Family Health
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും ഏറ്റവും വലിയ ആന്തരികാവയവവും അയ്യായിരത്തിൽ കൂടുതൽ ധർമങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനവുമാണ് കരൾ.
നമ്മുടെ ശരീരഭാരത്തിന്റെ രണ്ട് ശതമാനത്തോളം ആയിരിക്കും കരളിന്റെ ഭാരം. വയറിനു മുകളിൽ വലതു വശത്താണ് കരൾ സ്ഥിതി ചെയ്യുന്നത്.
അസ്വസ്ഥത തോന്നില്ല
ഏതെങ്കിലും കാരണത്താൽ നാശം സംഭവിക്കുകയാണ് എങ്കിൽ നാശം സംഭവിച്ച ഭാഗം വീണ്ടും സ്വയം നിർമിച്ചെടുക്കാൻ കഴിവുള്ള അവയവമാണ് കരൾ. കരളിന് രോഗങ്ങൾ ബാധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും അസ്വസ്ഥതകൾ ഒന്നും തോന്നുകയില്ല.
അതുകൊണ്ടാണ് കൂടുതൽ കരൾ രോഗികളിലും വ്യക്തമായ രോഗനിർണയം നേരത്തെ നടത്താൻ കഴിയാതെ പോകുന്നത്.
പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്
ശരീരത്തിലെ പഞ്ചസാരയുടെ നില നോർമലായ അവസ്ഥയിൽ സൂക്ഷിക്കുന്നതിൽ കരളിനുള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്.
അതുകൊണ്ടു തന്നെ പ്രമേഹത്തിന് ചികിത്സ ചെയ്യുന്നവർ കരളിന്റെ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.
രോഗങ്ങളും രോഗാണുക്കളും
കരളിന്റെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ശരീരത്തിലെ രസതന്ത്രത്തെ മുഴുവനായി പ്രതികൂലമായി ബാധിക്കുന്നതാണ്.
രോഗങ്ങളും രോഗാണുക്കളുമാണ് കരളിന്റെ ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളത്.
പ്രതിരോധശേഷി തകരും
കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ശരീരം മുഴുവനും അനുഭവപ്പെടുന്നതാണ്. ഒപ്പം, പ്രതിരോധ ശേഷി തകരുകയും ചെയ്യും.
കരൾരോഗ ലക്ഷണങ്ങൾ
മഞ്ഞപ്പിത്തം, വയർ വീർക്കുക, മനംപുരട്ടൽ, ഛർദി, ശരീരം മുഴുവനും ചൊറിച്ചിൽ, ക്ഷീണം, രോമങ്ങൾ കൊഴിഞ്ഞ് പോകുക, ഉറക്കം കുറയുക, അടിവയറ്റിൽ വേദന, ശരീരഭാരം കുറയുക, വിശപ്പ് ഇല്ലാതാകുക, ശരീരത്തിൽ നീര്, രക്തം ഛർദിക്കുക എന്നിവയാണ് കരളിൽ രോഗം ബാധിക്കുമ്പോൾ അനുഭവപ്പെടാൻ സാധ്യതയുള്ള പ്രധാന ലക്ഷണങ്ങൾ.
മഞ്ഞപ്പിത്തം എന്ന രോഗലക്ഷണം
കരൾ രോഗങ്ങളിൽ ഏറ്റവും പ്രധാനമായി പരിഗണിക്കാറുള്ള ലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തത്തെ ഒരു രോഗം എന്ന് പറയുന്നതിനേക്കാൾ ഭേദം അത് ഒരു രോഗലക്ഷണമാണ് എന്ന് പറയുന്നതായിരിക്കും.
ചർമത്തിലും കണ്ണിലും മൂത്രത്തിലും മഞ്ഞനിറം കാണുന്നതാണ് പ്രധാന ലക്ഷണം.
നവജാതശിശുക്കളിൽ
കരളിന് വളർച്ച കുറവുള്ള നവജാത ശിശുക്കളിൽ ഒരുതരം മഞ്ഞനിറം കാണാറുണ്ട്. ഇത് അത്ര ഭയാനകമല്ല.
എന്നാലും കുട്ടിയെ പരിചരിക്കുന്നവർ ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Family Health
സോറിയാസിസ് ബാധിതർക്ക് അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും, ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭീകരമാണ്.
രോഗത്തെ ഭയക്കുന്തോറും വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊണ്ടു വന്നതല്ല രോഗം എന്ന യാഥാർഥ്യം മനസിലാക്കുക.
സോപ്പിന്റെ ഉപയോഗം...
സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്മെന്റുകൾ
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടനുസരിച്ച് ഈ രോഗം മാറ്റാൻ പറ്റില്ല. കുറയ്ക്കാനേ കഴിയൂ.
അതിനായി സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്മെന്റുകളും അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിൽസകളും ചെയ്യാറുണ്ട്.
ഹോമിയോപ്പതിയിൽ
എന്നാൽ ഹോമിയോപ്പതിയുടെ ചിന്താഗതി വ്യത്യസ്തമാണ്. ജന്മനായുള്ള രോഗമല്ലല്ലോ. ഇതു പിന്നീടു വന്നതല്ലേ. അതിനാൽ തന്നെ ഇതു വരാനുണ്ടായ സാഹചര്യം ഒഴിവാക്കിയാൽ രോഗം തിരിച്ചു പോകാം; സാവധാനമെങ്കിലും.
ചിലരിൽ വലിയ ഒരു മാനസിക ആഘാതത്തിനു ശേഷം ഈ രോഗം വന്നു കണ്ടിട്ടുണ്ട്. അത്തരക്കാരിൽ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് പൂർണ്ണമായും രോഗ ശമനം സാധ്യമായിട്ടുമുണ്ട്.
കാരണങ്ങൾ വ്യത്യസ്തം
ഹോമിയോപ്പതിയുടെ കാഴ്ചപ്പാടനുസരിച്ച് ഓരോരുത്തരിലും രോഗം തുടങ്ങുന്നതിനോ വർധിക്കുന്നതിനോ ആയ കാരണം വ്യത്യസ്തമായിരിക്കും.
അതും രോഗിയുടെ മറ്റുള്ള ശാരീരിക പ്രത്യേകതകളും പരിഗണിച്ചു മരുന്നുകൾ കണ്ടെത്തിയാൽ രോഗം മാറ്റാനാവും.
രോഗം വീണ്ടും വരുന്നതിന്റെ ഇടവേള കൂട്ടാനും ഹോമിയോ മരുന്നുകൾ കൊണ്ടു സാധിക്കും.
ഡോ: ടി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Family Health
ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്. രോഗം വരാനുള്ള യഥാർഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായി ഇതു കരുതപ്പെടുന്നു.(റുമാറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.
ചൊറിച്ചിലും പുകച്ചിലും
തണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദം കൊണ്ടും രോഗം വർധിക്കാറുണ്ട്. സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി ഇവരിൽ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചെതന്പലുകൾ പോലെ ഇളകിപ്പോകുന്നതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്.
തലയിൽ മാത്രം ബാധിക്കുന്നതും
സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ, കുത്തുകൾ പോലെയുള്ളവ. (GUTT ATE PSORIASIS)). ശരീരത്തിന്റെ മടക്കുകളിൽ കാണുന്ന ഇൻവേഴ്സ് സോറിയാസിസ് (INVERSE PSORIASIS). പഴുപ്പോടു കൂടിയ പസ്റ്റുലാർ സോറിയാസിസ്.
കൂടാതെ, നഖത്തെ മാത്രം ബാധിക്കുന്നവയും സന്ധികളെ ബാധിക്കുന്നവയും തലയിൽ മാത്രം കാണുന്നവയും കൈകാലടികളെ മാത്രം ബാധിക്കുന്നവയും ഉണ്ട്. ത്വക്കിനുണ്ടാകുന്ന ക്ഷതങ്ങൾ, രോഗാണു ബാധകൾ, ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവയാലും ചില അലർജികൾ കൊണ്ടും രോഗമുണ്ടാകാം, വർധിക്കാം.
ലേപനം ഉപയോഗിക്കുമ്പോൾ
ബാഹ്യലേപനങ്ങൾ ത്വക്കിന്റെ വരൾച്ച കുറയാൻ സഹായിക്കുമെങ്കിലും രാസവസ്തുക്കൾ അധികം അടങ്ങിയവ ഉപയോഗിക്കാതെ “ തേങ്ങ വെന്ത വെളിച്ചെണ്ണ’’പോലെ നിരുപദ്രവകരമായ ലേപനങ്ങളാണു ദീർഘകാല ഉപയോഗത്തിനു നല്ലത്.
ഡോ: ടി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Family Health
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.
ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു.
ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
പ്രമേഹ കാരണങ്ങൾ
പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
പ്രമേഹബാധിതരുടെ ആഹാരം
പ്രമേഹം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക. മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹരോഗി പിന്തുടരേണ്ടത്. ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർധിപ്പിക്കുന്നു.
തവിട് അടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.
ദിവസവും മൂന്നു നേരം വലിയ അളവിൽ കഴിക്കാതെ 5-6 നേരം കുറച്ചു കുറച്ചായി കഴിക്കുക. ജങ്ക് ഫുഡ്,ഫാസ്ററ് ഫുഡ് എന്നിവ ഉപേക്ഷിക്കുക. പ്രമേഹ രോഗികൾ ദിവസവും 30 മിനിറ്റ് എന്ന തോതിൽ ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം.
സൈക്കിൾ ഓടിക്കൽ, നൃത്തം, നീന്തൽ, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്.
അനുബന്ധ പ്രശ്നങ്ങൾ
ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണമാണ് പ്രമേഹം. കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരൾച്ച, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം.
പ്രമേഹരോഗികളിൽ വിറ്റാമിൻ സി,ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേദനയും ഉണ്ടാകും.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Family Health
നാം ദിവസവും ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്്. പ്രിസർവേറ്റീവ്സ്, ഫ്ളേവറിംഗ് ഏജന്റ്സ്, കളറുകൾ എന്നിങ്ങനെ പലപേരുകളിലും രൂപങ്ങളിലും.
ഐസ്ക്രീം, ജെല്ലുകൾ, ജാം, പുഡ്ഡിംഗ്, സോസ്, സൂപ്പ് മിക്സ്....എന്നിങ്ങനെയുള്ള റെഡിമെയ്ഡ് ഭക്ഷ്യോത്പന്നങ്ങളിൽ പ്രിസർവേറ്റീവ്സും കളറുകളും കൂടാതെ മറ്റുപലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
ഫുഡ് അഡിറ്റീവ്സ്
ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത്(സംസ്കരിച്ച്) ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കുന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത്. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഏകദേശം 2500 ഫുഡ് അഡിറ്റീവ്സ് നാം ഉപയോഗിക്കുന്നുണ്ട്.
എന്നാൽ അവ അനുവദനീയമായ അളവിലും അധികമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.
ധാന്യങ്ങൾ പൊടിപ്പിച്ച് ഉപയോഗിക്കാം
പ്രോസസ് ചെയ്ത ഭക്ഷണം മികച്ചതാണെന്നു പലരും ധരിക്കുന്നുണ്ട്. പക്ഷേ, അതിൽ രാസവസ്തുക്കളുടെ സാന്നിധ്യം അത്രത്തോളമുണ്ടെന്നുകൂടി ഓർക്കണം.
പായ്ക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ധാന്യപ്പൊടികൾ ശീലമാക്കരുത്. ഗോതന്പ് വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണു സുരക്ഷിതം.
മുളകും ഉണങ്ങി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണു സുരക്ഷിതം. സുഗന്ധവ്യഞ്ജനങ്ങളും ധാന്യങ്ങളും വാങ്ങി വൃത്തിയാക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ഫുഡ് സേഫ്റ്റി അധികൃതരും നിർദേശിക്കുന്നു.
സ്വാദിന്റെ രഹസ്യം
ചില ഉത്പന്നങ്ങളുടെ കവറിൽ ഫ്രീ ഫ്രം എംഎസ്ജി എന്നു രേഖപ്പെടുത്തിയിരിക്കും. (എംഎസ്ജി എന്നാൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് - അജിനോമോട്ടോ.)
അങ്ങനെ എഴുതിയിട്ടുണ്ടാകുമെങ്കിലും ടേസ്റ്റ് എൻഹാൻസറിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്. അതായത് ഭക്ഷണത്തിന്റെ സ്വാദു കൂട്ടാനും ചില സ്വാദിന്റെ തീവ്രത കൂട്ടാനും ചിലതിന്റെ കുറയ്ക്കാനും ടേസ്റ്റ് എൻഹാൻസർ സഹായകം.
വാസ്തവത്തിൽ നാവിലുള്ള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണ് എംഎസ്ജി ചെയ്യുന്നത്. ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് എംഎസ്ജി അടങ്ങിയ ഭക്ഷണം കൊടുക്കാൻ പാടില്ലെന്നാണു നിർദേശം.
എന്താണ് E 310, E 100.. .?
പായ്ക്കറ്റ് ഭക്ഷണവിഭവങ്ങളുടെ കവറിൽ ഇ ചേർന്ന ചില നന്പറുകൾ ചേർത്തിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ നന്പറാണത്. ലോകമെന്പാടും ഉപയോഗിക്കുന്ന കോഡ്. E 310, E 100 എന്നിങ്ങനെ.
കളർകോഡാണത്. അനുവദനീയമായ കളറിനെ സൂചിപ്പിക്കുന്നു. ഉപയോഗിക്കാൻ പാടില്ലാത്ത കളർകോഡുകളുടെ ലിസ്റ്റ് ഫുഡ് സേഫ്റ്റി അഥോറിറ്റി വെബ്സൈറ്റിലുണ്ട്.
പച്ച, ഇളം മഞ്ഞ തുടങ്ങി മൂന്നു നാലു കളർ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മധുരപലഹാരങ്ങളിൽ ചേർക്കാൻ മാത്രമാണ് അനുമതി. മെറ്റാനിൻ യെലോ അനുവദനീയമല്ല.
വിവരങ്ങൾ: ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
Family Health
ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരനിയന്ത്രണം ഓണത്തിന്റെ പേരിൽ കൈവിടരുതെന്നു ചുരുക്കം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തിൽ മുൻകരുതലുകൾ വേണം.
ഉപ്പ് രക്തസമ്മർദത്തിന്റെ ശത്രുവാണ്. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചിപ്സ് എന്നിവയൊക്കെ അനിയന്ത്രിതമായി കഴിക്കരുത്. ഓണസദ്യയിലെ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാൻ സാധ്യതയേറെയാണ്. ഓണമല്ലേ, കഴിച്ചേക്കാം എന്ന മട്ടിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു വരുത്തരുത്.
പായസം കുടിക്കാമോ?
ഓണാഘോഷം ഒരോണത്തിൽ അവസാനിക്കുന്നില്ലെന്ന് ഓർമവയ്ക്കുക. റസിഡന്റ്സ് അസോസിയേഷന്റെ ഓണം, ഓഫീസിലെ ഓണം, വീട്ടിൽ തന്നെ നാല് ഓണം. ബന്ധുവീടുകളിൽ പോകുന്പോൾ അകത്താക്കുന്ന മധുരം വേറെ. ഇതെല്ലാം കൂടി കഴിക്കുന്പോണ് പ്രമേഹം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്.
പ്രമേഹ രോഗികൾ പായസത്തിന്റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാർബോഹൈഡ്രേറ്റ്(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം.
അതുമാത്രമാണ് ഷുഗർ നിയന്ത്രണവിധേയമാകാനുള്ള പോംവഴി. ആഘോഷങ്ങളെല്ലാം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവണം എന്നു പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ.
വണ്ണം കൂടുമോ?
അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണനിയന്ത്രണം പാലിക്കുന്നവരും ഓണനാളുകളിൽ ഏറെ ശ്രദ്ധിക്കണം. പായസവും ഉപ്പേരിയും ഓണനാളുകളിൽ തുടർച്ചയായി പല ദിവസങ്ങളിൽ കഴിക്കുന്നതിലൂടെ നാമറിയാതെ തന്നെ മൂന്നു കിലോ വരെ ശരീരഭാരം കൂടും.
കഴിക്കുന്നതിന്റെ അളവിൽ കുറവു വരുത്തുക എന്നതുമാത്രമാണ് സാധ്യമായ കാര്യം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉപ്പേരിയും പായസവും കഴിക്കുന്നതിൽ മിതത്വം പാലിക്കണം.
ഉപ്പിലിട്ടതും പപ്പടവും പ്രശ്നമാകുമോ?
ഓണനാളുകളിൽ ദിവസം പലനേരം സദ്യക്കൊപ്പം ഇഞ്ചി, മാങ്ങ, നാരങ്ങ...എന്നിങ്ങനെ പലതരം അച്ചാറുകൾ വിളന്പാറുണ്ട്. അച്ചാറുകൾ കൂടുതലായി കഴിക്കരുത്.
ചിലർ തൈരിനൊപ്പവും ധാരാളം ഉപ്പു ചേർത്തു കഴിക്കും. ഉപ്പിന്റെ അളവ് രക്തസമ്മർദമുള്ളവർ തീർച്ചയായും കുറയ്ക്കണം.
പപ്പടം, ഉപ്പേരി എന്നിവയിലൂടെയും ഉപ്പ് ശരീരത്തിൽ അമിതമായി എത്താനിടയുണ്ട്. ഇതെല്ലാം കൂടിയാകുന്പോൾ ശരീരത്തിൽ ഉപ്പിന്റെ അളവുകൂടും. പ്രമേഹബാധിതർക്കു മധുരവും ഉപ്പും പ്രശ്നമാണ്.
ഏത്തക്കായ ചിപ്സ് കഴിക്കാമോ?
ഓണസദ്യയ്ക്കു വിഭവങ്ങൾ തയാറാക്കുന്നതിന് വനസ്പതി ഉപയോഗിക്കരുത്. പ്രത്യേകിച്ചു ചിപ്സ് തയാറാക്കുന്നതിന്. കഴിക്കുന്ന ചിപ്സിന്റെ തോത് കുറയ്ക്കണം. 100 ഗ്രാം ചിപ്സ് കഴിച്ചാൽത്തന്നെ 400 കലോറി ശരീരത്തിലെത്തും.
ഏത്തയ്ക്ക ചിപ്സ്, ശർക്കരവരട്ടി...എന്നിങ്ങനെ ചിപ്സ് തന്നെ പലതരം. ഇവ അളവിൽ കുറച്ചുമാത്രം കഴിക്കുക.
വിവരങ്ങൾ: ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
Family Health
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെ സംഭവിക്കുന്ന, ഏതാനും മിനിറ്റുമാത്രം നീണ്ടുനിൽക്കുന്ന തീവ്രമായ ഉത്കണ്ഠയാണ് ‘പാനിക് അറ്റാക്ക്'. താഴെപ്പറയുന്ന ലക്ഷണങ്ങളിൽ നാലെണ്ണമെങ്കിലും ഇവർ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്.
അമിതമായ നെഞ്ചിടിപ്പ്, നെഞ്ചുവേദനയോ നെഞ്ചിന്റെ ഭാഗത്ത് അസ്വസ്ഥതയോ, ശരീരം വിയർത്തൊലിക്കുന്ന അവസ്ഥ, ശ്വാസംമുട്ടൽ, കൈകാലുകൾ വിറയ്ക്കുക, വിരലുകളുടെ അറ്റം തണുത്ത് മരവിക്കുക, വയറ്റിൽ തീവ്രമായ എരിച്ചിൽ, തലചുറ്റൽ, തലയ്ക്ക് മന്ദത, കണ്ണിൽ ഇരുട്ടുകയറുന്ന അവസ്ഥ, തൊണ്ടയിൽനിന്ന് വെള്ളമിറക്കാൻ ബുദ്ധിമുട്ട്, മനസിന്റെ സമനില തെറ്റിപ്പോകുമെന്നതരത്തിലുള്ള വെപ്രാളം.
സാധാരണഗതിയിൽ 10 മുതൽ 15 മിനിറ്റ് നേരം മാത്രമേ ഈ പ്രയാസം നീണ്ടുനിൽക്കാറുള്ളൂ. അതുകഴിഞ്ഞ് സ്വാഭാവികമായി ഇതിന്റെ തീവ്രത കുറഞ്ഞുവന്ന് ഇത് അവസാനിക്കും. എന്നാൽ, ഈ അവസ്ഥയുടെ ലക്ഷണങ്ങൾ പലതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾക്ക് സമാനമായതുകൊണ്ടുതന്നെ ഇത് അനുഭവപ്പെടുന്ന ആളുകൾ വല്ലാതെ ഭയപ്പെട്ടുപോകും.
ഒരുമാസക്കാലമെങ്കിലും തുടർച്ചയായി പാനിക് അറ്റാക്ക് ആവർത്തിച്ചുവരുന്ന അവസ്ഥയെയാണ് ‘പാനിക് ഡിസോഡർ’ എന്നു വിശേഷിപ്പിക്കുന്നത്. സമൂഹത്തിൽ ഏകദേശം മൂന്നു ശതമാനത്തോളം ആളുകൾക്ക് പാനിക് ഡിസോഡർ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത് കൂടുതലായി കണ്ടുവരുന്നുമുണ്ട്. പാരമ്പര്യമായി ഉത്കണ്ഠരോഗങ്ങളുള്ള കുടുംബങ്ങളിൽ ജനിക്കുന്ന വ്യക്തികളിൽ പാനിക് ഡിസോഡർ കൂടുതലായി കണ്ടുവരാറുണ്ട്.
ചെറുപ്രായത്തിൽ വളരെ തീവ്രമായ സമ്മർദസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളിലും ഇതു കൂടുതലായി കണ്ടുവരാറുണ്ട്. പാനിക് ഡിസോഡറുള്ള വ്യക്തികളുടെ തലച്ചോറിൽ സെറട്ടോണിൻ, നോർ എപ്പി നെഫ്രിൻ, ഗാബാ, എന്നീ രാസവസ്തുക്കളുടെ അളവ് കുറവാണെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കാപ്പി കൂടുതലായി കുടിക്കുന്നവരിലും പുകവലിശീലം ഉള്ളവരിലും ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്. ഉറക്കക്കുറവ്, സമീപകാലത്തുണ്ടായ വേദനാജനകമായ ജിവിതാനുഭവങ്ങൾ എന്നിവയും ഈ അവസ്ഥയിലേക്ക് വഴിതെളിക്കാം.
പരിഹാരം എങ്ങനെ?
മരുന്നുകളും മനശാസ്ത്രചികിത്സകളും റിലാക്സേഷൻ വ്യായാമങ്ങളും സംയോജിപ്പിച്ച് ഉപയോഗിച്ചാൽ പാനിക് ഡിസോർഡർ പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. തലച്ചോറിൽ ക്രമംതെറ്റിക്കുന്ന രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ മരുന്നുകൾ ഇന്ന് നിലവിലുണ്ട്.
വയോജനങ്ങളിൽപ്പോലും സുരക്ഷികമായി ഉപയോഗിക്കാവുന്ന ഇത്തരം മരുന്നുകൾ വളരെവേഗം രോഗലക്ഷണങ്ങൾ പരിഹരിക്കും. മരുന്നുകളോടൊപ്പം ചിന്താവൈകല്യങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി ഏറെ ഫലപ്രദമായ ഒരു മനഃശാസ്ത്രചികിത്സാരീതിയാണ്.
പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ, ദീർഘശ്വസനവ്യായാമങ്ങൾ തുടങ്ങിയ റിലാക്സേഷൻ രീതികളും ഇവരിൽ ഏറെ ഫലപ്രദമാണ്. ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, ചിട്ടയായ വ്യായാമം ശീലമാക്കുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക എന്നിവയും പാനിക് ഡിസോർഡർ പൂർണമായും ഭേദപ്പെടാൻ സഹായിക്കുന്ന മാർഗങ്ങളാണ്.
ചികിത്സയെടുക്കാത്ത പാനിക് ഡിസോർഡർ പലപ്പോഴും വിഷാദരോഗം, മദ്യപാനശീലം, ലഹരി അടിമത്തം തുടങ്ങിയ വിഷയങ്ങളിലേക്ക് നയിക്കാം. ഇത് പരിഹാരമില്ലാത്ത ഏതോ മാറാരോഗമാണെന്ന് തെറ്റിദ്ധരിച്ചു വിഷമിക്കുന്ന ധാരാളം ആളുകൾ സമൂഹത്തിലുണ്ട്.
വിദഗ്ധനായ ഒരു മാനസികാരോഗ്യ ചികിത്സകന്റെ സഹായത്തോടെ ഈ അനസ്ഥ പൂർണമായും ഭേദപ്പെടുത്താൻ കഴിയും.
Ayurveda
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്റി ഓക്സി ഡന്റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.
മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.
ചർമത്തിന്റെ അഴകിന്
ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.
മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.
വിളർച്ച കുറയ്ക്കുന്നു
മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.
വിഷാദം കുറയ്ക്കുന്നതിന്
മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.
നീരും വേദനയും കുറയ്ക്കുന്നു
കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.
കൃമികടിക്കു പരിഹാരം
കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.
എല്ലുകളുടെ കരുത്തിന്
മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.
നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം
നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.
Womens Corner
ഗർഭിണികളിൽ തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രക്തമെല്ലാം വാര്‍ന്നൊഴുകി അമ്മയുടെ ജീവനുതന്നെ അപകടം സംഭവിക്കാം.
പ്രസവവേദന തുടങ്ങിയാല്‍, കുഞ്ഞിന്റെ ഹൃദയമിടുപ്പിനു പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം.
ഇത് യഥാസമയം കണ്ടുപിടിച്ച് ഉടനടി പരിഹാരം നിര്‍ദേശിക്കാന്‍ ഈ ശാസ്ത്രം അറിയുന്നവരും, അതിനുവേണ്ട ഉപകരണങ്ങളും ഉണ്ടാവണം.
അപകടങ്ങളുണ്ട്
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നു മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്.
ഇത്തരത്തിലുള്ള അശാസ്ത്രീയ രീതികളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവനു തന്നെ ഭീഷണിയാകും എന്നു മനസിലാ
ക്കുക.
പ്രസവം അത്ര ലളിതമല്ല
പ്രസവം വളരെ ലളിതമാണെന്ന് നമ്മള് വിചാരിക്കുന്നതിലാണു തെറ്റ്. പ്രസവങ്ങള്‍ സുരക്ഷിതമായി നടക്കുകയും അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നതുകൊണ്ട് മാത്രമാണ്.
പ്രസവം എന്നത് ഏതുസമയത്തും പ്രശ്നങ്ങള്‍ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്. യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കില്‍ അമ്മയെയോ കുഞ്ഞിനെയോ രണ്ടു പേരെയുമോ നമുക്ക് നഷ്ടപ്പെടാം.
വീട്ടില്‍ പ്രസവിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതു വഴി ഈ അപകടമാണ് നാം വിളിച്ചുവരുത്തുന്നത്. അതു മനസിലാക്കി ബുദ്ധിപൂര്‍വം, ഗര്‍ഭിണികള്‍ വീട്ടില്‍ പ്രസവിക്കുന്ന രീതിയില്‍ നിന്ന് പിന്തിരിയണം. പുറകിലേക്കല്ലാ, മുമ്പിലേക്കാണു നാം നടക്കേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം
Fitness
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.
ചീസ് ഒഴിവാക്കി പിസ
പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.
സ്കൂൾ കുട്ടികൾക്ക്...
ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.
ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.
ഇടനേരങ്ങളിൽ നട്സ്...
ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്.
ബ്രഡ് സാൻഡ് വിച്ച്
മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ് വിച്ച് കൊടുത്തയയ്ക്കാം. ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.
പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ
പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.
ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്
വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്. ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.
ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.
സുരക്ഷിതമാവണം ഭക്ഷണം
വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം. പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Ayurveda
ശാരീരികവും മാനസികവുമായി നല്ല ആരോഗ്യം കൈവരിക്കുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനുമായി പ്രകൃതിദത്തമായ ചില ചികിത്സാരീതികൾ ആയുർവേദശാസ്ത്രത്തിൽ പരാമർശിക്കുന്നു. അതിൽ ഒന്നാണ് പഞ്ചകർമ ചികിത്സ. ശരീരത്തിന് സന്തുലിതാവസ്ഥ കൈവരിക്കാൻ അഞ്ച് രീതികളുടെ ഒരു സംയോജനമാണ് പഞ്ചകർമ.
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ അഞ്ച് ചികിത്സകൾ ഇതിൽ ഉൾപ്പെടുന്നു. ദോഷകരമായ മാലിന്യങ്ങളെ ശരീരത്തിനുള്ളിൽ നിന്നു പുറന്തള്ളുന്നതിന് ഈ ചികിത്സ സഹായകം. ഓരോ വ്യക്തിയുടേയും പ്രകൃതി, പ്രായം, ആരോഗ്യസ്ഥിതി എന്നിവ അനുസരിച്ചു ചികിത്സ വ്യത്യാസപ്പെട്ടിരിക്കും.
പഞ്ചകർമ ചികിത്സയിലൂടെ ശരീരത്തിലെ കോശങ്ങൾക്ക് ഉണർവ് വരികയും ശാരീരിക ചക്രങ്ങളെ ഉണർത്തുകയും ചെയ്യുന്നു. അതുപോലെ ശാരീരികവും മാനസികവുമായി ഉന്മേഷം പഞ്ചകർമ ചികിത്സയിലൂടെ ലഭിക്കുന്നു.
21 ദിവസം നീണ്ടുനിൽക്കുന്ന ഈ ചികിത്സയിൽ കൃത്യമായി ചില നിയന്ത്രണങ്ങളും പഥ്യങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്. അതിനാൽ രോഗപ്രതിരോധശേഷി കൂട്ടാനും ശരീര ബല വർധനയ്ക്കും ആയുർവേദ പ്രകാരം മരുന്നു കഞ്ഞി ഔഷധപ്രയോഗം, ശോധന ചികിത്സ, ആഹാരനിയന്ത്രണം എന്നിവയിലൂടെ സാധിക്കും.
മരുന്നുകഞ്ഞി
തവിടു കളയാത്ത ഞവര അരി - 100 ഗ്രാം. ഉലുവ - 5 ഗ്രാം. ആശാളി - 5 ഗ്രാം. ജീരകം - 5 ഗ്രാം. കാക്കവട്ട് - ഒന്നിന്റെ പകുതി. പച്ചമരുന്നുകൾ ( മുക്കുറ്റി, ചതുര വെണ്ണൽ, കൊഴൽവാതക്കൊടി, നിലപ്പാല, ആടലോടകത്തിന്റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാർനെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയൽചെവിയൻ) എന്നിവ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്തു പച്ചമരുന്നുകൾ ഇടിച്ചുപിഴിഞ്ഞു നീരെടുക്കുക.
തയാറാക്കുന്ന വിധം
ആറിരട്ടി പച്ചമരുന്നു നീരിൽ ഞവര അരി ഇട്ട് ഇതിലേക്ക് ആശാളി, ജീരകം, ഉലുവ എന്നിവയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ചെറുതീയിൽ വേവിക്കുക. പകുതി വേകുമ്പോൾ അരച്ച കാക്കവട്ട് ചേർത്ത് വീണ്ടും വേവിക്കുക.
അരി വെന്തു കഴിഞ്ഞാൽ അതിലേക്കു തേങ്ങാപ്പാൽ ചേർത്തശേഷം തീ അണയ്ക്കാം. അര സ്പൂൺ പശുവിൻ നെയ്യിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ വറുത്തെടുത്ത് ചേർക്കുക. തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിയും കഞ്ഞി തയാറാക്കാം.
തിരക്കുപിടിച്ച ആധുനികകാലത്ത് ശരീരസംരക്ഷണം പ്രധാനം. ജീവിതശൈലീരോഗങ്ങൾ വലിയതോതിൽ കണ്ടുവരുന്ന ഈ കാലത്ത് വ്യക്തിദോഷങ്ങൾക്ക് അധിഷ്ഠിതമായ ചികിത്സാരീതികൾ ഫലപ്രദമാണെന്ന് ആയുർവേദം തെളിയിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകൾക്കു മുമ്പ് രൂപപ്പെട്ട ആയുർവേദശാസ്ത്രം സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ട് സജീവമായി ഇന്നും നിലനിൽക്കുന്നു. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിനും അതുവഴി സ്വസ്ഥമായ ശരീരവും സ്വസ്ഥമായ മനസും രൂപപ്പെടുത്തി ആരോഗ്യപൂർണമായ ഒരു പരിസരം വളർത്തിയെടുക്കുന്നതിന് നിർണായകമായ ഒന്നാണ് കർക്കടക ചികിത്സ.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
Ayurveda
കർക്കടക മാസത്തിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു പ്രധാന വിഭവമാണ് പത്തിലതോരൻ.
ചേരുവകൾ
കോവലിന്റെ തളിരില, മത്തന്റെ തളിരില, തഴുതാമ, മുള്ളൻ ചീര, കാട്ടുതാൾ, കുളത്താൾ, തകര, പയറില, സാമ്പാർ ചീര, കുന്പളത്തിന്റെ ഇല.
കോവലിന്റെ ഇല
ഉദര രോഗങ്ങൾ കുറയ്ക്കാനും ദഹനശക്തി വർധിപ്പിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ, അലർജി, അണുബാധ എന്നിവ ഇല്ലാതാക്കാനും ഉപയോഗിക്കാം.
ഇതിൽ വിറ്റാമിൻ എ, സി എന്നിവയും അസ്ഥികൾ, പേശികൾ, എന്നിവയ്ക്ക് അവശ്യമായ കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.
ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിച്ച് ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുന്നതിലൂടെ പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും.
മത്തന്റെ ഇല
മത്തന്റെ ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഗുണപ്രദം. കൂടാതെ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയും അടങ്ങിയിട്ടുണ്ട്.
തകരയില
തകരയില ദഹനം മെച്ചപ്പെടുത്തുന്നു. ചർമ രോഗങ്ങൾ, ശ്വസന പ്രശ്നങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് ഗുണപ്രദം.
തഴുതാമ
തഴുതാമയുടെ ഇലയിൽ പൊട്ടാസ്യം നൈട്രേറ്റ് ധാരാളം ഉള്ളതിനാൽ ഇത് ഡൈ യൂററ്റിക്ക് ആയി ഉപയോഗിക്കുന്നു. മലബന്ധം, ഉയർന്ന രക്തസമ്മർദം, ചുമ എന്നിവയ്ക്കും ഗുണപ്രദം.
മുള്ളൻചീര
മുള്ളൻചീരയിൽ 84 ശതമാനത്തിലധികവും വെള്ളമാണ്. കൂടാതെ കാത്സ്യവും ഫോസ്ഫറസും അയണും അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ പ്രതിരോധിക്കാനുള്ള ഔഷധ ഗുണമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് മുള്ളൻ ചീര.
താളിന്റെ ഇല
താളിന്റെ ഇലകൾക്ക് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ, കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
താളിന്റെ ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു.
സാമ്പാർ ചീര
സാമ്പാർ ചീര, അഥവാ വാട്ടർലീഫ്, ഏറെ പോഷകഗുണങ്ങളുള്ള ഇലവർഗമാണ്. ഇത് രക്തക്കുറവിനും ദഹനപ്രശ്നങ്ങൾക്കും പരിഹാരമാണ്. കൂടാതെ, രോഗപ്രതിരോധശേഷി കൂട്ടാനും കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും ഉത്തമം.
വിറ്റാമിൻ എയുടെ ഏറ്റവും മികച്ച സ്രോതസുകളിലൊന്നാണിത്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ഈ ഇലയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
കുമ്പളത്തിന്റെ ഇല
കുമ്പളത്തിന്റെ ഇലയിൽ വിറ്റാമിൻ സി, നിയാസിൻ, തയാമിൻ, റൈബോഫ്ളാവിൻ, പ്രോട്ടീൻ, ഗ്ലൈക്കോസൈഡ്സ്, കരോട്ടിൻ, യൂറോനിക് ആസിഡ് എന്നിവ അടങ്ങിയ ഊർജത്തിന്റെ കലവറയാണ് കുമ്പളങ്ങയില.
ബുദ്ധിഭ്രമം, അപസ്മാരം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, മൂത്രതടസം, ആമാശയ രോഗങ്ങൾ, അർശസ് എന്നിവയ്ക്കു വളരെ ഗുണപ്രദമാണ് കുമ്പളത്തിന്റെ ഇല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ.കെ
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
Ayurveda
ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന സമയം കൂടിയാണു കർക്കിടകം. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ മരണനിരക്ക് കൂടുന്ന കാലഘട്ടം കൂടിയാണിത്.
എന്താണ് ഋതുചര്യ
ആയുർവേദ പ്രകാരം ഓരോ ഋതു അനുസരിച്ച് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളാണ് ഋതുചര്യ എന്നുപറയുന്നത്. വർഷ ഋതുചര്യ എന്നാൽ മഴക്കാലത്ത് ചെയ്യേണ്ട ജീവിതചര്യകളാണ്. കേരളത്തിൽ കർക്കടക മാസത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.
അതുകൊണ്ടുതന്നെ വർഷ ചികിത്സയ്ക്ക് ഏറ്റവും ഉചിതമായ സമയം കർക്കടക മാസമാണ്.
ആയുർവേദ പ്രകാരം കാലത്തെ രണ്ടായി തരംതിരിക്കാം. ആദാന കാലഘട്ടം എന്നും വിസർഗ കാലഘട്ടമെന്നും. വിസർഗ കാലഘട്ടത്തിലെ ഭാഗമാണ് കർക്കടക മാസം.
സൂര്യന്റെ ദക്ഷിണായന കാലഘട്ടം കൂടിയാണിത്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ കോപം(ഈ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ) ശരീരത്തിൽ വിവിധ രോഗങ്ങൾ ഉണ്ടാക്കുന്നു. രോഗ പ്രതിരോധശേഷിയും അഗ്നിബലവും(ദഹനശേഷി) കുറയുകയും ചെയ്യുന്ന മാസം കൂടിയാണിത്.
ശ്വസന സംബന്ധമായ രോഗങ്ങളും അസ്ഥിസന്ധി രോഗങ്ങൾ,വിവിധ പകർച്ചവ്യാധികളായ മലമ്പനി, കോളറ, ടൈഫോയിഡ്, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നിവ പടർന്നു പിടിക്കാനും സാധ്യത കൂടുതലുള്ള മാസമാണിത്.
അതിനാൽ പ്രതിരോധശേഷി കൂട്ടാനും ശരീരബല വർധനയ്ക്കും ആയുർവേദ പ്രകാരം മരുന്നുകഞ്ഞി ഔഷധപ്രയോഗങ്ങൾ,ശോധന ചികിത്സ എന്നിവയിലൂടെ സാധിക്കും.
കർക്കടകചികിത്സ ആർക്കെല്ലാം
ആയുർവേദപ്രകാരം ആരോഗ്യം എന്നു പറയുന്നത് ആരോഗ്യമുള്ളവരുടെ ആരോഗ്യം നിലനിർത്തുക, രോഗമുള്ളവരുടെ രോഗം ചികിത്സിച്ച് ശമനം വരുത്തുക എന്നതാണ്.
അതുപ്രകാരം ഒരു മാസത്തെ കർക്കടക ചികിത്സയിലൂടെ രോഗമില്ലാത്തവർക്കും ഏതെങ്കിലും രീതിയിലുള്ള രോഗം നേരിടുന്നവർക്കും നവോന്മേഷവും രോഗപ്രതിരോധശേഷിയും നേടിയെടുക്കാം.
ചികിത്സയിലൂടെ ശരീരബലം കൂട്ടുന്നതിനും നാഡീഞരമ്പുകളെ പുഷ്ടിപ്പെടുത്തുന്നതിലൂടെ രക്തയോട്ടം വർധിപ്പിക്കുന്നതിനും, ഉന്മേഷം, ആത്മവിശ്വാസം എന്നിവ നേടിയെടുക്കുന്നതിനും സാധിക്കുന്നു.
മരുന്നുകഞ്ഞി ഔഷധപ്രയോഗങ്ങൾ, പഞ്ചകർമ്മ ചികിത്സകൾ തുടങ്ങിയവയെല്ലാം കർക്കടക ചികിത്സയുടെ ഭാഗമായ വ്യത്യസ്ത മുറകളാണ്.
രോഗിയുടെ ശരീരപ്രകൃതി അനുസരിച്ചാണ് ചികിത്സ ഏതെന്നു തീരുമാനിക്കുന്നത്. ഓരോ രോഗിയുടെയും ശരീരപ്രകൃതിക്കും ശരീര ബലത്തിനനുസരിച്ച് വൈദ്യ നിർദേശപ്രകാരം ചികിത്സ തെരഞ്ഞെടുക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്
Family Health
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടസാധ്യതയാണു വെറ്ററിനറി റസിഡ്യൂ. പെട്ടെന്നു തടിവയ്ക്കാൻ കോഴിക്കു നല്കുന്ന ഹോർമോണുകൾ പിന്നീടു മാംസത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
മൃഗങ്ങൾക്ക് അസുഖം വരാതിരിക്കാൻ നല്കുന്ന ആന്റി ബയോട്ടിക്കുകളും മാംസത്തിൽ അവശേഷിക്കാനിടയുണ്ട്. ഇതൊക്കൊണ് വെറ്ററിനറി റസിഡ്യു.
ആൺകുട്ടികൾക്കും അമിത സ്തനവളർച്ച!
ഇത്തരം ബോയിലർ ചിക്കൻ ശീലമാക്കുന്നവരുടെ ശരീരത്തിൽ ഹോർമോണ്‍ അടിഞ്ഞുകൂടും. തടി കൂടും. ആണ്‍കുട്ടികൾക്കും അമിത സ്തനവളർച്ച ഉണ്ടാകും.
കൈ കഴുകണം
ഭക്ഷ്യവിഷബാധ, ഭക്ഷണം മലിനമാകൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു റസ്റ്ററന്റ് ഉടമകൾക്കും ജീവനക്കാർക്കും കൃത്യമായ അറിവുണ്ടായിരിക്കണം.
ഭക്ഷ്യവിഷബാധ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. റസ്റ്ററന്റ് ജീവനക്കാരുടെ വ്യക്തിശുചിത്വവും പ്രധാനം.
ടോയ്ലറ്റിൽ പോയ ശേഷവും...
ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ടോയ്ലറ്റിൽ പോയശേഷം കൈ സോപ്പിട്ടു കഴുകിയില്ലെങ്കിൽ പോലും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാതെയാകാം. മാലിന്യം കലരാം.
മൂക്കു ചീറ്റിയ ശേഷവും മറ്റു ശരീരഭാഗങ്ങളിൽ സ്പർശിച്ച ശേഷവും കൈ സോപ്പിട്ടു കഴുകാതെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതും അപകടം.
അതിനാൽ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു റസ്റ്ററന്റ് തൊഴിലാളികൾക്കു ഫലപ്രദമായ ബോധവത്കരണ ക്ലാസുകൾ നല്‍കണം.
റസ്റ്ററന്റ് ഉടമകൾ ഇക്കാര്യ ത്തിൽ ശ്രദ്ധപുലർത്തണം.
അധിക അളവിൽ കഴിക്കരുത്
ഓർക്കുക, ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ അധികവും മൈദയിലാണു തയാറാക്കുന്നത്. ഇത്തരം വിഭവങ്ങൾ എന്നും കഴിക്കേണ്ടവയല്ലെന്ന് ഓർക്കുക. വല്ലപ്പോഴും മാത്രം കഴിക്കാനുളളതാണെന്ന് മനസിൽ വയ്ക്കുക.
ഒരു ഭക്ഷണവും ദോഷമാണ്, തൊടാനേ പാടില്ല എന്നിങ്ങനെ പറയാനാവില്ല. ഒന്നും ശീലമാക്കരുത്. അധിക അളവിൽ കഴിക്കരുത്.
വയറു നിറയ്ക്കാനുള്ളതല്ല
വ്യത്യസ്തരുചി അനുഭവിച്ചറിയാൻ ഒരു ചെയ്ഞ്ചിനു വേണ്ടി മാസത്തിലൊരിക്കലോ മറ്റോ അല്പം കഴിക്കുന്നതിൽ തെറ്റില്ല. ഓർക്കുക, ഇത്തരം വിഭവങ്ങൾ വയറു നിറയ്ക്കാൻ വേണ്ടിയുളളതല്ല.
എന്നും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്...
പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ, മീൻ, മുട്ട തുടങ്ങിയവയാണു ശീലമാക്കേണ്ടത്; എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉള്ളിയെക്കുറിച്ചു ചിലത്. ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാൽ നിമിഷങ്ങൾക്കകം അതിൽ ബാക്ടീരിയസാന്നിധ്യമുണ്ടാകും. ഉള്ളി വയട്ടിയതാണെങ്കിലും കഥ മാറില്ല.
ചുറ്റുപാടുമുളള രോഗാണുക്കളെ വലിച്ചെടുക്കാനുളള അനന്യമായ ശേഷി ഉള്ളിക്കുണ്ട്. ചെങ്കണ്ണുണ്ടാകുന്പോൾ അടുക്കളയിലും മറ്റും ഉള്ളി മുറിച്ചുവച്ചാൽ രോഗാണുവ്യാപനം ചെറുക്കാമെന്നു കേട്ടിട്ടില്ലേ. രോഗാണുക്കളെ(വൈറസിനെയും ബാക്ടീരിയയെയും) ആകർഷിച്ചു തന്നിലേക്ക് അടുപ്പിക്കാനുളള ഉള്ളിയുടെ ശേഷി അപാരമാണ്.
ഉള്ളി അരിയേണ്ടത് എപ്പോൾ?
സാലഡുകളിൽ ഉള്ളിയും മറ്റും അരിഞ്ഞു ചേർക്കാറുണ്ട്. അധികനേരം ഉള്ളി അരിഞ്ഞു തുറന്നു വയ്ക്കുന്നതും അപകടം. വിളന്പുന്നതിനു തൊട്ടുമുന്‍പു മാത്രമേ ഉള്ളി അരിഞ്ഞു ചേർക്കാൻ പാടുള്ളൂ.
ഒന്നുരണ്ടു മണിക്കൂറൊക്കെ പുറത്തിരിക്കാൻ പാടില്ല. അത് ഉണ്ടാക്കിയാൽ അപ്പോൾത്തന്നെ കഴിക്കണം. കഴിക്കുന്ന സമയത്തു മാത്രമേ സാലഡ് ഉണ്ടാക്കി വയ്ക്കാൻ പാടുള്ളൂ. അല്ലെങ്കിൽ അതു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു സൂക്ഷിക്കണം.
സാലഡിനുള്ള പച്ചക്കറികൾ...
