International
ഡമാസ്കസ്: ലബനനിലെ ഹിസ്ബുള്ള ഭീകരരും സിറിയയിലെ അഹമ്മദ് അൽ ഷാര ഭരണകൂടവും അഭിപ്രായഭിന്നതകൾ പറഞ്ഞുതീർക്കാനായി തുർക്കിയിൽ രഹസ്യചർച്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുർക്കിയാണു ചർച്ചയ്ക്കു മുൻകൈയെടുത്തത്.
സിറിയൻ ആഭ്യന്തര യുദ്ധത്തിൽ പ്രസിഡന്റ് അസാദിനുവേണ്ടി ഹിസ്ബുള്ളകൾ പോരാടിയിരുന്നു. 2024 ഡിസംബരിൽ അൽ ഷാര നേതൃത്വം നല്കിയ വിമത സേന അസാദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ചു.
ഇതിനുശേഷം അൽ ഷാര ഭരണകൂടവും ഹിസ്ബുള്ളകളും തമ്മിൽ ശത്രുത വർധിച്ചു. ഹിസ്ബുള്ളകൾ സിറിയയിലേക്ക് ആയുധം കടത്തുന്നതായി അൽ ഷാര ഭരണകൂടം ആരോപിച്ചു.
സിറിയൻ വിദേശകാര്യമന്ത്രാലയത്തിലെയും ഇന്റലിജൻസ് ഏജൻസികളിലെയും ഉദ്യോഗസ്ഥരാണു കഴിഞ്ഞമാസം ഹിസ്ബുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ലക്ഷ്യമിട്ട് തുർക്കി ഇന്റലിജൻസ് വൃത്തങ്ങളാണു കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
ശത്രുത അവസാനിപ്പിക്കാമെന്ന് ഇരു വിഭാഗവും യോഗത്തിൽ സമ്മതിച്ചതായാണു റിപ്പോർട്ട്. ഹിസ്ബുള്ളയെ നിരായുധീകരിക്കാനായി ലബനനിലേക്കു സൈന്യത്തെ അയയ്ക്കില്ലന്ന് സിറിയ ഉറപ്പുനല്കി. ഇതിനു പകരമായി തെക്കൻ സിറിയയിലെ ഹിസ്ബുള്ള സ്ലീപ്പർ സെല്ലുകൾ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.
ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ഇറാനു യോഗത്തിലേക്കു ക്ഷണമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായി ബന്ധമുണ്ടാക്കുന്നതിൽ അൽ ഷാരയ്ക്കുള്ള എതിർപ്പായിരുന്നു ഇതിനു കാരണം.
അതേസമയം ഇറാന്റെ അനുമതിയോടെയാണ് ഹിസ്ബുള്ള യോഗത്തിൽ പങ്കെടുത്തത്. സിറിയയും ഹിസ്ബുള്ളയും തമ്മിൽ അന്തിമ ധാരണയുണ്ടാകാതിരുന്നത് ഇറാന്റെ അനിഷ്ടം മൂലമാണെന്നും പറയുന്നു.
International
ടെഹ്റാൻ: വെടിനിർത്തലിനായി മുന്നോട്ടുവച്ച പുതിയ നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം ലഭിച്ചതായി ഇറാൻ.
ഏഴു ദിവസത്തിനുള്ളിൽ പശ്ചിമേഷ്യയിലെ യുദ്ധം മുഴുവനായി അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള വ്യവസ്ഥകളാണു ന്യൂയോർക്കിലെ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ഖത്തർ വഴി ഇറാൻ അമേരിക്കു കൈമാറിയത്.
നിർദേശങ്ങൾ തള്ളുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയിൽനിന്ന് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് ഇറാൻ അറിയിച്ചത്. നയതന്ത്രത്തിലൂടെ മാത്രമേ യുദ്ധം അവസാനിക്കൂവെന്നും ഇറാൻ വ്യക്തമാക്കി.
യുദ്ധം എട്ടാം മാസത്തിലേക്കു കടക്കവേ ന്യൂയോർക്കിലുണ്ടായ സമാധാന ശ്രമങ്ങൾ പ്രതീക്ഷ പകരുന്നതായിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ പല കാര്യങ്ങളിലും ഇരുവിഭാഗവും ഏകാഭിപ്രായത്തിൽ എത്തിയതായും സൂചനയുണ്ടായിരുന്നു.
ഗൾഫിൽനിന്ന് ആഗോളവിപണിയിലേക്ക് എണ്ണയെത്തുന്ന ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാൻ ആവശ്യപ്പെടുന്നതാണു പ്രശ്നപരിഹാരത്തിനുള്ള പ്രധാന തടസം. ഇത് അനുവദിക്കാനാവില്ലെന്നാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
International
കാഠ്മണ്ഡു: നേപ്പാളിലെ ഹിംലംഗ് ഹിമൽ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഇന്നലെ എട്ടു മൃതദേഹങ്ങളാണു കണ്ടെടുത്തത്. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്.
നേപ്പാളിലെ മനാംഗ് ജില്ലയിലായിരുന്നു അപകടം. വിദേശ പർവതാരോഹകർക്കായി ഹിംലംഗ് ഹിമൽ കൊടുമുടിയുടെ താഴ്വരയിൽ ബേസ് ക്യാന്പ് തയാറാക്കുകയായിരുന്ന നേപ്പാളി തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്. വിദേശികളാരും അപകടത്തിൽപ്പെട്ടില്ല.
കാണാതായ ആളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്ലെന്നും നേപ്പാളി വൃത്തങ്ങൾ പറഞ്ഞു.
International
ദുബായ്/ മുംബൈ: ഇസ്രയേലിലെ ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പോയ ഫ്ലൈ ദുബായ് വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ ധീരമായി പ്രതിരോധിച്ച് വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. കുട്ടിക്കാലത്ത് ഒരിക്കൽ പോലും ഒരു പൈലറ്റാകാൻ ആഗ്രഹിക്കാതിരുന്ന സ്മിത്, ഇന്ന് ആഗോളതലത്തിൽ ഒരു യഥാർഥ നായകനായി വാഴ്ത്തപ്പെടുകയാണ്.
മുംബൈ ഘാട്കോപ്പർ സ്വദേശിയായ സ്മിത് മച്ചാറിന്റെ ആദ്യകാല സ്വപ്നം കുടുംബത്തിന്റെ തുണിത്തരങ്ങളുടെ ബിസിനസ് ഏറ്റെടുക്കുക എന്നതായിരുന്നു. ഇതിനായി ടെക്സ്റ്റൈൽ എൻജിനിയറിംഗ് കോഴ്സിനു ചേർന്ന അദ്ദേഹം മുംബൈയിലെ വെലിംഗക്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ മാനേജ്മെന്റ് പഠനവും നടത്തി. എന്നാൽ 19-ാം വയസിൽ അവിടെ നടന്ന ഒരു ഏവിയേഷൻ സെമിനാറാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.
പൈലറ്റാകാനുള്ള തീരുമാനം ആദ്യമൊക്കെ അമ്മയെ ഭയപ്പെടുത്തിയിരുന്നതായി മുന്പ് നൽകിയ ഒരു അഭിമുഖത്തിൽ സ്മിത് അനുസ്മരിച്ചിട്ടുണ്ട്. തുടർന്ന് ന്യൂസിലാൻഡിൽനിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം സ്പൈസ്ജെറ്റ് വിമാനക്കമ്പനിയിൽ ചേരുകയും 11 വർഷത്തോളം അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തു. ട്രെയിനിംഗ് ക്യാപ്റ്റൻ പദവി വരെ ഉയർന്ന അദ്ദേഹം 2022ലാണ് ഫ്ലൈ ദുബായിൽ എത്തുന്നത്. ഏകദേശം 15 വർഷത്തെ അനുഭവസമ്പത്തും 9,750 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്.
