Jeevithavijayam
ഓരോ ദിവസവും ഏറ്റവും നല്ല ദിവസമാകാം. ഓരോ നിമിഷവും ഏറ്റവും നല്ല നിമിഷവും. നിങ്ങൾക്കതു കാണാൻ കഴിയണമെന്നുമാത്രം..
അനുദിനജീവിതത്തിലെ ആകുലതകളുടെയും ആശങ്കകളുടെയും അസ്വസ്ഥതകളുടെയുമൊക്കെ മധ്യേ ആഴമേറിയ പല സത്യങ്ങളും നാം മറന്നുപോകാനിടയുണ്ട്. എന്നാൽ അവയെ നമ്മെ ഓർമപ്പെടുത്താൻ പലപ്പോഴും ഒരു നിർമല മനസു മതിയാകും.
അങ്ങനെയുള്ള നിർമല മനസിന്റെ ഉടമയായ ഒരു ബാലനെയാണ് "ദി അണ്ബ്രേക്കബിൾ ബോയ്' എന്ന ഹോളിവുഡ് സിനിമയിൽ നാം കാണുക. ഓസ്റ്റിൻ ലെറെറ്റ് എന്ന ബാലന്റെ യഥാർഥ ജീവിതകഥയെ ആധാരമാക്കി നിർമിച്ച ഈ ചിത്രം കഴിഞ്ഞ ഫെബ്രുവരിയിലാണ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
എല്ലുകൾ എളുപ്പത്തിൽ ഒടിയുന്ന രോഗവുമായാണ് ഓസ്റ്റിൻ ജനിച്ചത്. അതോടൊപ്പം ഓട്ടിസം എന്ന അവസ്ഥാവിശേഷവും അവനുണ്ടായിരുന്നു. എല്ലുകൾ പെട്ടെന്ന് ഒടിയുന്നതുമൂലം അവന് ഇടയ്ക്കിടെ ആശുപത്രിവാസം വേണ്ടിവന്നു.
രോഗവും ഓട്ടിസവും അവന് വേദനകളും വെല്ലുവിളികളും സൃഷ്ടിച്ചു. എന്നാൽ അവയ്ക്കൊന്നും അവനെ തളർത്താൻ സാധിച്ചില്ലെന്നതാണ് വസ്തുത. നേരേമറിച്ച് അവന്റെ ലോകദർശനം അത്ഭുതകരമായ ലാളിത്യവും സന്തോഷവും നിറഞ്ഞതായിരുന്നു.
ഈ ദർശനം ഏറെ സ്വാധീനിച്ചത് അവന്റെ പിതാവായ സ്കോട്ടിനെയായിരുന്നു. ജീവിതപ്രശ്നങ്ങളോടു മല്ലടിച്ച് തളർന്ന മനുഷ്യനായിരുന്നു സ്കോട്ട്. ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയില്ലാതിരുന്ന അയാൾ തന്റെ പുത്രന്റെ ജീവിതവീക്ഷണവും പ്രവർത്തനരീതികളും കണ്ട് അത്ഭുതപ്പെടുകയും ജീവിതത്തെക്കുറിച്ച് പ്രത്യാശയുള്ളവനായി മാറുകയും ചെയ്തു. അങ്ങനെയാണ് ഓസ്റ്റിന്റെ കഥ പുസ്തകമായി പ്രസിദ്ധീകരിക്കാൻ സ്കോട്ട് തയാറായത്.
ഓസ്റ്റിന്റെ ജീവിതവീക്ഷണം വ്യക്തമാക്കുന്ന രീതിയിൽ സിനിമയിൽ അവൻ പറയുന്ന ഒരു വാചകം ഇപ്രകാരമാണ്: ""ഓരോ ദിവസവും ഏറ്റവും നല്ല ദിവസമാകാം. ഓരോ നിമിഷവും ഏറ്റവും നല്ല നിമിഷവും. നിങ്ങൾക്കതു കാണാൻ കഴിയണമെന്നുമാത്രം''.
ഇതു പറയുന്നത് അനുദിനം വേദനയനുഭവിക്കുന്ന ഒരു ബാലനാണെന്നു നാം ഓർമിക്കണം. ഇതൊരു വിജ്ഞാനം പങ്കുവയ്ക്കലല്ല, വലിയൊരു ജീവിതസാക്ഷ്യമാണ്.
ജീവിതത്തിൽ സാധാരണയായി നമുക്കുണ്ടായിരിക്കേണ്ട ശുഭാപ്തിവിശ്വാസത്തെക്കുറിച്ചല്ല ഓസ്റ്റിൻ നമ്മെ അനുസ്മരിപ്പിക്കുന്നത്. പ്രത്യുത, സെന്റ് പോൾ പഠിപ്പിക്കുന്നതുപോലെ "ആന്തരിക നേത്രങ്ങൾ' (എഫേ 1:18) കൊണ്ട് ജീവിതത്തെ ദർശിക്കുവാനാണ്.
അങ്ങനെ ഹൃദയംതുറന്ന്, ആന്തരിക നേത്രങ്ങൾകൊണ്ട് കാര്യങ്ങൾ കാണാൻ സാധിച്ചാൽ ഓരോ ദിവസവും, ഓരോ നിമിഷവും ഏറെ അനുഗ്രഹങ്ങൾ നിറഞ്ഞതാണെന്നു നമുക്കു കാണാനാവും.
ജീവിതത്തിൽ എപ്പോഴും നമുക്കു കഷ്ടപ്പാടുകളുണ്ടായിരിക്കും. എന്നാൽ അവയൊന്നും നമ്മുടെ സന്തോഷം തല്ലിക്കെടുത്താൻ നാം അനുവദിക്കരുത്. കഷ്ടപ്പാട് നിറഞ്ഞതാണ് ഓസ്റ്റിന്റെ ജീവിതം.
എന്നാൽ ആ കഷ്ടപ്പാടുകൾക്കിടയിൽ ജീവിതത്തിലെ അനുഗ്രഹങ്ങളെ എണ്ണുവാനാണ് അവനു തിടുക്കം. ഇതുചെയ്യാൻ അവനെ പ്രാപ്തനാക്കുന്നത് അവന്റെ നവ്യമായ ജീവിതവീക്ഷണംതന്നെ.
ജനിച്ച് പത്തൊന്പതു മാസം കഴിഞ്ഞപ്പോൾ അന്ധയും ബധിരയുമായിത്തീർന്ന ദൗർഭാഗ്യവതിയായിരുന്നു ഹെലൻ കെല്ലർ (1880-1968). എങ്കിലും തന്റെ പോരായ്മകളോടു പോരാടി ലോകപ്രശസ്തയായ ഗ്രന്ഥകാരിയും വിദ്യാഭ്യാസപ്രവർത്തകയുമായി മാറാൻ ഹെലനു സാധിച്ചു.
അവർ ഒരിക്കൽ എഴുതി: ""കഷ്ടപ്പാടുകൾ നിറഞ്ഞതാണ് ഈ ലോകം. എന്നാൽ അവയെ അതിജീവിച്ച കഥകൾകൊണ്ടും ഈ ലോകം നിറഞ്ഞിരിക്കുന്നു''.
തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മറികടന്ന് ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നതിനെക്കുറിച്ച് ഹെലന് ആദ്യം വലിയ പ്രതീക്ഷയില്ലായിരുന്നു. എന്നാൽ തന്റെ അധ്യാപികയായിരുന്ന ആനി സള്ളിവന്റെ സഹായത്തോടെ പുതിയൊരു ജീവിതത്തിലേക്കു കടക്കാൻ ഹെലനു സാധിച്ചു.
അങ്ങനെയാണ് അന്ധയായിരുന്ന അവർക്ക് ആന്തരിക നേത്രങ്ങൾകൊണ്ട് ജീവിതത്തെ ദർശിക്കാൻ സാധിച്ചത്. മുന്പ് എന്നതിനേക്കാൾ ഏറെ തിരക്കേറിയതാണ് നമ്മിൽ പലരുടെയും ജീവിതം.
തിരക്കുകൾക്കും വ്യഗ്രതകൾക്കുമിടയിൽ അവയില്ലാത്ത നല്ല ഒരു ദിവസത്തെയാകും നമ്മിൽ പലരും സ്വപ്നം കാണുക. എന്നാൽ ആ നല്ലദിവസം ഒരിക്കൽ വരുമെന്നുകരുതി വെറുതെ കാത്തിരുന്നു സമയം കളയേണ്ടതുണ്ടോ? ഓസ്റ്റിൻ അനുസ്മരിപ്പിക്കുന്നതുപോലെ എല്ലാ ദിവസവും നല്ല ദിവസങ്ങളാക്കിമാറ്റി മുന്നോട്ടു പോകുവാൻ ശ്രമിക്കുന്നതല്ലേ നമുക്കു നല്ലത്?
അതിന് ആദ്യംചെയ്യേണ്ടത് നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നല്ല നിമിഷങ്ങളാക്കി മാറ്റുക എന്നതാണ്. അതു സാധിക്കണമെങ്കിൽ ഓരോ നിമിഷവും ദൈവം നമുക്കുനൽകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് നല്ല അവബോധമുണ്ടാകണം.
ഉദാഹരണമായി, ബുദ്ധിമുട്ടുകൂടാതെ നമുക്കു ശ്വസിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് എത്രയോ വലിയ അനുഗ്രഹമാണ്! അതുപോലെ, നാം നോക്കുന്പോൾ ചുറ്റുമുള്ള ലോകത്തെ കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അതും വലിയൊരു അനുഗ്രഹം തന്നെയല്ലേ?
ഇതുപോലെ എന്തെല്ലാം അനുഗ്രഹങ്ങളാണ് നമ്മുടെ ജീവിതത്തിലുള്ളത്! അവ ഓരോന്നായി എണ്ണുവാനും അവയെക്കുറിച്ച് അനുനിമിഷം അവബോധമുള്ളവരായി ജീവിക്കാനും സാധിച്ചാൽ നമ്മുടെ ഓരോ നിമിഷവും നല്ല നിമിഷങ്ങളായിരിക്കില്ലേ? ഓരോ ദിവസവും നല്ല ദിവസങ്ങളായിരിക്കില്ലേ? സങ്കീർത്തകനായ ദാവീദിന് തന്റെ അനുദിന ജീവിതത്തിലെ അനുഗ്രഹങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു.
തന്മൂമാണ് പരിശുദ്ധാത്മാവിനാൽ നിവേശിതനായി അദ്ദേഹം എഴുതിയത്- ""ഇതു കർത്താവ് നൽകിയ ദിവസമാണ്. നമുക്കിന്ന് സന്തോഷിച്ചാനന്ദിക്കാം'' (സങ്കീ 118:24)
എന്തു കാരണത്താലാണ് നാം സന്തോഷിച്ചാനന്ദിക്കേണ്ടത്? ദൈവം നമുക്കായി പുതിയൊരു ദിവസം തന്നിരിക്കുന്നു എന്നതുകൊണ്ടുതന്നെ. അതിന്റെ അർഥം അവിടന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്നതല്ലേ? തന്മൂലമാണ് ദൈവപുത്രനായ യേശു പറഞ്ഞത്- ""നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകേണ്ട'' (മത്താ 6:34) എന്ന്.
