ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗർ നാഷണൽ പാർക്കിനോട് ചേർന്നുള്ള മാർലോത്ത് പാർക്കിൽ, പ്രകൃതിയുടെ നിയമങ്ങളെ വെല്ലുന്ന അവിസ്മരണീയമായൊരു പോരാട്ടം അരങ്ങേറി. മൃഗങ്ങളിൽ തന്നെ നാല് ശക്തരായ വേട്ടക്കാർ ഒരൊറ്റ ഇരയ്ക്കുവേണ്ടി പോരാടുന്ന ദൃശ്യമാണ് ഇവിടെ കണ്ടത്.
ഐടി കൺസൾട്ടന്റായ ട്രേവിസ് കരീര എന്നയാളാണ് ഈ ഭീകരവും അപൂർവവുമായ സംഭവം വീഡിയോയിൽ പകർത്തിയത്. 41 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ പകലിന്റെ അന്ത്യത്തിൽ, ട്രേവിസും സുഹൃത്തുക്കളും "മുതല നദി'ക്ക് അക്കരെ ഒരു പുള്ളിപ്പുലിയെ കണ്ടു.
പുലിയുടെ ശ്രദ്ധ മുഴുവൻ പുൽമേട്ടിൽ മേഞ്ഞുനടക്കുകയായിരുന്ന ഇംപാലകളുടെ കൂട്ടത്തിലായിരുന്നു. ട്രേവിസ് ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയ നിമിഷം തന്നെ, പുള്ളിപ്പുലി മിന്നൽ വേഗത്തിൽ ചാടി ഒരു ഇംപാലയെ പിടികൂടി. എന്നാൽ, ആ വേട്ടക്കാരന്റെ വിജയം നിമിഷനേരം കൊണ്ട് തകിടം മറിഞ്ഞു.
ഇരയുടെ മണം ലഭിച്ചതോടെ ഹൈനകൾ കൂട്ടത്തോടെ രംഗപ്രവേശം ചെയ്തു. പുള്ളിപ്പുലിയെ ഭീഷണിപ്പെടുത്തി അവർ ഇംപാലയെ തട്ടിയെടുക്കുകയും, പൂർണമായി മരിക്കാത്ത ഇരയെ കുന്നിൻ മുകളിലേക്ക് വലിച്ചുകൊണ്ടു പോവുകയും ചെയ്തു. പിന്നാലെയാണ് നാടകീയമായ വഴിത്തിരിവുണ്ടായത്. മുതല നദിയിൽ നിന്ന് രണ്ട് മുതലകൾ ഇരയെ ലക്ഷ്യമാക്കി കരയിലേക്ക് ഇഴഞ്ഞെത്തി.
അതിലൊരു കൂറ്റൻ മുതല ഹൈനയുടെ വായിൽ നിന്ന് ഇംപാലയെ തട്ടിയെടുത്ത്, ശക്തിയേറിയ കടിയിലൂടെ അതിനെ കൊന്നു. ഇര നഷ്ടപ്പെട്ട പുള്ളിപ്പുലി, മുതലകളെയും ഹൈനകളെയും പേടിച്ച് മനസില്ലാ മനസോടെ രണ്ടു മൂന്നു തവണ ഇരയെ തിരികെ നേടാൻ ശ്രമിച്ചെങ്കിലും, ആ ഉദ്യമം ഉപേക്ഷിച്ചു.
ഈ ബഹളങ്ങൾക്കിടയിൽ മറ്റൊരു ഹൈന കൂടി സ്ഥലത്തെത്തി. അതോടെ മുതലകളും ഹൈനകളും തമ്മിൽ രൂക്ഷമായ വടംവലി നടന്നു. ഈ പോരാട്ടത്തിൽ, ഹൈനകൾക്ക് ഇംപാലയുടെ കുറച്ചു മാംസക്കഷണങ്ങൾ മാത്രമേ ലഭിച്ചുള്ളൂ, ഇരയുടെ ഭൂരിഭാഗവും മുതല സ്വന്തമാക്കി.
ഈ ദൃശ്യത്തെക്കുറിച്ച് സംസാരിച്ച ട്രേവിസ് കരീര, താൻ കണ്ട കാഴ്ച അവിശ്വസനീയവും അപൂർവവുമായിരുന്നു എന്നും, ഇത്തരം ഒരു പോരാട്ടം കണ്ണിനുമുന്നിൽ കണ്ടതിന്റെ ആശ്ചര്യം വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു എന്നും പറയുകയുണ്ടായി.