Agriculture
തോൽവികളെ മറികടന്ന് വിജയം വരിക്കുന്ന ആളുകളാണ് എന്നും എല്ലാവർക്കും പ്രചോദനമേകുന്നത്. വിധിക്കുമുന്നിൽ തളരാതെ മണ്ണിൽ പൊന്നുവിളയിക്കുകയാണ് പത്തനംതിട്ട വെച്ചൂച്ചിറ അരീക്കാപ്പറന്പിൽ മനു തോമസ്.
അഞ്ചാം വയസിൽ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടമായെങ്കിലും തളർന്നില്ല. കാലിടറിയപ്പോഴും മനസ് ഇടറാതെ നിശ്ചയദാർഢ്യത്തോടെ മുന്നേറി വിധിയെ തോൽപിച്ച് മികച്ച ഭിന്നശേഷി കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് ഈ യുവ കർഷകൻ.
തന്റെ അഞ്ചേക്കർ ഭൂമിയിൽ 4,500 കോഴികളുള്ള ഫാമുൾപ്പെടെ സമ്മിശ്രകൃഷിയാണ് മനു ചെയ്തുവരുന്നത്. ഭിന്നശേഷിമൂലം പകച്ചു നിൽക്കുന്നവർക്ക് മുന്നേറാനുള്ള പ്രചോദനം കൂടിയാണ് ഈ കർഷകന്റെ ജീവിതം. കാലുകൾക്ക് ചലനശേഷി നഷ്ടമായതോടെ വീട്ടിലിരുന്ന് പഠിച്ച് എസ്എസ്എൽസി ഉന്നത മാർക്കോടെ വിജയിച്ചു.
തുടർന്നു പഠിക്കാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും മനു കൃഷിയിലേക്കു തിരിയുകയായിരുന്നു. മുപ്പത്തിമൂന്നു വയസുവരെ പാലക്കാട് മണ്ണാർകാട്ടായിരുന്നു മനുവും കുടുംബവും താമസിച്ചിരുന്നത്.
പിന്നീടു കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിൽ അഞ്ചേക്കർ സ്ഥലം വാങ്ങിയത്. തുടർന്ന് വീട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയോടെ കൃഷി ആരംഭിച്ചു.
കോഴിഫാം, റബർ, കാപ്പി, കശുമാവ്, തെങ്ങ്, കമുക്, കുരുമുളക്, കൊക്കോ, പ്ലാവ്, മാവ്, തേനീച്ച, ജാതി, കപ്പ, താറാവ്, പശു, മത്സ്യക്കൃഷി, തീറ്റപ്പുൽക്കൃഷി, വാനില തുടങ്ങിയവ ഏദൻ എന്നു പേരിട്ടിരിക്കുന്ന കൃഷിഭൂമിയിലുണ്ട്.
കോഴിഫാം പരീക്ഷണം
കൃഷി വൻ വിജയമായതോടെ ഇതിനോടനുബന്ധിച്ച് എന്തെങ്കിലും അനുബന്ധ സംരംഭം തുടങ്ങാൻ ആലോചിച്ചപ്പോഴാണ് കോഴിഫാം തുടങ്ങാൻ തീരുമാനിച്ചത്. തന്റെ ആഗ്രഹം വീട്ടുകാരോട് പറഞ്ഞപ്പോൾ എല്ലാ പിന്തുണയും കുടുംബം നൽകി.
തുടർന്ന് ചെറിയ രീതിയിൽ തുടങ്ങി. ഇതിൽ നിന്ന് മികച്ച വരുമാനം ലഭിച്ചതോടെ ഫാം വിപുലീകരിക്കാൻ തീരുമാനിച്ചു. ഇന്ന് 4,500 കോഴികളുള്ള ഫാമിന് ഉടമയാണ് മനു. വർഷം 300 മുട്ടയിടുന്ന ബിവി 380 കോഴികളാണ് കൂടുതലായും ഇവിടെയുള്ളത്.
ഉയർന്ന ഉത്പാദനശേഷിയുള്ള ഇവ നാലരമാസമാകുമ്പോൾ മുട്ടയിടും. നാടൻ കോഴികൾക്കൊപ്പം, ടർക്കി, കരിങ്കോഴി, ഗിനിക്കോഴി, ഇറച്ചിക്കോഴി തുടങ്ങിയവയും ഫാമിലുണ്ട്. മുട്ടയിടാൻ പ്രായമാകുമ്പോ ൾ കോഴിയെ വിൽക്കുന്നതാണ് മനുവിന്റെ രീതി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് പ്രധാനമായും കോഴികളെ വിൽക്കുന്നത്.
വിരിഞ്ഞ് ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് മനു വാങ്ങുന്നത്. ആദ്യ മൂന്നു ദിവസം കൃത്രിമ ചൂട് നൽകുന്നതിനൊപ്പം ധാന്യങ്ങൾ ഭക്ഷണമായി നൽകും. ചൂടിനായി വൈദ്യുതി, ഇൻഫ്രാറെഡ് ബൾബുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഒരാഴ്ചയ്ക്കു ശേഷം അന്തരീക്ഷ ഊഷ്മാവും കുഞ്ഞുങ്ങളുടെ അവസ്ഥയും നോക്കി ചൂട് ക്രമീകരിക്കും. ആദ്യ ദിവസങ്ങളിൽ 29-32 ഡിഗ്രി എന്ന നിലയിലാണ് ചൂട് നൽകുന്നത്. പിന്നീട് മൂന്നു ഡിഗ്രി വീതം കുറച്ചു കൊണ്ടുവരും.
തുടർന്ന് പ്രതിരോധ മരുന്നുകൾ നൽകും. ഏഴ്, പതിനാല്, ഇരുപത്തിയൊന്ന്, ഇരുപത്തിയെട്ട്, മുപ്പത്തിയഞ്ച് ദിവസം പ്രായമാകുന്പോൾ വാക്സിനേഷൻ നൽകും. ശരിയായ രീതിയിൽ മരുന്ന് നൽകുന്നതിനാൽ വസന്ത, കോഴിവസൂരി എന്നിവയിൽനിന്ന് ഇവയെ സംരക്ഷിക്കും.
ഏഴ്, ഇരുപത്തിയൊന്ന് ദിവസങ്ങളിൽ ലസോട്ടയും 14, 28 ദിവസങ്ങളിൽ ഐബിഡിയും നൽകും. രണ്ടു മാസം പൂർത്തിയാകുന്പോൾ ആർ2ബി വാക്സിനും നൽകും. തുടർന്ന് ഓരോ ആറു മാസം കൂടുന്പോഴും ആർ2ബി നൽകും.
Agriculture
നമ്മുടെ നാട്ടിൽ ഏറെ പ്രിയമുള്ള ചെറുചേമ്പിന്റെ കിഴങ്ങും തണ്ടും ഇലയും പോഷക, ഔഷധമൂല്യം നിറഞ്ഞതാണ്. കിഴങ്ങിൽ അന്നജവും (9.6-18.8%) ഭക്ഷ്യനാരും, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസിയം, വിറ്റാമിൻ (അ,ഇ), ധാതുക്കൾ, മാൻഗനീസ്, ഇരുന്പ് എന്നിവ അടങ്ങിയിട്ടുണ്ട്.
ചേന്പിന്റെ അന്നജത്തിന്റെ കണികകളുടെ വലിപ്പം തീരെ കുറവായതിനാൽ ദഹനപ്രക്രിയ എളുപ്പത്തിൽ നടക്കുന്നു. കിഴങ്ങുകളിലെ ഭക്ഷ്യനാര് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും സഹായിക്കുന്നു.
ഇതുകൂടാതെ കിഴങ്ങുകളിലെ വഴുവഴുപ്പ് രക്തത്തിലെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ചേന്പിലയിൽ പ്രോട്ടീൻ, ബീറ്റ-കരോട്ടിൻ, ഇരുന്പ്, ഫോളിക് ആസിഡ്, ധാതുക്കളായ കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിൻ ഇ, തയാമിൻ, റൈബോഫ്ളാവിൻ, നിയാസിൻ എന്നിവ അടങ്ങിയിട്ടുണ്ട്.
കാലാവസ്ഥമാറ്റത്തിന്റെ ഈ സന്ദർഭത്തിലും ചേമ്പ് പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. വെള്ളക്കെട്ട്, ലവണരസം എന്നിവ ഒരുപരിധിവരെ ചെറുത്തുനിൽക്കാനുള്ള കഴിവ് ചേന്പിനുണ്ട്.
വിവിധ ഇനങ്ങൾ
കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനത്തിൽനിന്നും ഒഡീഷയിലെ പ്രാദേശിക കേന്ദ്രത്തിൽ നിന്നുമായി പത്തോളം മുന്തിയ ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മിക്ക ഇനങ്ങളും 6 മുതൽ 8 മാസങ്ങൾ കൊണ്ട് വിളവെടുക്കാവുന്നതാണ്.
5 മുതൽ 6 മാസം കൊണ്ട് വിളവെടുക്കാവുന്ന, ഇലകരച്ചിൽ രോഗത്തെ ചെറുത്തുനിൽക്കാൻ കഴിവുള്ള, ചൊറിച്ചിൽ തീരെ ഇല്ലാത്ത ഇനമായ മുക്തകേശി എടുത്തുപറയേണ്ടതാണ്. കേരളത്തിൽ അനുയോജ്യമായ ശ്രീടീലിയ നല്ല പാചകഗുണമുള്ള ഹ്രസ്വകാല ഇനമാണ് (4 മാസം കൊണ്ട് വിളവെടുക്കാവുന്ന).
ഇതുകൂടാതെ ശ്രീകിരണ്‍, ശ്രീഹീര, ശ്രീരശ്മി, ശ്രീപല്ലവി എന്നിവയും മികച്ച ഇനങ്ങളാണ്. ഒട്ടേറെ നാടൻ ഇനങ്ങളും പ്രചാരത്തിലുണ്ട്. താമരക്കണ്ണൻ, കണ്ണൻചേന്പ്, കുടചേന്പ് എന്നിവ.
നടീൽ സമയം
മഴയെ ആശ്രയിച്ചുള്ള കൃഷിയ്ക്ക് ഏപ്രിൽ മുതൽ ജൂണ്‍ വരെയാണ് നടാൻ ഉത്തമമായ സമയം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ കാലഭേദമന്യേ കൃഷി ചെയ്യാവുന്നതാണ്.
നടീൽവസ്തുക്കൾ
തള്ളചേമ്പും വിത്തുചേമ്പും നടീൽവസ്തുക്കളായി ഉപയോഗിക്കാമെങ്കിലും, വിത്തുചേമ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം. 20-25 ഗ്രാം തൂക്കം വരുന്ന വിത്തു ചേന്പ് നല്ല നടീൽ വസ്തുവാണ്.
നിലമൊരുക്കൽ
മണ്ണിന്റെ സ്വഭാവത്തെയും പരിപാലനരീതിയെയും ആശ്രയിച്ചു വിവിധതരത്തിൽ നിലമൊരുക്കാവുന്നതാണ്. മണൽപ്രദേശങ്ങളിൽ കുഴികൾ എടുത്തും എക്കൽമണ്ണിൽ പൊക്കത്തിൽ കൂനകൂട്ടിയും പണകൾ എടുത്തും കൃഷിചെയ്യാം.
ജലസേചനസൗകര്യമുള്ള ഇടങ്ങളിൽ വാരങ്ങളും ചാലുകളും എടുത്ത് നടുന്ന രീതിയാണ് നല്ലത്.
നടീൽ രീതി
വിത്തു ചേന്പുകൾ 60ഃ45 സെ.മീറ്റർ അകലത്തിൽ നടാം. ഒരു ഹെക്ടർ സ്ഥലത്തേക്ക് നടാനായി ഏകദേശം 3,7000 വിത്തു ചേന്പുകൾ ആവശ്യമായി വരും. ഇവ 2.57.5 സെ.മി താഴ്ച്ചയിൽ നടാവുന്നതാണ്.
ഈ അകലത്തിൽ നടുകയാണെങ്കിൽ ഏകദേശം 800-1000 കിലോ നടീൽവസ്തുക്കൾ ഒരു ഹെക്ടറിന് ആവശ്യമാണ്.
പുതയിടൽ
വിത്തു ചേന്പുകൾ മുളയ്ക്കുന്നതിന് ഏകദേശം 30-45 ദിവസം വേണ്ടിവരും. മണ്ണിന്റെ താപനില നിയന്ത്രണത്തിനും ജലസംഭരണശേഷി വർധിപ്പിക്കുന്നതിനും കളകൾ വളരാതിരിക്കുന്നതിനും പുതയിടൽ സഹായകമാകുന്നു.
പച്ചിലയോ കരിയിലയോ കൊണ്ട് പുതയിടാം.
ഇടപോക്കൽ
സാധാരണയായി 5-10% വരെ വിത്തു ചേന്പുകൾ മുളയ്ക്കാറില്ല. ഇതിനെ തരണം ചെയ്യുന്നതിന് 2000 മുതൽ 3000 വരെ വിത്തു ചേന്പുകൾ ഒരു ഹെക്ടറിന് എന്ന തോതിൽ ഞാറ്റടിയിൽ അടുപ്പിച്ചു നട്ട് മുളപ്പിച്ച ശേഷം ആവശ്യാനുസരണം ഇടപോക്കലിന് ഉപയോഗിക്കാവുന്നതാണ്.
വളപ്രയോഗവും ഇടകിളയ്ക്കലും
നടുന്നതിനു മുൻപായി ഹെക്ടറിന് 12 ടണ്‍ കാലിവളം ഇട്ട് മണ്ണുമായി ഇളക്കി ചേർക്കേണ്ടതാണ്. ഹെക്ടറിന് 80 കിലോഗ്രാം പാക്യജനകം 25 കിലോഗ്രാം ഭാവഹം, 100 കിലോഗ്രാം ക്ഷാരം എന്ന തോതിൽ രാസവളങ്ങൾ രണ്ടോ മൂന്നോ തവണകളായി ചേർക്കേണ്ടതാണ്.
വിത്തുകൾ മുളച്ച് രണ്ടാഴ്ചക്കുശേഷം മൂന്നിലൊരു ഭാഗം പാക്യജനകവും (60 കിലോ യൂറിയ, അല്ലെങ്കിൽ 135 കിലോ അമോണിയം സൾഫേറ്റ്) ക്ഷാരവും (55 കിലോ മ്യുറിയേറ്റ് ഓഫ് പൊട്ടാഷ്), മുഴുവൻ ഭാവഹവും ( 125 കിലോ മസൂറിഫോസ്) നൽകേണ്ടതാണ്.
ബാക്കി പാക്യജനകവും ക്ഷാരവും ആദ്യത്തെ വളപ്രയോഗത്തിനു ശേഷം ഓരോ മാസം ഇടവിട്ട് രണ്ട് തുല്യ ഭാഗങ്ങളായി നൽകേണ്ടതാണ്. കളപറിക്കലും മണ്ണണച്ചുകൊടുക്കലും രാസവളപ്രയോഗത്തോടൊപ്പം ചെയ്യേണ്ടതാണ്.
മാതൃചെടിയുടെ ചുവട്ടിലുള്ള ചെറിയ ആരോഗ്യകരമല്ലാത്ത കിളിർപ്പുകൾ രണ്ടാമത്തെ കളപറിയ്ക്കലും ഇടകിളയ്ക്കലിനോടൊപ്പം മാറ്റേണ്ടതാണ്.
സിടിസിആർഐ വികസിപ്പിച്ചെടുത്ത കസ്റ്റമൈസ്ഡ് വളങ്ങൾ ഹെക്ടറിന് 600 കിലോഗ്രാം എന്ന തോതിൽ രണ്ടു തവണകളായി നൽകിയാൽ മറ്റ് വളങ്ങൾ ഒഴിവാക്കാം.
ജൈവകൃഷി
ജൈവകൃഷിയ്ക്കായി വിത്ത് ചേമ്പ് ചാണകം, വേപ്പിൻപിണ്ണാക്ക്, സ്യൂഡോമോണസ് ഫ്ളൂറസെൻസ് (5 ഗ്രാം ഒരു കിലോ വിത്തിന്) എന്നിവ കലർന്ന മിശ്രിതത്തിൽ മുക്കി തണലിൽ സൂക്ഷിക്കണം. എന്നിട്ട് അപ്രകാരം തയാറാക്കിയ വിത്ത് നടാനായി ഉപയോഗിക്കുക.
ഒരു ഹെക്ടർ സ്ഥലത്തേക്ക് കാലിവളം 15 ടണ്‍ (400 ഗ്രാം ഒരു ചെടിക്ക്), വേപ്പിൻപിണ്ണാക്ക് ഒരു ടണ്‍ ഒരു ഹെക്ടറിന് (25- 30 ഗ്രാം ഒരു ചെടിക്ക്), ജീവാണുവളങ്ങളായ അസോസ്പൈറില്ലം, ഫോസ്ഫറസ് ബാക്ടീരിയ എന്നിവ ഹെക്ടറിന് 3 കിലോഗ്രാം വീതവും മൈക്കോറൈസ 5 കിലോഗ്രാമും ചേർക്കണം.
വിത്ത് ചേന്പ് നടുന്നതിനോടൊപ്പം പയർ വിത്തുകൾ ഇടകളിൽ പാകി 45-60 ദിവസം കഴിയുന്പോൾ മണ്ണിനോടൊപ്പം ചേർക്കണം. കൂടാതെ 2 ടണ്‍ ചാരം പച്ചില വളത്തോടൊപ്പം ചേർക്കാൻ ശ്രദ്ധിക്കണം. ചേന്പിലെ ഇലകരിച്ചിൽ രോഗത്തിനെതിരെ മുക്തകേശി ഇനം നടുന്നതാണ് നല്ലത്.
