Todays Story
തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്ന പ്രധാനപ്പെട്ട ഹൈന്ദവ ഉത്സവങ്ങളിലൊന്നാണ് നവരാത്രി. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവ ആചാരങ്ങളും വ്യത്യസ്തമായതിനാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ വൈവിധ്യമുണ്ട്.
ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന് രാവണനെ വധിച്ചതിന്റെ സന്തോഷ സൂചകമായാണ് നവരാത്രി ആഘോഷിക്കുന്നത്.
നവരാത്രിയുടെ വിവിധ ദിവസങ്ങളില്‍ ആരാധിക്കപ്പെടുന്ന ദുര്‍ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളാണ് ശൈലപുത്രി ദേവി, ബ്രഹ്മചാരിണി ദേവി, ചന്ദ്രഘണ്ഡാ ദേവി, കൂഷ്്മാണ്ഡ ദേവി, സ്കന്ദമാതാ ദേവി, കാത്യായനീ ദേവി, കാളരാത്രീ ദേവി, മഹാഗൗരി ദേവി, ദുര്‍ഗാദേവി എന്നിവ.
കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാണ് നവരാത്രി ആഘോഷം. ഒമ്പത് രാത്രികള്‍ എന്നറിയപ്പെടുന്ന നവരാത്രി ഇത്തവണ 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. പത്താം ദിവസമാണ് മഹാനവമി.
11-ാം ദിവസം വിജയ ദശമി. ഇത്തവണ പുസ്തക പൂജ നാല് ദിവസമുണ്ട്. സാധാരണയായി ഒന്‍പതു രാത്രികളും പത്തു പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ പത്തു രാത്രികളും 11 പകലുകളുമായാണ് ആഘോഷം നീണ്ടുനില്‍ക്കുന്നത്.
സംസ്ഥാനത്ത് ഇന്നലെ വൈകിട്ടു പൂജ വയ്ക്കല്‍ ചടങ്ങുകള്‍ നടന്നു. ഒക്ടോബര്‍ രണ്ടിനാണ് വിദ്യാരംഭം.
ഐതീഹ്യം
മഹിഷാസുരനെ നിഗ്രഹിക്കാന്‍ പാര്‍വതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകള്‍ ചേര്‍ന്നു ദുര്‍ഗാദേവിയായി രൂപം പൂണ്ട് ഒമ്പത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാര്ജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളില്‍ പ്രധാനം.
ദേവലോകത്തെത്തിയ ദേവിയെ കണ്ട മഹിഷാസുരന് ദേവിയില്‍ അനുരക്തനായി. എന്നാല്‍ തന്നെ പരാജയപ്പെടുത്താന്‍ കഴിവുള്ള ആളുടെ ഭാര്യയാകാനാണു തനിക്കിഷ്ടമെന്ന് ദേവി പറയുകയും ഇരുവരും തമ്മില്‍ യുദ്ധം ആരംഭിക്കുകയും ചെയ്തു.
യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെയെല്ലാം ദേവി കൊന്നൊടുക്കിയപ്പോള്‍ മഹിഷാസുരന് തന്നെ നേരിട്ടെത്തി. വിഷ്ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്ഠം ഛേദിച്ചു. ദുര്‍ഗാദേവി മഹിഷാസുരനെകൊന്നു വിജയം വരിച്ചതാണു വിജയദശമി എന്ന് സങ്കല്പിക്കപ്പെടുന്നു.
നവരാത്രിയില്‍ ആദ്യ മൂന്നു ദിവസം പാര്‍വതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത്. കേരളത്തില്‍ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്.
അഷ്ടമി നാളില്‍ എല്ലാവരും പണിയായുധങ്ങള്‍ പൂജയ്ക്കു വയ്ക്കുന്നു. മഹാനവമി ദിവസം മുഴുവന്‍ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്. ശ്രീരാമന് രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനമാണെന്നും ഐതിഹ്യമുണ്ട്.
ദുര്‍ഗാദേവിക്കു വേണ്ടി നടത്തപ്പെടുന്നതാണു നവരാത്രിപൂജ. സ്െ്രെതണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല് നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.
Todays Story
പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്സ്പെയറിലെ ഭിന്നശേഷിക്കാര്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വിദേശ വിപണിയിലേക്ക്.18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മയില്‍ നിര്‍മിച്ച വിവിധ ഉത്പന്നങ്ങളാണ് കടൽ കടക്കാനൊരുങ്ങുന്നത്.
ക്ലീനിംഗ് പ്രോഡക്ട്, പേപ്പര്‍ ബാഗ്, നോട്ട്ബുക്കുകള്‍, കരകൗശല വസ്തുക്കള്‍, സ്വാഭിമാന്‍ കിറ്റ്, കോര്‍പറേറ്റ് സമ്മാനങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍ തുടങ്ങിയവയാണ് വിപണിയിലേക്കെത്തുന്നത്. ഈ വര്‍ഷമാരംഭിച്ച പേപ്പര്‍ ബാഗ് യൂണിറ്റിന്റെ ഉത്പന്നങ്ങള്‍ മസ്കറ്റിലെ ഹെല്‍വ ടൈലറിംഗ് യൂണിറ്റിലേക്ക് കയറ്റിയയച്ചിരുന്നു.
കാസര്‍ഗോഡ് ബേക്കലിലെ താജ് റിസോര്‍ട്ടിന് വേണ്ടിയും സാമ്പിള്‍ പേപ്പര്‍ ബാഗ് നിര്‍മിച്ചു നല്കി വരുന്നുണ്ട്. മസ്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രജോദന മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഉപയോഗിച്ചത് ഇവരുടെ ജൂട്ട് കൊണ്ട് നിര്‍മിച്ച മെമന്റോകളായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍സ്പെയറിന്റെ ഉത്പന്നങ്ങള്‍ വിദേശ വിപണി കീഴടക്കാനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ഭിന്നശേഷിക്കാരുടെ പരിമിതികള്‍ മനസിലാക്കി അവരിലെ കഴിവുകള്‍ വികസിപ്പിക്കുന്നതിലും തൊഴില്‍, സ്വാശ്രയത്വം, വ്യക്തിഗത വളര്‍ച്ച എന്നിവയിലേക്കുള്ള വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ 2019 ല്‍ രൂപം കൊടുത്ത ഇന്‍സ്പെയര്‍ എന്ന കൂട്ടായ്മയാണ് ലക്ഷ്യപ്രാപ്തിയിലേക്കെത്തിയത്.
തളിപ്പറമ്പ് കാഞ്ഞിരങ്ങാട് റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് രണ്ടുവര്‍ഷങ്ങളിലായി നെറ്റിപ്പട്ട നിര്‍മാണത്തിലും പേപ്പര്‍ ബാഗ് നിര്‍മാണത്തിലും പരിശീലനം നല്കി ഇവരെ സഹായിച്ചുവരുന്നത്. കൂടാതെ ശ്രീ രാഘവപുരം സഭായോഗത്തിന്റെ സാമൂഹിക സേവന വിഭാഗത്തിന്റെ സഹകരണത്തോടെ പ്രചോദിനി എന്ന പേരില്‍ നോട്ടുബുക്കുകളുടെ നിര്‍മാണം നടക്കുന്നു.
2023ല്‍ കാസര്‍ഗോഡ് അക്കര ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി യൂണീക് ടാലന്റ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ച് 40 ഓളം പഠിതാക്കള്‍ക്ക് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ സര്‍ട്ടിഫിക്കറ്റോടുകൂടി ഡാറ്റ എന്‍ട്രി കോഴ്സും പൂര്‍ത്തീകരിച്ചിരുന്നു.
ഭിന്നശേഷിക്കാരെ സ്വയംതൊഴിലിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ഇന്‍സ്പെയറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ശൈലം വില്ലേജ് എന്ന പേരില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ആരംഭിച്ചു. മിഷന് 90 കാമ്പയിനിലൂടെ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനങ്ങള്‍ നല്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഇതിനകം വിവിധ അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇന്സ്പെയറിലൂടെ അംഗങ്ങളെ തേടിയെത്തിയിരുന്നു.
ഭിന്നശേഷിക്കാരുടെ ദേശീയതല മത്സരത്തില്‍ കേരളത്തിലെ ആദ്യ സ്വര്‍ണ മെഡലും വെള്ളിമെഡലും ഇന്സ്പെയറാണ് നേടിയത്. നിലവില്‍ എട്ടുപേരാണ് ഇവിടെ സ്ഥിരമായി ഉത്പന്ന നിര്‍മാണത്തിലുള്ളത്. ദൂരെ ദിക്കുകളില്‍ താമസിക്കുന്ന അഞ്ചുപേര്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നതിനനുസരിച്ച് ജോലിക്കായി എത്തുന്നവരാണ്. മസ്കറ്റിലേക്ക് രണ്ടാംവട്ട ഓര്‍ഡറും ലഭിച്ചതോടെ ഉത്പന്നങ്ങള്‍ ഗുണമേന്മയില് മികച്ചതാണെന്ന് ബോധ്യപ്പെട്ടതായി ഇന്‍സ്പെയറിന്റെ സാരഥികള്‍ പറഞ്ഞു.
സി.എം. ഉണ്ണികൃഷ്ണനാണ് സ്ഥാപനത്തിന്റെ ഡയ റക്ടർ. പഴയങ്ങാടി വാദിഹുദയില്‍ ലൈബ്രേറിയനായി ജോലി ചെയ്തിരുന്ന ഇദ്ദേഹമിപ്പോള്‍ കാസര്‍ഗോഡ് ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിലെ ലൈബ്രറേറിയനാണ്.
യുണീക് ടാലന്റ് വൊക്കേഷണല്‍ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന സിദ്ധാര്‍ഥ് വണ്ണാരത്ത്, ഇന്‍സ്പെയര്‍ പ്രോജക്ട് ഡയറക്ടര്‍ സെറീന ഭാനു, ശൈലം വില്ലേജ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പി.വി. ലതിക തുടങ്ങിയവര്‍ പിന്തുണയുമായി ഉണ്ണിക്കൃഷ്ണനൊപ്പമുണ്ട്.
Todays Story
ജീവജാല വൈവിധ്യത്തിൽ പശ്ചിമഘട്ടത്തിലെ ഹോട് സ്പോട് ആയി പെരിയാർ കടുവ സംരക്ഷണ കേന്ദ്രം. ഇവിടെ നടന്ന വാർഷിക സമഗ്ര ജന്തുജാല വിവര ശേഖരണത്തിൽ കൂടുതലായി 12 പുതിയ ജീവികളെ കണ്ടെത്തി.
എട്ട് ചിത്ര ശലഭങ്ങൾ, രണ്ട് പക്ഷികൾ, രണ്ട് തുമ്പികൾ എന്നിവയാണ് പുതിയതായി സാന്നിധ്യം അറിയിച്ചത്. ഓരോ വർഷവും കാണപ്പെടുന്ന ജീവികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്ന പെരിയാർ, പശ്ചിമഘട്ടത്തിലെ ഏറ്റവും സമൃദ്ധമായ ജീവവൈവിധ്യ പ്രദേശങ്ങളിലൊന്നാണെന്ന് ഗവേഷകർ പറയുന്നു.
സെപ്റ്റംബർ 11 മുതൽ 14 മുതൽ പെരിയാർ കടുവാ സംരക്ഷണ കേന്ദ്രവും കേരള വനം വകുപ്പും പെരിയാർ ടൈഗർ കണ്‍സർവേഷൻ ഫൗണ്ടേഷനും സംയുക്തമായി, തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുടെ(ടിഎൻഎച്ച്എസ്) സഹകരണത്തോടെയാണ് സമഗ്ര ജന്തുജാല വിവര ശേഖരണം നടത്തിയത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ മുപ്പതിലധികം ക്യാംപുകളിലായി നടന്ന സർവേയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 100ലധികം പേർ പങ്കെടുത്തു.
207 ചിത്ര ശലഭങ്ങളെയാണ് ആകെ കണ്ടെത്തിയത്. സാഹ്യാദ്രി ഗ്രാസ് യെല്ലോ (വെമ്പടാ പാപ്പാത്തി) പ്ലെയിൻ ഓറഞ്ച്-ടിപ്പ് (മഞ്ഞത്തുഞ്ചൻ), സാഹ്യാദ്രി യെല്ലോജാക്ക് സെയിലർ (മഞ്ഞപൊന്തച്ചുറ്റൻ) ലങ്കൻ പ്ലം ജൂഡി (സിലോണ്‍ ആട്ടക്കാരൻ), പ്ലെയിൻ ബാൻഡഡ് ഓൾ (കാട്ടുവരയൻ ആര), മോണ്ടെനെ ഹെഡ്ജ് ഹോപ്പർ, സാഹ്യാദ്രി സ്മോൾ പാം ബോബ്, ഇന്ത്യൻ ഡാർട്ട് എന്നിവയാണ് പുതിയ കണ്ടെത്തലുകൾ.
തുമ്പികൾ
അകെ 71 തുമ്പിവർഗങ്ങൾ രേഖപ്പെടുത്തി. ഇതിൽ സാഹ്യാദ്രി ടോറന്റ്-ഹോക്ക്, കൂർഗ് ടോറന്റ്-ഹോക്ക് എന്നിവ പുതിയവയാണ്. ബ്ലാക്ക്ബേർഡ്, വൈറ്റ്-ത്രോട്ടഡ് ഗ്രൗണ്ട് ത്രഷ് എന്നീ രണ്ട് ഉപവർഗങ്ങളാണ് പക്ഷിപ്പട്ടികയിൽ പുതുതായി ഉൾപ്പെട്ടത്.
മലമുഴക്കി വേഴാമ്പൽ ഉൾപ്പെടെ നിരവധി പക്ഷികളെയും രേഖപ്പെടുത്തി.
മറ്റ് കണ്ടെത്തലുകൾ
നാൽപതോളം ഉറുമ്പുകൾ, 15 ഉരഗവർഗങ്ങൾ, ആറ് തരം ചീവീടുകൾ, കടുവ, പുലി, കാട്ടുപട്ടി, കാട്ടുപോത്ത്, ആന എന്നിവ ഉൾപ്പെടെയുള്ള വലിയ സസ്തനികളും കാണപ്പെട്ടു. ബ്രൗണ്‍ മാംഗൂസ്, സ്ട്രൈപ്ഡ് നെക്ക്ഡ് മാംഗൂസ്, സ്മോൾ ഇന്ത്യൻ സിവറ്റ്, നീർനായ, ഇന്ത്യൻ പന്നിപ്പൂച്ച എന്നിവയും ശ്രദ്ധേയമായി.
