മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കാരക്കുറ്റിയിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായ എ.പി. അഷ്റഫ് സ്മാരക ഇഷ്ടിക കമ്പനി-പരിയാരം റോഡ് ഉദ്ഘാടനം ചെയ്തു.
പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അറുതി വരുത്തി 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്.
കൊടിയത്തൂർ - നെല്ലിക്കാപറമ്പ് റോഡിനോട് ചേർന്ന പ്രദേശമായിട്ടും വാഹനങ്ങൾ കൊണ്ടുപോകാൻ സൗകര്യപ്രദമായ ഒരു റോഡില്ലാത്തത് പ്രദേശത്തെ വയോധികരും രോഗികളുമുൾപ്പെടെയുള്ളവർക്ക് വലിയ ദുരിതമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇഷ്ടിക കമ്പനി-പരിയാരം റോഡിന് ഫണ്ട് വകയിരുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവാണ് ഉദ്ഘാടനം നിർവഹിച്ചത്.
വാർഡ് മെമ്പർ വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, എം.എ. അബ്ദുറഹിമാൻ, സി.പി. അസീസ്, എം.എ. അബ്ദുൽ അസീസ് ആരിഫ്, പി. അഹമ്മദ്, ജ്യോതി ബസു, വി. അഹമ്മദ് എന്നിവർ പങ്കെടുത്തു.