കൂടാതെ ട്രെെക്കോഡെർമ ആസ്പെറെല്ലം പോഷിപ്പിച്ച ചാണകപ്പാലിൽ തയ്യാറാക്കിയ വിത്ത് ചേന്പ് നടാനായി ഉപയോഗിക്കുക. വെർമികംപോസ്റ് 100 ഗ്രാം ചെടിയൊന്നിന് ഇടുക. കരുതൽ നടപടിയായി വെർമിവാഷ് 100 മില്ലി ലിറ്റെർ ഒരു ലിറ്റർ വെള്ളത്തിന് എന്ന കണക്കിൽ രണ്ടാഴ്ച ഇടവിട്ട് തളിയ്ക്കുക.
അല്ലെങ്കിൽ അകോമിൻ 3 മില്ലി ഒരു ലിറ്ററിന് എന്ന തോതിലോ പൊട്ടാസിയം ഫോസ്ഫോണേറ്റ് 3 മില്ലി ഒരു ലിറ്ററിന് എന്ന തോതിലോ നട്ടു ഒരു മാസം കഴിഞ്ഞ്, രണ്ടാഴ്ചയിൽ ഒരിക്കൽ നാലു മാസം വരെ തളിക്കാവുന്നതാണ്. വെണ്ട വിള ഇടവിളയായോ പരിക്രമവിളയായോ ചേന്പിനോടൊപ്പം കൃഷിചെയ്യുന്നതാണ് നല്ലത്.
ജലസേചനം
മഴയെ ആശ്രയിച്ച് ചേമ്പ് കൃഷിചെയ്യുമ്പോൾ ജലസേചനം നൽകേണ്ടതില്ല. എന്നാൽ മഴ കുറയുന്‍പോഴോ, ഇല്ലാത്തപ്പോഴോ 130-175 ലിറ്റർ വെള്ളം ഒരു ദിവസം ഒരു സെന്റിന് നൽകേണ്ടതാണ്.
വിള സമ്പ്രദായങ്ങൾ
വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ വിവിധ ഹ്രസ്വകാല വിളകളായ പച്ചക്കറികൾ (മുളക്, തക്കാളി), ഇലക്കറികൾ (ചീര, മല്ലി),പയർ വർഗത്തിൽപ്പെട്ട ഉഴുന്ന്, ചെറുപയർ മുതലായവ ഇടവിളയായി കൃഷി ചെയ്യാം.
കേരളത്തിൽ ചേമ്പ് സാധാരണയായി വാഴ, തെങ്ങ്, കമുക് എന്നിവയ്ക്കിടയിൽ ഇടവിളയായി കൃഷി ചെയ്തുവരുന്നു.
ചുരുക്കത്തിൽ ഹെക്ടറിന് 2.5 ലക്ഷം-2.8 ലക്ഷം രൂപ ലാഭം പ്രതീക്ഷിക്കാവുന്ന കേരളത്തിന്റെ കാലാവസ്ഥയ്ക്കും മണ്ണിനും വിളസന്പ്രദായങ്ങൾക്കും യോജിച്ച ഒരു കിഴങ്ങ് വിളയാണ് ചേന്പ്.
Agriculture
ഔഷധ സമൃദ്ധിയുടെ ഔന്നത്യത്തിലുള്ള ചെറുനാരകത്തിന്റെ ഗുണം ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗത്തും ഘോഷിക്കപ്പെടുന്നുണ്ടെങ്കിലും ആയുർവേദത്തിൽ ഇതു സമാനതകളില്ലാത്ത ഫലമാണ്.
ദേവപൂജയ്ക്കും മംഗളകർമങ്ങൾക്കും ഉപയോഗിക്കുന്ന നാരങ്ങയ്ക്ക് "Nature's Care All' എന്ന് ഒരു അപരനാമവുമുണ്ട്. ശാഖോപശാഖകളായി രണ്ടര മീറ്റർവരെ പൊക്കത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് നാരകം.
തമിഴ്നാട്, മഹാരാഷ്ട്ര, കർണാടകം, കേരളം എന്നിവിടങ്ങളിൽ വിപുലമായി കൃഷി ചെയ്തുവരുന്ന നാരകത്തിൽ മുള്ളുകളുണ്ട്.
ഇതിന്റെ പത്രകക്ഷത്തിൽനിന്നാണ് മുള്ളുകൾ പുറപ്പെടുന്നത്. ഇതിന്റെ പൂവുകൾ വെളുത്തതും ചെറുതുമാണ്. ഹൃദ്യമായ സുഗന്ധമുള്ള ഇതിന്റെ ഇലകളും ഫലവും ആരോഗ്യവർധകമാണ്. ഇതിന്റെ ഫലം ആദ്യം പച്ചനിറത്തിലും പാകമാകുന്പോൾ മഞ്ഞനിറത്തിലും കാണപ്പെടുന്നു.
ഔഷധവീര്യംകൊണ്ട് അദ്വിതീയമായ ഒരു സ്ഥാനം ചെറുനാരങ്ങയ്ക്കുണ്ട്. കേരളത്തിൽ എല്ലാ കാലത്തും ലഭിക്കുന്ന ഈ ഔഷധഫലം ഉപയോഗിച്ച് അച്ചാറുകൾ, പാനീയങ്ങൾ എന്നിവ മലയാളികളായ നാം ഉണ്ടാക്കി പ്രയോജനപ്പെടുത്തുന്നു.
ചെറുനാരങ്ങയെ "ജംബീരകുല'ത്തിലാണ് ആയുർവേദം ഉൾപ്പെടുത്തിയിരിക്കുന്നത്. "റൂട്ടേസി' സസ്യകുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചെറുനാരകത്തിന്റെ ശാസ്ത്രനാമം സിട്രസ് ഔറാന്റിഫോളിയ (Citrus aurantifolia) എന്നാണ്. ഇതിന്റെ ഫലം ഔഷധയോഗ്യമാണ്.
• പല പേരുകൾ
ചെറുനാരകത്തിന് നിംബുകഃ, ജംഭകഃ, ജംബീരഃ എന്നിങ്ങനെ സംസ്കൃതത്തിലും ’ലൈം’ (ഘശാല) എന്ന് ഇംഗ്ലീഷിലും പേരുകളുണ്ട്.
• രസാദിഗുണങ്ങൾ
അമ്ലരസവും ഗുരുസ്നിഗ്ധ ഗുണവും ഉഷ്ണവീര്യവും വിപാകത്തിൽ അമ്ലവും അടങ്ങിയതാണ് ആയുർവേദ വിധിപ്രകാരം ഇതിന്റെ രസാദിഗുണങ്ങൾ.
• രാസഘടകങ്ങൾ
വിറ്റമിൻ-സിയുടെ കലവറയായ ചെറുനാരങ്ങയിൽ ധാതുലവണങ്ങൾ, സിട്രിക് അമ്ലം, വിറ്റമിൻ-ബി, പൊട്ടാഷ് എന്നിവ അടങ്ങിയിരിക്കുന്നു.
നാരങ്ങയുടെ തൊലിയിൽ മഞ്ഞനിറമുള്ള ഒരു ബാഷ്പതൈലവും കാണപ്പെടുന്നു.
• ഔഷധഗുണങ്ങൾ
കുളിക്കാനുള്ള സോപ്പുകൾ, ഡിറ്റർജന്റുകൾ, ക്ലീനിംഗ് സൊലൂഷനുകൾ എന്നിവ ഉണ്ടാക്കാൻ നാരങ്ങ ഉപയോഗിക്കുന്നു.
അണുനാശക ശക്തിയുള്ള ഈ ഔഷധഫലം ദഹനശേഷി വർധിപ്പിക്കുകയും രോഗപ്രതിരോധ ശക്തി നിലനിർത്തുകയും ചെയ്യുന്നു.
• ഔഷധപ്രയോഗങ്ങൾ
ചുമ ശമിപ്പിക്കാൻ: ഒരു കഷണം ചെറുനാരങ്ങനീര് രണ്ടു സ്പൂണ്‍ തേൻ ചേർത്ത് രണ്ടു മണിക്കൂർ ഇടവിട്ട് കഴിക്കുക.
• തുമ്മൽ, പീനസം എന്നിവയുടെ ശമനത്തിന്
ചെറുനാരങ്ങയും രക്തചന്ദനവും ചേർത്ത് വെളിച്ചെണ്ണ കാച്ചി തലയിൽ പതിവായി തേക്കുക.
• മുഖക്കുരു മാറാൻ
രാവിലെ കുളിക്കുംമുന്പും വൈകിട്ട് കിടക്കുന്നതിനുമുന്‍പും മുഖത്ത് നാരങ്ങാനീരു പുരട്ടുക.
• മുഖസൗന്ദര്യത്തിനും മാർദവത്തിനും
ചെറുനാരങ്ങാനീരും തേനും ചേർത്ത് പതിനഞ്ചു മിനിറ്റ് മുഖം തിരുമ്മുക. അര മണിക്കൂർ കഴിഞ്ഞ് മുഖം പച്ചവെള്ളത്തിൽ കഴുകുക.
• ചിക്കൻപോക്സ് പ്രതിരോധത്തിന്
ഒരു നാരങ്ങയുടെ നീരിൽ 8 ഗ്രാം ശർക്കര ചേർത്ത് രണ്ടു പ്രാവശ്യം കഴിക്കുക.
• തേൾ കുത്തിയാൽ
തുളസിയില (കുറച്ച്) ചാലിക്കാൻ ആവശ്യമായ നാരങ്ങാനീരിൽ തുളസിയില അരച്ച് മുറവിൽ മൂന്നുനേരം പുരട്ടുക.
• വയറുകടി ശമിക്കാൻ
ഒരു ഗ്ലാസ് നാരങ്ങാവെള്ളം പ്രഭാതഭക്ഷണത്തിനു മുന്‍പു കഴിക്കുക.
• വയറിളക്കം ശമിക്കാൻ
കട്ടൻചായയിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിച്ചു കുടിക്കുക.
• അതിസാരം ശമിക്കാൻ
ചൂടുവെള്ളത്തിൽ ചെറുനാരങ്ങാ നീരും തേനും അല്പം ഉപ്പും ചേർത്ത് ഇടയ്ക്കിടയ്ക്കു കഴിക്കുക.
• ദഹനക്കുറവ്, അരുചി, എന്നിവ മാറാൻ
ആഹാരത്തിനുമുന്പ് ഒരു നാരങ്ങയുടെ നീര് അല്പം പഞ്ചസാര ചേർത്തു കഴിക്കുക.
• വായ്നാറ്റം/മോണരോഗം എന്നിവ മാറാൻ
ദന്തധാവനത്തിനുശേഷം നാരങ്ങാവെള്ളം കുടിക്കുന്നതും കവിൾകൊള്ളുന്നതും നന്ന്.
• അകാലനര മാറാൻ
ചെറുനാരങ്ങാനീരിൽ തേൻ ചേർത്ത് തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടി അരമണിക്കൂർ കഴിഞ്ഞ് പച്ചവെള്ളത്തിൽ കഴുകുക.
• ദുർമേദസ്, പൊണ്ണത്തടി എന്നിവ മാറാൻ
നിത്യവും രാവിലെ വ്യായമത്തിനുശേഷം ചെറുനാരങ്ങാനീരും തേനും ചേർത്തു കഴിക്കുക.
• തേമൽ മാറാൻ
ചെറുനാരങ്ങാനീരും ഗന്ധകവും ചേർത്ത് പുരട്ടുക.
• താരൻ മാറാൻ
വെളിച്ചെണ്ണയും സമം നാരങ്ങാനീരും ചേർത്ത് ചൂടാക്കി ചെറുചൂടോടെ തലയിൽ തേക്കുക.
• വട്ടച്ചൊറി ഭേദമാകാൻ
ഒരു ചെറുനാരങ്ങയുടെ നീര്, ഒരു നുള്ള് പൊൻകാരം, ഗന്ധകം എന്നിവ സംയോജിപ്പിച്ച് രണ്ടുനേരം വട്ടച്ചൊറിയുള്ള ഭാഗത്തു പുരട്ടുക.
• ചുണങ്ങ് മാറാൻ
ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ തുളസിനീര് എന്നിവ അല്പം വെളിച്ചെണ്ണയിൽ ചേർത്ത് വറ്റിച്ച് തലയിൽ തേക്കുക. ഇരുപതു മിനിറ്റ് കഴിഞ്ഞു കുളിക്കുക.
Agriculture
കർഷകനാടായ പാലായിൽ കർഷകർക്കു താങ്ങായി സാന്തോം ഫുഡ് ഫാക്ടറി. കർഷകരിൽനിന്നു നേരിട്ട് ചക്കയും കപ്പയും കൈതച്ചക്കയും ഏത്തക്കയും ഇതര പഴവർഗങ്ങളും പച്ചക്കറികളും ന്യായവിലയ്ക്കു സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലിറക്കുകയാണ് ലക്ഷ്യം.
പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതിയായ കർഷക ബാങ്കിന്റെ കാർഷികമൂല്യ വർധിത സംരംഭമായിട്ടാണ് പാലാ സാന്തോം ഫുഡ് ഫാക്ടറി പ്രവർത്തിക്കുന്നത്. കരൂർ മുണ്ടുപാലം സ്റ്റീൽ ഇന്ത്യ കാന്പസിലെ അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്.
രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗമായ പിഎസ്ഡബ്ള്യുഎസിന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ കർഷക കൂട്ടായ്മകൾ നടത്തിവരുന്ന മൂല്യവർധിത ഉല്പന്ന സംരംഭങ്ങൾക്ക് ശക്തി പകരുന്നതിനൊപ്പം നൂതന സാങ്കേതിക വിദ്യകളും യന്ത്രസാമഗ്രികളും വിനിയോഗിച്ചുള്ള മൂല്യവർധിത സംരഭമാണിത്.
സംസ്ഥാന കൃഷിവകുപ്പിന്റെ സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കണ്‍സോർഷ്യമെന്ന എസ്എഫ്എസിയിൽ നിന്നും കോട്ടയം ജില്ലയിൽ അനുവദിച്ച നാല് എഫ്പിഒകളിലൊന്നാണ് സാന്തോം എഫ്പിഒ.
കേവലം കർഷകർക്ക് അവരുടെ വിളകളോ ഉത്പന്നങ്ങളോ ഉണക്കുവാനുള്ള ഒരു യൂണിറ്റില്ല മറിച്ച് ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പുവരുത്തി വിൽക്കാനും അവയെ മൂല്യ വർധിത ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പുവരുത്തി വിൽക്കാനും അവയെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുമുള്ള സാധ്യതയാണ് ഫാക്ടറി ഉറപ്പുവരുത്തുന്നത്.
സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ കാൻ വേ പ്രൊഡക്ഷൻസ് യൂണിറ്റിലും മൂഴൂർ കാർഷിക വിള മൂല്യ വർധിത സംഭരണ കേന്ദ്രം, മൂഴൂർ മിത്രം പ്രൊഡക്ഷൻ യൂണിറ്റ്, മാൻവെട്ടം, വയല, വെള്ളിയാമറ്റം എന്നിവിടങ്ങളിലെ പ്രൊഡക്ഷൻ യൂണിറ്റുകളിലും ആയിരക്കണക്കിനു കിലോ കാർഷിക വിളകളുടെ പ്രാഥമിക സംസകരണം നടന്നുവരുന്നുണ്ട്.
ഈ യൂണിറ്റുകളുടെ മദർ യൂണിറ്റായിട്ടാണ് സാന്തോം പ്രവർത്തിക്കുന്നത്. പുതുതലമുറ കൃഷിയിൽനിന്ന് അകലുന്നതും വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പോകുന്നതുമായ സാഹചര്യമാണുള്ളത്.
പല വീടുകളിൽനിന്നും മാതാപിതാക്കൾ താത്കാലികമായോ സ്ഥിരമായോ പ്രവാസി ജീവിതത്തിനു നിർബന്ധിതരാകുന്നു. ഈ സാഹചര്യത്തിൽ ഒട്ടേറെ വീടുകൾ അടഞ്ഞു കിടക്കുകയും കൃഷിയിടങ്ങൾ കാടുകളായി മാറുകയും ചെയ്തു.
ഇപ്രകാരം പാഴായി കിടക്കുന്ന കൃഷിയിടങ്ങളിൽ സംഘകൃഷി സാധ്യതകൾ വളർത്തിയെടുക്കാനും വിഷരഹിതമായ കൃഷിയും മായം കലരാത്ത ഉത്പന്നങ്ങളുമുണ്ടാക്കി പ്രവാസിസമൂഹത്തിന് എത്തിക്കുന്നതിനുമാണ് ഫാക്ടറി ലക്ഷ്യം വയ്ക്കുന്നത്.
കർഷക ഉത്പാദക സംഘടനകൾ, കമ്പനികൾ, കർഷകദള ഫെഡറേഷനുകൾ, ഫാർമേഴ്സ് ക്ലബുകൾ, സ്വാശ്രയ സംഘങ്ങൾ തുടങ്ങിയവ വഴി ചക്കയും കപ്പയും കൈതച്ചക്കയും ഏത്തക്കയും ഇതര പഴവർഗങ്ങളും പച്ചക്കറികളും കർഷകരിൽ നിന്നും ന്യായവിലയ്ക്ക് സംഭരിക്കും. ഇവയെ ഫാക്ടറിയിൽ സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കും.
