Sports
തിരുവനന്തപുരം: അനന്തപുരിയിലെ കായിക പൂരത്തിന്റെ ട്രാക്ക് & ഫീല്‍ഡിനെ ഉണര്‍ത്തിയത് പാലക്കാടന്‍ കാറ്റിന്റെ ഇരമ്പല്‍... ചാറ്റല്‍ മഴത്തുള്ളികള്‍ വേഗതയുടെ കരുത്തില്‍ വകഞ്ഞു മാറ്റി പാലക്കാടന്‍ പിള്ളേര് ഓടിയെടുത്തതെല്ലാം പൊന്നും വെള്ളിയും. കായികമേളയുടെ രണ്ടാം ദിനമായ ഇന്നലെ അത്ലറ്റിക്സ് മത്സരങ്ങള്‍ക്കു തുടക്കം കുറിച്ച് അരങ്ങേറിയ ദീര്‍ഘ ദൂര ഇനങ്ങളില്‍ പാലക്കാടന്‍ ആധിപത്യം. 3000 മീറ്ററിന്റെ നാലിനങ്ങളിലായി മൂന്ന് വെള്ളിയും ഒരു വെങ്കലവും പാലക്കാട് സ്വന്തമാക്കി.
മേളയിലെ ആദ്യ ഇനമായ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി സ്കൂളിലെ എം. ഇനിയ സ്വര്‍ണം നേടി. പാലക്കാടിന്റെ തന്നെ ജി. അക്ഷയ വെള്ളി കരസ്ഥമാക്കി. തൊട്ടുപിന്നാലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലും സ്വര്‍ണവും വെള്ളിയും പാലക്കാടിനുതന്നെ. മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരട്ടനേട്ടം കൈവരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ എസ്. ജഗന്നാഥന് സ്വര്‍ണവും പ്ലസ് ടുക്കാരനായ ബി. മുഹമ്മദ് ഷബീര്‍ വെള്ളിയുമണിഞ്ഞു.
3000 മീറ്റര്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുണ്ടൂര്‍ സ്കൂളിലെ എസ്. അര്‍ച്ചന സ്വര്‍ണം കരസ്ഥമാക്കി. കഴിഞ്ഞ തവണയും ഇതേ ഇനത്തില്‍ അര്‍ച്ചനയായിരുന്നു ജേതാവ്. ഈ ഇനത്തില്‍ വടവന്നൂര്‍ വിഎംഎച്ച്എസ്എസിലെ എം. അഭിശ്രീ വെങ്കലം നേടിയപ്പോള്‍ പാലക്കാടിന്റെ അക്കൗണ്ട് വീണ്ടും വീര്‍ത്തു.
3000 മീറ്റര്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും സ്വര്‍ണവും വെള്ളിയും പാലക്കാടന്‍ താരങ്ങള്‍ കൈവിട്ടില്ല. പറളി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സി.പി. ആദര്‍ശ് സ്വര്‍ണവും ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ സി.വി. അരുള്‍ വെള്ളിയും സ്വന്തമാക്കി.
Sports
തിരുവനന്തപുരം: മഴത്തുള്ളികിലുക്കത്തിനൊപ്പം കുതിച്ചെത്തി ഇനിയ ഫിനിഷ് ചെയ്തപ്പോള്‍ പരിശീലകന് മനോജ് മാഷ് ഇങ്ങനെയാണ് വിളിച്ചത്. എന്റെ പൊന്നേ.... സംസ്ഥാന കായികമേളയില്‍ ട്രാക്കിലെ ആദ്യ സ്വര്‍ണം നേടി എം. ഇനിയ കായികമേളയുടെ പൊന്നായി. ഇന്നലെ രാവിലെ ട്രാക്കുണര്ന്ന് ആദ്യ മത്സരമായ സീനിയര്‍ ഗേള്‍സ് പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് ഇനിയ സ്വര്‍ണത്തിൽ മുത്തംവച്ചത്.
പാലക്കാട് പറളി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ എം. ഇനിയ സബ് ജൂണിയര്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടിയിരുന്നതെങ്കിലും സീനിയര്‍ വിഭാഗത്തിലാണ് മത്സരിച്ചത്. എടത്തറ സ്കൂളില്‍ ഏഴാം ക്ലാസ് വരെ പഠിച്ചിരുന്ന ഇനിയ ഈ അധ്യയന വര്‍ഷം സ്പോര്‍ട്സില്‍ മികവു തേടി പറളി സ്കൂളിലെത്തുകയായിരുന്നു. നാലു മാസത്തെ മാത്രം പരിശീലനത്തിലാണ് ഇനിയയുടെ ഈ നേട്ടം.
സബ്ജൂണിയിര് വിഭാഗം 600 മീറ്ററിലായിരുന്നു ജില്ലവരെ മത്സരം. എന്നാല്‍, സംസ്ഥാന തലത്തില്‍ ഈ വിഭാഗത്തില്‍ മത്സരിച്ചാല്‍ വിജയിക്കാനാവില്ലെന്ന പരിശീലനകന് പി.ജി. മനോജിന്റെ നിര്‍ദേശത്തിന്റെയും ശിക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം ഈ എട്ടാം ക്ലാസുകാരിയും മത്സരിക്കുകയായിരുന്നു. 10 മിനിറ്റും 56 സെക്കന്റ് സമയത്തിലാണ് ഇനിയയുടെ സ്വര്‍ണം.
പറളി സ്വദേശിയായ കൂലിപണിക്കാരൻ മുരുകന്റെയും പാചകതൊഴിലാളിയായ സിന്ധുവിന്റെയും ഇളയമകളാണ്. സൂര്യ എന്നൊരു സഹോദരനുമുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ നല്കിയ സ്പൈക്കുമായാണ് ഇനിയയുടെ മത്സരം. വെറും നാലു മാസത്തെ പരിശീലനത്തില്‍ മുതിര്‍ന്ന കുട്ടികളൊടോപ്പം മത്സരിച്ചു വിജയിച്ച ഇനിയ ഭാവി കേരളത്തിന്റെ വാഗ്ദാനമാണെന്ന് പരിശീലകന് പി.ജി. മനോജ് പറഞ്ഞു.
Sports
തിരുവനന്തപുരം: കബഡി... കബഡി; പാലക്കാട്... കബഡിയില്‍ വര്‍ഷങ്ങളായുള്ള കാസർഗോഡിന്റെയും തൃശൂരിന്റെയും ആധിപത്യം പാലക്കാട് തകര്‍ത്തു. ജൂണിയര്‍ ആണ്കുട്ടികളൂുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ പാലക്കാട് കബഡിയില്‍ കിരീടം ചൂടി.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കാസർഗോഡിനെ 10 പോയിന്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാലക്കാട് ക്വാര്ട്ടറികള് കടന്നത്. സെമിയില്‍ ശക്തമായ പോരാട്ടം നടത്തിയ മലപ്പുറത്തെ രണ്ടു പോയിന്റ് വ്യത്യാസത്തിൽ മറികടന്ന് ഫൈനലില്‍.
അശ്വിന്, സാജന് എന്നിവരാണ് പരിശീലകർ. ഒരാഴ്ചത്തെ ക്യാമ്പിലാണ് കുട്ടികള്‍ക്ക് എതിരാളികളെ കീഴ്പ്പെടുത്തേണ്ട മുറകളും മറ്റും പരീശീലകര്‍ പഠിപ്പിച്ചത്. കബഡി കളിയുടെ കേന്ദ്രമായ നെന്മാറ, ചിറ്റൂര്‍ പ്രദേശത്തെ സ്കൂളൂടെ കുട്ടികളായിരുന്നു പാലക്കാടിന്റെ ആണ്‍കുട്ടികളുടെ സംഘത്തിൽ ഏറെയും.
ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും വാശിയേറിയ പോരാട്ടമായിരുന്നു നടന്നത്. പാലക്കാടും തൃശൂരുമായുള്ള മത്സരത്തില്‍ ഏറ്റവും ഒടുവില്‍ ടൈ വന്ന് ഒരു പോയിന്റിനാണ് പാലക്കാട് തൃശൂരിനെ കീഴ്പ്പെടുത്തിയത്. കെ.വി. ബൈജുവിന്റെ നേതൃത്വത്തിലാണ് പരിശീലനം.
Sports
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ തിരുവനന്തപുരത്തിന്റെ കുതിപ്പ്. 109 സ്വര്‍ണവും 81 വെള്ളിയും 109 വെങ്കലവുമായി 967 പോയിന്റുമായി ആതിഥേയര്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ 48 സ്വര്‍ണവും 25 വെള്ളിയും 57 വെങ്കലവുമായി 449 പോയിന്റാണ് സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിന്റെ സമ്പാദ്യം 39 സ്വര്‍ണവും 49 വെള്ളിയും 56 വെങ്കലവും ഉള്‍പ്പെടെ 426 പോയിന്റ്.
ഗെയിംസ് ഇനങ്ങളില്‍ തിരുവനന്തപുരം 71 സ്വര്‍ണവും 47 വെള്ളിയും 81 വെങ്കലവുമായി 626 പോയിന്റുമായി ഒന്നാമതു നില്ക്കുമ്പോള് 39 സ്വര്‍ണവും 49 വെള്ളിയും 54 വെങ്കലവുമായി 423 പോയിന്റോടെ കണ്ണൂര്‍ രണ്ടാമതും 34 സ്വര്‍ണം, 43 വെള്ളി, 46 വെങ്കലം എന്നിവയിലൂടെ 388 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്.
അക്വാട്ടിക്സില്‍ 38 സ്വര്‍ണം, 33 വെള്ളി, 26 വെങ്കലം എന്നിവയിലൂടെ 336 പോയിന്റുമായി തിരുവനന്തപുരം ഒന്നാമതും ഏഴു സ്വര്‍ണം 11 വെള്ളി,നാലു വെങ്കലം എന്നിവയുമായി 90 പോയിന്റോടെ എറണാകുളം രണ്ടാമതും ഏഴു സ്വര്‍ണവും ആറു വെള്ളിയും 12 വെങ്കലവുമായി 72 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
അത്ലറ്റിക്സില് അഞ്ചു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവുമായി 38 പോയിന്റോടെ പാലക്കാട് ഒന്നാമതും രണ്ടു സ്വര്‍ണവും ഒരു വെള്ളിയുമായി 13 പോയിന്റുമായി കോഴിക്കോട് രണ്ടാമതും ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമുള്‍പ്പെടെ 10 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്.
ഓവറോൾ മെഡല്‍ ടേബിൾ ഓവറോൾ മെഡല്‍ ടേബിൾ
ജില്ല, സ്വര്‍ണം, വെള്ളി, വെങ്കലം , പോയിന്റ്
തിരുവനന്തപുരം: 109 81 109 967
തൃശൂര്‍: 48 25 57 449
കണ്ണൂര്‍: 39 49 56 426
കോഴിക്കോട്: 36 45 47 405
പാലക്കാട്: 33 42 51 396
Sports
ഹൈദരാബാദ്: 2025 സീസണ് പ്രൈം വോളിബോള്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നു നടക്കും.
ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സ് രണ്ടിന് എതിരേ മൂന്നു സെറ്റുകള്‍ക്ക് കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ കീഴടക്കിയതോടെ നാലാം സ്ഥാനക്കാരായി ഗോവ ഗാര്‍ഡിയന്‍സ് സെമി ഉറപ്പിച്ചു.
കോല്‍ക്കത്ത, ഡല്‍ഹി, കന്നിക്കാരായ ഗോവ ടീമുകള്‍ക്ക് 10 പോയിന്റ് വീതമാണ്. എങ്കിലും സെറ്റ്, പോയിന്റ് വ്യത്യാസത്തില്‍ ഗോവയ്ക്കായിരുന്നു മുന്‍തൂക്കം.
17 പോയിന്റുമായി ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്തെത്തിയ മുംബൈ മിറ്റിയേഴ്സും ഗോവയും തമ്മിലാണ് ഇന്നത്തെ ആദ്യ സെമി. മത്സരം വൈകുന്നേറം 6.30ന് ആരംഭിക്കും.
14 പോയിന്റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ബംഗളൂരു ടോര്‍പ്പിഡോസും 12 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സും തമ്മില്‍ രാത്രി 8.30നാണ് രണ്ടാം സെമി പോരാട്ടം.
Sports
മാഡ്രിഡ്/മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണ് ലീഗ് റൗണ്ടില്‍ വമ്പന്‍ ടീമുകളായ റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്, ചെല്‍സി ജയം സ്വന്തമാക്കി. ലിവര്‍പൂള്‍ എവേ പോരാട്ടത്തില്‍ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫറര്ട്ടിനെ 5-1നു തകര്‍ത്തു.
ചെല്‍സി 5-1ന് അയാക്സ് ആംസ്റ്റര്‍ഡാമിനെ തകര്‍ത്തപ്പോള്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് 4-0ന് ക്ലബ് ബ്രൂഷിനെ കീഴടക്കി. റയല്‍ മാഡ്രിഡ് ജൂഡ് ബെല്ലിങ്ഗം നേടിയ ഗോളിന്റെ ബലത്തില്‍ 1-0ന് ഇറ്റാലിയന്‍ സംഘമായ യുവന്റസിനെ തോൽപ്പിച്ചു.
Sports
മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിയിൽ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ 53 റൺസിന് തോൽപ്പിച്ചതോടെയാണ് ഇന്ത്യ സെമിയിലെത്തിയത്. ഇതോടെ സെമിയിൽ കടക്കുന്ന നാലാമത്തെ ടീമായി ഇന്ത്യ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് എടുത്തത്. മഴയെ തുടർന്നാണ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാനയും പ്രതിക റാവലും സെഞ്ചുറിയും ജെമീമ റോഡ്രിഗസ് അർധ സെഞ്ചുറിയും നേടി. പ്രതിക 122 റൺസും സ്മൃതി 109 റൺസുമാണ് എടുത്തത്. 76 റൺസെടുത്ത ജമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു.
ഏകദിന കരിയറിലെ 14-ാം സെഞ്ചുറിയാണ് സ്മൃതി മന്ദാന ഇന്ന് പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു. 15 സെഞ്ചുറികളുള്ള ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഒന്നാം സ്ഥാനത്ത്.
ന്യൂസിലൻഡിന് വേണ്ടി റോസ്മേരി മയെറും അമേലിയ കെറും സൂസി ബെയ്റ്റ്സും ഓരോ വിക്കറ്റ് വീതം എടുത്തു. ഇന്ത്യൻ ഇന്നിംഗ്സിന് ശേഷം വീണ്ടും മഴയെത്തി. അതോടെ ന്യൂസിലൻഡിന്റെ വിജയലക്ഷ്യം 44 ഓവറിൽ 325 റൺസ് ആയി നിശ്ചയിച്ചു.
എന്നാൽ ന്യൂസിലൻഡിന്റെ ഇന്നിംഗ്സ് 271 റൺസിൽ അവസാനിച്ചു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലൻഡ് 271 റൺസെടുത്തത്. ന്യൂസിലൻഡിന് വേണ്ടി 81 റൺസെടുത്ത ബ്രൂക്ക് ഹാലിഡേയും 65 റൺസെടുത്ത ഇസബെല്ല ഗെയ്സും 45 റൺസെടുത്ത അമേലിയ കെറും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് താക്കൂറും ക്രാന്ത് ഗൗഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്നേഹ് റാണയും ശ്രീ ചരണിയും ദീപ്തി ശർമയും പ്രതികാ റാവലും ഓരോ വിക്കറ്റ് വീതവും എടുത്തു.
Sports
മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. മഴയെ തുടർന്ന് 49 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് എടുത്തത
ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാനയും പ്രതിക റാവലും സെഞ്ചുറിയും ജെമീമ റോഡ്രിഗസ് അർധ സെഞ്ചുറിയും നേടി. പ്രതിക 122 രൺസും സ്മൃതി 109 റൺസുമാണ് എടുത്തത്. 76 റൺസെടുത്ത ജമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു.
ഏകദിന കരിയറിലെ 14-ാം സെഞ്ചുറിയാണ് സ്മൃതി മന്ദാന ഇന്ന് പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു. 15 സെഞ്ചുറികളുള്ള ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഒന്നാം സ്ഥാനത്ത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളില്‍ ഒരാളാവാനും മന്ദാനയ്ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്സിനൊപ്പമാണ് മന്ദാന. ഇരുവരും ഈ വര്‍ഷം നേടിയത് അഞ്ച് സെഞ്ചുറികള്‍ വീതം.
ന്യബസിലൻഡിന് വേണ്ടി റോസ്മേരി മയെറും അമേലിയ കെറും സൂസി ബെയ്റ്റ്സും ഓരോ വിക്കറ്റ് വീതം എടുത്തു.
Sports
മുംബൈ: ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് മത്സരം നിർത്തിവച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം നിർത്തിവച്ചത്.
നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിമാണ് വേദി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഇന്നിംഗ്സിനിടെയാണ് മഴ എത്തിയത്. 48 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 329 റൺസെടുത്തിട്ടുണ്ട് ഇന്ത്യ.
ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാനയും പ്രതികാ റാവലും സെഞ്ചുറിയും ജെമീമ റോഡ്രീഗസ് അർധ സെഞ്ചുറിയും നേടി. 122 റൺസെടുത്ത പ്രതികയും 109 റൺസെടുത്ത സ്മൃതി മന്ദാനയും പുറത്തായി. 69 റൺസുമായി ജെമീമയും 10 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത കൗറുമാണ് ക്രീസിലുള്ളത്.
ഏകദിന കരിയറിലെ 14-ാം സെഞ്ചുറിയാണ് സ്മൃതി മന്ദാന ഇന്ന് പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു. . 15 സെഞ്ചുറികളുള്ള ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഒന്നാം സ്ഥാനത്ത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളില്‍ ഒരാളാവാനും മന്ദാനയ്ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്സിനൊപ്പമാണ് മന്ദാന. ഇരുവരും ഈ വര്‍ഷം നേടിയത് അഞ്ച് സെഞ്ചുറികള്‍ വീതം.
Sports
അഡ്ലെയ്ഡ്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. അഡ്ലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റിന് വിജയിച്ചതോടെയാണ് ഓസീസ് പരന്പര സ്വന്തമാക്കിയത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഓസീസ് ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു.
ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ 25 പന്ത് ബാക്കിനിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. മാത്യൂ ഷോർട്ടിന്റെയും കൂപ്പർ കനോലിയുടെയും അർധ സെഞ്ചുറിയുടെയും മിച്ചൽ ഓവന്റെയും മാറ്റ് റെൻഷോയുടെയും മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് ഓസീസ് ലക്ഷ്യം മറികടന്നത്.
74 റൺസെടുത്ത മാത്യൂ ഷോർട്ടാണ് ഓസ്ട്രേലിയയുടെ ടോപ്സ്കോറർ. നാല് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഷോർട്ടിന്റെ ഇന്നിംഗ്സ്. 61 റൺസെടുത്ത കൂപ്പർ കനോലി പുറത്താകാതെ നിന്നു. ഓവൻ 36 റൺസും റെൻഷോ 30 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹർഷിത് റാണയും വാഷിംഗ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്സർ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം എടുത്തു. ഓസീസ് താരം ആദം സാംപയാണ് കളിയിലെ താരം.
Sports
അഡ്ലെയ്ഡ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 265 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു.
നായകൻ ശുഭ്മൻ ഗില്ലും (ഒമ്പത്) വിരാട് കോഹ്ലിയും (പൂജ്യം) നിരാശപ്പെടുത്തിയപ്പോൾ അർധസെഞ്ചുറിയുമായി ഫോമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമയുടെയും (73), ശ്രേയസ് അയ്യരുടെയും (61) അക്സർ പട്ടേലിന്റെയും (44) ഹർഷിത് റാണയുടെയും (24) ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്.
97 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 73 റൺസെടുത്ത രോഹിത് ശർമയാണ് ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കു വേണ്ടി ആദം സാംപ 60 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ സേവ്യർ ബാർട്ട്ലെറ്റ് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
Sports
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ടുവിക്കറ്റ് ജയം. പാക്കിസ്ഥാൻ ഉയർത്തിയ 68 റൺസിന്റെ കുഞ്ഞൻ വിജയലക്ഷ്യം 12.3 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ മറികടന്നു. ഇതോടെ, ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലായി. സ്കോർ: പാക്കിസ്ഥാൻ- 333 & 138, ദക്ഷിണാഫ്രിക്ക - 404 & 73/2.
42 റൺസെടുത്ത നായകൻ എയ്ഡൻ മാർക്രമും 25 റൺസെടുത്ത റയാൻ റിക്കിൾട്ടണുമാണ് ദക്ഷിണാഫ്രിക്കൻ വിജയം വേഗത്തിലാക്കിയത്. രണ്ടു വിക്കറ്റും വീഴ്ത്തിയത് നൊമാൻ അലിയാണ്.
നേരത്തെ, നാലിന് 94 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്റെ രണ്ടാമിന്നിംഗ്സ് 138 റൺസിൽ അവസാനിച്ചിരുന്നു. ബാബർ അസം (50), മുഹമ്മദ് റിസ്വാൻ (18), നൊമാൻ അലി (പൂജ്യം), ഷഹീൻ ഷാ അഫ്രീദി (പൂജ്യം), സൽമാൻ ആഘ (28), സാജിദ് ഖാൻ (13) എന്നിവരുടെ വിക്കറ്റുകളാണ് നാലാംദിനം നഷ്ടമായത്.
വെറും 50 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ സൈമൺ ഹാർമറാണ് പാക് ബാറ്റിംഗ് നിരയുടെ ചിറകരിഞ്ഞത്. കേശവ് മഹാരാജ് രണ്ടും കഗീസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി.
Sports
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം ഇന്ത്യ കരകയറുന്നു. 25 ഓവർ പിന്നിടുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിലാണ് സന്ദർശകർ.
അർധസെഞ്ചുറിയോടെ രോഹിത് ശർമയും 39 റൺസുമായി ശ്രേയസ് അയ്യറുമാണ് ക്രീസിൽ. നായകൻ ശുഭ്മാൻ ഗിൽ (ഒമ്പത്), വിരാട് കോഹ്ലി (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സേവ്യർ ബാർട്ട്ലെറ്റിനാണ് രണ്ടുവിക്കറ്റുകളും.
അഡ്ലെയ്ഡിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർബോർഡിൽ 17 റൺസ് ചേർക്കുന്നതിനിടെ നായകനെ നഷ്ടമായി. ഒമ്പതു പന്തിൽ ഒമ്പതു റൺസുമായി ഗിൽ ബാർട്ട്ലറ്റിന്റെ പന്തിൽ മിച്ചൽ മാർഷിന് പിടികൊടുത്തു മടങ്ങി.
പിന്നാലെയെത്തിയ സൂപ്പർ താരം വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. അതേ ഓവറിൽ തന്നെ സംപൂജ്യനായി മടങ്ങി. വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. തുടർന്ന്, ക്രീസിൽ ഒന്നിച്ച രോഹിത് ശർമയും ശ്രേയസ് അയ്യറും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന മികച്ച കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ നൂറുകടത്തി.
മൂന്ന് മാറ്റങ്ങളോടെയാണ് ഓസീസ് ഇന്നിറങ്ങിയത്. വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയും സ്പിന്നര്‍ ആദം സാംപയും പേസര്‍ സേവ്യര്‍ ബാര്ട്ലെറ്റും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ജോഷ് ഫിലിപ്പും നഥാന്‍ എല്ലിസും മാത്യു കുനെമാനും പുറത്തായി. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയില്ല.
ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാനാവും.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷോ, അലക്സ് കാരി, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
Sports
മുംബൈ: ഐസിസി 2025 വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ എതിരാളികള്‍ സോഫി ഡിവൈന്റെ ക്യാപ്റ്റന്‍സിയിലുള്ള ന്യൂസിലന്‍ഡാണ്.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് പോരാട്ടം. ജയിച്ചാല്‍ സെമി ഫൈനലിലേക്ക് ഒരു ചുവടുകൂടി അടുക്കാം എന്ന അവസ്ഥയിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്നിറങ്ങുന്നത്.
ജയിച്ചാല്‍ സെമി സ്വപ്നത്തിലേക്ക് അടുക്കാമെന്നതുകൊണ്ടുതന്നെ പോരാട്ടത്തിന്റെ ചൂട് ഇരട്ടിക്കും. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നാല് പോയിന്റ് വീതമാണ്. റണ്‍ റേറ്റില്‍ (+0.526) പ്ലസ് ഉള്ള ഇന്ത്യ നാലാം സ്ഥാനത്തും ന്യൂസിലന്‍ഡ് അഞ്ചാമതും. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ ഇതിനോടകം സെമി ഫൈനല്‍ ഉറപ്പിച്ചു.
ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ഇന്ത്യ, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളാണ് രംഗത്തുള്ളത്. ഇന്നത്തേത് ഉള്‍പ്പെടെ ഇന്ത്യക്കും ന്യൂസിലന്‍ഡിനും രണ്ട് മത്സരങ്ങളുണ്ട്. ലങ്കയ്ക്ക് ഒരു മത്സരം മാത്രമാണുള്ളത്. ഇന്നു ജയിക്കുന്ന ടീമിന് ആറ് പോയിന്റാകും. എങ്കിലും അവസാന റൗണ്ടില്‍ മാത്രമേ സെമിയിലേക്കുള്ള നാലാം സ്ഥാനക്കാരുടെ ചിത്രം വ്യക്തമാകൂ.
Sports
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
മൂന്ന് മാറ്റങ്ങളോടെയാണ് ഓസീസ് ഇന്നിറങ്ങുന്നത്. വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയും സ്പിന്നര്‍ ആദം സാംപയും പേസര്‍ സേവ്യര്‍ ബാര്ട്ലെറ്റും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ജോഷ് ഫിലിപ്പും നഥാന്‍ എല്ലിസും മാത്യു കുനെമാനും പുറത്തായി. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാനാവും.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷോ, അലക്സ് കാരി, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
Sports
ഇന്‍ഡോര്‍: വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം 40.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. സ്കോർ ഇംഗ്ലണ്ട് 244/9 ഓസ്ട്രേലിയ 248/4 (40.3).
ഓസീസിനായി ആഷ്ലി ഗാർഡ്നർ സെഞ്ചുറിയും (104), അന്നബെൽ സതർലാൻഡ് (98*) അർധ സെഞ്ചുറിയും നേടി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടാമി ബ്യൂമോണ്ടിന്റെ അര്‍ധസെഞ്ചുറിയുടെയും (78) ആലിസ് ക്യാപ്സി(38), ചാര്‍ലി ഡീന്‍ (26), സോഫിയ ഡങ്ക്ലി (22) എന്നിവരുടെ ബാറ്റിംഗിന്റെയും കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.
ഓസീസിനായി അന്നാബെല്‍ സതര്‍ലാന്‍ഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അഷ്ലി ഗാര്‍ഡ്നറും സോഫിയ മോളിനോക്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആറ് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ഓസ്ട്രേലിയ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
Sports
റാവല്‍പിണ്ടി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാൻ പൊരുതുന്നു. 71 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ പാക്കിസ്ഥാൻ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ്.
49 റണ്‍സോടെ മുന്‍ നായകന് ബാബര്‍ അസമും 16 റണ്‍സോടെ മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍. ആറ് വിക്കറ്റ് കൈയിലിരിക്കെ പാക്കിസ്ഥാന് 23 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇപ്പോഴുള്ളത്.
ഇമാം ഉള് ഹഖ് (ഒമ്പത്), അബ്ദുള്ള ഷഫീഖ് ( ആറ്), ക്യാപ്റ്റൻ ഷാന്‍ മസൂദ് (0), സൗദ് ഷക്കീല്‍(11) എന്നിവരുടെ വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്കായി സൈമൺ ഹാർമർ മൂന്നും റബാഡ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ പതിനൊന്നാമനായി ക്രീസിലെത്തിയ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കഗിസോ റബാഡയാണ് സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്. 61 പന്തിൽ നാല് സിക്സും നാല് ഫോറും അടക്കം 71 റൺസാണ് നേടിയത്.
സെനുരാന് മുത്തുസാമി (89), ട്രിസ്റ്റണ്‍ സ്റ്റബ്സ് (76), ടോണി ഡി സോര്‍സി (55) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി. പാക്കിസ്ഥാനുവേണ്ടി 38-ാം വയസില്‍ അരങ്ങേറിയ ആസിഫ് ആഫ്രീദി ആറ് വിക്കറ്റെടുത്തു.
Sports
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ വാലറ്റത്തിന്റെ പോരാട്ടവീര്യത്തിൽ ലീഡ് പിടിച്ച് ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 333 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 404 റൺസിന് പുറത്തായി. നിലവിൽ സന്ദർശകർക്ക് 71 റൺസിന്റെ നിർണായക ലീഡുണ്ട്.
അവസാന വിക്കറ്റുകളിൽ നങ്കൂരമിട്ട് പോരാടിയ സെനുരൺ മുത്തുസാമിയുടെയും (89) ഒമ്പതാം വിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച കഗീസോ റബാഡയുടെയും (71) കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്.
റബാഡ 61 പന്തിൽ നാലു വീതം സിക്സറും ഫോറുമുൾപ്പെടെയാണ് 71 റൺസെടുത്തത്. അതേസമയം, 155 പന്തിൽ എട്ടു ഫോറുകൾ മാത്രം ഉൾപ്പെടുന്നതാണ് മുത്തുസാമിയുടെ ഇന്നിംഗ്സ്. എട്ടിന് 235 റൺസെന്ന നിലയിൽ നിന്നാണ് വാലറ്റത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്ക 400 കടന്നത്.
നാലിന് 185 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് കൈൽ വെരെയ്ൻ (10), ട്രിസ്റ്റൺ സ്റ്റബ്സ് (76), സൈമൺ ഹാർമർ (രണ്ട്), മാർക്കോ യാൻസൺ (12) എന്നിവരുടെ വിക്കറ്റുകൾ അതിവേഗം നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച മുത്തുസാമിയും കേശവ് മഹാരാജും (30) ചേർന്ന് 71 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി.
സ്കോർ 300 കടന്നതിനു പിന്നാലെ കേശവിനെ നഷ്ടമായെങ്കിലും റബാഡയുമായി ചേർന്ന് പടുത്തുയർത്തിയ 98 റൺസിന്റെ കൂട്ടുകെട്ടാണ് സ്കോർ 400 കടത്തിയത്.
പാക്കിസ്ഥാനു വേണ്ടി ആസിഫ് അഫ്രീദി 79 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തി. നൊമാൻ അലി രണ്ടുവിക്കറ്റും ഷഹീൻഷാ അഫ്രീദി, സാജിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ആവേശ ജയം. ധാക്കയിൽ നടന്ന മത്സരത്തിൽ സൂപ്പർ ഓവറിലായിരുന്നു വിൻഡീസിന്റെ ജയം.
ബംഗ്ലാദേശിന്റെ 213 റൺസ് പിന്തുടർന്ന വെസ്റ്റ് ഇൻഡീസും 213 റൺസെടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേയ്ക്ക് നീണ്ടത്. സൂപ്പർ ഓവറിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ വിജയലക്ഷ്യമായ 11 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് ഒൻപത് റൺസെടുക്കാനെ സാധിച്ചുള്ളു. ഇതോടെയാണ് വിൻഡീസ് മത്സരം സ്വന്തമാക്കിയത്.
ധാക്കയിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 213 റൺസ് എടുത്തത്. സൗമ്യ സർക്കാരിന്റെയും റിഷാദ് ഹൊസെയ്ന്റെയും നായകൻ മെഹ്ദി ഹസന്റെയും മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസെടുത്ത സൗമ്യ സർക്കാരാണ് ബംഗ്ലാദേശിന്റെ ടോപ്സ്കോറർ.
റിഷാദ് ഹൊസെയ്ൻ 39 റൺസും മെഹ്ദി ഹസൻ 32 റൺസും എടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ഗുഡാകേഷ് മോട്ടി മൂന്ന് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്നും അലിക്ക് അത്താനാസെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 213 റൺസെടുത്തത്. 53 റൺസെടുത്ത നായകൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോറർ. കിയാസി കാർട്ടി 35 റൺസും അലിക്ക് അത്താനസെ 28 റൺസും ജസ്റ്റിൻ ഗ്രീവ്സ് 26 റൺസും എടുത്തു.
ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസെയ്ൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. നസും അഹ്മദും തൻവീർ ഇസ്ലാമും രണ്ട് വിക്കറ്റ് വീതവും സെയ്ഫ് ഹസൻ ഒരു വിക്കറ്റും എടുത്തു. ഇന്നത്തെ വിജയത്തോടെ വെസ്റ്റ് പരന്പരയിൽ 1-1 ന് ഒപ്പമെത്തി.
Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. മഴയെ തുടർന്ന് 40 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 312 റൺസാണ് ദക്ഷിണാഫ്രിക്ക എടുത്തത്.
ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെയും സുനെ ലൂസിന്റെയും മാരിസാനെ കാപ്പിന്റെയും അർധ സെഞ്ചുറിയുടെയും നദൈൻ ഡി ക്ലർക്കിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
90 റൺസെടുത്ത ലോറ വോൾവാർഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോർ. സുനെ ലൂസ് 61 റൺസും മരിസാനെ കാപ്പ് 68 റൺസുമെടുത്തു. 16 പന്തിൽ 41 റൺസെടുത്ത നദൈൻ ഡി ക്ലർക്കിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയുടെ സ്കോർ 300 കടത്തിയത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഡി ക്ലർക്കിന്റെ ഇന്നിംഗ്സ്.
പാക്കിസ്ഥാന് വേണ്ടി സാദിയ ഇഖ്ബാലും നഷ്ര സന്ധുവും മൂന്ന് വിക്കറ്റ് വീതമെടുത്തു. ക്യാപ്റ്റൻ ഫാത്തിമ സനാ ഒരു വിക്കറ്റും വീഴ്ത്തി.
Sports
ധാക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് എടുത്തത്.
സൗമ്യ സർക്കാരിന്റെയും റിഷാദ് ഹൊസെയ്ന്റെയും നായകൻ മെഹ്ദി ഹസന്റെയും മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസെടുത്ത സൗമ്യ സർക്കാരാണ് ബംഗ്ലാദേശിന്റെ ടോപ്സ്കോറർ.
റിഷാദ് ഹൊസെയ്ൻ 39 റൺസും മെഹ്ദി ഹസൻ 32 റൺസും എടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ഗുഡാകേഷ് മോട്ടി മൂന്ന് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്നും അലിക്ക് അത്താനാസെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
തിരുവനന്തപുരം: മിന്നും പ്രകടനം നടത്തി പൊന്നിൻ നേട്ടം സ്വന്തമാക്കാനായി കേരളക്കരയിൽനിന്നും, അങ്ങകലെ ഗൾഫ് നാടുകളിൽനിന്നുമുള്ള കൗമാര കായിക പ്രതിഭകൾ അനന്തപുരിയുടെ മണ്ണില്ലെത്തി.
ഇനിയുള്ള ഒരാഴ്ച അനന്തപത്മനാഭന്റെ മണ്ണ് പുത്തൻ താരങ്ങളുടെ പോരാട്ടവീര്യത്തിന് സാക്ഷ്യം വഹിക്കും. കായിക കേരളത്തിന്റെ ഉത്സവമായ സംസ്ഥാന സ്കൂൾ കായികമേളയുടെ 64-ാം പതിപ്പിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിർവഹിക്കും.
14 റവന്യു ജില്ലകളിൽ നിന്നായി ഗെയിംസ്, അത്ലറ്റിക്സ് ഇനങ്ങളിലായി 20,000 ത്തോളം കായികതാരങ്ങളാണ് ഒരാഴ്ചക്കാലം തലസ്ഥാന നഗരയിൽ പോരാട്ടത്തിനിറങ്ങുന്നത്. ഉദ്ഘാടനച്ചടങ്ങും മാർച്ച് പാസ്റ്റും സ്കൂൾ കുട്ടികളുടെ കലാപ്രകടനങ്ങളുമാണ് ഇന്നു നടക്കുന്നത്. നാളെ മുതലാണ് കായികമേളയിലെ മത്സരങ്ങൾ ആരംഭിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥികളുടെ കായിക മത്സരങ്ങളും നാളെ നടക്കും.
സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദിയും ഗെയിംസ് ഇനങ്ങളിലെ കൂടുതൽ മത്സരങ്ങൾ നടക്കുന്നതും. അത്ലറ്റിക്സ് മത്സരങ്ങൾക്ക് ചന്ദ്രശേഖരൻനായർ സ്റ്റേഡിയവും ത്രോ ഇനങ്ങൾക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയവും വേദിയാകും. ഇന്നലെ രാത്രി ഏറനാട് എക്സ്പ്രസിൽ എത്തിയ കായികതാരങ്ങളെ റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
നാളെ മുതൽ 28 വരെ 12 വേദികളിലായാണ് കായിക മത്സരങ്ങൾ നടക്കുക. 23 മുതലാണ് ഗെയിംസിന്റെ ഗ്ലാമർ ഇനങ്ങളായ അത്ലറ്റിക്സ് മത്സരങ്ങൾ. ഇന്ന് ഇൻക്ലൂസീവ് സ്പോർട്സിൽ 1,944 കായികതാരങ്ങളാണ് മത്സരിക്കുക.
ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്കൂളുകളിൽ നിന്നുള്ള 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇവരിൽ 12 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. 1,000 ഒഫീഷൽസുകളും 2,000 വോളണ്ടിയേഴ്സും കായികമേളയുടെ സുഗമമായ പ്രവർത്തനത്തിന് അണിനിരക്കും.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പാണ് ഇത്തവണ നൽകുന്നത്. വിവിധ ജില്ലാ ടീമുകൾ ഇന്ന് അവസാനവട്ട പരിശീലനവും പൂർത്തിയാക്കി നാളെ പോരാട്ടത്തിനായി ഇറങ്ങും.
ഓവറോൾ ചാന്പ്യൻ പട്ടത്തിനായി ഉള്ള പോരാട്ടത്തിൽ ആതിഥേയരായ തിരുവനന്തപുരവും കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ തൃശൂരും മൂന്നാം സ്ഥാനക്കാരായ മലപ്പുറവും തൊട്ടുപിന്നാലെയെത്തിയ പാലക്കാടുമെല്ലാം കൈമെയ് മറന്നുള്ള പ്രകടനത്തിനാവും തയാറെടുക്കുക.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ള താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ബാസ്കറ്റ്ബോള്‍ ഗ്രൗണ്ടിലുമായി നടക്കുന്നത് 12 ഗെയിംസ് ഇനങ്ങള്‍. ഇതില്‍ 10 എണ്ണവും നടത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമായി ജര്‍മന്‍ പന്തല്‍ കൊണ്ട് ഉണ്ടാക്കിയ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണെന്നതാണ് ശ്രദ്ധേയം.
ഒരേസമയം അഞ്ചു മത്സരങ്ങള്‍ ഈ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ കഴിയും. 90 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്.
സ്കൂള്‍ കായികമേളയ്ക്കായി കേരളത്തിലാദ്യമായാണ് താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം. 1000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള താത്കാലിക ഗാലറിയും ഉണ്ട്.
Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇന്ന് പാക്കിസ്ഥാനെ നേരിടും. ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മുതലാണ് മത്സരം.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് വേദി. നേരത്തെ സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്ക മികച്ച ഫോമിലാണ്. നാല് മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ച ദക്ഷിണാഫ്രിക്ക അഞ്ചാം വിജയമാണ് ഇന്ന് ലക്ഷ്യമിടുന്നത്.
പാക്കിസ്ഥാനും വിജയം പ്രതീക്ഷിച്ചാണ് കളിത്തിലിറങ്ങുന്നത്. സെമി സാധ്യത നിലനിർത്താൻ പാക്കിസ്ഥാന് വിജയം അനിവാര്യമാണ്.
അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുള്ള ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തും അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുള്ള പാക്കിസ്ഥാൻ എട്ടാം സ്ഥാനത്തുമാണുള്ളത്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ വലൻസിയ-ഡിപോർട്ടിവൊ അലാവസ് മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരം ഗോൾരഹിത സമനിലയിലാണ് പിരിഞ്ഞത്.
മികച്ച മുന്നേറ്റങ്ങളാണ് ഇരു ടീമുകളും നടത്തിയത്. എന്നാൽ രണ്ട് ടീമിനും ഗോൾ നേടാൻ സാധിച്ചില്ല. മത്സരം സമനിലയായതോടെ വലൻസിയയ്ക്ക് ഒൻപത് പോയിന്റും അലാവസിന് 12 പോയിന്റും ആയി.
ലീഗ് ടേബിളിൽ അലാവസ് നിലവിൽ പത്താമതും വലൻസിയ 14-ാം സ്ഥാനത്തുമാണ്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫോഡിന് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രെന്റ്ഫോഡ് തോൽപ്പിച്ചത്.
ബെന്റ്ഫോഡിന് വേണ്ടി ഇഗോർ തിയാഗോയും മത്യാസ് ജെൻസണും ആണ് ഗോളുകൾ നേടിയത്. തിയാഗോ 43-ാം മിനിറ്റിലും ജെൻസൺ 90+5ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
വിജയത്തോടെ ബ്രെന്റ്ഫോഡിന് 10 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 13-ാം സ്ഥാനത്താണ് ബ്രെന്റ്ഫോഡ്.