നമ്മുടെ ഓരോ നിമിഷവും ഓരോ ദിവസവും ഏറ്റവും നല്ലതാക്കി മാറ്റാൻ ദൈവം എപ്പോഴും നമ്മോടുകൂടിയുണ്ട്. എന്നാൽ നമ്മുടെ ഓരോ നിമിഷവും ഓരോ ദിവസവും നാം അവിടത്തോടുകൂടിയാണോ എന്നതാണ് പ്രസക്തമായ ചോദ്യം.
നാം എപ്പോഴും അവിടന്നോടൊപ്പമാണെങ്കിൽ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ഓരോ ദിവസവും ഏറ്റവും മികച്ചതുതന്നെ ആയിരിക്കും. അതിൽ സംശയംവേണ്ട.
Jeevithavijayam
പത്രപ്രവർത്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളിൽ പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരനാണ് ജാക്ക് ലണ്ടൻ (1876-1916). സയൻസ് ഫിക്ഷനിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. മനുഷ്യന്റെ സാഹസികജീവിതവും, പ്രകൃതിയുമായി അവൻ നടത്തുന്ന പോരാട്ടങ്ങളും ശക്തമായ ഭാഷയിൽ വരച്ചുകാട്ടിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കഥയാണ് "ടു ബിൽഡ് എ ഫയർ'.
"ഒരു തീ കൊളുത്താൻ' എന്ന അർഥം വരുന്ന ഈ കഥയുടെ പശ്ചാത്തലം 1890കളിലെ ഗോൾഡ് റഷ് ആണ്. കാനഡയുടെ വടക്കുപറിഞ്ഞാറൻ ഭാഗത്തുള്ള യൂക്കോണ് നദിക്കു സമീപം സ്വർണം കണ്ടെത്തിയപ്പോൾ അതിൽ കുറേ കൈക്കലാക്കാൻ ഒരുലക്ഷത്തോളംപേർ പലപ്പോഴായി അവിടേക്കു സാഹസികയാത്ര നടത്തിയതായി കണക്കാക്കപ്പെടുന്നു. എന്നാൽ അവരിൽ പകുതിയോളംപേർ മാത്രമേ അതിപ്രതികൂലമായ കാലാവസ്ഥയെ മറികടന്ന് അവിടെ എത്തിയുള്ളുവത്രേ. അത്രമാത്രം ശക്തമായ തണുപ്പും പ്രതികൂല സാഹചര്യങ്ങളുമായിരുന്നു അവർ നേരിട്ടത്.
ഒരു തീ കൊളുത്താൻ എന്ന കഥയിലെ പേരില്ലാത്ത കഥാപാത്രം നദിക്കരികിലുള്ള ഒരു ക്യാന്പിലേക്ക് യാത്രതിരിച്ചയാളാണ്. മനുഷ്യരാരും കൂട്ടില്ലാതെ, ഒരു നായയോടൊപ്പമായിരുന്നു അയാളുടെ യാത്ര. മുന്പ് യൂക്കോണ് നദീതീരത്തേക്കു യാത്രചെയ്തിട്ടുള്ള ഒരാൾ ഈ യാത്ര ഏറെ നിരുത്സാഹപ്പെടുത്തിയിരുന്നു. അപകടകരമായ ഈ യാത്രയ്ക്ക് ഇറങ്ങിത്തിരിക്കുകയാണെങ്കിൽ ഒരാളെങ്കിലും കൂട്ടിനുണ്ടാകണമെന്ന് അയാൾ മുന്നറിയിപ്പു നൽകിയതാണ്. എന്നാൽ അതെല്ലാം അവഗണിച്ച് കഥാനായകൻ യാത്രപുറപ്പെടുകയായിരുന്നു. അപ്പോൾ സീറോ ഡിഗ്രിക്ക് അന്പതുശതമാനം താഴെയായിരുന്നു താപനില.
യാത്രയുടെ തുടക്കത്തിൽ വലിയ കുഴപ്പമൊന്നുമുണ്ടായില്ല. എന്നാൽ മുന്നോട്ടുപോകുംതോറും പ്രശ്നങ്ങൾ കൂടിക്കൂടിവന്നു. അങ്ങനെയാണ് ഒരിടത്തുവച്ച് മഞ്ഞുകട്ടകൾക്കടിയിലുള്ള വെള്ളത്തിൽ അയാൾ വീഴാനിടയായത്. അതോടെ മുട്ടുവരെയുള്ള വസ്ത്രങ്ങൾ നനഞ്ഞു. ആ വസ്ത്രങ്ങൾ അതിവേഗം ഉണക്കിയെടുക്കുന്നില്ലെങ്കിൽ കൊടുംതണുപ്പുമൂലം അതു വലിയ അപകടംവരുത്തിവയ്ക്കും.
ഇതു മനസിലാക്കി അയാൾ തീകൂട്ടുവാൻ ശ്രമിച്ചു. അതു വിജയിച്ചെങ്കിലും മരച്ചില്ലകളിൽനിന്നു മഞ്ഞുകട്ടകൾ വീണ് ആ തീ പെട്ടെന്ന് അണഞ്ഞുപോയി. പിന്നീട് തീപിടിപ്പിക്കുവാൻ അയാൾക്കു സാധിച്ചില്ല. അയാളുടെ കൈവിരലുകൾ അനക്കാൻ പറ്റാത്തവിധം മരവിച്ചുപോയിരുന്നു.
അപ്പോൾ തന്റെ കൂടെയുള്ള നായയെ കൊന്ന് അതിന്റെ രക്തത്തിൽ കൈകൾ മുക്കി അവ ചൂടുപിടിപ്പിക്കാൻ അയാൾ ആലോചിച്ചു. അയാളുടെ മനോഗതി മനസിലാക്കിയ നായ അയാൾക്കു പിടികൊടുക്കാതെ അകന്നുനിന്നു. അധികം താമസിയാതെ കൊടുംതണുപ്പ് അയാളുടെ ജീവൻ കാർന്നുതിന്നു. നായയാകട്ടെ, മനുഷ്യവാസമുള്ള ദിക്കുതേടി അവിടെനിന്ന് ഓടിയകലുകയും ചെയ്തു. അതോടെ കഥ അവസാനിക്കുന്നു.
എന്താണ് ഈ കഥ നമ്മെ അനുസ്മരിപ്പിക്കുന്നുത്? പ്രകൃതി മനുഷ്യന് ഇനിയും കീഴടങ്ങിയിട്ടില്ലെന്നോ? തീർച്ചയായും അങ്ങനെയൊരു സന്ദേശം ഈ കഥയിലുണ്ട്. അതായത്, മനുഷ്യൻ എത്ര സാഹസികനായാലും ഒരു പരിധിക്കപ്പുറം പ്രകൃതിയെ കീഴടക്കാനാവില്ലെന്നു സാരം.
എന്നാൽ, ഇവിടെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്ന കാര്യം മറ്റൊന്നാണ്. കടുത്ത ശൈത്യകാലത്ത് യൂക്കോണ് പ്രദേശത്തുകൂടി ഒറ്റയ്ക്കു യാത്രതിരിക്കുന്നത് അപകടകരമായിരിക്കുമെന്ന് പരിചയസന്പന്നനായ ഒരു വയോധികൻ മുന്നറിയിപ്പു നൽകിയിരുന്നതാണ്.
എന്നിട്ടും തന്റെ കഴിവിലും സാമർഥ്യത്തിലും അമിതമായി വിശ്വസിച്ചിരുന്ന കഥാനായകൻ ആ ഉപദേശം ചെവിക്കൊണ്ടില്ല. തണുപ്പ് എത്ര കൂടിയാലും തനിക്ക് തീ കൊളുത്തി രക്ഷപ്പെടാമെന്നായിരുന്നു അയാളുടെ ധാരണ. തെറ്റായ ആ ധാരണ അയാളുടെ മരണത്തിനു വഴിയൊരുക്കി.
ജീവിതത്തിലെ പല അപകടങ്ങളും പരാജയങ്ങളും നാം പലപ്പോഴും മുൻകൂട്ടി കാണുന്നില്ലെന്നതാണ് വാസ്തവം. അതിന്റെ കാരണം നമുക്കു മുന്പേ നടന്നുപോയവരുടെ അനുഭവങ്ങളിൽനിന്നു പാഠംപഠിക്കാൻ നാം വിസമ്മതിക്കുന്നു എന്നതാണ്.
അറിവും അനുഭവസമ്പത്തുമുള്ളവരുടെ വാക്കുകൾ അവഗണിക്കുന്നത് തയാറെടുപ്പില്ലാതെ ദുർഘടമായ ഒരു യാത്രപോകുന്നതിനു തുല്യമാണ്. സ്പെയിനിൽ ജനിച്ച അമേരിക്കൻ തത്വചിന്തകനും എഴുത്തുകാരനുമായ ജോർജ് സൻറ്റായന പറയുന്നു: ""ഭൂതകാലം വിസ്മരിക്കുന്നവർ ആ കാലത്തെ തെറ്റുകൾ ആവർത്തിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു''.
നമുക്കു നല്ല വിദ്യാഭ്യാസവും അറിവും ഉണ്ടായേക്കാം. എന്നാൽ അനുഭവസന്പത്തുള്ളവരുടെ ഉപദേശം കേൾക്കാൻ നാം വിമുഖരാകരുത്. നമ്മുടെ ജീവിതയാത്രയിൽ അത് ഏറെ സഹായിക്കുകതന്നെചെയ്യും.
ദൈവവചനം പറയുന്നു: ""മാർഗദർശനമില്ലാഞ്ഞാൽ ജനത നിലംപതിക്കും. ഉപദേഷ്ടാക്കൾ ധാരാളമുണ്ടെങ്കിൽ സുരക്ഷിതത്വമുണ്ട്'' (സുഭാഷിതങ്ങൾ 11:14). തന്മൂലമാണ് ബ്രിട്ടീഷ് ചിന്തകനും എഴുത്തുകാരനുമായ സി.എസ്. ലൂവിസ് എഴുതിയത്- "സ്വയം ജ്ഞാനിയായിരിക്കുവാൻ മെച്ചപ്പെട്ട കാര്യം ജ്ഞാനികളായവരുടെകൂടെ ജീവിക്കുക എന്നതാണ്.”
ജ്ഞാനം എന്നുപറയുന്നത് വെറും അറിവല്ല. അത് അനുഭവത്തിന്റെ കണ്ണടവഴി ലഭിക്കുന്ന അറിവുകൂടിയാണ്. അറിവും ശരിയായ അനുഭവസന്പത്തുമുള്ളവരുടെ ഉപദേശത്തിന് നാം ചെവികൊടുക്കണം. അതൊരു പോരായ്മയായി കരുതരുത്. നേരേമറിച്ച് അത് വിവേകത്തിന്റെയും വിനയത്തിന്റെയും ലക്ഷണമായി നാം കാണണം.
