പേരൂര്‍ക്കട: ഡോറ അസറിയ ക്രിപ്സിനന്റെ (63) ജവഹര്‍ നഗറിലെ 10 കോടി രൂപ വിലവരുന്ന വസ്തുവിലും വീട്ടിലുമായിരുന്നു അനില്‍ തമ്പിയുടെ കണ്ണ് ഉടക്കിയത്. അവിടെ മുതൽ തുടങ്ങിയതാണ് പ്ര മാദമായ വസ്തുതട്ടിപ്പുകേസ്.
\
ഇതു കൈക്കലാക്കാന്‍ 2013 മുതല്‍ ശ്രമിച്ചുവെങ്കിലും ഉടമ വഴങ്ങിയില്ല. ഒടുവില്‍ വസ്തു വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുക്കുന്നതിനായി ആധാരമെഴുത്തുകാരന്‍ അനന്തപുരി മണികണ്ഠനെ നിയോഗിച്ചു. ഒമ്പതു ലക്ഷം രൂപ ലോണ്‍ അടവ് മുടങ്ങിയതിന് ജപ്തിഭീഷണിയിലായിരുന്ന മണികണ്ഠന് ഇതു തനിക്കു ലഭിച്ച കച്ചിത്തുരുമ്പായി കണ്ടു. സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കു പണമായും മൊബൈല്‍ ഫോണുകളായും പാ രിതോഷികം നല്‍കിയാണ് മണികണ്ഠന് കാര്യസാദ്ധ്യം നടത്തിയത്. ചെയ്ത ജോലിക്ക് മണികണ്ഠന് അനില്‍ തമ്പിയില്‍ നിന്നു ലഭിച്ചത് മൂന്നു കോടി രൂപ. ഇതുപയോഗിച്ച് മണികണ്ഠന് ലോണ്‍ അടവ് തീര്‍ത്തു.
പുതുതായി രണ്ടു സ്ഥലവും ഒരു കാറും വാങ്ങി. പുതിയ വീടിന്റെ പണി ആരംഭിച്ചു. തന്റെ സ്വാധീനവും കൂര്‍മബുദ്ധിയും ഉപയോഗിച്ച് അനില്‍ തമ്പിയെന്ന ബിസിനസ് മാഗ്നറ്റ് പോലീസിനെ വട്ടംചുറ്റിച്ചതു നീണ്ട രണ്ടുമാസം. കവടിയാര്‍ സ്വദേശിനി ഡോറ അറസിയ ക്രിപ്സിന്റെ വീടും വസ്തുവും തട്ടിയെടുക്കുന്നതിനുള്ള ദൗത്യം വ്യാജരേഖകള്‍ ചമച്ച് അനന്തപുരി മണികണ്ഠന് (46) പൂര്‍ത്തീകരിക്കുന്നത് 2025 ജനുവരി 17ന്. ഡോറ അമേരിക്കയിലാണെന്നും വീടും വസ്തുവും നോക്കി നടത്തുന്നത് അമര്‍നാഥ പോള്‍ എന്നൊരാളാണെന്നും വ്യക്തമായ ധാരണ വരുത്തിയതിനുശേഷമായിരുന്നു അനില്‍ തമ്പിയുടെ ചരടുവലി.
കൊല്ലം പുനലൂര്‍ സ്വദേശിനി മെറിന് ജേക്കബിനെ (27) ഡോറയുടെ കൊച്ചുമകളായി മണികണ്ഠന്റെ ഉറ്റസുഹൃത്ത് തിരുമല മുടവന്മുകള് സ്വദേശി സെയ്ദാലി (47) യാണ് പരിചയപ്പെടുത്തുന്നത്. ഡോറയുമായി രൂപസാദൃശ്യമുള്ള കരകുളം സ്വദേശി വസന്ത (76) യെ ഡോറയാണെന്നു വരുത്താന്‍ ആള്‍മാറാട്ടം നടത്തി സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിച്ചു. ഇവരെ ഉപയോഗിച്ച് ഡോറയുടേതെന്ന രീതിയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചു. വസന്തയെ മണികണ്ഠനു പരിചയപ്പെടുത്തിയത് സുഹൃത്തും കല്ലയം വെട്ടിക്കുഴി സ്വദേശിയുമായ സുനില്‍ബാബു തോമസ് (42) ആയിരുന്നു. വ്യാജമായി ധനനിശ്ചയ ആധാരവും വിലയാധാരവും ഉണ്ടാക്കിയെടുത്തതും ഇതിനായി സഹായം നല്കിയതു മണികണ്ഠന്റെ സഹോദരന് മണക്കാട് ആറ്റുകാല്‍ പുത്തന്‍കോട്ട ശിവക്ഷേത്രത്തിനു സമീപം എം.ആര്. ഹില്‍സ് ഗണപതിഭദ്ര വീട്ടില്‍ സി.എ. മഹേഷ് (44) ആയിരുന്നു. മെറിന് ജേക്കബാണ് പൈപ്പിന്മൂട് സ്വദേശിയായ ചന്ദ്രസേനന് (76)വസ്തുവും വീടും വിലയാധാരമായി എഴുതി നല്‍കിയത്. ചന്ദ്രസേനന്റെ മരുമകനാണ് പിടിയിലായ അനില്‍ തമ്പി.
പ്രമാദമായ വസ്തുതട്ടിപ്പ് കേസില്‍ അനന്തപുരി മണികണ്ഠന്, മെറിന് ജേക്കബ്, മഹേഷ്, വസന്ത, സുനില്‍ബാബു തോമസ്, ചന്ദ്രസേനന്, സെയ്ദലി, അനില്‍ തമ്പി എന്നിവരാണ് ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതിപ്പട്ടികയിലുള്ളത്. ഇനി ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നും എന്നാല്‍ മാത്രമേ അന്വേഷണം പൂര്‍ത്തിയാകുകയുള്ളൂവെന്നും മ്യൂസിയം പോലീസ് അറിയിച്ചു.