Out of Range
ആശാ വർക്കർ! ആരാണോ ആ പേരിട്ടത്? പേരു പോലെതന്നെ ഇതുവരെ വർക്ക് ചെയ്തിട്ടും അവർക്ക് ആശയ്ക്കു വകയൊന്നും കാണുന്നില്ല. ആശാ വർക്കർമാർ ആശയറ്റു നിൽക്കുന്പോൾ അവർക്കു മുന്നിൽ തമാശ വർക്കർമാരായി മാറിയിരിക്കുകയാണ് അധികൃതർ.
സ്റ്റാർട്ടപ്പുകളുടെ കാലമല്ലേ, പാവപ്പെട്ട സമരക്കാരുടെ ആശയ്ക്കല്ല, പിഎസ്സിക്കാരുടെ മീശയ്ക്കാണ് ബ്രാൻഡ് മൂല്യം. അതുകൊണ്ടാണ് ആശയ്ക്കു വയ്ക്കുമെന്നു പ്രതീക്ഷിച്ചത് മീശയ്ക്കു കൊടുത്തത്. ആശിച്ചതിലുമേറെ മേശപ്പുറത്തു കിട്ടിയതിന്റെ ആവേശത്തിലായിപ്പോയി ആശാൻമാർ, ഖജനാവ് നാശമായാലും മോശമാകരുതല്ലോ വേണ്ടപ്പെട്ടവരുടെ കീശകൾ!
അതിനിടെ, ആരോഗ്യമന്ത്രിയുടെ തകർപ്പൻ തമാശ. ആശമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയാറാണത്രേ. ആർക്കും ചിരി വന്നില്ലെങ്കിലും കുലുങ്ങിച്ചിരിച്ച ചിലരുണ്ട്, ചില എളമരങ്ങളും മൂത്ത മരങ്ങളും. ആളും പരിവാരങ്ങളുമായി ഡൽഹിയിൽ പോയി സമരത്തിനു ചെലവാക്കുന്ന കാശ് ആ പാവങ്ങൾക്കു വീതിച്ചു കൊടുത്താൽ അവർ സമരം നിർത്തി എഴുന്നേറ്റു പോയ്ക്കോളും മാഷേ...
ചിരി നിർത്താൻ പറ്റാഞ്ഞിട്ടാണോയെന്നറിയില്ല എളമരത്തിന്റെ വക നരച്ചു മൂത്ത തമാശ കേട്ടാണ് പിന്നെ കേരളം ഉണരുന്നത്. തലസ്ഥാനത്തു സമരം നടത്തുന്ന ആശാ വർക്കർമാരുടേത് “ഈർക്കിലി സംഘടന” എന്നതായിരുന്നു കരിംജിയുടെ കണ്ടെത്തൽ.
“കനൽ ഒരു തരി മതി” എന്നു ദിവസവും നാലു നേരം പരിപ്പുവടയിൽ നോക്കി പറയുന്ന പാർട്ടിയുടെ നേതാവാണ് ആശാ വർക്കർമാരെ ഈർക്കിലിയിൽ കയറ്റാൻ രംഗത്തിറങ്ങിയതെന്നതാണ് കൗതുകം. ഈർക്കിലിയാണെങ്കിലും ഈയാംപാറ്റയാണെങ്കിലും കൊള്ളേണ്ടിടത്തു കൊണ്ടാൽ വേദനിക്കും സഖാവേ. ഈർക്കിലിപ്പുരാണം കൂടുതൽ പറഞ്ഞാൽ മരമായാലും മനുഷ്യനായാലും ഇവിടെ ചിരിച്ചുകൊണ്ടു നിൽക്കാൻ ധൈര്യപ്പെടില്ല എന്നതാണ് മറ്റൊരു സത്യം.
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ് ചൊല്ല്. ഇവിടെ വർക്കർമാർക്ക് ആശ ഇഷ്ടം പോലെ കൊടുത്തു. ആന കൊടുത്തോ എന്നു ചോദിച്ചാൽ ഇപ്പോൾ ആറളത്ത് അടക്കം മലയോര മേഖലയിൽ ഇടയ്ക്കിടെ കൊടുക്കുന്നുണ്ട്. അതുകൊണ്ട് അവിടെ നാട്ടുകാർക്കു ജീവിക്കാനുള്ള ആശ തന്നെ തീർന്ന മട്ടാണ്. ഈ നാട്ടിൽ മനുഷ്യന്റെ ആശയല്ല, ആനയുടെ ആമാശയമാണ് വർക്ക് ചെയ്യേണ്ടത്! ആനയുടെ ആശയെങ്കിലും സഫലമാകുന്നുണ്ടല്ലോ എന്നോർത്ത് മനുഷ്യന് ആശ്വസിക്കാം.
ആശമാർ വർക്ക് ചെയ്യുന്നുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. കുന്നോളം ആശിച്ചാൽ കുന്നിക്കുരുവോളമെങ്കിലും കിട്ടുമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. കുന്നിക്കുരുവും നാണ്യവിളയുമൊന്നും വേണ്ട ഒരു കടുകുമണിയോളമെങ്കിലും കിട്ടിയാൽ മതിയെന്നാണ് ആശാ വർക്കർമാരുടെ ആശ. ഈ കടുകുമണി ആരു കൊടുക്കുമെന്നതിനെച്ചൊല്ലിയാണ് ഇപ്പോൾ സംസ്ഥാനവും കേന്ദ്രവും തമ്മിൽ തർക്കം.
ആശയറ്റ് സമരത്തിന് ഇറങ്ങിയിരിക്കുന്ന ആശാ വർക്കർമാരുടെ ആവശ്യത്തിനു ചെവി കൊടുക്കാതിരിക്കുന്നതു മോശമാണെന്ന് ഇനിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു തോന്നുന്നില്ലെങ്കിൽ അവർക്ക് ഒരു ഉപകാരമെങ്കിലും നിങ്ങൾ ചെയ്തു കൊടുക്കണം. അവർക്കു ചാർത്തിക്കൊടുത്ത ‘ആശാ വർക്കർ’ എന്ന പേരെങ്കിലും ഒന്നു മാറ്റിക്കൊടുക്കണം. ‘നിരാശാ വർക്കർ’... അതാണ് ഇപ്പോൾ അവർക്കു ചേരുന്ന പേര്.
മിസ്ഡ് കോൾ
പത്തു മാസംകൊണ്ടു തീരേണ്ട ആറളത്തെ ആനമതിൽ അഞ്ചാം വർഷവും പണി തുടരുന്നു.
- വാർത്ത.
‘ആനമതിൽ’ അല്ലേ.. വൈകും!
Out of Range
സമരക്കാർ ഇരച്ചുവരുന്നു, പോലീസ് ജീപ്പ് പാഞ്ഞുവരുന്നു, ചോദ്യപേപ്പർ പറന്നുവരുന്നു, അധ്യാപകർ വിറച്ചുവരുന്നു, പിള്ളേർ ചിരിച്ചുവരുന്നു... ഏതെങ്കിലും ആക്ഷൻ മൂവിയിലെ ക്ലൈമാക്സ് സീനാണെന്നു കരുതി ത്രില്ലടിക്കേണ്ട. ഇതു നാട്ടിൽ സീനുണ്ടാക്കുന്ന ഇൻസ്റ്റഗ്രാം കാലത്തെ പിള്ളേർക്കുവേണ്ടിയുള്ള സ്പെഷൽ പരീക്ഷയാണ്.
പൊരിവെയിൽ കൊള്ളേണ്ട, സമയത്തു ബസ് പിടിക്കാൻ പരക്കം പായേണ്ട, ഹാൾ ടിക്കറ്റ് എടുത്തോയെന്ന ടെൻഷൻ വേണ്ടേ വേണ്ട... ‘പ്രതി’ഭകളെത്തേടി പരീക്ഷാ സെന്റർ ഇങ്ങോട്ടുവരും, അതാണ് ഈ നാട്ടിലെ നടപ്പ്. എന്തായാലും ഇത്ര റിസ്ക് എടുത്തു പരീക്ഷയെഴുതുന്ന പ്രതിഭകൾക്കായി പ്രത്യേക ട്യൂഷനും കംബൈൻഡ് സ്റ്റഡിയും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യം നമുക്കു ട്യൂഷൻ ക്ലാസിലേക്കു പോകാം.
ട്യൂഷൻ മാഷ്: എല്ലാവരും വന്നിട്ടുണ്ടല്ലോ അല്ലേ, പേനയും പെൻസിലുമൊക്കെ കൊണ്ടുവന്നിട്ടുണ്ടോ?
പ്രതിഭ: പേനയും പേനാക്കത്തിയുമൊക്കെ പഴയ സെറ്റപ്പ് അല്ലേ സാറേ. നഞ്ചക്ക് ഉണ്ട്. ബെഞ്ചിനടിയിൽ വച്ചിട്ടുണ്ട്, മതിയോ? (ഇതും പറഞ്ഞ് ഒരു പ്രതിഭ ബെഞ്ചിനടിയിൽ പരതുന്നു).
ട്യൂഷൻ മാഷ്: വേണ്ട, ഇപ്പോ ഒന്നും പുറത്തേക്കെടുക്കേണ്ട. വരയ്ക്കാനോ കുറിക്കാനോ ഉണ്ടെങ്കിൽ പറയാം. അപ്പോളെടുത്താൽ മതി.
മറ്റൊരു പ്രതിഭ: വരയാൻ നഞ്ചക്ക് പറ്റില്ല സാറേ, വടിവാളാണു നല്ലത് അല്ലെങ്കിൽ പിന്നെ മലപ്പുറം കത്തി കിട്ടും.
ട്യൂഷൻ മാഷ്: പത്താം ക്ലാസ് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന കടന്പയാണ്. കളിയും ചിരിയുമൊക്കെ മാറ്റിവച്ചു നമ്മൾ സീരിയസ് ആകേണ്ട സമയം. ഇപ്പോൾ ആഞ്ഞുപിടിച്ചാൽ പിന്നെ വിഷമിക്കേണ്ടിവരില്ല.