മനുഷ്യരുടെ മാർഗനിർദേശം ജീവിതയാത്രയിൽ നമ്മെ സഹായിക്കുകതന്നെ ചെയ്യും. എന്നാൽ, അതിലേറെ നാം ആശ്രയിക്കേണ്ടതു ദൈവം നമുക്കുനൽകുന്ന മാർഗനിർദേശത്തിലാണ്. ദൈവവചനം പറയുന്നു: ""കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക. നിന്റെ ബുദ്ധിയിൽ നീ ആശ്രയിക്കേണ്ട. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ. അവിടുന്നു നിനക്കു വഴിതെളിച്ചുതരും'' (സുഭാഷിതങ്ങൾ 3:5-6).
ദൈവം എപ്പോഴും വഴിതെളിച്ചുതരുമെന്ന ബോധ്യം സങ്കീർത്തകനുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം എഴുതിയത്- ""അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ്'' (സങ്കീർത്തനങ്ങൾ 118:105).
ദൈവം നൽകുന്ന മാർഗനിർദേശങ്ങൾ പാലിച്ചാൽ നമ്മുടെ തീരുമാനങ്ങൾ ഒരിക്കലും തെറ്റാനിടയാകില്ല. എന്നുമാത്രമല്ല, മാനുഷിക പോരായ്മമൂലം നമ്മുടെ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും എന്തെങ്കിലും കുറവുകളുണ്ടായാൽപ്പോലും ദൈവം അവ പരിഹരിക്കുമെന്നും തീർച്ചയാണ്.
ഒരു തീ കൊളുത്താൻ എന്ന കഥയിലെ നായകന്റെ അനുഭവം നമുക്കൊരു പാഠമാകട്ടെ. നാം എത്ര മിടുക്കരാണെങ്കിലും നമുക്കു പോരായ്മകളുമുണ്ടെന്നു മറക്കാതിരിക്കാം. ജീവിതയാത്രയിൽ മറ്റുള്ളവരുടെയും അതിലുപരി ദൈവത്തിന്റെയും മാർഗനിർദേശങ്ങൾ നമുക്ക് ആവശ്യമാണ്. കാരണം, അതുകൂടാതെ ഈ ലോകത്തിലും പരലോകത്തിലും നമുക്കു വിജയം നേടാനാകില്ല.
Jeevithavijayam
ദൈവം മോശയോടൊപ്പം എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഈ സാന്നിധ്യമാണ് ഫറവോയെ നേരിടാനും ഇസ്രായേൽകാരെ ഈജിപ്റ്റിലെ അടിമത്തത്തിൽനിന്നു മോചിപ്പിക്കാനും മോശയെ സഹായിച്ചത്.
പുരാണ ഗ്രീക്ക് കഥകളിലെ പ്രസിദ്ധമായ ഒരു കഥാപാത്രമാണ് തീസ്യസ്. ആഥൻസിലെ രാജാവായിരുന്ന ഏജിയസിന്റെ പുത്രനായിരുന്ന ഈ ചെറുപ്പക്കാരനാണ് പാതി മനുഷ്യനും പാതി മൃഗവുമായിരുന്ന മിനോട്ടർ എന്ന ഭീകരജീവിയെ കൊലപ്പെടുത്തി ആഥൻസിലെ നിരവധിപേരുടെ ജീവൻ രക്ഷിച്ചത്.
മിനോട്ടർ ജീവിച്ചിരുന്നത് ക്രീറ്റ് എന്ന ദ്വീപിലായിരുന്നു. അവിടത്തെ ശക്തനായ രാജാവായിരുന്ന മിനോസ് ആണ് ഡേഡലസ് എന്ന ശില്പിയെക്കൊണ്ട് മിനോട്ടറെ തളച്ചിടാനായി ലാബിറിന്ത് നിർമിച്ചത്.
അകത്തു പ്രവേശിച്ചാൽ ആർക്കും ഒരിക്കലും പുറത്തുകടക്കാൻ പറ്റാത്തവിധം ചുറ്റുവഴികളുള്ള ഒരു ദുർഘട ഗുഹാസംവിധാനമായിരുന്നു ലാബിറിന്ത്.
മിനോട്ടർ പുറത്തുകടക്കാതിരിക്കുന്നതിനും മിനോട്ടറിനു ഭക്ഷണമായി നൽകപ്പെടുന്ന മനുഷ്യർ അവിടെനിന്നു രക്ഷപ്പെടാതിരിക്കുന്നതിനും വേണ്ടിയായിരുന്നു വളരെ സങ്കീർണമായ ഈ സംവിധാനം സൃഷ്ടിച്ചത്.
നരഭോജിയായിരുന്ന മിനോട്ടർ ദിവസവും മനുഷ്യമാംസം ഭക്ഷിച്ചിരുന്നുവെന്ന് ഗ്രീക്ക് പുരാണങ്ങളിൽ പറയുന്നില്ല. എന്നാൽ ഒന്പതുവർഷത്തിലൊരിക്കൽ ആഥൻസിലെ രാജാവ് ഏഴു യുവാക്കളെയും ഏഴു യുവതികളെയും മിനോട്ടറിനു ഭക്ഷണമായി എത്തിക്കണമെന്ന് ക്രീറ്റിലെ മിനോസ് രാജാവ് ഒരു നിബന്ധന വച്ചിരുന്നു.
യുദ്ധത്തിൽ ആഥൻസിനെ പരാജയപ്പെടുത്തിയപ്പോൾ ആഥൻസിനു സ്വാതന്ത്ര്യം നൽകുവാൻ മിനോസ് രാജാവ് മുന്നോട്ടുവച്ച ഒരു വ്യവസ്ഥയായിരുന്നു അത്. തീസ്യസിന് ഈ വ്യവസ്ഥ അംഗീകരിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് മിനോട്ടറിനു ഭക്ഷണമായി അയയ്ക്കപ്പെട്ട പതിനാലുപേരിൽ ഒരുവനായി തീസ്യസ് തന്നെയുംകൂടി ഉൾപ്പെടുത്തിയത്.
ഭീകരജീവിയായ മിനോട്ടറെ നേരിടാൻ തക്ക ശരീരബലവും കായികശക്തിയും തീസ്യസിന് ഉണ്ടായിരുന്നോ? ഒരിക്കലുമില്ല. എന്നാൽ, മിനോട്ടറെ വകവരുത്തി മനുഷ്യജീവൻ രക്ഷിക്കണമെന്ന ഒരു ദൗത്യബോധം ആ ചെറുപ്പക്കാരനുണ്ടായിരുന്നു. അതാണ് ഒരു പരിധിവരെ അയാൾക്ക് ആത്മവിശ്വാസം നൽകിയത്.
വിജയത്തെക്കുറിച്ച് തീസ്യസിനു തീർച്ചയില്ലായിരുന്നു. ഭയരഹിതനുമായിരുന്നില്ല അയാൾ. എന്നാൽ മുന്നോട്ടുപോകാൻ ദൗത്യബോധം അയാളെ പ്രേരിപ്പിച്ചു. അപ്പോൾ ദൈവാനുഗ്രഹവും കൂട്ടിനുവന്നു.
അതുവഴിയാണ് മിനോസ് രാജാവിന്റെ പുത്രിയായ അറിയാഡ്നെ തീസ്യസിനെ കണ്ടുമുട്ടാനും പ്രേമത്തിലാകാനും ഇടയായത്. അറിയാഡ്നെയാണ് ലാബിറിന്തിൽനിന്നു രക്ഷപ്പെടാനുള്ള വഴി തീസ്യസിന് ഉപദേശിച്ചുകൊടുത്തത്.
ഒരു നൂലുണ്ടയുടെ ഒരറ്റം ലാബിറിന്തിന്റെ പ്രവേശനകവാടത്തിൽ ബന്ധിച്ചുകൊണ്ട് മുന്നോട്ടുപോയാൽ, ആ ചരടിൽപിടിച്ച് പോയവഴിയേ പിന്നോട്ടു പോരാൻ സാധിക്കും എന്നതായിരുന്നു ആ സുന്ദരിയുടെ ഉപദേശം.
അതിനായി ഒരു നൂലുണ്ട അവൾ തീസ്യസിനെ ഏല്പിക്കുകയും ചെയ്തു. തീസ്യസ് ആ നൂലുണ്ടയുമായി അകത്തുകടന്ന് മിനോട്ടറെ വധിക്കുകയും സുരക്ഷിതനായി പുറത്തുകടക്കുകയും ചെയ്തു എന്നാണ് പുരാണം പറയുന്നത്.
പുറമേനിന്നു വീക്ഷിക്കുമ്പോൾ തീസ്യസ് വലിയ ധൈര്യശാലിയായിരുന്നെന്നു തോന്നാം. ഒരുപക്ഷേ അയാൾ അങ്ങനെതന്നെ ആയിരുന്നിരിക്കുകയും ചെയ്യാം. എങ്കിലും അയാളുടെ ആത്മവിശ്വാസത്തിന്റെ യഥാർഥ ഉറവിടം അയാളുടെ ദൗത്യബോധംതന്നെ ആയിരിക്കാനാണ് സാധ്യത. ആ ദൗത്യബോധം പ്രദാനംചെയ്യുന്നതാകട്ടെ സകല നന്മകളുടെയും ഉറവിടമായ ദൈവവും.
ബൈബിളിൽ നാം വായിക്കുന്ന മോശയുടെ കഥ ഈ യാഥാർഥ്യമാണ് വ്യക്തമാക്കുന്നത്. ഈജിപ്റ്റിൽ അടിമകളായിരുന്ന ഇസ്രായേൽകാരെ മോചിപ്പിക്കാൻ ദൈവം ചുമതലപ്പെടുത്തിയ നേതാവായിരുന്നു മോശ.
എന്നാൽ മോശയ്ക്ക് അല്പംപോലും ആത്മവിശ്വാസം ഇല്ലായിരുന്നു. തന്മൂലം മോശ ദൈവത്തോടു പറഞ്ഞു: ""ഫറവോയുടെ അടുക്കൽ പോകാനും ഇസ്രായേൽ മക്കളെ ഈജിപ്റ്റിൽനിന്നു പുറത്തുകൊണ്ടുവരാനും ഞാൻ ആരാണ്?'' ഉടനെ ദൈവം പറഞ്ഞു: ""ഞാൻ നിന്നോടു കൂടെ ഉണ്ടായിരിക്കും''(പുറപ്പാട് 3:11-12).
ദൈവം മോശയോടൊപ്പം എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഈ സാന്നിധ്യമാണ് ഫറവോയെ നേരിടാനും ഇസ്രായേൽകാരെ ഈജിപ്റ്റിലെ അടിമത്തത്തിൽനിന്നു മോചിപ്പിക്കാനും മോശയെ സഹായിച്ചത്.
പതിനഞ്ചാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു ഗ്രാമീണ പെണ്കൊടിയായിരുന്നു ജോവാൻ ഓഫ് ആർക്ക് (1412-1431). അവൾക്ക് പതിനേഴു വയസുള്ളപ്പോൾ ദൈവം അവളെ ഒരു പ്രത്യേക ദൗത്യത്തിനായി വിളിച്ചു. ഫ്രാൻസിനെ ഇംഗ്ലണ്ടിന്റെ ആധിപത്യത്തിൽനിന്നു മോചിപ്പിക്കുക എന്നതായിരുന്നു ആ ദൗത്യം.