സ്മിതിന്റെ മുംബൈ തിലക് നഗറിലെ ‘സ്വാസ്തിക് ഹൈറ്റ്സ്’ അപ്പാർട്ട്മെന്റിനുമുന്നിൽ നൂറുകണക്കിന് ആളുകളാണ് ദേശീയപതാകയും സ്മിതിന്റെ ചിത്രങ്ങളുമേന്തി തടിച്ചുകൂടിയത്.
ഗുരുതരമായി പരിക്കേറ്റിട്ടും മനഃസാന്നിധ്യം കൈവിടാതെ കോക്പിറ്റ് തുറന്നുനൽകി വൻ ദുരന്തം ഒഴിവാക്കിയ സ്മിത്തിന്റെ ധീരതയെ മാനിച്ചു രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഭാരത് രത്ന’യോ ‘ശൗര്യ ചക്ര’യോ നൽകി ആദരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. വാർത്തയറിഞ്ഞ ഉടൻതന്നെ സ്മിതിന്റെ മാതാപിതാക്കൾ മുംബൈയിൽനിന്ന് ദുബായിലേക്ക് തിരിച്ചിട്ടുണ്ട്. സ്മിത് സുഖം പ്രാപിച്ച് തിരിച്ചെത്തുമ്പോൾ വൻ വരവേല്പ് നൽകാനുള്ള ഒരുക്കത്തിലാണ് മുംബൈ നിവാസികൾ.
സ്മിത്തിനെ വാനോളം പുകഴ്ത്തി മോദിയും ട്രംപും നെതന്യാഹുവും
ഗുരുതരമായി പരിക്കേറ്റിട്ടും സമയോചിതമായി പ്രവർത്തിച്ച് കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുക്കുകയും യാത്രക്കാരുടെയും മറ്റു ജീവനക്കാരുടെയും സഹായത്തോടെ അക്രമിയെ കീഴടക്കാൻ സഹായിക്കുകയും ചെയ്ത സ്മിത്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അഭിനന്ദിച്ചു.
"ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണ്. ജീവൻ അപകടത്തിലായ അവസ്ഥയിലും അദ്ദേഹം കാണിച്ച അസാമാന്യ ധൈര്യവും നിശ്ചയദാർഢ്യവുമാണ് നൂറുകണക്കിന് മനുഷ്യജീവനുകൾ രക്ഷിച്ചത്''-മോദി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി സ്മിത്തിന്റെ കുടുംബവുമായി ഫോണിൽ സംസാരിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റിട്ടും അസാമാന്യ ധൈര്യവും ആത്മവീര്യവും പ്രകടിപ്പിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണെന്ന് നെതന്യാഹുവും വിശേഷിപ്പിച്ചു.
അക്രമിയായ സഹപൈലറ്റിന്റെ കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിലും, തന്റെ അവസാന ഊർജവും സംഭരിച്ച് സ്മിത് കോക്പിറ്റിന്റെ സ്റ്റീൽ വാതിൽ തുറന്നുകൊടുത്തതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഇത് മറ്റൊരു ‘സെപ്റ്റംബർ 11’ മോഡൽ വിമാന ദുരന്തമാകുന്നത് തടഞ്ഞതായി നെതന്യാഹു വ്യക്തമാക്കി.
കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലും സമയോചിതമായി ഇടപെട്ട് വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അഭിനന്ദിച്ചു. ""പുറത്തുനിന്ന് ആർക്കും എളുപ്പത്തിൽ തുറക്കാൻ കഴിയാത്ത കട്ടിയുള്ള സ്റ്റീൽ വാതിലുകളാണ് കോക്ക്പിറ്റിലുള്ളത്. രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും പൈലറ്റ് ആ വാതിൽ തുറന്നുകൊടുത്തതാണ് രക്ഷാപ്രവർത്തനത്തിൽ വഴിത്തിരിവായത്''-ട്രംപ് പറഞ്ഞു.
സ്മിത് മച്ചാറിന് പുരസ്കാരം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ
ഗാന്ധിനഗർ: ഫ്ലൈ ദുബായ് വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം സ്വന്തം ജീവൻ പണയം വച്ച് തടയുകയും 174 യാത്രക്കാരുടെ ജീവൻ രക്ഷിക്കുകയും ചെയ്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് വിശിഷ്ട ഗുജറാത്ത് ഗരിമ പുരസ്കാരം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ധീരതയ്ക്കുള്ള ആദരവായാണ് അവാർഡ് നൽകുന്നതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.
ഗുജറാത്ത് സ്വദേശിയായ സ്മിത് മച്ചാറിന്റെ കുടുംബം വർഷങ്ങൾക്കു മുന്പാണ് മുംബൈയിലേക്ക് താമസം മാറിയത്.
International
ദുബായ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കു പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റനെ ഗുരുതരമായി പരിക്കേൽപിച്ചത് വിമാനത്തിൽ സൂക്ഷിച്ചിരുന്ന ക്രാഷ് ആക്സ് അഥവാ ഫയർ ആക്സ് കൊണ്ടാണെന്ന് റിപ്പോർട്ട്.
ആക്രമണത്തിന് കത്തിയോ വിമാനത്തിലെ കട്ലറിയിൽനിന്നുള്ള മറ്റേതെങ്കിലും ആയുധമോ ഉപയോഗിച്ചിരിക്കാമെന്നായിരുന്നു ആദ്യഘട്ട നിഗമനം.
എന്നാൽ, പുറത്തുനിന്ന് ആയുധം കോക്പിറ്റിലേക്ക് കൊണ്ടുവന്നതിന്റെ സൂചനയില്ലെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ആയുധം ക്രാഷ് ആക്സ് ആണെന്നു സ്ഥിരീകരിച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ വിമാനത്തിന്റെ ജനൽ തകർക്കുന്നതിനോ തീപിടി ത്തമുണ്ടായാൽ ആവശ്യമായ ഭാഗങ്ങളിലേക്കു പ്രവേശിക്കുന്നതിനോ ഉപയോഗിക്കാനായി ക്രാഷ് ആക്സ് സാധാരണയായി കോക്പിറ്റിൽ സൂക്ഷിക്കാറുണ്ട്.
International
ദുബായ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ ബുധനാഴ്ച രാവിലെയുണ്ടായ സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. അവിശ്വസനീയമായ ധൈര്യവും സമയോചിതമായ ഇടപെടലുകളുമാണ് 174 ജീവനുകളെ മരണമുഖത്തുനിന്ന് തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്.
സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ കോക്പിറ്റ് തുറന്നുനൽകിയതും വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാരും യാത്രക്കാരും സമയോചിതമായി ഇടപെട്ടതുമാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കോക്പിറ്റിനുള്ളിൽവച്ച് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച് വിമാനത്തിന്റെ നിയന്ത്രണസംവിധാനങ്ങൾ തകരാറിലാക്കാൻ ശ്രമിച്ചതോടെ രണ്ടു മിനിറ്റിനുള്ളിൽ വിമാനം 17,000 അടി താഴേക്ക് പതിച്ചു. എന്നാൽ തുടർന്നുണ്ടായ അഞ്ച് അദ്ഭുതകരമായ സംഭവങ്ങളാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
►കോക്പിറ്റ് വാതിൽ തുറന്ന് ക്യാപ്റ്റൻ
മാരകമായി പരിക്കേറ്റ് നിലത്തുവീണ ക്യാപ്റ്റൻ സ്മിത് മച്ചാർ, ബോധം മറയുന്നതിന് തൊട്ടുമുമ്പ് കോക്പിറ്റിന്റെ ലോക്ക് തുറന്നു. ഈ ഒറ്റ തീരുമാനമാണ് യാത്രക്കാർക്ക് ഉള്ളിലേക്ക് കടക്കാനും വിമാനം നിയന്ത്രണത്തിലാക്കാനും വഴിയൊരുക്കിയത്.
