TRAVEL
ജില്ല: ആലപ്പുഴ
കാഴ്ച: കയർ നിർമാണം, കരകൗശല വസ്തുക്കൾ
കയർ ഇത്ര കാണാനുണ്ടോ എന്നു സംശയിക്കാം, അന്താരാഷ്ട്ര കയർ മ്യൂസിയം എന്നു കേൾക്കുന്പോൾ. എന്നാൽ കാര്യം അത്ര നിസാരമല്ല എന്നു വ്യക്തമാകും കലവൂരിലെ ഈ മ്യൂസിയം കണ്ടാൽ. ലോകത്തെ ആദ്യത്തേതും നിലവിലുള്ളതുമായ ഏക കയർ മ്യൂസിയം ഇതാണ്.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാന്പത്തിക മേഖലകളുമായി ഇഴചേർന്നു കിടക്കുന്നതാണ് കയർ വ്യവസായം. കയർ ബോർഡ് ഓഫ് ഇന്ത്യയുടെ വജ്രജൂബിലി വർഷമായ 2014ൽ ആണ് മ്യൂസിയം സ്ഥാപിച്ചത്.
കയർ മേഖലയുടെ ചരിത്രപരമായ വികാസപരിണാമങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയെല്ലാം ഇവിടെ അടുത്തറിയാം. ഈ മേഖലയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു ഹ്രസ്വ വീഡിയോ ചിത്രം കാണാനും അവസരമുണ്ട്.
TRAVEL
ജില്ലയിൽ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഈ വർഷമെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ. കനത്ത മഴ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങൾ കുറെ ദിനങ്ങൾ അടച്ചിട്ടെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ എണ്ണം കൂടി.
ജൂലൈ വരെയുളള കണക്കുകൾ പ്രകാരം 19,42,354 വിനോദ സഞ്ചാരികൾ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിലുള്ള പന്ത്രണ്ട് കേന്ദ്രങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ വർഷം ഈ കേന്ദ്രങ്ങളിലെത്തിയത് 33,86,012 സഞ്ചാരികളാണ്.
2023ൽ 29,22,043 ടൂറിസ്റ്റുകൾ ജില്ലയിലെത്തി. ഓണക്കാലമാകുന്നതോടെ ടൂറിസ്റ്റുകളുടെ വരവ് കൂടുമെന്നു ടൂറിസം വകുപ്പ് പറയുന്നു.
വാഗമൺ കാണാൻ
വാഗമണ്‍ പുൽമേടും മൊട്ടക്കുന്നുകളും കാണാൻ 5,43,979 സഞ്ചാരികളും വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ 5,08,505 ടൂറിസ്റ്റുകളും എത്തി. ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്.
മൊട്ടക്കുന്നുകളും പുൽമേടുകളും തേയിലത്തോട്ടങ്ങളും സാഹസിക വിനോദ സഞ്ചാര സാധ്യതകളുമാണ് വാഗമണ്‍ തുറന്നിടുന്നത്. ഗ്ലാസ് ബ്രിഡ്ജ് വലിയ ആകർഷണമാണ്. പാറക്കൂട്ടങ്ങളിൽ റോക്ക് ക്ലൈംബിംഗിനും ട്രക്കിംഗിനും മലകയറ്റത്തിനും പാരാഗ്ലൈഡിംഗിനും ഇവിടെ അവസരമുണ്ട്.
ബോട്ടാണിക്കൽ ഗാർഡൻ
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനാണ് സഞ്ചാരികളെ ഏറെ ആകർഷിച്ച മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. 3,15,317 ടൂറിസ്റ്റുകൾ ഈ വർഷം ഇവിടെയെത്തി.
രാമക്കൽമേട്, പാഞ്ചാലിമേട്, പരുന്തുംപാറ, ശ്രീനാരായണപുരം വെള്ളച്ചാട്ടം, ആമപ്പാറ, ഇടുക്കി ഹിൽവ്യൂ പാർക്ക്, മാട്ടുപ്പെട്ടി, അരുവിക്കുഴി എന്നിവിടങ്ങളിലും സന്ദർശകരുടെ പ്രവാഹമായിരുന്നു.
സഞ്ചാരികളുടെ വരവ്
രാമക്കൽമേട് - 1,43,480
പാഞ്ചാലിമേട് - 1,09,219
ശ്രീനാരായണപുരം - 85,375
ആമപ്പാറ - 71,264
ഇടുക്കി ഹിൽവ്യൂ പാർക്ക് - 67,370
മാട്ടുപ്പെട്ടി - 66,159
അരുവിക്കുഴി - 15,707
TRAVEL
ഗുജറാത്തിലെ മൊഹ്സാനയില്നിന്ന് ഏകദേശം 25 കിലോ മീറ്റര്‍ അകലെ മൊഠേരയിലേക്കുള്ള യാത്രയില്‍ രക്തം പോലും ഉറഞ്ഞു പോകുന്ന തണുപ്പായിരുന്നു.
കടുക് പൂത്ത് നില്ക്കുന്ന മഞ്ഞപ്പാടങ്ങള്‍ കടന്ന് പുഷ്പാവതി നദിയുടെ പശ്ചാത്തലത്തില്‍ പേരറിയാത്ത വ്യക്ഷങ്ങളില്‍ പക്ഷികളുടെ കളകൂജനം കേട്ട് ചരിത്രമുറങ്ങുന്ന മൊഠേര സൂര്യക്ഷേത്രത്തിലേക്ക് എത്തിയപ്പോള്‍ സമയം രാവിലെ ഏഴു മണി.
അരിച്ചിറങ്ങുന്ന തണുപ്പ് വകവയ്ക്കാതെ മുന്നോട്ട് നടന്നു നീങ്ങുന്ന ഒരുപറ്റം സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ടെറാരൂപത്തിലുള്ള പൂന്തോട്ടത്താല്‍ ചുറ്റപ്പെട്ട, മൊഠേര സൂര്യക്ഷേത്രത്തിലേക്ക് നടന്നു.