ദൈവം തന്നെ ഏല്പിച്ചിരിക്കുന്ന ദൗത്യത്തെക്കുറിച്ച് അവൾ ഫ്രാൻസിലെ ചാൾസ് ഏഴാമനുമായി സംസാരിച്ചു. സ്ഥാനഭൃഷ്ടനായിരുന്ന ആ രാജാവിന് അവളുടെ വാക്കുകളിൽ വിശ്വാസംവന്നു. യുദ്ധമുഖത്തേക്കുപോയി ഇംഗ്ലണ്ടിനെതിരേ പോരാടാൻ അദ്ദേഹം അവളെ അനുവദിച്ചു.
പടയാളികളുടെ യൂണിഫോം അണിഞ്ഞ് ജോവാൻ ഓർലിയൻസിലെ യുദ്ധമേഖലയിലെത്തി അവിടെയുണ്ടായിരുന്ന പടയാളികൾക്ക് ആത്മവിശ്വാസവും വിജയപ്രതീക്ഷയും നൽകി അവരോടൊപ്പം പോരാടി.
ഒമ്പതു ദിവസംകൊണ്ട് അവർ ഇംഗ്ലീഷുകാരെ അവിടെനിന്നു തുരത്തി. പിന്നീടുണ്ടായ മറ്റുചില വിജയങ്ങൾക്കുശേഷം ചാൾസ് ഏഴാമൻ വീണ്ടും ഫ്രാൻസിന്റെ രാജാവായി വാഴിക്കപ്പെട്ടു. അപ്പോൾ ജോവാൻ രാജാവിനോടൊപ്പം ഉണ്ടായിരുന്നു.
ജോവാൻ പിന്നീട് യുദ്ധത്തിൽ പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു എന്നത് ശരിയാണ്. അതു വേറൊരു കഥ. ആ കഥയിലേക്ക് ഇവിടെ കടക്കുന്നില്ല.
എന്തായിരുന്നു പതിനേഴുകാരിയായ ഒരു ഗ്രാമീണ പെണ്കുട്ടിയുടെ അവിശ്വസനീയമായ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം? അതു ദൈവം അവൾക്കു നൽകിയ ദൗത്യബോധവും, ദൈവം ശക്തിപകർന്നുകൊണ്ട് തന്നോടൊപ്പം ഉണ്ട് എന്ന ഉറച്ച വിശ്വാസവുമായിരുന്നു.
ജീവിതത്തിൽ വിജയംവരിക്കുവാൻ നമുക്കുവേണ്ടതും ഇതുതന്നെയാണ്. നാം പ്രാപിക്കേണ്ട ലക്ഷ്യത്തെക്കുറിച്ചുള്ള ആത്മബോധവും, ദൈവം നമുക്കു ശക്തിപകർന്നുകൊണ്ട് നമ്മോടൊപ്പം ഉണ്ട് എന്ന ഉറച്ച ബോധ്യവും നമുക്കുണ്ടെങ്കിൽ നാം തീർച്ചയായും നമ്മുടെ ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യും. എന്നാൽ ആ ലക്ഷ്യം ദൈവത്തോടൊത്തുപോകുന്ന ലക്ഷ്യമായിരിക്കണമെന്നുമാത്രം.
Jeevithavijayam
സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക- അമേരിക്കയിലെ ന്യൂഹാമ്പ്ഷെർ എന്ന കൊച്ചു സംസ്ഥാനത്തിന്റെ ആദർശവാക്യമാണിത്. മാനവ സ്വാതന്ത്ര്യത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ഈ ആദർശവാക്യം- ലിവ് ഫ്രീ ഓർ ഡൈ ആ സംസ്ഥാനത്തെ എല്ലാ മോട്ടോർ വാഹനങ്ങളുടെയും ലൈസൻസ് പ്ലെയ്റ്റിൽ ആലേഖനം ചെയ്യാറുണ്ട്. എന്നാൽ, ആരാണ് ഈ ലൈസൻസ് പ്ലെയ്റ്റുകൾ നിർമിക്കുന്നതെന്നോ?
അതാണ് ഏറ്റവും വലിയ വിരോധാഭാസം. കാരണം, ഈ പ്ലെയ്റ്റുകൾ നിർമിക്കുന്നത് കോണ്കോർഡിലുള്ള ന്യൂ ഹാമ്പ്ഷെർ സ്റ്റേറ്റ് പ്രിസണിലെ തടവുകാരാണ്! തടവുകാർക്കു ജോലികൊടുക്കുന്നതിന്റെ ഭാഗമായി, ന്യൂ ഹാന്പ്ഷെറിലെ ലൈസൻസ് പ്ലെയ്റ്റുകൾ നിർമിക്കുന്നതിനുവേണ്ടി ഒരു ഫാക്ടറിതന്നെ ആ ജയിലിൽ പ്രവർത്തിക്കുന്നുണ്ട്. സ്വാതന്ത്ര്യം നഷ്ടപ്പെട്ട തടവുകാരാണ് "സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആദർശവാക്യം അനുദിനം ലൈസൻസ് പ്ലെയ്റ്റുകളിൽ പ്രിന്റ് ചെയ്യുന്നത്!
മനോഹരമായ ഈ ആദർശവാക്യം പ്രിന്റ് ചെയ്യുന്ന തടവുകാർക്ക്, അവർ ആഗ്രഹിച്ചാൽപോലും തടവിന്റെ കാലാവധി പൂർത്തിയാകാതെ പുറത്തിറങ്ങി സ്വതന്ത്രമായി ജീവിക്കാൻ സാധിക്കില്ല. അതൊരു വിരോധാഭാസംതന്നെ. എന്നാൽ, അതിലും വലിയൊരു വിരോധാഭാസം നമ്മിൽ പലരുടെയും ജീവിതത്തിൽ കാണാനാവും. അതായത്, നാം ജയിലിനു പുറത്താണ് താമസിക്കുന്നതെങ്കിലും നമ്മളും പലപ്പോഴും തടവുകാർതന്നെ എന്ന യാഥാർഥ്യം.
നാം തടവ് അനുഭവിക്കുന്നത് ഇരുന്പഴികൾക്കുള്ളിലല്ല എന്നതു ശരിതന്നെ. എന്നാൽ ഭയം, ദേഷ്യം, വിദ്വേഷം, അസൂയ, അഹങ്കാരം, മദ്യത്തിനും മയക്കുമരുന്നിനും മറ്റുമുള്ള അഡിക്ഷൻ എന്നിങ്ങനെ എത്രയോ തിന്മകളുടെയും ദുർഗുണങ്ങളുടെയും അടിമകളാണ് നമ്മൾ! അതായത്, നാം അവയുടെ തടവുകാരാണെന്നു സാരം. ഒരുപക്ഷേ, നമ്മിൽ ഭൂരിപക്ഷംപേരും കഴിയുന്ന ഒരു തടവറ ഭയത്തിന്റെ തടവറയായിരിക്കും.
എന്തെല്ലാം കാര്യങ്ങളെക്കുറിച്ചാണ് നാം ഭയപ്പെടുന്നത്. അതു തിട്ടപ്പെടുത്തുക അത്ര എളുപ്പമല്ല. എങ്കിലും, അവയിൽ ഭൂത-ഭാവി-വർത്തമാന കാലങ്ങളിലെ കാര്യങ്ങൾ ഉൾപ്പെടുമെന്നു തീർച്ചയാണ്. പഠനത്തിലും ജീവിതത്തിലും പരാജയപ്പെടുമോ എന്ന ഭീതി, ആരോഗ്യ- സാന്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ഭീതി, ജീവിതത്തിലെ വിവിധതരം പ്രതിസന്ധികളെ എങ്ങനെ നേരിടുമെന്ന ഭയം എന്നിങ്ങനെ അവയുടെ പട്ടിക നീണ്ടുപോകാം.
നമ്മിൽ പലരും കഴിയുന്ന മറ്റൊരു തടവറയാണ് അസൂയയുടെ തടവറ. അസൂയ നമ്മെ കാർന്നുതിന്നുമെന്നു മാത്രമല്ല, അതു പല ദുരന്തങ്ങൾക്കു വഴിതെളിക്കുകയും ചെയ്യും എന്നതാണ് നിർഭാഗ്യകരമായ ഒരു കാര്യം. ബൈബിളിൽ പറയുന്നതനുസരിച്ച്, ആദ്യ കൊലപാതകം നടത്തിയതു കായേൻ ആയിരുന്നല്ലോ. സ്വന്തം സഹോദരനായ ആബേലിനെ അയാൾ കൊലപ്പെടുത്തിയതിനുപിന്നിൽ സഹോദരനോടുള്ള അസൂയയായിരുന്നു.
നാം പുറത്തുകടക്കാൻ പലപ്പോഴും ഏറെ വിസമ്മതിക്കുന്ന മറ്റൊരു തടവറ വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയുമാണ്. ആരെങ്കിലും ഏതെങ്കിലും രീതിയിൽ നമ്മെ ഉപദ്രവിച്ചാൽമതി, അപ്പോൾ അതു ക്ഷമിക്കാൻ തയാറാകാതെ വൈരാഗ്യത്തിന്റെ തടവറയിൽ നാം സ്വയം പ്രവേശിക്കും. പിന്നെ അതിൽനിന്നു പുറത്തുകടക്കുന്നതിനെക്കുറിച്ച് നാം ചിന്തിച്ചെന്നുപോലും വരില്ല. നമ്മുടെ പൊതുസമൂഹത്തിൽ നടക്കുന്ന പല ക്രൂരകൃത്യങ്ങളുടെയും മൂലകാരണം വൈരാഗ്യമാണല്ലോ. അതായത്, ക്ഷമിക്കുവാനും മറക്കുവാനുമുള്ള മനസില്ലായ്മ.
നാം കഴിയുന്ന തടവറകളുടെ ലിസ്റ്റ് ഇങ്ങനെ നീണ്ടുപോകാം. എന്നാൽ നാം, ചിന്തിക്കേണ്ട പ്രധാനപ്പെട്ട ഒരുകാര്യം നമുക്ക് എങ്ങനെ ഈ തടവറകളിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും എന്നതാണ്. നാം കഴിയുന്ന തടവറകളിൽനിന്നു മോചനം പ്രാപിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് നാം തടവറയിലാണെന്ന യാഥാർഥ്യം അംഗീകരിക്കുക എന്നതാണ്. പേർഷ്യൻ കവിയും സൂഫി മിസ്റ്റിക്കും ആയിരുന്ന റൂമി ചോദിക്കുന്നു: “തടവറകളുടെ വാതിലുകൾ തുറന്നുകിടക്കുന്പോൾ നീ എന്തിനു തടവറയിൽ കഴിയുന്നു?’’ ശരിയാണ്, തടവറയുടെ വാതിൽ ദൈവം തുറന്നിട്ടിരിക്കുകയാണ്.