ആഭ്യന്തരവിപണിയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിച്ച് ആരോഗ്യമുള്ള ഭക്ഷ്യവസ്തുക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തനതു ബ്രാൻഡിൽ എത്തിക്കുവാനുള്ള ഉദ്യമമാണ് ഫാക്ടറിയുടെ ലക്ഷ്യം.
ഫാക്ടറി കോമ്പൗണ്ടിൽ വിശാലമായ സ്ഥലത്ത് കപ്പയും വിവിധ തരം പഴവർഗങ്ങളും പച്ചക്കറികളും കൃഷി ചെയ്തു വരുന്നു. ഒന്നേമുക്കാൽ ഏക്കറിൽ കറുത്ത മിക്സ്ചർ കപ്പ വിളവെടുക്കാറായി കഴിഞ്ഞു.
രണ്ടര ഏക്കർ സ്ഥലത്താണ് പഴവർഗ കൃഷി. ഡ്രാഗണ്‍, ദുരിയാൻ, വിവിധതരം നാരകങ്ങൾ, ഹൈബ്രിഡ് പേരകൾ, വിവിധ തരം റംബുട്ടാൻ, ദുക്കോണ്, മംഗ്ഡോവ, ഫിലോസാൻ, വിവിധ തരം ആഞ്ഞിലി എന്നിവയാണ് പ്രധാന പഴവർഗങ്ങൾ.
എട്ടാം മാസത്തിൽ കുല വെട്ടാവുന്ന മഞ്ചേരി കുള്ളൻ വാഴത്തോട്ടവും ഫാക്ടറി കോന്പൗണ്ടിലുണ്ട്. കഴിഞ്ഞ ജൂലൈ 24ന് കൃഷി മന്ത്രി പി. പ്രസാദാണ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്. ഭക്ഷ്യവസ്തുക്കളുടെ പരിശോധയ്ക്കും മറ്റുമായുള്ള ലാബ് സൗകര്യം ഫാക്ടറിയോടു ചേർന്ന് ഉടൻ ആരംഭിക്കും.
പാലായുടെയും മീനച്ചിൽ താലൂക്കിന്റെയും കാർഷിക ഭൂപടത്തിലെ പുതിയ അധ്യായമാണ് സാന്തോം ഫുഡ് ഫാക്ടറിയെന്നും അധ്വാനമഹത്വത്താൽ മണ്ണിൽ പൊന്നു വിളയിക്കുന്ന മീനച്ചിൽ താലൂക്കിലെ കർഷകരെ ചേർത്തു പിടിക്കാൻ സാന്തോം ഫാക്ടറിക്കു കഴിയുമെന്നും ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ പറഞ്ഞു.
Agriculture
തൃശൂരിന്റെ ഓണം സ്പെഷൽ ചെങ്ങാലിക്കോടനും ഹൈബ്രിഡ് പാവയ്ക്കയും നൽകിയ മികച്ച വിളവിൽ മഴ നൽകിയ തിരിച്ചടി മറക്കുകയാണ് കാർഷിക സംസ്കൃതി കർഷകക്കൂട്ടം. ഓണം ലക്ഷ്യമിട്ടു നട്ട പയർ, വെണ്ട, വഴുതന പച്ചക്കറിയിനങ്ങൾ കനത്ത മഴയിൽ നശിച്ചു പോയി.
എന്നാൽ, കാർഷിക സംസ്കൃതിയുടെ ജില്ലാ കോ-ഓർഡിനേറ്ററും കാര്യാട്ടുകരയിലെ കർഷകനുമായ അരവിന്ദാക്ഷൻ മാഷിന്റെ പാവയ്ക്കാത്തോട്ടം അതിശക്തമായ മഴയെ അതിജീവിച്ചു. കാർഷിക സർവകലാശാല വികസിപ്പിച്ച ഹൈബ്രിഡ് പാവൽ ഇനമായ പ്രഗതിയാണ് മികച്ച വിളവ് നൽകിയത്.
അഞ്ചുസെന്റിലെ പാവയ്ക്ക പന്തലിൽ നിറയെ പാവയ്ക്ക വിളവെടുക്കാൻ പാകത്തിനു കിടക്കുന്നു. ആകെ 62 തൈകളേ പരീക്ഷണാടിസ്ഥാനത്തിൽ നട്ടു നോക്കിയുള്ളൂവെങ്കിലും പന്തലിൽ മുഴുവൻ പടർന്നിട്ടും ഇടതൂർന്നു സ്ഥലമില്ലാതെ ഞെരുങ്ങി കിടക്കുകയാണ് ഇവ.
ഒന്നരമാസംകൊണ്ട് പൂവിട്ട് രണ്ടുമാസത്തിനകംതന്നെ വിളവെടുക്കാൻ പാകമായി. മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തത്. ആദ്യദിനംതന്നെ 22 കിലോഗ്രാം പാവയ്ക്ക വിളവെടുത്തു.
തുടർന്നുള്ള ഓരോ വിളവെടുപ്പിലും 21, 22, 20 എന്നിങ്ങനെ കിലോഗ്രാം വിളവു ലഭിച്ചു. വി.എസ്. സുനിൽകുമാർ ചെയർമാനും കെ. അരവിന്ദാക്ഷമേനോൻ ജില്ലാ കോ-ഓർഡിനേറ്ററും കെ.കെ. രാജേന്ദ്രബാബു ജനറൽ കണ്‍വീനറുമായാണ് വി. കെ. മോഹനൻ കാർഷിക സംസ്കൃതി കർഷകകൂട്ടം പ്രവർത്തിക്കുന്നത്.
കൂട്ടായ്മയിലെ പുല്ലഴി ആലാട്ട് ചന്ദ്രനാണ് ഓണം സ്പെഷൽ ആയ ചെങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷി ചെയ്തു വിജയിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മുള്ളൂർക്കരയിലെ ഒന്നര ഏക്കർ കൃഷിയിടത്തിലാണ് 800 ഓളം ചെങ്ങാലിക്കോടൻ വാഴകൾ നട്ടിരിക്കുന്നത്.
ഇതിൽ ഓഗസ്റ്റ് ആദ്യവാരം മുതൽ ചെറിയ രീതിയിൽ വിളവെടുപ്പ് ആരംഭിച്ചെങ്കിലും ഓണവിപണി ലക്ഷ്യമിട്ടാണ് 500 ഓളം കുലകൾ വെട്ടിയത്. ന്ധആദ്യം കിലോയ്ക്ക് 75 രൂപ നിരക്കിലാണ് വില കിട്ടിയത്. ഓണം അടുത്തപ്പോൾ 100 വരെയായി. ഇതിന്റെ ഭംഗിയും സ്വാദുമാണ് ഡിമാൻഡ് കൂട്ടുന്നത്.
ഓണത്തിനു കാഴ്ചക്കുലകളായി കൊണ്ടുപോകാൻ വരുന്നവർ ചിലപ്പോൾ മോഹവില തരും. 12 -13 കിലോ തൂക്കമേ എന്റെ കൃഷിയിടത്തിലെ ചെങ്ങാലിക്കോടൻ കുലകൾക്കുള്ളൂ. ജൈവവളമാണു പ്രധാനമായും ഉപയോഗിക്കുന്നത്. അത്യാവശ്യത്തിനു മാത്രമാണു പൊട്ടാഷ് പ്രയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ തൂക്കം അല്പം കുറവാണ്. രാസവളം ഉപയോഗിച്ചാൽ തൂക്കം കൂടുതൽ കിട്ടും. പക്ഷേ, ജൈവ ഉല്പന്നങ്ങൾ തേടിവരുന്നവരെ നാം കബളിപ്പിക്കാൻ പാടില്ലല്ലോ’ - ചന്ദ്രൻ പറഞ്ഞു. തൃശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിലെ എരുമപ്പെട്ടി, വേലൂർ, വരവൂർ, വടക്കാഞ്ചേരി, മുള്ളൂർക്കര, കൈപ്പറമ്പ് പ്രദേശങ്ങളിലാണു ചെങ്ങാലിക്കോടൻ വാഴ പ്രധാനമായും കൃഷിചെയ്യുന്നത്.
"വാഴ കുലച്ച് ഒരു മാസം കഴിയുമ്പോഴേക്കും കുടപ്പൻ (കൊപ്ര) ഒടിച്ച് വാഴയിലകൾ (വാഴക്കൈ)കൊണ്ട് പൊതിഞ്ഞു കെട്ടും. അതിനുമുകളിലായി ചാക്കിട്ടു മൂടും. ഭംഗി കിട്ടുന്നതിന്റെ പ്രധാന രഹസ്യമിതാണ്. കൂടാതെ കിളികളിൽ നിന്നുള്ള സംരക്ഷണം കിട്ടുന്നതോടൊപ്പം കായ പൊട്ടാതിരിക്കാനും ഇത് ഉപകരിക്കും.
കാഴ്ചക്കുലകൾക്കുവേണ്ടി പ്രത്യേകം നിർത്തുന്ന കുലകളുടെ കുടപ്പൻ ഒരു മാസം കഴിയുന്പോൾ ഒടിക്കാറില്ല.'- ചന്ദ്രന്റെ കൃഷി ഉപദേഷ്ടാവും മൂന്നു പതിറ്റാണ്ടിലധികമായി ചെങ്ങാലിക്കോടൻ കർഷകനുമായ പപ്പേട്ടൻ (മേലൂട്ട് പത്മനാഭൻ) പറഞ്ഞു.
വിത്ത്, നടീൽ
സാധാരണ ഒക്ടോബർ മാസത്തിലാണു ചെങ്ങാലിക്കോടൻ തൈകൾ നടുക. ഇതിനു രണ്ടോ മൂന്നോ ആഴ്ച മുമ്പ് ഒന്നരയടി ആഴത്തിലും രണ്ടടി വീതിയിലും ജെസിബിക്ക് വാരം കോരും. ഇതിൽ കുമ്മായം ഇട്ട് മണ്ണിന്റെ അമ്ലഗുണം കുറയ്ക്കും.
തലേവർഷം മാതൃവൃക്ഷത്തിൽനിന്നും എടുത്ത് നന്നായി ഉണക്കി വച്ചിരിക്കുന്ന കന്നുകൾ ചാണകവെള്ളത്തിലും കുമിൾ രോഗം വരാതിരിക്കാൻ സ്യൂഡോമോണസിലും മുക്കിയശേഷമാണു നടുക. വാരത്തിനു മുകൾവശത്തായി കറിക്ക് ഉപയോഗിക്കുന്ന ഉണക്ക പയർ വിതയ്ക്കും.
ഒരു മാസത്തിനകംതന്നെ വാഴയുടെ മൂന്നോ നാലോ ഇല വിരിയും. ഇതോടെ ആട്ടിൻകാഷ്ഠം, കുറച്ച് ചാരം, അല്പം ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയിട്ട് തിണ്ട് ഇടിച്ചുകൊടുക്കും. ഒപ്പം വാഴയ്ക്കു നൈട്രജൻ ലഭിക്കാൻ പയർചെടികൾ വലിച്ച് വളമായിട്ടശേഷമാണു മണ്ണിറക്കിക്കൊടുക്കുക.
അപ്പോഴേക്കും ഡിസംബർ മാസം ആകും. അതോടെ ചാലുകീറിയോ ഡ്രിപ്പ് ഇറിഗേഷൻ വഴിയോ നന ആരംഭിക്കും. പിന്നീട് ഓരോ 30 ദിവസം കഴിയുമ്പോഴും ജൈവവളങ്ങൾ നൽകും. പല തവണയായി പരമാവധി 400 ഗ്രാം പൊട്ടാഷ് നൽകും.
ഏഴാം മാസം കുലവരും. കുല വന്ന് ഒരു മാസംകൊണ്ട് പടലകൾ വിരിഞ്ഞുകഴിയും. അതോടെയാണ് വാഴയില ഉപയോഗിച്ച് പൊതിഞ്ഞു കെട്ടുക. ആകെ 10-11 മാസം കൊണ്ട് വിളവെടുക്കാം.
പ്രത്യേക പരിചരണം
മറ്റു നേന്ത്രവാഴകളെ അപേക്ഷിച്ച് കൂടുതൽ പരിചരണംവേണ്ട ഇനമാണ് ചെങ്ങാലിക്കോടൻ. ആറ്റുനേന്ത്രൻ പോലുള്ള ഇനങ്ങളെ അപേക്ഷിച്ച് ഉയരവും വണ്ണവും കുറവാണിവയ്ക്ക്. 12-14 അടി ഉയരമേ വരൂ. പെട്ടെന്ന് കീടബാധ ഉണ്ടാകാനിടയുള്ള ഇനമാണിത്.
ഒരുതരം കറുത്ത വണ്ട് പിണ്ടിയിൽ വന്നു കുത്തും. ഇതിലൂടെ പിണ്ടിപ്പുഴു അകത്തുകടന്നാൽ അതു കുലവരെ ചെന്നെത്തും. അതിനാൽത്തന്നെ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഓരോ വാഴയുടെ അരികിലും എത്തണം. ആഴ്ചയിൽ 2-3 നനയെങ്കിലും കൊടുക്കണം.
ഭാര്യ പ്രീതിയും മൂത്തമകൻ ആദർശും ചന്ദ്രനോടൊപ്പം കൃഷിയിടത്തിലുണ്ട്. ഇളയ മകൻ അഭിനന്ദിന് ഐടി മേഖലയിലാണു ജോലിയെങ്കിലും അച്ഛന്റെ കാർഷികസംരംഭങ്ങൾക്ക് പിന്തുണയേകുന്നു.
കെ. അരവിന്ദാക്ഷമേനോൻ: ഫോണ്‍: 9847202930
Agriculture
ആർക്കും വേണ്ടാതെ വെറുതേ നശിക്കുന്ന ചക്കയിൽനിന്ന് വിജയചരിത്രം രചിക്കുകയാണ് കണ്ണൂർ കരുവഞ്ചാൽ മീൻപറ്റിയിലെ കട്ടക്കയം ജോസ്റ്റിൻ. മുപ്പതോളം കുടുംബങ്ങളെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ ന്ധജാക്ക് ടേസ്റ്റി’ എന്ന ചക്കക്കഥ ആരംഭിക്കുന്നത് പത്തു വർഷം മുന്‍പാണ്.
ചക്കയിലെ മൂല്യവർധിത സാധ്യത തിരിച്ചറിഞ്ഞ ജോസ്റ്റിൻ വിവിധ കയറ്റുമതി കന്പനികൾക്കുള്ള ചക്കയുടെ അസംസ്കൃത വസ്തുക്കൾ ഉണ്ടാക്കി നൽകിവരുന്നു.
കൂടാതെ, മീന്‍പറ്റി ആശാഭവന് സമീപമുള്ള ജാക്ക് ടേസ്റ്റി എന്ന സ്ഥാപനത്തിൽ ചക്കയിൽനിന്ന് സ്ക്വാഷ്, ചക്കക്കുരുവിൽനിന്ന് കുക്കീസ്, ചക്ക പൗഡർ, ചക്കക്കുരു പൗഡർ, ഡ്രൈഡ് ജാക്ക് ഫ്രൂട്ട് തുടങ്ങി വ്യത്യസ്തമായ ഉത്പന്നങ്ങൾ നിർമിക്കുന്നു.
ചക്കയുടെ കരിമടൽ പോലും മൂല്യവർധിത ഉത്പന്നമാക്കി ഇവിടെമാറ്റുന്നു. മടലിൽനിന്ന് ജൈവവളം ഉത്പാദിപ്പിച്ച് വില്‍ക്കുന്നുണ്ട്. ഇറച്ചിക്ക് ബദലായി ഇടിച്ചക്കയിൽനിന്ന് കറിക്കൂട്ട് ഉദ്പാദിപ്പിക്കുന്നുണ്ട്. ഒരു വർഷം വരെ കേടൂ കൂടാതെ സൂക്ഷിക്കാൻ സാധിക്കുന്ന ഇതിന് ആവശ്യക്കാർ ഏറെയാണ്.
സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ജോസ്റ്റിൻ ചക്കകൾ വെറുതെ നശിച്ചു പോകുന്നതുകണ്ട് 2016ലാണ് ഒരു പുതുസംരംഭത്തിന് തുടക്കം കുറിച്ചത്. ചക്ക ജൈവളമാക്കുന്ന സംരംഭമാണ് ആദ്യം തുടങ്ങിയത്. മണ്ണിന് ആവശ്യമായ ഘടകങ്ങൾ എല്ലാം ചക്കവളത്തിലുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു.
തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുവഞ്ചാൽ ഗ്രാമികയുടെ പ്രസിഡന്റ് ആയതോടുകൂടി ജോസ്റ്റിന്റെ ജീവിതം മാറിമറിഞ്ഞു. ഗ്രാമിക സംഘത്തിൽ പ്രവർത്തിക്കുന്ന തന്റെ സഹപ്രവർത്തകർക്ക് സ്വന്തമായി വരുമാനം കണ്ടെത്താൻ 2019ൽ അഞ്ചു സംഘങ്ങൾ രൂപീകരിച്ചു.