പ്രധാന പ്രതിഭ: സാറിനങ്ങനെ പറയാം... ഞങ്ങൾ കഴിഞ്ഞ ദിവസം കളിയും ചിരിയും വിട്ട് അല്പം സീരിയസ് ആയെന്നു പറഞ്ഞ് എന്തൊരു പുകിലാണ് ഈ നാട്ടിൽ നടക്കുന്നത്. മാഷ് പറഞ്ഞതുപോലെ ആഞ്ഞുപിടിച്ചപ്പോൾ അത് ആർക്കും പിടിച്ചില്ല. ദേ ഇപ്പം പോലീസ് പിടിച്ചു പരീക്ഷ എഴുതിക്കുന്നു. ഇങ്ങനെയാണോ ഭാവിയുടെ വാഗ്ദാനമായ കുട്ടികളോടു പെരുമാറേണ്ടത്.
അല്പം മനുഷ്യത്വമൊക്കെ വേണ്ടേ... ഞങ്ങളും മനുഷ്യരല്ലേ... ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടിട്ട് എത്ര ദിവസമായെന്നറിയാമോ സാറിന്. നാട്ടിൽ പലരുടെയും അടുപ്പ് പുകയുന്നുണ്ടോയെന്ന് നോക്കാൻ നൂറു സംവിധാനങ്ങളുണ്ട്. എന്നാൽ, കുറെ ദിവസമായി ഞങ്ങളുടെ ചുണ്ടിലെന്തെങ്കിലും പുകയുന്നുണ്ടോയെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? അതിനെന്തെങ്കിലും ഒരു വഴി ആരെങ്കിലും പറയുന്നുണ്ടോ!
ട്യൂഷൻ മാഷ്: സിലബസിലുള്ള കാര്യമാണ് പ്രധാനം. പത്താം ക്ലാസിന്റെ പടി കടക്കുക എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം.
പ്രതിഭ: സാറേ ഒരു സംശയമുണ്ട്. ക്രമസമാധാനം എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസമെഴുതാൻ പത്തു മാർക്കോയുടെ ചോദ്യം വരുമെന്ന് ഇവൻ പറയുന്നു. ശരിയാണോ?
ട്യൂഷൻ മാഷ്: മാർക്കോ അല്ലെടാ മാർക്ക്.
പ്രതിഭ: സാറിനും മറ്റു പിള്ളേർക്കുമൊക്കെ മാർക്ക് ആയിരിക്കും. പക്ഷേ, ഞങ്ങൾക്ക് ഇതൊക്കെ മാർക്കോയാണ്.
ട്യൂഷൻ മാഷ്: മാർക്ക് ആയാലും മാർക്കോ ആയാലും ഉപന്യാസം ചോദിച്ചാൽ എഴുതണം. ചോദ്യപേപ്പറിൽ വരുന്നത് ക്രമസമാധാനമാണോ അക്രമസമാധാനമാണോയെന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. പിന്നെ, മുകുന്ദൻ ഉണ്ണിമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരോ വാചകം തീരുന്പോഴും കുത്തിടാൻ വിട്ടുപോകരുത്.
മുഖ്യപ്രതിഭ: പക്ഷേ, സാറേ കുത്തിയിട്ടാൽ പിന്നെ അവിടെ നിൽക്കരുത് വിട്ടുപോരണം എന്നാണല്ലോ ഞങ്ങൾ കേട്ടിട്ടുള്ളത്...
ട്യൂഷൻ മാഷ്: അതു കേട്ടതുകൊണ്ടാ ഇപ്പോൾ ഇവിടെ കുത്തിയിരിക്കേണ്ടി വന്നത്. പിന്നൊരു കാര്യം, ഇത്തവണ ചരിത്രപുസ്തകത്തിൽനിന്നുള്ള ക്വട്ടേഷനുകൾ ചോദിക്കാനുള്ള സാധ്യതയുണ്ട്. അതു നന്നായി നോക്കിയിട്ടു വേണം പോകാൻ.
കുഞ്ഞുപ്രതിഭ: ക്വട്ടേഷൻ ആണെങ്കിൽ ദേ ഇവന്റെ അച്ഛനോടു പറഞ്ഞാൽ മതി മാഷേ. ഇവന്റെ അച്ഛൻ ക്വട്ടേഷനാ. ഫോട്ടോയൊക്കെയുണ്ട്. പണിക്കു പോകുമ്പോൾ കൂടെ വരികയും ചെയ്യും.
ഇതു കേട്ട് തലയിൽ കൈവച്ച് ട്യൂഷൻ മാഷ് മുകളിലേക്കു നോക്കുന്പോൾ ഒരു അശരീരി: “കേരളത്തിന്റെ ഓരോ സ്പന്ദനവും പൂജപ്പുരയിലാണ്. വിത്തൗട്ട് പൂജപ്പുര, കേരളം വെറുമൊരു വട്ടപ്പൂജ്യം! - മാർക്കോ മാഷ്!
മിസ്ഡ് കോൾ
മൂന്നാം ഇടതുഭരണം ഉറപ്പെന്ന് എം.വി. ഗോവിന്ദൻ.
- വാർത്ത
കെ റെയിൽ അപ്പവും ഉറപ്പ്!
Out of Range
പണ്ടു കാലത്ത് നമ്മൾ അതിനെ കാൽച്ചട്ട എന്നു വിളിച്ചു. കാലിൽ ഇടുന്നതുകൊണ്ടാണോ കാലിന്റെ കാൽ ഭാഗം മാത്രം മറയ്ക്കുന്നതുകൊണ്ടാണോ ആ പേരു വന്നതെന്ന് തയ്ച്ചവർക്കും അറിയില്ല ഇട്ടവർക്കും അറിയില്ല. പിന്നീടതിന്റെ എല്ലൂരിയ നാട്ടുകാർ കാച്ചട്ടയാക്കി. അത് ഇട്ടു നടന്ന പോലീസിന് കാച്ചട്ടപ്പോലീസ് എന്ന വിളിപ്പേരും വീണുകിട്ടി. കാച്ചട്ട വിളിക്കു പരിഷ്കാരം പോരെന്നു തോന്നിയവർ അതിനെ നിക്കർ എന്നു വിളിച്ചു ബഹുമാനിച്ചു.
നിക്കറിനെ ഭാഷാസ്നേഹികൾ കളസം എന്നും എക്സ്ട്രാ ഫിറ്റിംഗ് ഉള്ളതിനെ വള്ളിക്കളസമെന്നും വിശേഷിപ്പിച്ചു പോന്നു. ഇതിനിടെ, കാച്ചട്ടപ്പോലീസ് എന്ന പേരുദോഷം മാറ്റാൻ പോലീസുകാർ കാക്കിക്കാച്ചട്ട വലിച്ചുനീട്ടി പാന്റ്സ് ആക്കി. എന്നിട്ടും പല സ്കൂളുകളിലെയും പിള്ളേർക്ക് കാക്കിക്കാച്ചട്ട ഇട്ടു നടക്കാനായിരുന്നു യോഗം. പരിഷ്കാരം ഗേറ്റ് കടന്നുവന്നതോടെ പോലീസ് മാറിയതുപോലെ പിള്ളേരും മാറി. കാച്ചട്ട വളർന്ന് പാന്റ്സ് ആയി. കാക്കി കൈയേറി നീലയും വെള്ളയും കാപ്പിപ്പൊടിയുമൊക്കെയെത്തി.
നാട്ടിൽ പലരും കാക്കിക്കാച്ചട്ടയെ കൈവിട്ടിട്ടും കൈവിടാൻ മടിച്ച ഒരു കൂട്ടരുണ്ടായിരുന്നു. നാട്ടുകാർ അവരെ മിത്രങ്ങൾ എന്നു വിളിച്ചു. മുയലിന്റെ ചെവി പോലെ രണ്ടു വശത്തേക്കും വിടർന്നു നിൽക്കുന്ന കാച്ചട്ടയും കൈയിലെ കന്പും അഭിമാനമായി കരുതിയിരുന്ന അവർ കാലം മാറിയിട്ടും കാക്കിക്കാച്ചട്ടയുമിട്ട് കളത്തിലിറങ്ങി. അതോടെ കാക്കിനിക്കർ മിത്രങ്ങളുടെ പ്രതീകമായി ചിരപ്രതിഷ്ഠനേടി.
പിന്നെയും നിക്കർ ഇടണമെന്നു മോഹമുള്ളവർക്കായി ഇതിനകം കാച്ചട്ട കളറടിച്ചും വലിച്ചുനീട്ടിയും പരിഷ്കാരി ബർമുഡയായി അവതരിച്ചിരുന്നു. ഞങ്ങൾ ഇട്ടാൽ വള്ളിക്കളസവും നിങ്ങൾ ഇട്ടാൽ ബർമുഡയും പോലുള്ള ചൊല്ലുകളും നാട്ടിൽ പാട്ടായി. ഇത്രയുമായിട്ടും കാച്ചട്ടയിലെ പിടിവിടാൻ തയാറാകാതിരുന്ന മിത്രങ്ങളെ കളിയാക്കാൻ എതിരാളികൾ കാക്കിനിക്കർ കഥകൾ പലതുമിറക്കി.
ഇതിനിടെ, ബർമുഡയുഗത്തിൽ പിറന്ന കുട്ടികൾക്കു കാക്കിനിക്കറിനോട് അത്ര പ്രിയമില്ലെന്നു മിത്രങ്ങൾ സർവേ നടത്തി കണ്ടെത്തി. കാച്ചട്ടയിൽത്തന്നെ കാലുടക്കി നിൽക്കുന്നത് അബദ്ധമാണെന്നും കാലത്തിനൊത്തു കളസം മാറണമെന്നും ഏതോ ബുദ്ധിചാലക് അവരെ ഉപദേശിച്ചു.
