പെരുമ്പാവൂർ : ശക്തമായ മഴയിൽ പാലക്കാട്ടുതാഴം പാലത്തിന് സമീപം മണ്ണിടിച്ചിൽ. എ.എം റോഡിനോടു ചേർന്നുള്ള ഭാഗത്തെ മണ്ണിടിഞ്ഞതോടെ റോഡ് അപകടാവസ്ഥയിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്നലെ രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്.
പെരുമ്പാവൂർ നഗരത്തിലേക്ക് പ്രവേശിക്കുന്ന പാലക്കാട്ടുതാഴം പാലത്തിന് സമീപത്താണ് സംഭവം. ഇവിടെയുണ്ടായിരുന്ന കുടിവെള്ള പൈപ്പിന് ലീക്ക് ഉണ്ടായിരുന്നതായും പ്രദേശവാസികൾ പറയുന്നുണ്ട്. ശക്തമായ മഴകൂടി പെയ്തതോടെ മണ്ണിടിയികുകയായിരുന്നു. റോഡിന് വശത്തെ മണ്ണിടിഞ്ഞതോടെ കുടിവെള്ള വിതരണ പൈപ്പും തകർന്നിട്ടുണ്ട്. 30 വരെ വെങ്ങോല ഭാഗത്തേക്കുള്ള ശുദ്ധജല വിതരണം മുടങ്ങും. ഗതാഗതം പുതിയ പാലത്തിലൂടെ മാത്രമാക്കി.