Agriculture
മുറ്റത്ത് മാത്രമല്ല മട്ടുപ്പാവിലും ചെടികള്‍ നട്ട് പൂക്കാലത്തെ വരവേറ്റിരിക്കുകയാണ് പാറത്തോട് സ്വദേശികളായ ദമ്പതിമാര്‍. പാറത്തോട് ടൗണിനോടു ചേര്‍ന്ന് താമസിക്കുന്ന കിഴക്കേഭാഗത്ത് ജോണി - മേഴ്സി ദമ്പതികളാണ് മട്ടുപ്പാവില്‍ ചെണ്ടുമല്ലികള്കൊണ്ട് പൂക്കാലം വിരിയിച്ചിരിക്കുന്നത്.
ചെണ്ടുമല്ലികള്‍ മാത്രമല്ല വേറെയും പൂക്കള്‍ ഇവരുടെ മട്ടുപ്പാവിനെ മനോഹരമാക്കുന്നുണ്ട്. നാലുമാസം മുമ്പാണ് മട്ടുപ്പാവില്‍ ചെണ്ടുമല്ലിച്ചെടികള്‍ നട്ടത്. ഓണക്കാലത്ത് വസന്തം വിരുന്നെത്തുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ കാത്തിരിപ്പ് ഒരല്‍പ്പം നീണ്ടു.
ഓണം കഴിഞ്ഞപ്പോഴേക്കും ചെണ്ടുമല്ലികളില്‍ പൂവിരിഞ്ഞു. മട്ടുപ്പാവില്‍ മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലികള്‍ പൂവിട്ടതോടെ ആ കാഴ്ച വളരെ മനോഹരമായി മാറിക്കഴിഞ്ഞു. പാറത്തോട് ടൗണിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മട്ടുപ്പാവിലെ വസന്തം കൗതുകം സമ്മാനിക്കുന്നുണ്ട്.
പ്രത്യേകതരം ചട്ടികളിലാണ് ചെണ്ടുമല്ലി തൈകള്‍ നട്ടത്. യഥാസമയം വളപ്രയോഗം നടത്തി. നഴ്സറിയില്‍നിന്നാണ് ചെണ്ടുമല്ലി ചെടികള്‍ എത്തിച്ചത്. മട്ടുപ്പാവില്‍ പൂക്കള്‍ മാത്രമല്ല പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് വിജയഗാഥ രചിക്കുന്ന ദമ്പതികള്‍ കൂടിയാണ് ജോണിയും മേഴ്സിയും.
Agriculture
മട്ടുപ്പാവില്‍ സമ്മിശ്ര കൃഷിയിലൂടെ വ്യത്യസ്തരാവുകയാണ് ദന്പതികൾ. കൊന്നത്തടി പഞ്ചായത്തിലെ വടയാറ്റുകുന്നേല്‍ ശശീന്ദ്രന് - സുമതി ദമ്പതികളാണ് തങ്ങളുടെ മട്ടുപ്പാവിലെ വ്യത്യസ്ത കൃഷിയിലൂടെ ശ്രദ്ധേയരാകുന്നത്.
ഒരു മട്ടുപ്പാവില്‍ എന്തെല്ലാം കൃഷി ചെയ്യാം എന്നു ചോദിക്കുന്നവരോട് എന്താണ് ഇവിടെ കൃഷി പാടില്ലാത്തതെന്ന മറുചേദ്യമാണ് ഇവരുടേത്. മട്ടുപ്പാവില്‍ പാഷന്‍ഫ്രൂട്ട് മുതല്‍ അടതാപ്പ് വരെയുണ്ട്.
നാലുതരം പാഷന്ഫ്രൂട്ടുകള്, റെഡ് ലേഡി ഉള്‍പ്പെടെയുള്ള പപ്പായകൾ, പയര്‍, പാവല്‍, കുമ്പളം തുടങ്ങിയ വിവിധയിനം പച്ചക്കറികളും ഈ മട്ടുപ്പാവില്‍ സമൃദ്ധമായി വിളഞ്ഞ് നില്‍ക്കുന്നുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷമായി ഇവര്‍ മട്ടുപ്പാവിലെ വ്യത്യസ്ത കൃഷിയുമായി മുന്നോട്ടുപോകുന്നു. വീട്ടാവശ്യത്തിനുള്ള മുഴുവന്‍ പച്ചക്കറികളും ഇവിടെനിന്നാണ് വിളയിക്കുന്നത്. തികച്ചും ജൈവരീതിയിലാണ് കൃഷി പരിപാലനം.
ഉപയോഗശൂന്യമായ ബക്കറ്റും ചാക്കില്‍ മണ്ണു നിറച്ചുമൊക്കെയാണ് കൃഷി ചെയ്തിരിക്കുന്നത്. സ്ഥലപരിമിതിയുടെ പേരില്‍ കൃഷിയെ മാറ്റിനിര്ത്തുന്നവര്ക്കുള്ള മാതൃകകൂടിയാണ് ഈ ദമ്പതിമാരുടെ മട്ടുപ്പാവ് കൃഷി.
Agriculture
“ഗുണനിലവാരം ഒട്ടും കുറയ്ക്കാതെ തനിമ നിലനിർത്തണമെന്ന നിർബന്ധ ഉള്ളതിനാൽ അതിനു വിട്ടുവീഴ്ചയില്ല. അപ്പോൾ വില അല്പം കൂടുന്നത് സ്വാഭാവികം”. പ്രദർശന ശാലകൾ വഴി ഉത്പന്നങ്ങൾ പരിചയപ്പെടുത്തി ഉപഭോക്താക്കളെ കീഴടക്കുന്ന വാഴക്കുളം വടകോട് മുണ്ടൻചിറ ജോണ്‍ മാത്യുവിന്റെ വിപണനമന്ത്രം ഇതാണ്.
പൈനാപ്പിളിന്റെ പറുദീസയായ വാഴക്കുളത്ത് കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ജോണ്‍ മാത്യു പ്രവാസിയായിരുന്നു. സിരകളിലോടുന്ന കർഷക രക്തം കാർഷിക മേഖലയിലെ നൂതന പദ്ധതികൾക്ക് നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
പൈനാപ്പിൾ പഴമായി മാത്രം ഉപയോഗിക്കുന്നതിൽ നിന്നു വ്യത്യസ്തമായി ന്ധഡ്രൈ ഫ്രൂട്സ്’ വിഭാഗമായി മാറ്റി വിവിധ മൂല്യവർധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഇതോടെ ഡ്രൈഡ് പൈനാപ്പിൾ അച്ചാർ, സ്നാക്സ്, മിഠായി തുടങ്ങിയവ വിവിധങ്ങളായ രുചി ഭേദങ്ങളോടെ രൂപപ്പെട്ടു.
വൃത്താകൃതിയിൽ മുറിച്ചുണക്കിയ സ്വാഭാവിക പൈനാപ്പിൾ പഴത്തിന് മധുരിമ അല്പം കൂട്ടുന്നതിനായി പഞ്ചസാര ചേർത്തുണക്കിയത്, എരിവു ചേർത്തത്, സ്നാക്സ് രൂപത്തിൽ മധുരമുള്ളതും എരിവു കലർത്തിയതും പൈനാപ്പിൾ മിഠായി, പൈനാപ്പിൾ കോർ (കൂഞ്ഞിൽ) കാൻഡി മധുര മുള്ളതും എരിവുള്ളതും കുരുമുളകു ചേർത്തതും തേൻ ഉപയോഗിച്ചുള്ളത് എന്നിങ്ങനെ വിവിധങ്ങളായി പൈനാപ്പിളിന്റെ വേഷപ്പകർച്ച.
വ്യത്യസ്തങ്ങളായ പൈനാപ്പിൾ അച്ചാറുകളും നിർമിക്കുന്നു. സ്വാഭാവികം, മുളകിട്ടത്, കുരുമുളകു ചേർത്തത് എന്നിങ്ങനെയാണ് അച്ചാറുകൾ.
Agriculture
പുഞ്ചക്കൃഷിക്കുശേഷം മണ്‍സൂണിന്റെ വരവോടെ ആറുമാസത്തിലധികം വെള്ളത്തിലാകുന്ന കുട്ടനാടൻ പാടശേഖരപ്രദേശങ്ങൾക്കു വേണ്ടത് കരുതലിന്റെ പന്പിംഗ്. മഴക്കാലത്തു രണ്ടാംകൃഷിക്കു പകരം മത്സ്യക്കൃഷിയും നിയന്ത്രിത പന്പിംഗും സംയുക്തമായി നടപ്പിലാക്കിയാൽ, പാടശേഖരപ്രദേശങ്ങളെ നിഷ്പ്രയാസം വെള്ളക്കെട്ടുദുരിതങ്ങളിൽനിന്നും സംരക്ഷിക്കാനാവും.
പാടശേഖര പുറംബണ്ടുകൾ ഉയർത്തി ബലപ്പെടുത്തി മോട്ടോർതറകളിൽ സ്ഥിരം വൈദ്യുതി കണക്ഷൻ സജ്ജമാക്കുകയാണിതിനാദ്യം വേണ്ടത്. ബണ്ടു നിർമാണത്തിനു കുട്ടനാട്ടിൽ നിന്നു തന്നെ കട്ടയെടുത്താൽ ജലാശയങ്ങളുടെ ആഴവും നീരൊഴുക്കും വർധിക്കും.
പാടശേഖരങ്ങളിലെ പരന്പരാഗത പെട്ടിയും പറയ്ക്കും പകരം, ഒരു മോട്ടോർതറയിലെങ്കിലും സബ്മേഴ്സിബിൾ പന്പും ഷട്ടറും സ്ഥാപിച്ചാൽ അതു മഴക്കാലത്തെ ജലനിരപ്പുക്രമീകരണത്തിന് കൂടുതൽ സഹായകരമാകും.
കർഷകരും കർഷകതൊഴിലാളികളും പൊതുപ്രവർത്തകരുമെല്ലാം ഇത്തരം ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുന്നുണ്ടെങ്കിലും നടപടികൾ വൈകുന്നുവെന്നാണു പരാതി. പുറത്തെ ജലനിരപ്പ് കൂടുതൽ ഉയർന്നു നിൽക്കുന്ന സമയത്ത്, രണ്ടാം കൃഷിക്കുവേണ്ടി പന്പിംഗു നടത്തി അകത്തെ വെള്ളം തീർത്തു വറ്റിക്കുന്നതു പാടശേഖരങ്ങളിൽ മടവീഴ്ചയ്ക്കു കാരണമാകാറുണ്ട്.
മടവീഴ്ചയും കൃഷിനാശവും കർഷകർക്കും സർക്കാരിനും കനത്ത സാന്പത്തിക ബാധ്യത വരുത്തിവയ്ക്കാറുമുണ്ട്. എന്നിരുന്നാലും, വെള്ളക്കെട്ടിൽനിന്നു രക്ഷനേടാനുള്ള മാർഗമായാണ് പലരുമിപ്പോൾ രണ്ടാംകൃഷിയെ പിന്തുണയ്ക്കാറുള്ളത്.
ഇതേസമയം, പാടശേഖരപ്രദേശങ്ങളിലെ താമസക്കാരല്ലാത്തവർക്കു വെള്ളക്കെട്ടിന്റെ ദുരിതം അനുഭവപ്പെടുന്നില്ലെന്നതിനാൽ, അവരാരും തന്നെ, രണ്ടാംകൃഷിയെ അനുകൂലിക്കാറുമില്ല. നെൽക്കർഷകരല്ലാത്ത പ്രദേശവാസികൾക്കാകട്ടെ, പാടശേഖരസമിതികളിൽ പ്രാതിനിധ്യമില്ലാത്തതിനാൽ രണ്ടാംകൃഷി വേണമെന്നു വാദിക്കാനുള്ള അവകാശവുമില്ല.
ജനപ്രതിനിധികളും നേതാക്ക·ാരുമെല്ലാം വാഗ്ദാനങ്ങൾ ആവർത്തിക്കുകയും, ഗ്രാമസഭകൾ അനുകൂല തീരുമാനങ്ങളെടുക്കുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും; നെൽക്കൃഷിയില്ലാത്ത പാടത്ത് നിയന്ത്രിതപന്പിംഗ്, പലപ്പോഴും പ്രായോഗികമാകാറില്ല.
നെൽക്കൃഷിയില്ലാത്തപ്പോൾ പന്പിംഗ് നടത്താൻ സർക്കാർ പദ്ധതികളില്ലെന്നതാണിതിനു കാരണം. തന്മൂലം പൊതുഖജനാവിൽനിന്നും കോടികൾ മുടക്കി സജ്ജമാക്കിയിട്ടുള്ള അടിസ്ഥാനസൗകര്യങ്ങൾ ദുരിതനിവാരണത്തിനു പോലും പ്രയോജനപ്പെടാത്ത അവസ്ഥ സംജാതമാകുന്നു.
ദുരിതനിവാരണം പോലെയുള്ള കാര്യങ്ങൾ പാടശേഖരസമിതികളുടെ മാത്രം ഉത്തരവാദിത്വമായി കാണാനാവില്ലെന്നതിനാൽ, വ്യക്തമായ പദ്ധതികളും പ്രാദേശിക ഭരണകൂടങ്ങളുടെ ചുമതലയിൽ ആവശ്യമായ മുന്നൊരുക്കങ്ങളുമൊക്കെ ഉണ്ടായെങ്കിൽ മാത്രമേ, നിയന്ത്രിതപന്പിംഗ് പോലുള്ള പദ്ധതികൾ കുട്ടനാട്ടിൽ പ്രായോഗികമാകാനിടയുളളൂ.
കുട്ടനാട്ടിൽ നെൽകൃഷിക്കുമാത്രമാണിപ്പോൾ പമ്പിംഗ്സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളുമൊക്കെ ലഭിക്കാറുള്ളത്. നെൽകൃഷിക്കൊപ്പം കപ്പ, വാഴ, കന്നുകാലി വളർത്തൽ എന്നിവയ്ക്കെല്ലാം സംരക്ഷണം നൽകണമെന്നും, മഴക്കാലത്തു ദുരിതനിവാരണത്തിനു മുൻഗണന നൽകണമെന്നുമൊക്കെയാണ് കർഷകർ ആവശ്യപ്പെടുന്നത്.
കാലാവസ്ഥയിലും ഭൂപ്രകൃതിയിലുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ കണക്കിലെടുത്തും, പ്രാദേശിക പ്രത്യേകതകൾക്കനുസൃതമായും, നാട്ടുകാരുന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിച്ചും സർക്കാർ നയങ്ങൾ പരിഷ്കരിക്കണം. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ കുട്ടനാട്ടിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ സാധിക്കുമെന്നാണ് കർഷകരുടെ അഭിപ്രായം.
രാജീവ്ഗാന്ധിയുടെ കുട്ടനാടു സന്ദർശനം മുതലിങ്ങോട്ട് കോടികളുടെ ഫണ്ട് കുട്ടനാട്ടിലേക്കൊഴുകിയെത്തിയെങ്കിലും കുറ്റമറ്റ ആസൂത്രണമോ കാര്യക്ഷമമായ പദ്ധതി നടത്തിപ്പോ ഉണ്ടാകാത്തതാണു നാടിന്റെ പിന്നോക്കാവസ്ഥയ്ക്കു കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
രണ്ടാം കുട്ടനാട് പാക്കേജുൾപ്പെടെ കുട്ടനാടിന്റെ പേരിൽ പലവിധ പ്രഖ്യാപനങ്ങളിപ്പോഴും ആവർത്തിക്കുന്നുണ്ട്. വകുപ്പുകളുടെ ഏകോപനമില്ലായ്മയും അഴിമതിയും ജനപ്രതിനിധികളുൾപ്പെടെയുള്ളവരുടെ കെടുകാര്യസ്ഥതയുമൊക്കെ മൂലമാണ് ഒന്നാം കുട്ടനാട് പാക്കേജ് ലക്ഷ്യത്തിലെത്താതിരുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പുറംബണ്ടു നവീകരണത്തിന്റെ മറവിൽ കായൽനിലങ്ങളിൽ പൈലും സ്ലാബും നാട്ടി പാക്കേജിനെ കൊള്ളയടിച്ചവർ കുട്ടനാട്ടിലെ ജനവാസ മേഖലകളെ അവഗണിച്ചതായും, രാഷ്ട്രീയ- ഉദ്യോഗസ്ഥലോബികൾ ഒത്തുകളിച്ച് കുട്ടനാടിനു പുറത്തേക്കു ഫണ്ടു വകമാറ്റിയതായുമൊക്കെയുള്ള ആക്ഷേപങ്ങളും നിലവിലുണ്ട്.
പുറംബണ്ടുകൾ ബലപ്പെടുത്തി റോഡുകളാക്കണമെന്നും പാടശേഖരങ്ങളിൽ ഒരു നെല്ലും ഒരു മീനും കൃഷിയും പ്രോത്സാഹിപ്പിക്കണമെന്നും ജല മാനേജ്മെന്റ് കാര്യക്ഷമമാക്കണമെന്നും, പോത്തുവളർത്തൽ പോലെ കുട്ടനാടിന് അനുയോജ്യമായ സമ്മിശ്രകൃഷി രീതികൾ പരീക്ഷിക്കണമെന്നും അതിലൂടെ കുട്ടനാട്ടിൽ ജീവിക്കുന്നവരുടെ ജീവിതനിലവാരമുയർത്തണമെന്നുമൊക്കയുള്ള നിരവധി നല്ല നിർദേശങ്ങൾ കുട്ടനാടു പാക്കേജിന്റെ ശിൽപ്പിയായ ഡോ. എം.എസ്. സ്വാമിനാഥൻ മുന്നോട്ടുവച്ചിരുന്നെങ്കിലും അവയിൽ പലതും ജലരേഖകളായി.