സർവേയുടെ സമാപന സമ്മേളനത്തിൽ പെരിയാർ ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ്, ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജു, അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
പെരിയാറിലെ പുതിയ കണ്ടെത്തലുകൾ പശ്ചിമഘട്ടത്തിലെ മറഞ്ഞുകിടക്കുന്ന ജൈവവൈവിധ്യത്തിന്റെ മഹത്വം വ്യക്തമാക്കുന്നതായി സർവേ ക്രോഡീകരിച്ച ടിഎൻഎച്ച്എസ് റിസർച്ച് അസോസിയേറ്റ് ഡോ. കലേഷ് സദാശിവൻ പറഞ്ഞു.
Todays Story
ഹോളിവുഡിലെ പ്രശസ്തമായ "ദി ബിഗ് ബാംഗ് തിയറി' എന്ന സിറ്റ്കോം സീരീസ് കണ്ടിട്ടുള്ളവര്‍ക്ക് അറിയാം... അതിൽ ഷെൽഡനും കൂട്ടുകാരും മാത്രമല്ല താരങ്ങൾ. സ്റ്റീഫൻ ഹോക്കിംഗ്, നീൽ ഡിഗ്രാസ് ടൈസൺ, ബിൽ നൈ, ബഹിരാകാശ സഞ്ചാരിയായ ബസ് ആൽഡ്രിൻ തുടങ്ങിയ ശാസ്ത്രലോകത്തെ ഇതിഹാസങ്ങൾ തന്നെ അതിഥികളായി (Cameo) സ്ക്രീനിലെത്തിയിട്ടുണ്ട്.
യഥാർഥ ജീവിതത്തിലെ സൂപ്പർസ്റ്റാറുകൾ വെള്ളിത്തിരയിൽ ഒരു നിമിഷം മിന്നിമറയുന്നത് പ്രേക്ഷകർക്ക് എന്നും ആവേശമാണ്. എന്നാൽ ചിലപ്പോൾ, ഒരു യഥാർഥ ശാസ്ത്രീയ സൂപ്പർസ്റ്റാർ ആരുമറിയാതെ നമ്മുടെ സിനിമകളിൽ അഭിനയിച്ചുപോകാറുണ്ട്.
സസ്യ ശാസ്ത്രലോകത്തെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഇങ്ങനെ അധികം ശ്രദ്ധിക്കപ്പെടാതെ ചില മലയാള സിനിമകളില്‍ പൂ മുഖം കാണിച്ചിട്ടുണ്ട്. 1996-ൽ സല്ലാപത്തിലെ "പഞ്ചവർണ പൈങ്കിളിപ്പെണ്ണേ...’ എന്ന ഗാനരംഗത്ത് മഞ്ജു വാര്യർക്കൊപ്പം, ലേഡി സൂപ്പര്‍ സ്റ്റാറിന്റെ കയ്യില്‍ പിടിച്ച് ആ സ്റ്റാര്‍ ആടി ഉലഞ്ഞു.
അതിനും ഒരു വർഷം മുൻപ്, മഴയെത്തും മുൻപേയിലെ "എന്തിനു വേറൊരു സൂര്യോദയം’ എന്ന ഗാനത്തിൽ, ചില ഷോട്ടുകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കും ശോഭനക്കും ഒപ്പം ആ താരം സ്ക്രീനിൽ നിറഞ്ഞുനിന്നു.
അതെ, ആരും ശ്രദ്ധിക്കാതെ പോയ ആ അതിഥി താരം, ഇന്ത്യൻ കാർഷിക ചരിത്രത്തിലെ ഒരു നിശബ്ദ വിപ്ലവത്തിന്റെ നായക/നായിക നക്ഷത്രം ആയിരുന്നു. സക്കാറം സ്പോണ്ടേനിയം (Saccharum spontaneum) അഥവാ നമ്മുടെ കാട്ടുകരിമ്പ് എന്ന പുല്ല്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യൻ കരിമ്പുപാടങ്ങൾ കണ്ണീർപ്പാടങ്ങളായിരുന്നു. നമ്മുടെ കർഷകർ വിളയിച്ചിരുന്ന തദ്ദേശീയ കരിമ്പിനങ്ങൾക്ക് (Saccharum barberi) മധുരം കുറവായിരുന്നു, ഉത്പാദനക്ഷമത ഹെക്ടറിന് വെറും 10 ടണ്ണിൽ താഴെയും.
തൽഫലമായി, മധുരമേറിയ 'പ്രഭുക്കന്മാരായ' കരിമ്പിനങ്ങൾ (Saccharum officinarum) കൃഷി ചെയ്തിരുന്ന ജാവ പോലുള്ള ദൂരദേശങ്ങളിൽ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യേണ്ട ഗതികേടിലായിരുന്നു ഇന്ത്യ.
ഈ ഇനങ്ങൾക്ക് ഇന്ത്യൻ മണ്ണിലെ രോഗങ്ങളെ അതിജീവിക്കാൻ കരുത്തില്ലായിരുന്നു. ഇതിൽ ഏറ്റവും വിനാശകാരിയായ 'ചുവന്ന അഴുകൽ' (Red Rot) രോഗം ലക്ഷക്കണക്കിന് കർഷകരുടെ സ്വപ്നങ്ങളെ ചുവപ്പിച്ചു കൊന്നു.
വിളവ് തുച്ഛം, രാജ്യം പഞ്ചസാരയ്ക്കായി വിദേശത്തെ ആശ്രയിക്കുന്നു. ഈ കയ്പേറിയ യാഥാർഥ്യമാണ് ഒരു വലിയ ശാസ്ത്രീയ മുന്നേറ്റത്തിനു കളമൊരുക്കിയത്.
Todays Story
ആന പൂരം പോലെ പുലിപ്പൂരം
തൃശൂർ പൂരത്തിന് നെറ്റിപ്പട്ടം കെട്ടിയ ആനകൾ അഴകു വിടർത്തുന്ന പൂരക്കാഴ്ചയാകും പോലെ പുലിക്കളി നാളിൽ ആ അഴകേറുന്നത് പുലിമുഖം അണിഞ്ഞ ലക്ഷണമൊത്ത പുലികൾക്കാണ്. തലയെടുപ്പുള്ള കൊമ്പനാണ് പൂരത്തിന് തിടമ്പേറ്റി താരമാകുന്നതെങ്കിൽ കുടവയറൻ തടിയൻ പുലികളാണ് പുലിക്കളിയിലെ താരം.
പുലിക്കളിക്ക് ഇറങ്ങുന്ന ടീമുകൾ നേരത്തെ തന്നെ കുടവയറുള്ള പുലികളെ ബുക്ക് ചെയ്യും. കുടവയറിൽ വരച്ച പുലിയുടെയും സിംഹത്തിന്റേയും ഭാവങ്ങൾ കുടവയർ ചലിപ്പിക്കുമ്പോൾ ഇളകുന്നത് കാണേണ്ട കാഴ്ചയാണ് - ഒരുപക്ഷേ തൃശൂരിൽ മാത്രം കാണാവുന്ന കാഴ്ച..
ഇപ്പോൾ തൃശൂർ എന്ന മഹാ നഗരത്തിലെ ഒമ്പത് മടകളിൽ നിന്ന് ള്ളിപ്പുലികളും കരിമ്പുലികളും വരയൻ പുലികളും മട വിട്ടിറങ്ങാൻ കാത്തുനിൽക്കുകയാണ്. 51 പുലികൾ വീതമാണ് ഒമ്പത് തട്ടകങ്ങളിൽ നിന്നും എത്തുക. ആകെ 400 ൽ പരം പുലികൾ അലറിയാർത്തു തുടങ്ങി.
ഒന്‍പത് ടീമുകളുടെ 18 നിശ്ചലദൃശ്യങ്ങളും ഇന്ന് കാഴ്ചക്കാരെ പതിവുപോലെ വിസ്മയത്തിലാഴ്ത്തും. പുരാണ ഐതിഹ്യങ്ങളിൽ നിന്നുള്ള ഒരു ദൃശ്യവും ഒരു സമകാലിക നിശ്ചലദൃശ്യവുമാണ് ഓരോ ടീമും അത്ഭുതപ്പെടുത്താൻ കൊണ്ടുവരിക.
പുലിക്കളി ദൂരെ നിന്നു പോലും കാണാൻ പാകത്തിൽ സൗകര്യമൊരുക്കുന്ന പുലി വണ്ടിയും ഒപ്പമുണ്ടാകും. ഇന്ന് രാവിലെ മുതൽ എല്ലാ വഴികളും തൃശൂർ നഗരത്തിലേക്കാണ്.
ദേശങ്ങളിലെ പുലിയൊരുക്കങ്ങൾ കാണാൻ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം തടിച്ചു കൂടിയിട്ടുണ്ട്. ആർപ്പുവിളിച്ച് കൈയടികളോടെയാണ് ദേശക്കാർ തങ്ങളുടെ പുലിക്കൂട്ടത്തെ തൃശൂർ നഗരത്തിലേക്ക് പറഞ്ഞു വിടുക.
വിയ്യൂർ യുവജനസംഘം, അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതി, സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷസമിതി, നായ്ക്കനാൽ പുലിക്കളി സമാജം, പാട്ടുരായ്ക്കൽ ദേശം കായികസാംസ്കാരിക സമിതി, വെളിയന്നൂർ ദേശം, പുലിക്കളി സമാജം, കുട്ടൻകുളങ്ങര എന്നീ ടീമുകളാണ് ഇത്തവണ ശക്തന്റെ തട്ടകത്തേക്ക് മടവിട്ടിറങ്ങുക.
തൃശൂർ നഗരം ഇന്നലെ മുതൽ പുലിക്കളിയുടെ അടങ്ങാത്ത ആവേശത്തിമർപ്പിലാണ്. പുലിക്കൊട്ടിന്റെ അവസാന പരിശീലനം മടകളിൽ മുഴങ്ങുന്നു... ശരീരത്തിൽ അടിച്ച പെയിന്റുകൾ ഉണങ്ങാൻ പുലികൾ കാത്തുനിൽക്കുന്നു...
വയറൻ പുലികളിൽ സിംഹത്തിന്റേയും പുലിയുടെയും ഫിഗറുകൾ പതിയെ പതിയെ വർണ്ണങ്ങളിൽ വിടരുന്നു.. പുലികൾക്കൊപ്പം സെൽഫി എടുക്കാൻ കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ തിക്കും തിരക്കും കൂട്ടുന്നു.. നഗരത്തിൽ കണ്ടുമുട്ടുന്നവർ പരസ്പരം പറയുന്നു.. ഹാപ്പി പുലിക്കളി
പെൺ പുലിയെ നയിച്ച വിയ്യൂർ
പുലിക്കളിക്ക് പെണ്പുലികളോ എന്ന് സംശയിച്ച് അത്ഭുതപ്പെട്ടവർക്ക് മുന്നിൽ വിയ്യൂർ ദേശമാണ് ചരിത്രത്തിൽ ആദ്യമായി പെൺപുലികളെ ഇറക്കിയത്.ശക്തന്റെ രാജവീഥികളിലേക്ക് പെണ്‍പുലികള്‍ ചുവടുവെച്ചെത്തിയപ്പോള് ആ കൗതുകം അടുത്തുകാണാന്‍ തിക്കിത്തിരക്കുമേറെയായിരുന്നു.
വിമെന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഗ്രോത്ത് ത്രൂ സ്പോര്‍ട്സ് എന്ന സംഘടനയുടെ ബാനറിലാണ് പെണ്‍പുലികള്‍ എത്തിയത്. മൂന്നു പെണ്‍പുലികളാണ് വിയ്യൂര്‍ ടീമിന്റെ ആണ് പുലികള്ക്കൊപ്പമിറങ്ങിയത്. രാമവര്‍മപുരം കേരള പൊലീസ് അക്കാഡമിയിലെ എഎസ്ഐ വിനയ, മലപ്പുറം പുല്ലംകോട് സ്കൂളിലെ അദ്ധ്യാപിക ദിവ്യ, ഫാഷന്‍ ഡിസൈനറായ കോഴിക്കോട് സ്വദേശിനി സക്കീന എന്നിവരാണ് പുലികളായത്.
പുരുഷന്മാര് മാത്രം പുലിവേഷം കെട്ടുന്ന തൃശൂരിലെ പുലിക്കളിക്ക് മൂന്നു പെണ്ണുങ്ങള് പുലിവേഷം കെട്ടാനെത്തിയപ്പോള് ഇതൊക്കെ നടക്കുമോ എന്നായിരുന്നു മിക്കവരുടേയും സംശയം.ഒരു മടിയും കൂടാതെ ഭംഗിയായി പുലിച്ചുവടുവെച്ച് മൂന്നു പെണ്ണുങ്ങള് നിറഞ്ഞാടിയപ്പോള്‍ പുലിപ്രേമികള്‍ കൊടുത്തു ആ പെണ്പുലിപ്പടക്കൊരു കിണ്ണന്കാച്ചി സെല്യൂട്ട്..
വിയ്യൂര്‍ ടീമിനെ സമീപിച്ച് പുലിക്കളിയില്‍ പങ്കാളികളാക്കാന്‍ പറ്റുമോ എന്ന് ഇവര്‍ ചോദിക്കുകയും അങ്ങിനെ പുലിക്കളി ടീമില്‍ ഇവരെ ഉള്‍പ്പെടുത്തുകയുമായിരുന്നു. പുലിക്കളി സ്ത്രീകളുടേതുകൂടിയാക്കി മാറ്റുകയെന്നതാണ് പുലിക്കളിയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് പുലിവേഷം കെട്ടിയ ദിവ്യ പറഞ്ഞിരുന്നു.
ഒന്നും രണ്ടുമല്ല, നാനൂറിലേറെ പുലികൾ, അതും ഒരു ഇട്ടാ വട്ടത്തിൽ... ആ പുലിപ്പടയ്ക്കൊപ്പം പേടിയില്ലാതെ ആഹ്ലാദത്തോടെ ആടിത്തിമർക്കുന്ന പതിനായിരങ്ങൾ.. അതിൽ സ്ത്രീകളും കുട്ടികളുമുണ്ട് - ഇത് തൃശൂരിന്റെ ഓണക്കാഴ്ചകളുടെ ക്ലൈമാക്സ്.
