വിഴിഞ്ഞം: ചരക്ക് കപ്പലുകൾക്ക ആവശ്യമായ ഇന്ധനം നൽകുന്ന ബങ്കറിംഗ് സംവിധാനം നടപ്പാക്കി വിജയം കൈവരിച്ച വിഴിഞ്ഞം അന്താരാഷ്ട തുറമുഖം വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എൽഎൻജി ബങ്കറിംഗ് യൂണിറ്റ് വിഴിഞ്ഞം തുറമുഖത്ത് ഉടൻ യാഥാർഥ്യമാകും. ഇന്ത്യ മാരിടൈം വീക്കിന്റെ ഭാഗമായി അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി പദ്ധതിയുടെ ധാരണാപത്രം ഒ പ്പുവച്ചു. അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ സിഇഒ അശ്വനി ഗുപ്തയും ബിപിസിഎൽ ഗ്യാസ് ബിസിനസ് ഹെഡ് രാഹുൽ ടണ്ടനും തമ്മിൽ ഔദ്യോഗിക കരാർ കൈമാറി.
ബിപിസിഎൽ ഫിനാൻസ് ഡയറക്ടർ ജി.ആർ. വത്സ, മാർക്കറ്റിംഗ് ഡയറക്ടർ ശുഭാങ്കർ സെൻ, ബിപിസിഎൽ ഐ ആൻ ഡ് സി ബിസിനസ് ഹെഡ് മനോജ് മേനോൻ, എവിപിപിഎൽ സിഇഒ പ്രദീപ് ജയരാമൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവയ്ക്കൽ ചടങ്ങുകൾ. പദ്ധതി നടപ്പാകുന്നതോടെ അന്താരാഷ്ട്ര സർവീസ് നടത്തുന്ന കപ്പലുകൾക്ക് എൽഎൻജി ഇന്ധനം നിറയ്ക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും. വാണിജ്യ സംരംഭം എന്നതിലുപരി കാർബൺ ബഹിർഗമനം കുറയ്ക്കാനും നെറ്റ് സിറോ എമിഷൻ ലക്ഷ്യം കൈവരിക്കാനുമുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് കൂടിയാണിത്. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി താമസിയാതെ പദ്ധതി യാഥാർഥ്യമാക്കുമെന്നും അധികൃതർ പറയുന്നു.