ഏതു പച്ചക്കറിയും സാധാരണ റൂം താപനിലയിൽ ഇരിക്കുന്പോൾ അതിൽ ബാക്ടീരീയ കടന്നുകൂടാനുളള സാധ്യത കൂടുതലാണ്. സാലഡിനുളള പച്ചക്കറികൾ നേരത്തേ മുറിച്ചാൽ അതു ഫ്രിഡ്ജിൽ സൂക്ഷിക്കുക.
വിളന്പാൻ നേരം മാത്രം പുറത്തേടുക്കുക. ഒന്നുകിൽ തണുപ്പിച്ചു വയ്ക്കുക. അല്ലെങ്കിൽ ചൂടാക്കി വയ്ക്കുക. ആറ് ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിലാണു ഡെയിഞ്ചർ സോണ്‍. ഈ താപനിലകൾക്കിടയിൽ സൂക്ഷിക്കുന്ന ഭക്ഷണം ചീത്തയാകാനുളള സാധ്യത കൂടുതലാണ്.
ഏതു സമയത്തും അണുബാധ...
ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ തയാർ ചെയ്യുന്ന പശ്ചാത്തലവും വൃത്തിയുളളതായിരിക്കണം. അതിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകളിൽ കൂടിയും അണുബാധയുണ്ടാവാം. ഏതു സമയത്തും ഇതു സംഭവിക്കാം.
ഫ്രഷ് ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്പോൾ അതിൽ മൈക്രോബ്സ് ഒന്നും പെരുകുന്നില്ല. എന്നാൽ പുറത്തെടുക്കുന്പോൾ നോർമൽ താപനിലയിൽ വരുന്പോൾ സൂക്ഷ്മാണുക്കൾ പെരുകാനുളള സാധ്യത കൂടുതലാണ്.
വിളന്പുന്നവർ വേസ്റ്റ് കൈകാര്യം ചെയ്യുമ്പോൾ...
ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ കൈയിൽനിന്നു കണ്ടാമിനേഷൻ(മാലിന്യം കലരൽ) വരാം. അടുക്കളയിൽ മറ്റെന്തെങ്കിലും ജോലി ചെയ്ത ശേഷം കൈ കഴുകാതെ അല്ലെങ്കിൽ മാംസാഹാരം കൈകാര്യം ചെയ്യുകയോ മറ്റോ ചെയ്തശേഷം കൈകഴുകാതെ ഫുഡ് കൈകാര്യം ചെയ്താൽ സൂക്ഷ്മാണുക്കൾ ഫാസ്റ്റ് ഫുഡിലെത്താം.
അതാണ് ക്രോസ് കണ്ടാമിനേഷൻ എന്നറിയപ്പെടുന്നത്. പലപ്പോഴും വിളന്പുന്നവർ തന്നെയാകും വേസ്റ്റും എടുക്കുന്നത്. വേസ്റ്റെടുത്ത ശേഷം കൈ സോപ്പിട്ടു കഴുകാതെ വിഭവങ്ങൾ കൈകാര്യം ചെയ്യുന്പോഴും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിൽ മാലിന്യങ്ങൾ കടന്നുകൂടാനിടയുണ്ട്.
പാകം ചെയ്തതും ചെയ്യാത്തതും ഫ്രിഡ്ജിൽ ചേർത്തുവച്ചാൽ
ചിലപ്പോൾ ചിക്കൻ മുറിച്ച ബോർഡിൽ തന്നെയാകും പച്ചക്കറികളും മുറിക്കുന്നത്. ഷവർമ പോലെയുളള വിഭവങ്ങൾക്കു വേണ്ട കാബേജും ചിലപ്പോൾ മുറിക്കുന്നതു ചിക്കൻ മുറിച്ചുവച്ച അതേ പാത്രത്തിലായിരിക്കും. അങ്ങനെയും കണ്ടാമിനേഷൻ വരാം.
അതുപോലെ തന്നെ പാകം ചെയ്തതും അരിഞ്ഞതുമായ വിഭവങ്ങൾ ഫ്രിഡ്ജിൽ ചേർത്തു വയ്ക്കുന്പോഴും ഒന്നിലെ മൈക്രോ ബാക്ടീരിയ മറ്റേതിലേക്കു പകരാം. ഇവിടെയു മുണ്ട് ക്രോസ് കണ്ടാമിനേഷൻ. ഇറച്ചിയിൽ സ്പർശിച്ച ശേഷം പച്ചക്കറി എടുക്കുമ്പോഴും ഇതു സംഭവിക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വസസ്പതി ഉപയോഗിക്കാറുണ്ട്. വനസ്പതി യഥാർഥത്തിൽ സസ്യഎണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ അതിനെ ഖരാവസ്ഥയിലേക്കു മാറ്റുന്നതാണ്.
ഇതിൽ അടങ്ങിയ കൊഴുപ്പ് ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിന്റെ പ്രതിരോധശക്തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു.
അതുപോലെതന്നെ വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയാകുന്പോൾ പ്രശ്നം സങ്കീർണമാകും.
കനലിൽ വേവിച്ച മാംസം
എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. പലപ്പോഴും അത് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും.
എണ്ണ പോയിക്കഴിഞ്ഞാൽ അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണ്‍ കാൻസറിനിടയാക്കുന്നതായി ഗവേഷകർ.
ഷവർമയിലെ അപകടസാധ്യത
ഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വരെയുളള ഏതു ഘട്ടത്തിലും കണ്ടാമിനേഷൻ സാധ്യത(ആരോഗ്യത്തിനു ദോഷകരമായ പദാർഥങ്ങൾ; സൂക്ഷ്മാണുക്കൾ, മാലിന്യങ്ങൾ... കലരാനുളള സാധ്യത) ഏറെയാണ്.
പലപ്പോഴും, ഷവർമ പോലെയുളള ജനപ്രിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ. അതിലുപയോഗിക്കുന്ന മയണൈസ് (എണ്ണയും മുട്ടയും കൂടി മിക്സ് ചെയ്തത്) ചിലപ്പോൾ അപകടകാരിയാകുന്നു.
ഒരു മുട്ട കേടാണെങ്കിൽ അതിൽനിന്നു വരുന്ന സാൽമൊണല്ല എന്ന ബാക്ടീരിയ അസുഖങ്ങളുണ്ടാക്കാം. ഇതു തയാറാക്കാൻ ഉപയോഗിക്കുന്ന ചിക്കൻ കേടാകാനുളള സാധ്യതകൾ പലതാണ്.
വേവിച്ച ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിയാണു പലപ്പോഴും കണ്ടുവരുന്നത്. താപനിലയിൽ വ്യത്യാസം വന്നാൽ ഫ്രിഡ്ജിലിരുന്നുതന്നെ കേടാകാം.
അല്ലെങ്കിൽ പാകം ചെയ്തപ്പോൾ വേണ്ടവിധം വേവാത്ത ചിക്കൻ ഭാഗങ്ങൾ വഴിയും കണ്ടാമിനേഷൻ വരാം.
വേസ്റ്റ് തുണിയിൽ നിന്ന്...
ഭക്ഷണം തയാറാക്കുകയും വിളന്പുകയും ചെയ്യുന്നവരുടെ വ്യക്തിശുചിത്വം പരമപ്രധാനം. യഥാർഥത്തിൽ ഏറ്റവും വൃത്തിക്കുറവുള്ള അടുക്കള ഉപകരണം എന്നു പറയാവുന്നതു മനുഷ്യന്റെ കൈ തന്നെയാണ്.
തീൻമേശയും മറ്റും തുടയ്ക്കാൻ ഉപയോഗിച്ച വേസ്റ്റ് തുണി എടുത്ത കൈ കൊണ്ടുതന്നെ വീണ്ടും ഭക്ഷ്യവിഭവങ്ങൾ എടുത്തു വിളന്പുന്ന രീതി പലപ്പോഴും കാണാറുണ്ട്.
(വേസ്റ്റ് തുടയ്ക്കാനുപയോഗിക്കുന്ന തുണി തന്നെ പലപ്പോഴും വൃത്തിഹീനമാണ്) അങ്ങനെ ചെയ്യുന്നതു വഴിയും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ കണ്ടാമിനേഷൻ സംഭവിക്കാം.
ബർഗറും പഫ്സും
ഇനി ബർഗറിന്റെ കാര്യം. അതിനകത്തു വച്ചിരിക്കുന്ന പച്ചക്കറികളും മസാലക്കൂട്ടും ചേർന്ന സ്റ്റഫിംഗ് കേടാകാൻ സാധ്യതയുണ്ട്. തയാറാക്കി പെട്ടെന്നു കഴിക്കേണ്ട ഭക്ഷണമാണ് ഫാസ്റ്റ് ഫുഡ്.
ബർഗറും മറ്റും തയാറാക്കി ഒന്നുരണ്ടു മണിക്കൂർ ഫ്രിഡ്ജിനു പുറത്തിരുന്നാൽ ചീത്തയാകാൻ സാധ്യത കൂടുതലാണ്. പഴകിയ ബർഗർ കഴിക്കരുത്. അതിനുളളിൽ വയ്ക്കുന്ന ഉളളി പെട്ടെന്നെു കേടാകാനിടയുണ്ട്.
ഇനി പഫ്സിന്റെ കാര്യമെടുക്കാം. അതിനകത്തു നിറച്ചിരിക്കുന്ന മസാലക്കൂട്ട് പെട്ടെന്നു ചീത്തയാകാൻ സാധ്യതയുണ്ട്. അതിനകത്തു വയ്ക്കുന്ന ഉളളി, പച്ചക്കറികൾ എന്നിവയും വേഗം കേടാകുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Sex
നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...
കാപ്പി കുടിക്കുന്ന പുരുഷന്മാര്ക്ക് ലൈംഗിക കരുത്ത് വര്ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...
ഉദ്ധാരണക്കുറവിനു പരിഹാരം
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്നമാണ്.
അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.
രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്റിഓക്സിഡന്റുകളും ലഭിക്കും. ആന്റിഓക്സിഡന്റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.
സ്റ്റാമിന വര്‍ധിപ്പിക്കുന്നു
ബെഡ്റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില് നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.
കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില് സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.
സമ്മര്‍ദ്ദം കുറയ്ക്കും
കാപ്പിയിലെ കഫീന്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.
ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.
ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ കുറവ് താല്പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.
ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും
കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.
അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
Family Health
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ്(Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies).
പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്‍എന്‍എ വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല.
ഏതൊക്കെ മൃഗങ്ങളിൽ?
നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.
രോഗപ്പകര്‍ച്ച
രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു.
ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു.
നായ, പൂച്ച, കുറുക്കൻ...
നായ, പൂച്ച, കുറുക്കന് എന്നിവയിലൂടെയാണ് മനുഷ്യര്‍ക്ക് പ്രധാനമായും പേവിഷബാധയേല്‍ക്കുന്നത്. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്. കേരളത്തില്‍ 95 ശതമാനവും നായകളിലൂടെയാണ് രോഗം പകരുന്നത്.
മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കള്‍ ഒന്നുതന്നെയാണ്. ആര്‍എന്‍എ വൈറസ് ആയ ലിസ വൈറസ് ജനുസില്‍പ്പെട്ട റാബീസ് വൈറസാണ് രോഗമുണ്ടാക്കുന്നത്.
ലിസ വൈറസ് നാലുതരമുണ്ട്. 1. റാബീസ് വൈറസ് 2. ലോഗോസ് ബാട്ട് വൈറസ് 3. മൊക്കോള വൈറസ് 4. ഡുവല്‍ഹേജ് വൈറസ്.
കടിയേറ്റാല്‍ രോഗലക്ഷണങ്ങൾക്ക് എത്രസമയം?
മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി. നായകളില്‍ ഇത് 10 ദിവസത്തിനും 2 മാസത്തിനുമിടയിലാകാം. കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേല്‍ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് കാലാവധിയില്‍ മാറ്റമുണ്ടാകാം.
തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ്(മാന്തലുമാകാം) ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കണ്‍പോളകളിലും ചെവികളിലും കടിയേല്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ - വയനാട്.
Fitness
ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പിൽ നിന്നും ഉപ്പിൽ നിന്നുമാണ്. ഫാസ്റ്റ് ഫുഡിൽ ഇവയുടെ തോത് വളരെക്കൂടുതലാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നവർ പച്ചക്കറികൾ അടങ്ങിയ മറ്റു വിഭവങ്ങൾ കഴിക്കുന്നതും കുറവാണ്.
ചുരുക്കത്തിൽ സാധാരണ ഭക്ഷണത്തിനു പകരം പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ കൊഴുപ്പിന്റെ അളവു കൂടുതലാകുന്നു. നാരിന്റെ തോതു കുറയുന്നു. ഉളളിലെത്തുന്നതു പോഷകാംശം തീരെക്കുറഞ്ഞ സംസ്കരിച്ച ഭക്ഷണമായിരിക്കും.
ഇതു വിവിധ ജീവിതശൈലീരോഗങ്ങൾക്കുളള സാധ്യത കൂട്ടുന്നു.
വിറ്റാമിനുകളും ധാതുക്കളുമില്ല
ഫാസ്റ്റ് ഫുഡിൽ നിന്നു ശരീരത്തിനു കിട്ടുന്നതു കാർബോഹൈഡ്രേറ്റും കൊഴുപ്പിൽ നിന്നുളള ഊർജവുമാണ്. മറ്റു വിറ്റാമിനുകളും ധാതുക്കളും തീരെയില്ല. ഇതിൽ നിന്നു കിട്ടുന്നത് വെറും ഊർജം മാത്രം.
ചോറു കഴിച്ചാലും നമുക്കു കിട്ടുന്നത് ഈ കാർബോ ഹൈഡ്രറ്റ് തന്നെ. എന്നാൽ ആരോഗ്യജീവിതത്തിനു വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാതുക്കളും അടങ്ങിയ വിഭവങ്ങൾ കൂടി കഴിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കണം.
മറ്റു ഭക്ഷണം ഒഴിവാക്കിയാണല്ലോ ഫാസ്റ്റ് ഫുഡ് പ്രേമികൾ അതു തെരഞ്ഞെടുക്കുന്നത്. പക്ഷേ, അതിൽ പോഷകങ്ങളില്ല. അതാണ് ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നതിലെ അപകടം.
എണ്ണയുടെ ആറാട്ട്!
പൊറോട്ട കഴിക്കുന്നവർ അതിനൊപ്പം എണ്ണ കൂടുതലുളള ചില്ലി ചിക്കൻ പോലെയുളള വിഭവങ്ങളാണു മിക്കവരും തെരഞ്ഞെടുക്കുന്നത്. പോഷകങ്ങൾ ഇല്ല എന്നു മാത്രമല്ല അതിൽ അഡിറ്റീവ്സ് എന്നറിയപ്പെടുന്ന ചില രാസപദാർഥങ്ങൾ ചേർത്തിരിക്കുന്നു.
നിറത്തിനും മണത്തിനും രുചിക്കും വേണ്ടിയാണ് ഇവ ചേർക്കുന്നത്. ഇത്തരം വസ്തുക്കളും എണ്ണയുമാണ് ഫാസ്റ്റ് ഫുഡിൽ ഏറെയും. അതിൽനിന്നൊക്കെ കിട്ടുന്ന ഊർജം മാത്രമാണു ഫാസ്റ്റ് ഫുഡ് നല്‍കുന്നത്.
ഫാസ്റ്റ് ഫുഡിൽ ഏറെയും വറുത്ത വിഭവങ്ങളാണ്. വറുക്കുന്പോൾ കൂടുതൽ എണ്ണ ചേരുന്നതിനാൽ അത്തരം വിഭവങ്ങളിൽ ഉയർന്ന കലോറി ഊർജം അടങ്ങിയിരിക്കുന്നു. എണ്ണയുളള വിഭവങ്ങളിലെല്ലാം ഊർജം കൂടുതലാണ്.
ആ രുചിക്കു പിന്നിൽ...
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടകാരി ഉപ്പാണ്. ചിലതരം ചൈനീസ് വിഭവങ്ങളിൽ രുചിക്കു വേണ്ടി സോയാസോസ് ചേർക്കാറുണ്ട്. അതിൽ ഉപ്പു കൂടുതലാണ്. ഉപ്പു കുറച്ചുപയോഗിക്കുക എന്നതാണ് ലോകാരോഗ്യസംഘടന മുന്നോട്ടു വയ്ക്കുന്ന നിർദേശം.
എത്രത്തോളം ഉപ്പ് കുറച്ചുപയോഗിക്കുന്നുവോ അത്രത്തോളം സ്ട്രോക്കും ഉയർന്ന രക്തസമ്മർദവും തടയാനാകും എന്നതാണു വാസ്തവം. അതുപോലെ തന്നെ ചൈനീസ് വിഭവങ്ങളിൽ രുചിക്കുവേണ്ടി ചേർക്കുന്ന അജിനോമോട്ടോയിലും സോഡിയം ഉണ്ട്.
അജിനോമോട്ടോ ചേർത്ത വിഭവം ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ പ്രേരണ ഉണ്ടാകുന്നു.
കുട്ടികൾക്കു കൊടുക്കാമോ?
രണ്ടു വയസുവരെ പ്രായമുളള കുട്ടികൾക്ക് ഇത്തരം ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ കൊടുക്കരുതെന്നു വിദഗ്ധർ നിർദേശിക്കുന്നു. ഈ പ്രായത്തിലാണു തലച്ചോറിന്റെ വളർച്ച നടക്കുന്നത്.
ആ സമയത്ത് അജിനോമോട്ടോ പോലെയുളള അഡിറ്റീവ്സ് ചേർത്ത വിഭവങ്ങളോ ഡ്രിംഗ്സോ കുട്ടികളെക്കൊണ്ടു കഴിപ്പിക്കരുത്. വലിയ കുട്ടികൾ ഇത്തരം അഡിറ്റീവ്സ് ചേർത്ത വിഭവങ്ങൾ അപൂർവമായി കഴിക്കുന്നതിൽ തെറ്റില്ല.
എന്നാൽ ശീലമാക്കരുത്. അത് ആരോഗ്യകരമല്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിത മോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Fitness
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭക്ഷണം(കണ്‍വീനിയന്റ് ഫുഡ്)എന്നർഥം; പത്തു മിനിറ്റിനകം തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം. ഉദാഹരണത്തിനു പൊറോട്ട ഫാസ്റ്റ് ഫുഡാണ്.
അതിന്റെ കൂടെ കഴിക്കുന്ന ചില്ലി ബീഫ്, ചിക്കൻ ഫ്രൈ എന്നിവയും ഫാസ്റ്റ് ഫുഡാണ്. ചപ്പാത്തി ഫാസ്റ്റ് ഫുഡ് അല്ല. എന്നാൽ അതിനൊപ്പം കഴിക്കുന്ന ബട്ടർ ചിക്കൻ, ചില്ലി ചിക്കൻ തുടങ്ങിയവ ചൈനീസ് വിഭവങ്ങളാണെങ്കിലും അവയെയും ഫാസ്റ്റ് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്താം.
മധുരം, കൊഴുപ്പ്
ബർഗർ, പിസ തുടങ്ങിയവയും കോള ഡ്രിംഗ്സും ഫാസ്റ്റ് ഫുഡ് പരിധിയിൽ വരുന്നു. ഒരു കപ്പ് കോള കുടിച്ചാൽ 200 കലോറി ഊർജം കിട്ടുന്നു. അതിനെ എംറ്റി കാലറി എന്നു പറയുന്നു. അതിൽ ഊർജം മാത്രമേയുളളു.
ശരീരത്തിനാവശ്യമായ യാതൊരുവിധ പോഷകങ്ങളുമില്ല. മധുരം അധികമായാൽ ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടും. ഫലത്തിൽ തടി കൂടും. അരക്കെട്ടിന്റെ വണ്ണം കൂടും. വയറിൽ കൊഴുപ്പടിയുന്നത് അമിതഭാരത്തിന്റെ സൂചനയാണ്.
അതാണു ക്രമേണ പ്രമേഹത്തിനിടയാക്കുന്നത്. പുരുഷൻമാർക്ക് അരക്കെട്ടിന്റെ ചുറ്റളവ് 90 സെന്റി മീറ്ററിൽ കൂടാൻ പാടില്ല. സ്ത്രീകളിൽ അത് 80 സെന്റിമീറ്ററിൽ കൂടുതലാകരുത്.
ആവർത്തിച്ച് ചൂടാക്കിയ എണ്ണ
ഫാസ്റ്റ് ഫുഡിൽ കൊഴുപ്പിന്റെ അളവു കൂടുതലാണ്. അതാണു പ്രധാന പ്രശ്നം. മിക്കപ്പോഴും ആവർത്തിച്ചുപയോഗിച്ച എണ്ണയിലാകും മിക്കവരും ഫാസ്റ്റ് ഫുഡ് തയാറാക്കുന്നത്. ഫാസ്റ്റ് ഫുഡിൽ മായം ചേർക്കാനുളള സാധ്യതയും കൂടുതലാണ്.
പഴകിയ ഭക്ഷ്യവസ്തുക്കൾ ചൂടാക്കി മസാലക്കൂട്ടും അജിനോമോട്ടോയും ചേർത്തു പത്തു മിനിട്ടിനുളളിൽ പുതിയ ഭക്ഷണമാക്കി കൊടുക്കുന്ന രീതിയാണു മിക്കപ്പോഴും ഫാസ്റ്റ് ഫുഡ് ശാലകളിൽ നടക്കുന്നത്.
മിക്കവാറും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ ഗ്രേവി ഇല്ല. ഏറെയും ഡ്രൈ ആണ്. ചിക്കൻ പോലെ എണ്ണയിൽ പാകം ചെയ്യുന്ന വിഭവങ്ങൾ.
ചെറുപ്പക്കാരിൽ
സംസ്കരിച്ച ഭക്ഷ്യധാന്യങ്ങളാണു ഫാസ്റ്റ് ഫുഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്്. പച്ചക്കറികളുടെ തോതും തീരെ കുറവാണ്. അതിനാൽ ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ നാരിന്റെ അംശം തീരെ കുറവാണ്.
ഇത്തരം വിഭവങ്ങൾ ഉപയോഗിക്കുന്ന ചെറുപ്പക്കാർ നേരിടുന്ന പ്രധാനം പ്രശ്നം അമിതഭാരമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഭാരം കൂടും. ചെറുപ്പക്കാരിൽ കൊളസ്ട്രോൾ ലെവലും ബിപിയും കൂടുന്നതായി റിപ്പോർട്ടുണ്ട്.
പലപ്പോഴും മറ്റ് ആവശ്യങ്ങൾക്കായി രക്തപരിശോധന നടത്തുന്പോഴാണ് അധിക കൊളസ്ട്രോൾ ഉളളതായി തിരിച്ചറിയുന്നത്. അരക്കെട്ടിന്റെ വണ്ണം കൂടുന്നതും ഇതിന്റെ സൂചനയാണ്. അത് അബ്ഡമൻ ഒബീസിറ്റി എന്നറിയപ്പെടുന്നു.
കൂടുതൽ നടക്കുന്പോൾ ക്ഷീണം, തലകറക്കം എന്നിവയുണ്ടാകുന്നു. ആരോഗ്യജീവിതത്തിന് അവശ്യമായ മറ്റു വിറ്റാമിനുകളുടെ കുറവും ഇവരിൽ കാണപ്പെടുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Doctor Speaks
കാൻസറിന്റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെഡ് ആൻഡ് നെക്ക് കാൻസറിന്റെ ചികിത്സാരീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു.
ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സാ ഉപാധിയാണ്. ടൂമർ റിസെക്ഷൻ, കഴല വിച്ഛേദിക്കൽ, പുനർനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം.
കാൻസർ കോശങ്ങൾക്കെതിരേ ശരീരത്തിന്റെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടോ ഉള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും.
ഇവർക്കായുള്ള പുനരധിവാസ പ്രക്രിയയിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെന്റിസ്റ്റിക്കൽ, ഡയറ്റിഷൻ, യോഗ ട്രെയിനർമാർ, സൈക്കോളജിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ഒരു ടീം ആണു വേണ്ടത്. വീട്ടുകാർ നല്കുന്ന പിന്തുണ ഏറെ പ്രധാനമാണ്. രോഗം ചികിത്സിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു കഴിഞ്ഞുള്ള ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതും.
ഹെഡ് ആൻഡ് നെക്ക് കാൻസർ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതുമാണ്. കൂടാതെ സൂര്യാഘാതത്തിൽ നിന്ന് ഒഴിവാകുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കുക.
എച്ച്പിവിക്ക് എതിരായ വാക്സിനേഷൻ, പ്രത്യേകിച്ച് കൗമാരക്കാരിൽ... ഫലപ്രദമായപ്രതിരോധ നടപടിയാണ്.പതിവു ദന്തപരിശോധനകൾ, സ്വയം പരിശോധനകൾ, സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിനു സഹായിക്കും.

Doctor Speaks
ഹെപ്പറ്റൈറ്റിസ് എന്ന നിശബ്ദവും അപകടകാരിയുമായ ആരോഗ്യ പ്രശ്നത്തിനെതിരേ ആഗോളതലത്തിൽ പ്രതിരോധം തീർക്കാൻ വർഷം തോറും ജൂലൈ 28ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു.
പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്ന ഈ രോഗം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നു.
2025-ലെ ഹെപ്പറ്റൈറ്റിസ് ദിനം "ഹെപ്പറ്റൈറ്റിസ്: നമുക്കതിനെ തകർക്കാം' (Hepatitis: Let's Break It Down) എന്ന പ്രമേയത്തിലൂടെ ഈ രോഗത്തെ ഇല്ലാതാക്കാൻ തടസമായി നിൽക്കുന്ന സാമ്പത്തിക, സാമൂഹിക, വ്യക്തിപരമായ വെല്ലുവിളികളെ തകർത്തെറിയാൻ ലോകത്തിന് ആഹ്വാനം നൽകുന്നു.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും പ്രതിരോധവുമാണ് ഈ മാരകമായ രോഗത്തെ മറികടക്കാൻ നമുക്കുള്ള ഏറ്റവും വലിയ ആയുധങ്ങൾ.
എന്തുകൊണ്ട് നേരത്തെയുള്ള രോഗനിർണയം പ്രധാനം?
ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ പ്രകടമല്ലാത്തതിനാൽ പലപ്പോഴും തിരിച്ചറിയപ്പെടുന്നത് രോഗം ഗുരുതരമായ ഘട്ടത്തിലെത്തുമ്പോൾ മാത്രമാണ്. എന്നാൽ, കൃത്യസമയത്തുള്ള രോഗനിർണയം കരളിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് തടയാനും രോഗമുക്തി വേഗത്തിലാക്കാനും സഹായിക്കും.
ഹെപ്പറ്റൈറ്റിസിന്റെ വൈറൽ, നോൺ-വൈറൽ രൂപങ്ങളെ ചെറുക്കാൻ രോഗത്തെക്കുറിച്ചുള്ള അവബോധവും രോഗനിർണയ പരിശോധനകളും ആവശ്യമാണ്.
അപകടസാധ്യതകളെ അറിയുക
രോഗം ബാധിക്കാനുള്ള സാധ്യതകൾ ഹെപ്പറ്റൈറ്റിസിന്റെ തരമനുസരിച്ച് (എ, ബി, സി, ഡി, ഇ) വ്യത്യാസപ്പെട്ടിരിക്കും.
പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെക്കൊടുക്കുന്നു:
മലിനമായ ഭക്ഷണവും വെള്ളവും: വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ, മലിനമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പകരാം.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവും സിറിഞ്ചുകളുടെ പങ്കുവയ്ക്കലും: ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്: ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായ അമ്മയിൽ നിന്ന് നവജാത ശിശുവിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്.
ചികിത്സാപരമായ കാരണങ്ങൾ: മതിയായ അണുബാധ നിയന്ത്രണമില്ലാത്ത രക്തപ്പകർച്ച, ശസ്ത്രക്രിയ തുടങ്ങിയ വൈദ്യനടപടികളിലൂടെയും രോഗം പകരാം.
മറ്റ് കരൾ രോഗങ്ങൾ: ഫാറ്റി ലിവർ രോഗങ്ങൾ (എസ്എൽഡി), മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗങ്ങൾ (എഎൽഡി) എന്നിവയും ഹെപ്പറ്റൈറ്റിസിലേക്ക് നയിച്ചേക്കാം.
ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങൾ: തിരിച്ചറിയാം, ചികിത്സ തേടാം
കഠിനമായ ക്ഷീണവും ഉന്മേഷക്കുറവും
മഞ്ഞപ്പിത്തം: കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം, വയറുവേദന, പ്രത്യേകിച്ചും വയറിന്റെ മുകൾ ഭാഗത്ത് കടുത്ത നിറമുള്ള മൂത്രവും വിളറിയ മലവും
വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, പനി, പ്രത്യേകിച്ചും അക്യൂട്ട് ഹെപ്പറ്റൈറ്റിസിൽ സന്ധിവേദനകൾ (പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് സിയോടൊപ്പം).
രോഗനിർണയവും പരിശോധനകളും
ഒരു വിശദമായ മെഡിക്കൽ ഹിസ്റ്ററി എടുക്കുന്നതിലൂടെയാണ് രോഗനിർണയം ആരംഭിക്കുന്നത്. യാത്രാവിവരങ്ങൾ, മുൻകാല അണുബാധകൾ, വാക്സിനേഷൻ വിവരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
രക്തപരിശോധന: ആന്റിബോഡികളുടെയും വൈറൽ ലോഡിന്റെയും അളവ് കണ്ടെത്താൻ രക്തപരിശോധന നിർണായകമാണ്.
അൾട്രാസൗണ്ട് സ്കാനിംഗ്: കരൾരോഗത്തിന്റെ തീവ്രതയും മറ്റ് സങ്കീർണതകളും വിലയിരുത്താൻ ഇത് സഹായിക്കുന്നു.
ലിവർ ബയോപ്സി: അപൂർവമായി മാത്രം ആവശ്യമായി വരുന്ന ഒരു പരിശോധനയാണിത്. ചില സന്ദർഭങ്ങളിൽ കൂടുതൽ കൃത്യമായ രോഗനിർണയത്തിനായി ലിവർ ബയോപ്സി ആവശ്യമായി വന്നേക്കാം.
ചികിത്സാ രീതികൾ
ഹെപ്പറ്റൈറ്റിസിന്റെ തരവും തീവ്രതയും അനുസരിച്ച് ചികിത്സാരീതികൾ വ്യത്യാസപ്പെടാം.
അക്യൂട്ട് ഹെപ്പറ്റൈറ്റിസ് (എ, ബി, ഇ): മിക്കവാറും പേർക്കും അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ചികിത്സ മതിയാകും.
ആന്റിവൈറൽ മരുന്നുകൾ കൂടാതെ തന്നെ ഭൂരിഭാഗം ആളുകളും രോഗമുക്തി നേടുന്നു. എന്നാൽ അപൂർവമായി കരളിന് തകരാർ സംഭവിക്കുകയാണെങ്കിൽ അത് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ്.
ക്രോണിക് ഹെപ്പറ്റൈറ്റിസ് (ബി, സി): ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കുള്ള ആന്റിവൈറൽ മരുന്നുകൾ വൈറസിനെ നിയന്ത്രിക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരൾ കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും.
ഫാറ്റി ലിവർ രോഗം (NAFLD): ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് ഈ രോഗത്തിന്റെ ചികിത്സയിലെ പ്രധാന ഘടകം. ഗുരുതരമായ കരൾ സിറോസിസ് ഉള്ളവർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
പുതിയ മരുന്നുകൾ വന്നതോടെ ഹെപ്പറ്റൈറ്റിസ് സിയുടെ ചികിത്സ കൂടുതൽ ലളിതവും ഫലപ്രദവുമാണ്.
പ്രതിരോധം: നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്
വാക്സിൻ എടുക്കുക: ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്ക് ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്. ഉയർന്ന അപകടസാധ്യതയുള്ളവർ കൃത്യസമയത്ത് വാക്സിൻ എടുക്കാൻ ശ്രദ്ധിക്കുക.
സുരക്ഷിതമായ ലൈംഗികബന്ധം: സുരക്ഷിതമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധം ഒഴിവാക്കുക.
വ്യക്തിപരമായ സാധനങ്ങൾ പങ്കുവയ്ക്കാതിരിക്കുക: സിറിഞ്ചുകൾ, റേസർ ബ്ലേഡുകൾ, ടൂത്ത് ബ്രഷ് തുടങ്ങിയ വ്യക്തിപരമായ സാധനങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.
സുരക്ഷിതമായ രക്തദാനം: രോഗാണു വിമുക്തമായ ചികിത്സാ രീതികളും സുരക്ഷിതമായ രക്തം സ്വീകരിക്കലും ഉറപ്പാക്കുക.
മദ്യം ഒഴിവാക്കുക: കരൾ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും മദ്യപാനം പൂർണമായും ഒഴിവാക്കണം.
ആരോഗ്യകരമായ ജീവിതശൈലി: സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
കൈകൾ വൃത്തിയാക്കുക: വൃത്തിയില്ലാത്ത ഭക്ഷണവും വെള്ളവും ഒഴിവാക്കുക.
തുടർച്ചയായ പരിശോധന: കുടുംബത്തിൽ രോഗമുള്ളവരും മറ്റ് രോഗങ്ങളോ രോഗം ബാധിക്കാനുള്ള സാധ്യതയോ ഉള്ളവർ കൃത്യമായ പരിശോധനകൾ നടത്തുക.
ഇന്ന് കൃത്യമായ രോഗനിർണയത്തിനുള്ള വഴികളും ഫലപ്രദമായ മരുന്നുകളും നമ്മുടെ കൈകളിലുണ്ട്.
എന്നാൽ ഈ രംഗത്ത് ഏറ്റവും ശക്തമായ ആയുധം അവബോധവും കൃത്യസമയത്തുള്ള ഇടപെടലുകളുമാണ്. ഹെപ്പറ്റൈറ്റിസ് മുക്തമായ ഒരു ഭാവിക്കായി നമുക്ക് കൈകോർക്കാം.
ഡോ. രാജേഷ് ഗോപാലകൃഷ്ണ
സീനിയർ കൺസൾട്ടന്റ് - ഗ്യാസ്ട്രോഎന്ററോളജി & ഹെപ്പറ്റോളജി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ
Family Health
വായ, ചുണ്ടുകൾ, ഉമിനീർ ഗ്രന്ഥികൾ, ടോൺസിലുകൾ, വോക്കൽ കോഡുകൾ, തൈറോയ്ഡ് ഗ്രന്ഥി തുടങ്ങിയ വിവിധ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകളാണു പൊതുവായി ഹെഡ് ആൻഡ് നെക്ക് കാൻസർ വിഭാഗത്തിൽ പെടുന്നത്.
കാരണങ്ങൾ
ഹെഡ് ആൻഡ് നെക്ക് കാൻസറുകൾക്കു പല കാരണങ്ങൾ ഉണ്ടെങ്കിലും പുകയിലയും മദ്യപാനവുമാണ് പ്രധാന അപകടകാരികൾ. എച്ച്പിവി അണുബാധ, അൾട്രാവയലറ്റ് വികിരണങ്ങൾ, ജനിതക മാറ്റങ്ങൾ, പാരമ്പര്യം എന്നിവ മറ്റു കാരണങ്ങളാണ്.
പ്രാരംഭ ലക്ഷണങ്ങൾ
തുടർച്ചയായ തൊണ്ടവേദന, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പരുക്കൻ ശബ്ദം, വിശദീകരിക്കാനാവാത്ത പനി, ഭാരം കുറയൽ, ഉണങ്ങാത്ത വ്രണങ്ങൾ, വിട്ടുമാറാത്ത ചുമ, ശബ്ദത്തിന്റെ മാറ്റങ്ങൾ, ചെവിവേദന, കഴുത്തിലെ കഴലകൾ എന്നിവ തലയിലെയും കഴുത്തിലെയും കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളാവാം.
വിദഗ്ധ പരിശോധന...
ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയുംപെട്ടെന്ന് ഡോക്ടറെ സമീപിക്കണം. അതേസമയം ഈ ലക്ഷണങ്ങളെല്ലാം കാൻസറിന്റേതാവണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ, ഇത്തരം സാഹചര്യത്തിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്.
രോഗനിർണയം
ഫൈൻ നീഡിൽ ആസ്പിറേഷൻ സൈറ്റോളജി (FNAC), ബയോപ്സി എന്നിവയാണ് വിദഗ്ധ പരിശോധനയിൽ വരുന്നത്. കൂടാതെ കമ്പ്യൂട്ടഡ് ടോമോഗ്രഫി (CT), മാഗ്നെറ്റിക് റസനൻസ് ഇമേജിങ്, പോസിട്രോൺ എമിഷൻ ടോമോഗ്രാഫി(PET) തുടങ്ങിയ ഇമേജിംഗ് ടെക്നിക്കുകൾ രോഗത്തിന്റെ വ്യാപ്തി നിർണയിക്കാനും രോഗപകർച്ച തിരിച്ചറിയാനും സഹായിക്കുന്നു.
സ്റ്റേജിംഗ് സിസ്റ്റം
ഇത്തരം കാൻസറുകളുടെ ഉചിതമായ ചികിത്സ വിവിധ സ്റ്റേജിംഗ് വഴിയാണു നിർണയിക്കുന്നത്. ട്യൂമറിന്റെ വലുപ്പം, നോഡുകളുടെ (കഴലകളുടെ) ഇടപെടൽ, രോഗ പടർച്ച എന്നിവ പരിഗണിച്ച് TNM വർഗീകരണമാണ് സാധാരണയായി ഉപയോഗിക്കുന്ന സ്റ്റേജിംഗ് സിസ്റ്റം.
സ്റ്റേജ് ഒന്ന് (ആദ്യം)മുതൽ സ്റ്റേജ് നാലു(അവസാനം) വരെയാണ് ഇത്.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
കണ്ണൂർ, കോഴിക്കോട്. ഫോൺ: 6238265965.
Family Health
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്തുവാനുള്ള കഴിവുണ്ടായിരിക്കും.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകട സൂചനകൾ
തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത്മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
പ്രായാധിക്യമുള്ളവർ, ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെങ്കിപ്പനിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
ചികിത്സ
വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനി രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.
സമ്പൂർണ വിശ്രമം
രോഗബാധിതർക്ക് സമ്പൂർണവിശ്രമം ആവശ്യമാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി വിശ്രമം തുടരേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം.
ആസ്പിരിൻ, ഇബുപ്രോഫിൻ മുതലായ വേദനസംഹാരി മരുന്നുകൾ ഒഴിവാക്കണം. പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനിബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇത് മറ്റുള്ളവരിലേക്കു രോഗം പകരുന്നത് തടയാൻ സഹായിക്കും.
ആഴ്ചയിലൊരിക്കൽ…
സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കംചെയ്യുക.
ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Womens Corner
ശരീരഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്‍ക്ക് മുന്‍പ്) ജനിക്കുന്ന ശിശുക്കളെ അമ്മയുടെയും കുഞ്ഞിന്റെയും ത്വക്കുകള്‍ ചേര്‍ന്നിരിക്കുന്ന വിധത്തില്‍ പരിചരിക്കുന്ന രീതിയാണ് കംഗാരു മദർ കെയർ.
45 ഡിഗ്രി ചാരിയിരുന്ന്…
സൗകര്യപ്രദമായി 45 ഡിഗ്രി ചാരിയിരിക്കുന്ന രീതിയാണ് കംഗാരു മദർ കെയറിനു നല്ലത്. ചാരുകസേരയില്‍ ഇരിക്കുന്ന രീതിയിലും കംഗാരു മദർ കെയർ നല്‍കാം.
ഇതിനുശേഷം അമ്മയെയും കുഞ്ഞിനെയും ഒരുമിച്ച് മൂടാവുന്ന രീതിയിലെ വസ്ത്രം ധരിയ്ക്കാവുന്നതാണ്. കുഞ്ഞിന്റെ തലഭാഗം മൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
എത്ര സമയം നല്‍കാം ?
ഏറ്റവും കുറഞ്ഞത് 1 മണിക്കൂര്‍ മുതല്‍ 2 മണിക്കൂര്‍ വരെയും തുടര്‍ച്ചയായി നല്കിയാല് മാത്രമേ കംഗാരു മദർ കെയർ ഫലപ്രദമാകൂ. ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ വേണമെങ്കിലും കംഗാരു മദർ കെയർ നല്‍കാവുന്നതാണ്.
അമ്മയ്ക്ക് വിശ്രമം ആവശ്യമുള്ളപ്പോഴോ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ളപ്പോഴോ (Twins, Triplets) അച്ഛനോ കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ക്കോ കംഗാരു മദർ കെയർ നല്‍കാവുന്നതാണ്.
കംഗാരു മദർ കെയർ നല്കുമ്പോഴും അമ്മയ്ക്ക് ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് (ഉറങ്ങുക, നടക്കുക, ഭക്ഷണം കഴിക്കുക, വര്‍ത്തമാനം പറയുക) ഒരു തടസവുമില്ല.
കംഗാരു മദർ കെയറിന്റെ ഗുണങ്ങള്‍
നമ്മുടെ നാട്ടില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ചില സ്വകാര്യ ആശുപത്രികളിലും നവജാത ശിശു വിഭാഗങ്ങളില്‍ ഈ ചികിത്സാരീതി അവലംബിക്കുന്നുണ്ട്.
ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്കുന്നു. നവജാത ശിശുക്കളുടെ പരിചരണ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ ഈ ചികിത്സാരീതിക്കു കഴിയും എന്നതില്‍ തര്‍ക്കമില്ല.
Family Health
സോറിയാസിസ് ബാധിതർക്ക് അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും, ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭീകരമാണ്.
രോഗത്തെ ഭയക്കുന്തോറും വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊണ്ടു വന്നതല്ല രോഗം എന്ന യാഥാർഥ്യം മനസിലാക്കുക.
സോപ്പിന്റെ ഉപയോഗം...
സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്മെന്റുകൾ
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടനുസരിച്ച് ഈ രോഗം മാറ്റാൻ പറ്റില്ല. കുറയ്ക്കാനേ കഴിയൂ.
അതിനായി സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്മെന്റുകളും അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിൽസകളും ചെയ്യാറുണ്ട്.
ഹോമിയോപ്പതിയിൽ
എന്നാൽ ഹോമിയോപ്പതിയുടെ ചിന്താഗതി വ്യത്യസ്തമാണ്. ജന്മനായുള്ള രോഗമല്ലല്ലോ. ഇതു പിന്നീടു വന്നതല്ലേ. അതിനാൽ തന്നെ ഇതു വരാനുണ്ടായ സാഹചര്യം ഒഴിവാക്കിയാൽ രോഗം തിരിച്ചു പോകാം; സാവധാനമെങ്കിലും.
ചിലരിൽ വലിയ ഒരു മാനസിക ആഘാതത്തിനു ശേഷം ഈ രോഗം വന്നു കണ്ടിട്ടുണ്ട്. അത്തരക്കാരിൽ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് പൂർണ്ണമായും രോഗ ശമനം സാധ്യമായിട്ടുമുണ്ട്.
കാരണങ്ങൾ വ്യത്യസ്തം
ഹോമിയോപ്പതിയുടെ കാഴ്ചപ്പാടനുസരിച്ച് ഓരോരുത്തരിലും രോഗം തുടങ്ങുന്നതിനോ വർധിക്കുന്നതിനോ ആയ കാരണം വ്യത്യസ്തമായിരിക്കും.
അതും രോഗിയുടെ മറ്റുള്ള ശാരീരിക പ്രത്യേകതകളും പരിഗണിച്ചു മരുന്നുകൾ കണ്ടെത്തിയാൽ രോഗം മാറ്റാനാവും.
രോഗം വീണ്ടും വരുന്നതിന്റെ ഇടവേള കൂട്ടാനും ഹോമിയോ മരുന്നുകൾ കൊണ്ടു സാധിക്കും.
ഡോ: ടി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Family Health
ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്. രോഗം വരാനുള്ള യഥാർഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായി ഇതു കരുതപ്പെടുന്നു.(റുമാറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.
ചൊറിച്ചിലും പുകച്ചിലും
തണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദം കൊണ്ടും രോഗം വർധിക്കാറുണ്ട്. സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി ഇവരിൽ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചെതന്പലുകൾ പോലെ ഇളകിപ്പോകുന്നതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്.
തലയിൽ മാത്രം ബാധിക്കുന്നതും
സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ, കുത്തുകൾ പോലെയുള്ളവ. (GUTT ATE PSORIASIS)). ശരീരത്തിന്റെ മടക്കുകളിൽ കാണുന്ന ഇൻവേഴ്സ് സോറിയാസിസ് (INVERSE PSORIASIS). പഴുപ്പോടു കൂടിയ പസ്റ്റുലാർ സോറിയാസിസ്.
കൂടാതെ, നഖത്തെ മാത്രം ബാധിക്കുന്നവയും സന്ധികളെ ബാധിക്കുന്നവയും തലയിൽ മാത്രം കാണുന്നവയും കൈകാലടികളെ മാത്രം ബാധിക്കുന്നവയും ഉണ്ട്. ത്വക്കിനുണ്ടാകുന്ന ക്ഷതങ്ങൾ, രോഗാണു ബാധകൾ, ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവയാലും ചില അലർജികൾ കൊണ്ടും രോഗമുണ്ടാകാം, വർധിക്കാം.
ലേപനം ഉപയോഗിക്കുമ്പോൾ
ബാഹ്യലേപനങ്ങൾ ത്വക്കിന്റെ വരൾച്ച കുറയാൻ സഹായിക്കുമെങ്കിലും രാസവസ്തുക്കൾ അധികം അടങ്ങിയവ ഉപയോഗിക്കാതെ “ തേങ്ങ വെന്ത വെളിച്ചെണ്ണ’’പോലെ നിരുപദ്രവകരമായ ലേപനങ്ങളാണു ദീർഘകാല ഉപയോഗത്തിനു നല്ലത്.
ഡോ: ടി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Family Health
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.
ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു.
ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
പ്രമേഹ കാരണങ്ങൾ
പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
പ്രമേഹബാധിതരുടെ ആഹാരം
പ്രമേഹം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക. മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹരോഗി പിന്തുടരേണ്ടത്. ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർധിപ്പിക്കുന്നു.
തവിട് അടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.
ദിവസവും മൂന്നു നേരം വലിയ അളവിൽ കഴിക്കാതെ 5-6 നേരം കുറച്ചു കുറച്ചായി കഴിക്കുക. ജങ്ക് ഫുഡ്,ഫാസ്ററ് ഫുഡ് എന്നിവ ഉപേക്ഷിക്കുക. പ്രമേഹ രോഗികൾ ദിവസവും 30 മിനിറ്റ് എന്ന തോതിൽ ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം.
