കുണ്ടറ : ദേശീയപാതയിലെ വെള്ളക്കെട്ട് പരാതി കൊടുത്തു മടുത്തു. ഒടുവിൽ തൂമ്പയും ചട്ടിയും എടുത്തിറങ്ങി അധ്യാപകരും വിദ്യാർഥികളും ചാലുവെട്ടി നേരയാക്കി. കുണ്ടറയിൽ ദേശീയപാത അധികാരികൾ ചെയ്യേണ്ട ജോലി അധ്യാപകരും വിദ്യാർഥികളും കൂടി ചെയ്തു.
ഇളമ്പള്ളൂർ എസ്എൻഎസ്എംഎച്ച്എസ് സ്കൂളിന്റെ മുന്നിലെ വെള്ളക്കെട്ടാണ് അധ്യാപകരും വിദ്യാർഥികളും ചേർന്നു ചാലു വെട്ടി വെള്ളം ഒഴുക്കി കളഞ്ഞത്.
മഴ പെയ്താൽ വർഷങ്ങളായി ഈ പ്രദേശത്ത് മുഴുവൻ വെള്ളക്കെട്ടാകും. സ്കൂൾ കുട്ടികൾ ചാടി കടന്നാണ് സ്കൂളിലേക്ക് കയറുന്നത്.കഴിഞ്ഞ കുറേ വർഷങ്ങളായി സ്കൂൾ അധികൃതർ ഇളമ്പള്ളൂർ പഞ്ചായത്തിനും സ്ഥലം എംഎൽഎ യ്ക്കുംഎംപി യ്ക്കും ദേശീയപാത അധികാരികൾക്കും നിരവധി തവണ പരാതി നൽകിയിട്ടും നാളിതുവരെയും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.ബന്ധപ്പെട്ട അധികാരികളിൽ നിന്നും നടപടികൾ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പായത്തോടെയാണ് അധ്യാപകരും വിദ്യാർഥികളും തൂമ്പയും ചട്ടിയുമായി ഇറങ്ങിയത്.