അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് (പരിയാപുരം) അംഗം അനിൽ പുലിപ്ര സിപിഎമ്മിൽ നിന്ന് രാജിവച്ചു. അടുത്തകാലത്തായി സിപിഎമ്മിൽ നിന്ന് അങ്ങാടിപ്പുറത്ത് രാജിവയ്ക്കുന്ന രണ്ടാമത്തെ പഞ്ചായത്ത് അംഗമാണ് അനിൽ. നേരത്തെ 20-ാം വാർഡ് മെന്പറായ കോറാടൻ റംല സിപിഎമ്മിൽ നിന്ന് രാജിവച്ചിരുന്നു. ഇതോടെ പഞ്ചായത്തിൽ സിപിഎം അംഗ സംഖ്യ ഒന്‍പതിൽ നിന്ന് ഏഴായി ചുരുങ്ങി.
28 വർഷമായി സിപിഎം മെന്പഷിപ്പ് ഉണ്ടായിരുന്ന വ്യക്തിയാണ് അനിൽ. 30 വർഷമായി പാർട്ടി മുഖപത്രത്തിന്റെ ഏജന്റ് കൂടിയായിരുന്നു. പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ബഡ്സ് സ്കൂൾ സ്ഥാപിക്കുന്നതിന് പരിയാപുരത്തെ കോനാലിക്കൽ ബാബു വർഗീസ് സൗജന്യമായി 20 സെന്റ് സ്ഥലം നൽകിയപ്പോൾ മെന്പറെ ഉപയോഗപ്പെടുത്തി അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിപ്പിക്കുവാനും ഈ സദുദ്യമം മുടക്കാനും സിപിഎം ശ്രമിച്ചു എന്നതാണ് അനിൽ ഉന്നയിക്കുന്ന ഒരാരോപണം. പാർട്ടിയിൽ നിന്ന് തന്നെ അകറ്റാൻ നിമിത്തമായ പ്രധാന സംഭവം സിപിഎമ്മിന്റെ ഈ വികസന, ജനവിരുദ്ധ, നിഷേധാത്മക നിലപാടാണെന്ന് അനിൽ ചൂണ്ടിക്കാട്ടി.