കരുവാരകുണ്ട്: കലോത്സവ വേദിയിൽ കുട്ടി റിപ്പോർട്ടർമാർ സജീവം. കരുവാരകുണ്ടിൽ നടന്ന വണ്ടൂർ ഉപജില്ല കലാമേളയുടെ അവസാന ദിവസമാണ് കുട്ടി റിപ്പോർട്ടർമാർ കലോത്സവ നഗരിയിൽ ചുറ്റി നടന്ന് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കരുവാരകുണ്ട് കൊയ്ത്തക്കുണ്ട് ജിഎൽപി സ്കൂളിലെ കുട്ടി റിപ്പോർട്ടർമാരാണ് മാധ്യമ പ്രവർത്തനം നടത്തിയത്.
പി.കെ. രുദ്ര, കെ. അഫിയ ഷെറിൻ, ആദിദേവ് ഗിരീഷ് കുമാർ എന്നിവരാണ് അവസാന ദിവസത്തെ പ്രധാന ആകർഷണമായ ഒപ്പന വേദിക്കരികിൽ നിന്ന് റിപ്പോർട്ടിംഗ് നടത്തിയത്. വേദിയിൽ നിന്നിറങ്ങുന്ന മത്സരാർഥികളുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞും മറ്റും തത്സമയം തന്നെ വാർത്തയാക്കുകയുമാണ് ചെയ്യുന്നത്. ആയിരങ്ങൾ പങ്കെടുത്ത കലോത്സവ നഗരിയിൽ യാതൊരുവിധ മടിയോ ആശങ്കയോ കൂടാതെയാണ് ഇവർ വാർത്ത തയാറാക്കുന്നത്. വിദ്യാലയത്തിലെ അധ്യാപകനായ പി.കെ. രഘുവാണ് കാമറാമാൻ. അഞ്ചു പേരാണ് വിദ്യാലയത്തിലെ മാധ്യമ സംഘത്തിലുള്ളത്. ഇതിൽ മൂന്നു പേരുമായാണ് രഘു കലോത്സവ വേദിയിൽ എത്തിയത്.
അതേസമയം ഇവർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഇല്ല എന്നതാണ് ശ്രദ്ധേയം. വാർത്തകൾ തയാറാക്കി വിദ്യാലയത്തിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്. വിവിധ ദിനാചരണങ്ങൾ, ആഘോഷങ്ങൾ, ഇതുപോലെയുള്ള കലോത്സവ വേദികൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കുട്ടികൾ റിപ്പോർട്ടിംഗിനായി ഇറങ്ങുന്നത്. പഠനത്തോടൊപ്പം മറ്റു കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുടെ മാധ്യമ പ്രവർത്തനവും.