►സഹപൈലറ്റിനെ കീഴടക്കി യാത്രക്കാർ
വാതിൽ തുറന്നതോടെ പ്ലംബർ, ഡെന്റിസ്റ്റ്, ബാങ്കർ, ബിസിനസുകാരൻ എന്നിവരടങ്ങുന്ന യാത്രക്കാർ കോക്പിറ്റിലേക്ക് ഇരച്ചുകയറി. ഹെഡ്ഫോൺ കേബിളുകൾ ഉപയോഗിച്ച് ഇവർ സഹപൈലറ്റിനെ ബന്ധിച്ചു. പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റന് ഡെന്റിസ്റ്റായ ഡോ. ഷോട്ട മുസായേവ് അടിയന്തര പ്രഥമശുശ്രൂഷ നൽകിയതോടെ രക്തസ്രാവം നിലച്ചു.
►വിമാനം ഉയർത്തി പ്ലംബർ
യാത്രക്കാരനായ യാനിവ് ഹായുൻ എന്ന പ്ലംബർ വിമാനത്തിന്റെ കൺട്രോൾ ലിവറുകൾ മുകളിലേക്ക് വലിച്ച് വിമാനം കൂടുതൽ താഴേക്കു പതിക്കുന്നത് തടഞ്ഞു. നാഷണൽ ജിയോഗ്രഫിക് ചാനലിൽ"എയർ ക്രാഷ് ഇൻവസ്റ്റിഗേഷൻ’എന്ന ടിവി പരമ്പര സ്ഥിരമായി കാണാറുള്ള അറിവ് മാത്രമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്.
ടെൽ അവീവിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ തിരിച്ചെത്തിയ യാനിവിനെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ആലിംഗനം ചെയ്തു സ്വീകരിച്ചു. പരിക്കേറ്റ പൈലറ്റിന്റെ രക്തം പുരണ്ട വസ്ത്രങ്ങളോടെയാണ് പ്ലംബറായ യാനിവ്, നെതന്യാഹുവിനെ കണ്ടത്.
►രക്ഷകരായി ഓഫ് ഡ്യൂട്ടി പൈലറ്റുമാർ
വിമാനത്തിൽ യാത്രാക്കാരായി ഉണ്ടായിരുന്ന രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാർ ഉടൻതന്നെ കൺട്രോൾ ഏറ്റെടുക്കുകയും വിമാനം സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു.
►തകർന്ന വാലുമായി ലാൻഡിംഗ്
കുത്തനെ താഴേക്കു പതിച്ചപ്പോഴുണ്ടായ ശക്തമായ കാറ്റിൽ വിമാനത്തിന്റെ വാലിന്റെ പ്രധാന ഭാഗമായ റഡ്ഡർ തകർന്നിരുന്നു. എന്നിട്ടും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ കഴിഞ്ഞത് വ്യോമയാന വിദഗ്ധരെപ്പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
International
ന്യൂഡൽഹി: ഗുരുതരമായി പരിക്കേറ്റിട്ടും സമയോചിതമായി പ്രവർത്തിച്ച് കോക്ക്പിറ്റിന്റെ വാതിൽ തുറന്നുകൊടുക്കുകയും യാത്രക്കാരുടെയും മറ്റു ജീവനക്കാരുടെയും സഹായത്തോടെ അക്രമിയെ കീഴടക്കാൻ സഹായിക്കുകയും ചെയ്ത സ്മിതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അഭിനന്ദിച്ചു.
"ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണ്. ജീവൻ അപകടത്തിലായ അവസ്ഥയിലും അദ്ദേഹം കാണിച്ച അസാമാന്യ ധൈര്യവും നിശ്ചയദാർഢ്യവുമാണ് നൂറുകണക്കിനു മനുഷ്യജീവനുകൾ രക്ഷിച്ചത്,"-മോദി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി സ്മിതിന്റെ കുടുംബവുമായി ഫോണിൽ സംസാരിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റിട്ടും അസാമാന്യ ധൈര്യവും ആത്മവീര്യവും പ്രകടിപ്പിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണെന്ന് നെതന്യാഹുവും വിശേഷിപ്പിച്ചു. അക്രമിയായ സഹപൈലറ്റിന്റെ കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിലും തന്റെ അവസാന ഊർജവും സംഭരിച്ച് സ്മിത് കോക്ക്പിറ്റിന്റെ സ്റ്റീൽ വാതിൽ തുറന്നുകൊടുത്തതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഇത് മറ്റൊരു 'സെപ്റ്റംബർ 11' മോഡൽ വിമാന ദുരന്തമാകുന്നത് തടഞ്ഞതായി നെതന്യാഹു വ്യക്തമാക്കി.
കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലും സമയോചിതമായി ഇടപെട്ടു വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അഭിനന്ദിച്ചു. "പുറത്തുനിന്ന് ആർക്കും എളുപ്പത്തിൽ തുറക്കാൻ കഴിയാത്ത കട്ടിയുള്ള സ്റ്റീൽ വാതിലുകളാണ് കോക്ക്പിറ്റിലുള്ളത്. രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും പൈലറ്റ് ആ വാതിൽ തുറന്നുകൊടുത്തതാണ് രക്ഷാപ്രവർത്തനത്തിൽ വഴിത്തിരിവായത്'-ട്രംപ് പറഞ്ഞു.
International
ദുബായ്: ഇസ്രയേലിലെ ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പോയ ഫ്ലൈ ദുബായ് വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ ധീരമായി പ്രതിരോധിച്ച് വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. കുട്ടിക്കാലത്ത് ഒരിക്കൽ പോലും ഒരു പൈലറ്റാകാൻ ആഗ്രഹിക്കാതിരുന്ന സ്മിത്, ഇന്ന് ആഗോളതലത്തിൽ ഒരു യഥാർഥ നായകനായി വാഴ്ത്തപ്പെടുകയാണ്.
മുംബൈ ഘാട്കോപ്പർ സ്വദേശിയായ സ്മിത് മച്ചാറിന്റെ ആദ്യകാല സ്വപ്നം കുടുംബത്തിന്റെ തുണിത്തര ബിസിനസ് ഏറ്റെടുക്കുക എന്നതായിരുന്നു. ഇതിനായി ടെക്സ്റ്റൈൽ എൻജിനിയറിംഗ് കോഴ്സിനു ചേർന്ന അദ്ദേഹം മുംബൈയിലെ വെലിംഗക്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ മാനേജ്മെന്റ് പഠനവും നടത്തി. എന്നാൽ 19-ാം വയസിൽ അവിടെ നടന്ന ഒരു ഏവിയേഷൻ സെമിനാറാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.
പൈലറ്റാകാനുള്ള തീരുമാനം ആദ്യമൊക്കെ അമ്മയെ ഭയപ്പെടുത്തിയിരുന്നതായി മുന്പ് നൽകിയ ഒരു അഭിമുഖത്തിൽ സ്മിത് അനുസ്മരിച്ചിട്ടുണ്ട്. തുടർന്ന് ന്യൂസിലാൻഡിൽനിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം സ്പൈസ്ജെറ്റ് വിമാനക്കമ്പനിയിൽ ചേരുകയും 11 വർഷത്തോളം അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തു. ട്രെയിനിംഗ് ക്യാപ്റ്റൻ പദവി വരെ ഉയർന്ന അദ്ദേഹം 2022ലാണ് ഫ്ലൈ ദുബായിൽ എത്തുന്നത്. ഏകദേശം 15 വർഷത്തെ അനുഭവസമ്പത്തും 9,750 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്.