അങ്ങനെ 90 വർഷമിട്ട നിക്കറിൽനിന്ന് അവരും ഒരുവിധത്തിൽ പുറത്തുചാടി. കാക്കിയെത്തന്നെ കൈവിട്ടു ബ്രൗണ്‍ പാന്റ്സിലേക്കായിരുന്നു മിത്രങ്ങളുടെ ചാട്ടം. കാക്കിനിക്കറിനെ കൈവിട്ടിട്ട് എട്ടു വർഷം കഴിഞ്ഞെങ്കിലും ഇന്നും എതിരാളികൾക്കു മിത്രങ്ങളെ ചൊറിയാൻ കാക്കിനിക്കർ നിർബന്ധം.
ഇലക്ഷൻ പ്രചാരണത്തിനിടയിൽ ഒരു മൂത്ത സഖാവ് ഒാർമയുടെ ഇരുന്പുപെട്ടിയിൽ ഭദ്രമായി വച്ചിരുന്ന ഒരു കാക്കിനിക്കർ പുറത്തെടുത്തതാണ് പുതിയ വർത്തമാനം. പഴയ കാക്കിനിക്കർ കണ്ടപ്പോൾ തട്ടിക്കുടഞ്ഞ് ഒന്നിട്ടു നോക്കിയാൽ കൊള്ളാമെന്നു മൂപ്പർക്കു തോന്നിപ്പോയത്രേ.
ഒരു കാൽ ഇട്ടപ്പോൾത്തന്നെ പ്രതിപക്ഷം ചാടിവീണു. ഇടാനും വയ്യ ഉൗരാനും വയ്യ എന്ന അവസ്ഥയിൽ ഒറ്റക്കാലിൽനിന്നു വട്ടം കറങ്ങുന്ന സഖാവിനെയാണ് പിന്നെ നാട്ടുകാർ കാണുന്നത്.
കട്ടൻ ചായയും പരിപ്പുവടയും കുടിച്ചവരൊന്നും കാക്കിനിക്കർ ഇട്ട ചരിത്രമില്ലെന്ന ഇരട്ടച്ചങ്കിന്റെ മിടിപ്പുകൂടി കേട്ടതോടെ ഇട്ട കാൽ എങ്ങനെയെങ്കിലും ഊരിയാൽ മതിയെന്ന അവസ്ഥയിലായി മൂത്ത സഖാവ്.
എതിരാളികൾ ഇതാ ജമാത്തെ ഇസ്ലാമിയുടെ കുപ്പായത്തിൽ കയറിക്കൂടിയിരിക്കുകയാണെന്നു ബഹളമുണ്ടാക്കിയപ്പോൾ ഇങ്ങനെയൊരു നിക്കർ തങ്ങളുടെ നീലപ്പെട്ടിയിലും ഇരിപ്പുണ്ടെന്ന കാര്യം പാവം സഖാക്കൾ മറന്നുപോയി. ആദ്യം പറഞ്ഞ ചൊല്ല് ഒരിക്കൽകൂടി ഒാർമ വരുന്നു, നിങ്ങൾ ഇടുന്പോൾ വള്ളിക്കളസം, ഞങ്ങൾ ഇടുന്പോൾ ബർമുഡ!
മിസ്ഡ് കോൾ
ഒരു കുട്ടിക്ക് 6.78 രൂപ; കൊടുക്കേണ്ടത് ഫ്രൈഡ് റൈസും ബിരിയാണിയും.
-വാർത്ത
അര പരിപ്പുവടയ്ക്ക് ആയിരം ബിർയാണി!
Out of Range
ഓരോ ഫയലും ഓരോ ജീവിതമാണ്... ഒരിടത്തൊരു ഫയൽവാൻ ഇതു പറയുന്നതു കേട്ടപ്പോൾ മേശപ്പുറത്ത് ഇരിക്കുകയായിരുന്ന ഫയൽ കുമാരിക്കു രോമാഞ്ചം വന്നു. എല്ലാം ശരിയാക്കുന്ന നാട്ടിൽ ഒരു സർക്കാർ ഫയലിന് ഇനി അഭിമാനത്തോടെ ജീവിക്കാം. ഇങ്ങനെ ചിന്തിച്ചിരിക്കുന്നതിനിടെ ആരോ അവളെ വാരിയെടുത്തു. എന്നിട്ട് അപ്പുറത്തു കണ്ട മേശപ്പുറത്തേക്ക് ഒരു തട്ട്.
വയ്ക്കുകയായിരുന്നോ എറിയുകയായിരുന്നോ എന്നുറപ്പില്ല. എന്തായാലും ആ വീഴ്ചയിൽ നടുഭാഗത്തേറ്റ പരിക്കു മായാതെ അവിടെയുണ്ട്. ജീവിതമാണ് ഉള്ളിലുള്ളതെന്നു പറഞ്ഞിട്ട് ഫയൽവാൻ എതിരാളിയെ എറിയുംപോലെയാണല്ലോ തന്നെ എടുത്തെറിഞ്ഞതെന്ന് അവൾക്കു തോന്നി.
എങ്കിലും പുതുമോടി മായാത്തതിന്റെ അഭിമാനത്തോടെയാണ് അവൾ മേശപ്പുറത്ത് ഇരുന്നത്. തന്നെ ചുറ്റിയിരുന്ന ചുവപ്പുനാട കണ്ടപ്പോൾ മിസ് ഇന്ത്യ മത്സരത്തിനു വിന്നർ സാഷ് അണിഞ്ഞു സുന്ദരിമാർ നിൽക്കുന്നതുപോലെയാണ് അവൾക്കു തോന്നിയത്. എന്നാൽ, പിന്നീട് അപ്പുറത്തെ മേശയിലെ പെൻഷൻ ഫയലനാണു പറഞ്ഞത്, അതു ചുവപ്പുനാടയല്ല, ഒരിക്കലും അഴിയാത്ത ജാടയാണെന്ന്.
അവൾ അപ്പുറത്തെ മേശപ്പുറത്തേക്കു നോക്കി. അവിടെ മുഴുവൻ പ്രായം ചെന്നവരാണെന്നു തോന്നുന്നു. പൊടിയൊക്കെ പിടിച്ച് ഒരു ചന്തവുമില്ലാതെയാണ് ഇരിപ്പ്. ഇവർക്കൊക്കെ അല്പം വൃത്തിയായി ഇരുന്നുകൂടേ. തന്റെ തിളക്കവും മിനുക്കവുമൊക്കെ കണ്ടപ്പോൾ തെല്ല് അഹങ്കാരവും തോന്നി. ഫയലുകൾ ജീവിതമായ സ്ഥിതിക്കു തനിക്കിനി വച്ചടി വച്ചടി കയറ്റമായിരിക്കും. ഇപ്പോൾ ക്ലർക്കിന്റെ മേശയിലാണ്. അടുത്ത ദിവസം ഹെഡ് ക്ലർക്കിന്റെ മേശയിലേക്ക്. അവിടെനിന്നു സെക്ഷൻ ഹെഡിന്റെ മേശ. പിന്നെ സൂപ്രണ്ടിന്റെ പക്കൽ. ഒടുവിൽ എസി മുറിയിലെ മേധാവിയുടെ മുന്നിൽ.
വിദേശത്തേക്കു പോകാൻ വീസയടിച്ചു കിട്ടിയ പതിനെട്ടുകാരിയെപ്പോലെ ഫയൽകുമാരി ആവേശംകൊണ്ടു. അവിടെനിന്നു സെക്രട്ടേറിയറ്റിലേക്കു പറക്കണം. അവിടെ ഐഎഎസുകാരും ഐപിഎസുകാരുമൊക്കെ തന്നെ ഇരുകൈയും നീട്ടി വാങ്ങുന്നതും ഭവ്യതയോടെ തന്റെ തലയിൽ കുറിക്കുന്നതുമൊക്കെ അവൾ സ്വപ്നം കണ്ടു. അതു കഴിഞ്ഞുവേണം മന്ത്രിമാരുടെയും പറ്റിയാൽ മുഖ്യമന്ത്രിയുടെയും മേശപ്പുറത്തൊന്നു വിലസാൻ.
ഇങ്ങനെ ദിവാസ്വപ്നം കണ്ടു മയങ്ങിപ്പോയതിനിടെ ഒരു ബഹളം കേട്ടാണ് ഉണർന്നത്. തൊട്ടപ്പുറത്തെ മേശ ഉപയോഗിക്കുന്ന സുന്ദരി ക്ലർക്കാണ് തലങ്ങും വിലങ്ങും ഒാടുന്നത്. അവരുടെ ബഹളം കേട്ടതും പ്യൂൺ ചേട്ടൻ ഒരു നീളൻ വടിയുമായി വന്നു. മേശപ്പുറത്തും റാക്കിലുമിരിക്കുന്ന ഫയലുകൾ അയാൾ നിർദാക്ഷിണ്യം കുത്തിമറിച്ചു. നാട്ടുകാരനെ കണ്ട കാട്ടാനയുടെ ഭാവത്തോടെയാണ് ക്ലര്‍ക്കിന്റെ നില്‍പ്പും ഭാവവും. ഒടുവിൽ പ്യൂൺ പ്രതിയെ കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത ഒരു പന്നിയെലി. കുത്തുകിട്ടിയതും ഫയലിന് ഇടയിൽനിന്ന് അതു മേശപ്പുറത്തേക്കൊരു ചാട്ടം. സമാധാനമായി കഴിഞ്ഞിരുന്ന തന്നെ കുടിയിറക്കിയതിന്റെ ദേഷ്യത്തിൽ ക്ലർക്കിനെ രൂക്ഷമായൊന്നു നോക്കിയ ശേഷം കഥാനായകൻ പുറത്തേക്കു പാഞ്ഞു. വീണ്ടും, എലി വരും എല്ലാം ശരിയാകും... എന്ന മട്ടിൽ വടി ഭിത്തിയിൽ ചാരി വച്ചിട്ട് പ്യൂൺ തിരിഞ്ഞുനടന്നു.