റവന്യുവകുപ്പിനു കീഴിലുള്ള പുഞ്ച സ്പെഷൽ ഓഫീസ് മുതൽ കൃഷി, ഇറിഗേഷൻ, വൈദ്യുതി, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വ്യത്യസ്ത ഓഫീസുകൾ ഏകോപനത്തോടെ പ്രവർത്തിക്കുകയും, ആവശ്യമായ സർക്കാർ ഇടപെടലുകളും ഭരണതല തീരുമാനങ്ങളും യഥാസമയം ഉണ്ടാവുകയുമൊക്കെ ചെയ്താൽ തടസങ്ങൾക്കെല്ലാം പരിഹാരമാകും.
വെള്ളം പൊങ്ങി കാര്യങ്ങൾ കൈവിട്ടു പോയതിനു ശേഷം പാടശേഖരസമിതികളുടെ യോഗം വിളിച്ചതുകൊണ്ടോ, റൂം ഫോർ റിവറെന്നൊക്കെ പറഞ്ഞതുകൊണ്ടോ എന്തു പ്രയോജനമെന്നാണ് കുട്ടനാട്ടുകാർ ചോദിക്കുന്നത്.
പ്രളയദിനങ്ങളിൽ ഒഴുകിയെത്തുന്ന അധികജലം വേഗത്തിൽ ഒഴുകി മാറാനിടയാകും വിധം ജലനിർഗമനമാർഗങ്ങൾ സുഗമമാക്കണം. റഗുലേറ്ററുകൾ, ഷട്ടറുകൾ, പന്പുകൾ തുടങ്ങി ജലനിർഗമനത്തിനുള്ള സംവിധാനങ്ങൾ ആവശ്യാനുസരണം സ്ഥാപിച്ചും യഥാസമയം അറ്റകുറ്റപ്പണികൾ നടത്തിയും കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തണം.
കുട്ടനാടിനെ പൊതുവിലൊരു പാടശേഖരംപോലെ കണ്ടുകൊണ്ട്, ഉയർന്ന കുതിരശക്തിയുള്ള പന്പുകളുപയോഗിച്ചു പ്രളയജലം കടലിലേക്കു പന്പുചെയ്യാനുള്ള മെക്കനൈസ്ഡ് ഡി വാട്ടറിംഗിനെക്കുറിച്ചു ചിന്തിക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്. ഡച്ച്മോഡൽ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലും, നമ്മുടെ മുംബൈ പോലുള്ള സ്ഥലങ്ങളിലുമൊക്കെ മെക്കനൈസ്ഡ് ഡിവാട്ടറിംഗ് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
എന്തായാലും, കുട്ടനാട്ടിൽ വേണ്ടത് രണ്ടാംകൃഷിയോ എന്ന ചോദ്യം അതാതു പാടശേഖരങ്ങളിലെ കർഷകരുടെയും പ്രാദേശിക ഭരണകൂടങ്ങളുടേയും യോജിച്ചുള്ള തീരുമാനത്തിനു തന്നെ വിട്ടുകൊടുക്കുന്നതാവും ഉചിതം.
പാടശേഖരങ്ങൾക്കുള്ളിൽ മത്സ്യക്കൃഷിയും നിയന്ത്രിതപന്പിംഗും സംയുക്തമായി ചെയ്യുന്നതിനുള്ള പദ്ധതികൾ ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കിയാൽ, പാടശേഖരപ്രദേശങ്ങളിലെ വെള്ളക്കെട്ടു ദുരിതങ്ങൾക്കു നിഷ്പ്രയാസം പരിഹാരം കാണാനാവും.
മത്സ്യക്കൃഷിക്കായി പാടശേഖരങ്ങളിൽ ജലം കെട്ടിനിർത്തുമെന്നതിനാൽ, മടവീഴ്ചയ്ക്കു സാധ്യതയില്ല. തൂന്പുതുറക്കുന്നിടത്ത് നെറ്റുകൾ സ്ഥാപിച്ചു മത്സ്യത്തെ സംരക്ഷിക്കാനും സാധിക്കും. ഡോ. എം.എസ്. സ്വാമിനാഥനും മറ്റും ചൂണ്ടിക്കാട്ടിയിട്ടുള്ളതു പോലെ കളശല്യം കുറയാനും വളക്കൂറു കൂടാനുമെല്ലാം മത്സ്യക്കൃഷി സഹായകമാവുകയും ചെയ്യും.
മത്സ്യം വളർത്തി പൊതു ജലാശയത്തിലേക്കു തുറന്നു വിടുന്ന രീതിയിലുള്ള പദ്ധതികളും ഫീഷറീസ് വകുപ്പിനുള്ളതിനാൽ, ജലം പരിധിവിട്ടുയർന്നു വിളവു നശിച്ചുപോയേക്കാമെന്ന ആശങ്കയ്ക്കും അടിസ്ഥാനമില്ല.
ചുരുക്കിപ്പറഞ്ഞാൽ, ഇടപെടലുകൾ നടത്തേണ്ടതും പദ്ധതികൾ ആവിഷ്കരിക്കേണ്ടതും സർക്കാരാണ്. അതായത്, പ്രഖ്യാപനങ്ങളിൽ നിന്നും പ്രവർത്തിയിലേക്കുള്ള ദൂരമാണ് കുട്ടനാട്ടുകാർക്കു മുൻപിലുള്ള യഥാർഥ പ്രശ്നം.
Agriculture
മലങ്കര ജലാശയത്തിനു സമീപം ഇടതൂർന്നു വളർന്നുനിൽക്കുന്ന മുളങ്കാടുകൾ സഞ്ചാരികൾക്ക് ദൃശ്യവിരുന്നാകും. ആലക്കോട് പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളുടെ സംഗമ സ്ഥാനമായ ആനക്കയം, തലയനാട് പ്രദേശത്തുള്ള ഇവിടം മനോഹരമായ ടൂറിസം കേന്ദ്രമാക്കാനാണ് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയാറാക്കുന്നത്.
ആനക്കയം-കോളപ്ര റോഡിന് ഇരു വശത്തുമായി പടർന്നു പന്തലിച്ചു നിൽക്കുന്ന മുളങ്കാടുകൾ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ മനം കവരുന്ന ദൃശ്യചാരുതയാണ് പകർന്നുനൽകുന്നത്. സിനിമാ രംഗത്തുള്ളവരുടെയും ഇഷ്ട കേന്ദ്രമാണ് ഇവിടം. കഴിഞ്ഞ ദിവസം ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടന്പിയുടെ ചിത്രീകരണം ഇവിടെയായിരുന്നു നടന്നത്.
മലങ്കര ജലാശയത്തോട് ചേർന്നുനിൽക്കുന്ന മുളങ്കൂട്ടങ്ങളുടെ അഴക് ഒന്നു വേറെ തന്നെ. പാതയ്ക്ക് ഇരു വശത്തുമായി നിൽക്കുന്ന മുളങ്കൂട്ടം ഇപ്പോൾ പന്തലിച്ചു നിൽക്കുകയാണ്. ഇതിനിടയിലൂടെ മുളങ്കാടുകളുടെ മർമരം കേട്ട് ജലാശയത്തിൽ നിന്നുള്ള ഇളം തെന്നലേറ്റ് നടക്കാം.
ഇപ്പോൾ തന്നെ ഫോട്ടോ ഷൂട്ടിനായും ചിത്രങ്ങൾ പകർത്താനും ഒട്ടേറെ പേർ ഇവിടെയെത്തുന്നുണ്ട്. പഞ്ചായത്തിന്റെ മുൻ ഭരണ സമിതിയുടെ ശിപാർശ പ്രകാരം 2023-24 വർഷത്തിൽ സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനായി അനുവദിച്ചിരുന്നു.
ഈ തുക ഉപയോഗിച്ച് മുളങ്കാടുകൾ സംരക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഇവിടം മികച്ച വിനോദ സഞ്ചാരകേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. മുളങ്കാടുകളുടെ സംരക്ഷണത്തോടൊപ്പം ചിൽഡ്രൻസ് പാർക്ക്, നടപ്പാതകൾ, ഓപ്പണ്‍ ജിംനേഷ്യം എന്നിവയും ആദ്യഘട്ടത്തിൽ ഒരുക്കാനാണ് തീരുമാനം.
പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിനു മുന്നോടിയായി മുൻ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുളങ്കാടുകൾ സന്ദർശിച്ചിരുന്നു. തുടർന്ന് വിശദമായ പദ്ധതി രേഖ തയാറാക്കാൻ നിർദേശവും നൽകി. പിന്നീട് ഡിപിആർ തയാറാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ നീക്കി വച്ചതായി പ്രസിഡന്റ് ടോമി കാവാലം പറഞ്ഞു.
വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയാലുടൻ ഒരു കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കും. സർക്കാർ ഫണ്ടിനു പുറമേ വിവിധ കന്പനികളുടെ സിഎസ്ആർ ഫണ്ട് ലഭ്യമാക്കി ആകർഷകമായ പദ്ധതികൾ നടപ്പാക്കാനും ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതികൾ പ്രാവർത്തികമായാൽ മലങ്കര തീരത്തെ ഈ മുളങ്കാടുകൾ സഞ്ചാരികളുടെ കണ്ണിനും മനസിനും കുളിർമ പകരും.
Agriculture
പതിറ്റാണ്ടുകളായി മൾബറി കൃഷിയിൽ മുഴുകിയിരുന്ന മറയൂരിലെ യുവകർഷകൻ എസ്. ശിവകുമാർ, കാലാവസ്ഥാ വ്യതിയാനങ്ങളെത്തുടർന്ന് പട്ടുനൂൽ കൃഷി ഉപേക്ഷിച്ച് നാടൻ തക്കാളി കൃഷിയിലേക്ക് മാറി വിജയഗാഥ രചിച്ചു.
കാന്തല്ലൂർ പഞ്ചായത്തിലെ കാരയൂർ ഗ്രാമം സ്വദേശിയായ ശിവകുമാർ ചുരക്കുളം പഞ്ചവയലിൽ രണ്ടേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് തക്കാളി കൃഷി ആരംഭിച്ചത്.
12 വർഷത്തോളം മൾബറി കൃഷിയിലൂടെ പട്ടുനൂൽ ഉത്പാദനത്തിനുള്ള കൊക്കൂണ്‍ വിളവെടുത്ത ശിവകുമാർ, അപ്രതീക്ഷിത മഴയും മഞ്ഞും മൂലം മൾബറി കൃഷി തുടരാൻ പ്രയാസമായതിനെത്തുടർന്നാണ് പുതിയ പരീക്ഷണത്തിന് തയ്യാറായത്.
സാധാരണയായി മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിൽ തക്കാളി കൃഷി വ്യാപകമല്ല. എന്നാൽ, എട്ട് മാസം മുന്‍പ് ശിവകുമാർ ഈ വെല്ലുവിളി ഏറ്റെടുത്തു. ഉടുമൽപേട്ടയിൽനിന്ന് ഒരു രൂപ നിരക്കിൽ 9,000 തക്കാളി തൈകൾ വാങ്ങി നിലമൊരുക്കി പന്തലൊരുക്കി കൃഷി ആരംഭിച്ചു.
ഇപ്പോൾ വിളവെടുപ്പ് കാലത്ത് 1,000 കിലോ തക്കാളി വിറ്റു. തമിഴ്നാട് ചന്തകളിൽ 15 രൂപയിൽ താഴെ വില ലഭിക്കുന്പോൾ, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ പ്രാദേശിക പച്ചക്കറി വിപണികളിൽ ഒരു കിലോ തക്കാളിക്ക് 25 രൂപ വില ശിവകുമാറിന് ലഭിച്ചു.
ഭാര്യ നവ്യയുടെ പിന്തുണയോടെ കൃഷിയിൽ മികവ് തെളിയിച്ച ശിവകുമാർ മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഈ യുവകർഷകൻ തക്കാളി കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.
Agriculture
കാര്‍ഷികരംഗത്ത് പുതുമാതൃകകള്‍ സൃഷ്ടിക്കുകയാണ് നെടുങ്കണ്ടം കല്ലാര്‍ സ്വദേശിയായ രാധാകൃഷ്ണന് എന്ന പോലീസ് ഉദ്യോഗസ്ഥന്. കുരുമുളക് ചെടിയുടെ താങ്ങുമരങ്ങള്‍ക്ക് പകരം പിവിസി പൈപ്പിലാണ് ഇദ്ദേഹത്തിന്റെ കൃഷി. കട്ടപ്പന ട്രാഫിക് പോലീസിലെ അഡീഷണല്‍ എസ്ഐയായ രാധകൃഷ്ണന് മണ്ണ് അറിയുന്ന ഒരു കര്ഷകന് കൂടിയാണ്.
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒഴിവ് കിട്ടുമ്പോള്‍ ഇദ്ദേഹം കൃഷിയിടത്തിലേക്ക് എത്തും. കാര്‍ഷിക രംഗത്തെ നൂതന പരീക്ഷണങ്ങളുടെ വേദിയാണ് ഇദ്ദേഹത്തിന്റെ കൃഷിയിടം. 40 സെന്റ് ഭൂമിയിലാണ് പിവിസി പൈപ്പിൽ ഇദ്ദേഹം കുരുമുളക് കൃഷി ചെയ്യുന്നത്.
പരമാവധി എട്ട് അടി ഉയര്ത്തില് മുറിച്ച പൈപ്പുകള്‍ ഒന്നര അടി മണ്ണില്‍ താഴ്ത്തി അഞ്ചടി അകലത്തിലാണ് നാട്ടിയിരിക്കുന്നത്. ആകെ 400 ഓളം ചെടികള്‍ ഇത്തരത്തില്‍ പരിപാലിക്കുന്നുണ്ട്. തൊഴിലാളികള്‍ ഇല്ലാതെ കൃഷി പരിപാലനവും വിളവെടുപ്പും സ്വയം ചെയ്യാം എന്നതാണ് ഈ കൃഷിരീതിയുടെ പ്രധാന പ്രത്യേകത.
കുരുമുളക് കൂടാതെ കാപ്പിയും ഏലവും വിവിധ ഇനം ഫല വൃക്ഷങ്ങളും മീന്‍ വളര്‍ത്തലും എല്ലാം അടങ്ങിയ സമ്മിശ്ര കൃഷി രീതിയാണ് രാധാകൃഷ്ണന് പിന്തുടരുന്നത്. രാധാകൃഷ്ണന്റെ ഭാര്യ ശ്രീകലയും പോലീസ് ഉദ്യോഗസ്ഥയാണ്.
വണ്ടന്മേട് സ്റ്റേഷനിലെ എഎസ്ഐ ആണ് ശ്രീകല. ഒഴിവുസമയങ്ങള്‍ ഈ പോലീസ് ദമ്പതികള്‍ ചിലവിടുന്നത് കൃഷിയിടത്തിലാണ്. നൂതന കൃഷിരീതികള്‍ പരീക്ഷിക്കുന്നതിനൊപ്പം അറിവുകള്‍ കര്‍ഷകര്‍ക്ക് പകര്ന്നുനല്കാനും ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഈ പോലീസുകാരന് സമയം കണ്ടെത്തുന്നുണ്ട്.
Agriculture
വീട്ടിൽ കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കോവയ്ക്ക സ്കൂളിനെത്തിച്ചുനൽകി ജെറോം പോൾ എന്ന മൂന്നാം ക്ലാസുകാരൻ കുട്ടിക്കർഷകൻ. കമ്പംമെട്ട് മഡോണ എൽപിഎ സിലെ വിദ്യാർഥിയാണ് സ്കൂളിന്റെ രുചിക്കൂട്ടിലേക്ക് സ്വന്തം കോവയ്ക്ക എത്തിച്ചത്.
തന്റെ കൈയൊപ്പു വീണ പച്ചക്കറികൾ മുന്‍പും ജെറോം സ്കൂളിൽ എത്തിച്ചുനല്‍കിയിട്ടുണ്ട്. വീട്ടിൽ ജെറോമിന് സ്വന്തമായി അടുക്കളത്തോട്ടമുണ്ട്. അവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളാണ് സ്കൂളിലെത്തിക്കുന്നത്.
കഴിഞ്ഞ വർഷം ഈ കുട്ടി തന്നോളാം വലുപ്പമുള്ള ഒരു മത്തങ്ങ സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച് സ്കൂളിന് സമ്മാനിച്ചതാണ്. കരുണാപുരം ആയിലൂക്കുന്നേൽ സാജു - സുമ ദമ്പതികളുടെ ഇളയ മകനാണ് ഈ കുട്ടിക്കർഷകൻ.
Agriculture
ഇടുക്കിക്ക് എപ്പോഴും അതിജീവനത്തിന്റെ അദ്ഭുത കഥയാണ് പറയാനുള്ളത്. കേരളത്തിന്റെ ഊർജത്തിനായി ജലം സംഭരിച്ചു നിർത്തി വെളിച്ചം പകരുകയും കേരളത്തിന്റെ ഉന്മേഷത്തിനായി തേയിലത്തോട്ടങ്ങൾ പരിപാലിക്കുകയും ചെയ്യുന്ന മനോഹര ഭൂപ്രദേശം.
ഒരു സഹകരണ പ്രസ്ഥാനത്തിലൂടെ കോർപറേറ്റുകളെ ചെറുത്തു തോൽപിച്ച് കർഷകരെയും തൊഴിലാളികളെയും ചേർത്തുനിർത്തി അതിജീവനത്തിന്റെ പുതുവെളിച്ചം കേരളത്തിനാകെ പകർന്നു നൽകുകയാണ് ഇടുക്കി തങ്കമണി സർവീസ് സഹകരണ ബാങ്കും തങ്കമണി സഹകരണ തേയില ഫാക്ടറിയും.
