പറവൂർ: മദ്യപാനിയായ ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. വെടിമറ തോപ്പിൽപറമ്പിൽ കോമളമാ(58)ണ് മരിച്ചത്. ഭർത്താവ് ഉണ്ണിക്കൃഷ്ണനെ (65) പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.
മദ്യപിച്ച് വീട്ടിലെത്തിയ ഉണ്ണിക്കൃഷ്ണൻ കോമളവുമായി വഴക്കുണ്ടാക്കുകയും മർദിക്കുകയും തലക്ക് ശക്തിയായി അടിക്കുകയും ചെയ്തു. അടിക്കുന്നത് കണ്ട് തടയാൻ ചെന്ന ഇവരുടെ മാനസിക ദൗർബല്യമുള്ള മകൻ ഷിബുവിനും മർദനമേറ്റു. ഷിബു ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുമ്പുവടി ഉപയോഗിച്ചാണ് ഉണ്ണിക്കൃഷ്ണൻ കോമളത്തെ അടിച്ചതെന്നു പറയുന്നുണ്ടെങ്കിലും അത്തരമൊരു വടി വീട്ടിൽ നിന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു.
എന്നാൽ, രക്തപ്പാടുകൾ ഉള്ള കട്ടിയുള്ള ഒരു വിറകിന്റെ കഷണം കണ്ടെടുത്തിട്ടുണ്ട്. അടിയേറ്റു വീണ കോമളത്തെ ഉടനെ നാട്ടുകാരുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോലീസിനെ കണ്ടു വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. നേരത്തെ ചുമട്ട് തൊഴിലാളിയായിരുന്ന ഉണ്ണികൃഷ്ണന് ഇപ്പോൾ കൂലിപ്പണിയാണ്. ഇയാൾ വീട്ടിൽ പതിവായി വഴക്കുണ്ടാക്കുകയും ഭാര്യയെ മർദിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
തന്നെ ഉപദ്രവിക്കുന്നതായി ഭാര്യ നൽകിയ പരാതിയിൽ ഉണ്ണിക്കൃഷ്ണനെ മുന്പ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിട്ടുണ്ടെന്നു മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ പറഞ്ഞു.
പറവൂർ താലൂക്ക് ഗവ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടത്തിയ ശേഷം എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. സംസ്കാരം പിന്നീട്. മകൾ: ഷോബി.