അടുത്തേക്ക് എത്തുംതോറും ആ ശില്പചാതുര്യം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. അനേകം സൂക്ഷ്മമായ കൊത്തുപണികള്‍, ത്രികോണാകൃതിയില്‍ കൊത്തിയെടുത്ത കല്‍പ്പടവുകള്‍, പച്ച നിറമുള്ള വെള്ളം തുളുമ്പുന്ന ക്ഷേത്രക്കുളം... കിഴക്കു പടിഞ്ഞാറ് ദിശയില്‍ ഒരു നേര്രേഖയിലെന്നവിധം സ്ഥിതിചെയ്യുന്ന മൂന്ന് ഭാഗങ്ങളാണ് മൊഠേര സൂര്യക്ഷേത്രത്തിനുള്ളത്.
കുണ്ഡം അഥവാ കുളം, സഭാമണ്ഡപം, ഗുഡമണ്ഡപം. ആരാധനാമൂര്‍ത്തിയായ സൂര്യദേവെന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിലാണ് ഗുഡമണ്ഡപം. ശ്രീകോവിലിന് അഭിമുഖമായുള്ള മണ്ഡപം -സഭാമണ്ഡപം.
അവര്ണനീയം ഈ ശില്പചാതുര്യം
സൂര്യക്ഷേത്രത്തിലേക്ക് എത്തുമ്പോള്‍ ആദ്യം കാണുന്നത് സൂര്യകുണ്ഡ് എന്നറിയപ്പെടുന്ന മനോഹരമായ സമചതുരത്തില്‍ നിരവധി കല്പ്പടവുകളുമായി നിര്‍മിച്ച ക്ഷേത്രക്കുളമാണ്.
വിവിധ ദേവന്മാര്ക്കും അര്ധദേവന്മാര്ക്കും വേണ്ടിയുള്ള 108 ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പടിക്കെട്ടിലും ഗോപുരങ്ങളുണ്ട്. കുണ്ഡത്തിന്റെ മൂന്ന് വശങ്ങളിലായി സ്ഥിതി ചെയ്യുന്ന മൂന്ന് പ്രധാന ആരാധനാലയങ്ങള്‍ ഗണപതിക്കും വിഷ്ണുവിനും സമര്‍പ്പിച്ചിരിക്കുന്നു.
"താണ്ഡവം' നൃത്തം ചെയ്യുന്ന ശിവന്റെ ഒരു ചിത്രവും ഇവിടെ കാണാം. പല കാലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ശ്രീകോവിലില്‍ പലതും ശിഥിലമാക്കപ്പെട്ടു. അവശേഷിക്കുന്നവയില്‍ ഇപ്പോഴും ശൈവ, വിഷ്ണു പ്രതിഷ്ഠകളുണ്ട്.
പ്രധാനക്ഷേത്രത്തിനു തൊട്ടു മുന്‍പിലായി അഷ്ടകോണാകൃതിയില്‍ നിര്‍മിച്ച സഭാമണ്ഡപം. അവിടെ പല ഉയരങ്ങളിലുള്ള കല്‍ത്തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 52 ആഴ്ചകളെ കുറിക്കുന്ന 52 തൂണുകളാണിവിടെ ഉള്ളതെന്നാണ് കരുതുന്നത്.
രാജഭരണകാലത്ത് സഭാമണ്ഡപം നൃത്തവേദിയായി ഉപയോഗിച്ചിരുന്നു. ചുമരുകളിലെ നൃത്തം ചെയ്യുന്ന അപ്സരസുകളുടെ മനോഹര ചിത്രങ്ങള്‍ കാണാനാകും.
ചരിത്രമുറങ്ങുന്ന കല്‍മണ്ഡപം
ഒന്നിലധികം ആക്രമണങ്ങളുടെയും ചെറുത്തു നില്‍പ്പിന്റെയും കഥകള്‍ മൊഠേര ക്ഷേത്രത്തിലെ കല്ച്ചുവരുകള്ക്ക് പറയാനുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ ആക്രമണത്തില്‍ പാതി തകര്‍ന്ന കൊത്തുപണികള്‍ ഇപ്പോഴും ചരിത്ര രേഖയെന്ന പോലെ ക്ഷേത്രച്ചുമരുകളില്‍ തെളിഞ്ഞു നില്ക്കുന്നു.
പതിനൊന്നാം നൂറ്റാണ്ടില്‍ സോളങ്കി രാജാവായ ഭീമദേവന് ഒന്നാമനാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് കരുതുന്നത്. ഭീമദേവന് ശിവഭക്തനായിരുന്നുവെങ്കിലും സോളങ്കി രാജവംശം സൂര്യ ഭക്തരായിരുന്നു.
1024- 1025 കാലഘട്ടത്തില്‍ മഹ്മൂദ് ഗസ്നി സോളങ്കി രാജവംശത്തെ ആക്രമിച്ചു. പക്ഷേ കാര്യമായ വിജയം നേടാന്‍ ഗസ്നിക്ക് സാധിച്ചില്ല. ഒരു വര്‍ഷത്തിനു ശേഷം സോളങ്കി രാജവംശം വീണ്ടും ഇവിടെ അധികാരം പിടിച്ചെടുത്തു.
അന്നത്തെ വിജയകരമായ പ്രതിരോധത്തിന്റെ സ്മരണയ്ക്കായാണ് സൂര്യഭഗവാന്റെ സ്വര്‍ണവിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം നിര്‍മിച്ചതെന്നാണ് ചരിത്രഗ്രന്ഥങ്ങളിലുള്ളത്.