സ്വന്തമായി തേയില ഫാക്ടറിയുള്ള സഹകരണ ബാങ്ക് ഒരുപക്ഷേ കേൾക്കുന്പോൾതന്നെ അതിശയവും കൗതുകവും ഒരേപോലെ തോന്നിപ്പിക്കുന്നു. ഈ ഫാക്ടറി തങ്കമണി സർവീസ് സഹകരണബാങ്കിനു മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ്.
വമ്പൻ കോർപറേറ്റുകൾ വിഹരിക്കുന്ന തേയില വ്യവസായത്തിൽ സഹകരണസംഘത്തിന് എന്തു ചെയ്യാനാകുമെന്നതിന്റെ ഉത്തരമാണ് സഹ്യ ബ്രാൻഡ് തേയില. തേയില വ്യാപാരത്തിനപ്പുറത്ത് സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകം കൂടിയാണ് സഹ്യ.
തങ്കമണി ഉൾപ്പെടുന്ന കാമാക്ഷി പഞ്ചായത്തിലും സമീപഗ്രാമങ്ങളിലുമായി 50 സെന്റു മുതൽ രണ്ടേക്കർ വരെ തേയില കൃഷി ചെയ്യുന്ന മൂവായിരത്തോളം ചെറുകിട കർഷകരുണ്ട്. സ്വന്തമായി ഫാക്ടറി ഇല്ലാത്ത ഇവർ എസ്റ്റേറ്റ് ഫാക്ടറികൾക്കാണ് തേയില വിറ്റിരുന്നത്.
എസ്റ്റേറ്റുകാർ ഈ തേയില വാങ്ങി സ്വന്തം ഉത്പന്നത്തോടെപ്പം സംസ്കരിച്ചു വിൽക്കുകയായിരുന്നു. എസ്റ്റേറ്റ് ഫാക്ടറികൾ നൽകുന്ന വില സ്വീകരിക്കാൻ ചെറുകിട തേയില കർഷകർ നിർബന്ധിതരാണ്. അതുകൊണ്ടു തന്നെ പലപ്പോഴും കുറഞ്ഞ വിലയേ ലഭിക്കുകയുള്ളൂ.
മികച്ച വിളവുള്ളപ്പോൾ എസ്റ്റേറ്റുകാർ സംഭരണം നിർത്തിവയ്ക്കുകപോലും ചെയ്യും. അഥവാ വാങ്ങിയാലും കൊളുന്ത് നുള്ളുന്നവർക്ക് കൂലി കൊടുക്കാൻ തികയാത്ത തുച്ഛമായ തുക മാത്രം നൽകും.
ഓഫ് സീസണിൽ 30 രൂപയ്ക്ക് കൊളുന്ത് വാങ്ങുന്ന ഫാക്ടറികൾ സീസണായാൽ 10 രൂപ പോലും നൽകാൻ മടിക്കും. സ്വന്തം നിലയിൽ കൊളുന്ത് നുള്ളുന്നവർക്കു പോലും കൃഷി ആദായകരമാകാത്ത ഈ ദുരവസ്ഥയ്ക്കു ശാശ്വത പരിഹാരമുണ്ടാക്കുന്നതിനാണ് 2017ൽ ബാങ്ക് തേയിലഫാക്ടറി സ്ഥാപിച്ചത്.
പ്രവർത്തനമാരംഭിച്ചപ്പോൾ തന്നെ 12 രൂപ തറവിലയും പ്രഖ്യാപിച്ചു. ഇതിലും വില താഴ്ത്തി സംഭരിക്കില്ലെന്നാണ് ബാങ്ക് കൃഷിക്കാർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. സംയോജിത സഹകരണ വികസന പദ്ധതി പ്രകാരം ടീ ബോർഡിന്റെ ധനസഹായത്തോടെ സ്ഥാപിച്ച ഫാക്ടറിയിൽ 20 ടണ്‍ കൊളുന്ത് സംസ്കരിക്കാൻ ശേഷിയുണ്ട്.
കർഷകരിൽ നിന്നും ശേഖരിച്ച കൊളുന്തുകൾ ബാങ്ക് നിശ്ചയിച്ച ഏജന്റുമാരും കർഷക സംഘങ്ങൾ വഴിയും വാഹനങ്ങളിൽ ഫാക്ടറിയിലെത്തിക്കും. മോണോ റെയിൽ സംവിധാനത്തിലൂടെ ചാക്കുകളിൽ കൊളുന്തുകൾ വെതറിംഗ് പ്രഫിൽ എത്തും.
15,000 കിലോ കപ്പാസിറ്റിയുള്ള പ്രഫാണുള്ളത്. 12 മണിക്കൂർ എയർ നൽകിയശേഷം ലീഫ് ഷെൽട്ടർ വഴി അരച്ചെടുത്ത് ഉണക്കിയും പൊടിച്ചും അഞ്ചു ഘട്ടങ്ങളിലൂടെ കടന്ന് എട്ടു ഗ്രേഡുകളിലായുള്ള തേയിലപ്പൊടിയാണ് ഉല്പാദിപ്പിക്കുന്നത്. തുടർന്ന് വിവിധ ഫ്ളേവറുകളിൽ പായ്ക്കറ്റുകളാക്കുന്നു.
Agriculture
ഡ്രാഗൺ ഫ്രൂട്ടിൽ പൊന്നുവിളയിച്ച് പ്രവാസിയുടെ കൃഷിയിടം. അമ്പലപ്പാറയിലാണ് ഒന്നരയേക്കറിൽ എണ്ണൂറിലേറെ ഡ്രാഗൺഫ്രൂട്ട് ചെടികൾ വളർത്തി ഉടമ രാമചന്ദ്രൻ ലാഭം കൊയ്യുന്നത്.
സീസണായാൽ 700 കിലോയിലേറെ ഡ്രാഗൺഫ്രൂട്ട് ലഭിക്കും. വിപണിക്കും അലയേണ്ട. നാട്ടിൻപുറങ്ങളിൽ അത്ര സുപരിചിതമല്ലാതിരുന്ന കൃഷിയെ വീട്ടുപറമ്പിൽ വിളയിച്ച കടമ്പൂർ ലക്ഷംവീട് ജംഗ്ഷൻ വരിക്കോട്ടിൽ കിഴക്കേക്കര രാമചന്ദ്രൻ (66) മറ്റുള്ളവർക്കും മാതൃകയാണ്.
പത്തുവർഷം മുമ്പ്പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോൾ തുടർ ജീവിതത്തിന് കൃഷിയാണ് രാമചന്ദ്രൻ തെരഞ്ഞെടുത്തത്. നെല്ല്, റബ്ബർ, വാഴ തുടങ്ങിയ കൃഷികളുമായി മുന്നോട്ടുപോകുന്നതിനിടെ യാദൃശ്ചികമായാണ് രാമചന്ദ്രൻ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് തിരിഞ്ഞത്.
2022ൽ അമ്പലപ്പാറ കൃഷിഭവനിൽനിന്ന് ലഭിച്ച 240 തൈകളുമായി അരയേക്കറിലുണ്ടായിരുന്നു ആദ്യം ഡ്രാഗൺ ഫ്രൂട്ട് കൃഷി. പിന്നീട് അട്ടപ്പാടിയിൽനിന്ന് അമേരിക്കൻ ബ്യൂട്ടി വിഭാഗത്തിൽപ്പെട്ട കൂടുതൽ ചെടികളെത്തിച്ചു.
അകക്കാന്പിന് റോസ് നിറമുള്ള പഴങ്ങളാണ് വിളയുന്നത്. പൂവിട്ടാൽ 30 ദിവസംകൊണ്ട് പഴംലഭിക്കുമെന്നു രാമചന്ദ്രൻ പറയുന്നു. നന്നായി പരിപാലിച്ചാൽ എട്ടുമാസംകൊണ്ട് ഡ്രാഗൺഫ്രൂട്ട് വിളയുമെന്നും രാമചന്ദ്രന്റെ അനുഭവസാക്ഷ്യം. കടമ്പഴിപ്പുറത്തും ഒറ്റപ്പാലത്തുമാണ് വിൽക്കാറുള്ളത്.
ആവശ്യക്കാർക്ക് തൈകളും നൽകാറുണ്ട്. കഴിഞ്ഞവർഷം മൂവായിരത്തോളം തൈകളാണ് ചാവക്കാട്, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ ആവശ്യക്കാരിലേക്ക് എത്തിച്ചത്. അവക്കാഡോ, റംബുട്ടാൻ, ജെബോട്ടിക്ക, അബിയു എന്നീ പഴവർഗക്കൃഷിയിലേക്കുകൂടി തിരിഞ്ഞിരിക്കയാണ് രാമചന്ദ്രൻ.
Agriculture
ഓണവിപണി ലക്ഷ്യമിട്ടു വട്ടവടയിൽ കൃഷി ചെയ്തത് 1,800 ഏക്കർ ശീതകാല പച്ചക്കറി. പ്രതികൂല കാലാവസ്ഥയും വന്യമൃഗശല്യവും ആദ്യം തിരിച്ചടിയായെങ്കിലും വില മെച്ചപ്പെട്ടതു കർഷകർക്കു നേട്ടമായി.
വിളവെടുപ്പിന്റെ സമയമായപ്പോൾ കാലാവസ്ഥ അനുകൂലമായതാണ് കർഷകർക്കു മെച്ചപ്പെട്ട വില ലഭിക്കാൻ ഇടയാക്കിയത്. തമിഴ്നാട്ടിലേക്കും മറ്റു ജില്ലകളിലേക്കുമാണ് വട്ടവടയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി കൂടുതലായി കയറ്റി അയയ്ക്കുന്നത്. അവിടെനിന്ന് അതു കേരളത്തിലേക്ക് എത്തും.
വട്ടവട പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലകളായ വട്ടവട, കോവിലൂർ, ചിലന്തിയാർ, കടവരി, കൊട്ടക്കന്പൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണത്തോടനുബന്ധിച്ചു പച്ചക്കറികളുടെ വിളവെടുപ്പ് നടന്നത്.
കാരറ്റ്, കാബേജ്, ബട്ടർ ബീൻസ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ബീൻസ് എന്നിവയുടെ വിളവെടുപ്പാണ് നിലവിൽ നടന്നത്.
കനത്ത മഴയിൽ ആദ്യം നട്ട പച്ചക്കറിത്തൈകൾ വ്യാപകമായി നശിച്ചു നഷ്ടം വന്നെങ്കിലും ഓണസീസൺ കണക്കിലെടുത്തു വീണ്ടും കൃഷിയിറക്കി. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ മെച്ചപ്പെട്ട വിളവ് ലഭിച്ചു.
ഹോർട്ടികോർപിന്റെ അനാസ്ഥ
വിഎഫ്പിസികെയിൽ അംഗങ്ങളായ കർഷകരാണ് ഇവിടെ പച്ചക്കറി കൃഷി ചെയ്യുന്നത്. എന്നാൽ, സംഭരിച്ച പച്ചക്കറിയുടെ വില ഹോർട്ടികോർപ് ഏതാനും വർഷമായി നൽകാത്തതിനാൽ പച്ചക്കറി ഇവർക്കു നൽകേണ്ടതില്ലെന്നു കർഷക കൂട്ടായ്മകൾ തീരുമാനിക്കുകയായിരുന്നു.
ഇടനിലക്കാരാണ് ഇപ്പോൾ കർഷകരിൽനിന്നു പ്രധാനമായി പച്ചക്കറി ശേഖരിക്കുന്നത്. മുൻകൂട്ടി പണവും മറ്റും നൽകി സംഭരിക്കുന്നതിനാൽ പലപ്പോഴും ഇവർ നിശ്ചയിക്കുന്ന വിലയ്ക്കു ഉത്പന്നം വിൽക്കാൻ കർഷകർ നിർബന്ധിതരാകും.
ഇടനിലക്കാർ സംഭരിക്കുന്ന പച്ചക്കറിയാകട്ടെ തമിഴ്നാട് മാർക്കറ്റുകളിലേക്കാണ് കയറ്റിവിടുന്നത്.
കുടികളിൽ ഉരുളക്കിഴങ്ങ്
വട്ടവടയിലെ കുടികളിലാണ് ഉരുളക്കിഴങ്ങ് കൂടുതലായി കൃഷി ചെയ്യുന്നത്. നേരത്തെ ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ് എന്നിവയായിരുന്നു മേഖലയിൽ വ്യാപകമായി കൃഷി ചെയ്തിരുന്നത്. എന്നാൽ, ഇതിന്റെ ഉത്പാദനം ഇപ്പോൾ വലിയ തോതിൽ കുറഞ്ഞു.
വന്യമൃഗശല്യം പച്ചക്കറി കൃഷിക്കു വലിയ ഭീഷണിയായി മാറിയിട്ടുണ്ടെന്ന് കർഷകർ പറയുന്നു. കാട്ടാനകൾ ഉൾപ്പെടെ ഭീഷണിയുള്ളതിനാൽ ഇവ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ, ഇത്തരം മേഖലകളിൽ വെളുത്തുള്ളി കൂടുതലായി കൃഷി ചെയ്യുന്നുണ്ട്.
വെല്ലുവിളികൾ കൂടിയതോടെ വട്ടവടയിൽ കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്ന പലരും ടൂറിസം റിസോർട്ടുകളിലും മറ്റും ജോലി തേടിയിട്ടുണ്ട്.
എന്നാൽ, പ്രതിസന്ധികൾക്കിടയിലും ശീതകാല പച്ചക്കറി കൃഷി ചെയ്യുന്ന നല്ലൊരു ശതമാനം കർഷകർ ഇപ്പോഴും ഇവിടെയുണ്ട്.
Agriculture
പച്ചക്കറി കൃഷിയിൽ മികവ് തെളിയിച്ച കുലശേഖരമംഗലം കണ്ണങ്കേരിൽ രാജുവിന് പൂ കൃഷിയിലും നൂറുമേനി വിളവ്.
വർഷങ്ങളായി പച്ചക്കറി കൃഷിയിൽ തുടച്ചയായി വിജയം കൊയ്യുന്ന രാജു പൂകൃഷിയിൽനിന്നു വരുമാനം ലഭിച്ചതോടെ പച്ചക്കറിക്കൊപ്പം ഏതാനും വർഷമായി പൂകൃഷിയും ചെയ്തു വരുന്നു.
വിവിധയിനം ബന്ദിയും വാടാമല്ലിയും പൂത്തുലഞ്ഞു നിൽക്കുന്ന രാജുവിന്റഅ്രഎ പൂന്തോട്ടത്തിലേക്ക് ദൂരെസ്ഥലങ്ങളിൽ നിന്നും ആളുകൾ പൂക്കൾ വാങ്ങാൻ എത്തുന്നു.
കാർഷികമേഖലയിലെ നേട്ടം കണക്കിലെടുത്ത് മറവൻതുരുത്ത് പഞ്ചായത്ത് കണ്ണങ്കേരി രാജുവിനെആദരിച്ചിരുന്നു.
Agriculture
ഒട്ടുമിക്ക ഏലം കർഷകരും, ആ കൃഷിയോട് ആഭിമുഖ്യമുള്ളവരും ഏലം ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽ ക്കുന്ന മധ്യഅമേരിക്കൻ രാജ്യമായ ഗ്വാട്ടിമാല കാണണമെന്നും അവിടുത്തെ കൃഷി രീതികൾ കണ്ടു മനസിലാക്കണമെന്നും ആഗ്രഹമുള്ളവരാണ്.
എന്നാൽ, ദുർബലമായ സർക്കാർ സംവിധാനങ്ങളും മാഫിയ ഭരണവും ആ നാടിനെ തികച്ചും ഒറ്റപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഗ്വാട്ടിമാല സന്ദർശനം അത്ര എളുപ്പമുള്ള കാര്യമല്ല. എപ്പോഴെങ്കിലും അവസരം കിട്ടുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ്, അവിടെയുള്ള ഏലം കയറ്റുമതിക്കാരനായ സുഹൃത്തിന്റെ ക്ഷണം ലഭിച്ചത്.
ആ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാസംവിധാനങ്ങളുടെ അകന്പടിയോടെ ഏപ്രിൽ 28- മേയ് 2 വരെ ഗ്വാട്ടിമാലയിൽ താമസിച്ച് ഏലത്തോട്ടങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞു. നേരിട്ടു വിമാന സർവീസില്ലാത്തതിനാൽ ആദ്യം അമേരിക്കയിലെ ടെക്സസിൽ എത്തിയശേഷം അവിടെ നിന്നാണ് ഗ്വാട്ടിമാലയിലേക്കു പോയത്.
സുഗന്ധവിളകളുടെ പേരിൽ പൗരാണിക കാലം മുതൽ വിദേശികളുടെ മനസിൽ കുടിയേറിയിട്ടുള്ള കേരളത്തിൽ നിന്നാണ് ഏലത്തട്ടകൾ (വിത്ത്) ഗ്വാട്ടിമാലയിലെത്തിയത്. 1914-ൽ കേരളം സന്ദർശിച്ച ഗ്വാട്ടിമാലയിലെ കാപ്പിത്തോട്ട ഉടമയായ ജർമൻ സായിപ്പാണ് ചെടികൾ ശേഖരിച്ച് ഗ്വാട്ടിമാലയിലെത്തിച്ചു പരീക്ഷണാടിസ്ഥാനത്തിൽ കൃഷി തുടങ്ങിയത്.
