മൂവാറ്റുപുഴ: മത്സ്യവുമായെത്തിയ മിനിവാനും കാറും കൂട്ടിയിടിച്ച് അപകടം. എം സി റോഡില്‍ വാഴപ്പിള്ളി പുളിഞ്ചോടിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെയാണ് അപകടമുണ്ടായത്. മിനിവാന്‍ ഡ്രൈവറായ പേഴയ്ക്കാപ്പിള്ളി സ്വദേശി ബാദുഷ, ഒപ്പമുണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഷഹീര്‍ എന്നിവര്‍ക്കും, കാറില്‍ ഉണ്ടായിരുന്ന മൂന്നംഗ സംഘത്തിനും പരിക്കേറ്റു.
ആലപ്പുഴ ഭാഗത്തുനിന്നും മത്സ്യവുമായി പേഴയ്ക്കാപ്പിള്ളി ഭാഗത്തേക്ക് വരികയായിരുന്ന മിനി വാനും, എതിര് ദിശയില്‍ വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രികരെ നാട്ടുകാര്‍ ചേര്‍ന്നും മിനി വാനില്‍ കുടുങ്ങിയ ബാദുഷയെയും ഷഹീറിനെയും മൂവാറ്റുപുഴ ഫയര്‍ഫോഴ്സും എത്തിയാണ് രക്ഷപെടുത്തിയത്. അപകടത്തെ തുടര്‍ന്ന് മൂവാറ്റുപുഴ പെരുമ്പാവൂര്‍ റോഡില്‍ വാഹന ഗതാഗതം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് റോഡില്‍ നിന്നും വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.