യൂണിഫോം അണിഞ്ഞാൽ ജോലിയിൽ മാത്രം ശ്രദ്ധിക്കുക, കോക്ക്പിറ്റിന് പുറത്തിറങ്ങിയാൽ ഏവിയേഷനെക്കുറിച്ച് മിണ്ടാതിരിക്കുക എന്ന നിലപാടുകാരനാണ് സ്മിത്. നിലവിൽ സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ ചികിത്സയിലുള്ള സ്മിത് സുഖം പ്രാപിച്ചുവരികയാണ്.
International
ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ക്രൂരമായ ആക്രമണത്തിന്റെയും കോക്ക്പിറ്റിൽ നടന്ന അതിസാഹസികമായ പോരാട്ടത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ക്രൂരമായ ആക്രമണത്തെത്തുടർന്ന് വിമാനം തകർച്ചയുടെ വക്കിലെത്തിയപ്പോൾ, ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന നാടകീയമായ നീക്കത്തിലൂടെ 174 ജീവനുകൾ കാത്തത് പ്ലംബർകൂടിയായ ഇസ്രേലി യാത്രക്കാരൻ യാനിവ് ഹായൂൺ ആണ്.
വിമാനത്തിലെ ലൈറ്റുകൾ അണയുകയും ക്യാബിൻ പ്രഷറിൽ പെട്ടെന്ന് വ്യതിയാനം സംഭവിക്കുകയും ചെയ്തതോടെയാണ് എന്തോ അപകടം നടക്കാൻ പോകുന്നുവെന്ന് യാനിവ് മനസിലാക്കിയത്.
അക്രമിയായ സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ, തന്റെ അവസാന ഊർജവും സംഭരിച്ച് കോക്ക്പിറ്റിന്റെ സ്റ്റീൽ വാതിൽ തുറന്നുകൊടുത്തതാണ് നിർണായക വഴിത്തിരിവായത്. സഹപൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റൻ സ്മിതിന് ഗുരുതരമായി പരിക്കേറ്റതോടെ വിമാനം രണ്ടു മിനിറ്റിൽ 17,000 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ അകത്തുകയറിയ യാനിവ് ഹായൂൺ അക്രമിയെ പിന്നിൽനിന്നു പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ചു.
"ഞാൻ കോക്ക്പിറ്റിൽ കയറുമ്പോൾ ഒരു പൈലറ്റ് ചോരയിൽ കുളിച്ച് നിലത്തു കിടക്കുകയായിരുന്നു. രണ്ടാമത്തെ പൈലറ്റ് വിമാനത്തിന്റെ കൺട്രോൾ പാനലിൽ ആഞ്ഞടിച്ച് വിമാനം തകർക്കാൻ ശ്രമിക്കുകയായിരുന്നു," യാനിവ് വിശദീകരിച്ചു. യാനിവ് ഉടനടി അക്രമിയായ സഹപൈലറ്റിന്റെ കഴുത്തിൽ പിടിമുറുക്കി കോക്ക്പിറ്റിനു പുറത്തേക്കു വലിച്ചിഴച്ചു.
അക്രമിയെ പുറത്താക്കിയ ശേഷം താഴേക്കു പതിക്കുകയായിരുന്ന വിമാനത്തിന്റെ കൺട്രോൾ സ്റ്റിക്കിൽ യാനിവ് പിടിമുറുക്കി ശക്തിയായി പിന്നോട്ടുവലിച്ചു. അപകടകരമായ രീതിയിൽ വിമാനം നിലംപതിക്കുന്നത് തടയാൻ ഇതു സഹായിച്ചു. തുടർന്ന്, യാത്രക്കാരനായി ഉണ്ടായിരുന്ന മറ്റൊരു പൈലറ്റ് കോക്ക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.
താൻ നാഷണൽ ജിയോഗ്രഫിക്കിലെ 'എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ' എന്ന ജനപ്രിയ ടിവി ഷോ പതിവായി കാണാറുണ്ടെന്നും അതു കണ്ടുള്ള പരിചയം വച്ചാണ് വിമാനത്തിന്റെ കൺട്രോൾ സ്റ്റിക്ക് പിന്നോട്ടുവലിച്ചതെന്നും യാനിവ് പറഞ്ഞു.
ടെൽ അവീവിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ തിരിച്ചെത്തിയ യാനിവിനെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ആലിംഗനം ചെയ്തു സ്വീകരിച്ചു. പരിക്കേറ്റ പൈലറ്റിന്റെ രക്തം പുരണ്ട വസ്ത്രങ്ങളോടെയാണ് പ്ലംബറായ യാനിവ് നെതന്യാഹുവിനെ കണ്ടത്.
ഇത്രയും കൃത്യമായി നിങ്ങൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് എങ്ങനെയാണെന്ന് നെതന്യാഹു ചോദിച്ചപ്പോൾ, "ഞാൻ 'എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ' എന്ന ടിവി ഷോ പതിവായി കാണാറുണ്ട്" എന്നായിരുന്നു ചിരിച്ചുകൊണ്ട് യാനിവ് നൽകിയ മറുപടി.
ഹെഡ്ഫോൺ വയറുകൾ കൊണ്ട് അക്രമിയെ കെട്ടിയിട്ടു
വിമാനത്തിലുണ്ടായിരുന്ന ഡോക്ടറായ മച്ചാൻ ഷോട്ട മൂസയേവ് എന്ന യാത്രക്കാരനാണ് ഹെഡ്ഫോണിന്റെ വയറുകളും പ്ലാസ്റ്റിക് സിപ്ടൈകളും ഉപയോഗിച്ച് സഹപൈലറ്റിന്റെ കൈകാലുകൾ കെട്ടിയിട്ട് അക്രമിയെ പൂർണമായി കീഴടക്കിയത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറിന് അടിയന്തര പ്രഥമശുശ്രൂഷ നൽകി അദ്ദേഹത്തിന്റെ രക്തസ്രാവം നിർത്തുകയും ചെയ്തു.
International
ദുബായ്: ദുബായിൽ നിന്ന് ഇസ്രയേലിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യത്തെയും തുടർനടപടികളുടെയും പശ്ചാത്തലത്തിൽ, ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെക്കുന്നതായി ഫ്ലൈദുബായ് പ്രഖ്യാപിച്ചു. ഔദ്യോഗിക അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് ഈ നടപടി.
ദുബായിൽ നിന്ന് ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഫ്.ഇസെഡ് 1073 ബോയിംഗ് 737 മാക്സ് വിമാനമാണ് കോക്ക്പിറ്റിലെ പൈലറ്റുമാർ തമ്മിലുള്ള കയ്യാങ്കളിയെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ വിമാനം പെട്ടെന്ന് ആയിരക്കണക്കിന് അടി താഴ്ന്നത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. തുടർന്ന് എമർജൻസി കോഡുകൾ നൽകുകയും സൗദി അറേബ്യയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
International
കോപ്പൻഹേഗൻ: പോർച്ചുഗൽ ദേശീയ ഫുട്ബോൾ ക്യാമ്പിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തുകടന്നതിന് പിന്നാലെ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ ക്യാമ്പ് വിടാനുള്ള യഥാർത്ഥ കാരണം ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്ന് റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കോപ്പൻഹേഗനിൽ നടന്ന പരിശീലന ക്യാമ്പിൽ നിന്നാണ് 41 കാരനായ താരം പുറത്തുപോയത്.