കേരളത്തിൽ ബാക്കി എല്ലായിടത്തും ഓണം കഴിഞ്ഞാലും തൃശൂർകാരന്റെ ഓണം കഴിയുന്നത് നാലോണ നാളിലെ പുൽക്കളിയോടെയാണ്. ആ പുലികളിക്കാണ് 400 ൽ പരം പുലികളും പതിനായിരക്കണക്കിനാളുകളും ഒത്തുകൂടുന്നത്.
എത്ര കണ്ടാലും മതിവരാത്ത കടലും ആനയും പോലെ തൃശൂർകാർക്കും ഒരിക്കലെങ്കിലും പുളിക്കളി കണ്ടിട്ടുള്ളവർക്കും ഓണക്കാലത്ത് പുലിക്കളി കാണാതിരിക്കാനാവില്ല. ചെണ്ടയുടെ രൗദ്ര താളത്തിൽ മുഴങ്ങുന്ന പുലിക്കോട്ടിനൊപ്പം കൈകൾ ഉയർത്തി ചുവടുവയ്ക്കാതിരിക്കാൻ ആവില്ല. അതാണ് പുലിക്കളിയുടെ മാജിക്.
ഇന്ന് തൃശൂരിൽ പുലിവാഴും രാവാണ്. ഉച്ച കഴിയുന്നതോടെ ദേശങ്ങളിൽ നിന്ന് പുലികൾ മടവിട്ട് നഗരത്തിലേക്ക് ഇറങ്ങും. ഒന്‍പത് പുലി സംഘങ്ങളാണ് ഇക്കുറി 51 പുലികളെ വീതം അണിനിരത്തി തൃശൂർ സ്വരാജ് റൗണ്ടിലും പരിസരത്തും തെങ്ങിനിറയുന്ന പതിനായിരങ്ങളെ ത്രസിപ്പിക്കാൻ ഗർജിച്ചെത്തുക.
പുലിവരയുടെ കളർഫുൾ മായാജാലം
ഇന്നലെ മുതൽ ഉറക്കമില്ലായിരുന്നു ഒമ്പത് പുലി മടകൾക്കും. ഇന്ന് പുലർച്ചയോടെ പുലിവര തുടങ്ങി. മനുഷ്യനെ മൃഗമാക്കുന്ന വരയുടെ കളർഫുൾ മായാജാലം.
ശരീരം ഷേവ് ചെയ്ത് ടെമ്പറ പൗഡറും വാർണിഷും ചേർത്ത് തയാറാക്കിയ നിറങ്ങൾ പുള്ളികളായും വരകളായും ശരീരത്തിൽ പതിഞ്ഞപ്പോൾ ആദ്യം സാവധാനത്തിലും പിന്നെ വേഗത്തിലും നരൻ നരിയായ് മാറി.. ശരിക്കും നരിനാരായനം!!
കോവിഡിനെ ഭയക്കാത്ത ഒറ്റ പുലി
കോവിഡ് കാലത്ത് എല്ലാവരും കുഞ്ഞൻ വൈറസിനെ ഭയന്ന് വീട്ടിൽ ഇരുന്നപ്പോൾ ഒറ്റപ്പുലിയായെത്തി നഗരത്തിൽ ചുവടുവെച്ച് മടകയേറിയ വിയ്യൂരിന്റെ പുലി മറക്കാനാവാത്ത ചരിത്രം.
കോവിഡ് പരത്തുന്ന കുഞ്ഞന്‍ വൈറസിനെ ഭയന്ന് ആള്‍ക്കൂട്ടങ്ങള്‍ക്കും പുലിക്കൂട്ടങ്ങള്ക്കും ഒഴിഞ്ഞു നില്‍ക്കേണ്ടി വന്നപ്പോള്‍ തൃശൂരിന്റെ തനതു കലയായ പുലിക്കളിയുടെ ആചാരം കാത്തുസൂക്ഷിക്കാന്‍ 2020ലും 2021ലും ഒറ്റ പുലി എത്തി.
വിയ്യൂര്‍ സെന്റര്‍ പുലിക്കളി സമിതിക്കുവേണ്ടി സുശീല്‍ മണലാറുകാവാണ് പുലിവേഷം കെട്ടിയത്.
ഓർമ്മയിലും വിസ്മയം ചാത്തുണ്ണിയാശാൻ
മരണത്തിന്റെ മടകയറി ചാത്തുണ്ണിപ്പുലി എന്നന്നേക്കുമായി കടന്നു പോയെങ്കിലും ഓർമ്മകളിൽ പോലും ചാത്തുണ്ണിയാശാൻ മഹാവിസ്മയമാണ് ഓരോ പുലിക്കളി പ്രേമിക്കും. അമ്പത്തിരണ്ടു വര്‍ഷം പുലിയായി തൃശൂരിലിറങ്ങിയിട്ടുണ്ട് ചാത്തുണ്ണിയാശാന്. ശരിക്കും തൃശൂരിന്റെ പുലികാരണവര്‍.
പുലിയാശാന്‍!! പുലിക്കളിക്കാർക്ക് കുടവയർ വേണമെന്ന എഴുതപ്പെടാത്ത നിയമം ചാത്തുണ്ണിയാശാനെ ബാധിച്ചില്ല. മെലിഞ്ഞ ആ ശരീരവും കൊണ്ട് 52 വർഷം ചാത്തുണ്ണി പുലികളിൽ പുലിയായി മാറി. പുലിക്കളി തോന്നിയ പോലെ കളിക്കാനുള്ളതല്ലെന്നും അതിന് അതിന്റേതായ ചിട്ടവട്ടങ്ങളുണ്ടെന്നും ചാത്തുണ്ണിയാശാന് പറയാറുണ്ട്.
കുടവയറന്‍ പുലികള്‍ക്കിടയില്‍ നിന്ന് ചാത്തുണ്ണി പുലി തുള്ളുമ്പോള്‍ ആരാധകര്‍ ഉറക്കെ വിളിച്ചുപറയും ദേ ചാത്തുണ്ണിപ്പുലി... ചാത്തുണ്ണിപ്പുലി... പതിനാറാം വയസിലാണ് ചാത്തുണ്ണി ആദ്യമായി പുലിയാകുന്നത്. പല ദേശക്കാര്‍ക്കു വേണ്ടിയും പുലിയായിട്ടുണ്ട് ചാത്തുണ്ണിയാശാന്.
79-ാം വയസിലാണ് ഈ പുലി കാലത്തിന്റെ മടപറ്റുന്നത്. കല്ലൂര്‍ നായരങ്ങാടി പാലത്തുപറമ്പ് തെക്കൂട്ട് ചാത്തുണ്ണി എന്നൊക്കെ പറഞ്ഞാല്‍ തൃശൂരില്‍ പെട്ടന്നാര്‍ക്കും പിടികിട്ടില്ല. പക്ഷേ ചാത്തുണ്ണിയാശാന് എന്ന് പറയുമ്പോഴേക്കും മ്മടെ ചാത്തുണ്ണിയാശാന് എന്ന് തൃശൂര്ക്കാര് പൂരിപ്പിക്കും.
വ്രതാനുഷ്ഠാനങ്ങളെടുത്തായിരുന്നു ചാത്തുണ്ണി പുലിവേഷം കെട്ടിയിരുന്നത്. വരയന്‍ പുലിയായിരുന്നു ചാത്തുണ്ണിക്കിഷ്ടം. മറ്റു പുലികളെ പോലെ ശരീരത്തില്‍ പുലിമുഖമോ സിംഹമുഖമോ വരയ്ക്കാന്‍ ചാത്തുണ്ണിക്കിഷ്ടമായിരുന്നില്ല.
അതിനാല്‍ വരയന്‍ പുലിയായാണ് കുടവയറന്മാരുടെ പുലിക്കളിക്കുത്തക തകര്‍ത്ത പുലിയാണ് ഈ മെലിഞ്ഞ പുലി. മെയ് വഴക്കവും താളബോധവുമുണ്ടെങ്കില് മെലിഞ്ഞവര്‍ക്കും നാലോണനാളിലെ പുലിയാകാമെന്ന് ചാത്തുണ്ണിയാശാന് തെളിയിച്ചു.
പതിനാറു വയസു മുതല്‍ അറുപത്തിയെട്ടു വയസുവരെ നീളുന്ന പുലിജന്മം - അതായിരുന്നു ചാത്തുണ്ണിയുടെ പുലി ജീവിതം. ഇതിനിടെ പല ദേശങ്ങള്‍ക്കും വേണ്ടി പുലിയായി അലറിത്തിമര്ത്താടി. പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോള്‍ ദേശങ്ങള്‍ക്കായി ചാത്തുണ്ണിയാശാന് പുലിയായി.
ചാത്തുണ്ണിയാശാന് ശരിക്കും അയ്യന്തോള്‍ ദേശക്കാരനായിരുന്നു. പക്ഷേ അയ്യന്തോളിന് സ്വന്തമായി പുലിക്കളി സംഘമില്ലാത്തതിനാല്‍ ചാത്തുണ്ണി മറ്റു സംഘങ്ങളില്‍ പുലിയായി. നമുക്കൊരു പുലിക്കളി സംഘം വേണ്ടേ എന്ന് 2015ല്‍ ചാത്തുണ്ണി അയ്യന്തോള്ക്കാരോട് ചോദിച്ചു.
ആ ചോദ്യം അയ്യന്തോളിലെ ചുണക്കുട്ടികള്‍ ഏറ്റുപിടിച്ചു. അടുത്ത വര്‍ഷം തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് അയ്യന്തോളിന്റെ പുലികള്‍ ചുവടുവെച്ചു. സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയാശാന്റെ നെടുനായകത്വത്തില്‍...2016ലും 2017ലും ചാത്തുണ്ണിയാശാന് സ്വന്തം ദേശത്തിന്റെ പുലിയായി.
2018ല്‍ പ്രളയം കാരണം പുലിക്കളി നടന്നില്ല. അപ്പോഴേക്കും ആശാന്റെ ആരോഗ്യവും പതിയെപ്പതിയെ ക്ഷയിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ചാത്തുണ്ണിയാശാന് തന്റെ പുലിജന്മത്തിലെ അരമണി മകന് രമേഷിന് കൈമാറിയത്. 2019ല്‍ മരണത്തിന്റെ മടകയറി ചാത്തുണ്ണിപ്പുലി മറയുമ്പോള്‍ തൃശൂരിന് അതൊരു കറുത്ത ദിനമായിരുന്നു.
ബിബിസി റിപ്പോര്‍ട്ടര്‍ പുലികളായി
സ്കോട്ട്ലാൻഡിലെ ബിബിസി ചാനലിലെ റിപ്പോര്‍ട്ടര്‍മാരായ ഇഡ്, അയണല് എന്നീ സ്കോട്ട്ലൻഡുകാരാണ് പുലിക്കളി റിപ്പോര്‍ട്ടു ചെയ്യാനെത്തി പുലിയായി മാറിയത്. പുലിവരയും പുലിക്കൊട്ടും പുലിത്താളവുമൊക്കെ കണ്ടതോടെ ഇഡിനും അയണലിനും പുലിയാകാന്‍ കൊതിമൂത്തു. അങ്ങിനെ ഇരുവരും അയ്യന്തോള്‍ ദേശത്തിന്റെ പുലികള്‍ക്കൊപ്പം ചേര്‍ന്നു.
ബിബിസിയുടെ ഓള് ഓവര്‍ ദി പ്ലേസ് എന്ന എന്റര്‍ടെയ്മെന്റ് പരിപാടിക്കായി പുലിക്കളി റിപ്പോര്‍ട്ടു ചെയ്യാനെത്തിയവരാണ് ഒടുവില്‍ പുലികളായി മാറിയത്. അത്യാവശ്യം പുലികള്‍ക്ക് വേണ്ട ലുക്ക് രണ്ടുപേര്‍ക്കുമുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ ഫോറിന്പുലികളെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ മറ്റു പുലികള്‍ക്ക് മടിയുണ്ടായില്ല. അയ്യന്തോള്‍ ദേശത്തിന്റെ പുലിക്കളി ആശാനായിരുന്ന ചാത്തുണ്ണിയാശാന് ദക്ഷിണ വെച്ചാണ് ഫോറിന്പുലികള് പുലിച്ചുവടില് ഹരിശ്രീ കുറിച്ചത്.
ബിബിസിയിലെ റിപ്പോര്‍ട്ടിംഗ് സമയത്ത് പുലിവേഷത്തില്‍ തന്നെയാണ് ഇവര്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത്.
Todays Story
മിസിംഗ് കേസുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ അത്തരമൊരു അന്വേഷണം ചെന്നെത്തിയിരിക്കുന്നത് ഒരു ഒരുതിരോധാന കേസിന് തുമ്പായായാണ്. ഒരിക്കലും കണ്ടുപിടിക്കില്ലെന്ന് കരുതിയ ക്രൈം അങ്ങിനെ രണ്ടുപേരുടെ അറസ്റ്റിലേക്ക് നയിച്ച കഥയാണ് കോഴിക്കോട്ടുണ്ടായത്.
കോഴിക്കോട് നഗര ഹൃദയത്തില്‍ സരോവരത്ത് യുവാവിനെ ചതുപ്പുനിലത്തില്‍ ചവിട്ടിതാഴ്ത്തുകയായിരുന്നു. അതുമായിബന്ധപ്പെട്ട തുടര്‍ നടപടികളുടെ തിരക്കിലാണ് കേരള പോലീസ് ഇപ്പോള്‍.
തുടക്കം ഇങ്ങനെ...
കോഴിക്കോട് സിറ്റിയിൽ രജിസ്റ്റർ ചെയ്ത മിസിംഗ് കേസുകളിൽ ഒരു വർഷത്തിന് മുകളിലുള്ള കേസുകളുടെ സ്ഥിതിയെന്താണെന്നറിയണമെന്ന സിറ്റി പോലീസ് ടി.നാരായണന്റെ നിർദേശപ്രകാരമാണ് പോലീസ് മൂന്നുവര്‍ഷം മുന്‍പ് കാണാതായ എലത്തൂര്‍ സ്വദേശിയായ വിജിലിനെ(28) കാണാതായ കേസിന് പിന്നാലെ വീണ്ടും പോകുന്നത്.
വിജിലിനെ കാണാതായ ദിവസത്തെ കാര്യങ്ങൾ വീണ്ടുമന്വേഷിച്ച പോലീസിന് സുഹൃത്തുക്കൾ ഒപ്പമുള്ളതായി വിവരം ലഭിച്ചു. ഇതോടെ സുഹൃത്തുക്കൾ ആരെല്ലാമായിരുന്നുവെന്നും വിജിലുമായുള്ള അടുപ്പം സംബന്ധിച്ചും വിശദമായി അന്വേഷിച്ചു.
അന്വേഷണത്തിൽ എരഞ്ഞിപ്പാലം കുളങ്ങരകണ്ടി സ്വദേശി കെ.കെ. നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ്, പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് എന്നിവരായിരുന്നു വിജിലിനൊപ്പമുണ്ടായിരുന്നതെന്ന് കണ്ടെത്തി.
വയറിങ് ജോലികൾക്ക് പോയിരുന്ന വിജിലും പെയിന്റിംഗ് തൊഴിലാളിയായ ദീപേഷും കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്ന നിഖിലും ഫ്ളക്സ് പ്രിന്റിംഗ് തൊഴിലാളിയായ രഞ്ജിത്തും സുഹൃത്തുക്കളായിരുന്നു.
ഇവർ നാലുപേരും ലഹരി ഉപയോഗിക്കാറുള്ള വിവരവും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ദീപേഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
Todays Story
കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനത്തേക്കെത്തുന്ന രാസലഹരിയുടെ ഉറവിടം കണ്ടെത്തി. ഡൽഹി, ഹരിയാന പോലീസിനൊപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനത്തേക്ക് ഒഴുകിയിരുന്ന രാസലഹരിയുടെ കേന്ദ്രം കണ്ടെത്താൻ സാധിച്ചത്.
ഹരിയാനയിലെ ഗുർഗോണിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിലാണ് രാസലഹരി ഉത്പാദിപ്പിക്കുന്ന കിച്ചണുകൾ പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ഇതിന് നേതൃത്വം നൽകിയ മൂന്ന് ആഫ്രിക്കൽ സ്വദേശികളെയും പോലീ പിടികൂടിയതായാണു സൂചന.
പ്രതികളെ ടൗൺ ഇൻസ്പക്ടർ പി. ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെത്തിച്ചു.
ലഹരി ഉദ്പാദിപ്പിക്കുന്ന കിച്ചണുകള്‍
ആദ്യമായാണ് രാസലഹരി ഉത്പാദിപ്പിക്കുന്ന കിച്ചണുകൾ കണ്ടെത്തുന്നത്. ബംഗളൂരുവിലും ഡൽഹിയിലും ഉണ്ടെന്ന് പറയുകയല്ലാതെ വർഷങ്ങളായി വിവിധ അന്വേഷണ ഏജൻസികൾക്ക് കിച്ചണുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതിനിടെയാണ് മൂന്നു സംസ്ഥാനങ്ങളുടെ പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കിച്ചണുകൾ തിരിച്ചറിഞ്ഞത്.
ഈ വർഷം ഫെബ്രുവരിയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് 778 ഗ്രാം എം ഡിഎംഎയുമായി മലപ്പുറം പുതുക്കോട്ട് സ്വദേശി കെ. സിറാജിനെ പിടികൂടിയതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ് കിച്ചണുകൾ കണ്ടെത്തുന്നതിൽ നിർണായകമായത്.
ഹിമാചൽ പ്രദേശിൽ ഉൾപ്പെടെ ലഹരികേസുകളുള്ള സിറാജ് ഡൽഹി, ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ടൗൺ പോലീസ് രണ്ടു ടീമുകളായാണ് അന്വേഷണം നടത്തിയത്.
എസ്ഐ സജി ഷിനോബും സംഘവും ഡൽഹിയിലും ഹരിയാനയിലുമായിരുന്നു അന്വേഷിച്ചത്. മറ്റൊരു സംഘം ഹിമാചൽപ്രദേശിലും അന്വേഷണം നടത്തി. അന്വേഷണത്തിൽ ഡൽഹി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന ആഫ്രിക്കൽ സ്വദേശി ഹെൻട്രിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു.
ഹെൻട്രിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതോടെ വിവരം ഡൽഹി, ഹരിയാന പോലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുർഗോണിലെ രാസലഹരി ഉത്പാദിപ്പിക്കുന്ന കിച്ചൺ കണ്ടെത്തിയത്.
ഇവിടെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധിപേര്‍ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. പാക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉത്തരന്ത്യേക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ നിരവധി പേരെ പിടികൂടാനുണ്ട്.
എല്ലാം ട്രെയിന്‍മാര്‍ഗം
ഡൽഹിയിൽ നിന്നു ട്രെയിൻ മാർഗമായിരുന്നു സിറാജ് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. സിറാജ് കോഴിക്കോട് നിന്നു ട്രെയിനിൽ ഗോവയിൽ എത്തുകയും അവിടെ നിന്ന് ഫ്ളൈറ്റിൽ ഡൽഹിക്ക് പോകുകയുമാണ് ചെയ്തിരുന്നത്.
ഡൽഹിയിൽ നിന്നു ഹെൻഡ്രി വഴി എംഡിഎംഎ ശേഖരിക്കും. ശേഖരിച്ച ലഹരി വസ്തുക്കൾ ഗോവ വഴി കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ട്രെയിനിന്റെ എസി കോച്ചിലെ ബാത്ത് റൂമിൽ ഒളിപ്പിച്ചു വയ്ക്കും.
ബോഗി നമ്പർ മനസിലാക്കി ട്രെയിൻ ഗോവയിൽ എത്തുന്നതിന് മുൻപെ ഡൽഹിയിൽ നിന്നും ഫ്ളൈറ്റിൽ സിറാജ് ഗോവയിൽ എത്തും. പിന്നീട് ട്രയിൻ ഗോവയിൽ എത്തുമ്പോൾ ഏതെങ്കിലും ബോഗിയിൽ കയറുകയും കോഴിക്കോട് എത്താറാകുമ്പോൾ ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരിച്ച് പുറത്ത്കടക്കുകയുമായിരുന്നു രീതി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പ്രതികളെ കോഴിക്കോട്ടെത്തിച്ച ശേഷം കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുക്കും. ഇതിനായി സൈബര്‍ വിംഗിന്റെ സഹായവും തേടിയിട്ടുണ്ട്.
Todays Story
ഗ്രാമ പഞ്ചായത്തിന്റെ കർമപദ്ധതിയായ പയ്യാവൂർ മാംഗല്യത്തിന് സ്ത്രീകളുടെ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി നീട്ടി. സിംഗിൾ വിമൻ വെൽഫെയർ അസോസിയേഷൻ വഴിയാണ് അപേക്ഷകൾ സ്വീകരിച്ചത്. മറ്റ് പല സംഘടനകളിലൂടെയും അപേക്ഷകൾ എത്തിയിട്ടുണ്ട്.
എന്നാൽ, പുരുഷൻമാരുടെ അപേക്ഷകൾ 3,000 കഴിഞ്ഞു. സ്ത്രീകളുടെ അപേക്ഷകൾ 200ൽ താഴെ മാത്രമായ സാഹചര്യത്തിലാണ് സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടിയത്. ചെറുപ്പക്കാരുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്കാന് പഞ്ചായത്തിന്റെ പദ്ധതിയാണിത്.
പയ്യാവൂര്‍ പഞ്ചായത്താണ് ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാര്ക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കുന്നത്. "പയ്യാവൂര്‍ മാംഗല്യം' എന്ന പേരിലുള്ള പദ്ധതി നൂറുദിന പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.
പക്ഷെ കല്യാണം ആകാത്തവരെ കെട്ടിക്കാന്‍ പഞ്ചായത്ത് ഇറങ്ങി തിരിച്ചപ്പോൾ 200 സ്ത്രീകളെ വിവാഹം കഴിക്കാനെത്തിയത് 3,000 പുരുഷന്മാരുടെ അപേക്ഷകളാണ്. പയ്യാവൂർ പഞ്ചായത്തിന് പുറത്ത് നിന്നാണ് അപേക്ഷകൾ ഏറെയും.
പുരുഷൻമാർ അപേക്ഷിച്ചിട്ടുണ്ടെങ്കിലും മടി കാരണമാകാം സ്ത്രീകൾ അപേക്ഷിച്ചു കാണുന്നില്ല. വിദേശത്തുനിന്ന് പോലും ജാതി-മത പരിഗണനകൾ നോക്കാതെ പുരുഷന്മാരുടെ അപേക്ഷകൾ ലഭിക്കുന്നുണ്ട്.
പദ്ധതിയിലൂടെ വിവാഹിതരാകാൻ താത്പപര്യമുള്ള സ്ത്രീകൾ പയ്യാവൂർ പഞ്ചായത്ത് ഓഫീസിലും കണ്ണൂർ ജില്ലാ വിധവാ ക്ഷേമ സംഘം, എൻജിഒ യൂണിയൻ ബിൽഡിംഗ്, പഴയ ബസ് സ്റ്റാൻഡിന് സമീപം, കണ്ണൂർ, 670001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
ആദ്യബാച്ച് വിവാഹം ഒക്ടോബറിൽ
ദിവസവും രാവിലെ എട്ടോടെ പഞ്ചായത്ത് പ്രസിഡന്റ് ഓഫീസിലെത്തും. വീടുകളിൽ പുരനിറഞ്ഞ് നിൽക്കുന്ന മകൾ, മകൻ, വിവാഹ ശേഷം വിധവകളായവർ, മകനെ ഭാര്യ ഉപേക്ഷിച്ചത് തുടങ്ങി നിരവധി സങ്കടങ്ങൾ വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിൽ എത്തുന്നവരിൽ നിന്ന് കേട്ടപ്പോൾ തോന്നിയ ആശയമാണ് മാംഗല്യം പദ്ധതി.
ദല്ലാളമാർ ഉണ്ടായിരുന്ന കാലത്ത് 25 വയസിനും വിവാഹം നടന്നിരുന്ന കാലമൊക്കെ പോയി. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പേ ആദ്യഘട്ടം വിവാഹം നടത്താനാണ് തീരുമാനം. അപേക്ഷകൾ പ്രത്യേക ടീം പരിശോധിച്ച് രക്ഷിതാക്കളെ ബന്ധപ്പെട്ട് ആലോചനകൾ നടത്തി 50 ഓളം പേരുടെ വിവാഹം നടത്തും.
എല്ലാ ജില്ലകളിൽനിന്നും മികച്ച പ്രതികരണമാണ് "പയ്യാവൂർ മാംഗല്യം' പദ്ധതിക്ക് ലഭിച്ചതെന്നും രണ്ടുദിവസത്തിനുള്ളിൽ അപേക്ഷിച്ചവരിൽ നിന്നുള്ള ആദ്യ ബാച്ചിന് ഒക്ടോബറിൽ സമൂഹവിവാഹം നടത്തും. ഈ പദ്ധതിയിൽ പഞ്ചായത്തിലെ ജീവനക്കാരുടെ സഹകരണവും എടുത്തുപറയേണ്ടതാണ്. -സാജു സേവ്യർ (പഞ്ചായത്ത് പ്രസിഡന്റ്).
Todays Story
ഒരില കൊഴിയുന്ന ശബ്ദത്തിനു പോലും ചരിത്രത്തിന്റെ ഭാരമുള്ള ഒരിടം. മഞ്ഞിന്റെ വെളുപ്പും തടാകങ്ങളുടെ നീലിമയും താഴ്വാരങ്ങളുടെ പച്ചപ്പും ചേർന്നൊരു കാൻവാസ്...കാഷ്മീർ. ആ കാൻവാസിൽ, സ്വന്തം ഇലകൾ കൊണ്ട് ഋതുഭേദങ്ങളുടെ ചിത്രം വരയ്ക്കുന്ന ഒരു മരം - ചിനാർ.
അതൊരു മരം മാത്രമല്ല. കശ്മീരിന്റെ ഹൃദയമിടിപ്പാണ്. നൂറ്റാണ്ടുകളുടെ മൗനസാക്ഷിയാണ്. കത്തുന്ന ഇലകളിലൂടെ പ്രണയവും വിരഹവും വിപ്ലവവും ഒരുപോലെ പ്രഖ്യാപിക്കുന്ന ഒരു പോരാളിയാണ്.
ചിനാറിന്റെ ശാസ്ത്രനാമം Platanus orientalis എന്നാണ്, Platanaceae എന്ന സസ്യ കുടുംബത്തിലെ അംഗം. എന്നാൽ കശ്മീരിന്റെ മണ്ണിൽ അതിന് മറ്റൊരു പേരുണ്ട് - "ബൂയിൻ'.
ഈ മണ്ണിൽ ജനിച്ചുവീണ ഒന്നല്ല ചിനാർ. അതിന്റെ വേരുകൾ തേടിപ്പോയാൽ നമ്മളെത്തുക പേർഷ്യയുടെ (ഇന്നത്തെ ഇറാൻ) മണ്ണിലായിരിക്കും. പേർഷ്യൻ ഭാഷയിൽ ‘ചിനാർ' എന്ന വാക്കിന്റെ അർഥം തന്നെ ‘എന്തൊരു തീ!' എന്നാണ്.
ശരത്കാലത്ത് സ്വർണവും ചുവപ്പും കലർന്ന നിറങ്ങളിൽ ആളിക്കത്തുന്ന ഇതിന്റെ ഇലകൾ കണ്ട് ആ പേര് വിളിച്ചവരെ കുറ്റം പറയാനാവില്ല. 700 വർഷം വരെ ആയുസുള്ള ചിനാർ മരങ്ങളുണ്ട് കാഷ്മീരിൽ.
എത്രയെത്ര ഭരണകർത്താക്കളുടെ ഉദയാസ്തമയങ്ങൾക്ക് അതു സാക്ഷിയായിട്ടുണ്ടാകും? എത്രയെത്ര പ്രണയങ്ങൾക്കു തണൽ വിരിച്ചിട്ടുണ്ടാകും? എത്രയെത്ര കണ്ണീരിന് ആശ്വാസമായിട്ടുണ്ടാവും?
പഴയ ചിനാർ മരങ്ങളുടെ ഉൾഭാഗം പൊള്ളയായി കാണപ്പെടാറുണ്ട്. ഈ പോടുകൾ ഒരു കാലത്ത് കാഷ്മീരിലെ കൊടുംതണുപ്പിൽനിന്ന് രക്ഷനേടാൻ സഞ്ചാരികൾക്കും ഗ്രാമീണർക്കും അഭയകേന്ദ്രങ്ങളായിരുന്നു.
ചിലർ ഈ മരപ്പൊത്തുകളെ ചെറിയ കടകളാക്കി മാറ്റിയിരുന്നുവെന്നത് കൗതുകകരമാണ്. ദാൽ തടാകത്തിന് നടുവിലെ "ചാർ ചിനാർ' ദ്വീപ്, നാല് കൂറ്റൻ ചിനാർ മരങ്ങൾ കാവൽ നിൽക്കുന്ന ആ തുരുത്ത് കാഷ്മീരിന്റെ പ്രതീകങ്ങളിലൊന്നാണ്.
ഷാജഹാൻ ചക്രവർത്തിയുടെ സഹോദരൻ മുറാദ് ബക്ഷ് പണികഴിപ്പിച്ചതാണ് ഈ കൊച്ചുസ്വർഗം. ബോളിവുഡ് സിനിമകളിലെ പ്രണയരംഗങ്ങൾക്കു സ്ഥിരം പശ്ചാത്തലമാകുന്ന ഈ മരങ്ങൾ യഥാർഥത്തിൽ കാഷ്മീരി ജനതയുടെ ജീവിതവുമായി അത്രയേറെ കെട്ടുപിണഞ്ഞുകിടക്കുന്നു.
ഗ്രാമങ്ങളിലെ പ്രധാന യോഗങ്ങൾ ചേരുന്നത് പലപ്പോഴും കൂറ്റൻ ചിനാർ മരച്ചുവടുകളിലാണ്. കോടതിയും കല്യാണപ്പന്തലുമെല്ലാം ഈ മരം തന്നെ. എന്നാൽ ഈ ജീവിക്കുന്ന പൈതൃകത്തിന് ആധുനിക ലോകം പുതിയ ഭീഷണികൾ ഉയർത്തുന്നുണ്ട്.
നഗരവൽക്കരണം, വികസന പ്രവർത്തനങ്ങൾ, രോഗങ്ങൾ, നിയമവിരുദ്ധമായി മുറിച്ചുമാറ്റൽ എന്നിവയെല്ലാം ചിനാറിന്റെ നിലനിൽപ്പിനു വെല്ലുവിളിയായി. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ മഹാവൃക്ഷങ്ങൾ ഒന്നൊന്നായി ഇല്ലാതാകുമോ എന്ന ഭയം ഉയർന്നപ്പോൾ, അതിനെ പ്രതിരോധിക്കാൻ ഒരു പുതിയ ആശയം പിറവിയെടുത്തു.
സാങ്കേതികവിദ്യയുടെ ഒരു ഡിജിറ്റൽ കവചം... കാഷ്മീരിലെ ഓരോ ചിനാർ മരത്തിനും അതിന്റേതായ ഒരു തിരിച്ചറിയൽ കാർഡ് നൽകുന്ന ഒരു ബൃഹദ് പദ്ധതിക്ക് ഭരണകൂടം തുടക്കമിട്ടു.
ഓരോ മരത്തെയും ജിയോ-ടാഗ് ചെയ്ത്, അതിന്റെ പ്രായം, ആരോഗ്യസ്ഥിതി, സ്ഥാനം എന്നിവയെല്ലാം രേഖപ്പെടുത്തി ഒരു ഡിജിറ്റൽ ഡാറ്റാബേസ് ഉണ്ടാക്കിയിരിക്കുന്നു.
മനുഷ്യർക്ക് ആധാർ കാർഡ് പോലെ, ഓരോ ചിനാർ മരത്തിനും അതിന്റെതായ ഒരു സവിശേഷ കോഡ്! ഈ 'ട്രീ ആധാർ' പദ്ധതിയിലൂടെ ഓരോ മരവും ഇപ്പോൾ നിയമത്തിന്റെ കണ്ണുകളിൽ ഒരു വ്യക്തിത്വമുള്ളതായി മാറി.
Todays Story
കുറ്റാന്വേഷണത്തില്‍ അതിവിദഗ്ധരെന്നു പേരെടുത്ത കേരള പോലീസിനെ വട്ടംചുറ്റിക്കുകയാണ് ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ സി.എം സെബാസ്റ്റ്യന്‍ (67). നാലു സ്ത്രീകളുടെ തിരോധാനങ്ങളുടെ ചുരുളഴിക്കാന്‍ കസ്റ്റഡിയിലെടുത്തപ്പോഴൊക്കെ സെബാസ്റ്റ്യന്‍ അതിവിദഗ്ധമായി തലയൂരി.
അവസാനം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് കാണാതായ കോട്ടയം അതിരമ്പുഴ സ്വദേശിനി ജെയ്നമ്മ കൊലചെയ്യപ്പെട്ടതില്‍ സെബാസ്റ്റ്യനു പങ്കുണ്ടോ എന്നതിലാണ് അന്വേഷണം നടന്നുവരുന്നത്.
കേരളത്തിന്റെ ധർമസ്ഥല
കൊല്ലപ്പെട്ട ജെയ്നമ്മ, 2020ല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്, 2012ല്‍ കാണാതായ ചേര്‍ത്തല വാരനാട് സ്വദേശി ഐഷ, 2020ല്‍ കാണാതായ ചേര്‍ത്തല വള്ളാകുന്നം സ്വദേശി സിന്ധു എന്നിവരെ സംബന്ധിച്ച കേസുകളിലാണ് സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത്.
കേരളത്തിന്റെ ധര്മസ്ഥലയായി മാറിയിരിക്കുന്നു ചേര്‍ത്തല പള്ളിപ്പുറം ഒന്‍പതാം വാര്‍ഡില്‍ രണ്ടര ഏക്കര്‍ കാടുപിടിച്ച ചെങ്ങുംതറ പുരയിടം. ഇവിടെനിന്ന് ലഭിച്ച മനുഷ്യ അസ്ഥികള്‍ ആരുടേതാണെന്നറിയാന്‍ ഇന്നോ നാളെയോ ഡിഎന്‍എ പരിശോധനാ ഫലം വരും.
ഇത് ജെയ്നമ്മയുടേതല്ലെങ്കില് കൊല്ലപ്പെട്ടത് മറ്റാരാണ്. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വസ്ത്രത്തിന്റെയും വാച്ചിന്റെയും ബാഗിന്റെയും അവശിഷ്ടങ്ങള്‍ ആരുടേതാണ്. ഈ നാലു പേരെ കൂടാതെ മറ്റാരെങ്കിലും കൊല ചെയ്യപ്പെട്ടോ എന്നതൊക്കെ പുറത്തുവരേണ്ടിയിരിക്കുന്നു.
ക്രൈംബ്രാഞ്ചിനെ കുഴപ്പിക്കുന്നു
കാണാതായവരുടെ ഫോണുകള്‍ സെബാസ്റ്റ്യന്‍ കൈവശപ്പെടുത്തിയെന്നതിന് തെളിവുണ്ട്. എന്നാല്‍ കാണാമറയത്തായവര് എവിടെയെന്നതില്‍ വ്യക്തമായ ഉത്തരമൊന്നും നല്‍കാതെ സെബാസ്റ്റ്യന്‍ ക്രൈം ബ്രാഞ്ചിനെ കുഴപ്പിക്കുന്നു.
പ്രമേഹരോഗിയായ ഇയാള്‍ രോഗവും ക്ഷീണവും മൗനവും നടിക്കുന്നു. ചോദ്യങ്ങള്‍ക്ക് ബന്ധമില്ലാത്ത മറുപടി നല്കുന്നു. ചെങ്ങുംതറ പുരയിടം കുഴിച്ചുമറിച്ച് അസ്ഥികള്‍ക്കായി പരിശോധന തുടരുകയാണ്. കുളങ്ങള്‍ വറ്റിച്ചും പുരയുടെ തറ മാന്തിയുമൊക്കെ പരതുകയാണ്.
നാലു സ്ത്രീകളെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതാണെങ്കില്‍ എങ്ങനെ കൊന്നു, ആരുടെ സഹായം ലഭിച്ചു, മൃതദേഹങ്ങള്‍ എവിടെ മറവുചെയ്തു എന്നൊക്കെയുള്ള ഉത്തരങ്ങള്‍ കണ്ടെത്തണം. ജെയ്നമ്മയും ബിന്ദുവും ഐഷയും സിന്ധുവും ജീവിച്ചിരിപ്പില്ലെന്ന് പോലീസ് ഉറപ്പിച്ചുകഴിഞ്ഞു.
നാലു പേരുമായും സെബാസ്റ്റ്യന്‍ പണം, സ്ഥലം ഉള്‍പ്പെടെ വിവിധ വ്യവഹാരങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. 2008ല്‍ അന്‍പത്തി രണ്ടാം വയസില്‍ നാല്പത്തിരണ്ടുകാരിയായ ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനി സുബിയെയാണ് സെബാസ്റ്റ്യന്‍ വിവാഹം ചെയ്തത്.
ഇവര്‍ക്ക് 11 വയസുള്ള കുട്ടിയുണ്ട്. ഭാര്യ സുബി ഒന്നോ രണ്ടോ വര്‍ഷമേ ചേര്‍ത്തലയില്‍ താമസിച്ചിട്ടുള്ളു. ഭാര്യയും മകളും ഏറെക്കാലവും വെട്ടിമുകളിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ്. സെബാസ്റ്റ്യന്റെ ഭാര്യാ സഹോദരന് അവിവാഹിതനാണ്.
സെബാസ്റ്റ്യന്‍ വെട്ടിമുകളില്‍ സുബിയുടെ വീട്ടിലും ചേര്‍ത്തലയിലുമായി കഴിയുന്നു. ഭര്‍ത്താവിന് സാമ്പത്തിക ഇടപാടുകളും ബ്രോക്കര്‍ പണിയുമുണ്ടെന്നല്ലാതെ ക്രിമനല്‍ പശ്ചാത്തലമുള്ളതായി ഭാര്യ വിശ്വസിക്കുന്നില്ല.
ഭക്ഷണത്തിൽ വിഷം ചേർത്തു
എന്നാല്‍ ചേര്‍ത്തലയില്‍ നന്നേ ചെറുപ്പത്തില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു കൊടുത്ത സെബാസ്റ്റ്യന്റെ ചെയ്തികളെപ്പറ്റി അയല്‍ക്കാര്‍ ആക്ഷേപം പറയുന്നുണ്ട്.
ബിന്ദു, ഐഷ, സിന്ധു എന്നിവരുടെ തിരോധാനത്തിലെ അന്വേഷണങ്ങളില്‍ നിന്ന് സെബാസ്റ്റ്യന്‍ തലനാരിഴയ്ക്ക് തന്ത്രപരമായി രക്ഷപ്പെട്ടു. അവസാനം സെബാസ്റ്റ്യന്‍ കുരുക്കിലായത് അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനത്തിലാണ്.
ജെയ്നമ്മയുമായി സൗഹൃദമുണ്ടാക്കി ചേര്‍ത്തല പള്ളിപ്പുറത്ത് വിളിച്ചുവരുത്തി ആറു പവന് സ്വര്‍ണാഭരണങ്ങള്‍ സെബാസ്റ്റ്യന്‍ കൈക്കലാക്കി പണയം വെച്ചതും വിറ്റതുമായ തെളിവുകള്‍ പോലീസ് കണ്ടെത്തി.
എന്നാല്‍ ജെയ്നമ്മ എവിടെയെന്ന ചോദ്യത്തിന് സെബാസ്റ്റ്യനില്‍ നിന്ന് ഇനിയും ഉത്തരമുണ്ടായില്ല. ജെയ്നമ്മയുടെ തിരോധാനത്തിനുശേഷം അവരുടെ മൊബൈല്‍ സിം സെബാസ്റ്റ്യന്‍ കൈവശം വയ്ക്കുകയും ഇടയ്ക്കിടെ ബന്ധുക്കള്‍ക്ക് മിസ്ഡ് കോളുകള്‍ അയയ്ക്കുകയും ചെയ്തുപോന്നു.
ജെയ്നമ്മ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ആ തന്ത്രം. തിരികെ വിളിച്ചപ്പോള്‍ മറുപടി ലഭിക്കുകയോ ഫോണ്‍ അറ്റൻഡ് ചെയ്യുകയോ ചെയ്തില്ല. മിസ് കോളിനു തൊട്ടുപിന്നാലെ ഫോണ്‍ ഓഫ് ആക്കുന്നതും പതിവായിരുന്നു.
എന്നാല്‍ മിസ് കോള്‍ സംബന്ധിച്ച് ക്രൈം ബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് നാല് ദുരൂഹമരണം ചുരുളഴിയുന്ന സാഹചര്യത്തിലേക്കെത്തിച്ചത്. കഴിഞ്ഞ മാസം ഈരാറ്റുപേട്ടയിലെ കടയില്‍ നിന്ന് മൊബൈല്‍ റീചാര്‍ജ് ചെയ്തതിന്റെ തെളിവുകളും കാമറ ദൃശ്യങ്ങളുമാണ് സെബാസ്റ്റ്യനെ കുടുക്കിയത്.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
ജെയ്നമ്മയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യനെ ചോദ്യം ചെയ്യാന്‍ കോട്ടയം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. നാലു സ്ത്രീകള്‍ക്കു പുറമെ കൃത്യങ്ങള്‍ക്ക് സെബാസ്റ്റ്യന്റെ സഹായിയായിരുന്ന മനോജിനെയും ഇയാള്‍ വകവരുത്തിയതായാണ് സൂചന.
മനോജിന്റേത് ആത്മഹത്യയില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ ശരീര അവശിഷ്ടങ്ങള്‍ ജെയ്നമ്മയുടേതാണോ എന്നതില്‍ സംശയമുണ്ട്. ജെയ്നമ്മയുടെ സഹോദരന് സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ സാമ്പിളുകളാണ് ഡിഎന്‍എ പരിശോധനയ്ക്കായി ശേഖരിച്ചിരിക്കുന്നത്.
ഡിഎന്‍എ പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമെ കൊലചെയ്യപ്പെട്ടത് ജെയ്നമ്മ തന്നെയാണോ എന്നു സ്ഥിരീകരിക്കാനാകൂ. ക്ലിപ്പിട്ട ഒരു പല്ല് കണ്ടെടുത്തത് ഐഷയുടേതാണെന്ന് സംശയിക്കുന്നു. ജെയ്നമ്മയുടെ പല്ലിന് ക്ലിപ്പുണ്ടായിരുന്നില്ല.
ഒരാഴ്ച തുടരെ ചോദ്യം ചെയ്തിട്ടും രോഗവും ക്ഷീണവും മറവിയും നടിച്ച് സെബാസ്റ്റ്യന്‍ തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ്. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ട്. കാലിലെ മുറിവ് ദിവസവും ഡ്രസ് ചെയ്യണം. നാലു നേരം കൃത്യമായി ഭക്ഷണം വേണമെന്നും നിര്‍ബന്ധമുണ്ട്.
വ്യാജരേഖ ചമച്ച് കബളിപ്പിച്ചു
എല്ലാ ഇരകളുടെയും ഭൂമി, ആഭരണം, പണം തുടങ്ങിയവ സെബാസ്റ്റ്യന്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. വ്യാജരേഖ ചമച്ച് സര്‍ക്കാരിനെയും ബാങ്കുകളെയും കബളിപ്പിച്ചിട്ടുണ്ട്. വെട്ടിമുകളിലെ ഭാര്യവീട്ടില്‍ കഴിയുമ്പോള്‍ സമീപത്തെ കടയില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങിയതില്‍ പന്തീരായിരം രൂപ സെബാസ്റ്റ്യന്‍ കൊടുക്കാനുണ്ട്.
സ്ത്രീകളെ കബളിപ്പിച്ച് കോടികളുടെ പണവും ആസ്തിയും സെബാസ്റ്റ്യന്‍ സമ്പാദിച്ചിട്ടുണ്ട്. ഈ പണം എവിടെ നിക്ഷേപിച്ചു എന്നതില്‍ വ്യക്തതയില്ല. സ്വകാര്യ ബസ് കണ്ടക്ടര്‍, ടാക്സി ഡ്രൈവര്‍ എന്നീ നിലകളില്‍ നിന്ന് അതിവേഗത്തിലായിരുന്നു ബ്രോക്കര്‍ പണിയില്‍ നിന്ന് ഇയാള്‍ പണം സമ്പാദിച്ചത്.
കാണാതായ ബിന്ദു പദ്മനാഭന്റെ പേരില്‍ ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2013-ല്‍ വ്യാജ ആധാരം തയാറാക്കി 1.36 കോടി രൂപയ്ക്കാണ് ഇയാള്‍ വിറ്റത്. ചേര്‍ത്തലയില്‍ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ 2003-ല്‍ വിറ്റതിലും ഇയാള്‍ ഇടനിലക്കാരനായായിരുന്നെന്നാണ് പോലീസ് വിലയിരുത്തല്‍.
ഈ തുകകള്‍ വിശ്വസ്തരുടെ കൈകളിലെത്തിച്ചാണ് സെബാസ്റ്റ്യന്‍ ചെലവാക്കിയിരുന്നതെന്നു പറയുന്നു. വലിയതോതിലുള്ള ബിനാമി ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സെബാസ്റ്റ്യനു ബന്ധമുള്ള ചില ഉന്നതരടക്കം പോലീസ് നിരീക്ഷണത്തിലാണ്.
റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി ഐഷയെ 2013 മേയില്‍ കാണാതായതിനു പിന്നിലും സാമ്പത്തികതട്ടിപ്പു നടന്നിട്ടുണ്ട്. ഒറ്റയ്ക്കു താമസിച്ചിരുന്ന അയല്‍വാസിയായ റോസമ്മയാണ് സ്ഥലം വില്‍പ്പനയുടെ പേരില്‍ സെബാസ്റ്റ്യനെ ഐഷയുമായി ബന്ധപ്പെടുത്തിയത്. സ്ഥലം വാങ്ങാന്‍ വെച്ചിരുന്ന പണമടക്കമാണ് ഐഷയെ കാണാതായത്.
പുനരന്വേഷണം
ഐഷയുടെ തിരോധാനക്കേസ് പോലീസ് ഇപ്പോള്‍ പുനന്വേഷിക്കുകയാണ്. ഒരിക്കല്‍ മടക്കിയ ഫയല്‍ തുറക്കാന്‍ പോലീസ് കോടതിയില്‍ അനുമതി ഹര്‍ജി നല്കി. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി 10 വര്‍ഷം പിന്നിടുമ്പോഴാണിത്.
നിലവില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം ഐഷയുടേതാണെന്ന സംശയം ബലപ്പെടുന്ന ഘട്ടത്തിലാണ് പോലീസിന്റെ നീക്കം. 2012 ലാണ് ഐഷയെ കാണാതാകുന്നത്. പിന്നാലെ മൂവാറ്റുപുഴയില്‍നിന്നു ലഭിച്ച മൃതദേഹം ഐഷയുടേതെന്ന് ചില ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് കേസ് അവസാനിപ്പിച്ചത്.
സെബാസ്റ്റ്യന്‍ വെട്ടിമുകളില്‍ വന്നു താമസിക്കുകയും ചേര്ത്തലയിലേക്കെന്ന പേരില്‍ ദിവസങ്ങളോളം പലയിടങ്ങളിലും സഞ്ചരിക്കുകയും ചെയ്തിരുന്നു. ചേര്‍ത്തലയില്‍ പണമിടപാടുണ്ടെന്നും പലിശ വാങ്ങാന്‍ പോവുകയാണെന്നും ഭാര്യയെ ധരിപ്പിച്ചാണ് ഇയാള്‍ പോയിരുന്നത്.
ജെയ്നമ്മയുടെ ദുരൂഹമരണത്തില്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായത് പത്രത്തിലും ചാനലുകളിലും നിന്നാണ് അറിഞ്ഞതെന്ന് ഭാര്യ സുബി പറയുന്നു. ഭര്‍ത്താവ് ഇത്രത്തോളം ക്രൂരത ചെയ്യുമെന്ന വിശ്വസിക്കാനാവുന്നില്ലെന്നും ഇവര്‍ കരുതുന്നു.
Todays Story
ഉലയൂതുന്ന ആലകള്‍ വിസ്മൃതിയിലേക്ക്. തീക്കനല്‍ പോലെ ചുട്ടുപഴുത്ത ലോഹത്തില്‍ ഭാരമേറിയ കൂടം മേടുന്ന ശബ്ദം. കേരളത്തിലെ ഓരോ നാട്ടിന്‍പുറത്തെയും പ്രഭാതങ്ങളെ മുഖരിതമാക്കിയകാലം ഓര്‍മയാകാന്‍ ഇനി അധികം നാളില്ല.
ഇടയാഴം പാഴുശേരിയില് അശോകന്റെ വാക്കുകളിങ്ങനെയാണ്. ഇരുമ്പ് പണിക്കാര്, ഓട്ടുപാത്രം നിര്‍മ്മിക്കുന്നവര്‍, മരപ്പണിക്കാര്‍ അങ്ങനെ പല വിഭാഗങ്ങളായി വിഭജിച്ച വിശ്വകര്മജര് ഒരു കാലത്ത് നാടിന്റെ അഭിവാജ്യ ഘടകങ്ങളായിരുന്നു.
കാര്‍ഷികവൃത്തിക്കുള്ള തൂമ്പ മുതല്‍ വീട്ടുപകരണങ്ങള്‍ എല്ലാം നിര്‍മിക്കുന്ന ഇരുമ്പ് പണിക്കാരനും അയാളുടെ ആലയില്‍ തൊഴില്‍ ഉപകരണങ്ങളുമായി എത്തുന്ന മനുഷ്യരും, ആലകളില്‍ ഇരുമ്പ് മേടുന്ന ശബ്ദവും തീക്കനല്‍ പോലെ തിളങ്ങുന്ന ലോഹത്തിന്റെ ചീളുകള്‍ മിന്നല്പിണരുകള് പോലെ ചിതറുന്നതും നാട്ടുമ്പുറങ്ങളിലെ നിത്യകാഴ്ചയായിരുന്നു.
ഇന്ന് എല്ലാ ഉപകരണങ്ങളും വ്യവസായിക അടിസ്ഥാനത്തില്‍ ഫാക്ടറികളില്‍ നിര്‍മിച്ച് മാര്‍ക്കറ്റിലെത്തുമ്പോള്‍, കൈകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ഉലയും, ഇരുമ്പിന്റെ കൂടത്തില്‍ അടിച്ചു പരത്തി ആയുധങ്ങളാക്കുന്ന ആലയിലെ പണിക്കാരനും ഇന്ന് അന്യം നിന്നു പോകുന്ന തൊഴിലുകളാണ്.
അശോകന് പറയുന്നു എനിക്ക് രണ്ടു മക്കളാണ്. പാരമ്പര്യമായി കിട്ടിയ ഈ തൊഴില്‍ ചെയ്യാന്‍ അവര്‍ തയാറല്ല. എല്ലാവര്ക്കും വൈറ്റ് കോളര്‍ ജോലി മതി. അവരെ കുറ്റം പറയാനില്ല, കലാത്തിനൊപ്പം ഓടിയില്ലെങ്കില്‍ അവര്‍ പിന്നിലാകും.
ആലയില്‍ ഇരുമ്പു പണിയുമായി ഇരുന്നാല്‍ ഇക്കാലത്ത് പെണ്ണ് കിട്ടാന്‍ പോലും പാടാണ്, അശോകന്റെ വാക്കുകള്‍. ആയുധങ്ങളും, തൊഴില്‍ ഉപകരണങ്ങളാമായി മാറുന്ന ഇരുമ്പിന്റെ പതം അറിയണമെങ്കില്‍ അടിച്ചുപരത്തുന്ന ലോഹത്തിനൊപ്പം ആലപണിക്കാരനും വിയര്‍ക്കണം.
80-വര്‍ഷമായി പ്രവര്‍ത്തിക്കുന്നതാണ് അശോകന്റെ ആല. എന്റെ അമ്മാവന്മാര് മാത്രമാണ് ഞങ്ങളുടെ കുടുംബത്തില്‍ ഇന്ന് ആല പണി ചെയ്യുന്നവര്‍, അടുത്ത തലമുറയോടെ ഈ തൊഴിലും വിസ്മൃതിയിലാകും, അശോകന് പറയുന്നു.
Todays Story
ഇരുപതാം നൂറ്റാണ്ടോടെ ചെസ് ലോകത്തെല്ലായിടത്തും വ്യാപിച്ചു. അതോടെ ചെസ്കളി നിയന്ത്രിക്കാന്‍ ഒരു രാജ്യാന്തര സംഘടനയില്ലാതെ പറ്റില്ലെന്നായി. അങ്ങനെ രൂപംകൊണ്ടതാണു രാജ്യാന്തര ചെസ് ഫെഡറേഷന് (ഫിഡെ).
1924 ജൂലൈയില്‍ പാരീസിലാണു ഫിഡെയുടെ ജനനം. ഫിഡെ രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ടു തികയുന്നു. ഫിഡെ രൂപംകൊള്ളുന്നതിനുമുമ്പുതന്നെ ലോക ചാമ്പ്യന്‍ഷിപ്പ് ചെസ് മത്സരങ്ങള്‍ നടക്കാറുണ്ടായിരുന്നു.
എന്നാല്‍, 1946ല്‍ ഫിഡെ ഏറ്റെടുത്തതോടെയാണു ലോക ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കു കൂടുതല്‍ ആധികാരികത കൈവന്നത്. ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ ഫിഡെ വരുത്തുകയുണ്ടായി.
നിയമങ്ങൾ പുതുക്കുന്നു
1950 മുതല്‍ ചെസില്‍ രാജ്യാന്തര പദവികള്‍ നല്കുന്ന ചുമതലയും ഫിഡെ ഏറ്റെടുത്തു. അങ്ങനെ ചെസ് മത്സരങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധയും അംഗീകാരവും ലഭിച്ചു. അതു ദേശീയ മത്സരങ്ങളെയും പ്രാദേശിക മത്സരങ്ങളെയും കൂടുതല്‍ ഊര്‍ജസ്വലമാക്കി.
ഫിഡെയാണ് ചെസ് മത്സരങ്ങളുടെ നിയമങ്ങളും മറ്റും പുതുക്കി നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും ഫിഡെ തന്നെ. വര്‍ഷംതോറുമോ കാലാകാലങ്ങളിലോ ഫിഡെ അംഗങ്ങള്‍ ഇതിനായി സമ്മേളിക്കും.
ഫിഡെയില്‍ ഇപ്പോള്‍ ഇരുനൂറോളം അംഗങ്ങളുണ്ട്. അറുപതു ലക്ഷത്തിലധികം കളിക്കാരും ഈ ലോകസംഘടനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന അയ്യായിരത്തിലധികം ടൂര്‍ണമെന്റുകളില്‍ ഇതേ കളിക്കാര്‍ പങ്കെടുക്കുന്നു.
ചെസ് ഒളിമ്പ്യാഡ്
ചെസ് ഒളിമ്പ്യാഡ് ആരംഭിച്ചത് 1927ലാണ്. ലണ്ടനില്‍ നടന്ന ആദ്യ ടൂര്‍ണമെന്റില്‍ ഹംഗറിയായിരുന്നു ജേതാക്കള്‍. രണ്ടാം സ്ഥാനം ഡെന്മാര്ക്കും മൂന്നാം സ്ഥാനം ബ്രിട്ടനും നേടി. ചെസില്‍ കളി തുടങ്ങുന്നതിന് ഓപ്പണിംഗ് എന്നാണു പറയുക. ഓപ്പണിംഗുകളില്‍ വളരെ പ്രാധാന്യമുണ്ട്.
ചെസില്‍ ആറുതരം കരുക്കളാണുള്ളത്. തേര് (റൂക്), ആന (ബിഷപ്), കുതിര (നൈറ്റ്), രാജ്ഞി (ക്യൂന്‍), രാജാവ് (കിംഗ്), കാലാള്‍ എന്നിവ. ഒരു കളിക്കാരന് ഒരു കരുവില്‍ തൊട്ടാല്‍ ആ കരുതന്നെ നീക്കണമെന്നാണു ചെസിലെ നിയമം. ടച്ച് മൂവ് റൂള്‍ എന്നാണ് ഇതറിയപ്പെടുക.
കളിക്കാരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പോയിന്റ് ലഭിക്കുന്നതിനെക്കുറിക്കുന്ന പ്രതിപാദ്യമാണ് എലോ റേറ്റിംഗ്. ഈ സംവിധാനത്തിനു രൂപംകൊടുത്തതു ഹംഗറിക്കാരനായ അര്‍പ്പാദ് എലോ ആണ്. എലോറേറ്റിംഗ് എന്നു പേരുണ്ടായതിന്റെ കാരണവും അതുതന്നെ.
ഗ്രാന്‍ഡ് മാസ്റ്റര്‍
ലോക ചെസ് ചാമ്പ്യന്‍ പട്ടമാണ് ചെസ് മത്സരരംഗത്തെ പരമോന്നത ബഹുമതി. ഒരു സമയം ഒരാള്‍ക്കു മാത്രം അവകാശപ്പെടാന്‍കഴിയുന്ന സിംഹാസനം. എന്നാല്‍, ലോക ചാമ്പ്യനോടു കിടപിടിക്കുന്ന രാജ്യാന്തര നിലവാരമുള്ള കളിക്കാര്‍ക്കൊരു പദവി ലഭിക്കും- ഗ്രാന്‍ഡ് മാസ്റ്റര്‍.
ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ തൊട്ടുതാഴെയുള്ള നിരയിലെ കളിക്കാര്‍ അറിയപ്പെടുക ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എന്നാണ്. വനിതാ ചെസിലും ഇതേപോലുള്ള വനിതാ സ്ഥാനമാനങ്ങളുണ്ട്. രാജ്യാന്തരതലത്തില്‍ മുന്‍നിരക്കാരായ ചെസ് കളിക്കാര്‍ക്കു ലഭിക്കുന്ന ബഹുമതിയാണു ഗ്രാന്‍ഡ് മാസ്റ്റര്‍.
റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായിരുന്ന നിക്കോളാസ് രണ്ടാമനാണ് ഈ പദവി ഏര്‍പ്പെടുത്തിയത്.
ചെസിന്റെ തുടക്കം
നൂറു കണക്കിനു വര്‍ഷം പഴക്കമുള്ള വിനോദമാണു ചെസ്. ഭാരതമാണ് ചെസിന്റെ ജന്മദേശം. ഇവിടെ പണ്ടുകാലംമുതലേ നിലവിലുണ്ടായിരുന്ന ചതുരംഗമാണ് ചെസിന്റെ ആദിമരൂപം. ഈജിപ്റ്റ്, ഗ്രീസ്, റോം എന്നിവിടങ്ങളിലും ചെസ് വളരെ പണ്ടുമുതല്ക്കേ നിലനിന്നിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
ചൈനക്കാരും പേര്‍ഷ്യക്കാരും അയര്‍ലൻഡുകാരും തങ്ങളുടെ രാജ്യത്താണ് ചെസ് ജന്മമെടുത്തതെന്നു സമര്‍ഥിക്കുന്ന ഐതിഹ്യങ്ങള്‍ നിരത്തുന്നുമുണ്ട്. ഷാ എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണു ചെസ് എന്ന വാക്കുണ്ടായത്.
രാജാവ് എന്നാണ് ഷാ എന്ന വാക്കിനര്‍ഥം. ചെസില്‍ എതിരാളിയുടെ രാജാവിനെ അനങ്ങാന്‍ വയ്യാതാക്കുന്നതിനു ചെക്മേറ്റ് എന്നാണു പറയുക. ഷാ മാറ്റ് എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണ് ഈ പദമുണ്ടായത്. രാജാവ് മരിച്ചു എന്നാണ് ഷാമാറ്റിന്റെ അര്‍ഥം.
കരുനീക്കം
ചെസ് കളിയില്‍ ഓരോ കളിക്കാരനും നിശ്ചിത സമയത്തിനുള്ളില്‍ കരു നീക്കിയിരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഓരോ കളിക്കാരനും കരു നീക്കാനെടുക്കുന്ന സമയം കണക്കാക്കാന്‍ സഹായിക്കുന്ന പ്രത്യേക ക്രമീകരണമുള്ള ക്ലോക്കാണ് ചെസ് ക്ലോക്ക്.
ഓരോ കളിക്കാരനും തന്റെ നീക്കത്തിനുശേഷം ക്ലോക്കിലെ സ്വിച്ചമര്ത്തുന്നു. അതോടെ അടുത്തയാളുടെ ഊഴമായി. ഇന്ത്യന്‍ ചെസിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഓള് ഇന്ത്യ ചെസ് ഫെഡറേഷന് എന്ന സംഘടനയാണ്. മുംബൈ ആസ്ഥാനമായാണ് ഇതു പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ചെസ് താരമാണ് തമിഴ്നാട്ടില്‍നിന്നുള്ള വിശ്വനാഥന് ആനന്ദ്.
തയാറാക്കിയത് - മാത്യൂസ് ആർപ്പൂക്കര
Todays Story
2019 മുതല്‍ 2023 സെപ്റ്റംബര്‍ വരെ കുടകിലെ തോട്ടങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ നിര നീളുകയാണ്. കിടങ്ങനാട് പച്ചാടി പണിയ കോളനിയിലെ രവി, കൃഷ്ണഗിരി രാമഗിരി കോളനിയിലെ ഗോപാലന്, കാര്യമ്പാടി ബാലന്, ചേകാടി കട്ടക്കണ്ടി കോളനിയിലെ അയ്യപ്പന്, നൂല്പുഴ ചുണ്ടപ്പാടി കോളനിയിലെ രാജു,
പുല്പള്ളി പാളക്കൊല്ലി കോളനിയിലെ മണി, മീനങ്ങാടി ഗോഖലെ നഗര്‍ കോളനിയിലെ അപ്പു, അതിരാറ്റുകുന്ന് ഉത്തിലേരിക്കുന്ന് കോളനിയിലെ ചന്ദ്രന്, നൂല്പുഴ ചിറമൂല കോളനിയിലെ പാര്‍വതി, പുല്‍പ്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരന്, നെന്മേനി കൊയ്ത്തുപാറ കോളനിയിലെ സന്തോഷ്, വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന് ..... ദുരൂഹസാചര്യത്തില്‍ മരണപ്പെട്ടവരുടെ നിര നീളുകയാണ്.
പടിഞ്ഞാറേത്തറ തരിയോട് പത്താം മൈലിലെ കാട്ടുനായ്ക്ക ഊരിലെ സന്തോഷ് 2023 ജൂണിലാണ് കുടകിലേക്ക് പോയത്. ജൂലൈ 17 ന് സന്തോഷ് മുങ്ങി മരിച്ചെന്നാണ് വിവരം വന്നത്. സന്തോഷ് ഭാര്യവീട്ടില്‍നിന്നാണ് കുടകിലേക്ക് പോയത്. സുല്‍ത്താന്‍ ബത്തേരി നെന്മേനി പഞ്ചായത്തില്‍ കായല്‍ക്കുന്ന് ഊരിലാണ് ഭാര്യ സന്ധ്യയുടെ വീട്. നന്നായി നീന്താന്‍ അറിയാവുന്ന സന്തോഷ് ഒരിക്കലും മുങ്ങിമരിക്കില്ലെന്ന് സന്ധ്യ പറയുന്നു.
പൊങ്കല്‍ ആഘോഷിക്കാന്‍ പണവുമായി വരാമെന്നു പറഞ്ഞാണ് മാനന്തവാടി ഒഴിക്കോടി ഊരിലെ തുറുമ്പന്‍ 16 വര്‍ഷം മുമ്പ് കുടകിലേക്കു പോയത്. മാനന്തവാടി പോലീസില്‍ പരാതി കൊടുത്തെങ്കിലും ഇന്നേവരെ കണ്ടെത്തിയിട്ടില്ല. തിരോധനത്തെതുടര്ന്ന് ഭാര്യ ലക്ഷ്മിക്ക് മാനസിക രോഗമുണ്ടായി വൈകാതെ മരിക്കുകയും ചെയ്തു. അച്ഛന് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് മകള്‍.
ഉഷ. ള്ളിയൂര്കാവ് ഉത്സവത്തിനു പിറ്റേന്നാണ് ഇയാള്‍ പോയത്. തുറുമ്പന്റെ തിരിച്ചറിയല്‍ കാര്‍ഡ് മകള്‍ ഭദ്രമായി സൂക്ഷിച്ചിക്കുന്നുണ്ട്. കാണാതായ ആദിവാസികളിലൊരാളാണ് മാനന്തവാടി ഒഴക്കോടി കോളനിയിലെ കുറുമ്പന്. 2008ല്‍ ജോലിക്ക് പോയ കുറുമ്പന് എവിടെയെന്നതിന് ഉത്തരമില്ല.
2005 ഏപ്രിലിലാണ് നൂല്‍പ്പുഴ ചൂണ്ടപ്പാടി കോളനിയിലെ കോലു ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. അടിമപ്പണി ആചാരമായ തോട്ടങ്ങളില്‍ മരണപ്പെട്ട നിരവധി ഇരകളില്ലൊരാളാണ് മാനന്തവാടി ഒഴക്കോടി കോളനിയിലെ കുറുമ്പന്. പതിനെട്ടു വര്‍ഷമായി കുറുമ്പനെ കാത്തിരിക്കുകയാണ് വീട്ടുകാര്‍.
മടങ്ങിവരാനുണ്ട് ഏറെപ്പേര്‍
കുടകില്‍ ജോലിക്കു പോയവരെക്കുറിച്ച് കുടുംബശ്രീ ജില്ലാ മിഷന് മുന്‍പ് കണക്കെടുത്തിരുന്നു. വിവിധ കോളനികളില്‍ നിന്ന് 1,677 പേര് ജോലിക്കു പോയതില്‍ 883 പേര് തിരികെയെത്തി. തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 1148 പേര് പോയതില്‍ 785 പേര് മടങ്ങിയെത്തി. പനമരത്തുനിന്നുപോയ 134 പേരില്‍ ആരും തിരിച്ചെത്തിയില്ല.
മുള്ളന്കൊല്ലിയില്നിനിന്നു പോയ 68 പേരില്‍ 16 പേര് തിരിച്ചെത്തി. വിവിധ കോളനികളിലായി 39 പേര് നിരീക്ഷണത്തിലുണ്ട്. വയനാട് ജില്ലയില്‍ മൂവായിരം പട്ടികവര്‍ഗ കോളനികളുണ്ട്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേയും ദുരിതക്കയത്തില്‍നിന്ന് വയനാട് ആദിവാസികളുടെ അന്നംതേടിയുള്ള യാത്ര അവസാനിക്കുന്നത് അവരുടെ അന്ത്യത്തിലേക്കാണ്.
അരക്ഷിത ജീവിതാവസ്ഥയില്‍നിന്നുള്ള മോചനംതേടിയാണ് വയനാട്ടിലെ ആദിവാസികള്‍ കുടകിലേക്ക് കാടുകയറുന്നത്. എന്നാല്‍, തങ്ങളുടെതന്നെ വംശഹത്യയിലേക്കാണ് അവര്‍ നടന്നുപോകുന്നത്. കേരളത്തിന്റെ വികസന ഭൂപടത്തില്‍നിന്ന് അദൃശ്യരാക്കപ്പെട്ട ആദിവാസികള്‍ നേരിടുന്ന നീതിനിഷേധത്തെയും അവകാശ ലംഘനത്തേയും കണ്ടില്ലെന്ന് നടിക്കരുത്.
അടിമത്തം തുടരുകയാണ്
അഞ്ചു വര്‍ഷം മുമ്പുവരെ എട്ടു മണിക്കൂര്‍ ജോലിക്ക് 400 രൂപയായിരുന്നു. പകലന്തിയോളം പണിയെടുപ്പിച്ചശേഷം 300 രൂപ നല്‍കും. പണിയിടത്തില്‍ വാറ്റു ചാരായവും കഞ്ചാവും നല്കി എല്ലാതരത്തിലും അടിമകളാക്കി മാറ്റും. ഒരിടത്തെ പണി കഴിഞ്ഞാല്‍, അവരെ മറ്റൊരു ജന്മി ഏറ്റെടുക്കും. അങ്ങനെ പലയിടങ്ങളിലും അവര്‍ എന്നേക്കുമായി പെട്ടുപോകും.
നാട്ടില്‍ തിരിച്ചെത്തുന്ന ആദിവാസികള്‍ കൂലി കിട്ടിയ പണം അപ്പാടെ മദ്യപാനത്തിന് ചെലവഴിക്കും. അടിമപ്പണിക്കാര്‍ ഏറെയും മദ്യത്തിന് അടമകളാണ്. കുടകിലെ പണികൊണ്ട് ഒരു ഗോത്രവാസി കുടുംബത്തിലും പട്ടിണി മാറിയിട്ടില്ല. മാത്രവുമല്ല അകാലത്തില്‍ മാരകരോഗികളായി മരണത്തിന് കീഴടങ്ങുകയും ചെയ്യും.
കാപ്പി വിളവെടുപ്പു നടക്കുന്ന ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കോളനികളൊന്നാകെ ജോലിക്കു പോകും. ജീപ്പിയില് കയറ്റി പണിക്കെത്തിക്കുന്ന ഇവര്‍ക്ക് നിശ്ചിതകൂലിയല്ല മറിച്ച് പറിക്കുന്ന കാപ്പിയുടെ അളവനുസരിച്ചാണ് വേതനം.
ഉത്തരവുകള്‍ നടപ്പായില്ല
1976ല്‍ രാജ്യത്ത് അടിമവേല നിരോധിച്ചെങ്കിലും കുടകില വ്യവസ്ഥിതിക്കു മാറ്റമില്ല. മടിക്കേരി, സിദ്ധാപുരം, വീരാജ് പേട്ട, ഗോണിക്കുപ്പ പ്രദേശങ്ങളില്‍ നൂറു കണക്കിന് ഏക്കര്‍ ഭൂമിയുള്ള സൗക്കാര്മാരുണ്ട്. കുറഞ്ഞ വേതനം നല്കിയാല് മതിയെന്നതിനാല്‍ വയനാട്ടില്‍ നിന്നും ഗോത്രവാസികളെ ഇവര്‍ കൊണ്ടുപോകുന്നു.
സ്ഥിരം പണിയുളളതിനാല്‍ ആദിവാസികളുടെ ഒഴുക്ക് വര്‍ധിച്ചു. ഒന്നും രണ്ടു വര്‍ഷം കഴിഞ്ഞാണ് നാട്ടിലേക്കു വരാറുള്ളത്. വൈകാതെ മടങ്ങുകയും ചെയ്യും. വംശഹത്യയിലേക്കാണ് ഗോത്രവാസികളുടെ കുടിയേറ്റം. കാടുകയറിയ കൃഷിയിടത്തില്‍ മരണം സംഭവിച്ചാല്‍ ആരും അറിയില്ല, അരെയും അറിയിക്കുകയുമില്ല.
