അരൂർ: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപതിയിലേക്ക് കൊണ്ടുപോയ ആംമ്പുലൻസ് ഉയരപ്പാത നിർമാണമേഖലയിലെ ഗതാഗത കുരുക്കിൽപെട്ട് താമസിച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവിയും പൊതുമരാമത്ത് റോഡ്സ് ചീഫ് എഞ്ചിനീയറും ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിൽ അറിയിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
എരമല്ലൂർ എൻവിഎസ് കവലയ്ക്ക് സമീപമാണ് കാൽനടയാത്രികനായ എരമല്ലൂർ സ്വദേശി മണിലാലിനെ(55) സ്കൂട്ടർ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ ആമ്പുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അരൂർ പഞ്ചായത്തിന് സമീപം ആമ്പുലൻസ് 20 മിനിറ്റ് ഗതാഗത കുരുക്കിൽപെടുകയായിരുന്നു. പനങ്ങാട് മാടവന ജംഗ്ഷനിലെത്തിയപ്പോഴേക്കും മണിലാൽ മരിച്ചു. രണ്ട് ദിവസം മുമ്പ് എരമല്ലൂർ സ്വദേശി ശരത് ഡയാലിസിസ് ചെയ്യാൻ ആശുപതിയിലേക്ക് പോകുമ്പോൾ അരൂർ ക്ഷേത്രത്തിനു സസമീപം ഗതാഗതകുരുക്കിൽപ്പെട്ട് മരിച്ചിരുന്നു.