിഐ ലോക്കൽ സെക്രട്ടറി ശശിധരൻ പിള്ള, ചാത്തന്നൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ്, കോൺഗ്രസ് കൊട്ടിയം മണ്ഡലം പ്രസിഡന്റ് ഷെരീഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് നിസാർ ചിറക്കര, കെ എസ് യു ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് അരവിന്ദ്, മുൻ പഞ്ചായത്ത് അംഗം റംല ബഷീർ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജേഷ്, പഞ്ചായത്ത് അംഗം അനീഷ നിസാം എന്നിവർ പ്രസംഗിച്ചു.ഡി സി സി സെക്രട്ടറി ഫൈസൽ കുളപ്പാടം നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനി പ്പിച്ചു.
District News
ശാസ്താംകോട്ട :തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥാനാർഥി തർക്കത്തെ തുടർന്നു ദളിത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റും പടിഞ്ഞാറെ കല്ലട പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ ഉഷാലയം ശിവരാജന് (59) വെട്ടേറ്റു.
കഴിഞ്ഞദിവസം രാത്രി പത്തോടെ ആദിക്കാട്ട് മുക്കിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ തലയ്ക്കു സാരമായി പരിക്കേറ്റ ഉഷാലയം ശിവരാജനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരി ഭർത്താവ് ബിജു (48) ആണ് ആക്രമണം നടത്തിയതെന്നു പോലീസ് പറയുന്നു.പട്ടികജാതി വനിതാ സംവരണമായ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് മൂന്നാം വാർഡിൽ ശിവരാജന്റെ സഹോദരിയും മുൻ മെമ്പറുമായ ഉഷയെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ഭാര്യയും ഭർത്താവും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതായി പറയപ്പെടുന്നു. തന്റെ ഭാര്യയെ വീണ്ടും മത്സരിപ്പിക്കാൻ പറ്റില്ലെന്ന് ആക്രോശിച്ചു ആദിക്കാട്ട് മുക്കിൽ സംസാരിച്ചു നിൽക്കുകയായിരുന്ന ഉഷാലയം ശിവരാജനെ ഇയാൾ ആക്രമിക്കുകയായിരുന്നു. കൈയിൽ കരുതിയിരുന്ന തേപ്പ് കരണ്ടി ഉപയോഗിച്ച് തലയിൽ വെട്ടി. പരിക്കേറ്റു നിലത്തു വീണ ഇദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഉഷാലയം ശിവരാജനെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ ബിജു ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും വധശ്രമത്തിനു കേസെടുത്തതായും ശാസ്താംകോട്ട എസ്എച്ച്ഒ അനീസ് അറിയിച്ചു.
District News
കൊല്ലം : ഡോണ്‍ബോസ്കോ സലേഷ്യന്‍ സഭ തോപ്പ് ഇടവകയില്‍ ശുശ്രൂഷ ഏറ്റെടുത്തതി െ ന്റ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം കൊല്ലം രൂപത സ്പിരിച്വല്‍ ഡയറക്ടര്‍ മോണ്‍. വിന്സന്റ്മച്ചാഡോ നിര്‍വഹിച്ചു. ഇടവക വികാരി ഫാ. വര്‍ഗീസ് പൈനാടത്ത്, ഫാ. ബെഞ്ചമിന്‍ ജോര്‍ജ്, ഫാ. സജി എളമ്പാശേരി എന്നിവര്‍ പ്രസംഗിച്ചു.
കൈക്കാരന് ജെറാള്‍ഡ് നെറ്റോ, ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ. ജെ. ഡിക്രൂസ്, ബിസിസി കോർഡിനേറ്റര്‍ മാഗി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്കി. മൂന്നുമാസം നീണ്ടു നില്ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ ഒൻപതിന് ആരംഭിക്കും.
District News
പത്തനാപുരം: ആയൂര്‍, ഇടമാട്, മൈലോട്ട് ചെരിവിള പുത്തന്‍വീട്ടില്‍ യോഹന്നാന് ഗാന്ധിഭവൻ അഭയമായി. സിമന്റ് ഗോഡൗണിലെ ചുമട്ടു തൊഴിലാളി ആയിരുന്ന യോഹന്നാന് സിമന്റ് ചാക്ക് കാലില്‍ വീണ് ഒരു അപകടം പറ്റി.
പിന്നീട് വീണു തലപൊട്ടി.ചികിത്സകള്‍ തുടര്‍ന്നെങ്കിലും മാനസികനില തകരാറിലാകുകയും അക്രമാസക്തനാകുകയും ചെയ്തു.