ഇത്രയും ബഹളങ്ങൾ നടന്നിട്ടും ക്ലർക്കും പ്യൂണും അല്ലാതെ ആരും അനങ്ങിയതുപോലുമില്ല. ഇതിവിടത്തെ സ്ഥിരം പരിപാടിയാണെന്ന് ഫയൽ കുമാരിക്കു തോന്നി. ഇതിനിടെ, ചില ഫയൽ ഫ്രണ്ട്സ് സ്വിഫ്റ്റ് ബസ് പോകുന്നതുപോലെ അകത്തേക്കും പുറത്തേക്കും പോകുന്നതു കാണാം. അതൊക്കെ വേണ്ടപ്പെട്ടവരുടെ ബ്രോകൾ ആണത്രേ. തന്നെ അടുത്ത സീറ്റിലേക്ക് ആനയിച്ചുകൊണ്ടുപോകാൻ നാളെ പ്യൂൺ വരുന്നതും കാത്ത് അവളിരുന്നു. ആ ഇരിപ്പ് ഇപ്പോൾ അഞ്ചു വർഷത്തോട് അടുക്കുന്നു. പതിവുപോലെ പ്യൂൺ ചേട്ടൻ നീളൻ വടിയുമായി വരുന്നുണ്ട്.
ഇത്തവണ കുത്ത് കിട്ടിയത് ഫയൽ കുമാരിക്കായിരുന്നു. അതാ ഫയലിൽ അവൾ പോലും അറിയാതെ ഒരെലിയും രണ്ടു മൂന്നു കുഞ്ഞുങ്ങളും രണ്ടു മൂന്നു പാറ്റകളും. അവൾക്കും തോന്നി, ശരിയാണ്, ഓരോ ഫയലും ഓരോ ജീവിതമാണ്!
മിസ്ഡ് കോൾ
മഴക്കോട്ട് മോഷണം: കണ്ണൂരിൽ പോലീസുകാരനു സ്ഥലംമാറ്റം.
- വാർത്ത
റെഡ് അലർട്ട്!
Out of Range
ഫോൺ റിംഗ് ചെയ്യുന്നു.
“ഹലോ പാതാളമല്ലേ? ആരാണ് ഫോൺ എടുത്തിരിക്കുന്നത്?”
“അതെ പാതാളമാണ്. ഇതു മാവേലിയുടെ മന്ത്രിയാണ്. എന്താണു കാര്യം...?”
ഫോൺ വച്ച ശേഷം മന്ത്രി: “പ്രഭോ, ഭൂമിയിൽനിന്ന് ഒരു പെൺകുട്ടി വിളിച്ചിരുന്നു.”
“പെൺകുട്ടിയോ എന്നെയോ? പേര് വല്ലതും പറഞ്ഞോ?”
“ഒരു മോണിക്ക ആണെന്നാണു പറഞ്ഞത്.”
“എടോ അതു വല്ല പെൺകുട്ടിയുമല്ല. കേരളത്തിലേക്ക് ഇത്തവണയുള്ള നമ്മുടെ യാത്ര അറേഞ്ച് ചെയ്യുന്ന ട്രാവൽ ഏജൻസിയാ. അവരെന്താ പറഞ്ഞത്?’”
“തിരുമേനി ഇത്തവണ നേരത്തേ ഇറങ്ങണമെന്നു പറയാനാ അവർ വിളിച്ചത്.”
“നേരത്തെയോ? നോം സാധാരണ അത്തദിനത്തിലാണല്ലോ കേരളത്തിലേക്കു യാത്ര തിരിക്കാറ്.”
“അത്തദിനത്തിൽ പുറപ്പെടാനിരുന്നാൽ ഈ ഒാണം പോയിട്ട് അടുത്ത ഒാണത്തിനു പോലും അങ്ങ് എത്തില്ലെന്നാ പറയുന്നത്.”
“അതെന്താണ് അങ്ങനെയൊരു പുതുമ.”
“ഇത്തവണ ദേശീയപാതയിലൂടെയാണ് നമ്മുടെ റൂട്ട് മാപ്പ്. തിരുമേനി പത്രത്തിൽ കണ്ടില്ലേ. അവിടെ മണിക്കൂറുകൾ ബ്ലോക്കും കുരുക്കുമാണ്. ഒരുറക്കം കഴിഞ്ഞാലേ ഒരു ജംഗ്ഷൻ കടക്കാൻ പറ്റുകയുള്ളത്രേ.”
“ എന്നാൽ, താനൊരു കാര്യം ചെയ്യ്. നമ്മൾ ടൂർ പോകുന്പോൾ എടുക്കാറുള്ള ആ ടെന്റ് കൂടി എടുത്തോ. വണ്ടിയിൽ കുത്തിയിരുന്ന് ഉറങ്ങാൻ വയ്യ. ബ്ലോക്കിലെങ്ങാനും പെട്ടാൽ സൈഡിൽ എവിടെങ്കിലും ടെന്റടിച്ചു കിടക്കാം. ബ്ലോക്കു മാറുന്പോൾ എഴുന്നേറ്റു പോയാൽ മതിയല്ലോ.”
“അതു കലക്കൻ ഐഡിയ. ലോഡ്ജും ഹോട്ടലും തപ്പി നടക്കേണ്ടല്ലോ. പിന്നെ തിരുമേനി, അങ്ങ് കേരളത്തിലേക്കു പോകുന്പോൾ എനിക്കു കുറച്ചുദിവസം ലീവ് കിട്ടിയാൽ കൊള്ളാമായിരുന്നു.”
“താനെന്താണീ പറയുന്നത്. തനിക്ക് ലീവോ? എടോ ചെയ്യുന്ന ജോലിയോട് ഉത്തരവാദിത്വ ടൂറിസം വേണം. നമ്മൾ ഒന്നിച്ചല്ലേ ഇതുവരെ പോയിട്ടുള്ളത്. ഇത്തവണ തനിക്കെന്താ ഒരു മനംമാറ്റം?”
“അതു തിരുമേനി, വാർത്തകളൊക്കെ വായിച്ചപ്പോൾ ഒരു പേടി. നാട്ടിൽ കാലു കുത്തിയാൽ അപ്പോൾ പട്ടി കടിക്കുമെന്നാണു കേട്ടത്. ജയിലിലെ നടയടി എന്നതുപോലെ നടകടി തന്നിട്ടാണ് കേരളത്തിലേക്കു കയറ്റുന്നതത്രേ. പട്ടി വന്നാൽ ഒാടിക്കാൻ തിരുമേനിയുടെ കൈയിൽ കൊടയും വടിയുമൊക്കെയുണ്ട്. ഞാനെന്തു ചെയ്യും?”
“ശെടാ, ജനങ്ങളോടു വരാമെന്നു പണ്ടു വാക്കു കൊടുത്തതല്ലേ. അന്ന് ഇതുപോലെ പട്ടിയും പന്നിയുമൊന്നും നാട്ടിൽ ഇല്ലായിരുന്നല്ലോ. ഇനിയിപ്പോൾ എന്തു ചെയ്യും?”
“എന്തു ചെയ്യാൻ, തിരുമേനിയും ഒന്നു സൂക്ഷിക്കുന്നതു നല്ലതാ. ഈ താറു പാച്ചിയതുപോലെയുള്ള വേഷമൊക്കെ ഇട്ടു ചെന്നാൽ പട്ടിക്കു ബുഫെ കിട്ടിയതുപോലെയായിരിക്കും.”
“പട്ടി കടിച്ചാൽ കുത്തിവയ്പ് എടുക്കേണ്ടിവരില്ലേ?”- മാവേലിക്ക് ആശങ്ക.
“അതു കടിയുടെ ഗതിപോലെയിരിക്കും. കടിച്ചതിനു ശേഷം ബോഡിയിൽ വല്ലതും ബാക്കിയുണ്ടെങ്കിൽ കുത്തിവയ്ക്കാം. അല്ലെങ്കിൽ എല്ലും പല്ലും കുഴിയെടുത്തു മൂടാം.”
“എങ്കിൽ ഇത്തവണ വേഷമൊന്നു മാറ്റിപ്പിടിച്ചാലോ? കട്ടിയുള്ള ജീൻസ് ആയാലോ? പട്ടി കടിച്ചാലും അത്രയങ്ങോട്ട് എൽക്കില്ലല്ലോ. അല്ല, മന്ത്രീ എനിക്കൊരു സംശയം. ഈ രാഷ്ട്രീയക്കാർ മുണ്ടും ചുറ്റിയല്ലേ കേരളത്തിലൂടെ തേരാപാരാ നടക്കുന്നത്. എന്നിട്ട് അവരെയൊന്നും അങ്ങനെ പട്ടി കടിച്ചതായി കേൾക്കുന്നില്ലല്ലോ?”
“പിന്നേ, കരിങ്കല്ലിൽ കടിച്ച് പല്ലുകളയാൻ പട്ടിക്കു ഭ്രാന്തല്ലേ. തിരുമേനി, രാഷ്ട്രീയക്കാരൻ ആകാനുള്ള പ്രധാന യോഗ്യതകളിലൊന്ന് അപാര തൊലിക്കട്ടിയാണ്. കടിച്ചാൽ ഏൽക്കില്ലെന്നു പട്ടിക്കുപോലും അറിയാം.”
“എന്തായാലും പട്ടി കടിയേറ്റവരുടെ പട്ടികയിൽ മാവേലിയുടെ പേരു വരുന്നത് മലയാളിക്കു നാണക്കേടല്ലേ മന്ത്രീ. അവരെന്തെങ്കിലും പരിഹാരം കാണുമായിരിക്കും.”
“അവരെന്തു ചെയ്യാൻ... കടി കിട്ടിയാലും ഇല്ലെങ്കിലും അവർ പട്ടികയിൽനിന്നു പേരങ്ങു വെട്ടും. അതാണല്ലോ ഇപ്പോൾ ട്രെൻഡ്.”
“ഏതു പട്ടികയുടെ കാര്യമാ താനീ പറയുന്നത്?”
“അതാണ് തിരുമേനി വോട്ടർപട്ടിക. നാട്ടുകാരെ പട്ടിയാണ് കടിക്കുന്നതെങ്കിൽ രാഷ്ട്രീയക്കാരെ പട്ടികയല്ലേ കടിച്ചുകൊണ്ടിരിക്കുന്നത്. പട്ടിക്ക് എബിസി ആണെങ്കിൽ ചില വോട്ടർമാർക്ക് എബിസിഡി ആണത്രേ.”