പക്ഷേ ഏറെക്കാലം കഴിയും മുന്‍പേ വീണ്ടും ക്ഷേത്രം ആക്രമണത്തിന് ഇരയായി. ക്ഷേത്രത്തിലെ വിഗ്രഹം മാത്രമല്ല അതിനു താഴെ വില മതിക്കാനാകാത്തത്ര സ്വര്ണനാണങ്ങളും രത്നങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന അഭ്യൂഹമാണ് അലാവുദ്ധീന്‍ ഖില്‍ജിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.
1300 കളില്‍ ഖില്‍ജിയുടെ ആക്രമണത്തോടെ ക്ഷേത്രത്തിലെ വിഗ്രഹം അപ്രത്യക്ഷമായി. ഖില്‍ജിയുടെ പടയാളികള്‍ വിഗ്രഹം കവര്‍ച്ച ചെയ്തതാണോ അതോ ക്ഷേത്ര പൂജാരികളും വിശ്വാസികളും ചേര്‍ന്ന് വിഗ്രഹം അതീവ രഹസ്യമായി ഒളിപ്പിച്ചതാണോ എന്നതില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
എന്തു തന്നെയായാലും വിഗ്രഹം പിന്നീട് തിരിച്ചു കിട്ടിയില്ല. അതോടെ പൂജയും മുടങ്ങി. പിന്നീട് 1802ല്‍ ബ്രിട്ടീഷുകാരാണ് ക്ഷേത്രത്തെ വീണ്ടും കണ്ടെത്തിയത്. നിലവില്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ക്ഷേത്രം.
ഈ ക്ഷേത്രത്തില്‍ വിഗ്രഹമില്ല, പൂജയുമില്ല
കല്ലില്‍ കൊത്തിയെടുത്ത കമഴ്ത്തി വച്ച താമരപ്പൂവിനു മുകളില്‍ സൂര്യമന്ദിരം. നഗ്നനാരികളും ആനകളും ദേവതകളും നര്‍ത്തകിയും താമരയും മഹാഭാരതത്തിലെയും രാമായണത്തിലെയും അസംഖ്യം കഥകളും... ഓരോ മതിലിലും തൂണുകളിലും അസംഖ്യം കൊത്തുപണികള്‍.
ഏഴു കുതിരകളെ പൂട്ടിയ പന്ത്രണ്ട് ചത്രങ്ങളുള്ള സൂര്യരഥത്തെയാണ് ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് കടന്നെങ്കിലും പൂജാ വസ്തുക്കളുടെ ഗന്ധമോ, മന്ത്രധ്വനികളോ മണിയൊച്ചകളോ ഇല്ല.
കാലങ്ങള്‍ക്കു മുന്‍പേ തന്നെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായിരുന്ന സൂര്യവിഗ്രഹം നഷ്ടപ്പെട്ടു. അതു കൊണ്ട് തന്നെ ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധനയില്ല.
TRAVEL
ഭീമാകാരമായ കാട്ടുമരങ്ങളുടെ വേരുകള്‍ക്കിടയില്‍ ഗുഹകള്‍. ഇവിടെ പല ഭാഗത്തുനിന്നും പുറത്തെക്കൊഴുകുന്ന കണ്ണീര്‍ത്തുള്ളി പോലെ തെളിഞ്ഞ ജലം. ഇതു വന്നുചേരുന്ന കുളത്തിലാകട്ടെ വെള്ളം നിറഞ്ഞുതുളുമ്പി മറുഭാഗത്തുകൂടി പുറത്തേക്കൊഴുകുന്നു.
പച്ചപരവതാനി പോലുള്ള ഈ കുളത്തിലിറങ്ങി കുളിക്കുമ്പോഴുള്ള അനുഭൂതി, മറ്റെവിടെനിന്നും ലഭിക്കാന്‍ വഴിയില്ല. അതെ, പാമ്പാക്കുട പഞ്ചായത്തിലെ പിറമാടത്തുള്ള കൊച്ചരീക്കല്‍ ഗുഹ ഒളിഞ്ഞിരിക്കുന്ന രത്ന സ്ഫടികങ്ങളായേ തോന്നു.
വെള്ളം ഒഴുകിപ്പോകുന്നത് ചിറ കെട്ടി സംരക്ഷിച്ചിരിക്കുന്നതാണ് കുളമായി മാറിയിരിക്കുന്നത്. കൊടും കാടിലെത്തിയ പ്രതീതി തോന്നിപ്പിക്കുന്ന ഈ നയന മനോഹക്കാഴ്ച കാണാനെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.
നിഗൂഢ സൗന്ദര്യം
പണ്ട് ഏറെ നിഗൂഡതകള്‍ നിറഞ്ഞ ഒരു പ്രദേശമായിരുന്നു ഇത് . പകല്‍ സമയത്തുപോലും ഇവിടേക്ക് ഒറ്റയ്ക്കു വരാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. പക്ഷേ, ഇന്ന് സ്ഥിതിയാകെ മാറി. ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്കാണ്.
ഗുഹകളില്‍ കയറിയിറങ്ങാനും വള്ളികളില്‍ തൂങ്ങി കുളത്തിലേക്ക് എടുത്തു ചാടി കുളിക്കാനുമൊക്കെ നിരവധിയാളുകളാണ് ദൂര സ്ഥലങ്ങളില്‍നിന്നു പോലും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒരു തവണ ഈ നിഗൂഢസൗന്ദര്യം ആസ്വദിച്ചവര്‍ വീണ്ടുമെത്തുന്നത് ഉറപ്പാണ്.
കൊച്ചരീക്കല്‍ ഗുഹകള്‍
പിറവത്തു നിന്നും 12 കിലോമീറ്റര്‍ അകലെ പിറമാടത്താണ് കൊച്ചരീക്കല്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. പാമ്പാക്കുട പഞ്ചായത്തിന്റെ അധീനതയില്‍ അരീക്കല്‍ വെള്ളച്ചാട്ടം കൂടാതെയുള്ള മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ് കൊച്ചരീക്കല്‍ പ്രദേശം.
