പൂവാർ: ബൈപ്പാസിൽ കാഞ്ഞിരംകുളം - പൂവാർ സ്റ്റേഷൻ പരിധിയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോസ്ഥർ മുൻ താൽകാലിക ഡ്രൈവറെ കൂട്ടുപിടിച്ച് രാത്രി കാലങ്ങളിൽ ലോറിതടഞ്ഞു പണപ്പിരിവ് നടത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തെളിവെടുപ്പും ചോദ്യം ചെയ്യലും രഹസ്യമാക്കിയ പോലീസ് കസ്റ്റഡിയിൽ വാങ്ങി മണിക്കൂറുകൾക്കുള്ളിൽ തിരിച്ചു നൽകിയത് കേസ് അട്ടിമറിക്കാനാണെന്ന ആക്ഷേപവും ഉയരുന്നു.
കാഞ്ഞിരംകുളം കരിച്ചൽ സ്വദേശി രതീഷിനെയാണ് കാഞ്ഞിരംകുളം പോലീസും പൂവാർ പോലീസും രഹസ്യമായി കസ്റ്റഡിയിൽ വാങ്ങിയത്. കാഞ്ഞിരംകുളം പോലീസ് ശനിയാഴ്ച്ച രാവിലെ 11 മണിയോടെ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ രഹസ്യമായി ബൈപ്പാസിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. വൈകുന്നേരം അഞ്ചോ ടെ വീണ്ടും ജയിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെ പൂവാറിൽ എത്തിച്ച പ്രതിയെ അന്നു വൈകുന്നേരം തന്നെ തിരികെ നൽകി തടി തപ്പി. തമിഴ്നാട്ടിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേയ്ക്ക് രാത്രി കരിങ്കല്ലുമായി വന്നുമടങ്ങുന്ന ടിപ്പർ ലോറികളെ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി അനധികൃതമായി പണം നേരിട്ടും ഗൂഗിൾപേ വഴിയും പിടിച്ചുവാങ്ങിയതായി ലോറി ഡ്രൈവർമാർ നൽകിയ പരാതിയിൽ രണ്ടു പോലീസ് സ്റ്റേഷനുകളിലും കേസെടുത്തിരുന്നു.
യൂണിഫോം ധരിച്ച എംവിഡി എൻഫോഴ്സ്മെന്റ് ഉദ്യോസ്ഥരായ രണ്ടു പേർ ഉണ്ടായിരുന്നതായും പറയുന്നു. ഒരു ഉദ്യേഗസ്ഥനോടൊപ്പം മുൻ ഡ്രൈവർ രതീഷും ലോറി തടഞ്ഞു പണപിരിവ് നടത്തുന്ന സമയം മറ്റൊരു ഉദ്യേഗസ്ഥൻ ഔദ്യോഗിക വാഹനത്തിന്റെ മുൻ സീറ്റിൽ ഉണ്ടായിരുന്നതായും ഇവർ നൽകിയ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ കേസിൽ ഉൾപ്പെട്ട മുൻ ഡ്രൈവർ രതീഷിനെ കാഞ്ഞിരംകുളം പോലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ രതീഷ് പോലീസിനോടു സമാനമായ കാര്യങ്ങൾ വെളിപ്പെടുത്തിയതായാണു പുറത്തുവന്ന വിവരം.ഇതിന്റെ അടിസ്ഥാനത്തിലാണ് എംവിഡി എൻഫോഴ്സ്മെന്റ് ഉദ്യോസ്ഥനെ ഒന്നാം പ്രതിയാക്കിയും രതീഷിനെ രണ്ടാം പ്രതിയാക്കിയും കാഞ്ഞിരംകുളം പോലീസ് കേസെടുത്തത്. ഈ ദിവസം സമാനമായ പരാതിയിൽ പൂവാർ പോലീസും കേസ് രജിസ്ട്രർ ചെയ്തിരുന്നു. തൊട്ടുപിന്നാലെ പൂവാർ പോലീസ് കഴിഞ്ഞ ചൊവ്വാഴ്ച്ച രതീഷിനെ കസ്റ്റഡിയിൽ വാങ്ങി പേരിനു തെളിവെടുപ്പ് നടത്തി മണിക്കൂറുകൾക്കകം തിരികെ നൽകി.
സംഭവ ദിവസം ലോറി തടഞ്ഞ് പണം ആവശ്യപ്പെട്ട സമം മാസ്ക് ധരിച്ചിരുന്ന ഉദ്യേഗസ്ഥന്റെ ഫോട്ടോ ലോറി ഡ്രൈവർ മൊബൈലിൽ പകർത്താൻ ശ്രമിച്ചെങ്കിലും ഫോൺ പിടിച്ചു വാങ്ങി തല്ലി പൊട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ ഫോൺ പരാതികാർ കാഞ്ഞിരംകുളം പോലീസിൽ തെളിവിനായി ഹാജരാക്കിയിട്ടുണ്ട്. എംവിഡി ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ എല്ലാം തെളിവുകളും പോലീസിനു ലഭിച്ചിട്ടും ഉദ്യേഗസ്ഥരെ സംരക്ഷിക്കാനുള്ള അണിയറ നീക്കങ്ങളാണു നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.