നിലന്പൂർ: മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കോഴി മാലിന്യവുമായി എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. ഒടുവിൽ പോലീസ് ഇടപ്പെട്ട് മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലെത്തിച്ചു. ആവശ്യമായ രേഖകൾ ഇല്ലാതെയാണ് കോഴി മാലിന്യങ്ങളുമായി വാഹനങ്ങളെത്തിയത്.
ഇതേത്തുടർന്ന് ഇന്നലെ രാവിലെ നിലമ്പൂർ സ്റ്റേഷനിൽ വാഹനങ്ങൾ എത്തിച്ചു. രേഖകൾ ഇല്ലെങ്കിൽ പിഴ അടപ്പിക്കുമെന്നാണ് പോലീസ് പറയുന്നത്. ചാലിയാർ പഞ്ചായത്തിലെ അളക്കൽ വിജയപുരത്തെ കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കാണ് ഞായറാഴ്ച രാത്രി പത്തോടെ രണ്ട് വാഹനങ്ങൾ കോഴി മാലിന്യങ്ങളുമായി എത്തിയത്.
ഈ വാഹനങ്ങളാണ് അകമ്പാടം സദ്ദാം ജംഗ്ഷനിൽ നാട്ടുകാർ പ്രതിഷേധിച്ച് തടഞ്ഞത്. ഫ്രീസർ സൗകര്യമുള്ള വാഹനങ്ങളിൽ വേണം കോഴി മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനെന്നാണ് നാട്ടുകാർ പറയുന്നത്.
ഫ്രീസർ സൗകര്യമില്ലാതെ മാലിന്യങ്ങളുമായി വാഹനങ്ങൾ എത്തിയതിനാൽ അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ച് തടഞ്ഞത്. ചാലിയാർ പഞ്ചായത്തിലെ മൈലാടി മുതൽ അകമ്പാടം - മൂലേപ്പാടം വരെയുള്ള ഭാഗങ്ങളിലെ ജനങ്ങളാണ് ദുർഗന്ധം മൂലം പ്രയാസപ്പെടുന്നത്.
ലൈസൻസുള്ള സംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നതും ഇവിടേക്ക് കോഴി മാലിന്യങ്ങൾ എത്തിക്കുന്നതും ലൈസൻസ് അനുവദിച്ചപ്പോഴുള്ള നിബന്ധനകൾ പാലിച്ചാണോയെന്ന് ഉറപ്പ് വരുത്താൻ പോലീസും ആരോഗ്യവകുപ്പും ജനപ്രതിനിധികളും തയാറാകാത്തതാണ് നിലവിൽ ജനങ്ങൾ ദുർഗന്ധം സഹിക്കേണ്ട അവസ്ഥയിലായത്. സംസ്കരണ കേന്ദ്രത്തിനെതിരേയല്ല, ഇവിടേക്ക് മാലിന്യങ്ങൾ കൊണ്ടുപോകുന്നതിൽ കാണിക്കുന്ന അലംഭാവത്തെയാണ് ജനങ്ങൾ എതിർക്കുന്നത്.
നിലമ്പൂരിൽ നിന്ന് രാത്രി 11ന് പോലീസ് എത്തിയ ശേഷമാണ് കോഴി മാലിന്യങ്ങൾ നിറച്ച വാഹനങ്ങൾ സംസ്കരണ കേന്ദ്രത്തിലെത്തിച്ചത്. അതിന് ശേഷം മാലിന്യം ഇറക്കി. തുടർന്ന് വാഹനങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
അളക്കൽ വിജയപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് സമീപത്തെ കുറുഞ്ഞിതോട്ടിലേക്ക് മാലിന്യ സംസ്കരണ ശേഷം അവശിഷ്ടങ്ങൾ ഒഴുക്കുന്നതായും ആരോപണം ഉയർന്നിരുന്നു.
അടിയന്തരമായി പോലീസും ജനപ്രതിനിധികളും കമ്പനി ഉടമകളും വിഷയം ചർച്ച ചെയ്ത് ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : nattuvishesham local news