ആകെയുള്ള രണ്ടു സെന്റ് വസ്തുവും വീടും ബാങ്കിന്റെ ജപ്തി ഭീഷണിയിലാണ്. യോഹന്നാനെ സംരക്ഷിക്കാന്‍ യാതൊരു മാര്‍ഗവും ഇല്ലാതെ വന്നപ്പോഴാണ് മുന്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ടീച്ചര്‍, ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജനെ വിവരമറിയിച്ചത്.
സാമൂഹ്യ പ്രവര്‍ത്തകരായ പ്രതാപചന്ദ്രന് നായര്‍, ശ്രീദേവി എന്നിവര്‍ വീട്ടുകാരോടൊപ്പം, ഗാന്ധിഭവനില്‍ എത്തിച്ച യോഹന്നാനെ ജനറല്‍ മാനേജര്‍ വി.സി. സുരേഷ്, ജനറല്‍ സൂപ്രണ്ട് സൂസന് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിഭവന് ഏറ്റെടുത്തു.
District News
കൊല്ലം: വിഷൻ 31 സംസ്ഥാനതല സെമിനാര്‍ 30ന് ദി ക്വയിലോണ്‍ ബീച്ച് ഹോട്ടലിലെ ഓര്‍ക്കിഡ് കണ്വെന്ഷന് സെന്ററില്‍ നടക്കും. രാവിലെ 10നു മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മന്ത്രി വി .ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ ജെ .ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍, ഐഎല്‍ഒ ഡയറക്ടര്‍ മിചികോ മിയാമോട്ടോ എന്നിവര്‍ മുഖ്യാതിഥികളാകും.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ നേട്ടങ്ങള്‍ ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദ്ദീന്‍ അവതരിപ്പിക്കും.എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, മേയര്‍ ഹണി, എംഎല്‍എമാരായ എം. മുകേഷ്, എം. നൗഷാദ്, പി.എസ്.സുപാല്‍, പി.സി. വിഷ്ണുനാഥ്, കോവൂര്‍ കുഞ്ഞുമോന്, സുജിത്ത് വിജയന്‍പിള്ള, ജി.എസ്. ജയലാല്‍, സി .ആര്. മഹേഷ്, ടി.പി. രാമകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്ര സിഡന്റ് ഡോ. പി.കെ. ഗോപന്, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
District News
വെള്ളറട: കഴിഞ്ഞദിവസം ചെറിയ കൊല്ലയില്‍ ആന്റണിയുടെ വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും കവര്‍ന്ന കേസില്‍ പ്രതികളെ പിടികൂടുന്നതിന് പോലീസ് സിസിടിവി കാമറ നിരീക്ഷണം ശക്തമാക്കി. ഒരാഴ്ചയോളം പൂട്ടിക്കിടന്ന ആന്റണിയുടെ വീട്ടില്‍ കവര്‍ച്ച ചെയ്യുന്ന സമയം ഒരാഴ്ച കാലം മഴ ശക്തമായിരുന്നു.
അതു മോഷ്ടാക്കളെ പിടികൂടുന്നതിനു പോ ലീസിന് വെല്ലുവിളിയായിട്ടുണ്ട്. എന്നിരുന്നാലും സമീപത്തെ സിസിടിവികള്‍ നിരീക്ഷിച്ചുവരികയാണ്. ഇന്നലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ ശശികുമാരന് നായര്‍, ശശികുമാര്‍, പ്രമോദ്, അനില്‍ സിവില്‍ പോലീസുകാരായ പ്രണവ് അടങ്ങുന്ന സംഘം സമീപത്തെ സിസിടിവികളിൽ മണിക്കൂറുകളോളം നിരീക്ഷണം നടത്തി.
വ്യക്തമായ ഒരു സൂചനയും ഇതുവരെ പോലീസിന് ലഭിച്ചില്ല. കഴിഞ്ഞദിവസം വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ പോലീസിന് സംശയമുള്ള വ്യക്തികളില്‍നിന്നും ശേഖരിച്ചിട്ടുണ്ട്. ഇവ ഇനി പരിശോധന നടത്തി ഫലം വന്നാലേ മോഷ്ടാക്കളിലേയ്ക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളു. ദിവസങ്ങള്‍ വൈകിയത് പോലീസിനു മോഷ്ടാക്കളില്‍ എത്തുന്നതിനു വെല്ലുവിളികള്‍ നേരിടുകയാണ്. എന്നിരുന്നാലും വീണ്ടും സമീപത്തെ എല്ലാ സിസിടിവികളും നിരീക്ഷിച്ച് എത്രയും വേഗം മോഷ്ടാക്കളെ പിടികൂടാനുള്ള തയാറെടുപ്പിലാണ്.