നിഗൂഢത നിറഞ്ഞ ഈ പ്രദേശം തന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വലിയൊരു കൊടുംകാട്ടിലെത്തിയതു പോലുള്ള പ്രതീതിയാണ് ഇവിടം ജനിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി വളര്‍ന്നു നില്ക്കുന്ന വന്‍ വ്യക്ഷങ്ങള്‍. വൃക്ഷങ്ങളുടെ വേരുകള്‍ കൊണ്ട് താങ്ങി നിര്‍ത്തിയിരിക്കുന്നതു പോലുള്ള വലിയ പാറക്കൂട്ടങ്ങള്‍. ഇതിനിടെയില്‍ വലിയ ഗുഹകള്‍.
ഗുഹകള്‍ അവസാനിക്കുന്നത് ഒന്ന് കൊടങ്ങല്ലൂരും, മറ്റൊന്ന് മൂന്നാറിനടുത്ത് മറയുരുമാണന്നാണ് പറയുന്നത്. പുറത്തു നിന്നു നോക്കിയാല്‍ ഗുഹയ്ക്കുള്ളില്‍ 150 അടി വരെ നേരെ കാണാനാവും. ഉള്ളില്‍ പ്രവേശിച്ച് കുറച്ചു നടന്നു കഴിഞ്ഞാല്‍ 20 ആളുകള്‍ക്കുവരെ താമസിക്കാവുന്ന രീതിയില്‍ മുറികള്‍ തിരിച്ച് നിര്‍മിച്ചിട്ടുമുണ്ട്.
തിരുവിതാംകൂര്‍ രാജ്യം രൂപീകരിക്കുന്നതിന് മുമ്പ് വടക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു പ്രദേശമെന്ന് പറയുന്നു. ആക്കാലത്ത് നാടുവാഴി തമ്പുരാക്കന്മാര് ഒളിവില്‍ കഴിഞ്ഞിരുന്നതും യുദ്ധോപകരണങ്ങള്‍ സൂക്ഷിച്ചിരുന്നതും ഈ ഗുഹകളിലാണന്ന് പറയപ്പെടുന്നു.
ഒരിക്കലും വറ്റാത്ത കൊച്ചരീക്കല്‍
ഒരിക്കലും വറ്റാത്ത നീരുറവയാണ് കൊച്ചരീക്കലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഉത്ഭവിക്കുന്നത്. ഇത് കുടിവെള്ളമായി സമീപ പ്രദേശങ്ങളിലെ ഇരുനൂറോ ളം കുടുംബങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവിടെയെത്തുന്നവര്‍ക്ക് ഉറവ വെള്ളം കുടിക്കുന്നതിന് സൗകര്യമുണ്ട്. പലരും ഇത് കുപ്പികളില്‍ ധാരാളമായി ശേഖരിച്ചുകൊണ്ടുപോകുന്നുമുണ്ട്.
വര്‍ഷം മുഴുവനും വെള്ളം ഒഴുകി പോകുന്നതിനെത്തുടര്‍ന്നാണ് ചിറ കെട്ടി സംരക്ഷിച്ചത്. ചിറയാകട്ടെ കുളം പോലെ കിടക്കുകയാണ്. നല്ല തണുപ്പ് നിറഞ്ഞ വെള്ളത്തില്‍ സ്ത്രീകളടക്കം എല്ലാവരും നീന്തിത്തുടിക്കാനായി ഇറങ്ങാറുണ്ട്.
വിനോദസഞ്ചാരികളില്‍ ഏറെപ്പേരും കയറുകളില്‍ തൂങ്ങിയാടി മലക്കം മറിഞ്ഞ് വെള്ളത്തില്‍ ചാടാന്‍ മത്സരമാണ്. കുളത്തില്‍ കിടന്ന് മുകളിലേക്ക് നോക്കിയാല്‍ ചുറ്റും നില്ക്കുന്ന ചീനി മരങ്ങളുടെ ശിഖിരങ്ങള്‍ കൊണ്ട് ആകാശം മൂടപ്പെട്ട നിലയിലാണ്.
ഇതുകൊണ്ട് നേരത്തെ മാനംകാണ അരിക്ക എന്ന് അറിയപ്പെട്ടിരുന്നതാണ്. ഇവിടെയുള്ള ചീനി മരങ്ങളുടെ ചുവടുകള്‍ക്ക് പത്തു മുതല്‍ 15 മീറ്റര്‍വരെ ചുറ്റളവുണ്ട്. നീന്തല്‍ വശമില്ലാത്തവര്‍ ഇതിലിറങ്ങുന്നത് അപകടമാണ്.
ചിറയ്ക്ക് ആഴക്കൂടുതലായതിനാല് കാല് കുത്താന്‍ സാധിക്കില്ല. ഇതിനാല്‍ കുട്ടികളെ വെള്ളത്തിലിറക്കാറില്ല. ഇപ്പോള്‍ മഴക്കാലമായതിനാല്‍ ധാരാളം വെള്ളമാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.
അധികൃതരുടെ അവഗണനയില്‍ സഞ്ചാരികള്‍ക്ക് ദുരിതം
മഴക്കാലത്ത് നീരൊഴുക്ക് കൂടുന്നത് സമൂഹമാധ്യമങ്ങളിലൂടെയറിഞ്ഞ് നിരവധിയാളുകള്‍ ഇവിടെ എത്തുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ അവധിദിന വിനോദയാത്രയില്‍ ജില്ലയ്ക്കു പുറത്തു നിന്നുമുള്ള ഡിപ്പോയില്‍ നിന്നുമുള്ള ബസുകള്‍ യാത്രക്കാരുമായി ഇവിടെ എത്താറുണ്ട്.