യുവേഫ നേഷൻസ് ലീഗിൽ നോർവെക്കെതിരായ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ടായിരുന്നെങ്കിലും റൊണാൾഡോയെ കളത്തിലിറക്കാൻ പരിശീലകൻ ജോർജ് ജെസ്യൂസ് തയ്യാറായിരുന്നില്ല. തുടർന്ന് ഡെൻമാർക്കിനെതിരായ മത്സരത്തിലും താരം സ്റ്റാർട്ടേഴ്സ് നിരയിൽ ഉണ്ടാകില്ലെന്ന് കോച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് റൊണാൾഡോ ക്യാമ്പ് വിട്ടത്. പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
പോർച്ചുഗലിനായി 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിന് ഇത് വിരാമമാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. 2026 തന്റെ അവസാന വർഷമായിരിക്കുമെന്ന് താരം നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും നിലവിൽ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല.
International
ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ ആകാശമധ്യേ നടന്ന അതിക്രമം ‘അതിഗുരുതരമായ സുരക്ഷാ സംഭവം’ ആണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഭീകരാക്രമണ ശ്രമം തടഞ്ഞു യാത്രക്കാരുടെ ജീവൻ രക്ഷിച്ച ധീരരായ പൈലറ്റിനും യാത്രക്കാർക്കും അദ്ദേഹം ആദരവ് അർപ്പിച്ചു. ഇത്തരം സുരക്ഷാഭീഷണികൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ഇസ്രേലി രഹസ്യാന്വേഷണ ഏജൻസികൾക്കും സുരക്ഷാ വിഭാഗത്തിനും നെതന്യാഹു നിർദേശം നൽകി.
സുരക്ഷിതമായി സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കിയ യാത്രക്കാരെ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
International
ടെൽ അവീവ്: ദുബായിൽനിന്നു ഇസ്രയേലിലെ ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ കോക്പിറ്റിനുള്ളിൽ വച്ച് പൈലറ്റും സഹ പൈലറ്റും തമ്മിൽ നടന്ന രക്തരൂഷിതമായ ഏറ്റുമുട്ടലിന്റെയും അതിനെത്തുടർന്നുണ്ടായ പരിഭ്രാന്തിയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളിൽ ഭയന്നോടുന്ന യാത്രക്കാരെയും നിലവിളിക്കുന്ന കുട്ടികളെയും കാണാം.
കോക്പിറ്റിനുള്ളിൽ ഒമാൻ സ്വദേശിയായ സഹ പൈലറ്റ് വിമാനം തകർക്കാൻ ശ്രമിക്കുകയും തടയാൻ നോക്കിയ മുഖ്യ പൈലറ്റിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തതോടെ വിമാനത്തിന്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെട്ടു. രണ്ടു മിനിറ്റിൽ താഴെ സമയം കൊണ്ട് വിമാനം 34,000 അടി ഉയരത്തിൽനിന്ന് 16,600 അടിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
വിമാനത്തിന്മേൽ അടിയന്തര നിയന്ത്രണം വേണമെന്നു കാണിച്ച് ജനറൽ എമർജൻസി കോഡായ 7700-ഉം തൊട്ടുപിന്നാലെ വിമാനം റാഞ്ചിയെന്നു സൂചന നൽകുന്ന 7500 എന്ന ഇന്റർനാഷണൽ കോഡും വിമാനത്തിൽനിന്ന് സന്ദേശമായി പുറത്തുവന്നു.
യുദ്ധവിമാനങ്ങൾ പറന്നുയർന്നു;രക്ഷകരായി യാത്രക്കാർ
വിമാനത്തിൽനിന്ന് റാഞ്ചൽ സന്ദേശം ലഭിച്ചയുടൻ ഇസ്രയേലും സൗദി അറേബ്യയും തങ്ങളുടെ യുദ്ധവിമാനങ്ങൾ അയച്ചു. അതിനിടെ, കോക്പിറ്റിൽനിന്നു ബഹളം കേട്ട് ഓടിയെത്തിയ യാത്രക്കാരും ക്യാബിൻ ക്രൂവും ചേർന്ന് പരിക്കേറ്റ പൈലറ്റിനെ രക്ഷിക്കുകയും അക്രമിയായ സഹ പൈലറ്റിനെ ബലമായി കീഴടക്കി കെട്ടിയിടുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലെ പൈലറ്റുമാരിലൊരാൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ സൗദിയിൽ ലാൻഡ് ചെയ്തതിനുശേഷം ഇസ്രേലി യാത്രക്കാർ പ്രാർഥനാഗാനങ്ങൾ ആലപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവം പൂർണമായ ഒരു ഭീകരാക്രമണ ശ്രമമായാണ് ഇസ്രേലി ഏജൻസികൾ കാണുന്നത്. ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബന്ധുക്കൾക്കായി പ്രത്യേക വിവരശേഖരണ കേന്ദ്രം തുറന്നിട്ടുണ്ട്.
International
പാരീസ്: ഫ്രാൻസ് സന്ദർശനത്തിനിടെ, ഭിന്നശേഷിക്കാരിയായ മരീ ഗാരൻസ് എന്ന പത്തുവയസുകാരിയെ ലെയോ പതിനാലാമൻ മാർപാപ്പ നേരിട്ടെത്തി ചേർത്തണയ്ക്കുകയും ആശീർവദിക്കുകയും ചെയ്ത ചിത്രം വൈറലാകുന്നു.
പാരീസിലെ പ്ലാസ് ദെ ലാ കോൺകോർഡിനു സമീപം ശനിയാഴ്ചയായിരുന്നു ലോകത്തിന്റെ മുഴുവൻ ഹൃദയം കവർന്ന ഈ വൈകാരിക സംഭവം. ചക്രക്കസേര ഉപയോഗിക്കുന്നവർക്കായി വേർതിരിച്ച സ്ഥലത്ത് വളർത്തമ്മ ക്ലോത്തില്ഡെ നോയലിനും അനിയത്തി പെപ്പ യ്ക്കുമൊപ്പം മാർപാപ്പയെ കാണാൻ കാത്തുനിൽക്കുകയായിരുന്നു മരീ ഗാരൻസ്.
തെരുവോരത്ത് തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തിനിടയിൽനിന്നു പെൺകുട്ടിയെ മാർപാപ്പയുടെ ശ്രദ്ധയിൽപ്പെടുത്താനായി ചുറ്റുമുള്ള വിശ്വാസികൾ ചേർന്ന് മുൻനിരയിലേക്ക് ഉയർത്തിക്കാണിക്കുകയായിരുന്നു. ജനക്കൂട്ടത്തിന്റെ സ്നേഹവായ്പു കണ്ട വത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കുട്ടിയെ ശ്രദ്ധയോടെ വാങ്ങി മാർപാപ്പയ്ക്ക് അരികിലേക്കു നൽകി. വാത്സല്യത്തോടെ കുഞ്ഞിനെ തഴുകിയ മാർപാപ്പ, അവളുടെ നെറ്റിയിൽ സ്നേഹപൂർവം കുരിശടയാളം വരച്ച് പ്രാർഥിക്കുകയും ആശീർവദിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന സഹോദരി പെപ്പ യെയും അദ്ദേഹം അനുഗ്രഹിച്ചു.
ഏതൊരു അവസ്ഥയിലുമുള്ള മനുഷ്യജീവന്റെ മൂല്യത്തെയും മാന്യതയെയും ഉയർത്തിക്കാട്ടുന്ന ഈ അപൂർവനിമിഷത്തെ ‘യെസ് ടു ലൈഫ്’(ജീവനുവേണ്ടിയുള്ള നിലപാട്) എന്ന ആശയത്തിന്റെ വലിയൊരു പ്രതീകമായാണ് ഫ്രഞ്ച് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ആഗോളതലത്തിൽ ഈ ചിത്രം വൻ പ്രചാരം നേടി.