District News
പേരൂര്‍ക്കട: കത്തിക്കുത്തിനിടെ യുവാവ് മരിച്ച സംഭവത്തില്‍ രണ്ടുപേരെ കരമന സിഐ അനൂപ്, എസ്ഐമാരായ ശ്രീജിത്ത്, അജിത്ത്, സതീഷ്കുമാർ, എസ്സിപിഒ കൃഷ്ണകുമാര്‍, സിപിഒമാരായ ഹിരണ്‍, അജികുമാർ, ശരത്ത്, ശ്യാംമോഹന് എന്നിവര്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
മണക്കാട് കുര്യാത്തി എം.എസ്.കെ നഗറിൽ അജീഷ്കുമാര്‍ (39), നേമം കരുമം ഇടഗ്രാമം സുനിതാലയത്തില്‍ വാടകയ്ക്കു താമസിക്കുന്ന അജി എന്ന അജയന് (38) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഇരുവരും ബന്ധുക്കളാണ്. കരുമം ഇടഗ്രാമം സ്വദേശി ഷിജോ (34) യാണ് കത്തിക്കുത്തിനിടെ മരണപ്പെട്ടത്. അറസ്റ്റിലായ അജയന് ഭാര്യ പ്രീതയുമായി പിണങ്ങിക്കഴിയുകയാണ്. ഇതിന്റെ കാരണം ചോദിക്കുന്നതിനായി പ്രീതയുടെ സഹോദരനായ രാഹുല്‍ തന്റെ സുഹൃത്തുക്കളായ ഷിജോ, ജോജോ, ടെല്ജിന് എന്നിവരുമായി കഴിഞ്ഞദിവസം ഇടഗ്രാമത്ത് അജയന് താമസിക്കുന്ന വാടകവീട്ടിലെത്തിയിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
തർക്കത്തിനിടെ അജയന് തന്റെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിജോ, ജോജോ എന്നിവരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അജീഷ്കുമാര്‍ രാഹുലിനെയും സുഹൃത്തുക്കളെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിജോ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. ജോജോ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. ഫോര്‍ട്ട് എസി ബിനുകുമാറിന്റെ നിർദേശപ്രകാരമായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
District News
പേരൂര്‍ക്കട: മോഷ്ടാക്കള്‍ കവര്‍ച്ച നടത്തി കൊണ്ടുകൊടുക്കുന്ന വാഹനങ്ങള്‍ പൊളിച്ചുവില്ക്കുന്നയാളെ തമ്പാനൂര്‍ സിഐ ജിജുകുമാര്‍, എസ്ഐ ബിനുമോഹന് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘം പൂന്തുറയില്‍ നിന്നു പിടികൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി മുനീര്‍ (30) ആണ് പിടിയിലായത്.
നഹാസ്, ഷമീര്‍, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി എന്നിവര്‍ ചേര്‍ന്നു നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നു മോഷ്ടിച്ചുകൊണ്ടു വരുന്ന വാഹനങ്ങളാണ് ഇയാള്‍ പൊളിച്ചുവില്‍ക്കുന്നത്. മൂവരും റിമാന്‍ഡില്‍ കഴിഞ്ഞുവരികയാണ്. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് പോലീസ് അന്വേഷണം മുനീറിലേക്ക് എത്തിയത്. മുനീര്‍ പൊളിച്ചുവില്‍ക്കുന്ന വാഹനങ്ങളില്‍ ബൈക്കുകളും സ്കൂട്ടറുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടുന്നു. മുനീറിന്റെ ഗോഡൗണില്‍ യാദൃശ്ചികമായി കണ്ടെത്തിയ പൊളിക്കാത്ത ഓട്ടോറിക്ഷ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്.
കടയ്ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും തോന്നുംപടിയാണ് വാഹനങ്ങള്‍ പൊളിക്കാന്‍ എടുത്തശേഷം മോഷ്ടാക്കള്‍ക്കു കൃത്യമായി പടി നല്‍കിയിരുന്നതെന്നും തമ്പാനൂര്‍ പോലീസ് പറഞ്ഞു. ഇയാള്‍ പൊളിച്ചുവിറ്റ വാഹനങ്ങള്‍ക്കും കൃത്യമായ കണക്കുകളില്ല. അറസ്റ്റിലായ മുനീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
പേരൂര്‍ക്കട: ഡോറ അസറിയ ക്രിപ്സിനന്റെ (63) ജവഹര്‍ നഗറിലെ 10 കോടി രൂപ വിലവരുന്ന വസ്തുവിലും വീട്ടിലുമായിരുന്നു അനില്‍ തമ്പിയുടെ കണ്ണ് ഉടക്കിയത്. അവിടെ മുതൽ തുടങ്ങിയതാണ് പ്ര മാദമായ വസ്തുതട്ടിപ്പുകേസ്.