“ഞാനും കേട്ടു. ഒരിടത്തു കൂട്ടത്തോടെ വെട്ടുന്നു, മറ്റൊരിടത്തു കൂട്ടത്തോടെ കയറ്റുന്നു. പട്ടിക്കു വന്ധ്യംകരണം, പട്ടികയ്ക്ക് അന്തംകരണം. ശരിക്കും പേയിളകിയിരിക്കുന്നത് പട്ടിക്കാണോ പട്ടികയ്ക്കാണോ? അതോ രണ്ടിനുമാണോ?”
മിസ്ഡ് കോൾ
ടെലികോം കന്പനികൾ മൊബൈൽ ഫോൺ നിരക്കുകൾ വീണ്ടും കൂട്ടുന്നു.
- വാർത്ത
യുവനേതാക്കളെ കുത്തുപാളയെടുപ്പിക്കുമോ?
Out of Range
രാവിലെ നടക്കാന്‍ ഇറങ്ങുകയാണെന്നാണ് പറച്ചിലെങ്കിലും മിക്കവാറും ഓട്ടമാണ് കൂടുതല്‍. തനിയെ ഒാടുന്നതല്ല, തെരുവുനായ്ക്കള്‍ ഓടിക്കുന്നതാണ്. അങ്ങനെയൊരു ഓട്ടം കഴിഞ്ഞ് കിതപ്പു മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വാര്‍ഡിലെ ലോക്കല്‍ നേതാക്കളില്‍ ഒരാള്‍ വിയര്‍ത്തുകുളിച്ച് പരിഭ്രാന്തനായി വരുന്നതു കണ്ടത്.
ആൾ ജെൻ സി ആണെങ്കിലും രാഷ്ട്രീയക്കാരുടെ ഫാൻസിഡ്രസിനോടാണ് താത്പര്യം. ഏതു കാലാവസ്ഥയിലും ഖദർ ഉടയാതെ നടക്കുന്നതിൽ ശ്രദ്ധാലുവായ നേതാവ് തിരക്കിട്ടു പായുന്നതു കണ്ടപ്പോൾ ആരെങ്കിലും ‘ക്ലിപ് ഇട്ടോ’ എന്നായിരുന്നു ആദ്യത്തെ സംശയം. “എന്താ നേതാവേ മുഖം വല്ലാതിരിക്കുന്നത്? അതിരാവിലെ എങ്ങോട്ടാ...? ആകെ വിയര്‍ത്തു കുളിച്ചല്ലോ.”
“ഒന്നും പറയേണ്ട ചേട്ടാ. രാവിലെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരാളെ ജാമ്യത്തിലിറക്കാന്‍ പോയിരുന്നു. അതുമായി ബന്ധപ്പെട്ട് എന്തോ കാര്യം സംസാരിക്കാനാണത്രേ.”
“അതിനെന്താ നേരേയങ്ങ് ചെന്നാല്‍ പോരേ. നിങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കു പോലീസ് സ്റ്റേഷന് പുത്തരിയാണോ?”
“ചേട്ടാ ഭരണകക്ഷിക്കു മാത്രമാ പുത്തരിയല്ലാത്തത്. പ്രതിപക്ഷമാണേൽ ചിലപ്പോൾ പൂരത്തെറി ആയിരിക്കും.”
“അതെന്താ അങ്ങനെയൊരു വര്‍ത്തമാനം. ഇപ്പോള്‍ മൊത്തം ജനമൈത്രി പോലീസ് അല്ലേ... സ്റ്റേഷന്റെയൊക്കെ വാതില്ക്കല് എഴുതിവച്ചിട്ടുണ്ടല്ലോ ജനമൈത്രി പോലീസ് സ്റ്റേഷനെന്ന്...”
“ഭിത്തിയിലങ്ങനെ പലതുമെഴുതും. അതും വായിച്ച് ആവേശത്തിൽ ചെന്നു കയറിക്കൊടുത്താല്‍ ചിലപ്പോള്‍ വൈകാതെ മാലയിട്ട് ഭിത്തിയില്‍ ഇരിക്കേണ്ടി വരും. അതല്ലേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.”
“ജനമൈത്രിയെന്നാല് ജനങ്ങളോടു മൈത്രി എന്നല്ലേ അര്‍ഥം. പിന്നെയെന്താ പ്രശ്നം?”
“മൈത്രി കൂടിയതാണോയെന്നറിയില്ല, അവിടെ കയറിയിറങ്ങിയ പലർക്കും മൂത്രം പെൻഡിംഗ് ആണത്രേ. മൈത്രി വന്നാലും മന്ത്രി വന്നാലും ഓരോരോ ആചാരങ്ങളാകുമ്പോള്‍ അതു പാലിക്കേണ്ടതല്ലേ എന്നാണ് ചില എമാന്മാരുടെ ചോദ്യം.”
“പോലീസ് ആകെ മാറിയെന്നാണല്ലോ പൊതുവേ പറഞ്ഞുകേട്ടിരുന്നത്. അവര്‍ പാട്ടുപാടുന്നു, ട്രോള്‍ ഉണ്ടാക്കുന്നു, ഡാന്‍സ് കളിക്കുന്നു, കൃഷി ചെയ്യുന്നു, ആളുകളെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്നു... ഇങ്ങനെ പലതും അടുത്ത കാലത്തു കണ്ടിരുന്നു.”
“കൃഷി വ്യാപകമായി ചെയ്യുന്നുണ്ട്. കൂടുതലും ചൊറിയണമാണെന്ന കേള്‍വി.”
“അതെന്താ ചൊറിയണത്തിനു വല്ല പോഷകഗുണവുമുണ്ടോ അതില്‍ ശ്രദ്ധ വയ്ക്കാന്‍... അതോ തോരന്‍ വയ്ക്കാനാണോ?”
“പോഷകഗുണമല്ല, അതിനുള്ളതു പോലീസ് ഗുണമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. അടിമുടി ചൊറിച്ചില്‍. കാക്കി ബോഡിയിലേക്കു പറ്റിപ്പിടിച്ചാല്‍ പിന്നെ ചില ഏമാന്മാര്ക്കു സാധാരണക്കാരെ കണ്ടാല്‍ വല്ലാത്ത ചൊറിച്ചില്‍ ആണത്രേ. അപ്പോള്‍ അവര്‍ക്കു നാട്ടുകാരെ ചൊറിയണമെന്നു തോന്നും. പോലീസ് ജീപ്പില്‍ത്തന്നെ ഗ്രോ ബാഗില്‍ ചൊറിയണം വളര്‍ത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ ചില ഏമാന്മാര് അന്വേഷിച്ചുകൊണ്ടിരിക്കുന്നതത്രേ. പിന്നെ തോരന്‍ വേണോ തോരെത്തോരെ വേണോ എന്നതൊക്കെ ഏമാന്റെ മൂഡ് പോലിരിക്കും.”
“ചങ്ങനാശേരിയില്‍ ഒരാൾക്കു വിരല്‍ കൊടുക്കേണ്ടി വന്നെന്നു കേട്ടിരുന്നു. ഏകലവ്യനോടു ദ്രോണാചാര്യര്‍ ചോദിച്ചതുപോലെ ഗുരുദക്ഷിണ വല്ലതുമാണോ?”
“ഇതു ദ്രോണാചാര്യര്‍ അല്ല, ദ്രോഹാചാര്യന്മാരാണ്. നല്ല പോലീസുകാരെക്കൂടി ചീത്ത കേൾപ്പിക്കുന്ന കാക്കിക്കുള്ളിലെ ചൊറിയണങ്ങൾ. ഏകലവ്യനോടു ഗുരുദക്ഷിണയായി ഒരു വിരലല്ലേ ചോദിച്ചുള്ളൂ. ഇവിടെയൊരു ദ്രോഹാചാര്യര്‍ രണ്ടു വിരലാണ് ചവിട്ടിയെടുത്തത്. ബൂട്ട് ഇത്തിരി തേഞ്ഞതായിരുന്നു അല്ലെങ്കില്‍ അഞ്ചു വിരലും കിട്ടിയേനെയെന്നാണ് ഏമാന് പിന്നീട് പറഞ്ഞതെന്നാണ് അറിയുന്നത്.”
ഇതെല്ലാം കേട്ടു തരിച്ചുനിന്ന പൗരനെ നോക്കി നേതാവ് ഇത്രയുംകൂടി പറഞ്ഞു. “സാര്‍ ഒരു ഉപകാരം ചെയ്യണം. ഞാന്‍ എന്തായാലും സ്റ്റേഷനിലേക്കു പോകാന്‍തന്നെ തീരുമാനിച്ചു. സാര്‍ ഈ വിവരം അറിയിക്കേണ്ടവരെയെല്ലാം ഒന്നറിയിച്ചേക്കണം. ബാക്കിയുണ്ടേല്‍ വീണ്ടും കാണാം.”
മിസ്ഡ് കോൾ
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു’ എന്നു സംബോധന ചെയ്യണമെന്നു സർക്കുലർ.
- വാർത്ത.
ബഹുത് അച്ഛാ വിനയം!
Out of Range
എന്റെ പൊന്നേ, എന്റെ തങ്കമേ എന്നൊക്കെ സ്വർണത്തെ നോക്കി തലയിൽ കൈവച്ചു നാട്ടുകാർ നിർത്താതെ വിളിച്ചുകൊണ്ടിരിക്കുന്ന സമയം. പൊന്നമ്മയെന്നും തങ്കമ്മയെന്നും സ്വർണമ്മയെന്നുമൊക്കെ പേരു വീണവർ തല കുറച്ചുകൂടി ഉയർത്തിപ്പിടിച്ചു നടക്കുന്ന കാലം. മുകളിലേക്കു പോയ സ്വർണവില ബഹിരാകാശ നിലയം ലക്ഷ്യമാക്കി കുതിക്കുകയാണോയെന്നാണ് ഇപ്പോൾ നാട്ടുകാരുടെ സംശയം. ഇലോൺ മസ്കിന്റെ ആകാശവണ്ടിക്കു പോലും പിടികൊടുക്കാതെയുള്ള പോക്ക്. “പൊന്നിൽ കുളിച്ചുനിന്നു ചന്ദ്രികാവസന്തം...” എന്ന പാട്ട് വൈകാതെ ചന്ദ്രനിൽ കേൾക്കുമോ എന്നതേ അറിയാനുള്ളൂ.