വിദ്വേഷങ്ങളും ആശങ്കകളും നിറഞ്ഞ ലോകത്തിനു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വലിയൊരു സന്ദേശം നൽകാൻ ഈ ഒറ്റ നിമിഷത്തിലൂടെ മാർപാപ്പയ്ക്കു സാധിച്ചുവെന്നാണ് ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നത്.
ജീവകാരുണ്യരംഗത്തു ശ്രദ്ധേയരായി നോയൽ കുടുംബം
ഫ്രാൻസിൽ ഏറെ പ്രശസ്തമാണ് മരീ ഗാരൻസിന്റെയും അവരെ ദത്തെടുത്ത നോയൽ കുടുംബത്തിന്റെയും കഥ. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ ദത്തെടുത്ത് സംരക്ഷിക്കുന്നതിലും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തോടെയുള്ള ജീവിതത്തിനുമായി പ്രവർത്തിക്കുന്നതിലും ഫ്രാൻസിൽ ഏറെ മാതൃകയായ ദമ്പതികളാണ് ക്ലോത്തില്ഡെയും നിക്കോളാസ് നോയലും.
2016ൽ വെറും 16 മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഇവർ മരീ ഗാരൻസിനെ ദത്തെടുക്കുന്നത്. ദത്തെടുത്ത ഭിന്നശേഷിക്കാരായ നാലുപേരുൾപ്പടെ പത്തു മക്കളാണ് ദന്പതികൾക്കുള്ളത്.
International
ദുബായ്: ആഫ്രിക്കന്രാജ്യമായ മൊറോക്കയില് ആദ്യമായി വനിതാ പ്രധാനമന്ത്രി. ഫാത്തിമ എസാറ എല് മന്സൂരിയെയാണ് പ്രധാനമന്ത്രിയായി മുഹമ്മദ് ആറാമന് രാജാവ് നിയമിച്ചത്.
അമ്പതുകാരിയായ ഫാത്തിമ അറബ് ലോകത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. നഗരാസൂത്രണ മന്ത്രിയായി പ്രവര്ത്തിച്ചിട്ടുള്ള ഫാത്തിമ മാരാകേഷിലെ മേയറുമായിരുന്നു.
ചരിത്രപരമെന്നാണ് തന്റെ സ്ഥാനലബ്ധിയെ ഫാത്തിമ വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പില് ഫാത്തിമയുടെ ഓതന്റിസിറ്റി ആന്ഡ് മോഡേണിറ്റി പാര്ട്ടി (പിഎഎം) 97 സീറ്റ് നേടി 395 അംഗ പാര്ലമെന്റിൽ വലിയ ഒറ്റക്കക്ഷിയെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 198 പേരുടെ പിന്തുണയാണ്. സര്ക്കാര് രൂപവത്കരണത്തിന് ഫാത്തിമയ്ക്ക് ചെറുകക്ഷികളുടെ പിന്തുണ വേണ്ടിവരും.
International
ദുബായ്: ആകാശത്തുവച്ച് വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം ധീരമായി ചെറുത്ത് 180ലേറെ പേരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ പൈലറ്റ്. മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാറാണ് കുത്തേറ്റിട്ടും സഹപൈലറ്റുമായി പൊരുതി വൻ ദുരന്തം ഒഴിവാക്കിയത്.
മറ്റൊരു "സെപ്റ്റംബർ 11' മോഡൽ ആക്രമണശ്രമമാണ് ഒഴിവായതെന്ന് ഇസ്രേലി അധികൃതർ വ്യക്തമാക്കി. പ്രാദേശിക സമയം ഇന്നലെ രാവിലെ 8.44നായിരുന്നു ലോകത്തെ ഞെട്ടിച്ച സംഭവം.
ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായുടെ എഫ്ഇസെഡ് 1073 ബോയിംഗ് 737 വിമാനത്തിലായിരുന്നു സംഭവം. വിമാനം ലക്ഷ്യസ്ഥാനത്തോടടുക്കവേ, ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാക്കാനും വിമാനം താഴേക്കു പതിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിന് സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. രക്തത്തിൽ കുളിച്ചനിലയിലും ക്യാപ്റ്റൻ അക്രമിയെ ചെറുത്തുതോൽപ്പിച്ചു.
വിമാനം പെട്ടെന്ന് താഴേക്കു പതിക്കാൻ തുടങ്ങിയതോടെ മുൻനിരയിലിരുന്ന ചില ഇസ്രേലി യാത്രക്കാരും കാബിൻ ക്രൂവും കോക്പിറ്റിലേക്കു കയറി സഹപൈലറ്റിനെ നേരിടുകയും പുറത്താക്കി കെട്ടിയിടുകയുമായിരുന്നു. തുടർന്ന്, യാത്രക്കാരായി സഞ്ചരിക്കുകയായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ കോക്പിറ്റിൽ പ്രവേശിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഇവർ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യിച്ചു. വെറും രണ്ടു മിനിറ്റിനുള്ളിൽ 17,000 അടിയോളം താഴേക്കു പതിച്ച വിമാനമാണ് വലിയൊരു ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
വിമാനത്തിൽനിന്ന് ആദ്യം റാഞ്ചൽ സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഇസ്രയേലും സൗദിയും യുദ്ധവിമാനങ്ങൾ അയച്ചെങ്കിലും പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി.
International
കീവ്: യുക്രെയ്നിലെ വൈദ്യുതിവിതരണ ശൃംഖലയെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും 33 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തലസ്ഥാനമായ കീവിലെ ഏറ്റവും വലിയ വൈദ്യുതിവിതരണക്കാരായ ട്രിപിൽസ്ക പവർ സ്റ്റേഷനും ആക്രമിക്കപ്പെട്ടു.
പാർപ്പിടസമുച്ചയങ്ങൾ അടക്കമുള്ള സിവിലിയൻ കേന്ദ്രങ്ങളും റെയിൽവേ സ്റ്റേഷനും ആക്രമിക്കപ്പെട്ടു. കീവ് അടക്കമുള്ള വലിയ നഗരങ്ങളിൽ വൈദ്യുതി മുടങ്ങി.
International
ദുബായ്: സൊമാലിയൻ തീരത്തിനു സമീപം കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിലെ ഇന്ത്യക്കാരൻ ഉൾപ്പടെ അഞ്ചു ജീവനക്കാർ കൊല്ലപ്പെട്ടു. പലാവു പതാകയേന്തിയ എംടി ഓണർ 25 എന്ന എണ്ണ ടാങ്കറിലെ ജീവനക്കാരാണു കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെയാണു സംഭവം. കൊല്ലപ്പെട്ടവരിൽ മൂന്നു പാക്കിസ്ഥാൻകാരും ഒരു മ്യാൻമർ പൗരനും ഉൾപ്പെടുന്നു. മൂന്നു പാക്കിസ്ഥാൻകാർക്കും ഒരു ഇന്ത്യക്കാരനും പരിക്കേറ്റുവെന്ന് പുന്ത്ലാൻഡ് മാരിടൈം പൊലിസ് ഫോഴ്സ് (പിഎംപിഎഫ്) അറിയിച്ചു.
കപ്പലിന്റെ നിയന്ത്രണം പിഎംപിഎഫ് ഏറ്റെടുത്തു. സൊമാലിയയിലെ അർധ സ്വയംഭരണ പ്രദേശമാണ് പുന്ത്ലാൻഡ്. 16 കടൽക്കൊള്ളക്കാരെ പിഎംപിഎഫ് പിടികൂടി. മറ്റുള്ളവർക്കായി തെരച്ചിൽ നടന്നുവരികയാണ്.