\
ഇതു കൈക്കലാക്കാന്‍ 2013 മുതല്‍ ശ്രമിച്ചുവെങ്കിലും ഉടമ വഴങ്ങിയില്ല. ഒടുവില്‍ വസ്തു വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുക്കുന്നതിനായി ആധാരമെഴുത്തുകാരന്‍ അനന്തപുരി മണികണ്ഠനെ നിയോഗിച്ചു. ഒമ്പതു ലക്ഷം രൂപ ലോണ്‍ അടവ് മുടങ്ങിയതിന് ജപ്തിഭീഷണിയിലായിരുന്ന മണികണ്ഠന് ഇതു തനിക്കു ലഭിച്ച കച്ചിത്തുരുമ്പായി കണ്ടു. സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കു പണമായും മൊബൈല്‍ ഫോണുകളായും പാ രിതോഷികം നല്‍കിയാണ് മണികണ്ഠന് കാര്യസാദ്ധ്യം നടത്തിയത്. ചെയ്ത ജോലിക്ക് മണികണ്ഠന് അനില്‍ തമ്പിയില്‍ നിന്നു ലഭിച്ചത് മൂന്നു കോടി രൂപ. ഇതുപയോഗിച്ച് മണികണ്ഠന് ലോണ്‍ അടവ് തീര്‍ത്തു.
പുതുതായി രണ്ടു സ്ഥലവും ഒരു കാറും വാങ്ങി. പുതിയ വീടിന്റെ പണി ആരംഭിച്ചു. തന്റെ സ്വാധീനവും കൂര്‍മബുദ്ധിയും ഉപയോഗിച്ച് അനില്‍ തമ്പിയെന്ന ബിസിനസ് മാഗ്നറ്റ് പോലീസിനെ വട്ടംചുറ്റിച്ചതു നീണ്ട രണ്ടുമാസം. കവടിയാര്‍ സ്വദേശിനി ഡോറ അറസിയ ക്രിപ്സിന്റെ വീടും വസ്തുവും തട്ടിയെടുക്കുന്നതിനുള്ള ദൗത്യം വ്യാജരേഖകള്‍ ചമച്ച് അനന്തപുരി മണികണ്ഠന് (46) പൂര്‍ത്തീകരിക്കുന്നത് 2025 ജനുവരി 17ന്. ഡോറ അമേരിക്കയിലാണെന്നും വീടും വസ്തുവും നോക്കി നടത്തുന്നത് അമര്‍നാഥ പോള്‍ എന്നൊരാളാണെന്നും വ്യക്തമായ ധാരണ വരുത്തിയതിനുശേഷമായിരുന്നു അനില്‍ തമ്പിയുടെ ചരടുവലി.
കൊല്ലം പുനലൂര്‍ സ്വദേശിനി മെറിന് ജേക്കബിനെ (27) ഡോറയുടെ കൊച്ചുമകളായി മണികണ്ഠന്റെ ഉറ്റസുഹൃത്ത് തിരുമല മുടവന്മുകള് സ്വദേശി സെയ്ദാലി (47) യാണ് പരിചയപ്പെടുത്തുന്നത്. ഡോറയുമായി രൂപസാദൃശ്യമുള്ള കരകുളം സ്വദേശി വസന്ത (76) യെ ഡോറയാണെന്നു വരുത്താന്‍ ആള്‍മാറാട്ടം നടത്തി സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിച്ചു. ഇവരെ ഉപയോഗിച്ച് ഡോറയുടേതെന്ന രീതിയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചു. വസന്തയെ മണികണ്ഠനു പരിചയപ്പെടുത്തിയത് സുഹൃത്തും കല്ലയം വെട്ടിക്കുഴി സ്വദേശിയുമായ സുനില്‍ബാബു തോമസ് (42) ആയിരുന്നു. വ്യാജമായി ധനനിശ്ചയ ആധാരവും വിലയാധാരവും ഉണ്ടാക്കിയെടുത്തതും ഇതിനായി സഹായം നല്കിയതു മണികണ്ഠന്റെ സഹോദരന് മണക്കാട് ആറ്റുകാല്‍ പുത്തന്‍കോട്ട ശിവക്ഷേത്രത്തിനു സമീപം എം.ആര്. ഹില്‍സ് ഗണപതിഭദ്ര വീട്ടില്‍ സി.എ. മഹേഷ് (44) ആയിരുന്നു. മെറിന് ജേക്കബാണ് പൈപ്പിന്മൂട് സ്വദേശിയായ ചന്ദ്രസേനന് (76)വസ്തുവും വീടും വിലയാധാരമായി എഴുതി നല്‍കിയത്. ചന്ദ്രസേനന്റെ മരുമകനാണ് പിടിയിലായ അനില്‍ തമ്പി.
