പുനലൂർ: യാത്രക്കാർക്ക് ആശ്വാസമായി കൊല്ലം - പുനലൂർ പാതയിൽ ഒരു ട്രെയിൻ കൂടി അനുവദിച്ചേക്കും. കൊല്ലം പുനലൂർ പാതയിൽ പകൽ ഒമ്പതു മണിക്കൂറോളം ട്രെയിൻ സർവീസ് ഇല്ലാത്ത പ്രശ്നം പരിഹരിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം പുനലൂർ റെയിൽവേ സ്റ്റേഷനിലെ അമൃത് ഭാരത് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ മധുര ഡിവിഷണൽ മാനേജർ ഓം പ്രകാശ് മീണയാണ് മധുര ഡിവിഷൻ ഓപ്പറേഷൻ മാനേജർ ഗണേശ െ ന്റ സാന്നിധ്യത്തിൽ യാത്രക്കാർക്ക് ഇതു സംബന്ധിച്ച് ഉറപ്പുനൽകിയത്. വർഷങ്ങളായി എംപിമാരും യാത്രക്കാരും ആവശ്യപ്പെട്ടുവരുന്ന കാര്യമാണിത്. കൊല്ലം -ചെന്നൈ പാതയിലെ പ്രധാനപ്പെട്ട 45 കിലോമീറ്റർ ഭാഗത്ത് മണിക്കൂറുകളോളം ട്രെയിൻ സർവീസ് ഇല്ലാത്തത് നൂറുകണക്കിന് യാത്രക്കാരെ നിത്യവും ദുരിതത്തിലാക്കി വരുകയാണ്.
മധുര - പുനലൂർ എക്സ്പ്രസി െ ന്റ റേക്ക് പകൽസമയം മുഴുവൻ പുനലൂരിൽ വെറുതെ കിടക്കുകയാണ്. ഇത് ഉപയോഗിച്ച് പുനലൂരിൽ നിന്ന് കൊല്ലത്തേക്കും തിരികെയും പാസഞ്ചർ സർവീസ് നടത്താവുന്നതാണെന്ന് വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഗേജ് മാറ്റവും പിന്നീട് വൈദ്യുതീകരണവും പൂർത്തിയായിട്ടും ഒമ്പതു മണിക്കൂർ ട്രെയിൻ ഇല്ലാത്ത സ്ഥിതിക്ക് മാറ്റം വരുത്താൻ ഇതുവരെ നടപടിയുണ്ടാകാഞ്ഞത് ഏറെ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.
Tags : train nattuvishesham local news