18,500 ബാരൽ എണ്ണയുമായി മൊഗാദിഷുവിലേക്കു പോകുകയായിരുന്ന കപ്പൽ ഏപ്രിൽ 21നാണ് കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ഇന്നലെ മറ്റൊരു സംഭവത്തിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ ടോഗോ പതാകയേന്തിയ എംടി യൂറേക്ക എന്ന കപ്പൽ വിട്ടയച്ചു. പുന്ത്ലാൻഡിലെ കർകാർ മേഖലയിലായിരുന്നു കപ്പൽ തടഞ്ഞുവച്ചത്. നാല് ഇന്ത്യക്കാർ ഉൾപ്പടെ 12 ജീവനക്കാരെ സുരക്ഷാസേനയ്ക്കു കൈമാറി. കടൽക്കൊള്ളക്കാർ കപ്പലിനു കേടുപാട് വരുത്തി.
International
ടെഹ്റാൻ: മിഡ്ടേം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അമേരിക്കയിൽ പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ അനുയായികൾക്കും എതിരേ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് ഇറാനിലെ വിപ്ലവ ഗാർഡ്.
ഇസ്രയേലിനെ പിന്തുണയ്ക്കുകയും വിദേശത്ത് സൈനികമായി ഇടപെടുകയും ചെയ്യുന്ന ഭരണകർത്താക്കളെ അമേരിക്കൻ ജനത പുറത്താക്കണമെന്നു വിപ്ലവഗാർഡ് പുറത്തിറക്കിയ 26 പേജുള്ള കത്തിൽ നിർദേശിക്കുന്നു.
ഇറേനിയൻ മാധ്യമങ്ങൾ പ്രസദ്ധീകരിച്ച കത്ത് അമേരിക്കൻ ജനത കാണാൻ പോലും സാധ്യതയില്ലെന്നാണു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടാൻ ശത്രുരാജ്യമായ ഇറാനു കഴിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി തോൽക്കുമെന്നും പ്രതിപക്ഷ ഡെമോക്രാറ്റുകൾ കോൺഗ്രസിലെ ഇരു സഭകളിലും ഭൂരിപക്ഷം നേടുമെന്നുമാണു സൂചന.
അമേരിക്കയുടെ നിലവിലുള്ള യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും പുതിയവ തുടങ്ങില്ലെന്നും വാഗ്ദാനം ചെയ്താണ് ട്രംപ് വീണ്ടും അധികാരത്തിലേറിയത്.
പക്ഷേ, ഫെബ്രുവരി അവസാനം അമേരിക്കൻ സേന ഇസ്രയേലിനൊപ്പം ഇറാനെതിരേ തുടങ്ങിയ യുദ്ധം ആഗോളതലത്തിൽ മാത്രമല്ല അമേരിക്കയിലും ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലയും ഉയരാൻ ഇടയാക്കി. ട്രംപിന്റെ ജനപ്രീതി ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്.
International
ബ്രസൽസ്: പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയ്ക്കെതിരേ അണ്വായുധ ഭീഷണി മുഴക്കി റഷ്യ. റഷ്യയുടെ വിദൂര പ്രദേശമായ കളിനിൻഗ്രാഡിനെ വേർപെടുത്താൻ ശ്രമിച്ചാൽ അണ്വായുധം പ്രയോഗിക്കേണ്ടിവരുമെന്നാണു നാറ്റോയ്ക്ക് അയച്ച അനൗപചാരിക രേഖയിൽ റഷ്യ മുന്നറിയിപ്പു നല്കിയത്.
നാറ്റോ അംഗങ്ങളായ പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കളിനിൻഗ്രാഡിനെ റഷ്യയിൽനിന്നു വിച്ഛേദിക്കാനുള്ള നീക്കങ്ങൾ അപകടം പിടിച്ചതാണെന്നും നാറ്റോയുമായി നേരിട്ടുള്ള സംഘർഷത്തിനു വഴിവച്ചേക്കുമെന്നും റഷ്യ ചൂണ്ടിക്കാട്ടി.
സംഘർഷമുണ്ടായാൽ ആരംഭത്തിൽത്തന്നെ നാറ്റോ രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളെ റഷ്യ ആക്രമിച്ചേക്കാം. സ്വന്തം പ്രദേശത്തെ സംരക്ഷിക്കാനായി അണുബോംബ് അടക്കമുള്ള എല്ലാ ആയുധങ്ങളും റഷ്യ പ്രയോഗിക്കും. നാറ്റോ രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യക്ക് ഉദ്ദേശ്യമില്ല. എന്നാൽ, കളിനിൽഗ്രാഡിനെ തൊട്ടുകളിച്ചാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും റഷ്യ പറയുന്നു.
റഷ്യൻസേന യൂറോപ്യൻ രാജ്യങ്ങളിൽ ഹൈബ്രിഡ് ആക്രമണത്തിനു കോപ്പുകൂട്ടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണു ഭീഷണിവാർത്ത പുറത്തുവന്നത്. ശീതയുദ്ധത്തിനുശേഷം ആദ്യമായിട്ടാണു റഷ്യ അണ്വായുധ ഭീഷണി മുഴക്കുന്നത്.
റഷ്യയുടെ സന്ദേശം ലഭിച്ചതായി നാറ്റോ വക്താവ് ആലിസൺ ഹാർട്ട് സ്ഥിരീകരിച്ചു. പ്രതിരോധ സഖ്യമായ നാറ്റോ മറ്റു രാജ്യങ്ങൾക്കു ഭീഷണിയല്ലെന്നും റഷ്യൻ ഭീഷണിയെ തള്ളിപ്പറയുന്നതായും വക്താവ് കൂട്ടിച്ചേർത്തു.
International
ലണ്ടൻ: യൂറോപ്പുമായുള്ള ബന്ധം മെച്ചപ്പെടുത്താനാനുള്ള ശ്രമത്തിലാണു ബ്രിട്ടനെന്ന് പ്രധാനമന്ത്രി ആൻഡി ബേർനാം. ഇതിനായി ബ്രിട്ടൻ വീണ്ടും യൂറോപ്യൻ യൂണിയനിൽ ചേരുന്നതടക്കം പരിഗണിക്കുമെന്നും ബിബിസിക്കു നല്കിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ വാർഷിക ഉച്ചകോടിയിലും യൂറോപ്പുമായി അടുക്കേണ്ടതിന്റെ പ്രാധാന്യം ബേർനാം എടുത്തുപറഞ്ഞിരുന്നു.
യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ വെർപെടൽ (ബ്രെക്സിറ്റ്) ഗുണത്തേക്കാളേറെ ദോഷം ചെയ്തതായി ബേർനാം ചൂണ്ടിക്കാട്ടി. സാന്പത്തികമേഖലയിൽ അടക്കം വലിയ തിരിച്ചടി നേരിടേണ്ടിവന്നു.
പൂർണമായി യൂറോപ്യൻ യൂണിയനിലേക്കു മടങ്ങുന്നതടക്കമുള്ള സാധ്യതകൾ സർക്കാർ പരിഗണിക്കും. അടുത്ത പൊതുതെരഞ്ഞെടുപ്പിലെ പ്രചാരണത്തിൽ ഇക്കാര്യവും ഉൾപ്പെടുത്തും. ബ്രിട്ടൻ വീണ്ടും യൂറോപ്യൻ യൂണിയന്റെ ഭാഗമാകണം എന്നാണു വ്യക്തിപരമായ അഭിപ്രായമെന്നും ബേർനാം കൂട്ടിച്ചേർത്തു.
International
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് എതിരായ 12 വർഷ ദൗത്യത്തിന് അവസാനംകുറിച്ച് അമേരിക്കൻ സേന ഇറാക്കിൽനിന്നു പൂർണമായി പിൻവാങ്ങി.
ബുധനാഴ്ച വടക്കൻ ഇറാക്കിൽ കുർദ് മേഖലയായ ഇർബിലിലെ താവളത്തിൽനിന്ന് അവസാന സൈനികനും മടങ്ങിയതായി അമേരിക്കൻ സേന അറിയിച്ചു.