തികച്ചും അനുകൂലമായ കാലവസ്ഥയിൽ ആർത്തു വളർന്ന ഏലച്ചെടികൾ രണ്ടു മൂന്നു വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങുകയും ചെയ്തു. ഇതുകണ്ട നാട്ടുകാരിൽ പലരും പുതിയ കൃഷിയിൽ ആകൃഷ്ടരായി.
1980കളിൽ എത്തിയപ്പോഴേക്കും കൃഷി കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചെന്നു മാത്രമല്ല, കയറ്റുമതിയും തുടങ്ങി. അതോടെ, ഏലം കൃഷിയിൽ കുത്തക അവകാശപ്പെട്ടിരുന്ന ഇന്ത്യയ്ക്ക് ഗ്വാട്ടിമാല വെല്ലുവിളിയായി മാറുകയും ചെയ്തു.
ഗ്വാട്ടിമാലയിലെ അഞ്ചിലേറെ ജില്ലകളിൽ ഏലം കൃഷിയാണ് മുഖ്യം. ബാക്കി സ്ഥലങ്ങളിൽ കാപ്പിയും. തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൾട്ട വെറാപ്പസ് ജില്ലയിലെ കോബാൻ മലനിരകളിലാണ് ഏലം കൃഷി കൂടുതലുള്ളത്.
ഏക്കർ കണക്കിനു വരുന്ന വലിയ തോട്ടങ്ങളുണ്ടെങ്കിലും വീട്ടുവളപ്പുകളിലെ ചെറിയ കൃഷിയിടങ്ങളാണ് ഏറെയും. കുറച്ച് ഏലച്ചെടികളെങ്കിലും ഇല്ലാത്ത വീടുകളില്ലെന്നു പറയാം.
Agriculture
അമേരിക്കയിൽ കാലിഫോർണിയയിലെ ഐടി കന്പനിയിൽ സൂപ്പർ കംപ്യൂട്ടിംഗ് സെമി കണ്ടക്ടർ വിഭാഗത്തിൽ എൻജിനീയറാണ് അനൂപ്. അതേസമയം, വയനാട് കൽപ്പറ്റയ്ക്കടുത്ത് മുട്ടിൽ പഞ്ചായത്തിൽ ഡെയറി ഫാമും, ഡെയറി പ്ലാന്റും, പാലുത്പന്നങ്ങൾ വിറ്റഴിക്കാൻ ഔട്ട്ലെറ്റുകളുമൊക്കെയായുള്ള ക്ഷീരസംരംഭകനുമാണ് അദ്ദേഹം.
കാലിഫോർണിയയിൽ ജോലി ലഭിച്ചതോടെ കുടുംബസമേതം അമേരിക്കയിലേക്കു കുടിയേറാനിരുന്നതാണ് അനൂപ്. എന്നാൽ, ആ മോഹങ്ങൾക്ക് തടസമായത് 2020ലെ കോവിഡിന്റെ വരവായിരുന്നു. ഇതേത്തുടർന്ന് ബഹുരാഷ്ട്ര കന്പനിയിലെ വൈറ്റ് കോളർ ജോലി വർക്ക് ഫ്രം ഹോം ആയി. അതോടെ, കാലിഫോർണിയൻ കന്പനിയിലെ ജോലി കൽപ്പറ്റയിലിരുന്നു ചെയ്തു തുടങ്ങി.
കോവിഡിനു ശേഷവും ജോലിയുടെ രീതിക്ക് മാറ്റം വന്നില്ല. മൂന്നോ നാലോ മാസം കൂടുന്പോൾ അവിടെ പോകണമെന്നു മാത്രം. വീട്ടിൽ ഇരുന്നുള്ള ജോലിക്കൊപ്പം നാട്ടിൽ ഒരു സംരംഭം കൂടി തുടങ്ങണമെന്ന ആലോചന ഇതിനിടയിൽ ശക്തമായി. അതിൽ നിന്നാണ് ഡെയറിഫാം എന്ന ആശയമുണ്ടായത്.
തുടക്കം പോത്തിൽ
അഞ്ചുവർഷങ്ങൾക്ക് മുന്‍പു മൂന്ന് പോത്തുകളെ വാങ്ങിയായിരുന്നു തുടക്കം, പിന്നീട് പോത്തുകളെ മാറ്റി മൂന്നു പശുക്കളെ വാങ്ങി. സൂപ്പർ കംപ്യൂട്ടിംഗ് സെമി കണ്ടക്ടർ മേഖലയിൽ വിദഗ്ധൻ ആണെങ്കിലും പശുവളർത്തലിൽ വലിയ അറിവൊന്നും അനൂപിന് ഉണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ കുറെക്കാലം പശുവളർത്തലിനെ കുറിച്ച് പഠിക്കാൻ മാറ്റിവച്ചു. ക്രമേണ സംരംഭം വിപുലപ്പെടുത്തി. ഇന്ന് കിടാക്കളും കിടാരികളും പശുക്കളുമെല്ലാമായി എഴുപതോളം ഉരുക്കൾ മുട്ടിൽ പഞ്ചായത്തിലെ മടക്കിമലയിലുള്ള കുന്പലാട് ഡെയറി എന്ന് പേരിട്ട അനൂപിന്റെ ഫാമിലുണ്ട്.
പ്രതിദിനം 600 ലിറ്ററോളമാണ് പാലുത്പാദനം. ഫാമിന്റെ സമീപം തന്നെയാണ് ഡയറി പ്ലാന്റ്. ഫാം ഫ്രഷ് നറുംപാൽ മുതൽ നറുംനെയ്യ് വരെ വിവിധങ്ങളായ പാലുത്പന്നങ്ങളാണ് ഡെയറി ഡെയിം എന്ന ബ്രാൻഡിൽ ഇവിടെ നിന്നും വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നത്.
ടെക്നോളജിയുടെ കരുത്തിൽ വൈറ്റ് റെവല്യൂഷൻ
കംപ്യൂട്ടർ എഞ്ചിനീയർ ആയതുകൊണ്ട് തന്നെ ഡെയറി ഫാമിലും ടെക്നോളജി പരമാവധി പ്രയോജനപ്പെടുത്താൻ അനൂപിന്റെ ശ്രദ്ധിക്കുന്നുണ്ട്. പശുക്കൾക്ക് നിത്യേന വേണ്ട കാലിത്തീറ്റയൊരുക്കാൻ ചെറിയൊരു ഫീഡ് മില്ലും ഫീഡ് പ്ലാന്റും ഫാമിൽ ഒരുക്കിയിട്ടുണ്ട്.
ഫീഡ് പ്ലാന്റിലേക്കുള്ള ഉപകരണങ്ങളെല്ലാം വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. ചോളം, ഡി.ഡി. ജി. എസ്. ധാന്യങ്ങൾ, കടലപ്പിണ്ണാക്ക്, തവിടുകൾ, ബൈപ്പാസ് പ്രോട്ടീൻ, ബഫറുകൾ, ടോക്സിക് ബൈൻഡർ, മിനറൽ മിക്സ്ചർ തുടങ്ങി 12 ഓളം ഘടകങ്ങൾ ചേർത്ത് തീറ്റക്കൂട്ടൊരുക്കിയാണ് കാലിത്തീറ്റ തയാറാക്കുന്നത്.
പശുക്കൾക്ക് ആവശ്യമായ പ്രോട്ടീൻ, ഊർജം തുടങ്ങിയവ മതിയായ അളവിൽ ഉറപ്പാക്കി പ്രത്യേകം ഫീഡ് ഫോർമുലേഷൻ തയ്യാറാക്കിയാണ്തീറ്റ ഒരുക്കുന്നത്. പശുക്കൾക്ക് തീറ്റ തയ്യാറാക്കുന്പോൾ പരിഗണിക്കേണ്ട മാറ്റർ, ക്രൂഡ് പ്രോട്ടീൻ, ടോട്ടൽ ഡൈജസ്റ്റബിൾ ന്യൂടിയന്റ്സ്(ടിഡിഎൻ) തുടങ്ങിയ കാര്യങ്ങളിൽ ഇതിനോടകം അനൂപ് അറിവ് നേടിക്കഴിഞ്ഞു.
ഒരു ലിറ്റർ പാലുത്പാദിപ്പിക്കാൻ 400 ഗ്രാം കാലിത്തീറ്റ എന്നാണ് കണക്ക്. എന്നാൽ അനൂപിന്റെ ഫാമിൽ പശുക്കൾക്ക് ഒരു ലിറ്റർ പാലുത്പാദനത്തിന് 300 ഗ്രാം എന്ന് തോതിലാണ് തീറ്റ നൽകുന്നത്. മികച്ച തീറ്റക്കൂട്ടുകൾ കൃത്യമായ അനുപാതത്തിൽ ചേർത്തുണ്ടാക്കിയ പോഷകസാന്ദ്രത ഉയർന്ന തീറ്റയായതിനാലാണ് അളവ് കുറച്ച് നൽകാൻ കഴിയുന്നത്.
കാലിത്തീറ്റയെക്കാൾ പ്രധാനമാണ് തീറ്റപ്പുല്ല്. കാരണം പശുക്കളുടെ ആരോഗ്യം അവയുടെ പണ്ടത്തിന്റെ അഥവാ റൂമന്റെ ആരോഗ്യവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. തീറ്റയിൽ പുല്ലിന്റെയും നാരിന്റെയും അനുപാതവും അളവും കൂടിയാൽ പണ്ടത്തിന്റെ ആരോഗ്യവും മെച്ചപ്പെടും, ചാണകം നല്ലരീതിയിൽ മുറുകിയ രീതിയിൽ പുറത്തുവരും.
എട്ടേക്കർ സ്ഥലത്താണ് അനൂപിന്റെ സൂപ്പർ നേപ്പിയർ പുൽകൃഷി. ദിവസവും 40 കിലോയോളം തീറ്റപ്പുല്ല് പശുക്കൾക്ക് നൽകും. ചാഫ് കട്ടറിൽ അരിഞ്ഞാണ് തീറ്റപ്പുല്ല് കൊടുക്കുന്നത്. കാലിത്തീറ്റയും പുല്ലും വെവ്വേറെ നൽകാതെ ഒരുമിച്ച് നൽകുന്നതാണ് ഫാമിലെ രീതി.
പശുക്കളുടെ തീറ്റത്തൊട്ടിയിൽ ആദ്യം അരിഞ്ഞ പുല്ലിട്ട് അതിനുമുകളിൽ കാലിത്തീറ്റ വിതറി വീണ്ടും ഒരു നിരകൂടി പുല്ലിടും. ടോട്ടൽ മിക്സഡ് റേഷൻ അഥവാ ടിഎംആർ എന്ന് വിളിക്കുന്ന കാലിവളർത്തലിലെ പുതിയ തീറ്റ ടെക്നോളജിയുടെ ഒരു രൂപം തന്നെയാണിത്.
പശുക്കളുടെ ദഹനം മെച്ചപ്പെടുത്താൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പ്രോബയോട്ടിക്കായി ആക്ടിവേറ്റഡ് ഇ.എം. സൊല്യൂഷ്യൻ നൽകുന്നതും പതിവാണ്. രണ്ട് ലിറ്റർ ഇ.എം. ലായനിയിൽ 8 ലിറ്റർ വെള്ളവും ശർക്കരയും ചേർത്താണ് ആക്ടിവേറ്റഡ് ഇ. എം. സൊല്യൂഷ്യൻ തയാറാക്കുന്നത്.
Agriculture
ഓണപ്പൂക്കളമൊരുക്കാന്‍ തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും പൂപ്പാടങ്ങളില്‍നിന്നു പൂക്കളെത്തിത്തുടങ്ങി. കമ്പം, തേനി, ശീലയംപെട്ടി, ചിന്നമന്നൂര്‍, തോവാള, ചെങ്കോട്ട എന്നിവിടങ്ങളില്‍ നിന്നാണ് മധ്യകേരളത്തിലേക്ക് പൂക്കള്‍ കൂടുതലായി എത്തുന്നത്. തൃശൂര്‍ മുതല്‍ വടക്കോട്ട് ഗുണ്ടല്പെട്ടില്നിന്നും ബന്ദിപ്പൂരില്‍ നിന്നും പൂക്കളെത്തും.
കാണം വിറ്റും ഓണം കൊള്ളണം എന്നാണ് കേരളത്തിലെ ചൊല്ല്. എന്നാല്‍ ഓണം തമിഴര്‍ക്ക് അവരുടെ പൂക്കള്വിറ്റ് പണം നിറയ്ക്കുന്ന വേളയാണ്. ഓണവിപണിക്കായി കമ്പത്തെയും ശീലയംപെട്ടിയിലെയും പൂപ്പാടങ്ങള്‍ ഒരുങ്ങി നില്‍ക്കുകയാണ്.
തേനി ജില്ലയിലെ ശീലയംപെട്ടിയിലും കമ്പത്തുമാണ് വന്‍തോതില്‍ പൂകൃഷി ചെയ്തിരിക്കുന്നത്. ജമന്തി, ബന്തി, വാടാമുല്ല, അരളി എന്നിവയാണ് പ്രധാനം. മഴ തോര്‍ന്ന് കാലാവസ്ഥ അനുകൂലമായ അതിരറ്റ ആഹ്ലാദത്തിലാണ് തമിഴ്നാട്ടിലെ പൂകര്‍ഷകര്‍.
ഓണത്തിനോടനുബന്ധിച്ചുള്ള അഞ്ചു ദിവസങ്ങളിലാണ് ശീലയംപെട്ടിയിലും ചിന്നമന്നൂരിലും ഏറ്റവും കൂടുതല്‍ വ്യാപാരം ലഭിക്കുന്നത്. ഇപ്പോള്‍ വില്‍ക്കുന്ന പൂക്കളെല്ലാം ഓണം അടുക്കുമ്പോള്‍ ഇരട്ടി വിലയാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ജമന്തി -80, വെള്ള ജമന്തി-300, ചെത്തി-180, അരളി-250, വെള്ള അരളി-400, വാടാമുല്ല-150-180, ട്യൂബ് റോസ് (വെള്ള)-450, മുല്ല- 1800, ബന്തി-200 എന്നിങ്ങനെയാണ് ഇന്നലത്തെ വിലനിലവാരം. ഓണത്തിന് മുല്ലപ്പൂ പൂക്കളത്തിലേക്ക് മാത്രമല്ല തലയില്‍ ചൂടാനും വേണം. അപ്പോള്‍ വില 3000 കടന്നാലും അതിശയം വേണ്ട.
ഇനിയുള്ള ഓരോ ദിവസവും പൂവിലയില്‍ മാറ്റമുണ്ടാകും. ശീലയംപെട്ടി മാര്‍ക്കറ്റില്‍ നിന്നുമാത്രം മാസം ശരാശരി 30 ടണ്‍ പൂക്കള്‍ കേരളത്തില്‍ എത്തിക്കുന്നുണ്ട്. മധ്യകേരളത്തിലേക്ക് പൂക്കളെത്തുന്ന മറ്റൊരു സ്ഥലമാണ് തോവാള.
നാഗര്‍കോവിലില്‍ നിന്നു തിരുനെല്‍വേലി പാതയില്‍ രണ്ടു വശങ്ങള് വേര്‍തിരിക്കുന്ന ചുരമ ഇവിടെയും വ്യാപകാമയി കൃഷിയുണ്ട്. ഇവിടെ ഇരുനൂറോളം കര്‍ഷകര്‍ ആയിരക്കണിക്കിന് ഏക്കര്‍ പൂകൃഷി നടത്തുന്നു.
ഓണത്തിനു മൂന്നു മാസം മുമ്പേ തമിഴ്നാട്ടില്‍ പൂവ് കൃഷി തുടങ്ങും. പാടത്തും വരമ്പത്തും വീട്ടുമുറ്റത്തുമൊക്കെ പൂത്തുലഞ്ഞ് ജമന്തിയും പിച്ചിയും മുല്ലയും. ഗ്രാമങ്ങളിലെ ആബാലവൃദ്ധം പേരും കൃഷിയില്‍ സജീവമാണ്.
പുലര്‍ച്ചെ രണ്ടോടെ ശീലായംപെട്ടി, കമ്പം, ചിന്നമന്നൂര്‍ മാര്‍ക്കറ്റുകള്‍ ഉണരും. ഇവിടെ നിന്നു ചാക്കില്‍ പൂക്കള്‍ ലോറിയില്‍ കേരളത്തില്‍ വൈകുന്നേരത്തോടെ എത്തും. കേരളത്തില്‍ പൂകൃഷി അടുത്തനാളുകളില്‍ സജീവമായിട്ടുണ്ടെങ്കിലും ആവശ്യത്തിനു ലഭിക്കില്ല.
ഇത്തവണ ശക്തമായ മഴ പെയ്തതിനാല്‍ കാര്യമായ വിളവും ലഭിച്ചിട്ടില്ല. കുടമുല്ല പൂവിന് ഉല്പാദനം കുറവായതിനാല്‍ വില കൂടുതലാണ്. 1500 രൂപയാണ് ഇന്നലത്തെ വില. ഓണം അടുക്കുമ്പോള്‍ വില മൂന്നിരട്ടി വരെ കൂടാം.
Agriculture
ഹൈറേഞ്ചിൽ പനങ്കുരുവിന് ആവശ്യക്കാരേറുന്നു. പച്ചക്കുരുവിന് 12 രൂപ മുതൽ 15 രൂപ വരെ വ്യാപാരികൾ നൽകും. പനങ്കുരു ചീയിച്ച് തൊലികളഞ്ഞ് പരിപ്പാക്കിക്കൊടുത്താൽ 40 മുതൽ 60 രൂപ വരെയും വില ലഭിക്കും.