പ്രമാദമായ വസ്തുതട്ടിപ്പ് കേസില്‍ അനന്തപുരി മണികണ്ഠന്, മെറിന് ജേക്കബ്, മഹേഷ്, വസന്ത, സുനില്‍ബാബു തോമസ്, ചന്ദ്രസേനന്, സെയ്ദലി, അനില്‍ തമ്പി എന്നിവരാണ് ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതിപ്പട്ടികയിലുള്ളത്. ഇനി ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നും എന്നാല്‍ മാത്രമേ അന്വേഷണം പൂര്‍ത്തിയാകുകയുള്ളൂവെന്നും മ്യൂസിയം പോലീസ് അറിയിച്ചു.
District News
പൂവാർ: ബൈപ്പാസിൽ കാഞ്ഞിരംകുളം - പൂവാർ സ്റ്റേഷൻ പരിധിയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോസ്ഥർ മുൻ താൽകാലിക ഡ്രൈവറെ കൂട്ടുപിടിച്ച് രാത്രി കാലങ്ങളിൽ ലോറിതടഞ്ഞു പണപ്പിരിവ് നടത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തെളിവെടുപ്പും ചോദ്യം ചെയ്യലും രഹസ്യമാക്കിയ പോലീസ് കസ്റ്റഡിയിൽ വാങ്ങി മണിക്കൂറുകൾക്കുള്ളിൽ തിരിച്ചു നൽകിയത് കേസ് അട്ടിമറിക്കാനാണെന്ന ആക്ഷേപവും ഉയരുന്നു.
കാഞ്ഞിരംകുളം കരിച്ചൽ സ്വദേശി രതീഷിനെയാണ് കാഞ്ഞിരംകുളം പോലീസും പൂവാർ പോലീസും രഹസ്യമായി കസ്റ്റഡിയിൽ വാങ്ങിയത്. കാഞ്ഞിരംകുളം പോലീസ് ശനിയാഴ്ച്ച രാവിലെ 11 മണിയോടെ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ രഹസ്യമായി ബൈപ്പാസിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. വൈകുന്നേരം അഞ്ചോ ടെ വീണ്ടും ജയിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെ പൂവാറിൽ എത്തിച്ച പ്രതിയെ അന്നു വൈകുന്നേരം തന്നെ തിരികെ നൽകി തടി തപ്പി. തമിഴ്നാട്ടിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേയ്ക്ക് രാത്രി കരിങ്കല്ലുമായി വന്നുമടങ്ങുന്ന ടിപ്പർ ലോറികളെ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി അനധികൃതമായി പണം നേരിട്ടും ഗൂഗിൾപേ വഴിയും പിടിച്ചുവാങ്ങിയതായി ലോറി ഡ്രൈവർമാർ നൽകിയ പരാതിയിൽ രണ്ടു പോലീസ് സ്റ്റേഷനുകളിലും കേസെടുത്തിരുന്നു.
യൂണിഫോം ധരിച്ച എംവിഡി എൻഫോഴ്സ്മെന്റ് ഉദ്യോസ്ഥരായ രണ്ടു പേർ ഉണ്ടായിരുന്നതായും പറയുന്നു. ഒരു ഉദ്യേഗസ്ഥനോടൊപ്പം മുൻ ഡ്രൈവർ രതീഷും ലോറി തടഞ്ഞു പണപിരിവ് നടത്തുന്ന സമയം മറ്റൊരു ഉദ്യേഗസ്ഥൻ ഔദ്യോഗിക വാഹനത്തിന്റെ മുൻ സീറ്റിൽ ഉണ്ടായിരുന്നതായും ഇവർ നൽകിയ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ കേസിൽ ഉൾപ്പെട്ട മുൻ ഡ്രൈവർ രതീഷിനെ കാഞ്ഞിരംകുളം പോലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ രതീഷ് പോലീസിനോടു സമാനമായ കാര്യങ്ങൾ വെളിപ്പെടുത്തിയതായാണു പുറത്തുവന്ന വിവരം.ഇതിന്റെ അടിസ്ഥാനത്തിലാണ് എംവിഡി എൻഫോഴ്സ്മെന്റ് ഉദ്യോസ്ഥനെ ഒന്നാം പ്രതിയാക്കിയും രതീഷിനെ രണ്ടാം പ്രതിയാക്കിയും കാഞ്ഞിരംകുളം പോലീസ് കേസെടുത്തത്. ഈ ദിവസം സമാനമായ പരാതിയിൽ പൂവാർ പോലീസും കേസ് രജിസ്ട്രർ ചെയ്തിരുന്നു. തൊട്ടുപിന്നാലെ പൂവാർ പോലീസ് കഴിഞ്ഞ ചൊവ്വാഴ്ച്ച രതീഷിനെ കസ്റ്റഡിയിൽ വാങ്ങി പേരിനു തെളിവെടുപ്പ് നടത്തി മണിക്കൂറുകൾക്കകം തിരികെ നൽകി.
