പിറവം: രാമമംഗലം, പൂതൃക്ക പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുവാറ്റുപുഴയാറിന് കുറുകെയുള്ള തമ്മാനിമറ്റം തൂക്കുപാലത്തിന്റെ പുനര്‍ നിര്‍മാണോദ്ഘാടനം നാളെ നടക്കും. 2018 ലെ പ്രളയകാലത്ത് തകർന്ന പാലമാണ് വീണ്ടും നിർമിക്കുന്നത്. പാലത്തിന്റെ നിര്‍മാണം സിവിലും മെക്കാനിക്കലുമായി പ്രത്യേകം തയാറാക്കി നിർമിക്കുവാനാണ് തീരുമാനമെടുത്തിരിക്കുന്നത്.
തദേശ സ്വയംഭരണ വകുപ്പ് സിവില്‍ പ്രവൃത്തിയും, ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം മെക്കാനിക്കല്‍ ജോലിയും ചെയ്യാനും എസ്റ്റിമേറ്റ് തയാറാക്കുവാന്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
നിലവിലുള്ള പാലം പൊളിക്കുന്നതിനായി 16 ലക്ഷം രൂപ വകയിരുത്തുകയും, പുതിയ പാലം നിര്‍മ്മിക്കുന്നതിനായി 3 കോടി 21 ലക്ഷം രൂപയുടെ മെക്കാനിക്കല്‍ വര്‍ക്കും, 2 കോടി രൂപയുടെ സിവില്‍ വര്‍ക്കുമാണ് നിലവില്‍ എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.
രാമമംഗലം, പൂതൃക്ക പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ് പാലം. പാലത്തിന്റെ പുനര്‍നിര്‍മാണത്തെ സംബന്ധിച്ച് 2019-ലും, 2020-ലും, 2021-ലും അനൂപ് ജേക്കബ് നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ റീ - ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. പിന്നീട് പല സാങ്കേതിക കാരണങ്ങളാല്‍ നീണ്ടു പോകുകയും ഇപ്പോള്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തങ്ങളില്‍ കടക്കുകയും ചെയ്തിരിക്കുകയാണ്.
രാമമംഗലം കടവ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ വൈകുന്നേരം നാലിന് അനൂപ് ജേക്കബ് എംഎൽഎ പുനർ നിർമാണോദ്ഘാടനം നിർവഹിക്കും. ഇതു സംബന്ധിച്ചുള്ള യോഗം ഇന്ന് രാവിലെ 11 ന് രാമമംഗലം പഞ്ചായത്ത് ഓഫീസിൽ നടക്കും.
Tags : Bridge nattuvishesham local news