Kerala
കൊച്ചി: മുൻ മന്ത്രി ആന്റണി രാജുവിനെതിരെയുള്ള തൊണ്ടി മുതൽ കേസില്‍ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന സ്വകാര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസയച്ചു.
പൊതുപ്രവർത്തകർ ഉൾപ്പെട്ട വഞ്ചനാക്കേസ് കൂടി കേസിലെ പ്രതികൾക്കെതിരെ ചുമത്തണമെന്നാണ് ആവശ്യം. നിലവിൽ നെടുമങ്ങാട് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു.
1990 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതാണെന്നാണ് കേസ്.
National
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡീലിന്റെ ഭാഗമായാണ് പിഎം ശ്രീ ധാരണാപത്രത്തില്‍ കേരളം ഒപ്പുവച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
പാര്‍ട്ടി ആശയങ്ങളെ ബലികഴിച്ച് രഹസ്യ അജണ്ട നടപ്പിലാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐയെ തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
മുന്നണി മാറ്റത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐയാണ്. സിപിഐ ആണ് നിലപാട് പറയേണ്ടത്. സിപിഐ വിമര്‍ശനം തള്ളിക്കളഞ്ഞു.
സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ഉല്‍പ്പന്നമാണ് ദേശീയ വിദ്യാഭ്യാസ നയം എന്നാണ് സിപിഎമ്മിന്റെ ഭാഷ്യം. ഈ ഉല്‍പ്പന്നം എവിടെ വച്ചാണ് ലഘൂകരിക്കപ്പെട്ടത് എന്നു പറയുന്നില്ല. ഘടകകക്ഷിയെ തള്ളിക്കളഞ്ഞു തീരുമാനമെടുക്കാനുള്ള ചേതോവികാരം എന്താണ്.
പിണറായി വിജയന് സിപിഐയുടെ ആശയപരമായ വിമര്‍ശനങ്ങളെ പോലും തള്ളിക്കളയുന്നുവെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുരാരി ബാബുവില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ എസ്ഐടി അന്വേഷണം ആരംഭിച്ചു. ഇതിന്റ ഭാഗമായി മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ പോലീസ് സംഘം പരിശോധന നടത്തുന്
ഇന്ന് ഉച്ചകഴിഞ്ഞാണ് ഹൈക്കോടതി നിർദേശ പ്രകാരമുള്ള പ്രത്യേക അന്വേഷണ സംഘം മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ എത്തിയത്. പരിശോധന ഇപ്പോഴും തുടരുന്നു എന്നാണ് വിവരം.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില രേഖകള്‍ സംഘത്തിന് കിട്ടിയതായാണ് സൂചന. നേരത്തെ ദേവസ്വം വിജിലൻസും മുരാരിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. മുരാരി ബാബുവിനെ കൂടാതെ മറ്റ് എട്ട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയാണ് അന്വേഷണസംഘം കേസില്‍ പ്രതി ചേർത്തിരിക്കുന്നത്.
ഉണ്ണിക്കൃഷ്ണന് പോറ്റി ഒന്നാംപ്രതിയായിട്ടുള്ള രണ്ടു കേസുകളിലും രണ്ടാംപ്രതിയാണ് മുരാരി ബാബു. മുരാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തും. കൂടുതല്‍ തെളിവ് ലഭിക്കുകയാണെങ്കില്‍ മറ്റ് ഉദ്യോഗസ്ഥരുടെയും അറസ്റ്റിലേക്ക് അന്വേഷണസംഘം കടക്കുമെന്നാണ് സൂചന.
Kerala
കൊച്ചി: നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേയ്ക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വീമാനത്തിലാണ് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങിയത്.ഗവർണർ രാജേന്ദ്ര അർലേക്കർ, ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ രാഷ്ട്രപതിക്ക് യാത്ര അയപ്പ് നൽകി.
ബെന്നി ബെഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, പൊതു ഭരണ വകുപ്പ് സെക്രട്ടറി കെ. ബിജു, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പോലീസ് മേധാവി( എറണാകുളം റൂറൽ) എം. ഹേമലത, സി ഒ 21 (കെ) എൻസിസി ബറ്റാലിയൻ കൊച്ചിൻ കേണൽ. എൻ എബ്രഹാം, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം. എസ് ഹരികൃഷ്ണൻ എന്നിവർ യാത്ര അയക്കാൻ എത്തിയിരുന്നു.
നാലുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച വൈകീട്ടാണ് പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി രാവിലെയാണ് കൊച്ചിയിൽ എത്തിയത്.
എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി കൊച്ചിയിലേക്ക് എത്തിയത്.
Kerala
കൊച്ചി: വിദേശത്ത് നടക്കുന്ന സംഗീത പരിപാടികളില്‍ പങ്കെടുക്കാനായി ഇളവ് വേണമെന്നാവശ്യപ്പെട്ട് റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ ചിലത് ഒഴിവാക്കണമെന്നാണ് വേടന്റെ ആവശ്യം. ഇക്കാര്യത്തില്‍ ജസ്റ്റിസ് സി.പ്രതീപ് കുമാര്‍ സര്‍ക്കാരില്‍നിന്നു വിശദീകരണം തേടി.
ഈ മാസം 25ന് കൊളംബോ, നവംബര്‍ 11ന് ദുബായി, നവംബര്‍ 28ന് ഖത്തര്‍, ഡിസംബര്‍ 13ന് ഫ്രാന്‍സ്, ഡിസംബര്‍ 20ന് ജര്‍മനി എന്നിവിടങ്ങളിലാണ് തന്റെ സംഗീത പരിപാടികള്‍ എന്ന് ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ കോടതിയുടെ ഉത്തരവോടു കൂടി മാത്രമേ കേരളത്തിനു പുറത്തേക്കു പോകാന്‍ പാടുള്ളൂ എന്നാണ് ജാമ്യവ്യവസ്ഥയിലുള്ളത്. ഇതിനൊപ്പം എല്ലാ ഞായറാഴ്ചയും രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ഇത്തരത്തിലുള്ള വ്യവസ്ഥയിലൂടെ, സ്റ്റേജ് ഷോകള്‍ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. ഈ രണ്ടു വ്യവസ്ഥകളും റദ്ദാക്കിയാലും കേസിന്റെ അന്വേഷണത്തെ അത് ഒരു വിധത്തിലും ബാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
യുവതിക്ക് നല്കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പോലീസ്
റാപ്പര്‍ വേടനെതിരെ ലൈംഗികാതിക്രമ പരാതി നല്കിയ യുവതിക്ക് നല്കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് എടുത്ത കേസില്‍ മൊഴി നല്കാന് എറണാകുളം സെന്‍ട്രല്‍ പോലീസ് നല്കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
മൊഴി നല്കാന് നേരിട്ടെത്തുന്നത് തന്നെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ പുറത്ത് പോകാന്‍ ഇടയാക്കുമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആരോപണം. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിലവിലുണ്ടെന്നും നേരിട്ടെത്തി മൊഴി നല്‍കാനാവില്ലെന്നുമുള്ള പരാതിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. ജസ്റ്റീസ് സി. പ്രതീപ് കുമാര്‍ പോലിസിന്റെ വിശദീകരണം രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി.
2020 ഡിസംബറില്‍ ദളിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചപ്പോള്‍ ലൈംഗികാതിക്രമം കാണിച്ചെന്നായിരുന്നു യുവതി മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലുള്ളത്. ഈ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് വേടനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്.
വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു എന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ ജാമ്യത്തിലാണ് ഇയാള്‍.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാൽഗഞ്ചിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ സ്വതന്ത്ര സ്ഥാനാർഥി അനൂപ് കുമാർ ശ്രീവാസ്തവ ജൻ സുരാജ് പാർട്ടിയിൽ ചേർന്നു. പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിന്റെ സാന്നിധ്യത്തിലാണ് അനൂപ് കുമാർ ജൻ സുരാജ് പാർട്ടിയിൽ ചേർന്നത്.
ഗോപാൽഗഞ്ചിൽ മത്സരിക്കുന്നതിനായി പാർട്ടി പ്രഖ്യാപിച്ചിരുന്ന ശശി ശേഖർ സിൻഹ പത്രിക പിൻവലിച്ചിരുന്നു. തുടർന്ന് ജൻ സുരാജ് പാർട്ടി അനൂപ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെയാണ് അനൂപ് കുമാർ ജൻ സുരാജ് പാർട്ടിയിൽ ചേർന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
ന്യൂഡൽഹി: പിഎം ശ്രീയിൽ ചേർന്ന കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. എൻഇപിയുടെ ഭാഗമായ പദ്ധതി സ്കൂളുകളുടെ വികസനത്തിൽ നിർണായകമാകുമെന്ന് കേന്ദ്രം വ്യക്തമാക്കി.