അടിമുടി പൊന്നിൽ പൊതിഞ്ഞ് കല്യാണപ്പന്തലുകളിൽ വിലസിയ സീനിയറത്തികൾ ഇപ്പോഴത്തെ ജെൻസികളെ നോക്കി ചുണ്ടുകോട്ടി ചിരിക്കുന്നത് കണ്ടില്ലെന്നു നടിക്കാം. അല്ലെങ്കിലും ജെൻസികൾക്കു സ്വർണമരത്തിൽ കയറുന്നതിനേക്കാൾ പ്രിയം ഡയമണ്ടിന്റെ മണ്ടയിൽ തോണ്ടിക്കൊണ്ട് ഇരിക്കുന്നതാണത്രേ. ഇങ്ങനെ തൊട്ടാൽ പൊള്ളുന്ന സ്വർണക്കഥകൾ പറഞ്ഞു നാട്ടുകാർ ത്രില്ലടിച്ചിരിക്കുന്നതിനിടയിലാണ് ശബരിമലയിൽനിന്ന് ഒരു സ്വർണക്കഥ പൊട്ടിവീണിരിക്കുന്നത്. ദ്വാരപാലക വിഗ്രഹത്തെ പൊതിഞ്ഞ സ്വർണപ്പാളിയുടെ ചരിത്രമാണ് അടിമുടി പാളിയിരിക്കുന്നത്. കോടതികൂടി ഇടപെട്ടതോടെ പാളിയെ പൂളിയ പുള്ളികൾക്ക് പള്ളയിൽ ഒരു ആന്തൽ തുടങ്ങിയിട്ടുണ്ടാവണം.
ഇവിടെ ഭാരം കുറയ്ക്കാൻ മനുഷ്യൻ നടന്നും ഒാടിയും പട്ടിണി കിടന്നും കഷ്ടപ്പെടുന്നതിനിടയിലാണ് ചെന്നൈ വരെ പോയിട്ടു വന്ന സ്വർണപ്പാളി ഒറ്റയടിക്ക് നാലു കിലോ കുറച്ചത്. അങ്ങോട്ടു പോയപ്പോൾ 42 കിലോ ഉണ്ടായിരുന്ന സ്വർണപ്പാളി തിരിച്ചെത്തിയപ്പോൾ 38 കിലോ!
കൊടുത്തുവിട്ട സ്വർണം നാലു കിലോ കുറഞ്ഞിട്ടും ദേവസ്വം മുതലാളിമാർക്കൊന്നും ഒരു കുലുക്കവുമുണ്ടായില്ല എന്നതാണ് അതിശയകരം. അതോ അറിയാത്തതുപോലെ കണ്ണടച്ചു കിടന്നേക്കാം എന്നു കരുതിയതാണോ? പാളി മാത്രമല്ല, സ്വർണപീഠവും കാണാനില്ലെന്നാണ് സ്പോൺസർ ചെയ്ത ഭക്തന്റെ ഒടുവിലത്തെ ആരോപണം. ചിലർക്ക് മിനുക്കും അറ്റകുറ്റപ്പണിയുമൊക്കെ നറുക്കെടുപ്പിനു മുന്നേ അടിക്കുന്ന ബംപർ പോലെയാണോയെന്നൊരു സംശയം ഇല്ലാതില്ല. സ്വർണപ്പാളി മങ്ങിയെന്നും പറഞ്ഞ് വീണ്ടും പൊളിച്ചെടുത്ത് ചെന്നൈക്കു വിടുന്ന കാര്യം കോടതിയും നാട്ടുകാരും ഒക്കെ അറിഞ്ഞുവന്നപ്പോഴേക്ക് അവിടെ ഉരയ്ക്കലും ഉരുക്കലും കഴിഞ്ഞിരുന്നു. ദേവസ്വം ബോർഡിന്റെ ഉരുളൽ മാത്രമാണ് പിന്നെ ദൃശ്യമായത്.
പെട്രോൾ ആയിരുന്നെങ്കിൽ ആവിയായി പോയതാണെന്നു കരുതാമായിരുന്നെന്നും എന്നാൽ, സ്വർണം പോയത് എങ്ങനെയെന്നു കണ്ടെത്തണമെന്നും ഹൈക്കോടതി. സ്വർണം ആവിയായതാണോ ഏതെങ്കിലും മായാവിയുടെ നാവിലായതാണോ എന്നതാണ് സംശയം. ഇനി ചെന്നൈയിലെ കനത്ത ചൂടിലെങ്ങാനും ഉണങ്ങിപ്പോയതാകുമോ? തലച്ചോറു തിന്നുന്ന അമീബയെപ്പോലെ സ്വർണച്ചോറ് കഴിക്കുന്ന ഏതോ അമീബ ദേവസ്വം ബോർഡിന്റെ മൂക്കിൽ കയറിയിട്ടുണ്ടെന്നു തോന്നുന്നു. എങ്കിൽ കാര്യമായ ക്ലോറിനേഷൻ വേണ്ടിവരും. അന്വേഷണം കഴിയുമ്പോൾ ചെന്നൈയിൽ പോയ സ്വർണപ്പാളി ഡയറ്റിംഗിൽ ആയിരുന്നെന്നും അങ്ങനെ നാലു കിലോ കുറച്ചതാണെന്നും ഭക്തർ വിശ്വസിക്കേണ്ടി വരുമോയെന്തോ?
മിസ്ഡ് കോൾ
ഇവിഎമ്മിൽ സ്ഥാനാർഥികളുടെ കളർ ഫോട്ടോ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
- വാർത്ത
ചോരില്ലാ കളർ!
Out of Range
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
ഓരോ ഫയലും ഓരോ ജീവിതമാണ്... ഒരിടത്തൊരു ഫയൽവാൻ ഇതു പറയുന്നതു കേട്ടപ്പോൾ മേശപ്പുറത്ത് ഇരിക്കുകയായിരുന്ന ഫയൽ കുമാരിക്കു രോമാഞ്ചം വന്നു. എല്ലാം ശരിയാക്കുന്ന നാട്ടിൽ ഒരു സർക്കാർ ഫയലിന് ഇനി അഭിമാനത്തോടെ ജീവിക്കാം. ഇങ്ങനെ ചിന്തിച്ചിരിക്കുന്നതിനിടെ ആരോ അവളെ വാരിയെടുത്തു. എന്നിട്ട് അപ്പുറത്തു കണ്ട മേശപ്പുറത്തേക്ക് ഒരു തട്ട്.
വയ്ക്കുകയായിരുന്നോ എറിയുകയായിരുന്നോ എന്നുറപ്പില്ല. എന്തായാലും ആ വീഴ്ചയിൽ നടുഭാഗത്തേറ്റ പരിക്കു മായാതെ അവിടെയുണ്ട്. ജീവിതമാണ് ഉള്ളിലുള്ളതെന്നു പറഞ്ഞിട്ട് ഫയൽവാൻ എതിരാളിയെ എറിയുംപോലെയാണല്ലോ തന്നെ എടുത്തെറിഞ്ഞതെന്ന് അവൾക്കു തോന്നി.
എങ്കിലും പുതുമോടി മായാത്തതിന്റെ അഭിമാനത്തോടെയാണ് അവൾ മേശപ്പുറത്ത് ഇരുന്നത്. തന്നെ ചുറ്റിയിരുന്ന ചുവപ്പുനാട കണ്ടപ്പോൾ മിസ് ഇന്ത്യ മത്സരത്തിനു വിന്നർ സാഷ് അണിഞ്ഞു സുന്ദരിമാർ നിൽക്കുന്നതുപോലെയാണ് അവൾക്കു തോന്നിയത്. എന്നാൽ, പിന്നീട് അപ്പുറത്തെ മേശയിലെ പെൻഷൻ ഫയലനാണു പറഞ്ഞത്, അതു ചുവപ്പുനാടയല്ല, ഒരിക്കലും അഴിയാത്ത ജാടയാണെന്ന്.
അവൾ അപ്പുറത്തെ മേശപ്പുറത്തേക്കു നോക്കി. അവിടെ മുഴുവൻ പ്രായം ചെന്നവരാണെന്നു തോന്നുന്നു. പൊടിയൊക്കെ പിടിച്ച് ഒരു ചന്തവുമില്ലാതെയാണ് ഇരിപ്പ്. ഇവർക്കൊക്കെ അല്പം വൃത്തിയായി ഇരുന്നുകൂടേ. തന്റെ തിളക്കവും മിനുക്കവുമൊക്കെ കണ്ടപ്പോൾ തെല്ല് അഹങ്കാരവും തോന്നി. ഫയലുകൾ ജീവിതമായ സ്ഥിതിക്കു തനിക്കിനി വച്ചടി വച്ചടി കയറ്റമായിരിക്കും. ഇപ്പോൾ ക്ലർക്കിന്റെ മേശയിലാണ്. അടുത്ത ദിവസം ഹെഡ് ക്ലർക്കിന്റെ മേശയിലേക്ക്. അവിടെനിന്നു സെക്ഷൻ ഹെഡിന്റെ മേശ. പിന്നെ സൂപ്രണ്ടിന്റെ പക്കൽ. ഒടുവിൽ എസി മുറിയിലെ മേധാവിയുടെ മുന്നിൽ.