സൈക്കിൾ ഓടിക്കൽ, നൃത്തം, നീന്തൽ, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്.
അനുബന്ധ പ്രശ്നങ്ങൾ
ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണമാണ് പ്രമേഹം. കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരൾച്ച, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം.
പ്രമേഹരോഗികളിൽ വിറ്റാമിൻ സി,ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേദനയും ഉണ്ടാകും.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Family Health
നാം ദിവസവും ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്്. പ്രിസർവേറ്റീവ്സ്, ഫ്ളേവറിംഗ് ഏജന്റ്സ്, കളറുകൾ എന്നിങ്ങനെ പലപേരുകളിലും രൂപങ്ങളിലും.
ഐസ്ക്രീം, ജെല്ലുകൾ, ജാം, പുഡ്ഡിംഗ്, സോസ്, സൂപ്പ് മിക്സ്....എന്നിങ്ങനെയുള്ള റെഡിമെയ്ഡ് ഭക്ഷ്യോത്പന്നങ്ങളിൽ പ്രിസർവേറ്റീവ്സും കളറുകളും കൂടാതെ മറ്റുപലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
ഫുഡ് അഡിറ്റീവ്സ്
ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത്(സംസ്കരിച്ച്) ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കുന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത്. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഏകദേശം 2500 ഫുഡ് അഡിറ്റീവ്സ് നാം ഉപയോഗിക്കുന്നുണ്ട്.
എന്നാൽ അവ അനുവദനീയമായ അളവിലും അധികമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.
ധാന്യങ്ങൾ പൊടിപ്പിച്ച് ഉപയോഗിക്കാം
പ്രോസസ് ചെയ്ത ഭക്ഷണം മികച്ചതാണെന്നു പലരും ധരിക്കുന്നുണ്ട്. പക്ഷേ, അതിൽ രാസവസ്തുക്കളുടെ സാന്നിധ്യം അത്രത്തോളമുണ്ടെന്നുകൂടി ഓർക്കണം.
പായ്ക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ധാന്യപ്പൊടികൾ ശീലമാക്കരുത്. ഗോതന്പ് വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണു സുരക്ഷിതം.
മുളകും ഉണങ്ങി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണു സുരക്ഷിതം. സുഗന്ധവ്യഞ്ജനങ്ങളും ധാന്യങ്ങളും വാങ്ങി വൃത്തിയാക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ഫുഡ് സേഫ്റ്റി അധികൃതരും നിർദേശിക്കുന്നു.
സ്വാദിന്റെ രഹസ്യം
ചില ഉത്പന്നങ്ങളുടെ കവറിൽ ഫ്രീ ഫ്രം എംഎസ്ജി എന്നു രേഖപ്പെടുത്തിയിരിക്കും. (എംഎസ്ജി എന്നാൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് - അജിനോമോട്ടോ.)
അങ്ങനെ എഴുതിയിട്ടുണ്ടാകുമെങ്കിലും ടേസ്റ്റ് എൻഹാൻസറിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്. അതായത് ഭക്ഷണത്തിന്റെ സ്വാദു കൂട്ടാനും ചില സ്വാദിന്റെ തീവ്രത കൂട്ടാനും ചിലതിന്റെ കുറയ്ക്കാനും ടേസ്റ്റ് എൻഹാൻസർ സഹായകം.
വാസ്തവത്തിൽ നാവിലുള്ള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണ് എംഎസ്ജി ചെയ്യുന്നത്. ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് എംഎസ്ജി അടങ്ങിയ ഭക്ഷണം കൊടുക്കാൻ പാടില്ലെന്നാണു നിർദേശം.
എന്താണ് E 310, E 100.. .?
പായ്ക്കറ്റ് ഭക്ഷണവിഭവങ്ങളുടെ കവറിൽ ഇ ചേർന്ന ചില നന്പറുകൾ ചേർത്തിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ നന്പറാണത്. ലോകമെന്പാടും ഉപയോഗിക്കുന്ന കോഡ്. E 310, E 100 എന്നിങ്ങനെ.
കളർകോഡാണത്. അനുവദനീയമായ കളറിനെ സൂചിപ്പിക്കുന്നു. ഉപയോഗിക്കാൻ പാടില്ലാത്ത കളർകോഡുകളുടെ ലിസ്റ്റ് ഫുഡ് സേഫ്റ്റി അഥോറിറ്റി വെബ്സൈറ്റിലുണ്ട്.
പച്ച, ഇളം മഞ്ഞ തുടങ്ങി മൂന്നു നാലു കളർ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മധുരപലഹാരങ്ങളിൽ ചേർക്കാൻ മാത്രമാണ് അനുമതി. മെറ്റാനിൻ യെലോ അനുവദനീയമല്ല.
വിവരങ്ങൾ: ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
Family Health
ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരനിയന്ത്രണം ഓണത്തിന്റെ പേരിൽ കൈവിടരുതെന്നു ചുരുക്കം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തിൽ മുൻകരുതലുകൾ വേണം.
ഉപ്പ് രക്തസമ്മർദത്തിന്റെ ശത്രുവാണ്. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചിപ്സ് എന്നിവയൊക്കെ അനിയന്ത്രിതമായി കഴിക്കരുത്. ഓണസദ്യയിലെ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാൻ സാധ്യതയേറെയാണ്. ഓണമല്ലേ, കഴിച്ചേക്കാം എന്ന മട്ടിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു വരുത്തരുത്.
പായസം കുടിക്കാമോ?
ഓണാഘോഷം ഒരോണത്തിൽ അവസാനിക്കുന്നില്ലെന്ന് ഓർമവയ്ക്കുക. റസിഡന്റ്സ് അസോസിയേഷന്റെ ഓണം, ഓഫീസിലെ ഓണം, വീട്ടിൽ തന്നെ നാല് ഓണം. ബന്ധുവീടുകളിൽ പോകുന്പോൾ അകത്താക്കുന്ന മധുരം വേറെ. ഇതെല്ലാം കൂടി കഴിക്കുന്പോണ് പ്രമേഹം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്.
പ്രമേഹ രോഗികൾ പായസത്തിന്റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാർബോഹൈഡ്രേറ്റ്(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം.
അതുമാത്രമാണ് ഷുഗർ നിയന്ത്രണവിധേയമാകാനുള്ള പോംവഴി. ആഘോഷങ്ങളെല്ലാം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവണം എന്നു പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ.
വണ്ണം കൂടുമോ?
അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണനിയന്ത്രണം പാലിക്കുന്നവരും ഓണനാളുകളിൽ ഏറെ ശ്രദ്ധിക്കണം. പായസവും ഉപ്പേരിയും ഓണനാളുകളിൽ തുടർച്ചയായി പല ദിവസങ്ങളിൽ കഴിക്കുന്നതിലൂടെ നാമറിയാതെ തന്നെ മൂന്നു കിലോ വരെ ശരീരഭാരം കൂടും.
കഴിക്കുന്നതിന്റെ അളവിൽ കുറവു വരുത്തുക എന്നതുമാത്രമാണ് സാധ്യമായ കാര്യം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉപ്പേരിയും പായസവും കഴിക്കുന്നതിൽ മിതത്വം പാലിക്കണം.
ഉപ്പിലിട്ടതും പപ്പടവും പ്രശ്നമാകുമോ?
ഓണനാളുകളിൽ ദിവസം പലനേരം സദ്യക്കൊപ്പം ഇഞ്ചി, മാങ്ങ, നാരങ്ങ...എന്നിങ്ങനെ പലതരം അച്ചാറുകൾ വിളന്പാറുണ്ട്. അച്ചാറുകൾ കൂടുതലായി കഴിക്കരുത്.
ചിലർ തൈരിനൊപ്പവും ധാരാളം ഉപ്പു ചേർത്തു കഴിക്കും. ഉപ്പിന്റെ അളവ് രക്തസമ്മർദമുള്ളവർ തീർച്ചയായും കുറയ്ക്കണം.
പപ്പടം, ഉപ്പേരി എന്നിവയിലൂടെയും ഉപ്പ് ശരീരത്തിൽ അമിതമായി എത്താനിടയുണ്ട്. ഇതെല്ലാം കൂടിയാകുന്പോൾ ശരീരത്തിൽ ഉപ്പിന്റെ അളവുകൂടും. പ്രമേഹബാധിതർക്കു മധുരവും ഉപ്പും പ്രശ്നമാണ്.
ഏത്തക്കായ ചിപ്സ് കഴിക്കാമോ?
ഓണസദ്യയ്ക്കു വിഭവങ്ങൾ തയാറാക്കുന്നതിന് വനസ്പതി ഉപയോഗിക്കരുത്. പ്രത്യേകിച്ചു ചിപ്സ് തയാറാക്കുന്നതിന്. കഴിക്കുന്ന ചിപ്സിന്റെ തോത് കുറയ്ക്കണം. 100 ഗ്രാം ചിപ്സ് കഴിച്ചാൽത്തന്നെ 400 കലോറി ശരീരത്തിലെത്തും.
ഏത്തയ്ക്ക ചിപ്സ്, ശർക്കരവരട്ടി...എന്നിങ്ങനെ ചിപ്സ് തന്നെ പലതരം. ഇവ അളവിൽ കുറച്ചുമാത്രം കഴിക്കുക.
വിവരങ്ങൾ: ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
Family Health
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെ സംഭവിക്കുന്ന, ഏതാനും മിനിറ്റുമാത്രം നീണ്ടുനിൽക്കുന്ന തീവ്രമായ ഉത്കണ്ഠയാണ് ‘പാനിക് അറ്റാക്ക്'. താഴെപ്പറയുന്ന ലക്ഷണങ്ങളിൽ നാലെണ്ണമെങ്കിലും ഇവർ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്.
അമിതമായ നെഞ്ചിടിപ്പ്, നെഞ്ചുവേദനയോ നെഞ്ചിന്റെ ഭാഗത്ത് അസ്വസ്ഥതയോ, ശരീരം വിയർത്തൊലിക്കുന്ന അവസ്ഥ, ശ്വാസംമുട്ടൽ, കൈകാലുകൾ വിറയ്ക്കുക, വിരലുകളുടെ അറ്റം തണുത്ത് മരവിക്കുക, വയറ്റിൽ തീവ്രമായ എരിച്ചിൽ, തലചുറ്റൽ, തലയ്ക്ക് മന്ദത, കണ്ണിൽ ഇരുട്ടുകയറുന്ന അവസ്ഥ, തൊണ്ടയിൽനിന്ന് വെള്ളമിറക്കാൻ ബുദ്ധിമുട്ട്, മനസിന്റെ സമനില തെറ്റിപ്പോകുമെന്നതരത്തിലുള്ള വെപ്രാളം.
സാധാരണഗതിയിൽ 10 മുതൽ 15 മിനിറ്റ് നേരം മാത്രമേ ഈ പ്രയാസം നീണ്ടുനിൽക്കാറുള്ളൂ. അതുകഴിഞ്ഞ് സ്വാഭാവികമായി ഇതിന്റെ തീവ്രത കുറഞ്ഞുവന്ന് ഇത് അവസാനിക്കും. എന്നാൽ, ഈ അവസ്ഥയുടെ ലക്ഷണങ്ങൾ പലതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾക്ക് സമാനമായതുകൊണ്ടുതന്നെ ഇത് അനുഭവപ്പെടുന്ന ആളുകൾ വല്ലാതെ ഭയപ്പെട്ടുപോകും.
ഒരുമാസക്കാലമെങ്കിലും തുടർച്ചയായി പാനിക് അറ്റാക്ക് ആവർത്തിച്ചുവരുന്ന അവസ്ഥയെയാണ് ‘പാനിക് ഡിസോഡർ’ എന്നു വിശേഷിപ്പിക്കുന്നത്. സമൂഹത്തിൽ ഏകദേശം മൂന്നു ശതമാനത്തോളം ആളുകൾക്ക് പാനിക് ഡിസോഡർ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത് കൂടുതലായി കണ്ടുവരുന്നുമുണ്ട്. പാരമ്പര്യമായി ഉത്കണ്ഠരോഗങ്ങളുള്ള കുടുംബങ്ങളിൽ ജനിക്കുന്ന വ്യക്തികളിൽ പാനിക് ഡിസോഡർ കൂടുതലായി കണ്ടുവരാറുണ്ട്.
ചെറുപ്രായത്തിൽ വളരെ തീവ്രമായ സമ്മർദസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളിലും ഇതു കൂടുതലായി കണ്ടുവരാറുണ്ട്. പാനിക് ഡിസോഡറുള്ള വ്യക്തികളുടെ തലച്ചോറിൽ സെറട്ടോണിൻ, നോർ എപ്പി നെഫ്രിൻ, ഗാബാ, എന്നീ രാസവസ്തുക്കളുടെ അളവ് കുറവാണെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കാപ്പി കൂടുതലായി കുടിക്കുന്നവരിലും പുകവലിശീലം ഉള്ളവരിലും ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്. ഉറക്കക്കുറവ്, സമീപകാലത്തുണ്ടായ വേദനാജനകമായ ജിവിതാനുഭവങ്ങൾ എന്നിവയും ഈ അവസ്ഥയിലേക്ക് വഴിതെളിക്കാം.
പരിഹാരം എങ്ങനെ?
മരുന്നുകളും മനശാസ്ത്രചികിത്സകളും റിലാക്സേഷൻ വ്യായാമങ്ങളും സംയോജിപ്പിച്ച് ഉപയോഗിച്ചാൽ പാനിക് ഡിസോർഡർ പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. തലച്ചോറിൽ ക്രമംതെറ്റിക്കുന്ന രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ മരുന്നുകൾ ഇന്ന് നിലവിലുണ്ട്.
വയോജനങ്ങളിൽപ്പോലും സുരക്ഷികമായി ഉപയോഗിക്കാവുന്ന ഇത്തരം മരുന്നുകൾ വളരെവേഗം രോഗലക്ഷണങ്ങൾ പരിഹരിക്കും. മരുന്നുകളോടൊപ്പം ചിന്താവൈകല്യങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി ഏറെ ഫലപ്രദമായ ഒരു മനഃശാസ്ത്രചികിത്സാരീതിയാണ്.
പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ, ദീർഘശ്വസനവ്യായാമങ്ങൾ തുടങ്ങിയ റിലാക്സേഷൻ രീതികളും ഇവരിൽ ഏറെ ഫലപ്രദമാണ്. ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, ചിട്ടയായ വ്യായാമം ശീലമാക്കുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക എന്നിവയും പാനിക് ഡിസോർഡർ പൂർണമായും ഭേദപ്പെടാൻ സഹായിക്കുന്ന മാർഗങ്ങളാണ്.
ചികിത്സയെടുക്കാത്ത പാനിക് ഡിസോർഡർ പലപ്പോഴും വിഷാദരോഗം, മദ്യപാനശീലം, ലഹരി അടിമത്തം തുടങ്ങിയ വിഷയങ്ങളിലേക്ക് നയിക്കാം. ഇത് പരിഹാരമില്ലാത്ത ഏതോ മാറാരോഗമാണെന്ന് തെറ്റിദ്ധരിച്ചു വിഷമിക്കുന്ന ധാരാളം ആളുകൾ സമൂഹത്തിലുണ്ട്.
വിദഗ്ധനായ ഒരു മാനസികാരോഗ്യ ചികിത്സകന്റെ സഹായത്തോടെ ഈ അനസ്ഥ പൂർണമായും ഭേദപ്പെടുത്താൻ കഴിയും.
Family Health
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടസാധ്യതയാണു വെറ്ററിനറി റസിഡ്യൂ. പെട്ടെന്നു തടിവയ്ക്കാൻ കോഴിക്കു നല്കുന്ന ഹോർമോണുകൾ പിന്നീടു മാംസത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
മൃഗങ്ങൾക്ക് അസുഖം വരാതിരിക്കാൻ നല്കുന്ന ആന്റി ബയോട്ടിക്കുകളും മാംസത്തിൽ അവശേഷിക്കാനിടയുണ്ട്. ഇതൊക്കൊണ് വെറ്ററിനറി റസിഡ്യു.
ആൺകുട്ടികൾക്കും അമിത സ്തനവളർച്ച!
ഇത്തരം ബോയിലർ ചിക്കൻ ശീലമാക്കുന്നവരുടെ ശരീരത്തിൽ ഹോർമോണ്‍ അടിഞ്ഞുകൂടും. തടി കൂടും. ആണ്‍കുട്ടികൾക്കും അമിത സ്തനവളർച്ച ഉണ്ടാകും.
കൈ കഴുകണം
ഭക്ഷ്യവിഷബാധ, ഭക്ഷണം മലിനമാകൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു റസ്റ്ററന്റ് ഉടമകൾക്കും ജീവനക്കാർക്കും കൃത്യമായ അറിവുണ്ടായിരിക്കണം.
ഭക്ഷ്യവിഷബാധ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. റസ്റ്ററന്റ് ജീവനക്കാരുടെ വ്യക്തിശുചിത്വവും പ്രധാനം.
ടോയ്ലറ്റിൽ പോയ ശേഷവും...
ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ടോയ്ലറ്റിൽ പോയശേഷം കൈ സോപ്പിട്ടു കഴുകിയില്ലെങ്കിൽ പോലും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാതെയാകാം. മാലിന്യം കലരാം.
മൂക്കു ചീറ്റിയ ശേഷവും മറ്റു ശരീരഭാഗങ്ങളിൽ സ്പർശിച്ച ശേഷവും കൈ സോപ്പിട്ടു കഴുകാതെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതും അപകടം.
അതിനാൽ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു റസ്റ്ററന്റ് തൊഴിലാളികൾക്കു ഫലപ്രദമായ ബോധവത്കരണ ക്ലാസുകൾ നല്‍കണം.
റസ്റ്ററന്റ് ഉടമകൾ ഇക്കാര്യ ത്തിൽ ശ്രദ്ധപുലർത്തണം.
അധിക അളവിൽ കഴിക്കരുത്
ഓർക്കുക, ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ അധികവും മൈദയിലാണു തയാറാക്കുന്നത്. ഇത്തരം വിഭവങ്ങൾ എന്നും കഴിക്കേണ്ടവയല്ലെന്ന് ഓർക്കുക. വല്ലപ്പോഴും മാത്രം കഴിക്കാനുളളതാണെന്ന് മനസിൽ വയ്ക്കുക.
ഒരു ഭക്ഷണവും ദോഷമാണ്, തൊടാനേ പാടില്ല എന്നിങ്ങനെ പറയാനാവില്ല. ഒന്നും ശീലമാക്കരുത്. അധിക അളവിൽ കഴിക്കരുത്.
വയറു നിറയ്ക്കാനുള്ളതല്ല
വ്യത്യസ്തരുചി അനുഭവിച്ചറിയാൻ ഒരു ചെയ്ഞ്ചിനു വേണ്ടി മാസത്തിലൊരിക്കലോ മറ്റോ അല്പം കഴിക്കുന്നതിൽ തെറ്റില്ല. ഓർക്കുക, ഇത്തരം വിഭവങ്ങൾ വയറു നിറയ്ക്കാൻ വേണ്ടിയുളളതല്ല.
എന്നും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്...
പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ, മീൻ, മുട്ട തുടങ്ങിയവയാണു ശീലമാക്കേണ്ടത്; എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉള്ളിയെക്കുറിച്ചു ചിലത്. ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാൽ നിമിഷങ്ങൾക്കകം അതിൽ ബാക്ടീരിയസാന്നിധ്യമുണ്ടാകും. ഉള്ളി വയട്ടിയതാണെങ്കിലും കഥ മാറില്ല.
ചുറ്റുപാടുമുളള രോഗാണുക്കളെ വലിച്ചെടുക്കാനുളള അനന്യമായ ശേഷി ഉള്ളിക്കുണ്ട്. ചെങ്കണ്ണുണ്ടാകുന്പോൾ അടുക്കളയിലും മറ്റും ഉള്ളി മുറിച്ചുവച്ചാൽ രോഗാണുവ്യാപനം ചെറുക്കാമെന്നു കേട്ടിട്ടില്ലേ. രോഗാണുക്കളെ(വൈറസിനെയും ബാക്ടീരിയയെയും) ആകർഷിച്ചു തന്നിലേക്ക് അടുപ്പിക്കാനുളള ഉള്ളിയുടെ ശേഷി അപാരമാണ്.
ഉള്ളി അരിയേണ്ടത് എപ്പോൾ?
സാലഡുകളിൽ ഉള്ളിയും മറ്റും അരിഞ്ഞു ചേർക്കാറുണ്ട്. അധികനേരം ഉള്ളി അരിഞ്ഞു തുറന്നു വയ്ക്കുന്നതും അപകടം. വിളന്പുന്നതിനു തൊട്ടുമുന്‍പു മാത്രമേ ഉള്ളി അരിഞ്ഞു ചേർക്കാൻ പാടുള്ളൂ.
ഒന്നുരണ്ടു മണിക്കൂറൊക്കെ പുറത്തിരിക്കാൻ പാടില്ല. അത് ഉണ്ടാക്കിയാൽ അപ്പോൾത്തന്നെ കഴിക്കണം. കഴിക്കുന്ന സമയത്തു മാത്രമേ സാലഡ് ഉണ്ടാക്കി വയ്ക്കാൻ പാടുള്ളൂ. അല്ലെങ്കിൽ അതു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു സൂക്ഷിക്കണം.
സാലഡിനുള്ള പച്ചക്കറികൾ...
ഏതു പച്ചക്കറിയും സാധാരണ റൂം താപനിലയിൽ ഇരിക്കുന്പോൾ അതിൽ ബാക്ടീരീയ കടന്നുകൂടാനുളള സാധ്യത കൂടുതലാണ്. സാലഡിനുളള പച്ചക്കറികൾ നേരത്തേ മുറിച്ചാൽ അതു ഫ്രിഡ്ജിൽ സൂക്ഷിക്കുക.
വിളന്പാൻ നേരം മാത്രം പുറത്തേടുക്കുക. ഒന്നുകിൽ തണുപ്പിച്ചു വയ്ക്കുക. അല്ലെങ്കിൽ ചൂടാക്കി വയ്ക്കുക. ആറ് ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിലാണു ഡെയിഞ്ചർ സോണ്‍. ഈ താപനിലകൾക്കിടയിൽ സൂക്ഷിക്കുന്ന ഭക്ഷണം ചീത്തയാകാനുളള സാധ്യത കൂടുതലാണ്.
ഏതു സമയത്തും അണുബാധ...
ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ തയാർ ചെയ്യുന്ന പശ്ചാത്തലവും വൃത്തിയുളളതായിരിക്കണം. അതിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകളിൽ കൂടിയും അണുബാധയുണ്ടാവാം. ഏതു സമയത്തും ഇതു സംഭവിക്കാം.
ഫ്രഷ് ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്പോൾ അതിൽ മൈക്രോബ്സ് ഒന്നും പെരുകുന്നില്ല. എന്നാൽ പുറത്തെടുക്കുന്പോൾ നോർമൽ താപനിലയിൽ വരുന്പോൾ സൂക്ഷ്മാണുക്കൾ പെരുകാനുളള സാധ്യത കൂടുതലാണ്.
വിളന്പുന്നവർ വേസ്റ്റ് കൈകാര്യം ചെയ്യുമ്പോൾ...
ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ കൈയിൽനിന്നു കണ്ടാമിനേഷൻ(മാലിന്യം കലരൽ) വരാം. അടുക്കളയിൽ മറ്റെന്തെങ്കിലും ജോലി ചെയ്ത ശേഷം കൈ കഴുകാതെ അല്ലെങ്കിൽ മാംസാഹാരം കൈകാര്യം ചെയ്യുകയോ മറ്റോ ചെയ്തശേഷം കൈകഴുകാതെ ഫുഡ് കൈകാര്യം ചെയ്താൽ സൂക്ഷ്മാണുക്കൾ ഫാസ്റ്റ് ഫുഡിലെത്താം.
അതാണ് ക്രോസ് കണ്ടാമിനേഷൻ എന്നറിയപ്പെടുന്നത്. പലപ്പോഴും വിളന്പുന്നവർ തന്നെയാകും വേസ്റ്റും എടുക്കുന്നത്. വേസ്റ്റെടുത്ത ശേഷം കൈ സോപ്പിട്ടു കഴുകാതെ വിഭവങ്ങൾ കൈകാര്യം ചെയ്യുന്പോഴും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിൽ മാലിന്യങ്ങൾ കടന്നുകൂടാനിടയുണ്ട്.
പാകം ചെയ്തതും ചെയ്യാത്തതും ഫ്രിഡ്ജിൽ ചേർത്തുവച്ചാൽ
ചിലപ്പോൾ ചിക്കൻ മുറിച്ച ബോർഡിൽ തന്നെയാകും പച്ചക്കറികളും മുറിക്കുന്നത്. ഷവർമ പോലെയുളള വിഭവങ്ങൾക്കു വേണ്ട കാബേജും ചിലപ്പോൾ മുറിക്കുന്നതു ചിക്കൻ മുറിച്ചുവച്ച അതേ പാത്രത്തിലായിരിക്കും. അങ്ങനെയും കണ്ടാമിനേഷൻ വരാം.
അതുപോലെ തന്നെ പാകം ചെയ്തതും അരിഞ്ഞതുമായ വിഭവങ്ങൾ ഫ്രിഡ്ജിൽ ചേർത്തു വയ്ക്കുന്പോഴും ഒന്നിലെ മൈക്രോ ബാക്ടീരിയ മറ്റേതിലേക്കു പകരാം. ഇവിടെയു മുണ്ട് ക്രോസ് കണ്ടാമിനേഷൻ. ഇറച്ചിയിൽ സ്പർശിച്ച ശേഷം പച്ചക്കറി എടുക്കുമ്പോഴും ഇതു സംഭവിക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വസസ്പതി ഉപയോഗിക്കാറുണ്ട്. വനസ്പതി യഥാർഥത്തിൽ സസ്യഎണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ അതിനെ ഖരാവസ്ഥയിലേക്കു മാറ്റുന്നതാണ്.
ഇതിൽ അടങ്ങിയ കൊഴുപ്പ് ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിന്റെ പ്രതിരോധശക്തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു.
അതുപോലെതന്നെ വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയാകുന്പോൾ പ്രശ്നം സങ്കീർണമാകും.
കനലിൽ വേവിച്ച മാംസം
എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. പലപ്പോഴും അത് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും.
എണ്ണ പോയിക്കഴിഞ്ഞാൽ അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണ്‍ കാൻസറിനിടയാക്കുന്നതായി ഗവേഷകർ.
ഷവർമയിലെ അപകടസാധ്യത
ഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വരെയുളള ഏതു ഘട്ടത്തിലും കണ്ടാമിനേഷൻ സാധ്യത(ആരോഗ്യത്തിനു ദോഷകരമായ പദാർഥങ്ങൾ; സൂക്ഷ്മാണുക്കൾ, മാലിന്യങ്ങൾ... കലരാനുളള സാധ്യത) ഏറെയാണ്.
പലപ്പോഴും, ഷവർമ പോലെയുളള ജനപ്രിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ. അതിലുപയോഗിക്കുന്ന മയണൈസ് (എണ്ണയും മുട്ടയും കൂടി മിക്സ് ചെയ്തത്) ചിലപ്പോൾ അപകടകാരിയാകുന്നു.
ഒരു മുട്ട കേടാണെങ്കിൽ അതിൽനിന്നു വരുന്ന സാൽമൊണല്ല എന്ന ബാക്ടീരിയ അസുഖങ്ങളുണ്ടാക്കാം. ഇതു തയാറാക്കാൻ ഉപയോഗിക്കുന്ന ചിക്കൻ കേടാകാനുളള സാധ്യതകൾ പലതാണ്.
വേവിച്ച ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിയാണു പലപ്പോഴും കണ്ടുവരുന്നത്. താപനിലയിൽ വ്യത്യാസം വന്നാൽ ഫ്രിഡ്ജിലിരുന്നുതന്നെ കേടാകാം.
അല്ലെങ്കിൽ പാകം ചെയ്തപ്പോൾ വേണ്ടവിധം വേവാത്ത ചിക്കൻ ഭാഗങ്ങൾ വഴിയും കണ്ടാമിനേഷൻ വരാം.
വേസ്റ്റ് തുണിയിൽ നിന്ന്...
ഭക്ഷണം തയാറാക്കുകയും വിളന്പുകയും ചെയ്യുന്നവരുടെ വ്യക്തിശുചിത്വം പരമപ്രധാനം. യഥാർഥത്തിൽ ഏറ്റവും വൃത്തിക്കുറവുള്ള അടുക്കള ഉപകരണം എന്നു പറയാവുന്നതു മനുഷ്യന്റെ കൈ തന്നെയാണ്.
തീൻമേശയും മറ്റും തുടയ്ക്കാൻ ഉപയോഗിച്ച വേസ്റ്റ് തുണി എടുത്ത കൈ കൊണ്ടുതന്നെ വീണ്ടും ഭക്ഷ്യവിഭവങ്ങൾ എടുത്തു വിളന്പുന്ന രീതി പലപ്പോഴും കാണാറുണ്ട്.
(വേസ്റ്റ് തുടയ്ക്കാനുപയോഗിക്കുന്ന തുണി തന്നെ പലപ്പോഴും വൃത്തിഹീനമാണ്) അങ്ങനെ ചെയ്യുന്നതു വഴിയും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ കണ്ടാമിനേഷൻ സംഭവിക്കാം.
ബർഗറും പഫ്സും
ഇനി ബർഗറിന്റെ കാര്യം. അതിനകത്തു വച്ചിരിക്കുന്ന പച്ചക്കറികളും മസാലക്കൂട്ടും ചേർന്ന സ്റ്റഫിംഗ് കേടാകാൻ സാധ്യതയുണ്ട്. തയാറാക്കി പെട്ടെന്നു കഴിക്കേണ്ട ഭക്ഷണമാണ് ഫാസ്റ്റ് ഫുഡ്.
ബർഗറും മറ്റും തയാറാക്കി ഒന്നുരണ്ടു മണിക്കൂർ ഫ്രിഡ്ജിനു പുറത്തിരുന്നാൽ ചീത്തയാകാൻ സാധ്യത കൂടുതലാണ്. പഴകിയ ബർഗർ കഴിക്കരുത്. അതിനുളളിൽ വയ്ക്കുന്ന ഉളളി പെട്ടെന്നെു കേടാകാനിടയുണ്ട്.
ഇനി പഫ്സിന്റെ കാര്യമെടുക്കാം. അതിനകത്തു നിറച്ചിരിക്കുന്ന മസാലക്കൂട്ട് പെട്ടെന്നു ചീത്തയാകാൻ സാധ്യതയുണ്ട്. അതിനകത്തു വയ്ക്കുന്ന ഉളളി, പച്ചക്കറികൾ എന്നിവയും വേഗം കേടാകുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ്(Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies).
പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്‍എന്‍എ വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല.
ഏതൊക്കെ മൃഗങ്ങളിൽ?
നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.
രോഗപ്പകര്‍ച്ച
രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു.
ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു.
നായ, പൂച്ച, കുറുക്കൻ...
നായ, പൂച്ച, കുറുക്കന് എന്നിവയിലൂടെയാണ് മനുഷ്യര്‍ക്ക് പ്രധാനമായും പേവിഷബാധയേല്‍ക്കുന്നത്. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്. കേരളത്തില്‍ 95 ശതമാനവും നായകളിലൂടെയാണ് രോഗം പകരുന്നത്.
മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കള്‍ ഒന്നുതന്നെയാണ്. ആര്‍എന്‍എ വൈറസ് ആയ ലിസ വൈറസ് ജനുസില്‍പ്പെട്ട റാബീസ് വൈറസാണ് രോഗമുണ്ടാക്കുന്നത്.
ലിസ വൈറസ് നാലുതരമുണ്ട്. 1. റാബീസ് വൈറസ് 2. ലോഗോസ് ബാട്ട് വൈറസ് 3. മൊക്കോള വൈറസ് 4. ഡുവല്‍ഹേജ് വൈറസ്.
കടിയേറ്റാല്‍ രോഗലക്ഷണങ്ങൾക്ക് എത്രസമയം?
മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി. നായകളില്‍ ഇത് 10 ദിവസത്തിനും 2 മാസത്തിനുമിടയിലാകാം. കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേല്‍ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് കാലാവധിയില്‍ മാറ്റമുണ്ടാകാം.
തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ്(മാന്തലുമാകാം) ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കണ്‍പോളകളിലും ചെവികളിലും കടിയേല്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ - വയനാട്.
Family Health
വായ, ചുണ്ടുകൾ, ഉമിനീർ ഗ്രന്ഥികൾ, ടോൺസിലുകൾ, വോക്കൽ കോഡുകൾ, തൈറോയ്ഡ് ഗ്രന്ഥി തുടങ്ങിയ വിവിധ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകളാണു പൊതുവായി ഹെഡ് ആൻഡ് നെക്ക് കാൻസർ വിഭാഗത്തിൽ പെടുന്നത്.
കാരണങ്ങൾ
ഹെഡ് ആൻഡ് നെക്ക് കാൻസറുകൾക്കു പല കാരണങ്ങൾ ഉണ്ടെങ്കിലും പുകയിലയും മദ്യപാനവുമാണ് പ്രധാന അപകടകാരികൾ. എച്ച്പിവി അണുബാധ, അൾട്രാവയലറ്റ് വികിരണങ്ങൾ, ജനിതക മാറ്റങ്ങൾ, പാരമ്പര്യം എന്നിവ മറ്റു കാരണങ്ങളാണ്.
പ്രാരംഭ ലക്ഷണങ്ങൾ
തുടർച്ചയായ തൊണ്ടവേദന, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പരുക്കൻ ശബ്ദം, വിശദീകരിക്കാനാവാത്ത പനി, ഭാരം കുറയൽ, ഉണങ്ങാത്ത വ്രണങ്ങൾ, വിട്ടുമാറാത്ത ചുമ, ശബ്ദത്തിന്റെ മാറ്റങ്ങൾ, ചെവിവേദന, കഴുത്തിലെ കഴലകൾ എന്നിവ തലയിലെയും കഴുത്തിലെയും കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളാവാം.
വിദഗ്ധ പരിശോധന...
ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയുംപെട്ടെന്ന് ഡോക്ടറെ സമീപിക്കണം. അതേസമയം ഈ ലക്ഷണങ്ങളെല്ലാം കാൻസറിന്റേതാവണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ, ഇത്തരം സാഹചര്യത്തിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്.
രോഗനിർണയം
ഫൈൻ നീഡിൽ ആസ്പിറേഷൻ സൈറ്റോളജി (FNAC), ബയോപ്സി എന്നിവയാണ് വിദഗ്ധ പരിശോധനയിൽ വരുന്നത്. കൂടാതെ കമ്പ്യൂട്ടഡ് ടോമോഗ്രഫി (CT), മാഗ്നെറ്റിക് റസനൻസ് ഇമേജിങ്, പോസിട്രോൺ എമിഷൻ ടോമോഗ്രാഫി(PET) തുടങ്ങിയ ഇമേജിംഗ് ടെക്നിക്കുകൾ രോഗത്തിന്റെ വ്യാപ്തി നിർണയിക്കാനും രോഗപകർച്ച തിരിച്ചറിയാനും സഹായിക്കുന്നു.
സ്റ്റേജിംഗ് സിസ്റ്റം
ഇത്തരം കാൻസറുകളുടെ ഉചിതമായ ചികിത്സ വിവിധ സ്റ്റേജിംഗ് വഴിയാണു നിർണയിക്കുന്നത്. ട്യൂമറിന്റെ വലുപ്പം, നോഡുകളുടെ (കഴലകളുടെ) ഇടപെടൽ, രോഗ പടർച്ച എന്നിവ പരിഗണിച്ച് TNM വർഗീകരണമാണ് സാധാരണയായി ഉപയോഗിക്കുന്ന സ്റ്റേജിംഗ് സിസ്റ്റം.
സ്റ്റേജ് ഒന്ന് (ആദ്യം)മുതൽ സ്റ്റേജ് നാലു(അവസാനം) വരെയാണ് ഇത്.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
കണ്ണൂർ, കോഴിക്കോട്. ഫോൺ: 6238265965.
Family Health
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്തുവാനുള്ള കഴിവുണ്ടായിരിക്കും.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകട സൂചനകൾ
തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത്മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
പ്രായാധിക്യമുള്ളവർ, ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെങ്കിപ്പനിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
ചികിത്സ
വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനി രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.
സമ്പൂർണ വിശ്രമം
രോഗബാധിതർക്ക് സമ്പൂർണവിശ്രമം ആവശ്യമാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി വിശ്രമം തുടരേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം.
ആസ്പിരിൻ, ഇബുപ്രോഫിൻ മുതലായ വേദനസംഹാരി മരുന്നുകൾ ഒഴിവാക്കണം. പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനിബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇത് മറ്റുള്ളവരിലേക്കു രോഗം പകരുന്നത് തടയാൻ സഹായിക്കും.
ആഴ്ചയിലൊരിക്കൽ…
സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കംചെയ്യുക.
ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Family Health
നവജാത ശിശുക്കളുടെ ആരോഗ്യപരമായ നിലനില്‍പ്പിന് ശ്വസനം, രക്തചംക്രമണം എന്നിവയ്ക്കൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ശരീരോഷ്മാവ്.
ശരീര ഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്‍ക്ക് മുന്‍പ്) ജനിക്കുന്ന ശിശുക്കളില്‍, ശരീരോഷ്മാവ് നിശ്ചിത അളവില്‍ ക്രമീകരിക്കുന്നത് അവരുടെ ദീര്‍ഘകാല അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്.
ഇതിനു കൃത്യമായി ചൂട് നല്കുന്ന ഇൻക്യുബേറ്റർ (Incubator )പോലെയുള്ള ഉപകരണങ്ങള്‍ വളരെ നാളായി പ്രചാരത്തിലുണ്ട്.
പക്ഷേ, ഇന്ത്യയെ പോലെയുള്ള വികസ്വര രാജ്യങ്ങളില്‍, കംഗാരു മദർ കെയർ (Kangaroo Mother Care- KMC) പോലെയുള്ള ചികിത്സാരീതികള്‍ക്ക് പ്രചാരം ഏറിവരുന്നു.
തുടക്കം...
1970 കളില്‍ ‘കൊളംബിയ'യിലാണ് Skin to Skin Care എന്ന രീതി ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇൻക്യുബേറ്ററുകളുടെ ദൗര്‍ലഭ്യവും അന്നത്തെ ആശുപത്രികളിലെ തിരക്ക് മൂലമുള്ള അണുബാധയുമാണ് ഈ കണ്ടുപിടിത്തത്തിന് ഇടയാക്കിയത്.
ക്രമേണ ഇതിനു പ്രചാരമേറി. 1996 ല്‍ ഇറ്റലിയില്‍ നടന്ന ആദ്യ അന്താരാഷ്്ട്ര ശില്‍പ്പശാലയില്‍ കംഗാരു മദർ കെയർ (Kangaroo Mother Care) എന്ന പേര് ആദ്യമായി അംഗീകരിക്കപ്പെട്ടു.
കംഗാരു മദർ കെയർ
അമ്മ കംഗാരു തന്റെ ശരീരോഷ്മാവ് കുഞ്ഞിന് അതേപടി പകര്‍ന്നു നല്കി, ഊര്‍ജനഷ്ടം കുറയ്ക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്ന അതേ രീതിയാണ് മനുഷ്യക്കുഞ്ഞുങ്ങളിലും പ്രയോഗിക്കുന്നത്.
അമ്മയുടെയും കുഞ്ഞിന്റെയും ത്വക്കുകള്‍ ചേര്‍ന്നിരിക്കുന്ന വിധത്തില്‍ പരിചരിക്കുന്ന രീതിയാണ് കംഗാരു മദർ കെയർ.
കംഗാരു മദർ കെയർ - പ്രധാന ഘടകങ്ങൾ
1) കുഞ്ഞിന്റെയും പരിചരിക്കുന്ന ആളുടേയും ത്വക്കുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്ന അവസ്ഥ. (Skin to Skin Contact)
2) കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്കല്. ( Exclusive Breast Feeding)
3) വീട്ടിലും കംഗാരു മദർ കെയർ തുടരുന്നതിനുള്ള മാനസിക തയാറെടുപ്പ്.(Psychological Support for the Family Members)
കംഗാരു മദർ കെയർ ആര്‍ക്കെല്ലാം ?
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ 2.5 കിലോഗ്രാമിൽ(2500 gm) യില്‍ കുറവ് ഭാരമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും കംഗാരു മദർ കെയർ നല്‍കാവുന്നതാണ്.
സങ്കീര്‍ണ ചികിത്സകള്‍ ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്കും അതീവ ശ്രദ്ധ നല്കി കംഗാരു മദർ കെയർ നല്കാന് കഴിയും.
എപ്പോൾ മുതൽ?
കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയും തൂക്കവും അനുസരിച്ച് ജനിച്ച ദിവസം മുതലോ, അതിനടുത്ത ദിവസങ്ങളിലോ കംഗാരു മദർ കെയർ തുടങ്ങാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Family Health
മൂത്രത്തില്‍ പ്രോട്ടീന്റെ അംശം കൂടുന്നതു വൃക്ക തകരാറിന്റെ ആദ്യലക്ഷണമാണ്. മിക്ക ലാബുകളിലും ഡിപ്സ്റ്റിക് (Dipstick) അല്ലെങ്കില്‍ ഹീറ്റ് ആൻഡ് അസറ്റിക് ആസിഡ് (Heat and Acetic acid) പരിശോധനയിലൂടെയാണു പ്രോട്ടീനൂറിയ കണ്ടുപിടിക്കുന്നത്.
എന്നാല്‍ ഒരു ദിവസത്തെ മൂത്രത്തില്‍ 300mg ല്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമാണ് ഈ പരിശോധനകള്‍ പോസിറ്റീവ് ആകുന്നത്.
മൈക്രോ ആല്ബുമിന് പരിശോധന
ഇതുകൂടാതെ മൂത്രത്തില്‍ ചെറിയ അളവിലുള്ള പ്രോട്ടീന്റെ അംശം അറിയുന്നതിനായി മൈക്രോ ആല്ബുമിന് പരിശോധന നടത്താവുന്നതാണ്.
യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ്
മൈക്രോസ്കോപ് സഹായത്തോടെ മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടോയെന്നു മനസിലാക്കാം. വൃക്കരോഗം 50 ശതമാനത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ രക്ത പരിശോധനയില്‍ യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ് കൂടുതലായിരിക്കും.
ഈ അവസ്ഥയ്ക്കു മുമ്പായി എസ്റ്റിമേറ്റഡ് ഗ്ലോമെറുലാർ ഫിൽട്രേഷൻ റേറ്റ്-Estimated Glomerular Filtration Rate (EGFR)- മൂല്യനിര്‍ണയത്തിലൂടെ വൃക്കരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു.
അള്‍ട്രാസൗണ്ട് സ്കാന്‍, ബയോപ്സി
വയറിന്റെ അള്‍ട്രാസൗണ്ട് സ്കാന്‍, ബയോപ്സി എന്നീ പരിശോധനകളിലൂടെ വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു.
വൃക്ക തകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യമെന്ത്?
വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
കടപ്പാട്: ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Family Health
നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന വിലയിരുത്തൽ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, വൃക്കകളുടെ സംരക്ഷണം- ഈ മൂന്ന് ആശയങ്ങൾ വളരെ അർഥ പൂർണമാണ്.
കാരണം, നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ വൃക്കകളും ഉള്‍പ്പെടുന്നു. വൃക്കകള്‍ക്ക് തകരാർ സംഭവിച്ചാല്‍ അതു ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, വൃക്കകളുടെ ചികിത്സ ചെലവേറിയതാണ്.
രോഗലക്ഷണങ്ങൾ എപ്പോൾ?
75% വൃക്ക തകരാര്‍ സംഭവിച്ചശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വൃക്കയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നില്ല.
വൃക്ക തകരാറിനു സാധ്യത കൂടുതലുള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതാണ്.
വൃക്ക തകരാര്‍ സാധ്യത
മൂത്രാശയ അണുബാധ
കുട്ടികളില്‍ മൂത്രാശയ അണുബാധ ഉണ്ടായാല്‍ ഭാവിയില്‍ വൃക്ക തകരാറിനു സാധ്യത കൂടുതലാണ്.
മൂത്രാശയത്തില്‍ കല്ലുകള്‍
ആദ്യഘട്ടത്തിൽ കണ്ടെത്തണം
വൃക്കരോഗ സാധ്യതയുള്ളവരിൽ മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ നേരത്തേതന്നെ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്നു.
ഇവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
ഗർഭിണികളുടെ പല്ലുകൾക്കും മോണകൾക്കും ആരോഗ്യമില്ലെങ്കിൽ അത് മാസം തികയാതെയുള്ള പ്രസവത്തിനു സാധ്യത കൂട്ടും. കുഞ്ഞുങ്ങൾക്കു ഭാരക്കുറവും ഉണ്ടാവാം.
മുഖാസ്ഥികളുടെയും പല്ലുകളുടെയും ശരിയായ രൂപീകരണത്തിന്
ഭ്രൂണാവസ്ഥയിൽ കുഞ്ഞുങ്ങളുടെ മുഖാസ്ഥികളുടെയും പല്ലുകളുടെയും ശരിയായ രൂപീകരണത്തിന് ഗർഭിണികൾ പോഷകാഹാരവും വിറ്റാമിനുകളും ലവണങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും കൃത്യമായ ആന്റി നേറ്റൽ പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണ്.
ആദ്യ പല്ല് മുളയ്ക്കുന്പോൾ...
കുഞ്ഞുങ്ങളിൽ ആദ്യപല്ല് മുളയ്ക്കുന്പോൾ മുതൽ തന്നെ ദന്തപരിചരണം ആവശ്യമാണ്. പ്രാരംഭ ശൈശവകാല ദന്തക്ഷയം ഫലപ്രദമായി തടയേണ്ടതും ചികിത്സിക്കേണ്ടതുമാണ്.
പോടുകൾ അടയ്ക്കാം
കുഞ്ഞുങ്ങൾക്ക് ദന്തക്ഷയപ്രതിരോധത്തിന്റെ ഭാഗമായി ഉപരിതല ഫ്ളൂറൈഡ് ലേപനങ്ങൾ നല്‍കുകയും പിറ്റ് ആൻഡ് ഫിഷർ പോടുകൾ നീക്കി അടച്ചു സംരക്ഷിക്കേണ്ടതുമാണ്. പല്ലുകളുടെ ആരോഗ്യം ഉറപ്പാക്കൂ. ജീവിതത്തിൽ പുഞ്ചിരി നിറയ്ക്കൂ.