താവളം കൈമാറുന്ന ചടങ്ങിന് ഇറാക്കി പ്രധാനമന്ത്രി അലി അൽ സെയ്ദി അധ്യക്ഷനായിരുന്നു. അമേരിക്കൻ പിന്മാറ്റത്തെ ഇറാനും ഇറാക്കിലെ ഇറാൻ അനുകൂലികളും ആഘോഷിച്ചു.
സദ്ദാം ഹുസൈനെ താഴെയിറക്കാനായി 2003ൽ ഇറാക്കിൽ അധിനിവേശം നടത്തിയ അമേരിക്കൻ സേന 2011ൽ പിന്മാറിയതാണ്. എന്നാൽ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പടയോട്ടം തടയാൻ പറ്റാത്ത സാഹചര്യത്തിൽ ഇറാക്കി നേതാക്കൾ അമേരിക്കൻ സേനയെ വീണ്ടും വിളിച്ചുവരുത്തി.
ഭീകരർ സ്ലീപ്പർ സെല്ലുകളിൽ ഒതുങ്ങിയപ്പോൾ ദൗത്യം അവസാനിപ്പിക്കാൻ ഇറാക്കും അമേരിക്കയും 2024ൽ തീരുമാനിച്ചു. ഭൂരിഭാഗം അമേരിക്കൻ സേനയും കഴിഞ്ഞവർഷം ഇറാക്കിൽനിന്നു മടങ്ങിയിരുന്നു.
International
വത്തിക്കാൻ സിറ്റി: തന്റെ ഫ്രാൻസ് സന്ദർശനം രാജ്യത്തിനും സഭയ്ക്കും ഒരു വലിയ നവീകരണത്തിന്റെ അടയാളമായിരുന്നുവെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്നലെ നടന്ന പൊതുകൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
2019 ലെ വിനാശകരമായ തീപിടിത്തത്തിനുശേഷം അതിവേഗം പുനർനിർമിച്ച് 2024 ഡിസംബറിൽ തുറന്നുകൊടുത്ത പാരീസിലെ നോത്ര്ദാം കത്തീഡ്രലിന്റെ ഉയിർത്തെഴുന്നേൽപ്പ് തന്റെ മുഴുവൻ ഫ്രഞ്ച് പര്യടനത്തിന്റെയും പ്രതീകാത്മകമായ സന്ദേശമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി.
സഭയും ഭരണകൂടവും പൊതുസമൂഹവും ഒന്നിച്ച് കൈകോർത്തപ്പോൾ സാധ്യമായ ഈ പുനർനിർമാണം, പൊതുനന്മയ്ക്കായി എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നതെന്നും മാർപാപ്പ ഓർമിപ്പിച്ചു.
പര്യടനത്തിനിടയിൽ പാരീസിലെ സ്റ്റാഡ് ദെ ഫ്രാൻസ് സ്റ്റേഡിയത്തിൽ 80,000ത്തോളം യുവാക്കൾ പങ്കെടുത്ത പ്രാർഥനാസംഗമം മാർപാപ്പ പ്രത്യേകമായി പരാമർശിച്ചു. കേവലം പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ക്രിസ്തുവിലുള്ള ആഴമായ വിശ്വാസവും ആത്മാർഥതയും കൊണ്ടാണ് പുതിയ തലമുറ പ്രതീക്ഷയുടെ അടയാളമാകുന്നതെന്ന് മാർപാപ്പ പറഞ്ഞു.
ഫ്ലാസ് ദെ ലാ കോൺകോർഡ് ചത്വരത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഏഴു ലക്ഷം വിശ്വാസികളാണു പങ്കെടുത്തത്. കൂടാതെ, ഫ്രാൻസിൽ അടുത്തകാലത്തായി കത്തോലിക്കാസഭയിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്നും ഇത് ദൈവത്തിന്റെ മനോഹരമായ ഇടപെടലാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
ലൂർദ് തീർഥാടന കേന്ദ്രത്തിലെ അനുഭവങ്ങളും മാർപാപ്പ പങ്കുവച്ചു. ‘ലോകത്തിനു ജീവൻ ഉണ്ടാകേണ്ടതിന്’ എന്നതായിരുന്നു തന്റെ സന്ദർശനത്തിന്റെ പ്രമേയമെന്ന് ഓർമിപ്പിച്ച മാർപാപ്പ, ഫ്രാൻസിലെ വിശ്വാസികളുടെ പരസ്യമായ സാക്ഷ്യം ലോകമെമ്പാടുമുള്ള സഭയ്ക്ക് പ്രേരണയാകട്ടേയെന്നും, നമുക്ക് നമ്മുടെ വിശ്വാസത്തെ ഒളിച്ചുവയ്ക്കാതിരിക്കാമെന്നും പറഞ്ഞു.
ഒക്ടോബറിൽ ലോകസമാധാനത്തിനായി എല്ലാവരും ജപമാല ചൊല്ലണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
International
ദുബായി: കോക്പിറ്റിലുണ്ടായ സംഘർഷത്തെ തുടർന്ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം അടിയന്തരമായി സൗദിയിൽ ഇറക്കി. പൈലറ്റുമാർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റതായും വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് കുത്തനെ താഴേക്ക് പതിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഫ്ലൈദുബായ് എഫ്സെഡ് 1073 വിമാനത്തിൽ 27 കുട്ടികളടക്കം 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിലേറെയും ഇസ്രയേൽ പൗരന്മാരായിരുന്നു. പറന്നുയർന്ന് ഏകദേശം രണ്ടര മണിക്കൂറിന് ശേഷമാണ് സംഭവമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. പൈലറ്റ് സഹായത്തിനായി നിലവിളിക്കുന്നത് കേട്ടതായി വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി പറഞ്ഞു.
പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ഏകദേശം 14,125 അടി ഉയരത്തിലേക്ക് കുത്തനെ താഴ്ന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. യുഎഇ സ്വദേശിയായ പ്രധാന പൈലറ്റിനെയാണ് ഒമാൻ സ്വദേശിയായ സഹപൈലറ്റ് ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എന്നാൽ സംഭവത്തിന്റെ വിശദാംശങ്ങൾ സൗദി അധികൃതരോ ഫ്ലൈദുബായ് അധികൃതരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിലെ പൈലറ്റുമാർ തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്ന റിപ്പോർട്ടുകൾ.
International
ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിൽ ഉണ്ടായ അക്രമസംഭവം ഭീകരാക്രമണ ശ്രമമാണോയെന്ന് പരിശോധിച്ച് ഇസ്രയേൽ അധികൃതർ. കോക്പിറ്റിൽ സഹപൈലറ്റ് പ്രധാന പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേലി ചാനൽ 12 റിപ്പോർട്ട് പ്രകാരം, ഒമാൻ പൗരനായ സഹപൈലറ്റ് യുഎഇ പൗരനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെയാണ് വിമാനത്തിൽ ഗുരുതരമായ സാഹചര്യമുണ്ടായത്. വിമാനം ഇടിച്ചിറക്കാൻ സഹപൈലറ്റ് ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ ഭീകരാക്രമണമായി കാണണമോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
കോക്പിറ്റിലുണ്ടായ അക്രമാസക്തമായ സംഭവത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സൗദി അധികൃതർ സഹപൈലറ്റിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ക്യാപ്റ്റന് പരിക്കേറ്റതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ചതായാണ് റിപ്പോർട്ടുകൾ.
വിമാനം തബൂക്കിൽ സുരക്ഷിതമായി ഇറങ്ങിയതോടെ യാത്രക്കാർ ആശ്വാസത്തോടെ കൈയടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫ്ലൈദുബായ് അധികൃതർ അറിയിച്ചു. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.