പക്ഷെ, ഇവിടെയെത്തുന്ന സ്ത്രീകളും, കുട്ടികളുമടക്കമുള്ളവര്‍ക്ക് യാതൊരുവിധ അടിസ്ഥാന സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടില്ല. ഇവിടെ പ്രവേശന കവാടത്തില്‍ ഒരാളില്‍ നിന്നും 20 രൂപാ വീതം വാങ്ങുന്നുണ്ട്.
സൗകര്യങ്ങളൊന്നുമൊരുക്കാതെ പഞ്ചായത്ത് പണം വാങ്ങുമ്പോള്‍, സമീപത്തുള്ള ചില സ്വകാര്യ വ്യക്തികള്‍ ഇതിലും കൂടുതല്‍ പിടിച്ചുപറിയാണ് നടത്തുന്നത്. നനഞ്ഞ വസ്ത്രം മാറ്റുന്നതിനും ടോയ്ലറ്റ് ഉപയോഗിക്കുന്നതിനുമൊക്കെ പത്തു മുതല്‍ 20 രൂപാ വരെ സ്വകാര്യ വ്യക്തികള്‍ വാങ്ങുന്നു.
ഇവര്‍ വാഹന പാര്‍ക്കിംഗിനും അമിത ചാര്‍ജാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്.
TRAVEL
ജില്ല: മലപ്പുറം
കാഴ്ച: മഴക്കാടുകൾ, പുഴകൾ
നദിയുടെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് കയം. മലപ്പുറത്തെ നെടുങ്കയം ആഴവും പരപ്പുമുള്ള, ശാന്തസുന്ദരമായ കാഴ്ചാനുഭവങ്ങൾ സമ്മാനിക്കും. നിലമ്പൂരിൽനിന്ന് ഏതാണ്ടു പതിനഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കരിമ്പുഴയുടെ തീരത്തുള്ള കരുളായിവഴിയാണ് യാത്ര.
ഉയരമുള്ള മരങ്ങൾ സൂര്യപ്രകാശം തടഞ്ഞ് പകലിലും രാത്രിയനുഭവമാണ് നൽകുക. അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഗംഭീരമായ ട്രെക്കിംഗ് സൗകര്യവും ഇവിടെയുണ്ട്. ജൈവവൈവിധ്യ സന്പന്നമാണ് ഈ പ്രദേശം.
ചരിത്രപ്രാധാന്യമുള്ള തേക്ക് പ്ലാന്റേഷൻ സമീപത്തുണ്ട്. ബ്രിട്ടീഷ് എൻജിനീയറായിരുന്ന ഇ.കെ. ഡോസൻ നിർമിച്ച കന്പിപ്പാലങ്ങൾ വിസ്മയക്കാഴ്ചയാണ്. 1930കളിലാണ് നിർമാണം. കരിമ്പുഴയ്ക്ക് അഭിമുഖമായി ഡോസൻ തടികൊണ്ടു നിർമിച്ച ബംഗ്ലാവും കാണാം.
TRAVEL
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്... എത്ര നേരം നോക്കിയിരുന്നാലും മതിവരാത്ത താഴ്വര കാഴ്ചകൾ. ഇടതൂർന്ന വനങ്ങൾ, തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടം, വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുകൾ...
എല്ലാംകൂടി ഒറ്റനോട്ടത്തിൽ കാണാൻ പറ്റിയാലോ! അതിനു നെല്ലിയാംപതിക്കു സമീപമുള്ള സീതാർകുണ്ട് വ്യൂപോയിന്റിൽ എത്തണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ ഇടം.
ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർ, ഫോട്ടോഗ്രാഫർമാർ, പ്രകൃതിസ്നേഹികൾ തുടങ്ങിയവർ ഇവിടെയെത്തിയാൽ പിന്നെ മടങ്ങാൻ തോന്നില്ല.
ശ്രീരാമനും സീതയും ലക്ഷ്മണനും വിശ്രമിച്ചു എന്ന് ഐതിഹ്യമുള്ള ഇടംകൂടിയാണത്.
TRAVEL
വിണ്ണില്‍ നിന്നും മണ്ണിലേക്ക് പെയ്തിറങ്ങിയ ജലകണങ്ങള്‍ വീണ്ടും പ്രകൃതിയെ പച്ചപ്പിന്റെ മേലങ്കി അണിയിക്കുന്പോള് കാടും കാട്ടരുവികളും സൗന്ദര്യത്തിന്റെ നയനമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്പോള്... ചിന്നിച്ചിതറി വീഴുന്ന ജലകണങ്ങള്‍ തട്ടിത്തെറിപ്പിച്ചും മഴയുടെ കുളിരണിഞ്ഞും ഈ മണ്‍സൂണ്‍ കാലം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് വിനോദസഞ്ചാരികള്‍.
കാടും മേടും പുഴയും പൂക്കളും അടങ്ങുന്ന പതിവ് വിനോദകേന്ദ്രങ്ങളില്‍നിന്നു വ്യത്യസ്തമായി പുതിയപുതിയ കേന്ദ്രങ്ങള്‍ തേടി യാത്ര തുടരുന്ന സഞ്ചാരികളെ മണ്‍സൂണിന്റെ സൗന്ദര്യം ആവാഹിച്ചുകൊണ്ട് അവരെ മാടിവിളിക്കുകയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയും പരിസരപ്രദേശങ്ങളെയിലേയും പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങള്‍. അത്തരത്തില്‍ അധികമാരും എത്തിപ്പെടാത്ത ചില മഴക്കാല വിനോദസഞ്ചാരകേന്ദ്രങ്ങളെ നമുക്ക് പരിചയപ്പെടാം.