സംഭവ ദിവസം ലോറി തടഞ്ഞ് പണം ആവശ്യപ്പെട്ട സമം മാസ്ക് ധരിച്ചിരുന്ന ഉദ്യേഗസ്ഥന്റെ ഫോട്ടോ ലോറി ഡ്രൈവർ മൊബൈലിൽ പകർത്താൻ ശ്രമിച്ചെങ്കിലും ഫോൺ പിടിച്ചു വാങ്ങി തല്ലി പൊട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ ഫോൺ പരാതികാർ കാഞ്ഞിരംകുളം പോലീസിൽ തെളിവിനായി ഹാജരാക്കിയിട്ടുണ്ട്. എംവിഡി ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ എല്ലാം തെളിവുകളും പോലീസിനു ലഭിച്ചിട്ടും ഉദ്യേഗസ്ഥരെ സംരക്ഷിക്കാനുള്ള അണിയറ നീക്കങ്ങളാണു നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
District News
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ പുരസ്കാരം എഴുത്തുകാരൻ ഇ. സന്തോഷ് കുമാറിന് സമ്മാനിച്ചു. നമ്മുടെ കാലത്തെ മനുഷ്യർ പിൻകാഴ്ചകൾ മാത്രം കാണാൻ കഴിയുന്ന കണ്ണാടിയുമായി നിരത്തിലൂടെ വാഹനമോടിക്കുന്നവരാണെന്നു സന്തോഷ്കുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഭാവിയിലേക്കോ വർത്തമാനത്തിലേക്കോ പോലും ദിശ കാണിക്കാൻ സഹായിക്കുന്ന മുൻവശത്തെ കണ്ണാടികൾ മനുഷ്യർ സ്വയം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ വയലാർ അവാർഡ് ജേതാക്കളായ ശ്രീകുമാരൻ തന്പി, പ്രഭാവർമ, ഏഴാച്ചേരി രാമചന്ദ്രൻ, കെ.വി മോഹൻകുമാർ, ബെന്യാമിൻ തുടങ്ങിയവരുൾപ്പെടെ പതിനൊന്നു പേർ ചേർന്നാണ് "തപോമയിയുടെ അച്ഛൻ’എന്ന നോവലിലൂടെ മലയാള നോവൽ സാഹിത്യത്തിന്റെ ആധുനിക മുഖമായ ഇ. സന്തോഷ്കുമാറിന് പുരസ്കാരം സമ്മാനിച്ചത്. ഒരു മനുഷ്യന്റെ പരിഹാരമില്ലാത്ത കുറ്റബോധത്തെയും നമ്മുടെ കാലത്ത് ഏറ്റവും സങ്കീർണമായി മാറിയിട്ടുള്ള അഭയാന്വേഷണത്തെയുമാണ് നോവൽ അടയാളപ്പെടുത്തുന്നതെന്ന് സന്തോഷ്കുമാർ പറഞ്ഞു.
കവി പ്രഭാവർമ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുരസ്കാര നിർണയ സമിതി അംഗം ടി.ഡി രാമകൃഷ്ണൻ നോവലിന്റെ വിവിധ തലങ്ങൾ വിശദീകരിച്ചു. ട്രസ്റ്റ് അംഗം ഡോ. വി. രാമൻകുട്ടി പ്രശസ്തിപത്ര സമർപ്പണം നടത്തി. ട്രസ്റ്റ് സെക്രട്ടറി ബി. സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പുരസ്കാരദാന ചടങ്ങിനു ശേഷം വയലാർ കവിതകളുടെ നൃത്താവിഷ്കാരവും ഗാനസന്ധ്യയും അരങ്ങേറി.
District News
നേമം: സ്കൂളിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണമാല അധ്യാപികയ്ക്ക് കൈമാറി പഞ്ചമി മാതൃകയായി. നേമം വിക്ടറി ഗേൾസ് എച്ച്എസ്എസ് സ് കൂളിലെ ഒൻപതാം ക്ലാസുകാരി പഞ്ചമിയാണ് മറ്റു കുട്ടികൾക്കും മാതൃകയായത്. സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്ന എറണാകുളം ജില്ലയിലെ കുട്ടികൾ താമസിച്ചിരുന്ന സെന്റർ നേമം വിക്ടറി സ്കൂളായിരുന്നു.
അവർക്ക് അനുവദിച്ചിരുന്ന മുറിയിൽ നിന്നാണ് പഞ്ചമിക്ക് മാല കിട്ടിയത്. ഉടനെ ക്ലാസ്സ് ടീച്ചറായ അതുല്യയെ അറിയിക്കുകയും പ്രഥമ അധ്യാപക ചാർജ് വഹിക്കുന്ന ഇന്ദു നേമം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ഊരുട്ടമ്പലം, വേലിക്കോട് വൈഗാലയത്തിൽ കെഎസ്ആർടിസി ജീവനക്കാരനായ സജിതകുമാറിന്റെയും ദിവ്യയുടെയും മകളാണ് പഞ്ചമി.