ദന്തരോഗികളിൽ മറ്റു രോഗങ്ങൾക്കു സാധ്യത
ദന്തരോഗങ്ങൾ ചിലപ്പോൾ പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ, കരൾ, വൃക്കരോഗങ്ങൾ, ചർമരോഗങ്ങൾ, രക്തക്കുഴലുകളുടെ ചുരുങ്ങൾ തുടങ്ങിയ ഗുരുതര ശാരീരിക പ്രശ്നങ്ങൾക്കു കാരണമാവും.
ശ്രദ്ധിക്കുക...
രണ്ടാഴ്ചയിലധികം ഉണങ്ങാതെയുള്ള വേദനയില്ലാത്ത മുറിവുകൾ
വായിൽ രണ്ടാഴ്ചയിലധികം ഉണങ്ങാതെയുള്ള വേദനയില്ലാത്ത മുറിവുകൾ, വ്രണങ്ങൾ, വിള്ളലുകൾ, നീർവീഴ്ച, പഴുപ്പ് എന്നിവ ഉണ്ടെങ്കിൽ പരിശോധനയ്ക്കു വിധേയമാക്കുക. ഓറൽ കാൻസറും മറ്റു കാൻസറുകൾക്കു മുന്നോടിയായ രോഗങ്ങളും ഇല്ലെന്ന് ഉറപ്പു വരുത്തുക.
പല്ല് കൊഴിഞ്ഞു പോയാൽ...
പല്ല് കൊഴിഞ്ഞുപോയ ഇടങ്ങളിൽ പല്ലുവച്ചു സംരക്ഷിച്ചാൽ അതു ഫലപ്രദവും മറ്റു പ്രയാസങ്ങളിൽ നിന്നുള്ള സംരക്ഷണവുമാണ്. ദന്തരോഗങ്ങൾ മൂർധന്യാവസ്ഥയിലേക്കു പോകാതെ നേരത്തേ തന്നെ ചികിത്സിച്ചു മാറ്റുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Family Health
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുമ്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണിക്കരുത്.
മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം.
പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ
കാറ്റഗറി 1
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക
- കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.
കാറ്റഗറി 2
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ
- പ്രതിരോധ കുത്തിവയ്പ് എടുക്കണം
കാറ്റഗറി 3
രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി
- ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി)
മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു.
ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.
കുട്ടികൾ വളർത്തുമൃഗങ്ങളോട് ഇടപെടുമ്പോൾ
നായകടി ഒഴിവാക്കാൻ
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
പാചകത്തിനു നേരിട്ട് ഉയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും എണ്ണ ഉപയോഗത്തിന്റെ പരിധിയിൽ കാണുന്നത്. അതല്ലാതെ മറ്റു ഭക്ഷണങ്ങളിൽക്കൂടിയും ഫാറ്റ്(കൊഴുപ്പ്) ശരീരത്തിലെത്തുന്നുണ്ട്.
അതിനാൽ നാം നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവിൽ കുറവു വരുത്തണം.
ഏതുതരം എണ്ണ ഉപയോഗിച്ചാലും...
ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക. പ്രായപൂർത്തിയായ ഒരാൾക്കു ദിവസം 4 ടീസ്പൂണ്‍ എണ്ണ. 20 ഗ്രാം. പ്രായമേറിയവർക്കും 4 ടീസ് സ്പൂണ്‍ എണ്ണ ആവശ്യമാണ്.
വറുത്തതു കഴിക്കുമ്പോൾ...
എണ്ണ ധാരാളം അടങ്ങിയ ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ കുട്ടികളെ അനുവദിക്കരുത്. എന്നും വറുത്ത സാധനങ്ങൾ കുട്ടികൾക്കു കൊടുക്കരുത്.
എണ്ണ ചീത്തയായാൽ...
എണ്ണയിൽ വെളളം വീണാൽ കനച്ചു പോകും. ചീത്തയായ എണ്ണ പശ പോലെ ഒട്ടും. ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്.
വിവരങ്ങൾ: ഡോ. അനിത മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
Family Health
ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്കാൾ നാം വറുത്ത മീൻ ഇഷ്ടപ്പെടുന്നതിനു പിന്നിലും ഇതേ കാരണം തന്നെ.
കറിക്ക് എണ്ണ ചേർക്കുമ്പോൾ...
സാധാരണയായി വീട്ടമ്മമാർ എണ്ണ അളന്നല്ല ഉപയോഗിക്കുന്നത്. അളക്കാറില്ല, കുപ്പിയിൽ നിന്നെടുത്ത് ഒഴിക്കുകയാണ്. അതിൽ നിന്ന് എത്ര വീഴുന്നുവോ അതാണ് പലപ്പോഴും അവരുടെ കണക്ക്! എണ്ണ ഉപയോഗിക്കുന്പോൾ അത് അളന്ന് ഉപയോഗിക്കാനായി ഒരു ടീ സ്പൂണ്‍ കരുതണം.
അളവറ്റ തോതിൽ എണ്ണ ശരീരത്തിലെത്തിയാൽ കൊളസ്ട്രോൾനില കൂടും. ജീവിതശൈലീരോഗങ്ങൾ മനസറിയാതെ കൂടെയെത്തും.
ഇങ്ങനെ ചെയ്യരുത്..!
ഒരിക്കൽ ഉപയോഗിച്ച എണ്ണ പുതിയ എണ്ണയുടെ കൂടെ ചേർത്ത് ഉപയോഗിക്കുന്ന രീതിയും വീട്ടമ്മമാർക്കുണ്ട്. ബാക്കി വരുന്ന ചൂടാക്കിയ എണ്ണ ഒരു പാത്രത്തിൽ മാറ്റിവയ്ക്കും.
എണ്ണ തീരുന്പോൾ ആ എണ്ണയും കുറച്ചു പുതിയ എണ്ണയും കൂടി ഒഴിച്ചു ചൂടാക്കും. അങ്ങനെ ചെയ്യരുത്. റിപ്പീറ്റഡ് ഹീറ്റിംഗ് പാടില്ല. ആവർത്തിച്ചു ചൂടാക്കിയ എണ്ണ ആരോഗ്യത്തിന് ഹാനികരം.
എന്താണു പോംവഴി?
ഒരുദിവസം ഉപയോഗിച്ച എണ്ണ തൊട്ടടുത്ത ദിവസം കൊണ്ട് ഉപയോഗിച്ചു തീർക്കണം.
വിവരങ്ങൾ: ഡോ. അനിത മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്.
Family Health
കാല്‍മുട്ടിലെയും ഇടുപ്പിലെയും സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ റോബോട്ടുകളുടെ സഹായത്തോടെ ചെയ്യുന്നത് ഈ മേഖലയിലെ പുതിയ കാല്‍വയ്പ്പാണ്.
റോബോട്ടുകള്‍ ഓപ്പറേഷനില്‍ എങ്ങനെ സഹായിക്കുന്നു എന്നത് പലരുടെയും സംശയമാണ്. ഓപ്പറേഷന് തിയറ്ററിന്റെ ഉള്ളിലേക്കു പ്രവേശിപ്പിക്കാവുന്ന റോബോട്ടിക് മെഷീന് സര്‍ജനോടൊപ്പം രോഗിയുടെ സമീപം നിലയുറപ്പിക്കുന്നു.
രോഗിയുടെ കാല്‍മുട്ടിന്റെ പൊസിഷന്‍ മനസിലാക്കാന്‍ വേണ്ടിയുള്ള കാമറകള്‍, സര്‍ജനോ അല്ലെങ്കില്‍ സഹായിക്കോ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ മോണിറ്റര്‍, എല്ലുകള്‍ ആവശ്യാനുസരണം മുറിക്കാനുള്ള ഉപകരണം (saw/burr) ഘടിപ്പിച്ച യന്ത്രക്കൈ എന്നിവയാണ് റോബോട്ടിന്റെ
പ്രധാന ഭാഗങ്ങള്‍.
എല്ലുകളുടെ അഗ്രഭാഗങ്ങള്‍ ഏതളവില്‍ കട്ട് ചെയ്യണം എന്നുള്ളത് നിജപ്പെടുത്തുന്നതു സര്‍ജനാണ്. റോബോട്ടിക് സംവിധാനത്തില്‍ ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ നാവിഗേഷന്‍ സോഫ്റ്റ് വെയര്‍ ഇതില്‍ സര്‍ജനെ സഹായിക്കുന്നു.
സര്‍ജറിയുടെ ആദ്യഘട്ടത്തില്‍ സര്‍ജനും സഹായികളും ചേര്‍ന്ന് മുട്ട്, ശസ്ത്രക്രിയയിലൂടെ തുറന്ന് ഉള്‍ഭാഗം പരിശോധിച്ച് എല്ലുകളില്‍ സെന്‍സറുകള്‍ സ്ഥാപിക്കുകയും റോബോട്ടിന്റെ റഫറന്സിംഗിനുവേണ്ടി സെന്‍സര്‍ പെന്‍ ഉപയോഗിച്ച് മാര്‍ക്ക് ചെയ്യുകയും വേണം.
തുടര്‍ന്ന് റോബോട്ടിന്റെ യന്ത്ര ക്കൈ കാല്‍മുട്ടിലേക്ക് അടുപ്പിച്ചുകൊടുക്കുമ്പോള്, നേരത്തെ നിജപ്പെടുത്തിയ അളവില്‍ എല്ലുകളുടെ അഗ്രഭാഗം റോബോട്ട് മുറിക്കുന്നു. ഈ പ്രക്രിയ സര്ജന് ആവശ്യാനുസരണം നിയന്ത്രിക്കാം.
ഇംപ്ലാന്റുകള്‍ താല്‍ക്കാലികമായി വച്ചു നോക്കി ആവശ്യമെങ്കില്‍ എല്ലുകള്‍ മുറിച്ചതിന്റെ അളവ്, ആംഗിള്‍ എന്നിവ സൂക്ഷ്മമായ തോതില്‍ വീണ്ടും മാറ്റാവുന്നതാണ്.
കാല്‍മുട്ട് ശസ്ത്രക്രിയ വിജയിക്കാന്‍ ഈ അളവുകളില്‍ കൃത്യത വളരെ സുപ്രധാനമാണ് എന്നതിനാല്‍ സര്‍ജന്റെ പരിചയസമ്പത്തും റോബോട്ടിന്റെ കൃത്യതയും സഹായകമാകുന്നു.
റോബോട്ടിന്റെ ചലനങ്ങള്‍ കംപ്യൂട്ടര്‍ നിയന്ത്രിക്കുന്നതിനാലും അതോടൊപ്പം സര്‍ജന്റെ മേല്‍നോട്ടം ഉള്ളതിനാലും എല്ലുകള്‍ക്കു ചുറ്റുമുള്ള ഞരമ്പുകള്‍, രക്തക്കുഴലുകള്‍, ലിഗമെന്റുകള്‍ മുതലായവയ്ക്ക് പരിക്ക് പറ്റാനുള്ള സാധ്യത കുറയുന്നു.
കാല്‍മുട്ട് ശസ്ത്രക്രിയയില്‍ റോബോട്ടുകളുടെ ഉപയോഗത്തിന് പ്രചാരം കൂടുന്നുണ്ട് എന്നിരുന്നാലും രോഗികള്‍ക്ക് അതുമൂലം ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രയോജനമുണ്ടോ എന്ന വിഷയത്തില്‍ പഠനങ്ങള്‍ ഇനിയും ആവശ്യമാണ്.
മെഷീന് ലേണിംഗ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ സാങ്കേതിക വിദ്യകള്‍ കൂടി ചേരുമ്പോള്‍ ഭാവിയില്‍ റോബോട്ടിക് സര്‍ജറിയുടെ സാധ്യത വിപുലമാകും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ഉണ്ണിക്കുട്ടൻ .ഡി
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Family Health
വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന മുട്ടുവേദനകള്‍ കൂടുതലും തേയ്മാനം മൂലമാണ്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണു കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു.
എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്തി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്.
തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്.
സന്ധിവാതം പലവിധം
പ്രായാനുപാതികമായ മാറ്റങ്ങളും അമിത ശരീരഭാരവും പേശികളുടെ ബലക്കുറവും മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് തേയ്മാനത്തിന്റെ ഏറ്റവും സാധാരണ കാരണം.
ഇതുകൂടാതെ രക്തസംബന്ധമായ ആര്‍ത്രൈറ്റിസ് (rheumatoid arthritis), അണുബാധ (septic arthritis), പരിക്കുകള്‍ എന്നിവയും തേയ്മാനത്തിനു കാരണമാകാം.
രോഗലക്ഷണങ്ങളും ചികിത്സയും
കാല്‍മുട്ടില്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയും നീരുമാണ് പ്രധാന ലക്ഷണം. ഇതുകൂടാതെ കാല്‍മുട്ട് മടക്കുന്നതിനും കയറ്റം കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടും അനുഭവപ്പെടുന്നു.
വേദനയ്ക്കു മാത്രമല്ല, കാൽ വളയുന്നതിനും ഇതു കാരണമാകുന്നു. ഏതെങ്കിലും ഒരു ഭാഗത്തുള്ള തരുണാസ്തി കൂടുതലായി തേയുന്നതാണ് വളവിന്റെ കാരണം.
തുടക്കത്തിൽ ചികിത്സിച്ചാൽ
പ്രാരംഭഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗം.
അമിത ശരീരഭാരം നിയന്ത്രിക്കുന്നതു തേയ്മാനം തടയാന്‍ സഹായകം. രക്തസംബന്ധമായതും അണുബാധ മൂലവുമുള്ള ആര്‍ത്രൈറ്റിസുകള്‍ തുടക്കത്തിലെ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പുവരുത്തണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ഉണ്ണിക്കുട്ടൻ .ഡി
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Family Health
മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും.
എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.
തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.
ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോ എന്നു സംശയിക്കണം.
Family Health
വൃക്കവീക്കത്തിനു പരിഹാരമായി
ഫൈലോപ്ലാസ്റ്റി(Pyeloplasty) എന്ന ശസ്ത്രക്രിയയാണു ചെയ്യുന്നത്. വൃക്കയി ലേക്കുള്ള നാളിയിൽ മൂത്രതടസം നേരിടുന്ന ഭാഗം നീക്കം ചെയ്ത് ബാക്കി ഭാഗം കൂട്ടിയോജിപ്പിച്ച ശേഷം ഒരു സ്റ്റെന്റ് ഇടുകയും, പിന്നീട് ഒരു മാസത്തിനുശേഷം ഇതു നീക്കം ചെയ്യുകയും തുടര്‍ന്നുള്ള ചികിത്സ നല്‍കുകയും ചെയ്യുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം 1-3 മാസത്തിനുശേഷം വൃക്കവീക്കം കുറഞ്ഞോ എന്നത് സ്കാനിംഗിലൂടെ പരിശോധിക്കണം.
ന്യൂക്ലിയാർ സ്കാൻ
വൃക്കയുടെ പ്രവര്‍ത്തനം നടത്തുന്ന ഭാഗത്ത് മുമ്പ് കട്ടി കുറഞ്ഞിരുന്നുവെങ്കില്‍ ശസ്ത്രക്രിയയ്ക്കുശേഷം അവിടെ കട്ടി കൂടുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ശസ്ത്രക്രിയയ്ക്കുശേഷം ഒരു വര്‍ഷം തുടര്‍ച്ചയായ ഇടവേളകളില്‍ ഡോക്ടറെ കാണേണ്ടതാണ്.
പിന്നീട് ന്യൂക്ലിയര്‍ സ്കാന്‍ ചെയ്തതിനുശേഷം വൃക്കവീക്കം കുറഞ്ഞെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
95% വിജയ സാധ്യത
ചില കുഞ്ഞുങ്ങളില്‍ ശസ്ത്രക്രിയയ്ക്കുശേഷവും വൃക്കകളുടെ വലുപ്പം കൂടിയതായി കണ്ടുവരാറുണ്ട്. ആദ്യം വീക്കം വന്നതിനാല്‍ വൃക്കകളുടെ ഇലാസ്തികത നഷ്ടമായതു കൊണ്ടാണ് വീക്കം ഉള്ളതായി കാണുന്നത്.
മൂത്രതടസലക്ഷണം ഒന്നും തന്നെ ഇല്ലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. ഈ സാഹചര്യത്തില്‍ വീണ്ടും ശസ്ത്രക്രിയയുടെ ആവശ്യമില്ല. 95% വിജയ സാധ്യതയുള്ള ഒരു ശസ്ത്രക്രിയയാണ് ഫൈലോപ്ലാസ്റ്റി Pyeloplasty).
ശസ്ത്രക്രിയ ചെയ്യേണ്ടത്...
നവജാതശിശുക്കളില്‍ സ്കാന്‍ ചെയ്യുമ്പോള്‍ വൃക്കയുടെ വലിപ്പം വളരെ കൂടുതലായി കാണുകയാണെങ്കില്‍ ബാക്കി പരിശോധനകള്‍ക്കുശേഷം മൂത്രതടസം നേരിടുന്നു എന്നു മനസിലാക്കിയാല്‍ ഉടനെതന്നെ ശസ്ത്രക്രിയ ചെയ്യേണ്ടതാണ്.
സാധാരണയായി ടെസ്റ്റുകള്‍ എല്ലാം ചെയ്തതിനുശേഷം ബ്ലോക്ക് ഉണ്ടെന്നു തീര്ച്ചപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഫൈലോപ്ലാസ്റ്റി (Pyeloplasty) ചെയ്യേണ്ടത്.
ഡോക്ടര്‍ പരിശോധിച്ചശേഷം കുഞ്ഞിന്റെ ഈ അവസ്ഥ ഭേദമാകാന്‍ കഴിയുന്ന തരത്തില്‍ അനുയോജ്യമായ സമയമാണ് ശസ്ത്രക്രിയയ്ക്കായി തെരഞ്ഞെടുക്കുന്നത്.
ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതി അറിയുന്നതിനുള്ള സ്കാനുകള്‍ ചെയ്യേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾ: ഡോ. പ്രതിഭ സുകുമാർ
കൺസൾട്ടന്റ് പീഡിയാട്രിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
വൃക്കകളില്‍ മൂത്രം കെട്ടി നില്ക്കുമ്പോള് ഒരു പരിധിവരെ അവിടത്തെ ടിഷ്യുകള്‍ക്ക് ഇലാസ്തികത ഉണ്ടാകും. പിന്നീട് അളവ് കൂടുമ്പോള്‍ അവയ്ക്ക് പിടിച്ചുനിര്‍ത്താന്‍ പറ്റില്ല. അത്തരത്തില്‍ വൃക്കകളിലെ സമ്മര്‍ദം കൂടി പാരൻകൈമ (Parenchyma) കോശങ്ങളെ ബാധിക്കുകയും വൃക്കകള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു.
പണ്ടുകാലത്ത് കുഞ്ഞുങ്ങളില്‍ മൂത്ര തടസം ഉണ്ടായി വൃക്ക തകരാറില്‍ ആവുകയോ, മൂത്രക്കല്ല് ഉണ്ടായി അണുബാധയിലേക്ക് നയിക്കുമ്പോഴോ ഒക്കെയാണ് ഈ അവസ്ഥ തിരിച്ചറിയാന്‍ സാധിക്കുന്നത്.
ആ സമയത്ത് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തുന്നു. എന്നാല്‍ ഇന്ന്, ആരോഗ്യപരിപാലന രംഗത്തെ പുരോഗതി മൂലം നേരത്തെ രോഗനിര്‍ണയം സാധിക്കുകയും അതുവഴി കൃത്യമായി ചികിത്സ കൃത്യസമയത്ത് നല്‍കാനുമാകുന്നു.
വയറുവേദന
ഏതെങ്കിലും ഒരു ഘട്ടത്തില്‍ വലുപ്പം പെട്ടെന്നു കൂടുകയോ, കുഞ്ഞിന് വയറുവേദനയോ മറ്റോ അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി ചികിത്സിക്കേണ്ടതാണ്.
ഈ സാഹചര്യത്തില്‍ അള്‍ട്രാസൗണ്ട് സ്കാനിനു ശേഷം ന്യൂക്ലിയര്‍ സ്കാന്‍ ചെയ്ത് തടസത്തിന്റെ തോത് മനസിലാക്കി അതുമൂലം വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്തിയിട്ടാണ് ശസ്ത്രക്രിയയുടെ ആവശ്യമുണ്ടോ എന്നു തീരുമാനിക്കുന്നത്.
ഫൈലോപ്ലാസ്റ്റി(Pyeloplasty) എന്ന ശസ്ത്രക്രിയയാണ് ഇതിനായി ചെയ്യുന്നത്. ഈ ശസ്ത്രക്രിയ താക്കോല്‍ ദ്വാരമായോ റോബോട്ടിക്സ് വഴിയോ ചെയ്യാവുന്നതാണ്.
ശസ്ത്രക്രിയാരീതികൾ
കുഞ്ഞിന്റെ വയറിന്റെ ഒരു ഭാഗത്ത് മുറിവുണ്ടാക്കി, തുറന്നുള്ള ശസ്ത്രക്രിയയാണ് സാധാരണയായി ചെയ്യുന്നത്. കുഞ്ഞ് വളരുന്നതനുസരിച്ച് ഈ മുറിവിന്റെ പാട് കുറയുന്നു.
പാട് കുറയ്ക്കുന്നതിനു വേണ്ടിയാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയാ മാര്‍ഗം സ്വീകരിക്കുന്നത്. കുഞ്ഞിന്റെ വലുപ്പവും വൃക്ക വീക്കത്തിന്റെ തോതും അനുസരിച്ചാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയ സാധ്യമാണോ എന്നു വിലയിരുത്തുന്നത്.
വിവരങ്ങൾ: ഡോ. പ്രതിഭ സുകുമാർ
കൺസൾട്ടന്റ് പീഡിയാട്രിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
സാധാരണയായി കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്കവീക്കം. അമ്മമാരില്‍ നടത്തുന്ന അനോമലി സ്കാനിൽ (Anomaly Scan) വൃക്കവീക്കം (Hydro nephrosis) എന്ന അവസ്ഥയുടെ നിര്‍ണയം സാധ്യമാണ്.
മൂത്രനാളിയിലെ (Ureter) തടസം കാരണം വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ് ഹൈഡ്രോനെഫ്രോസിസ് (Hydronephrosis). മറ്റു കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥ ഉണ്ടാകുന്നു. ഗര്‍ഭാവസ്ഥയില്‍ 5 മാസത്തിനു ശേഷമുള്ള എല്ലാ സ്കാനിംഗിലും ഹൈഡ്രോനെഫ്രോസിസ് കണ്ടുപിടിക്കാന്‍ സാധി ക്കുന്നു.
ഈ ഒരു അവസ്ഥ ഗര്‍ഭസ്ഥ ശിശുവിന് ഉണ്ടെങ്കില്‍ പേടിക്കേണ്ടതില്ല. ജനനശേഷം നടത്തുന്ന തുടര്‍ച്ചയായ സ്കാനുകളില്‍ 90% കുഞ്ഞുങ്ങളിലും വീക്കം മാറുന്നതായി കാണുന്നു.
ബാക്കി 10% കുഞ്ഞുങ്ങള്‍ക്കാണ് ശസ്ത്രക്രിയ പോലുള്ള ചികിത്സാ രീതികള്‍ വേണ്ടിവരുന്നത്. ജനിച്ച് ആദ്യ 3 ദിവസത്തിനുള്ളില്‍, 1 മാസം കഴിഞ്ഞ്, 3 മാസം ആകുമ്പോള്‍, തുടര്‍ന്ന് 3 മാസത്തെ ഇടവേളകളില്‍, അങ്ങനെ 1 വയസുവരെ സ്കാനിംഗ് തുടരേണ്ടതാണ്.
