സുൽത്താൻ ബത്തേരി: മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളജ് ആരംഭിക്കുന്നതിനായി ഇന്ത്യൻ മെഡിക്കൽ കമ്മീഷന്റെ താത്കാലിക അംഗീകാരം നേടിയെടുത്തത്തിൽ ദുരൂഹത ഉണ്ടെന്നു മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി വിലയിരുത്തി.
പ്രാഥമികമായ സൗകര്യങ്ങൾ പോലും ഒരുക്കാതെയും നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്നുമുള്ള 2023 ജൂണ്‍ 16ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെ അവഗണിച്ചുമാണ് മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിച്ചത്. രണ്ടാം വർഷം മുതലുള്ള ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ യാതൊരു ഒരുക്കങ്ങളും നാളിതുവരെയായി തുടങ്ങുകയോ ചെയ്യുകയോ ചെയ്തിട്ടില്ല.
നിലവിലുള്ള പരിമിതമായ സൗകര്യങ്ങൾ കേവലം ഒരു വർഷത്തേക്ക് മാത്രമേ ഉപയോഗപ്പെടുത്താൻ പറ്റുകയുള്ളു എന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനു 20 ഏക്കർ സ്ഥലമെങ്കിലും വേണമെന്ന നിബന്ധനയിരിക്കെ കേവലം എട്ട് ഏക്കർ സ്ഥലം മാത്രമാണ് മാനന്തവാടിയിൽ സർക്കാരിന്റെ കൈവശം ഉള്ളത്. നിലവിൽ ഇതു തന്നെ നഴ്സിംഗ് കോളജിന്റെ സ്ഥലം ഉൾപ്പെടെയാണ്. ഏറ്റവും ഒടുവിലായി വകുപ്പ് മന്ത്രിയുടെ പ്രസ്താവന വന്നത് മാനന്തവാടി മെഡിക്കൽ കോളജിനായി അന്പുകുത്തിയിലുള്ള 28ഏക്കർ വനഭൂമി വിട്ടുനൽകുന്നതിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. വനം വകുപ്പിൽ നിന്നും 28ഏക്കർ സ്ഥലം വിട്ടുകിട്ടിയിട്ടു മെഡിക്കൽ കോളജ് പ്രവർത്തിപ്പിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കലാണ്.
നാഷണൽ മെഡിക്കൽ കൗണ്‍സിലിന്റെ മാനദണ്ഡങ്ങൾ മനസിലാക്കാതെയാണ് വിദ്യാർഥികൾ ആദ്യവർഷം അഡ്മിഷൻ നേടിയത്. വയനാട്ടിൽ മെഡിക്കൽ കോളജ് ആരംഭിക്കുന്പോൾ അവശത അനുഭവിക്കുന്ന വിഭാഗത്തിൽപ്പെട്ട അഞ്ച് കുട്ടികൾക്ക് ഓരോ വർഷവും മെറിറ്റിൽ അഡ്മിഷൻ നൽകുമെന്ന സർക്കാർ ഉറപ്പു പാലിക്കപ്പെട്ടില്ല. ഈ സംവരണം ആട്ടിമറിക്കപ്പെട്ടതിനാൽ നിലവിൽ അഡ്മിഷൻ നേടിയ കുട്ടികളുടെ തുടർ പഠനംപോലും അനിശ്ചിതത്തിലാകും.
മെഡിക്കൽ കോളജ് തുടങ്ങുമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ മടക്കിമലയിൽ 50ൽ അധികം ഏക്കർ സ്ഥലത്തെ മരങ്ങൾ വീട്ടിനീക്കിയത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കും. മെഡിക്കൽ കോളജിന് വേറെ ഭൂമി കണ്ടെത്തി ഏറ്റെടുക്കുന്നതിന് കാലതാമസവും സർക്കാരിന് ഭാരിച്ച സാന്പത്തിക ബാധ്യതയും വരുത്തും. അതിനാൽ മടക്കിമലയിലെ ഭൂമി ഉപേക്ഷിച്ച സർക്കാർ നടപടി പുനഃപരിശോധിച്ചു എത്രയും പെട്ടന്നു ഈ ഭൂമിയിൽ തന്നെ മെഡിക്കൽ കോളജിന്റെ പ്രവർത്തനം പുനഃരാരംഭിക്കണമെന്ന് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി ബത്തേരിയിൽ ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു. സമരം ശക്തമാക്കാനും തീരുമാനിച്ചു. കെ.എം. ശ്രീധരൻ അന്പലക്കുന്ന് സദസ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി രക്ഷാധികാരി വി.പി. എൽദോ, കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. കെ.വി. ഗോകുൽദാസ്, ഡോ.എം. ബാലകൃഷ്ണൻ, പോൾ മാത്യു, കെ.എം. സെയ്ദലവി, ശാന്തകുമാരി കൽപ്പറ്റ, എ. ഷണ്മുഖൻ, ബിജു പൂളക്കര, ധർമരാജ് അയ്യംകൊല്ലി, ദിവാകരൻ നീലഗിരി, വർഗീസ് വട്ടേക്കാട്, ഇ. ഡെവിസ്, സി.എ. റഫീഖ്, സി.എച്ച്. സജിത്കുമാർ എന്നിവർ പ്രസംഗിച്ചു.