District News
വിഴിഞ്ഞം: ചരക്ക് കപ്പലുകൾക്ക ആവശ്യമായ ഇന്ധനം നൽകുന്ന ബങ്കറിംഗ് സംവിധാനം നടപ്പാക്കി വിജയം കൈവരിച്ച വിഴിഞ്ഞം അന്താരാഷ്ട തുറമുഖം വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എൽഎൻജി ബങ്കറിംഗ് യൂണിറ്റ് വിഴിഞ്ഞം തുറമുഖത്ത് ഉടൻ യാഥാർഥ്യമാകും. ഇന്ത്യ മാരിടൈം വീക്കിന്റെ ഭാഗമായി അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി പദ്ധതിയുടെ ധാരണാപത്രം ഒ പ്പുവച്ചു. അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ സിഇഒ അശ്വനി ഗുപ്തയും ബിപിസിഎൽ ഗ്യാസ് ബിസിനസ് ഹെഡ് രാഹുൽ ടണ്ടനും തമ്മിൽ ഔദ്യോഗിക കരാർ കൈമാറി.
ബിപിസിഎൽ ഫിനാൻസ് ഡയറക്ടർ ജി.ആർ. വത്സ, മാർക്കറ്റിംഗ് ഡയറക്ടർ ശുഭാങ്കർ സെൻ, ബിപിസിഎൽ ഐ ആൻ ഡ് സി ബിസിനസ് ഹെഡ് മനോജ് മേനോൻ, എവിപിപിഎൽ സിഇഒ പ്രദീപ് ജയരാമൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവയ്ക്കൽ ചടങ്ങുകൾ. പദ്ധതി നടപ്പാകുന്നതോടെ അന്താരാഷ്ട്ര സർവീസ് നടത്തുന്ന കപ്പലുകൾക്ക് എൽഎൻജി ഇന്ധനം നിറയ്ക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും. വാണിജ്യ സംരംഭം എന്നതിലുപരി കാർബൺ ബഹിർഗമനം കുറയ്ക്കാനും നെറ്റ് സിറോ എമിഷൻ ലക്ഷ്യം കൈവരിക്കാനുമുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് കൂടിയാണിത്. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി താമസിയാതെ പദ്ധതി യാഥാർഥ്യമാക്കുമെന്നും അധികൃതർ പറയുന്നു.
District News
നെയ്യാറ്റിന്‍കര : കേളത്തില്‍ ലത്തീന്‍ സമുദായം അവഗണനയുടെ പടുകുഴിയിലെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. സെല്വരാജന്. നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംഘടിപ്പിച്ച സമുദായ സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ലത്തീന്‍ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് 1947 ന്റെ മാനദണ്ഡം ഒരു ഉത്തരവിലൂടെ പരിഹരിക്കാമായിരുന്നിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. മറ്റു സമുദായങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്ന സര്‍ക്കാര്‍ ലത്തീന്‍ സമുദായത്തെ പരിഗണിക്കുന്നില്ലെന്നും ബിഷപ് കുറ്റപ്പെടുത്തി.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ തോമസ്, പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍, കെഎല്‍സിഎ രൂപത പ്രസിഡന്റ് അനില്‍ ജോസ്, അല്മായ കമ്മിഷന് ഡയറക്ടര്‍ ഫാ. എസ്.എം. അനില്‍കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രതീഷ് ആന്റണി, പ്രസിഡന്റ് ബിജു ജോസി, കെഎല്‍സിഡബ്ല്യൂഎ രൂപത പ്രസിഡന്റ് ഉഷാരാജന്, ആല്‍ഫ്രഡ് വില്‍സണ്‍, ഡിസിഎംസ് രൂപത പ്രസിഡന്റ് പ്രഭുല്ലദാസ്, അഗസ്റ്റ്യന്‍, രാജേന്ദ്രന്, അഡ്വ രാജു, രാജന്, ഫെലിക്സ എന്നിവര്‍ പങ്കെടുത്തു. ഏഴു രൂപതകളിലാണ് നിലവില്‍ സമുദായ സമ്പര്‍ക്ക പരിപാടി പൂര്‍ത്തിയാക്കിയത്, തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന് മുമ്പ് മറ്റു രൂപതകളിലും പരിപാടി പൂര്‍ത്തീകരിക്കുമെന്ന് കെഎല്‍സിഎ അറിയിച്ചു.
District News
നെയ്യാറ്റിന്‍കര: നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹയർസെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട സൗഹൃദ ക്ലബ്ബ് കോ-ഓർഡിനേറ്റർമാർക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു.
ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. പി. അശോകൻ ഉദ്ഘാടനം ചെയ്തു. നിംസ് സ്പെക്ട്രം ഡയറക്ടറും ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രഫ (ഡോ.) എം.കെ.സി. നായർ ശില്‍പ്പശാലയ്ക്ക് നേതൃത്വം നൽകി. കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസലിംഗ് സെല്‍ ജില്ലാ കോ-ഓർഡിനേറ്റർ ഷിഹാബ്, ജോയിന്റ കോ-ഓര്‍ഡിനേറ്റർ ശുഭ എസ്. നായർ എന്നിവര്‍ സംബന്ധിച്ചു. നിംസ് മെഡിസിറ്റി ഗൈനക്കോളജിസ്റ്റ് ഡോ. അഞ്ജു കെ. നായർ, സീനിയർ ഡവലപ്പ്മെന്റൽ തെറാപ്പിസ്റ്റ് സ്വപ്ന, ഡെവലപ്മെന്റൽ തെറാപ്പിസ്റ്റ് ആന്‍ഡ് റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോ. മിനി, ഡെവലപ്മെന്റൽ നഴ്സ് കൗൺസിലർ അശ്വതി, അഞ്ജന, ഡയറ്റീഷ്യൻ അരുണിമ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.
District News
നേമം: കവയിത്രി സുഗതകുമാരിയുടെ സ്മരണാർഥം പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗുരു ജ്യോതി സംസ്ഥാന അധ്യാപക പുരസ്ക്കാരം നേമം ഗവ യുപി സ്കൂൾ ഹെഡ്മാസ്റ്റർ എ.എസ്. മൻസൂറിന് ലഭിച്ചു.
അക്കാദമിക് -ഇതര പ്രവർത്തനങ്ങളിൽ നടപ്പിലാക്കിയ മികവ് പരിഗണിച്ചാണ് പുരസ്ക്കാരം. ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ്, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുഗതൻ, ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യാ പുരസ്കാര ജേതാവ് ജി. ജിതേഷ്, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഡോ. അരുൺ ജി. കുറുപ്പ്, തലയൽ മനോഹരൻ നായർ, ഗിരീഷ് പരുത്തിമഠം എന്നിവർ പങ്കെടുത്തു.
District News
വെള്ളറട: വെള്ളറട പോലീസ് പരിധിയില്‍ രാത്രിയില്‍ മറ്റു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തിൽ പാറപ്പൊടി കയറ്റിയ ടാറസ് ലോറികള്‍ ചീറിപ്പായുന്നുവെന്ന് ആക്ഷേപം. മതിയായ രേഖകളില്ലാതെയും പാസില്ലാതെയും അമിതഭാരം കയറ്റിയുമാ ണ് വാഹനങ്ങളുടെ നെട്ടോട്ടം.
പാസ് ഇല്ലാതെ വരുന്ന വാഹനങ്ങളെ കടത്തിവിടുന്നതിനായി പ്രത്യേക ഏജന്‍സിയും വെള്ളറടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. സ്റ്റേഷനില്‍നിന്ന് പോലീസ് വാഹനം പുറത്തിറങ്ങുന്നതു നിരീക്ഷിക്കുന്നതിനായി വെള്ളറട ഓട്ടോ സ്റ്റാന്‍ഡിനു സമീപത്തും കൊല്ലക്കുടി കയറ്റം തുടങ്ങുന്ന ഭാഗത്തും- ടയര്‍ കടയ്ക്ക് സമീപത്തുമായിട്ടാണ് ഏജന്‍സികള്‍ നിലയുറപ്പിച്ചിട്ടുള്ളത്.
"ഇന്‍ഫര്‍മേഷന്‍' സംഘം പോലീസ് വാഹനം വരുന്നുണ്ടോ എന്നുള്ള വിവരം ഉടന്‍ തന്നെ അനധികൃതമായി പാസ് ഇല്ലാതെ പോകുന്ന ടാറസ് ലോറികളുടെ ഡ്രൈവര്‍മാര്‍ക്ക് കൈമാറുകയും അവരില്‍ നിന്നും ഫീസ് വാങ്ങുകയുമാണ് അവരുടെ രീതി. ഇവരെയെല്ലാം മറികടന്നാണു പോലീസ് ഇന്നലെ അനധികൃതമായി പാസ് ഇല്ലാതെ അമിത ലോഡ് കയറ്റിവന്ന മൂനനു ടോറസ് ലോറികളെ പിടികൂടി പിഴ ചുമത്തി വിട്ടയച്ചത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, എസ്ഐമാരായ ശശികുമാരന് നായര്‍, പ്രമോദ്, അനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാഹനങ്ങളെ പിടികൂടി പിഴചുമത്തി താക്കീത് ചെയ്ത് വിട്ടയച്ചു. വരും ദിവസങ്ങളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതകള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.