പിന്നീട് സ്കാനിംഗില്‍ കാണുന്ന വലുപ്പം അനുസരിച്ച് 6 മാസം, 1 വര്‍ഷം കാലയളവുകളില്‍ സ്കാന്‍ ചെയ്ത് വൃക്കകളുടെ വലുപ്പം നിരീക്ഷിക്കേണ്ടതാണ്.
സാധാരണയായി കുഞ്ഞുങ്ങള്‍ വളരുന്നതനുസരിച്ച് ഈ അവസ്ഥ മാറുന്നു. എന്നാല്‍ 10% കുഞ്ഞുങ്ങളില്‍ ഇതു മാറാതെ നില്‍ക്കുകയും ശസ്ത്രക്രിയ ചെയ്യേണ്ടതായും വന്നേക്കാം.
വൃക്കയില്‍ നിന്ന് താഴേക്കു പോകുന്ന മൂത്രനാളിയില്‍ ജന്മനായുള്ള തടസം / ചുരുക്കംമൂലമാണ് ഹൈഡ്രോനെഫ്രോസിസ് ഉണ്ടാകുന്നതെങ്കില്‍ (Pelviureteric Junction Obstruction - PUJO) ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.
വൃക്കകളില്‍ മൂത്രം കെട്ടി നില്ക്കുമ്പോള് ഒരു പരിധിവരെ അവിടത്തെ ടിഷ്യുകള്‍ക്ക് ഇലാസ്തികത ഉണ്ടാകും. പിന്നീട് അളവ് കൂടുമ്പോള്‍ അവയ്ക്ക് പിടിച്ചുനിര്‍ത്താന്‍ പറ്റില്ല.
അത്തരത്തില്‍ വൃക്കകളിലെ സമ്മര്‍ദം കൂടി പാരൻകൈമ(Parenchyma) കോശങ്ങളെ ബാധിക്കുകയും വൃക്കകള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു. ആധുനിക കാലത്ത് ഈ അവസ്ഥ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്താന്‍ സാധിക്കും.
വിവരങ്ങൾ: ഡോ. പ്രതിഭ സുകുമാർ
കൺസൾട്ടന്റ് പീഡിയാട്രിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Fitness
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍ മുതല്‍ നിരവധി ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.
കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന് വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...
92 ശതമാനം ജലാംശം
തണ്ണിമത്തനില്‍ 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മത്തിന്റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന്‍ സഹായികമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍, അര്‍ജിനൈന്‍ എന്നിവയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൊളാജന്‍, ആന്റിഓക്സിഡന്റ് സമ്പന്നം
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, വരകള്‍ തുടങ്ങിയ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇതിന് കഴിയും.
ചര്‍മത്തിന്റെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം തണ്ണിമത്തനിലുണ്ട്.
തണ്ണിമത്തനില്‍ കുക്കുര്‍ബിറ്റാസിന്‍ ഇ, ല്യൂട്ടോലിന്‍ എന്നീ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലെ വീക്കം, ചുവന്നു തടിക്കല്‍ എന്നിവയ്ക്ക് പ്രതിവിധിയാണ്.
അള്‍ട്രാവയലറ്റ് സംരക്ഷണം
തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ശരീരത്തിനു സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന് പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ സഹായിക്കും.
മാത്രമല്ല, തണ്ണിമത്തന് ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്‍
തണ്ണിമത്തനില്‍ കലോറി കുറവാണ്. നാരുകളാല്‍ സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന്‍ ഉത്പാദനം, നീര് കുറയ്ക്കല്‍, പോഷണം തുടങ്ങിയവ നല്‍കിക്കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന് ഉപകാരപ്രദമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന് മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്‍മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില്‍ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.
Fitness
തേങ്ങ വെള്ളത്തിനും കരിക്കിന് വെള്ളത്തിനും നമ്മുടെ ആരോഗ്യത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഹൃദയാരോഗ്യം മുതല്‍ കിഡ്നി പ്രശ്നങ്ങള്‍ക്കുവരെ തേങ്ങ വെള്ളവും കരിക്കിന് വെള്ളവും അത്യുത്തമമാണ്.
വേനല്ക്കാലത്തില് മാത്രമല്ല, ഏത് കാലാവസ്ഥയിലും തേങ്ങാ വെള്ളവും കരിക്കിന് വെള്ളവും നമ്മുടെ ശരീരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.
വേനല്‍ക്കാലത്തെ നിര്‍ജലീകരണം ഉള്‍പ്പെടെ തടയാന്‍ തേങ്ങ/കരിക്കിന് വെള്ളത്തിനു സാധിക്കും. തേങ്ങ/കരിക്കിന് വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്...
ഇലക്ട്രോലൈറ്റുകള്‍ നല്കുന്നു
തേങ്ങ/കരിക്കിന് വെള്ളത്തില്‍ ഇലക്ട്രോലൈറ്റുകള്‍ ധാരളമുണ്ട്. വ്യായാമം അല്ലെങ്കില്‍ എന്തെങ്കിലും കഠിന ജോലി ചെയ്തതിന് ശേഷം സ്പോര്‍ട്സ് ഡ്രിങ്കുകള്‍ക്ക് പകരം തേങ്ങ/കരിക്കിന് വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
ശരീരത്തെ റീഹൈഡ്രേറ്റ് ചെയ്യാന്‍ ഏറ്റവും ലഘുവും സൈഡ് ഇഫക്ടുകള്‍ ഇല്ലാത്തതുമായ പാനിയമാണ് തേങ്ങ/കരിക്കിന് വെള്ളം.
കുറഞ്ഞ കലോറി ജലാംശം
തേങ്ങ/കരിക്കിന് വെള്ളത്തില്‍ കലോറി കുറവാണ്. അതേസമയം, ലഘു പാനിയങ്ങളായി നമുക്കു മുന്നിലെത്തുന്ന മറ്റുള്ളവയില്‍ അധിക കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും.
തേങ്ങ/കരിക്കിന് വെള്ളം രുചിയുള്ളതും കുറവ് മാത്രം കലോറി അടങ്ങിയതും ആണ്. അനാവശ്യമായി കലോറി ഉപഭോഗം വര്‍ധിപ്പിക്കാതെ ജലാംശം നിലനിര്‍ത്താനുള്ള എളുപ്പ മാര്‍ഗമാണ് തേങ്ങ/കരിക്കിന് വെള്ളം.
ഹൃദയാരോഗ്യം മെച്ചപ്പെടും
ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് തേങ്ങ/കരിക്കിന് വെള്ളം. രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം കൂടിയാണിത്.
പൊട്ടാസ്യത്തിനൊപ്പം മഗ്നീഷ്യം, കാല്‍സ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളും തെങ്ങ/കരിക്കിന് വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.
പ്രമേഹം, വൃക്ക സംരക്ഷണം
പ്രമേഹരോഗികള്‍ക്ക് മറ്റ് ഏതൊരു പാനിയങ്ങളേക്കാളും സുരക്ഷിതമാണ് തേങ്ങ/കരിക്ക് വെള്ളം. കാരണം, തേങ്ങ/കരിക്കിന് വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.
മാത്രമല്ല, തേങ്ങാവെള്ളം കുടിക്കുന്നത് വൃക്കകളില്‍ ക്രിസ്റ്റലിന്റെ രൂപീകരണം കുറയ്ക്കും. വൃക്കയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും തേങ്ങ/കരിക്കിന് വെള്ളം സഹായകമാണ്.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതിലൂടെ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
Fitness
ബാക്ടീരിയ, എന്‍സൈമുകള്‍ എന്നിവ ചേര്‍ത്ത് പാലില്‍നിന്ന് നിര്‍മിക്കുന്ന പോഷകസമൃദ്ധമായ ഒരു ഉത്പന്നമാണ് ചീസ്. കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചീസ്.
നിരവധി ആരോഗ്യഗുണങ്ങള്‍ ചീസിലൂടെ ലഭിക്കും. അത്തരം ആരോഗ്യഗുണങ്ങളില്‍ ചിലത് ഇവയാണ്...
കാല്‍സ്യം, പ്രോട്ടീന്‍ ഉറവിടം
കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് ചീസ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് കാല്‍സ്യം. അസ്ഥികളുടെ സാന്ദ്രതയും ശക്തിയും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
സ്ഥിരമായ കാല്‍സ്യം ഉപഭോഗം ഓസ്റ്റിയോപൊറോസിസ്, ദന്തപ്രശ്നങ്ങള്‍ എന്നിവ തടയുകയും ആജീവനാന്ത അസ്ഥിആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. ശരീരത്തില്‍ ടിഷ്യൂകള്‍ നിര്‍മിക്കുന്നതിനും നന്നാക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ ചീസില്നിന്ന് ലഭിക്കുന്നു.
മതിയായ പ്രോട്ടീന്‍ ഉപഭോഗം പേശികളുടെ കരുത്ത്, മെറ്റബോളിസം, ശരീരഭാരം നിയന്ത്രിക്കല്‍ തുടങ്ങിയവയ്ക്ക് സഹായകമാണ്.
വിറ്റാമിന്‍, കൊഴുപ്പ്, സിങ്ക്
ചീസില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ബി 12 ന്യൂറോളജിക്കല്‍ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ആവശ്യമാണ്. പതിവായി ചീസ് കഴിക്കുന്നത് വിളര്‍ച്ച തടയുകയും തലച്ചോറിന്റെ സജീവ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യും.
കാഴ്ച, രോഗപ്രതിരോധ പ്രവര്‍ത്തനം, ചര്‍മത്തിന്റെ ആരോഗ്യം എന്നിവയ്ക്ക് ചീസിലെ വിറ്റാമിന്‍ എ പ്രധാനമാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്ന ചീസ് വിറ്റാമിനുകള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും.
കൊഴുപ്പുകള്‍ സുസ്ഥിരമായ ഊര്‍ജ നിലവാരത്തെയും മൊത്തത്തിലുള്ള പോഷക സന്തുലിതാവസ്ഥയെയും പരിപോഷിപ്പിക്കുന്നു. ഇത് മെച്ചപ്പെട്ട ഉപാപചയം നല്‍കും.
രോഗപ്രതിരോധ പ്രവര്‍ത്തനം, ഡിഎന്‍എ സിന്തസിസ്, കോശവിഭജനം എന്നിവയ്ക്ക് ചീസ് അടങ്ങിയിരിക്കുന്ന സിങ്ക് അത്യാവശ്യമാണ്. പതിവായി കഴിക്കുന്നത് ശക്തമായ രോഗപ്രതിരോധവും മുറിവ് ഉണക്കുന്നതിനും ഉപകരിക്കും.
കുടലിന്റെ ആരോഗ്യം, ഫോസ്ഫറസ്
ചീസുകളില്‍ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വര്‍ധിപ്പിക്കും. അതുപോലെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ദഹനനാളരോഗങ്ങള്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ചീസില്‍ ഫോസ്ഫറസ് ധാരാളമായി അടങ്ങിയിരിക്കുന്നു. അസ്ഥി, പല്ല് എന്നിവയുടെ കരുത്തിന് ഫോസ്ഫറസ് കാല്‍സ്യവുമായി പ്രവര്‍ത്തിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും ഘടനാപരമായ സമഗ്രത ഉറപ്പാക്കുകയും ഒടിവുകളും ക്ഷയവും തടയുകയും ചെയ്യാനും ഫോസ്ഫറസ് സഹായകമാണ്.
ശരീരഭാരം നിയന്ത്രിക്കാം
ചീസിലെ ഉയര്‍ന്ന പ്രോട്ടീനും കൊഴുപ്പും വിശപ്പ് നിയന്ത്രിക്കുകയും കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനെ പിന്തുണയ്ക്കുകയും ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുകയും ചെയ്യും.
അതുപോലെ ഭക്ഷണത്ത ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കുകയും ആന്റിഓക്സിഡന്റായും ചീസ് പ്രവര്‍ത്തിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.
Fitness
പെട്ടെന്നു ഭാരം കുറയ്ക്കുക... ട്രെന്‍ഡിംഗായി നടക്കുന്ന ഒരു പരിപാടിയായി ഇതുമാറിയിരിക്കുന്നു. എന്നാല്‍, ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കല്‍ രീതികള്‍ ശരീരത്തിനു ഗുണകരമല്ല എന്നതാണ് വാസ്തവം
തീവ്രമായ വ്യായാമം, കുറഞ്ഞ കലോറി ഭക്ഷണം, ദൈനംദിന ഉപഭോഗം 800 കലോറിയില്‍ കുറവ് എന്നിങ്ങനെയുള്ള മുറകളാണ് അതിവേഗം ശരീരഭാരം കുറയ്ക്കാന്‍ മിക്കപ്പോഴും ചെയ്യുന്നത്. ഇത് പലപ്പോഴും പോഷകക്കുറവിനു കാരണമാകും.
കീറ്റോ, ജ്യൂസ് ക്ലീന്‍സ് അല്ലെങ്കില്‍ ഡിറ്റോക്സ് ഡയറ്റുകള്‍ പോലുള്ളത് ശരീരത്തിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഭക്ഷണം കഴിക്കുന്നത് ചില മണിക്കൂറുകളോ ദിവസങ്ങളോ ആയി പരിമിതപ്പെടുത്തിയിരിക്കുന്ന ഇടവിട്ടുള്ള ഉപവാസം പോലുള്ള രീതികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
ദ്രുതഗതിയില്‍ ഭാരം കുറയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവയാണ്...
പോഷകക്കുറവ്, പേശി ചുരുങ്ങല്‍
ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ കലോറി നിയന്ത്രണം നടത്തുകയാണ് ചെയ്യുന്നത്. ഇത് അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തതയിലേക്ക് നയിച്ചേക്കും. ആരോഗ്യത്തെ ഇതു പ്രതികൂലമായി ബാധിക്കും.
പോഷകാഹാരം കുറയുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജ നില താളം തെറ്റും. അതോടെ തലച്ചോറിന്റെ പ്രവര്‍ത്തനം, മൊത്തത്തിലുള്ള ആരോഗ്യക്ഷേമം എന്നിവ അസന്തുലിതാവസ്ഥയിലാകും.
അതുപോലെ പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കല്‍ കൊഴുപ്പ് മാത്രമല്ല, പേശികളുടെ പിണ്ഡം നഷ്ടപ്പെടാന്‍ ഇടയാക്കും. ഇത് നിങ്ങളുടെ ശക്തി, മെറ്റബോളിസം, മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനം എന്നിവ കുറയ്ക്കും.
പിത്തസഞ്ചി, ചര്‍മം ചുരുങ്ങല്‍
വേഗത്തില്‍ ശരീരഭാരം കുറയുന്നത് പിത്തസഞ്ചിക്കു കേടുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. വേദന തുടങ്ങുന്നതോടെ പിത്തസഞ്ചി നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
ശരീരം ഊര്‍ജം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മെറ്റബോളിസം ഗണ്യമായി മന്ദഗതിയിലായേക്കും. ദ്രുതഗതിയിലുള്ള ശരീരഭാരം കുറയുമ്പോള്‍ ചര്‍മ്മത്തിന് പുതിയ ശരീര വലുപ്പവുമായി പൊരുത്തപ്പെടാന്‍ മതിയായ സമയം നല്‍കുന്നില്ല, ഇത് ചര്‍മത്തിന് അമിതമായ ചുളിവുണ്ടാക്കും.
നിര്‍ജലീകരണം, ഹോര്‍മോണ്‍
ദ്രുതഗതിയില്‍ ശരീരഭാരം കുറയുന്നത് നിര്‍ജലീകരണത്തിനു കാരണമായേക്കും. പ്രത്യേകിച്ച് വേണ്ടത്ര വെള്ളം കഴിക്കുന്നില്ലെങ്കില്‍. ഭാരത്തിലെ കാര്യമായ മാറ്റങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സിനെ തടസപ്പെടുത്തും.
ഇത് സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേട്, പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാകും.
അതുപോലെ ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ചിലപ്പോള്‍ വിഷാദംവരെ ഉണ്ടാകാന്‍ കാരണമായേക്കും.
ശരീരഭാരം കുറയ്ക്കുന്നത് പലപ്പോഴും സുസ്ഥിരമല്ല. ശരീരഭാരം കുറയ്ക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു ചക്രത്തിലേക്ക് ഇതു നയിച്ചേക്കും.
അതോടെ മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കുകയും ഭാവിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുകയും ചെയ്യും.
Fitness
അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) അഥവാ "യോ-യോ" ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.
പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ
അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:
1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.
ഡയറ്റിംഗിനെക്കുറിച്ചു നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:
ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ 5 വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.
അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?
1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.
2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.
3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.
‘പട്ടിണി’ മോഡ്!
ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.
ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.
പോഷകക്കുറവ്
ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.
ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Ayurveda
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നു പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തേക്കാൾ സജീവമായി നമ്മളിൽ പിടി മുറുക്കുന്നതായി കാണാം.
പ്രതിരോധശക്തി കുറയുമ്പോൾ
മനുഷ്യരിലുള്ള സഹജമായ ബലം അല്ലെങ്കിൽ പ്രതിരോധശക്തി ഇക്കാലത്തു കുറയുന്നതാണ് ഒരു കാരണം.
ദുഷിച്ച അന്തരീക്ഷത്തിൽ പെരുകുന്ന രോഗാണുക്കൾ, കൊതുക് മുതലായവയുടെ ആക്രമണമാണ് മറ്റൊരു പ്രധാന കാരണം.
ചുരുക്കത്തിൽ വെള്ളക്കെട്ട്, കൊതുകുകൾ പെരുകൽ തുടങ്ങിയവ തടയുന്നതിനുള്ള മഴക്കാലപൂർവ ശുചീകരണം പോലെ നമ്മുടെ ശരീരത്തിലും ശുചീകരണം നടത്തേണ്ട സമയമാണ് വർഷകാലം.
ആഹാരം ഔഷധമായി...
ആഹാരം ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണു കർക്കടകം. പത്തിലയും ദശപുഷ്പവുമൊക്കെ ഔഷധമാക്കുന്ന കാലം.
പഞ്ഞമാസത്തെ രോഗപ്രതിരോധത്തിനും ശരീരശക്തിക്കുമായി പ്രയോജനകരമാക്കിയായിരുന്നു ജീവിതചര്യ.
ഔഷധക്കഞ്ഞി
അവയിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ പൂർവികർ അനുവർത്തിച്ചു പോന്നിരുന്ന ഔഷധക്കഞ്ഞിയുടെ സേവ.
ദശമൂലവും ത്രികടുവും ശതകുപ്പയും ഉലുവയും ജീരകവും ചേർത്ത ഔഷധക്കഞ്ഞി സേവിക്കുന്നതുമൂലം ദേഹപോഷണവും ദഹനവും രോഗപ്രതിരോധ ശേഷിയും മാത്രമല്ല വർഷകാലത്ത് സജീവമാകുന്ന വാതകഫരോഗങ്ങളെ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.
നുറുക്കു ഗോതമ്പ്, ബാർലി, പൊടിയരി
എല്ലാവർക്കും കഞ്ഞിക്ക് നവരയരി അനുയോജ്യമാകാത്തതിനാൽ നുറുക്കു ഗോതമ്പ്, ബാർലി, പൊടിയരി ഇവയിലേതെങ്കിലും പ്രയോജനപ്പെടുത്താവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.
Ayurveda
പ്രപഞ്ചത്തിൽ നിന്നു വ്യത്യസ്തനല്ല വ്യക്തി. പ്രപഞ്ചത്തിലെ എല്ലാ പ്രകൃതി പ്രതിഭാസങ്ങളും വ്യക്തിയിൽ നിലനിൽക്കുന്നു. എല്ലാ പ്രതിഭാസങ്ങളെയും ഈ രീതിയിൽ മനസിലാക്കാൻ വിവേകശാലികൾ ആഗ്രഹിക്കുന്നു’.(ചരകസംഹിത-ശരീരസ്ഥാനം അധ്യായം 4, ശ്ലോകം 13)
വർഷകാലം വായുവും ജലവും അടങ്ങുന്ന അന്തരീക്ഷത്തെ മാത്രമല്ല ദുഷിപ്പിക്കുന്നതെന്നും മറിച്ച് മനുഷ്യരടക്കം സകല ജീവജാലങ്ങളുടെയും ശരീരത്തെയും മനസിനെയും കൂടി പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മനസിലാക്കിയതിനാലാവാം നമ്മുടെ പൂർവികർ ഈ കാലത്ത് ആയുർവേദത്തിലൂന്നിയ ആരോഗ്യ രക്ഷാമാർഗങ്ങൾക്കു കൂടുതൽ പ്രാധാന്യം നല്‍കിയത്.
കാലവർഷമെന്നാൽ കേരളത്തിനു ഭയമാണ്. മഴക്കെടുതിയുണ്ടാക്കുന്ന ബാഹ്യ സാഹചര്യങ്ങൾ കൊണ്ടു മാത്രമല്ല, കാലാവസ്ഥ മാറുമ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ കൊണ്ടു രോഗപ്രതിരോധശേഷി കുറയുന്നതു മൂലമുള്ള വ്യാധികളും നമ്മളെ കൂടുതൽ സമ്മർദത്തിലാക്കുന്നു.
ഔഷധം, ജീവിതരീതി
ആയുർവേദം ഔഷധത്തോടൊപ്പം പ്രാധാന്യം നൽകുന്നതു ജീവിതരീതിക്കാണ്. അതുപോലെ രോഗചികിത്സയിൽ നിദാന പരിവർജ്ജനം (രോഗകാരണങ്ങൾ കണ്ടെത്തി ഉപേക്ഷിക്കുക) എന്ന ഘടകത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നു. അതുകൊണ്ടുതന്നെയാണ് ആയുർവേദ ചികിത്സാശാസ്ത്രം കാലാതിവർത്തിയായി നിലനില്ക്കുന്നതും.
പകർച്ചവ്യാധികളുടെ കാലം
വർഷകാലം പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. കുറച്ചുകാലം മുമ്പു വരെ സമൂഹത്തെ രോഗാതുരമാക്കിയതു കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കുൻഗുനിയ, ഡെങ്കി മുതലായവയാണെങ്കിൽ ഇപ്പോൾ ഇവ കൂടാതെ കോവിഡ്, നിപ്പ മുതലായവ കൂടി നമ്മുടെ രോഗാതുരതയുടെ ആക്കം കൂട്ടിയിരിക്കുന്നു.
കാലാവസ്ഥാവ്യതിയാനം
യഥാർഥത്തിൽ കാലാവസ്ഥാവ്യതിയാനം കർക്കടകചര്യയെന്ന ചിട്ടയെ കുറച്ചുകൂടി വ്യാപ്തിയോടെയും ഗൗരവത്തോടെയും സ്വീകരിക്കാൻ നമ്മളെ നിർബന്ധിതരാക്കുന്നു. അച്ചിട്ട പോലെയുള്ള ഇടവപ്പാതിയും തിരുവാതിര ഞാറ്റുവേലയും കർക്കടകത്തിലെ പതിനെട്ടാം പെരുക്കവുമൊക്കെ ആഗോളതാപനത്താൽ ഇനി അങ്ങനെ വരണമെന്നില്ല.
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നും പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തേക്കാൾ സജീവമായി നമ്മളിൽ പിടിമുറുക്കുന്നതായി കാണാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.