പേരപ്പാറ ചെക്ക് ഡാം
വടക്കാഞ്ചേരി വാഴാനി ഡാമിലേക്കുള്ള യാത്രയ്ക്കിടെ അധികമാരും അറിയാതെ പോകുന്ന ഒരു മനോഹര ഇടമാണ് പേരേപ്പാറ ചെക്ക് ഡാം. കാടിനാല്‍ ചുറ്റുപ്പെട്ട പ്രദേശത്ത് ഒഴുകിയെത്തുന്ന കാട്ടരുവികളും അവയെത്തുന്ന ജലാശയവും അതില്‍നിന്നു താഴേക്ക് ഒഴുകി വരുന്ന വെള്ളവും മഴക്കാലത്ത് സമ്മാനിക്കുന്നത് കുളിരുള്ള കാഴ്ചകളില്‍ ഒന്നാണ്.
ചെറിയ വെള്ളച്ചാട്ടങ്ങളോടെയുള്ള ഇവിടെ ആളുകള്‍ കുടുംബസമേതം കുളിക്കാനും മഴയുടെ സൗന്ദര്യം ആസ്വദിക്കാനും എത്തുന്നു. വിരുപ്പാക്ക നൂല് കന്പനി കഴിഞ്ഞ് 100 മീറ്റര്‍ മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 300 മീറ്റര്‍ അകലെയാണ് ഡാം സ്ഥിതി ചെയ്യുന്നത്.
TRAVEL
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
തിരുവനന്തപുരത്ത് ടൂറിനെത്തുന്ന പലരും നഗരത്തിൽ കറങ്ങി, കോവളം ബീച്ചും കണ്ടു മടങ്ങുകയാണ് പതിവ്. എന്നാൽ, കാഴ്ചകളുടെ മറ്റു വേറിട്ട അനുഭവങ്ങളും ഇവിടുണ്ട്. അതിലൊന്നാണ് തിരുവനന്തപുരത്തിന്റെ തെക്കേയറ്റത്തെ പൂവാർ ദ്വീപ്.
ഒരു വശത്ത് അറബിക്കടൽ, മറുവശത്ത് നെയ്യാർ നദി. തടാകം, നദി, കടൽ, കടൽത്തീരം എന്നിവ സംഗമിക്കുന്ന അപൂർവം പ്രദേശങ്ങളിലൊന്ന്. 18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ ഇവിടം സന്ദർശിച്ചു.
നദിയിൽ പൂക്കൾ നിറഞ്ഞിരുന്നതുകണ്ട് അദ്ദേഹമാണ് ഈ സ്ഥലത്തിന് "പൂവാർ" എന്നു പേരിട്ടെതെന്നു പറയപ്പെടുന്നു. നീല നിറമുള്ള തടാകങ്ങൾ, പച്ചപ്പു നിറഞ്ഞ തെങ്ങിൻ തോപ്പുകളൊക്കെ വേറിട്ട ലോകം സമ്മാനിക്കും.
റിസോർട്ടുകൾ, ഫ്ളോട്ടിംഗ് കോട്ടേജുകൾ, ആയുർവേദ കേന്ദ്രങ്ങൾ ഇവയൊക്കെ ഇവിടെയുണ്ട്. ബീച്ച് വോളിബോൾ, ബാസ്കറ്റ് ബോൾ, കായൽ സവാരി, പക്ഷി നിരീക്ഷണം, പ്രകൃതി നടത്തം, ജലകായിക വിനോദങ്ങൾ ഇവയൊക്കെ ഇവിടെ ആസ്വദിക്കാം.
സമീപത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആയോധന കലാഗ്രാമം സഞ്ചാരികളുടെ മറ്റൊരു ആകർഷണ കേന്ദ്രമാണ്.
ദൂരം: തിരുവനന്തപുരത്തുനിന്ന് റോഡ്മാർഗം ഏകദേശം 33 കിലോമീറ്റർ. ബസ്, ടാക്സി സൗകര്യം ലഭ്യമാണ്.
TRAVEL
ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ, സ്ലീപ്പർ ക്ലാസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഒഴിവുള്ള എസി കോച്ചുകളിലേക്ക് ഓട്ടോ അപ്ഗ്രേഡ് സൗകര്യം ലഭിക്കും. തേർഡ് എസി കമ്പാർട്ടുമെന്റുകളിലേക്കാണ് പ്രധാനമായും ഈ സൗകര്യം ലഭിക്കുക. പോക്കറ്റ് കീറാതെ എസി യാത്ര ആസ്വദിക്കാൻ സാധിക്കുമെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.
ഈ സൗകര്യം 2006-ൽ അവതരിപ്പിച്ചിരുന്നെങ്കിലും, അന്ന് ഉയർന്ന നിരക്ക് ഈടാക്കിയിരുന്നു. എന്നാൽ പുതിയ നയമനുസരിച്ച് അധിക പണം നൽകാതെ തന്നെ ഈ സൗകര്യം ലഭ്യമാകും. ഇത് ട്രെയിൻ യാത്രകളെ കൂടുതൽ ആകർഷകമാക്കുകയും, യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഗുണകരമാകും.
യാത്രക്കാർക്ക് അവസാന നിമിഷം വരെ കൺഫർമേഷൻ സ്റ്റാറ്റസിനായി കാത്തിരിക്കേണ്ടതില്ലെന്നതും ഈ പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കം യാത്രക്കാരെ കൂടുതൽ ആകർഷിക്കുകയും, റെയിൽവേ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വ് നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
TRAVEL
ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി തായ്ലൻഡ് വിസ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കുകയും, നിലവിലുള്ള വിസയുടെ കാലാവധി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വലിയ പ്രയോജനകരമാകും. വിസ നടപടികൾ ലളിതമാക്കുന്നത് തായ്ലൻഡിലേക്കുള്ള യാത്ര എളുപ്പമാക്കും.
പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, ബാങ്കോക്ക്, ഫൂക്കറ്റ്, പട്ടായ തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെത്തും. സാമ്പത്തിക മേഖലയ്ക്ക് ഉണർവ്വ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തായ്ലൻഡിന്റെ മനോഹരമായ ബീച്ചുകൾ, ക്ഷേത്രങ്ങൾ, രുചികരമായ ഭക്ഷണം, ആകർഷകമായ രാത്രി ജീവിതം എന്നിവ ലോകമെമ്പാടുമുള്ള സഞ്ചാരികളെ എന്നും ആകർഷിക്കുന്നുണ്ട്.
വിസ നിയമങ്ങളിലെ ഈ ഇളവുകൾ തായ്ലൻഡിലെ ടൂറിസം വ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. യാത്രാ നിരക്കുകളിലും താമസ സൗകര്യങ്ങളിലും ഈ മാറ്റം പ്രതിഫലിച്ചേക്കാം, അതിനാൽ യാത്ര പ്ലാൻ ചെയ്യുന്നവർ ഈ വിവരങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.
TRAVEL
ആഫ്രിക്കൻ വന്യജീവി സഫാരിക്ക് വസന്തകാലം (ഏകദേശം ജൂൺ മുതൽ ഒക്ടോബർ വരെ) ഏറ്റവും അനുയോജ്യമായ സമയമാണ്. കിഴക്കൻ ആഫ്രിക്കയിലെ ഗ്രേറ്റ് മൈഗ്രേഷൻ കാണാൻ പറ്റിയ സമയം കൂടിയാണിത്. കെനിയയിലെ മസായി മാരാ, ടാൻസാനിയയിലെ സെറെൻഗെറ്റി തുടങ്ങിയ ദേശീയ പാർക്കുകളിൽ മില്യൺ കണക്കിന് വൈൽഡ്ബീസ്റ്റുകളും സീബ്രകളും ദേശാന്തരഗമനം നടത്തുന്ന ഈ കാഴ്ച ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നാണ്.
ഈ സമയത്ത് സഫാരിക്ക് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ്. മഴ കുറവായതുകൊണ്ട് വന്യജീവികളെ തുറന്ന പുൽമേടുകളിൽ എളുപ്പത്തിൽ കാണാൻ സാധിക്കും. സിംഹം, ആന, കാണ്ടാമൃഗം, പുലി, എരുമ (Big Five) എന്നിവയെ കാണാനുള്ള സാധ്യതയും ഈ സമയത്ത് കൂടുതലാണ്. പ്രൊഫഷണൽ ഗൈഡുകളോടൊപ്പമുള്ള സഫാരി യാത്രകൾക്ക് മുൻകൂട്ടി ബുക്കിംഗ് നടത്തുന്നത് തിരക്ക് ഒഴിവാക്കാൻ സഹായിക്കും.
ആഫ്രിക്കൻ സഫാരിക്ക് ഒരുങ്ങുന്നവർ മലേറിയ പ്രതിരോധ മരുന്നുകൾ ഉൾപ്പെടെയുള്ള ആരോഗ്യ മുൻകരുതലുകൾ എടുക്കണം. വന്യജീവികളെ ശല്യപ്പെടുത്താതെയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും ഈ അവിസ്മരണീയമായ യാത്രാനുഭവം ആസ്വദിക്കാം.
TRAVEL
സാഹസിക യാത്രികരുടെ പറുദീസയായ തെക്കേ അമേരിക്കയിലേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഈ മേഖലയിലെ ടൂറിസം പൂർണ്ണമായി ഉണർവ്വ് പ്രാപിച്ചിരിക്കുകയാണ്. ആമസോൺ മഴക്കാടുകളിലൂടെയുള്ള ട്രെക്കിംഗ്, ആൻഡസ് പർവതനിരകളിലെ സാഹസിക കയറ്റം, പെറുവിലെ മാച്ചു പിച്ചു സന്ദർശനം തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ.
പരിസ്ഥിതി സൗഹൃദപരമായ ടൂറിസം പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. പ്രാദേശിക സംസ്കാരത്തെയും ആവാസവ്യവസ്ഥയെയും സംരക്ഷിച്ചുകൊണ്ടുള്ള യാത്രാനുഭവങ്ങൾ നൽകാൻ ടൂറിസം ഓപ്പറേറ്റർമാർ ശ്രദ്ധിക്കുന്നുണ്ട്. അർജന്റീനയിലെ പാറ്റഗോണിയ, ചിലിയിലെ ടോറസ് ഡെൽ പെയ്ൻ ദേശീയോദ്യാനം എന്നിവയും സാഹസിക യാത്രികരെ ആകർഷിക്കുന്ന മറ്റ് പ്രധാന സ്ഥലങ്ങളാണ്.
തെക്കേ അമേരിക്കൻ യാത്രക്ക് മുൻപ് വിസ നിയമങ്ങൾ, വാക്സിനേഷൻ വിവരങ്ങൾ, പ്രാദേശിക യാത്രാ നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നത് യാത്ര എളുപ്പമാക്കും. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളിലൂടെയും, മഞ്ഞു മൂടിയ കൊടുമുടികളിലൂടെയുമുള്ള ഈ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരിക്കും.
