തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ പുരസ്കാരം എഴുത്തുകാരൻ ഇ. സന്തോഷ് കുമാറിന് സമ്മാനിച്ചു. നമ്മുടെ കാലത്തെ മനുഷ്യർ പിൻകാഴ്ചകൾ മാത്രം കാണാൻ കഴിയുന്ന കണ്ണാടിയുമായി നിരത്തിലൂടെ വാഹനമോടിക്കുന്നവരാണെന്നു സന്തോഷ്കുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഭാവിയിലേക്കോ വർത്തമാനത്തിലേക്കോ പോലും ദിശ കാണിക്കാൻ സഹായിക്കുന്ന മുൻവശത്തെ കണ്ണാടികൾ മനുഷ്യർ സ്വയം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ വയലാർ അവാർഡ് ജേതാക്കളായ ശ്രീകുമാരൻ തന്പി, പ്രഭാവർമ, ഏഴാച്ചേരി രാമചന്ദ്രൻ, കെ.വി മോഹൻകുമാർ, ബെന്യാമിൻ തുടങ്ങിയവരുൾപ്പെടെ പതിനൊന്നു പേർ ചേർന്നാണ് "തപോമയിയുടെ അച്ഛൻ’എന്ന നോവലിലൂടെ മലയാള നോവൽ സാഹിത്യത്തിന്റെ ആധുനിക മുഖമായ ഇ. സന്തോഷ്കുമാറിന് പുരസ്കാരം സമ്മാനിച്ചത്. ഒരു മനുഷ്യന്റെ പരിഹാരമില്ലാത്ത കുറ്റബോധത്തെയും നമ്മുടെ കാലത്ത് ഏറ്റവും സങ്കീർണമായി മാറിയിട്ടുള്ള അഭയാന്വേഷണത്തെയുമാണ് നോവൽ അടയാളപ്പെടുത്തുന്നതെന്ന് സന്തോഷ്കുമാർ പറഞ്ഞു.
കവി പ്രഭാവർമ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുരസ്കാര നിർണയ സമിതി അംഗം ടി.ഡി രാമകൃഷ്ണൻ നോവലിന്റെ വിവിധ തലങ്ങൾ വിശദീകരിച്ചു. ട്രസ്റ്റ് അംഗം ഡോ. വി. രാമൻകുട്ടി പ്രശസ്തിപത്ര സമർപ്പണം നടത്തി. ട്രസ്റ്റ് സെക്രട്ടറി ബി. സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പുരസ്കാരദാന ചടങ്ങിനു ശേഷം വയലാർ കവിതകളുടെ നൃത്താവിഷ്കാരവും ഗാനസന്ധ്യയും അരങ്ങേറി.
Tags : Award nattuvishesham local news