വിദേശത്തേക്കു പോകാൻ വീസയടിച്ചു കിട്ടിയ പതിനെട്ടുകാരിയെപ്പോലെ ഫയൽകുമാരി ആവേശംകൊണ്ടു. അവിടെനിന്നു സെക്രട്ടേറിയറ്റിലേക്കു പറക്കണം. അവിടെ ഐഎഎസുകാരും ഐപിഎസുകാരുമൊക്കെ തന്നെ ഇരുകൈയും നീട്ടി വാങ്ങുന്നതും ഭവ്യതയോടെ തന്റെ തലയിൽ കുറിക്കുന്നതുമൊക്കെ അവൾ സ്വപ്നം കണ്ടു. അതു കഴിഞ്ഞുവേണം മന്ത്രിമാരുടെയും പറ്റിയാൽ മുഖ്യമന്ത്രിയുടെയും മേശപ്പുറത്തൊന്നു വിലസാൻ.
ഇങ്ങനെ ദിവാസ്വപ്നം കണ്ടു മയങ്ങിപ്പോയതിനിടെ ഒരു ബഹളം കേട്ടാണ് ഉണർന്നത്. തൊട്ടപ്പുറത്തെ മേശ ഉപയോഗിക്കുന്ന സുന്ദരി ക്ലർക്കാണ് തലങ്ങും വിലങ്ങും ഒാടുന്നത്. അവരുടെ ബഹളം കേട്ടതും പ്യൂൺ ചേട്ടൻ ഒരു നീളൻ വടിയുമായി വന്നു. മേശപ്പുറത്തും റാക്കിലുമിരിക്കുന്ന ഫയലുകൾ അയാൾ നിർദാക്ഷിണ്യം കുത്തിമറിച്ചു. നാട്ടുകാരനെ കണ്ട കാട്ടാനയുടെ ഭാവത്തോടെയാണ് ക്ലര്‍ക്കിന്റെ നില്‍പ്പും ഭാവവും. ഒടുവിൽ പ്യൂൺ പ്രതിയെ കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത ഒരു പന്നിയെലി. കുത്തുകിട്ടിയതും ഫയലിന് ഇടയിൽനിന്ന് അതു മേശപ്പുറത്തേക്കൊരു ചാട്ടം. സമാധാനമായി കഴിഞ്ഞിരുന്ന തന്നെ കുടിയിറക്കിയതിന്റെ ദേഷ്യത്തിൽ ക്ലർക്കിനെ രൂക്ഷമായൊന്നു നോക്കിയ ശേഷം കഥാനായകൻ പുറത്തേക്കു പാഞ്ഞു. വീണ്ടും, എലി വരും എല്ലാം ശരിയാകും... എന്ന മട്ടിൽ വടി ഭിത്തിയിൽ ചാരി വച്ചിട്ട് പ്യൂൺ തിരിഞ്ഞുനടന്നു.
ഇത്രയും ബഹളങ്ങൾ നടന്നിട്ടും ക്ലർക്കും പ്യൂണും അല്ലാതെ ആരും അനങ്ങിയതുപോലുമില്ല. ഇതിവിടത്തെ സ്ഥിരം പരിപാടിയാണെന്ന് ഫയൽ കുമാരിക്കു തോന്നി. ഇതിനിടെ, ചില ഫയൽ ഫ്രണ്ട്സ് സ്വിഫ്റ്റ് ബസ് പോകുന്നതുപോലെ അകത്തേക്കും പുറത്തേക്കും പോകുന്നതു കാണാം. അതൊക്കെ വേണ്ടപ്പെട്ടവരുടെ ബ്രോകൾ ആണത്രേ. തന്നെ അടുത്ത സീറ്റിലേക്ക് ആനയിച്ചുകൊണ്ടുപോകാൻ നാളെ പ്യൂൺ വരുന്നതും കാത്ത് അവളിരുന്നു. ആ ഇരിപ്പ് ഇപ്പോൾ അഞ്ചു വർഷത്തോട് അടുക്കുന്നു. പതിവുപോലെ പ്യൂൺ ചേട്ടൻ നീളൻ വടിയുമായി വരുന്നുണ്ട്.
ഇത്തവണ കുത്ത് കിട്ടിയത് ഫയൽ കുമാരിക്കായിരുന്നു. അതാ ഫയലിൽ അവൾ പോലും അറിയാതെ ഒരെലിയും രണ്ടു മൂന്നു കുഞ്ഞുങ്ങളും രണ്ടു മൂന്നു പാറ്റകളും. അവൾക്കും തോന്നി, ശരിയാണ്, ഓരോ ഫയലും ഓരോ ജീവിതമാണ്!
മിസ്ഡ് കോൾ
മഴക്കോട്ട് മോഷണം: കണ്ണൂരിൽ പോലീസുകാരനു സ്ഥലംമാറ്റം.
- വാർത്ത
റെഡ് അലർട്ട്!
Out of Range
നേരം പരപരാ വെളുത്തുവരുന്പോൾ മുറ്റത്താരെങ്കിലും വന്നെന്നു തോന്നിയാൽ ഉടനെ ചാടിയിറങ്ങിയേക്കരുത്. പാലുകാരനോ പത്രക്കാരനോ ആണെന്നു ധരിച്ചു ചിരിച്ചുകൊണ്ടു മുറ്റത്തേക്കു ചെന്നാൽ ചിലപ്പോൾ ചിരിച്ചിരിക്കുന്ന പടം പിറ്റേന്നു പത്രത്തിൽ വരും.
ആ പടം കാണാനുള്ള ഭാഗ്യം നമുക്കു കിട്ടുമോയെന്നു ചോദിച്ചാൽ അതുമില്ല. ചരമക്കോളത്തിലാണ് വരുന്നതെങ്കിൽ പിന്നെ ചാഞ്ഞും ചരിഞ്ഞും വിരിഞ്ഞും നിന്നു ചിരിച്ചതുകൊണ്ട് എന്തു കാര്യം? കാരണം മുറ്റത്തെ കാൽപെരുമാറ്റം ഒരുപക്ഷേ, നടക്കാനിറങ്ങിയ കടുവയോ പെടുക്കാനിറങ്ങിയ പുലിയോ കറങ്ങാൻ വന്ന കാട്ടുപോത്തോ ബോറടി മാറ്റാൻ വന്ന കാട്ടാനയോ ആയിരിക്കാം. പിരിവിനു നിൽക്കുന്ന വെഹിക്കിൾ ഇൻസ്പെക്ടറുടെ മുന്നിൽ വണ്ടിയുമായി പെട്ട അവസ്ഥയായിരിക്കുംപിന്നെ. എക്സ്ട്രാ ഫിറ്റിംഗ്സ് മാത്രമല്ല ഇൻബിൽറ്റ് ആക്സസറീസ് പോലും മിച്ചം കാണില്ല.
കാട്ടാനയും കടുവയുമൊക്കെ മനുഷ്യനെ കൈകാര്യം ചെയ്യുന്നതു കണ്ടാൽ ഇതൊക്കെ രാവിലെ മാർക്കോ സിനിമ കണ്ടിട്ടാണോ പണിക്കിറങ്ങിയതെന്നു തോന്നിപ്പോകും. അയൽക്കാരന്റെ പറന്പിൽ അതിക്രമിച്ചു കേറിയാൽ മനുഷ്യനാണെങ്കിൽ കേസിൽപ്പെട്ട് അകത്തുപോകും. കടുവയോ പുലിയോ ആണെങ്കിൽ അയൽക്കാരൻ അകത്തുപോകും. മുടിയോ തുണിയോ തലയോട്ടിയോ വല്ലതും മിച്ചം കിട്ടിയാൽ ഭാഗ്യം.
കാട്ടിൽ ആനയ്ക്കു ബോറടിച്ചാൽ അന്നു നാട്ടിൽ മനുഷ്യനു കബറടക്കം എന്നതാണിപ്പോൾ കേരള നാട്ടിലെ സ്ഥിതി. ഒാരോ മരണവും കഴിയുന്പോഴും കാടിറങ്ങുന്ന വന്യമൃഗങ്ങളെ വരച്ചവരയിൽ നിർത്തുമെന്നു മന്ത്രി പ്രഖ്യാപിക്കും. വനംവകുപ്പിന്റെ വര തെളിയാത്തതാണോ നാട്ടുകാരുടെ തലവര മായാത്തതാണോയെന്നറിയില്ല മൃഗങ്ങളുടെ വര വേറെ, നാട്ടുകാരുടെ തല വേറെ.
നാട്ടിലെ മനുഷ്യനെ എന്തും വിളിക്കാം, മൂന്നോ നാലോ കേസുണ്ടെങ്കിൽ കാപ്പ ചുമത്തി നാടുകടത്താം, കൂടുതൽ ശല്യമായാൽ തൂക്കിയെടുത്ത് അകത്തിടാം. എന്നാൽ, രണ്ടോ മൂന്നോ ആളെ തട്ടിയാലും കടുവയെ നരഭോജി എന്നെങ്ങാനും വിളിച്ചാൽ വിളിച്ചവനെ കാടുകയറ്റും. അങ്ങനെ വിളിക്കണമെങ്കിൽ സർക്കാരിന്റെ സർട്ടിഫിക്കറ്റ് വേണമത്രേ. ആദ്യം കാമറ വച്ചു കടുവയുടെ ഫോട്ടോയെടുക്കും. കാമറയിൽ നോക്കി വേണ്ടവിധം പോസ് ചെയ്തില്ലെങ്കിൽ പിറ്റേന്നു വീണ്ടുമെടുക്കും, സ്മൈൽ പ്ലീസ്... ഫോട്ടോയെടുത്തിട്ടു വേണം വന്ന കടുവയും കൊന്ന കടുവയും ഒന്നാണോയെന്ന് വരയെണ്ണി തീരുമാനിക്കാൻ.