കഞ്ഞിക്കുഴി പഞ്ചായത്തിൽ പനങ്കുരു വാങ്ങുന്നവർ നിരവധിയുണ്ട്. നല്ല വില ലഭിക്കുമെങ്കിലും ഇതിന്റെ വിളവെടുപ്പ് കഠിനമാണ്. പനങ്കുല വെട്ടി കയറിൽ തൂക്കിയിറക്കണം.
പിന്നീട് ഇതിന്റെ വള്ളികൾ കായോടൊപ്പം മുറിച്ചെടുത്ത് പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഒരാഴ്ചയോളം സൂക്ഷിച്ചുവച്ചാൽ കായുടെ തൊലി അഴുകും. പിന്നീട് വള്ളിയിൽനിന്ന് കായെടുത്ത് ഇവ കൂട്ടിയിട്ട് ജീപ്പ് കയറ്റി തൊലികൾ നീക്കം ചെയ്യും.
ശേഷം വെള്ളത്തിൽ കഴുകി വാരിയാണ് പനങ്കുരു ശേഖരിക്കുന്നത്. സാധാരണ ആളുകൾ പനങ്കുല വെട്ടിയിറക്കി ചാക്കിലാക്കി വ്യാപാരികൾക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്.
700 കിലോ തൂക്കമുള്ള പനങ്കുലവരെ ലഭിച്ചവരുണ്ട്. പനങ്കുല വെട്ടിയെടുക്കുമ്പോൾ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതിനാൽ പലരും ഇതിന് തയാറാവില്ല.
തമ്പാക്ക്, സുഗന്ധ മുറുക്കാൻ തുടങ്ങിയവയ്ക്ക് പനങ്കുരു ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. പനങ്കുരുവിന്റെ ഉപയോഗം വർധിച്ചതാണ് അടയ്ക്ക വിലയിടിയാൻ കാരണമെന്നും പറയുന്നുണ്ട്.
Agriculture
ഓണത്തിന് കേരളത്തിലേക്കു പൂക്കൾ എത്തിക്കാൻ അന്യ സംസ്ഥാനങ്ങളിലെ പൂപ്പാടങ്ങൾ ഒരുങ്ങി. ഓണക്കാലം തമിഴ്നാട്ടിലെയും കർണാടകയിലെയും പൂ കർഷകർക്ക് ചാകരക്കാലമാണ്. വിവാഹ സീസണ്‍കൂടി കണക്കിലെടുത്ത് ഇപ്പോൾത്തന്നെ വിപണിയിൽ പൂവില ഉയർന്നുതുടങ്ങി.
ഓണവിപണിക്കായി തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തോവാള, തേനി ജില്ലയിലെ ശീലയം പെട്ടി, മധുരയിലെ മാട്ടുത്താവണി, കോയന്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായി പൂക്കളെത്തുന്നത്.
ഇതിനു പുറമേ കർണാടകയിലെ ഗുണ്ടൽപേട്ട്, ഹൊസൂർ, ബംഗളൂരു എന്നിവിടങ്ങളിലെ പൂപ്പാടങ്ങളിലും വൻതോതിൽ പൂക്കളുടെ കൃഷിയും വിപണനവും നടക്കുന്നുണ്ട്. വിവിധ തരത്തിലുള്ള പൂക്കളാണ് നൂറു കണക്കിന് ഏക്കർ സ്ഥലത്തു കൃഷി ചെയ്യുന്നത്.
ഇരട്ടി വില
ശീലയംപെട്ടി മാർക്കറ്റിൽ ചെണ്ടുമല്ലി ഇപ്പോൾ കിലോയ്ക്ക് 100 രൂപയ്ക്കു ലഭിക്കും. എന്നാൽ, കേരളത്തിൽ 200 രൂപയാണ് വില. തമിഴ് നാട്ടിലെ പൂ മാർക്കറ്റിൽ ഓരോ മണിക്കൂറിലും വിലയിൽ വ്യതിയാനമുണ്ടാകും.
ഈ പൂക്കൾ കേരളത്തിലെത്തുന്പോൾ വില ഇരട്ടിയാകും. കർഷകരിൽനിന്നു കുറഞ്ഞ വിലയ്ക്കെടുക്കുന്ന പൂക്കൾ ഇടനിലക്കാർ മുഖേന എത്തുന്പോഴാണ് വില കുതിക്കുന്നത്.
തമിഴ്നാടിന്റെ അതിർത്തി ജില്ലകളിൽനിന്ന് ഒട്ടേറെ വാഹനങ്ങളിൽ കേരളത്തിലേക്കു പൂക്കൾ കയറ്റി അയയ്ക്കുന്നുണ്ട്.
അത്തം മുതൽ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പൂക്കളുടെ കച്ചവടം നടക്കുന്ന സമയമാണ് ഓണക്കാലം. അത്തം മുതൽ തിരുവോണം വരെ പൂക്കൾ വാങ്ങാനായി ആവശ്യക്കാരേറും. സ്ഥാപനങ്ങളിൽ അലങ്കാരത്തിനും പൂക്കളമിടാനുമാണ് ഏറ്റവും ആവശ്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ അത്തം മുതൽ പൂക്കളമൊരുക്കിത്തുടങ്ങും.
ഇതിനു പുറമേ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൂക്കള മത്സരങ്ങളും നടക്കും. ചിങ്ങത്തിലെ വിവാഹസീസണ് കൂടിയാകുന്നതോടെ ആവശ്യക്കാരേറും.
കേരളത്തിലും
കേരളത്തിൽ ഇപ്പോൾ പല ജില്ലകളിലും പ്രാദേശികമായി ജമന്തിയും മറ്റും കൃഷി ചെയ്തു വരുന്നുണ്ട്.
പലരും മട്ടുപ്പാവിൽ പൂക്കൃഷി നടത്തുന്നുണ്ട്. ഇതിനു പുറമേ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തിലും പൂക്കൃഷിയുണ്ട്.
പൂക്കളമൊരുക്കാനുള്ള തുന്പയും തുളസിയും മുക്കുറ്റിയും കാക്കപ്പൂവും പോലെയുള്ള നാട്ടുപൂക്കൾ അന്യമായതോടെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പൂക്കൾക്ക് ആവശ്യക്കാരേറിയത്.
ജമന്തിയാണ് താരം
ഓണക്കാലത്ത് ആവശ്യക്കാർ ഏറെയുള്ളത് ചെണ്ടുമല്ലി, ജമന്തി, റോസ്, അരളി, മുല്ല, വാടാമുല്ല, കോഴിപ്പൂവ് തുടങ്ങിയവയ്ക്കാണ്. നിലവിൽ ചെണ്ടുമല്ലി -200-220, ജമന്തി- 400-450, വാടാമുല്ല-250, കോഴിപ്പൂവ്-250, ബട്ടണ്‍ റോസ് -400 എന്നിങ്ങനെയാണ് വില്പന വില.
മുല്ലപ്പൂവിന് ഓരോ ദിവസവും വ്യത്യസ്ത വിലയാണ്. ഒരു മുഴം മുല്ലൂപ്പൂവിന് 45-50 രൂപയാണ് കച്ചവടക്കാർ ഈടാക്കുന്നത്.
ചിങ്ങം ഒന്നിന് തൊടുപുഴ മാർക്കറ്റിൽ 70 രൂപയായിരുന്നു ഒരു മുഴം മുല്ലപ്പൂവിന്റെ വില.
Agriculture
ചങ്ങനാശേരി പെരുന്ന ആവണിയില്‍ രമാദേവിയുടെ രണ്ടു വീടുകള്‍ നിറയെ വിളഞ്ഞുനില്‍ക്കുന്ന പച്ചക്കറികള്‍ കണ്കുളിര്ക്കുന്ന ഹരിതാഭ കാഴ്ചയാണ്. മത്തങ്ങ, വഴുതന, കുലവഴുതന, ഓണാട്ടുവഴുതന, വയലറ്റ് നീളന്‍, മാലാഖ, കോഴിക്കോടന്‍ വെങ്ങരി തുടങ്ങി എട്ടിനങ്ങളിലാണ് വഴുതന വിളഞ്ഞിരിക്കുന്നത്.
വെണ്ട ആണെങ്കില്‍ ആനക്കൊമ്പന് (പച്ച, ചുവപ്പ്), അരുണ, കസ്തൂരി തുടങ്ങിയ ഇനങ്ങള്‍. ഉജ്വല, ജ്വാലസഖി, വെള്ളക്കാന്താരി, വയലറ്റ് തുടങ്ങി എരിവ് കൂടിയതും കുറഞ്ഞതുമായ മുളകിനങ്ങള്‍. അരുണ, മയില്‍പ്പീലി, സുന്ദരി, മോഹിനി, പൊന്നാങ്കണി തുടങ്ങി അരഡസന്‍ ചീര ഇനങ്ങള്‍.
പെരുന്ന സുബ്രമണ്യംസ്വാമി ക്ഷേത്രം റോഡിന്റെ തുടക്കത്തിലാണ് പതിമൂന്നര സെന്റിലുള്ള രണ്ടു വീടുകളുടെ മട്ടുപ്പാവുകളിലെ രമാദേവിയുടെ കൃഷിയിടം. മംഗള, ലോല, ഗീതിക, അനശ്വര, കാര്‍ക്കൂന്തല്‍ തുടങ്ങിയ പയറിനങ്ങളും ഈ വീട്ടമ്മയുടെ കൃഷിയിടത്തില്‍ തിങ്ങിവിളയുന്നു.
പന്തളം സ്വദേശിനിയായ രമാദേവി ബോട്ടണിയില്‍ ബിരുദാനന്ദര ബിരുദം നേടിയിട്ടുണ്ട്. മുത്തശി കാര്ത്ത്യായനിയില്നിന്നു നേടിയ കൃഷി അറിവാണ് പെരുന്നയിലെ ആവണി വീടിന്റെ മട്ടുപ്പാവിനെയും പരിസരങ്ങളെയും കഴിഞ്ഞ കാല് നൂറ്റാണ്ടിലധികമായി കാര്‍ഷിക സമൃദ്ധിയിലേക്കു നയിച്ചത്.
മഞ്ഞള്‍, മുരിങ്ങ, അരിനെല്ലി, വിവിധതരം നാരകം, ഓമക്ക, സപ്പോര്‍ട്ട, പേര, ആത്ത, പീനട്ട് ബട്ടര്‍, ചെറി തുടങ്ങിയവയെല്ലാം ഈ പുരപ്പുറത്ത് 365 ദിവസവും വിളയുന്നു. ചാക്ക്, എച്ച്ഡിപി ബാഗ്, പ്ലാസ്റ്റിക് ബേസണ്‍, കണ്ടെയ്നറുകള്‍, തെര്‍മോകോള്‍ പെട്ടികള്‍ തുടങ്ങിയവയില്‍ തികച്ചും ശാസ്ത്രീയവും ജൈവ രീതിയിലുമാണ് കൃഷി.
പുരപ്പുറത്ത് വിളയുന്ന കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നതിനൊപ്പം "രമ ടെറസ് ഗാര്ഡന്’എന്ന ബ്രാന്‍ഡില്‍ ഈ വീട്ടമ്മ വന്‍തോതില്‍ വിത്തിനങ്ങളും വിറ്റുവരുന്നു.
രമാസ് ടെറസ് ഗാര്ഡന് എന്ന യുട്യൂബ് ചാനലിലൂടെ കാര്‍ഷിക വിഭവങ്ങളും വിത്തിനങ്ങളും വില്‍ക്കുന്നതിനൊപ്പം പുത്തന്‍ കാര്‍ഷിക അറിവുകള്‍ വീട്ടമ്മമാരുള്പ്പെടെയുള്ളവര്ക്ക് പകരാനും രമാദേവിക്കു കഴിയുന്നു.
കാര്‍ഷിക മികവിന് നിരവധി പുരസ്കാരങ്ങളും രമാദേവിയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കോട്ടയം ജില്ലയിലെ മികച്ച കര്‍ഷകയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫോണ്‍. 9446468569.
Agriculture
കയ്പിന്റെ പര്യായമായിട്ടാണ് കാഞ്ഞിര മരത്തെ കാണുന്നത്. അതിന്റെ എല്ലാ ഭാഗങ്ങൾക്കും അത്രയ്ക്കാണ് കയ്പ്. വായുക്ഷോഭം, ഗ്യാസ്ട്രൈറ്റിസ്, ദഹനക്കേട്, പിത്തസഞ്ചി എന്നീ രോഗ ലക്ഷണങ്ങൾക്കും ആമവാതം, ത്വക്ക് രോഗങ്ങൾ, ദഹനനാളത്തിലെ വീക്കം സ്തനാർബുദം എന്നീ രോഗങ്ങൾക്കും കാഞ്ഞിരം ഔഷധമാണ്.
ആയൂർവേദം, അലോപ്പതി, ഹോമിയോപ്പതി തുടങ്ങി എല്ലാ ചികിത്സാ രീതികളിലും ഉപയോഗിക്കുന്ന ഔഷധമാണ് കാഞ്ഞിരം. സ്ട്രിസ്നോസ്നക്സ് - വൊമിക്ക ലിൻ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കാഞ്ഞിരം ലൊഗാനിയേസി കുടുംബത്തിൽപ്പെടുന്നു.
തണൽ ഇഷ്ടപ്പെടുന്ന കാഞ്ഞിരം നനവുള്ള മണ്ണിലും നന്നായി വളരും. കാഞ്ഞിരമരം ഒന്നിച്ച് ഇല പൊഴിക്കാറില്ല, അതിന്റെ ഇലകൾ കന്നുകാലികൾ തിന്നാറുമില്ല. വരൾച്ചയെ സഹിക്കാനുള്ള കഴിവ് ഏറെയാണ്.
ഇതു കൃഷി ചെയ്യാറില്ല. വനങ്ങളിലും കാവുകളിലുമാണ് സാധാരണ കണ്ടുവരുന്നത്. വിത്തും തൊലിയുമാണ് എണ്ണയ്ക്കും ഔഷധങ്ങൾ നിർമിക്കാനും ഉപയോഗിക്കുന്നത്. തടിക്ക് നല്ല ഉറപ്പും ഈടുമുണ്ട്.
കാതൽ ചിതലെടുക്കില്ല. കൃഷി ആയുധങ്ങൾക്ക് പിടിയിടാനും, കട്ടിലുകൾ, ആയുർവേദ ചികിത്സയുടെ ഭാഗമായുള്ള എണ്ണത്തോണികൾ, വിത്തുകൾ സൂക്ഷിക്കാനുള്ള പെട്ടികൾ തുടങ്ങിയവ നിർമിക്കാനും കാഞ്ഞിരത്തിന്റെ തടി ഉപയോഗിക്കുന്നു.
കാഞ്ഞിരം നട്ടുവളർത്താവുന്ന മരമാണ്. വിത്ത് ശേഖരിച്ച് കാലതാമസമില്ലാതെ നടുന്നതാണ് ഉചിതം. നടുന്നതിനു മുന്‍പ് 12 മണിക്കൂർ വെള്ളത്തിൽ മുക്കി വയ്ക്കണം. മുളപ്പിച്ച തൈകൾ കാലവർഷാരംഭത്തോടെ അര മീറ്റർ വലുപ്പത്തിലുള്ള കുഴിയെടുത്ത് ആവശ്യത്തിന് വളം നിറച്ച് അതിൽ നടാം.
20-30 ദിവസത്തിനുള്ളിൽ വിത്തുകൾ മുളക്കും. ഒരു കുഴിയിൽ ആരോഗ്യമുള്ള ഒരു തൈ എന്നതാണ് കണക്ക്. ഇരുപത് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കാഞ്ഞിരത്തിന്റെ ഇലകൾക്ക് നല്ല പച്ചനിറവും തിളക്കവുമുണ്ട്.
അവയ്ക്ക് മധ്യഭാഗത്തെ അപേക്ഷിച്ച് അഗ്രഭാഗങ്ങൾക്കു വീതി കുറവാണ്. ഇലകൾക്ക് എട്ടു സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ നീളവും, അഞ്ചു സെന്റീമീറ്റർ മുതൽ പത്തു സെന്റീമീറ്റർ വരെ വീതിയും ഉണ്ടാകും.
സാധാരണ അഞ്ചാം വർഷം മുതൽ കായ്ച്ചു തുടങ്ങും. ഫെബ്രുവരി - ഏപ്രിൽ മാസങ്ങളിൽ പൂവിടും. ദ്വിലിംഗ പുഷ്പങ്ങൾക്ക് പച്ചകലർന്ന വെള്ളനിറത്തോടുകൂടിയ അഞ്ച് ബാഹ്യദളങ്ങളും അഞ്ചു കേസരങ്ങളും കാണും.
നവംബർ - മാർച്ച് മാസങ്ങളിൽ കായ്കൾ വിളയും വിളഞ്ഞ കായ്ക്ക് ഒറഞ്ചിന്റെ നിറമാണ്. ഒരു കായിൽ മൂന്ന് മുതൽ അഞ്ച് വരെ വിത്തുകളുണ്ടാകും. വിത്തുകൾക്ക് പരന്ന രൂപമാണ്. അവയിൽ ന്ധസ്ട്രിക് നൈൽ, ബ്രൂസൈൻ ’ എന്നീ അൽക്കലോയിഡുകളുണ്ട്.