TRAVEL
യൂറോപ്പിൽ കനത്ത ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ, അവിടേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദ്ദേശങ്ങളുമായി ടൂറിസം മന്ത്രാലയങ്ങൾ. സാധാരണയായി യൂറോപ്പിലെ വേനൽക്കാലം സന്ദർശകരെ ആകർഷിക്കുന്ന സമയമാണെങ്കിലും, ഇത്തവണ ഉയർന്ന താപനില മുൻകൂട്ടി കണ്ട് യാത്രാപദ്ധതികളിൽ മാറ്റം വരുത്താൻ നിർദ്ദേശമുണ്ട്. പകൽ സമയത്തെ യാത്രകൾ പരമാവധി ഒഴിവാക്കാനും, കൂടുതൽ സമയം ഇൻഡോർ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുക്കാനും കാലാവസ്ഥാ നിരീക്ഷകർ ശുപാർശ ചെയ്യുന്നു.
ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് രേഖപ്പെടുത്തുന്നത്. അതിനാൽ, യാത്ര ചെയ്യുന്നവർ ധാരാളം വെള്ളം കുടിക്കാനും, കനം കുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും, നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം. മ്യൂസിയങ്ങൾ, ആർട്ട് ഗാലറികൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ ശീതീകരിച്ച സ്ഥലങ്ങൾ സന്ദർശിക്കാൻ കൂടുതൽ സമയം കണ്ടെത്തുന്നത് ഉഷ്ണത്തിൽ നിന്ന് ആശ്വാസം നൽകും.
എയർലൈനുകളും ട്രാവൽ ഏജൻസികളും യാത്രാക്കാർക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. യൂറോപ്പിലെ പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അതനുസരിച്ച് യാത്രാപദ്ധതികൾ ക്രമീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സുരക്ഷിതവും സുഖകരവുമായ യാത്രക്ക് ഇത് സഹായിക്കും.
TRAVEL
പാലാ: നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍നിന്നു മാറി ഗ്രാമത്തില്‍ ഒരു വെള്ളച്ചാട്ടം. മഴക്കാലമായതോടെ വെള്ളച്ചാട്ടത്തിനു ദൃശ്യഭംഗിയും സൗന്ദര്യവും കൂടിയിരിക്കുകയാണ്. പതിവു വെള്ളച്ചാട്ടങ്ങളും കാഴ്ചകളും കണ്ടുമടുത്ത ആളുകള്‍ മണ്‍സൂണ്‍ ഡെസ്റ്റിനേഷനായി പാലാ ടൗണിനു സമീപമുള്ള കവീക്കുന്ന് മീനാറ വെള്ളച്ചാട്ടത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്.
ഇതുവരെ ആരും അറിയാതെ കിടന്നിരുന്ന ഈ വെള്ളച്ചാട്ടം സമീപകാലത്താണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. മഴക്കാലമായതോടെ വെള്ളച്ചാട്ടവും ഇതിനു മുകളിലുള്ള ചെക്ക്ഡാമും സന്ദര്‍ശിക്കാന്‍ ദൂരസ്ഥലങ്ങളില്‍നിന്നുപോലും സന്ദര്‍ശകരെത്തുന്നുണ്ട്. ചൂണ്ടച്ചേരിയില്നിന്ന് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റില്‍ പതിക്കുന്നതാണ് ഇവിടത്തെ നീരൊഴുക്ക്. മീനച്ചിലാറിന്റെ കൈവഴിയായും അറിയപ്പെടുന്നു.
സന്ദര്‍ശകര്‍ക്ക് മനസില്‍ ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരിടമാണ് മീനാറ വെള്ളച്ചാട്ടം. എല്ലാ ടെന്ഷനുകളും മറന്ന് ഇത്തിരിനേരം ആസ്വദിക്കാനും സംസാരിച്ചിരിക്കാനും പറ്റിയ ഒരിടമാണിത്. കണ്ണിനും മനസിനും ഒരുപോലെ കുളിര്‍മ നല്‍കുന്നതാണ് ഈ വെള്ളച്ചാട്ടം. കാടിനു സമാനമായ പ്രകൃതി. ചെറിയ കല്ലിടുക്കുകളില്കൂടി നിറഞ്ഞുപതഞ്ഞ് ഒഴുകുകയാണ് വെള്ളം.
വെള്ളത്തിലിറങ്ങിയാല്‍ അപകടസാധ്യതയുള്ളതിനാല്‍ ആരും ഇറങ്ങാതെ വെള്ളച്ചാട്ടം ആസ്വദിച്ചാല്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളച്ചാട്ടം കാണാനെത്തുന്നവര്‍ പ്ലാസ്റ്റിക് കുപ്പി ഉള്‍പ്പെടെയുള്ള പാഴ്വസ്തുക്കള് ഇവിടെ നിക്ഷേപിച്ചിട്ട് പോകരുതെന്നും നാട്ടുകാര്‍ അഭ്യര്‍ഥിക്കുന്നു. നാട്ടുകാര്‍ തന്നെയാണ് സന്ദര്‍ശകര്‍ക്ക് നിര്‍ദേശവും നല്‍കുന്നത്. നഗരസഭ ഇടപെട്ട് സുരക്ഷാക്രമീകരണങ്ങള്‍ നടത്തി വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമീപവാസികള്‍ ആവശ്യപ്പെടുന്നു.
പാലാ മുനിസിപ്പാലിറ്റിയിലെ എട്ടാം വാര്‍ഡിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അപ്പുറം ഭരണങ്ങാനം പഞ്ചായത്താണ്. പാലാ-തൊടുപുഴ റോഡിൽ പാലാ കാര്‍മല്‍ ആശുപത്രിക്ക് സമീപമുള്ള റോഡില്‍ കൂടിയും പാലാ-ഈരാറ്റുപേട്ട റോഡില്‍ കൊച്ചിടപ്പാടിയില്നിന്നു കവീക്കുന്നിലേക്ക് പോകുന്ന റൂട്ടിലും സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് എത്താം. സമീപത്തായി തീര്‍ഥാടനകേന്ദ്രമായ പാമ്പൂരാംപാറ കുരിശുമലയും സ്ഥിതി ചെയ്യുന്നുണ്ട്.