മനുഷ്യന്റെ വിരലടയാളം പോലെ, മമ്മൂട്ടിയും മോഹൻലാലും പോലെ, കടുവാ വരകളും വ്യത്യസ്തമാണത്രേ. കടുവയ്ക്കു വരയാണെങ്കിൽ പുലിക്കു പുള്ളിയാണ് വെറൈറ്റി. വരയായാലും പുള്ളിയായാലും സ്വന്തം പറന്പിൽ വരത്തൻമാരും നോട്ടപ്പുള്ളികളും നാട്ടുകാർ മാത്രം. ഇതെല്ലാം കഴിഞ്ഞുവേണം കൂടുവച്ചു ക്ഷണിക്കാൻ. കൂട്ടിനിളംകിളിയായോ താമരപ്പൈങ്കിളിയായോ എങ്ങനെയെങ്കിലും കൈയും വാലും പിടിച്ചു കാട്ടിലേക്കു തിരികെ വിടുക എന്നുള്ളതാണ് പിന്നത്തെ നടപടിക്രമം. ഇതിനൊന്നും വഴങ്ങാത്ത ‘ചെന്താമര’യായി മാറിയാൽ മാത്രമേ കടുവയെ നരഭോജി എന്നു വിളിക്കാൻ വനംവകുപ്പ് സമ്മതിക്കുകയുള്ളൂപോലും.
വന്യമൃഗങ്ങൾ കാടിറങ്ങുന്നതു പെരുകിയിട്ടാണെന്നു മന്ത്രി പണ്ടെങ്ങോ അറിയാതെ പറഞ്ഞുപോയിരുന്നു. ആ നിലപാട് നമുക്കുതന്നെ പാരയാകുമെന്ന് ഉപദേശകർ പറഞ്ഞതോടെ ഇപ്പോൾ കാരണം വരച്ചുപഠിച്ചു വരുന്നതേയുള്ളൂ എന്ന മട്ടിലാണ് പ്രതികരണം. കർഷകർ പ്ലാവ് വയ്ക്കുന്നതുകൊണ്ടാണ് ആന ഇറങ്ങി വരുന്നതെന്നായിരുന്നു നേരത്തേ വനം വിദഗ്ധരുടെ കണ്ടെത്തൽ. ചോരയും നീരുമുള്ള മനുഷ്യർ നാട്ടിലുള്ളതാണ് കടുവയും പുലിയും കാടിറങ്ങാൻ കാരണമെന്നു കണ്ടെത്തിയാലും അതിശയിക്കാനില്ല. അതുകൊണ്ട് അങ്ങനെയുള്ളവരെ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ മാറ്റി പുനരധിവസിപ്പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു പഠിക്കണം.
ഈ നാട്ടിൽ മൃഗങ്ങൾക്കു സമാധാനത്തോടെ ജീവിക്കണമല്ലോ. നാട്ടിൽ റേഷൻ കടയും സിവിൽ സപ്ലൈസ് മാർക്കറ്റും കാലിയാണെങ്കിലും വന്യജീവിക്ക് ഒന്നിനും കുറവുണ്ടാകരുത്. അതുകൊണ്ട് എത്രയും വേഗം കാട്ടിൽകൂടി ബ്രൂവറിക്ക് അനുമതി കൊടുക്കണം...!
മിസ്ഡ് കോൾ
നാലു വർഷംകൊണ്ട് അഞ്ചു ലക്ഷം ലിറ്റർ മദ്യം ഒഴുക്കിക്കളഞ്ഞെന്ന് എക്സൈസ്.
-വാർത്ത
വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം!
ജോൺസൺ പൂവന്തുരുത്ത്
Out of Range
തള്ളൽ! അതില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ പറ്റില്ലെന്നാണ് പൊതുവേയുള്ള അന്ധവിശ്വാസം. അതിനാൽ മറക്കാതെയുള്ള തള്ളിമറിക്കലുകൾ ഒരു രാഷ്ട്രീയക്കാരന്റെ ഭാവിയുടെ മുതൽക്കൂട്ടാണ്.
പബ്ലിക് ടോയ്ലറ്റിന്റെ ഭിത്തിയിൽ കാണപ്പെടുന്ന സാഹിത്യം പൊതുവേ രണ്ടുതരം. ഒന്ന് അശ്ലീലസാഹിത്യം. മറ്റൊന്ന് തള്ളൽസാഹിത്യം. തള്ളൽസാഹിത്യമെന്നു പറഞ്ഞാൽ തുള്ളൽ പോലെ എന്തോ ഒന്നാണെന്നു കരുതിയേക്കരുത്. ഇതു കണ്ണുമടച്ചുള്ള തള്ളിമറിക്കലുകളാണ്.
ബഹുമാനപ്പെട്ട നേതാവിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകയാൽ നിർമിച്ച മൂത്രപ്പുര! ഇത്തരം ‘സാഹത്യശകലം’ കാണാത്തവർ ചുരുക്കമായിരിക്കും. ഇതു വായിച്ചുകൊണ്ടു മൂത്രമൊഴിച്ചാൽ ഉള്ളിൽ നേതാവിനോടുള്ള മതിപ്പ് നിറയുമത്രേ.
മൂത്രപ്പുരയുടെ ഭിത്തിയിൽ മാത്രമല്ല, ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തലയ്ക്കലും സ്കൂൾ കെട്ടിടത്തിന്റെ പള്ളയ്ക്കുമൊക്കെ ഈ തള്ളൽസാഹിത്യം ധാരാളമായി കാണാം. പുള്ളിയുടെ അസ്ഥിക്കോ ആസ്തിക്കോ തേയ്മാനമില്ലാതെ അനുവദിച്ച തുകയാണെങ്കിലും ഈ തള്ളൽ ഇല്ലെങ്കിൽ നേതാവിനെ കൊള്ളില്ലെന്നെങ്ങാനും നാട്ടുകാർ പറഞ്ഞാലോ?
ഈ ഡിജിറ്റൽ യുഗത്തിലും ഇങ്ങനെയൊരു ‘സാഹത്യശാഖ’യെ പരിപോഷിപ്പിക്കുന്നതിൽ സത്യത്തിൽ നമ്മുടെ നേതാക്കളെ അഭിനന്ദിക്കേണ്ടതാണ്. ലൈറ്റിലും കെട്ടിടത്തിലും മാത്രമല്ല ഈ തള്ളൽശാഖ, നമ്മുടെ റോഡുകളിലും അങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ്. റോഡിലെവിടെങ്കിലും ഇത്തിരി ടാർ ഒഴിച്ചാൽ വഴിയോരത്തെ ഫ്ലെക്സിൽ കാണാം പ്രതിനിധിയുടെ വികൃതി. വഴിയേ പോകുന്ന നാട്ടുകാർ ഈ കൃതി വായിച്ചു കൃതാർഥരാകണം.
എന്നാൽ, ഇങ്ങനെ തള്ളിമറിച്ചു പണിത ഏതെങ്കിലും റോഡിൽ വിള്ളൽ വീണാൽ അതോടെ കളിമാറും. പിന്നെ തള്ളൽ നിർത്തി തുള്ളൽ തുടങ്ങും. ഇതു മറ്റവന്റെ റോഡാണ്. കൊള്ളില്ല, വിള്ളൽ വീണില്ലെങ്കിലേ അതിശയമുള്ളൂ എന്നു പറഞ്ഞു കലിതുള്ളും. ഈ തള്ളലും തുള്ളലും തടിതപ്പലുമാണ് ഇപ്പോൾ വിള്ളൽ വീണ ദേശീയപാതകളിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ഇതു പൊതുവേ വിള്ളൽ സീസണ് ആണെന്നു തോന്നുന്നു. സ്മാർട്ട് സിറ്റി റോഡുകളുടെ ഉദ്ഘാടനത്തെച്ചൊല്ലി മന്ത്രിമാർക്കിടയിൽ വിള്ളൽ വീണെന്നാണ് മറ്റൊരു വാർത്ത. തദ്ദേശവകുപ്പ് കാശ് മുടക്കിയിട്ടും ചടങ്ങിൽനിന്നു തദ്ദേശ മന്ത്രിയെ തള്ളിയതാണ് പൊള്ളൽ ആയതത്രേ.
ഇതിനിടെ, സിന്ദൂറിനെക്കുറിച്ചു മറുനാട്ടിൽ പോയി നല്ല വാക്കുപറയാനുള്ള സംഘത്തിലേക്കു കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ തരൂരിനെ കേന്ദ്രം തള്ളിക്കയറ്റിയതോടെ നാഷണൽ ഹൈവേയിൽ മാത്രമല്ല നാഷണൽ കോണ്‍ഗ്രസിലും വിള്ളൽ വീഴ്ത്താൻ തങ്ങളുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് കേന്ദ്രം. ആ വിള്ളലിലേക്കു വീഴാതിരിക്കാൻ തള്ളിപ്പിടിച്ചു നിൽക്കുകയാണ് ഇപ്പോൾ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കൾ. ആ വിള്ളലിൽ വീണ ആരെങ്കിലും അള്ളിപ്പിടിച്ച് മറുകര കയറുമോയെന്നതാണ് ഇനി കാണാനുള്ളത്.
കേരളത്തിലെ കോണ്‍ഗ്രസിലാണെങ്കിൽ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചതോടെ ചിലർക്ക് അനുഭവപ്പെട്ടത് വിള്ളലാണോ വിങ്ങലാണോ എന്ന് അണികൾക്ക് ഇനിയും തിരിച്ചറിയാനായിട്ടില്ല.
അതേസമയം, തള്ളലുകാരുടെ തള്ളിക്കയറ്റമാണ് ഇപ്പോൾ ബിജെപിക്കു വിള്ളലായിരിക്കുന്നത്. വീരസ്യം തള്ളിമറിക്കാനായി കൊള്ളാത്ത വർത്തമാനം പറഞ്ഞ് പാർട്ടിയെ വെള്ളത്തിലാക്കിയ മധ്യപ്രദേശിലെ നേതാക്കളെ ഒടുവിൽ പ്രസംഗം പഠിപ്പിക്കാൻ തള്ളിവിടുകയാണ് പാർട്ടി. തെരഞ്ഞെടുപ്പ് മണ്‍സൂണ്‍ അടുത്തുവരികയാണ്, തള്ളലും വിള്ളലും കൊള്ളലും കിള്ളലും നുള്ളലും പൊള്ളലും കൂടാൻ തന്നെയാണ് സാധ്യത.
മിസ്ഡ് കോൾ
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീരുന്പോൾ കേരളത്തിന്റെ കടഭാരം 4.65 ലക്ഷം കോടിയാകും.
- വാർത്ത.
കെ കടം, അഭിമാനം!