എങ്കിലും, നാം സൃഷ്ടിച്ച ചങ്ങലകൾ നമ്മെ നമ്മുടെ തടവറകളിൽ തളച്ചിട്ടിരിക്കുന്നു. ആ ചങ്ങലകൾ പൊട്ടിക്കാൻ നമുക്കു തനിച്ചു സാധിക്കുകയില്ല. അതിനു ദൈവസഹായം വേണം. തന്മൂലം, ദൈവസഹായം തേടുക എന്നതാണ് നാം രണ്ടാമതു ചെയ്യേണ്ടകാര്യം. അപ്പോൾ നമുക്കു ചെയ്യാൻ പറ്റാത്ത കാര്യം ദൈവം ചെയ്തുതരും.
വിവിധതരം തടവറകളിൽ കഴിയുന്നവരെ മോചിപ്പിക്കാനാണ് ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് (ലൂക്കാ 4:18). ആ ദൈവപുത്രനായ യേശു പറയുന്നു: ""പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാവും'' (യോഹ 8:36). ദൈവം തന്റെ പുത്രനായ യേശുവിലൂടെ നമ്മെ സ്വതന്ത്രരാക്കുവാൻ എപ്പോഴും സന്നദ്ധനാണ്.
ആ സഹായം സ്വീകരിച്ചാൽ നമ്മെ തളച്ചിട്ടിരിക്കുന്ന ഏതു ചങ്ങലയും പൊട്ടിച്ച് സ്വാതന്ത്ര്യം പ്രാപിക്കുവാൻ നമുക്കു സാധിക്കും. ഇതു സ്വന്തം ജീവിതത്തിൽ ബോധ്യപ്പെട്ടതുകൊണ്ടാണ് പൗലോസ് അപ്പസ്തോലൻ എഴുതിയത്- ""എന്നെ ശക്തിപ്പെടുത്തുന്ന യേശുവിലൂടെ എനിക്കെല്ലാം സാധ്യമാണ് '' (ഫിലിപ്പി 4:14).
ദൈവശാസ്ത്രജ്ഞനായിരുന്ന സെന്റ് അഗസ്റ്റിൻ പറയുന്നു: ""നിന്നെക്കൂടാതെയാണ് ദൈവം നിന്നെ സൃഷ്ടിച്ചത്. എന്നാൽ നിന്നെക്കൂടാതെ ദൈവം നിന്നെ രക്ഷിക്കുകയില്ല''. അതിന്റെ അർഥം, എല്ലാ രീതിയിലും നാം മോചിതരാണമെങ്കിൽ നാം ദൈവത്തോട് സഹകരിക്കുകതന്നെ വേണം. അതല്ലാതെ വേറെ നമുക്കു പോംവഴിയില്ല.
ഏശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു: ""ഭയപ്പെടേണ്ട. ഞാൻ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ട. ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും'' (41:10). അതേ, നമ്മെ സഹായിക്കുവാനും ശക്തിപ്പെടുത്താനും ദൈവം നമ്മോടുകൂടെയുണ്ട്. അപ്പോൾപ്പിന്നെ നാം എന്തിനു തടവുകാരായി കഴിയണം? നമ്മുടെ തടവറകളിൽനിന്ന് അതിവേഗം നമുക്കു മോചനംനേടാം.
Jeevithavijayam
മെക്സിക്കോയിലെ ആസ്ടെക് സാമ്രാജ്യം കീഴടക്കി അവിടെ സ്പെയിനിന്റെ വെന്നിക്കൊടി പാറിച്ച യുദ്ധവീരനാണ് ഹെർണൻ കോർടെസ് (1485-1547). 1519 ഏപ്രിലിലാണ് പതിനൊന്നു കപ്പലുകളിലായി അഞ്ഞൂറ് പടയാളികളും പതിനാറു കുതിരകളുമായി അദ്ദേഹം മെക്സിക്കോ തീരത്ത് അടുത്തത്. കോർടെസ് അവിടെ എത്തിയ ഉടനെ ചെയ്ത ഒരു കാര്യം അവിശ്വസനീയമായി നമുക്കു തോന്നാം. അത് എന്താണെന്നോ?
പതിനൊന്നു കപ്പലുകളിൽ ഒരു കപ്പലൊഴികെ ബാക്കിയുള്ളവയെല്ലാം അദ്ദേഹം നശിപ്പിച്ചു. കപ്പൽ നശിപ്പിച്ചതിന്റെ ഒരു കാരണം, അവയുടെ വിവിധ ഭാഗങ്ങളെടുത്ത് അവർക്കു താമസസ്ഥലം ഒരുക്കുക എന്നതായിരുന്നു. എന്നാൽ, കപ്പലുകൾ നശിപ്പിച്ചതിന്റെ പ്രധാന കാരണമാകട്ടെ പടയാളികളുടെ മടങ്ങിപ്പോകൽ അസാധ്യമാക്കുക എന്നതും. തിരിച്ചുപോകാൻ മാർഗമില്ലെന്നു വന്നാൽ പടയാളികൾ കൈയും മെയ്യും മറന്നു ജയിക്കാനായി പോരാടുമെന്നതായിരുന്നു കോർടെസിന്റെ ചിന്താഗതി.
മുന്നിൽ ഒരേയൊരു വഴി
ഒരു കപ്പൽ നശിപ്പിക്കാതിരുന്നതിന്റെ കാരണം അതുവഴി സ്പെയിനിലേക്കു സന്ദേശം അയയ്ക്കുക എന്നതായിരുന്നു. കോർടെസിന്റെ തന്ത്രം ഫലിച്ചു. യുദ്ധത്തിൽ ജയിക്കുക എന്നതു മാത്രമായിരുന്നു പടയാളികൾക്കു മുന്നിൽ അതിജീവനത്തിനുള്ള മാർഗം. അവർ സർവം മറന്നു പോരാടി. ആസ്ടെക് സാമ്രാജ്യത്തിന്റെ ശത്രുക്കളായിരുന്ന വിവിധ ഗോത്രങ്ങളുടെ സഹായം കിട്ടിയതോടെ വിജയം എളുപ്പമായി.
അനിശ്ചിതത്വം നിറഞ്ഞ പുതിയ ഒരു ഭൂമിയിലായിരുന്നു പടയാളികൾ എത്തിയത്. പിന്നോട്ടു പോവുക അസാധ്യം. അതുവരെയുള്ള ജീവിതത്തിലെ പല സന്തോഷങ്ങളും സൗകര്യങ്ങളും നഷ്ടപ്പെട്ടെങ്കിലും അവരിലേറെപ്പേരും പുതിയ ജീവിത സാഹചര്യത്തെ പൂർണമായും ഉൾക്കൊണ്ട് മുന്നോട്ടുപോയി.
ചിലപ്പോൾ, നമ്മുടെ ജീവിതത്തിലും ഇതുപോലെയുള്ള വലിയ അപ്രതീക്ഷിത മാറ്റം സംഭവിക്കാം. കാരണങ്ങൾ പലതാകാം. ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങൾ, സാന്പത്തിക തകർച്ചകൾ, സ്ഥലംമാറ്റങ്ങൾ, കുടുംബബന്ധങ്ങളിലെ അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം. അതുവഴിയുണ്ടാകുന്ന അസ്വസ്ഥതയും ഭയവുമൊക്കെ നമ്മുടെ ജീവിതത്തെ ഏറെ ബാധിക്കുകയും ചെയ്യും.
ഈ മാറ്റങ്ങളിൽ ചിലത് ഒരു തിരിച്ചുപോക്കിനു സാഹചര്യം ഒരുക്കുന്നതാവാം. എന്നാൽ, പലതും അങ്ങനെ ആയിരിക്കണമെന്നില്ല. അതുകൊണ്ട്, ദൈവത്തിന്റെ പരിപാലനയിൽ ആശ്രയിച്ച് ആ മാറ്റങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിച്ചേ മതിയാകൂ. കാരണം, ഈ മാറ്റം നമ്മെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ പരിപാലനയുടെ ഭാഗംതന്നെയായിരിക്കാം.
ഈ പശ്ചാത്തലത്തിൽ ബൈബിളിലെ റൂത്തിന്റെ കഥ അനുസ്മരിക്കുന്നതു നല്ലതാണ്. ഭർത്താവിനെ നഷ്ടപ്പെട്ട റൂത്ത്, സ്വന്തം ഭാവി ഭദ്രമാക്കാതെ അമ്മായിയമ്മയായ നവോമിയെ സഹായിക്കാൻ അവരോടൊപ്പം ബേത്ലെഹെമിലേക്കു യാത്രയായപ്പോൾ അവൾ നേരിട്ടത് അപരിചിതമായ സംസ്കാരവും അനിശ്ചിതമായ ഭാവിയുമായിരുന്നു.
എന്നാൽ, ദൈവപരിപാലനയിൽ ആശ്രയിച്ച് അവൾ മുന്നോട്ടുപോയി. അതുമൂലം, ദാവീദ് രാജാവിനും ദൈവപുത്രനായ യേശുവിനും ജന്മം നൽകുന്ന വംശപരന്പരയിൽ റൂത്തിന് ഇടം നേടാൻ സാധിച്ചു. അവളുടെ ജീവിതത്തിലെ ദുഃഖകരമായ ഒരു മാറ്റം പിന്നീടു ചരിത്രത്തിൽ വലിയ സന്തോഷകരമായ സംഭവമായി മാറി.
ദൈവവചനം പറയുന്നു: "ഗോതന്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും'(യോഹ 12:24). ജീവിതത്തിലെ ചില മാറ്റങ്ങൾ വഴി നമുക്കു പല നഷ്ടങ്ങളും സംഭവിച്ചേക്കാം. എന്നാൽ, അതോടൊപ്പം, അവ നമുക്കു നവമായ പല സാധ്യതകളും നൽകുന്നു എന്നതാണു യാഥാർഥ്യം.
മാറ്റങ്ങളെ പേടിക്കേണ്ടതില്ല
മാറ്റങ്ങൾ പലപ്പോഴും വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുക സ്വാഭാവികമാണ്. പരിചിതമായ ശീലങ്ങൾ, സ്ഥലങ്ങൾ, ബന്ധങ്ങൾ, ദിനചര്യകൾ എന്നിവകളിൽ മാറ്റങ്ങളുണ്ടാകുന്പോൾ നാം സ്വാഭാവികമായും അസ്വസ്ഥരായേക്കാം.
എന്നാൽ, ദൈവപരിപാലനയിൽ വിശ്വസിക്കുന്നവരാണെങ്കിൽ ധൈര്യപൂർവം മുന്നോട്ടു പോവുകതന്നെ ചെയ്യും. കാരണം, ദൈവവചനം പറയുന്നു: "ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടിരിക്കുന്നവർക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ'(റോമാ 8:28).
ദൈവത്തെ സ്നേഹിക്കുന്നവരായ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നന്മയ്ക്കാണെന്ന് അറിയാമെങ്കിലും ആ മാറ്റങ്ങൾ സ്വീകരിക്കുന്നത് അത്ര എളുപ്പമാണെന്നു പറയാനോ നടിക്കാനോ സാധ്യമല്ല. എങ്കിലും, ആ മാറ്റങ്ങളിൽ ദൈവകരം കാണാൻ നമുക്കു സാധിക്കണം. പ്രവാചകനിലൂടെ ദൈവം പറയുന്നു: "ഇതാ, ഞാൻ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങൾ അറിയുന്നില്ലേ?'(ഏശ 43:18).
മാറ്റങ്ങളിൽ പലതും നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കില്ല. അതിന്റെ കാരണക്കാരും നമ്മളായിരിക്കില്ല. അവയുടെ ഫലം എന്തുതന്നെ ആയാലും അതിൽ ദൈവകരം ദർശിച്ചു മുന്നോട്ടു പോവുകയാണു വേണ്ടത്. കാരണം, അവ വഴിയാകാം കൂടുതൽ ദൈവാനുഗ്രഹം നമുക്കുണ്ടാവുക.
സാധാരണഗതിയിൽ, ഒരേയൊരു അധ്യായംകൊണ്ട് നമ്മുടെ ജീവിതകഥ തീരില്ല. ആ കഥയിൽ വിവിധ അധ്യായങ്ങളുണ്ടാകാം. ചില അധ്യായങ്ങളിൽ കണ്ണീരിന്റെ കഥകളാകാം വിവരിക്കുക. എന്നാൽ, ദൈവപരിപാലനയിലാശ്രയിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിൽ, ദൈവംതന്നെ നമ്മുടെ ജീവിതകഥ സുന്ദരമായി എഴുതും. അപ്പോൾ, ആ കഥയിൽ നിറഞ്ഞുനിൽക്കുന്നതു ദൈവതണലിൽ നാം നേടിയ അവിസ്മരണീയമായ വിജയമായിരിക്കും.
Jeevithavijayam
1296ൽ പണി ആരംഭിച്ച് 1436ൽ പൂർത്തിയാക്കപ്പെട്ട അതിമനോഹരമായ ഒരു പള്ളിയാണ് ഇറ്റലിയിലെ ഫ്ളോറൻസിലുള്ള സാന്തമരിയ കത്തീഡ്രൽ. ഈ കത്തീഡ്രലിന്റെ മുൻഭാഗത്തും മുകൾപ്പരപ്പിലുമായി പന്ത്രണ്ട് കൂറ്റൻ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. അവയെല്ലാം പഴയ നിയമത്തിലെ പ്രവാചകന്മാരെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ഗണത്തിൽ ഉൾപ്പെടുത്താൻ വേണ്ടി ദാവീദ് രാജാവിന്റെ ഒരു പ്രതിമയുടെ പണി 1464ൽ ആരംഭിച്ചു.
പത്തൊന്പതടി നീളവും ഇരുപതു ടണ് ഭാരവുമുണ്ടായിരുന്ന അതിഭീമാകാരമായ ഒരു മാർബിൾ ബ്ലോക്ക് ആണ് ഈ പ്രതിമാനിർമാണത്തിനു വിനിയോഗിച്ചത്. അഗസ്തീനോ ഡി സൂച്ചിയോ എന്ന ശില്പിയായിരുന്നു ഈ നിർമാണം ഏറ്റെടുത്തത്. എന്നാൽ, പണി ബുദ്ധിമുട്ടാണെന്നു പറഞ്ഞ് അദ്ദേഹം ആ ജോലിയിൽനിന്നു പിന്മാറി.
രഹസ്യത്തിൽ സംഭവിച്ചത്
പത്തു വർഷം കഴിഞ്ഞപ്പോൾ അന്റോണിയോ റോസലീനോ എന്ന ശില്പി ദാവീദ് രാജാവിന്റെ പ്രതിമാനിർമാണം ഏറ്റെടുത്തു. പക്ഷേ, കുറേ കഴിഞ്ഞപ്പോൾ അദ്ദേഹവും ദൗത്യം ഉപേക്ഷിച്ചു. കൊത്തുപണി ചെയ്യാൻ പറ്റിയ മാർബിൾ അല്ല അതെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. വർഷങ്ങൾ പലതു കഴിഞ്ഞുപോയി. അപ്പോഴും ആ വലിയ മാർബിൾ ബ്ലോക്ക് കത്തീഡ്രൽ വർക്ക്ഷോപ്പിന്റെ മുറ്റത്തുകിടന്നു. എങ്കിലും പ്രതിമാ നിർമാണ പദ്ധതി കത്തീഡ്രൽ കമ്മിറ്റി ഉപേക്ഷിച്ചിരുന്നില്ല.
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പുതിയ ഒരു ശില്പിക്കായി കമ്മിറ്റി അന്വേഷണം ആരംഭിച്ചു. അക്കാലത്തെ അറിയപ്പെടുന്ന പല ശില്പികളും ആ സംരംഭം ഏറ്റെടുക്കാൻ മടിച്ചു. അവരുടെ അഭിപ്രായത്തിൽ, അസാധ്യമായിരുന്നു ആ കൂറ്റൻ പ്രതിമാനിർമാണം. ഈ സാഹചര്യത്തിലാണ്, ഇരുപത്താറുകാരനായ മൈക്കിളാഞ്ചലോ എന്ന ശില്പിയുടെ വരവ്. അസാധ്യമെന്നു തോന്നാമെങ്കിലും സാധ്യമായ ഒരു കാര്യമാണ് ആ പ്രതിമാ നിർമാണമെന്ന് അദ്ദേഹം കമ്മിറ്റി അംഗങ്ങളെ ബോധ്യപ്പെടുത്തി. അതേത്തുടർന്ന്, പ്രതിമാനിർമാണം അവർ മൈക്കിളാഞ്ചലോയെ ഏല്പിച്ചു.
പ്രതിമയുടെ കൊത്തുപണി രഹസ്യത്തിലായിരിക്കാൻ വേണ്ടി മാർബിളിനു ചുറ്റും ഒരു ഷെഡ് കെട്ടിയതിനു ശേഷമായിരുന്നു അദ്ദേഹം തന്റെ ജോലി ആരംഭിച്ചത്. 1501 സെപ്റ്റംബർ 13നു തുടങ്ങിയ ആ ജോലി 1504 മേയിൽ അദ്ദേഹം പൂർത്തിയാക്കി. അദ്ദേഹം കൊത്തുപണി ചെയ്തു പൂർത്തിയാക്കിയ ദാവീദ് രാജാവിന്റെ പ്രതിമകണ്ട് ലോകം അദ്ഭുതംകൂറി! അസാധ്യമെന്നു കരുതിയ ഒരു കാര്യമാണ് മൈക്കിളാഞ്ചലോ കല്ലുളിയും കൊട്ടുവടിയുംകൊണ്ട് രൂപപ്പെടുത്തിയത്.
മൈക്കിളാഞ്ചലോ കൊത്തുപണി ചെയ്തെടുത്ത പ്രതിമയുടെ ഉയരം പതിനേഴടിയാണ്. ഭാരമാകട്ടെ ആറ് ടണ്ണും. പ്രതിമാനിർമാണം പൂർത്തിയായപ്പോൾ, ദാവീദിന്റെ പ്രതിമയ്ക്കു ജീവനുള്ളപോലെ മൈക്കിളാഞ്ചലോയ്ക്കു തോന്നി. അപ്പോൾ അദ്ദേഹം പ്രതിമയോടു പറഞ്ഞു: "സംസാരിക്കൂ'
സംസാരിക്കൂ എന്നു മൈക്കിളാഞ്ചലോ പ്രതിമയോടു പറഞ്ഞു എന്നതു ചരിത്രവസ്തുതയാണോയെന്നു തീർച്ചയില്ല. ജീവൻ തുടിക്കുന്ന പ്രതിമയായതുകൊണ്ട് അതൊരു കെട്ടുകഥയായി രൂപംകൊണ്ടു എന്നു കരുതുന്നതാവും ശരി.
വിദഗ്ധരായ നിരവധി ശില്പികൾ അസാധ്യമെന്നു പറഞ്ഞു പിൻവാങ്ങിയ ഒരു കാര്യമാണ് മൈക്കിളാഞ്ചലോ സാധ്യമാക്കിയത്. എന്നാൽ, എങ്ങനെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചതെന്ന് അന്വേഷിക്കുന്നതു നല്ലതാണ്.
മറ്റ് ശില്പികൾ ആ മാർബിൾ കണ്ടപ്പോൾ അവരുടെ ശ്രദ്ധ പോയതു ആ മാർബിളിന്റെ ന്യൂനതകളിലേക്കായിരുന്നു. എന്നാൽ, ആ മാർബിളിലെ സാധ്യതകൾ കാണാൻ മൈക്കിളാഞ്ചലോയുടെ അതിരുകളില്ലാത്ത ഭാവനയ്ക്കു സാധിച്ചു. ആ ഭാവനയാണ്, മാർബിളിന്റെ ന്യൂനതകൾ ഉൾക്കൊണ്ട് പണിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ആത്മവിശ്വാസം
ഈ പ്രതിമാനിർമാണം ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച മറ്റൊരു ഘടകം ആത്മവിശ്വാസമാണ്. ദൈവം തന്നിൽ നിക്ഷേപിച്ചിരിക്കുന്ന കഴിവുകൾ താൻ ശരിക്കു വികസിപ്പിച്ചെടുത്തു എന്ന ആത്മവിശ്വാസം. അത് ഒറ്റ ദിവസംകൊണ്ടു സംഭവിച്ചതല്ല, ദീർഘകാലത്തെ പരിശ്രമമാണ് അദ്ദേഹത്തെ വിദഗ്ധ ശില്പിയാക്കി മാറ്റിയത്.
പ്രതിമ നിർമിക്കുന്നതിൽ അദ്ദേഹത്തെ സഹായിച്ച മറ്റൊരു ഘടകം സ്ഥിരോത്സാഹം ആയിരുന്നു. നിരന്തര പ്രയത്നത്തിന് അദ്ദേഹം തയാറായതുകൊണ്ടല്ലേ മൂന്നു വർഷംകൊണ്ട് കല്ലുളിയും കൊട്ടുവടിയുമുപയോഗിച്ച് അദ്ദേഹം ആ പ്രതിമ രൂപപ്പെടുത്തിയത്. എന്നാൽ, ഇവയേക്കാൾ പ്രധാനപ്പെട്ട മറ്റൊരു കാര്യം അദ്ദേഹം ദൈവാനുഗ്രഹത്തിൽ ആശ്രയിച്ചിരുന്നു എന്നതാണ്.
കൊത്തുപണി വിദഗ്ധനായിരുന്ന മൈക്കളാഞ്ചലോ വലിയ ചിത്രകാരനുമായിരുന്നു എന്ന കാര്യം ഏറെ പ്രസിദ്ധമാണ്. എന്നാൽ, അദ്ദേഹം ഒരു കവിയുമായിരുന്നു എന്നതു പലർക്കും അറിയില്ല. മുന്നൂറിലേറെ ചെറുകവിതകൾ അദ്ദേഹം എഴുതിയിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. ഈ കവിതകളിൽ പലതിലും അദ്ദേഹം തനിക്കു ലഭിച്ചിട്ടുള്ള കഴിവുകളെക്കുറിച്ച് ദൈവത്തിനു നന്ദി പറയുന്നതായി കാണാനാവും. അതിന്റെ അർഥം അദ്ദേഹം ദൈവാനുഗ്രഹത്തിൽ ആശ്രയിച്ചിരുന്നു എന്നതല്ലേ?