എക്സ് പ്ലാറ്റ്ഫോമിലൂടെ കേരള സർക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പങ്കുവച്ചത്.
എൻഇപിയുടെ ഭാഗമായ പദ്ധതിയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിനും പ്രവർത്തന മികവ് ഉയർത്തുന്നതിനും ഈ ഒരു പദ്ധതിയിലേക്കുള്ള കൂടിച്ചേരൽ നിർണായകമാകുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം എക്സിൽ കുറിച്ചു.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി മഹാസഖ്യം അധികാരത്തിലെത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്ത് മഹാസഖ്യത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ചരിത്ര ഭൂരിപക്ഷമായിരിക്കും തങ്ങൾക്ക് ലഭിക്കുകയെന്നും തേജസ്വി പറഞ്ഞ
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. എൻഡിഎയെ മാറ്റി മഹാസഖ്യത്തിനെ അധികാരത്തിലെത്തിക്കാൻ അവർ തയാറായിരിക്കുകയാണ്. 20 വർഷത്തോളമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണം ഇത്തവണ അവസാനിക്കും.'-തേജസ്വി അവകാശപ്പെട്ടു.
വ്യാഴാഴ്ച മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചിരുന്നു. രാഘോപുർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ റിക്കാര്‍ഡ് ഭൂരിപക്ഷം നേടുമെന്നും സദ്ഭരണം തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സമസ്തിപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച പ്രധാനമന്ത്രി, അഴിമതിക്കേസുകളില്‍പെട്ട് നേതാക്കള്‍ ജാമ്യത്തില്‍ നടക്കുകയാണെന്നും അഴിമതിക്കാരെ ബിഹാര്‍ പുറത്ത് നിര്‍ത്തുമെന്നും പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടാണുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
വരുംമണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്.
മധ്യ കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന കര്‍ണാടക - വടക്കൻ കേരള തീരപ്രദേശങ്ങൾക്കും മേൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടൽ തീവ്ര ന്യൂനമർദവുമായി ചേർന്നു.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു.
ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ശനിയാഴ്ചയ്ക്കകം തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാനും, ഞായറാഴ്ചയ്ക്കകം തീവ്രന്യൂനമർദമായും, തുടർന്ന് തിങ്കളാഴ്ച രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇവയുടെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
അതേസമയം, കേരള തീരത്ത് ഇന്നു മുതൽ ഞായറാഴ്ച വരെയും കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നു മുതൽ ഞായറാഴ്ച വരെ കേരള തീരങ്ങളിലും അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച വരെ കർണാടക തീരങ്ങളിലും, അതിനോട് ചേർന്ന സമുദ്രഭാഗങ്ങളിലും, ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Kerala
തിരുവനന്തപുരം: വിറക് അടുപ്പില്‍ നിന്നും തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക ദമ്പതികൾ മരിച്ചു. പേരൂർക്കട ഹരിത നഗറില്‍ ആന്റണി (81), ഭാര്യ ഷേർളി (73) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിന് പുറത്തുള്ള അടുപ്പില്‍ മണ്ണെണ്ണ ഒഴിച്ച് തീപിടിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആന്റണിയുടെ മുണ്ടിലേക്ക് തീ പടരുകയായിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷേർളിയുടെ ദേഹത്തും പൊള്ളലേൽക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
Kerala
തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ കടുത്ത എതിർപ്പ് എൽഡിഎഫിൽ പ്രകടിപ്പിക്കുന്നതിനിടെയാണ് യുഡിഎഫ് കൺവീനറുടെ പ്രതികരണം.
സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവത്തില്‍ അടിച്ചമര്‍ത്തലിന് ഇരയായി എല്‍ഡിഎഫില്‍ തുടരണൊയെന്ന് സിപിഐ ചിന്തിക്കണം. യുഡിഎഫിലേക്ക് വന്നാല്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ യുഡിഎഫിലേക്ക് വരണമെന്നും സിപിഎമ്മിന്റെ അപമാനം സഹിച്ച് എല്‍ഡിഎഫില്‍ തുടരരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഐയില്‍ നിന്നും പലരും കോണ്‍ഗ്രസിലേക്ക് വരുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Kerala
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി എക്സൈസിന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേരെ പിടികൂടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സനൂജ് (42), സഹായി കൂവപ്പള്ളി സ്വദേശി ശ്രീജിത്ത് (40) എന്നിവരെയാണ് ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ആക്രി വ്യാപാരവും ഇറച്ചിക്കച്ചവടവും നടത്തിവരികയാണ് സനൂജും സഹായി ശ്രീജിത്തും. തമിഴ്നാട്ടിൽനിന്നു മാടുകളെ കൊണ്ടുവരുന്നതിന്റെ മറവിൽ വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനായ സനൂജിനെ കുറച്ചു നാളുകളായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. മുന്‍പ് പലതവണ പോലീസിനെയും എക്സൈസിനെയും വെട്ടിച്ചു കടന്നുകളഞ്ഞ സനൂജിനെയും ശ്രീജിത്തിനെയും അതിസാഹസികമായിട്ടാണ് കാഞ്ഞിരപ്പള്ളി എക്സൈസ് പിടികൂടിയത്.
മറ്റൊരിടത്ത് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ ഒരുഗ്രാം എംഡിഎംഎയുമായി മുണ്ടക്കയം പൈങ്ങണ സ്വദേശി ഷാഹിൻ സലാമിനെ (22) പിടികൂടിയത്. യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും പ്രധാന ലഹരി വിതരണക്കാരനാണ് പിടിയിലായ ഷാഹിൻ സലാം. ഇയാൾ മുന്‍പ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്.
കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. സുരേഷ്കുമാർ, ഇ.സി. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഷൈജു, കെ.വി. വിശാഖ്, സനൽ മോഹൻദാസ്, രമേഷ് രാമചന്ദ്രൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. ലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.വി. ജോഷി എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി.
Business
കൊച്ചി: സംസ്ഥാനത്ത് വൻവീഴ്ചകൾക്കു ശേഷം സ്വർണവില തിരിച്ചുകയറുന്നു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 92,000 രൂപയിലും ഗ്രാമിന് 11,500 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ ഉയർന്ന് 9,460 രൂപയിലെത്തി.
മൂന്നു ദിവസംകൊണ്ട് പവന് 5,640 രൂപയും ഗ്രാമിന് 705 രൂപയും ഇടിഞ്ഞശേഷമാണ് ഇന്നു വീണ്ടും തിരിച്ചുകയറിയത്.
ഈമാസം തുടക്കത്തിൽ സ്വർണക്കുതിപ്പ് ദൃശ്യമായിരുന്നു. ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്.
പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയും കടന്നു. തുടർന്ന് 14ന് ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന സ്വർണവില 94,000 കടക്കുകയും 17ന് 2,440 രൂപ ഉയർന്ന് 97,000 രൂപയെന്ന നാഴികക്കല്ല് പിന്നിടുകയുമായിരുന്നു.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു. വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഇന്നു രാവിലെ ഔൺസിന് 4,107 ഡോളറിൽ നിന്ന് 4,143 ഡോളർ വരെ ഉയർന്ന പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെ തിരിച്ചുവരവ്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് 165 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടുപേർ പിടിയിൽ. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ചാവേർ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായാണ് പോലീസ് പറയുന്നത്.
ഡൽഹി, മധ്യപ്രദേശ് സ്വദേശികളായ ഇരുവരുടെയും പേര് അദ്നാൻ എന്നാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും ദക്ഷിണ ഡൽഹിയിലെ സാദിഖ് നഗറിൽ നിന്നുമായാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ചാവേറുകളാകാനുള്ള പരിശീലനം ഇവർക്ക് ലഭിച്ചിരുന്നതായിട്ടാണ് സൂചന.
സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനും ഇവരുടെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനുമായി ഇന്റലിജൻസ്, സുരക്ഷാ ഏജൻസികൾ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ മാസം, സമാനമായ രീതിയിൽ ഭീകരബന്ധമുണ്ടെന്ന് കരുതുന്ന അഞ്ചുപേരെ ഡൽഹി, ജാർഖണ്ഡ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു.