മഞ്ചേരി: എസ്വൈഎസ് മഞ്ചേരി സോണിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മഞ്ചേരി സാന്ത്വനത്തിന്റെ വിവിധ പദ്ധതികളുടെ സമർപ്പണം ഇന്ന് രാവിലെ 10.30ന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി നിർവഹിക്കും. ആശുപത്രിക്ക് മുന്നിൽ 600 സ്ക്വയർഫീറ്റിലായി പ്രത്യേകം സംവിധാനമൊരുക്കിയാണ് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നത്.
വീൽചെയർ ഹെൽപ് പോയിന്റ്, വിശ്രമകേന്ദ്രം, മൊബൈൽ ചാർജിംഗ് ഹബ്, ടോക്കണ്‍ കെയർ, റീഡിംഗ് റൂം തുടങ്ങി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസകരമാകുന്ന അഞ്ച് പദ്ധതികളുടെ ഒരുമിച്ചുള്ള സമർപ്പണമാണ് ഇന്ന് നിർവഹിക്കുന്നത്.
രോഗികൾ വർഷങ്ങളായി അനുഭവിക്കുന്ന ചക്രകസേരകളുടെ അഭാവം വീൽചെയർ ഹെൽപ് പോയിന്റിലൂടെ പരിഹാരമാകും. ആദ്യഘട്ടം 100 വീൽ ചെയറുകളാണ് ഹെൽപ് പോയിന്റിൽ രോഗികൾക്കായി ഒരുക്കുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഏറെ ആശ്വാസകരമാകുന്ന ചാർജിംഗ് ഹബിൽ 70 പോയിന്റുകൾ ഒരുമിച്ച് പ്രവർത്തിക്കും. ടോക്കണ്‍ കെയർ, സാന്ത്വനം വിശ്രമ കേന്ദ്രം, റീഡിംഗ് റൂം എന്നിവ കൂടി ഇന്ന് ജനങ്ങൾക്കായി തുറന്ന് നൽകും.
സമർപ്പണ സമ്മേളനത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. അനിൽരാജ്, സൂപ്രണ്ട് ഡോ. പ്രഭുദാസ്, ലേ സെക്രട്ടറി എ.പി. മുജീബ് റഹ്മാൻ, എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദീൻ അൽ ഐദ്രൂസി, ജനറൽ സെക്രട്ടറി ശാഫി വെങ്ങാട്, ഫിനാൻസ് സെക്രട്ടറി സയ്യിദ് മുർതള ശിഹാബ് സഖാഫി, മഞ്ചേരി മുനിസിപ്പൽ വൈസ് ചെയർമാൻ വി.പി. ഫിറോസ്, അഡ്വ. ഫിറോസ് ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യാഷിക് മേച്ചേരി, ജില്ലാ ഭാരവാഹികളായ കെ. സൈനുദ്ദീൻ സഖാഫി ഇരുന്പുഴി തുടങ്ങിയവർ സംബന്ധിക്കുമെന്ന് സോണ്‍ ജനറൽ സെക്രട്ടറി സ്വഫുവാൻ കൂടക്കര, ഫിനാൻസ് സെക്രട്ടറി ഇ.കെ. മുസ്തഫ, സംഘടനാകാര്യ പ്രസിഡന്റ് ഇല്യാസ് ബുഖാരി എന്നിവർ അറിയിച്ചു.