ജീവിതത്തിൽ നേടിയെടുക്കേണ്ട പല കാര്യങ്ങളും അസാധ്യമായി നമുക്കു തോന്നാം. എന്നാൽ, മൈക്കിളാഞ്ചലോയെപ്പോലെ, അനന്തമായ ഭാവനയും ദൈവം നമുക്കു തന്നിരിക്കുന്ന കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതുവഴി ഉണ്ടാകുന്ന ആത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള സന്നദ്ധതയും സർവോപരി ദൈവത്തിലാശ്രയിച്ചു മുന്നോട്ടു പോകാനുള്ള സന്മനസും നമുക്കുണ്ടെങ്കിൽ അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും സാധ്യമാക്കാം.
ബ്രിട്ടീഷ് ഗ്രന്ഥകാരനായ സി.എസ്. ലൂവിസ് എഴുതി: "നാം പിന്നിട്ടു പോകുന്നവയേക്കാൾ ഏറെ വലിയ കാര്യങ്ങൾ നേടിയെടുക്കാൻ നമുക്കു മുന്നിലുണ്ട്.' ഈ നേട്ടങ്ങളിൽ പങ്കുകാരാകാൻ നമുക്കു കഴിയണം. എന്നാൽ, അതിന് അതിരുകളില്ലാത്ത ഭാവനയും ഉറച്ച ആത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള സന്നദ്ധതയും ദൈവാനുഗ്രഹവും അനിവാര്യമാണ്. അതു മറക്കാതിരിക്കാം. അതോടൊപ്പം സങ്കീർത്തകനോടുകൂടി നമുക്കു പ്രാർഥിക്കാം. "ദൈവമേ ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കേണമേ!' (സങ്കീ 90:17).
Jeevithavijayam
എക്കാലത്തെയും ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ എണ്ണപ്പെടുന്ന പ്രതിഭാധനനാണ് ടോൾസ്റ്റോയി (1828-1910). റഷ്യയിലെ അതിസന്പന്നമായ ഒരു കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
യൂണിവേഴ്സിറ്റിയിൽ നിയമപഠനം ആരംഭിച്ചെങ്കിലും അതു പൂർത്തിയാക്കിയില്ല. ഇതിനിടയിൽ അദ്ദേഹം നോവൽ രചന ആരംഭിച്ചു. ചൂതുകളിയിലൂടെ ധാരാളം പണവും കളഞ്ഞു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ആർമിയിൽ ചേർന്നത്.
ക്രിമിയൻ യുദ്ധ (1853-1856) കാലത്ത് ടോൾസ്റ്റോയ് ഒരു ആർട്ടിലറി ഓഫീസറായി സേവനമനുഷ്ഠിച്ചു. യുദ്ധം കഴിഞ്ഞ് ആർമി സേവനം അവസാനിപ്പിച്ച അദ്ദേഹം വീണ്ടും എഴുത്തിലേക്കു തിരിഞ്ഞു. അതോടൊപ്പം, രണ്ടു തവണ യൂറോപ്യൻ പര്യടനവും നടത്തി.
ടോൾസ്റ്റോയ്ക്ക് അമ്പതു വയസ് കഴിയുന്പോഴേക്കും അദ്ദേഹം തന്റെ നോവലുകളിലൂടെ ഏറെ പ്രശസ്തനായി മാറിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ആത്മാവ് ഏറെ സംഘർഷപൂരിതമായിരുന്നു. അല്പംപോലും മനഃസമാധാനം ഇല്ലാത്ത അവസ്ഥ. അങ്ങനെയാണ്, അദ്ദേഹം വലിയ ഒരു ആത്മപരിശോധനയ്ക്കു തയാറായത്.
ആ ആത്മപരിശോധനയിൽ അദ്ദേഹം കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്റെ ആധ്യാത്മിക പാപ്പരത്തമായിരുന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച "എ കണ്ഫെഷൻ' എന്ന ചെറിയ ഗ്രന്ഥത്തിൽ അദ്ദേഹം ഇപ്രകാരമെഴുതി: "എന്റെ ജീവിതത്തിന്റെ അടിത്തറ ആയിരുന്നത് എന്തോ അതു തകർന്നതായി എനിക്കു തോന്നി. തന്മൂലം, എന്റെ ജീവിതത്തിലെ ഒരു കാര്യത്തിനും അർഥം കൊടുക്കാൻ എനിക്കു സാധിച്ചില്ല.'
ആത്മപരിശോധന
ടോൾസ്റ്റോയ് ആരംഭിച്ച ആത്മപരിശോധന ജീവിതമൂല്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെയാണ്, യേശുവിന്റെ മലയിലെ പ്രസംഗത്തിൽ അദ്ദേഹം വലിയ പ്രലോഭനവും ആശ്വാസവും കണ്ടെത്തിയത്.
അതോടൊപ്പം, ജീവിതത്തിലെ കാതലായ മൂല്യങ്ങൾ സ്നേഹവും കരുണയുമൊക്കെയാണെന്ന് അദ്ദേഹം മനസിലാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിൽക്കാല രചനകൾ ഇതു വ്യക്തമാക്കുന്നുമുണ്ട്.
"ആത്മപരിശോധന ചെയ്യപ്പെടാത്ത ജീവിതം ജീവിതയോഗ്യമല്ല' എന്നു പുരാതന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് പറഞ്ഞത് എത്രയോ ശരിയാണ്! സോക്രട്ടീസ് തന്റെ പ്രസംഗത്തിലൂടെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഏഥൻസിലെ ജൂറി അദ്ദേഹത്തിനു വധശിക്ഷ വിധിച്ച അവസരത്തിലായിരുന്നു അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.
അദ്ദേഹത്തിന്റെ ഈ വാക്കുകൾ അന്നുമുതൽ ഇന്നുവരെ ഓരോ കാലഘട്ടത്തിലും മുഴങ്ങി കേട്ടിട്ടുണ്ട്. ഇനി ഭാവിയിലും അങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കും.
ടോൾസ്റ്റോയി തന്റെ ജീവിതത്തെ ശരിയായി സ്വയം വിശകലനം ചെയ്തപ്പോഴാണ് തന്റെ പോരായ്മകൾ എന്താണെന്നു മനസിലാക്കിയതും അതിനു പ്രതിവിധിയായി അനുദിനം ആധ്യാത്മിക ഊർജം സന്പാദിക്കാൻ ശ്രമിച്ചതും.
അദ്ദേഹം ആ ആധ്യാത്മിക ഊർജം സംഭരിച്ചതാകട്ടെ ആഴമേറിയ മൂല്യങ്ങളിൽ ജീവിതത്തെ ഉറപ്പിച്ചു നിർത്തിക്കൊണ്ടും.സാധാരണക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം ആത്മപരിശോധന ഒരു അപൂർവ സംഭവമായിരിക്കാം.
അതുകൊണ്ടല്ലേ ഓരോരോ കാര്യങ്ങൾ വെറുതെ ചെയ്തു മുന്നോട്ടുപോകുന്നത്? എന്നാൽ, അതുവഴിയായി ഏതു തരത്തിലുള്ള മനുഷ്യരായി നാം മാറുന്നു എന്ന് അന്വേഷിക്കാറുണ്ടോ?
ആത്മപരിശോധനയുടെ ഈ അഭാവം മൂലമല്ലേ ജീവിതത്തിൽ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും നമുക്ക് അല്പംപോലും അവബോധമില്ലാതെ പോകുന്നത്? ആത്മപരിശോധന എന്നു പറയുന്പോൾ അതു തെറ്റുകളെയും കുറ്റങ്ങളെയുംകുറിച്ചു മാത്രമുള്ള ഒരു അന്വേഷണമാണെന്നു കരുതരുത്. തീർച്ചയായും അത് എപ്പോഴും അന്വേഷണ പരിധിയിൽ ആദ്യംതന്നെ ഉണ്ടാകണം.
എന്നാൽ, അതോടൊപ്പം നമ്മുടെ അനുഭവങ്ങളെ വിലയിരുത്താനും അവയിൽനിന്നു പാഠം പഠിക്കാനും അങ്ങനെ ജീവിതത്തെ സമഗ്രമായി നവീകരിക്കാനും ആത്മപരിശോധന സഹായിക്കണം. ജീവിതം അസാധാരണമായ വേഗത്തിൽ മുന്നോട്ടുപോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
അതുകൊണ്ടുതന്നെ, ഇടയ്ക്കിടെ ജീവിതത്തിന്റെ പോക്കിനെക്കുറിച്ച് ആത്മപരിശോധന ചെയ്യുകയും ജീവിതത്തെ വിലയിരുത്തുകയും വേണം. എങ്കിൽ മാത്രമെ, ജീവിതത്തെ ആധ്യാത്മിക പാപ്പരത്തത്തിൽനിന്നു രക്ഷിക്കാൻ നമുക്കു സാധിക്കൂ.
നാം ചെയ്യേണ്ടത്
ദൈവവചനം പറയുന്നു: "നമുക്കു നമ്മുടെ വഴികൾ സൂക്ഷ്മമായി പരിശോധിക്കുകയും കർത്താവിങ്കലേക്കു തിരിയുകയും ചെയ്യാം'(വിലാപങ്ങൾ 3:40).നമ്മുടെ വഴികൾ പരിശോധിക്കുന്പോൾ കണ്ടെത്തുന്ന കാര്യം നാം പലപ്പോഴും ദൈവത്തിന്റെ വഴികളിൽനിന്ന് അകന്നു പോകുന്നു എന്നുള്ളതായിരിക്കും.
അങ്ങനെയുള്ള സാഹചര്യത്തിൽ എന്താണു ചെയ്യേണ്ടതെന്നു മുകളിൽ കൊടുത്തിരിക്കുന്ന വചനം ഓർമിപ്പിക്കുന്നുണ്ട്. അതായത്, ദൈവം കാണിച്ചുതരുന്ന വഴിയിലേക്കു മടങ്ങണമെന്നു സാരം. രാജാവും പ്രവാചകനുമായിരുന്നു പഴയ നിയമത്തിലെ ദാവീദ്. പലപ്പോഴും ആത്മപരിശോധന ചെയ്യാൻ നിർബന്ധിക്കപ്പെട്ടവനായിരുന്നു അദ്ദേഹം.
അതിന്റെ ഫലമായിട്ടായിരുന്നു അദ്ദേഹം ഇപ്രകാരം പ്രാർഥിച്ചത്: "ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ. എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ മനസിലാക്കണമേ! വിനാശത്തിന്റെ മാർഗത്തിലാണോ ഞാൻ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വത മാർഗത്തിലൂടെ എന്നെ നയിക്കണമേ' (സങ്കീ139:23-24).
