കൊല്ലം: പിഎം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയെ കബളിപ്പിച്ചു ഒപ്പുവെയ്ക്കുകയായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നാട്ടിന് പുറത്തുപോലും ഇങ്ങനെ ആരും ആരെയും കബളിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം കോര്‍പറേഷന്റെ ദുര്‍ഭരണത്തിനെതിരെ എന്‍.കെ. പ്രേമചന്ദ്രന് എംപി ജാഥാ ക്യാപ്റ്റനും അഡ്വ. ബിന്ദു കൃഷ്ണ, എ.കെ. ഹഫീസ്, നൗഷാദ് യൂനുസ് എന്നിവര്‍ അംഗങ്ങളുമായ കുറ്റവിചാരണ യാത്രയുടെ ഉദ്ഘാടനം അഞ്ചാലുംമൂട്ടില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം കോര്‍പറേഷനെതിരെ തയാറാക്കിയ കുറ്റപത്രത്തിലെ ഓരോ വിഷയവും വോട്ടര്‍മാര്‍ ചര്‍ച്ചചെയ്യുമെന്നും വി.ഡി.സതീശന് കൂട്ടിച്ചേര്‍ത്തു.
കൊല്ലം കോര്പറേഷന് അഴിമതിയുടെ കൂടാരമായി മാറിയെന്നു തുടര്‍ന്നു പ്രസംഗിച്ച ജാഥാ ക്യാപ്റ്റന്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.
അഞ്ചാലുംമൂട്ടില്‍ നിന്നും ആരംഭിച്ച ജാഥ 30ന് ശക്തികുളങ്ങരയില്‍ സമാപിക്കും. യുഡിഎഫ് ജില്ലാ ചെയര്മാന് കെ.സി.രാജന് അധ്യക്ഷനായി ചടങ്ങില്‍ ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയേറ്റംഗം എ.എ.അസീസ്, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, എം.എം. നസീര്‍, അഡ്വ.പി.ജര്‍മിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.