ദാവീദിന്റെ ഈ പ്രാർഥനയിൽ നമുക്കും പങ്കുചേരാം. ദൈവത്തിനു നമ്മുടെ ഹൃദയത്തെ അറിയാം. വിചാരങ്ങൾ ഏതു വഴിക്കു പോകുന്നുവെന്നും അറിയാം. എന്നാൽ, നമുക്കു നമ്മുടെ ഹൃദയത്തെ അറിയാമോ എന്നു സംശയിക്കണം.
അതുപോലെ, ചിന്തകൾ എങ്ങനെ പോകുന്നു എന്നതിനെക്കുറിച്ചും. അതിനാൽ, അനുദിനം ആത്മപരിശോധനയ്ക്കു നാം തയാറാകണം. അതോടൊപ്പം ശാശ്വതമാർഗത്തിലൂടെ നയിക്കണമെന്നു പ്രാർഥിക്കണം. അപ്പോൾ ഒരിക്കലും ആധ്യാത്മിക പാപ്പരത്തം ഉണ്ടാകില്ല, തീർച്ച.
Jeevithavijayam
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ സിനിമ ഏറ്റവും നല്ല ചിത്രത്തിനുൾപ്പെടെ പതിനൊന്ന് അക്കാഡമി അവാർഡുകൾ നേടി. ഈ സിനിമയിലെ പ്രധാന കഥാപാത്രം ചാൾടൺ ഹെസ്റ്റൺ എന്ന പ്രസിദ്ധ നടൻ അവതരിപ്പിക്കുന്ന ജൂഡാ ബെൻഹർ ആണ്.
ധനികനായ ഒരു രാജകുമാരനായിരുന്നു ബെൻഹർ. എന്നാൽ, അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തായിരുന്ന മെസാല എന്ന റോമൻ ഓഫീസർ അദ്ദേഹത്തിനെതിരേ നീങ്ങി. റോമൻ ഗവർണറെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് ബെൻഹറെ അയാൾ റോമാക്കാരുടെ അടിമയാക്കി.
എന്നാൽ, അടിമയായിരുന്ന ബെൻഹർ ഒരു നാവികയുദ്ധത്തിൽ ഒരു റോമൻ കമാൻഡറെ രക്ഷിച്ചതിന്റെ പേരിൽ സ്വതന്ത്രനാക്കപ്പെടുകയും ആ കമാൻഡറുടെ സ്വത്തിന് ഉടമയാവുകയും ചെയ്തു. അതിനുശേഷം നാം കാണുന്നതു പ്രതികാരത്തിനായുള്ള ബെൻഹറുടെ യാത്രയാണ്. പക്ഷേ, ആ യാത്രയ്ക്കിടയിൽ ദൈവപുത്രനായ യേശുവിനെ പല പ്രാവശ്യം ബെൻഹർ കണ്ടുമുട്ടി.
ആ കണ്ടുമുട്ടൽ
ആദ്യം അവർ കണ്ടുമുട്ടിയത് അടിമയാക്കപ്പെട്ട ബെൻഹർ പട്ടാളക്കാരാൽ വലിച്ചിഴച്ചു കൊണ്ടുപോകപ്പെട്ട അവസരത്തിലായിരുന്നു. അന്നു ദാഹാർത്തനായ അദ്ദേഹത്തിനു ദാഹജലം പകർന്നുകൊടുക്കാൻ ധൈര്യം കാണിച്ചത് യേശുവായിരുന്നു.
അപ്പോൾ, യേശുവിന്റെ കരുണാർദ്രമായ മുഖം ആദ്യമായി ബെൻഹർ കണ്ടു. പിന്നീട് അവർ നേരിൽ കാണുന്നത് യേശു കാൽവരിയിൽ ക്രൂശിക്കപ്പെടുന്പോഴാണ്. ആ കുരിശുമരണം വീക്ഷിച്ചവരുടെ ഗണത്തിൽ ബെൻഹറും ഉണ്ടായിരുന്നു.
നിരപരാധിയായ യേശുവിന്റെ പീഡാസഹനം നേരിൽ ദർശിക്കുന്പോഴാണ് ബെൻഹർ അവിടത്തെ വാക്കുകൾ കേട്ടത്: ""പിതാവേ, ഇവരോടു ക്ഷമിക്കണമേ. കാരണം ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല''.
കുരിശിൽ കിടന്നുള്ള യേശുവിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ബെൻഹറിന്റെ ഹൃദയം തണുത്തു. പ്രതികാരവാഞ്ഛ അപ്രത്യക്ഷമായി.
പകയും വിദ്വേഷവും ഇല്ലാതായി. മനസിൽ സമാധാനം നിറഞ്ഞു. യേശുവിന്റെ കുരിശുമരണം ബെൻഹറിന്റെ ജീവിതത്തെ മാറ്റിമറിച്ചു. അങ്ങനെയാണ് മെസാലയോടു ക്ഷമിക്കാൻ ബെൻഹറിനു സാധിച്ചത്. ഓശാന ഞായറാഴ്ച ആഘോഷിച്ച് വിശുദ്ധവാരത്തിലേക്ക് ഇന്നു നാം കടക്കുന്നു.
ഇതു കഴിഞ്ഞകാല സംഭവങ്ങൾ ഓർമിക്കുന്ന ഒരു അവസരം മാത്രമല്ല. ബെൻഹറിനു സംഭവിച്ചതുപോലെ, നമ്മുടെ ജീവിതത്തിലും സമൂല മാറ്റത്തിനു വഴിയൊരുക്കേണ്ട അവസരമാണ്. അതിനു കർത്താവായ യേശുവിന്റെകൂടെ ഈ പീഡാനുഭവ ആഴ്ചയിൽ നാം നടക്കുകതന്നെ വേണം.
ഓശാന ഞായറാഴ്ച യേശു കഴുതപ്പുറത്തു ജറൂസലെമിലേക്കു കടന്നുചെന്നപ്പോൾ, ജനക്കൂട്ടം ആർത്തുവിളിച്ചു: ""ഓശാന! കർത്താവിന്റെ നാമത്തിൽ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവൻ വാഴ്ത്തപ്പെട്ടവനാകട്ടെ!'' (യോഹ12:13).
അത് ഒരു രാജകീയ സ്വീകരണമായിരുന്നു. എന്നാൽ, അവിടന്നാകട്ടെ, വെറും രാജാവ് മാത്രമായിരുന്നില്ല. അവിടുന്നു രാജാക്കന്മാരുടെ രാജാവും ദൈവത്തിന്റെ പുത്രനുമായിരുന്നു.
രാജാക്കന്മാരുടെ രാജാവും ദൈവപുത്രനുമായ അവിടന്നാണ് പെസഹാ വ്യാഴാഴ്ച ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് നമുക്കു പുതിയ ഒരു മാതൃക നൽകിയത്. ആ അവസരത്തിൽ അവിടന്നു പറഞ്ഞു: ""നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം'' (യോഹ 13:14).
വിനയത്തിന്റെ ഈ മാതൃക നൽകിയ ശേഷമാണ് നമ്മോടൊപ്പം ആയിരിക്കാൻ യേശു വിശുദ്ധ കുർബാന സ്ഥാപിച്ചത്. അതിനു ശേഷം അവിടന്നു പറഞ്ഞു: ""ഞാൻ ഈ ചെയ്തത് എന്റെ ഓർമയ്ക്കായി നിങ്ങൾ ചെയ്യുവിൻ'' (ലൂക്കാ 22:19).
അതേത്തുടർന്ന്, അവിടുന്നു പുതിയൊരു പ്രമാണം നമുക്കു നൽകി: ""ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ'' (യോഹ 13:34)തന്റെ ശരീരരക്തങ്ങൾ നമുക്കായി പങ്കുവച്ചുകൊണ്ടാണ് അവിടന്ന് നമ്മെ സ്നേഹിച്ചത്.
ഈ സ്വയംദാനം അതിന്റെ പാരമ്യത്തിലെത്തുന്നത് ദുഃഖവെള്ളിയിലാണ്. അന്ന് എന്താണ് സംഭവിച്ചതെന്ന് ഏശയ്യാ പ്രവാചകൻ മുൻകൂട്ടി അരുൾ ചെയ്തിട്ടുണ്ട്: ""നമ്മുടെ അതിക്രങ്ങൾക്കുവേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു.
നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേൽപ്പിക്കപ്പെട്ടു... അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യംപ്രാപിച്ചു''(53:5).യേശു സാഹചര്യങ്ങളുടെ വെറും അടിമയായിരുന്നില്ല. പിതാവായ ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമായി കുരിശുമരണം അവിടന്ന് സ്വയം ഏറ്റെടുക്കുകയായിരുന്നു.
അവിടത്തെ വാക്കുകൾ ശ്രദ്ധിക്കുക: ""തിരിച്ചെടുക്കാൻ വേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നതിനാൽ പിതാവ് എന്നെ സ്നേഹിക്കുന്നു. ആരും എന്നിൽനിന്ന് അതു പിടിച്ചെടുക്കുകയല്ല. ഞാൻ അതു സ്വമനസാ സമർപ്പിക്കുകയാണ്'' (യോഹ10:18).
ഇക്കാര്യം പൗലോസ് അപ്പസ്തോലൻ നമ്മെ ഓർമിപ്പിക്കുന്നു: ""ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല.
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണം വരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി''(ഫിലിപ്പി 2:6-8).
ഇപ്രകാരം, പൂർണമായി അനുസരണമുള്ളവനായി തന്നെത്തന്നെ നമുക്കായി കുരിശിൽ ബലിയായി നൽകിക്കൊണ്ടാണ് യേശു ഈ ലോകത്തിലെ ദൗത്യം പൂർത്തിയാക്കിയത്. തന്മൂലമാണ്, കുരിശിൽ മരിക്കുന്നതിനു മുന്പ് അവിടന്ന് ഇപ്രകാരം പറഞ്ഞത്: ""എല്ലാം പൂർത്തിയായിരിക്കുന്നു'' (യോഹ 19:30).
സ്വന്തജീവൻ വെടിഞ്ഞാണ് അവിടന്നു നമ്മെ സ്നേഹിച്ചത്. അങ്ങനെയാണ്, രക്ഷ നേടിത്തന്നത്; ലോകത്തെ മാറ്റിമറിച്ചത്. പീഡാനുഭവ ആഴ്ചയിലൂടെ കടന്നുപോകുന്പോൾ നമ്മുടെ കർത്താവിന്റെ ഈ മഹാത്യാഗമാകട്ടെ നമ്മുടെ ചിന്തയിൽ നിറഞ്ഞുനിൽക്കുന്നത്. അപ്പോൾ, ബെൻഹറുടെ ജീവിതത്തിൽ സംഭവിച്ചതുപോലെ സമൂലമായ മാറ്റം നമ്മിലുമുണ്ടാകും.
കാരണം, നമ്മുടെ കർത്താവിന്റെ സ്നേഹവും ത്യാഗവും സഹനവുമൊക്കെ നമ്മുടെ ചിന്താവിഷയമായാൽ അതു നമ്മെ മാറ്റിമറിക്കുകതന്നെ ചെയ്യും. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം കർത്താവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയുമൊക്കെ ആഴം അറിഞ്ഞിട്ടില്ല എന്നതുതന്നെ.