2007 ഓഗസ്റ്റ് എട്ടിന് വയനാട് ജില്ലാ കളക്ടര്‍ തൊഴില്‍ തേടി പോകുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിച്ചിരുന്നു. പണിക്കു കൊണ്ടുപോകും മുന്‍പ് ഊര് മൂപ്പന്, എസ്ടി പ്രമോട്ടര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പോലീസ് എന്നിവരെ അറിയിക്കണം. സ്ഥലം, കൂലി, ജോലി, ഭക്ഷണം, താമസം എന്നിവ സംബന്ധിച്ച് കരാറുണ്ടാകണം.
2008ല്‍ വയനാട്ടിലെ നീതിവേദി നടത്തിയ പീപ്പിള്‍സ് ട്രിബ്യൂണലില്‍ നിരവധി ആദിവാസികള്‍ തെളിവുകളും സാക്ഷ്യങ്ങളുമായി കടന്നുവന്നു. ദുരൂഹ മരണങ്ങളും കാണാതാകലുകളും പീഡനങ്ങളും ഉള്‍പ്പടെ 122 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് മരണങ്ങളും തിരോധാനങ്ങളും അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഉത്തര മേഖലാ ഐ.ജി വി. ശാന്താറാമിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പും ഡിവൈഎസ്പി ആമൂസ് മേമന്റെ നേതൃത്വത്തില്‍ അന്വേഷണവും നടന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
പരാതികളുടെ അടിസ്ഥാനത്തില്‍ പട്ടികജാതി ഗോത്ര വര്‍ഗ കമീഷന് അംഗം രുഗമിണി സുബ്രഹമണ്യത്തിന്റെ നേതൃത്വത്തില്‍ നിയമസഭാ സമിതി കുടകിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. അര്‍ഹമായ വേതനമോ മതിയായ താമസ സൗകര്യങ്ങളോ നല്‍കുന്നില്ലെന്നും രോഗം വന്നാല്‍ ചികിത്സ ലഭ്യമാക്കുന്നില്ലെന്നുമുള്പ്പടെ നിരവധി അവകാശ ലംഘനങ്ങളണ് കുടകിലെ തോട്ടങ്ങളില്‍ ആദിവാസികള്‍ നേരിടുന്നതെന്നും കമീഷന് കണ്ടെത്തിയെങ്കിലും കാര്യമായ തുടര്‍ നടപടികള്‍ ഒന്നും തന്നെയുണ്ടായില്ല.
ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് വിധവ പെന്ഷന് ഉള്‍പ്പെടെ നിഷേധിക്കപ്പെട്ടു. ദൂരൂഹ സംഭവങ്ങള്‍ പഠിക്കാന്‍ കാട്ടുനായ്ക്ക, പണിയ കോളനികള്‍ സന്ദര്‍ശിച്ച് പട്ടികജാതി- പട്ടികവര്‍ഗ നിയമസഭാസമിതി 2018 ഡിസംബര്‍ ആറിന് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.
രണ്ടായിരമോ മൂവായിരമോ രൂപ മുന്‍കൂര്‍ നല്‍കിയാണ് പണിക്കാരെ കൊണ്ടുപോകുക. അത് വീടുകളില്‍ കരുതലായി മാറും. എന്നാല്‍, കാത്തിരിക്കുന്ന അടിമവേലയുടെ കുരുക്കുകൂടിയാണ് ഈ തുകയെന്ന് ഇരകള്‍ അറിയുന്നില്ല.
Todays Story
വൈകുവോളം പണി കഴിഞ്ഞ് അത്താഴത്തിന് വേവിച്ചുകഴിക്കാന് പൊന്നണ്ണ തോട്ടത്തിലെ പ്ലാവില്‍ കയറി ചക്കയിട്ട കുറ്റമേ ചെയ്തുള്ളു. 26 കാരനായ പൊന്നണ്ണയെ തോട്ടം ഉടമ ചിന്നപ്പ വെടിവച്ചു കൊന്നു. 2024 ഡിസംബര്‍ 27ന് കുടകിലെ ചെമ്പെബെല്ലൂര് ഗ്രാമത്തിലായിരുന്നു അരുംകൊല
ചിന്നപ്പയുടെ കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു പൊന്നണ്ണ. കൂറ്റന്‍ കാവല്‍ നായയുമായി പാഞ്ഞെത്തി ഇരട്ട ബാരല്‍ തോക്കിന് പൊന്നണ്ണയെ വെടിവയ്ക്കുന്നതിനു മുന്‍പ് ഗോത്രവാസിയായ ഇദ്ദേഹത്തെ ജാതി അധിക്ഷേപവും നടത്തി. ഇരുപതടി ഉയരത്തില്‍ വെടിയേറ്റ് പ്ലാവില്‍നിന്ന് പൊന്നണ്ണ അലറിവിളിച്ച് നിലത്തു വീണു പിടഞ്ഞു.
ഭാര്യ ഗീത സഹായത്തിനായി കെഞ്ചിയപ്പോള്‍ നീ ചക്ക മോഷ്ടിക്കുമോ എന്ന് അലറി ചിന്നപ്പ സ്ഥലം വിട്ടു. പ്രതിഷേധത്തിനൊടുവില്‍ സിരാജ്പേട്ട റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്ത ചിന്നപ്പ ഇപ്പോള്‍ ജയിലിലാണ്. സവര്‍ണജാതിയായ കൊടവ സമുദായാംഗമാണ് ചിന്നപ്പ.ശേഖരന് എന്തു സംഭവിച്ചു
പുല്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരനും അച്ഛന് കയമ്മയും സഹോദരന് ബാബുവും കുടകില്‍ ഇഞ്ചിപ്പണിക്കു പോയതാണ്. സുഖമില്ലാതെ നാട്ടിലേക്ക് മടങ്ങിയെങ്കിലും തോട്ടം ഉടമ പണിക്കൂലി തരാനുണ്ടെന്നു പറഞ്ഞ് വൈകാതെ ശേഖരന് തോട്ടത്തിലേക്ക് തിരികെ പോയി.
ശേഖരന്റെ ഫോണ്‍ തകരാറിലായതിനാല്‍ ബന്ധുക്കള്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അവിടെയെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ശേഖരന് പനി കലശലാണെന്ന് ബാബുവിന് ഫോണില്‍ അറിയിപ്പുവന്നു.
ബാബു എത്തിയപ്പോള്‍ തോട്ടത്തിനടുത്തുള്ള ഷെഡ്ഡില്‍ ശേഖരന് ബോധമില്ലാതെ കിടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം കിടത്തിയിട്ടും രക്ഷയില്ലാതെ അനുജനെ മാനന്തവാടി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ബാബു താത്പര്യപ്പെട്ടു.
യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ ശേഖരന് മരിച്ചു. മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ വയറിന്റെ ഇരു വശങ്ങളിലുംനിന്ന് രക്തം വന്നിരുന്നതായി ബാബു പറയുന്നു. വയറ്റില്‍ ആഴത്തിലുള്ള മുറിവ് പഞ്ഞിയും തുണിയുംകൊണ്ട് കെട്ടിവച്ച നിലയിലായിരുന്നു.
ഐസിയുവില്‍ പ്രവേശിപ്പിക്കുമ്പോള്‍ മുറിവുകളുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണത്തിനു പിന്നില്‍ അധോലോക അവയവ മാഫിയയോ എന്നതാണ് ഉറ്റവരുടെ സംശയം. കുടകളിലെ തോട്ടങ്ങള്‍ ഒരു അധോലോകമാണ്.
നിഗൂഢമായ വനമാണ് ഓരോ തോട്ടവും. തോട്ടത്തിലേക്ക് കയറിയാല്‍ ഇരുള് കയറിയ പ്രതീതിയാണ്. അതിനുള്ളില്‍ എന്തു സംഭവിച്ചാലും ലോകം അറിയില്ല. സൗക്കാര് തല്ലാനും കൊല്ലാനും മടിക്കില്ല- കാലങ്ങളായി അവിടെ പണിക്കുപോകുന്ന മാനന്തവാടിയിലെ ലക്ഷ്മി പറഞ്ഞു.
സ്ത്രീകള്‍ ശാരീരികമായി അവിടെ ചൂഷണം ചെയ്യപ്പെടുന്ന സങ്കട അനുഭവങ്ങളാണ് ബത്തേരിയിലെ കാളി പറയുന്നത്. പണിക്കെത്തുന്ന ഗര്‍ഭിണിയായ തൊഴിലാളികള്‍ ഒന്‍പതാം മാസം വരെ ജോലി ചെയ്യണം. ഒരു ദിവസം 300 കിലോ കാപ്പി വരെ പറിക്കേണ്ടിവരും. കുടിവെള്ളം പോലും കുടിക്കാന്‍ സമയം തരില്ല.
പ്രസവം കഴിഞ്ഞ് മൂന്നാം മാസം ജോലിക്കു കയറണം. കാപ്പിയില്‍ തുണിത്തൊട്ടില്‍ കെട്ടി കുഞ്ഞിന് അതില്‍ കിടത്തിയശേഷമാണ് അമ്മമാര്‍ തൊഴില്‍ ചെയ്യുന്നത്- കാലങ്ങളായി കുടകളില്‍ ജോലിക്കു പോകുന്ന വെള്ളമുണ്ടയിലെ വെളുത്ത അനുഭവം പറഞ്ഞു.
Todays Story
കുടകിലെ തോട്ടങ്ങളില്‍ വയനാട് ആദിവാസികളുടെ നിലവിളിയും വിലാപവും അവസാനിക്കുന്നില്ല. സവര്‍ണ ജന്മികളായ സൗക്കാര്മാരുടെ തോട്ടങ്ങളിലെ ആവര്‍ത്തിക്കുന്ന ദുരൂഹമരണങ്ങളുടെ ചുരുള്‍ നിവരുന്നുമില്ല.
പട്ടിണിയും പരിവട്ടവും ഒഴിയാത്ത വയനാട്ടിലെ ഗോത്രവാസികള്‍ കര്‍ണാടകത്തിലെ കുടക് ജില്ലയിലെത്തി ഭൂവുടമകള്‍ക്ക് അടിമവേല ചെയ്യുകയാണ്. കഠിനവേലയും മര്‍ദനവും ദുരൂഹമരണങ്ങളുമൊക്കെ കാലങ്ങളായി തോട്ടങ്ങളില്‍ നടമാടുന്നു.
ഇഞ്ചിയും മഞ്ഞളും നെല്ലും കാപ്പിയും കുരുമുളകും കൃഷി ചെയ്യുന്ന തോട്ടങ്ങളിലെ അരണ്ട വെളിച്ചമുള്ള കുടുസു മുറികളില്‍ അധസ്ഥിത തൊഴിലാളികളുടെ നൊമ്പരവും നെടുവീര്‍പ്പും പുറംലോകം അറിയുന്നില്ല.
ചോറും അല്പം കറിയുമാണ് ഇവരുടെ ഭക്ഷണം. കാട്ടുചോലകളിലാണ് കുടിവെള്ളം. ഒരിടത്തും ശൗചാലയങ്ങളില്ല. ചില തോട്ടങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നുണ്ട്. ഒപ്പം അവരുടെ കുഞ്ഞുങ്ങളുമുണ്ടാകും.
രാവിലെ പണിക്കിറങ്ങിയാല്‍ നേരം ഇരുളുമ്പോഴാണ് ജോലി തീരുക. കുടകില്‍ ജീവിതം ഹോമിക്കുന്നതേറെയും വയനാട്ടില്‍ കിടപ്പാടം ഇല്ലാത്ത പണിയ, കാട്ടുനായ്ക്ക, അടിയ ഗോത്രവിഭാഗക്കാരാണ്.
മുന്‍കാലങ്ങളില്‍ നാട്ടില്‍ കൂലിപ്പണി ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. വനനിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇവര്‍ക്ക് കുടകിലേക്കും ഷിമോഗയിലേക്കും കൂലിവേല തേടിപ്പോകേണ്ടിവന്നു.
എട്ടു മണിക്കൂര്‍ നീളുന്ന പണിക്ക് പരമാവധി കൂലി അഞ്ഞൂറു രൂപയാണ്. ഇതില്‍നിന്ന് 80 രൂപ ഇവരെ പണിക്ക് എത്തിക്കുന്ന ഇടനിലക്കാരന് കൊടുക്കണം. കൂറ്റന്‍ മതിലും കമ്പിവേലിയും കാവല്‍ക്കാരും വേട്ടനായ്ക്കളുമുള്ള തോട്ടങ്ങളില്‍ നിന്ന് അടിമത്തൊഴിലാളിക്ക് ഒളിച്ചോടുക എളുപ്പമല്ല.
വനത്തിലൂടെ രക്ഷപ്പെടാമെന്നു വച്ചാല്‍ കാട്ടാനയും കടുവയും പുലിയും പിടിക്കും. കൂറ്റന്‍ മതില് ചാടിക്കടന്നാല്‍ കാവല്‍നായകള്‍ കടിച്ചുകീറും. ഒളിച്ചോട്ടം കണ്ണില്‍പ്പെട്ടാല്‍ ക്രൂരമര്‍ദനം ഉള്‍പ്പെടെ ശിക്ഷ ലഭിക്കും.
ഇത്തരത്തില്‍ ആദിവാസികള്‍ ജന്മിമാരുടെ പണയ വസ്തുവായി മാറുന്ന ദുരവസ്ഥ. ജന്മികളുടെ ചൂഷണത്തില്‍ സങ്കരശിശുക്കള്ക്ക് ജന്മം നല്കിയ സ്ത്രീകളുണ്ട്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്.
രണ്ട് പീഡനകേസുകള്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതില്‍ അന്വേഷണം എങ്ങുമെത്തിയില്ല. ദിവസവും പണിയിടത്ത് തൊഴിലാളികള്‍ക്ക് സൗക്കാര്മാരുടെ കങ്കാണികള്‍ വാറ്റുചാരായം കൊടുക്കാറുണ്ട്. വില കുറഞ്ഞ വിദേശമദ്യവും കുടകില്‍ ലഭ്യമാണ്.
ലഹരിക്ക് അടിമപ്പെടുന്നവരില്‍ പലരും ഇവിടം വിട്ടുപോരാതെ അടിമപ്പണി ചെയ്യുന്നു. മിക്ക കാപ്പിത്തോട്ടങ്ങളിലും തോട്ടം ഉടമകളും അവരുടെ സഹായികളും തോക്കുമായാണ് നടപ്പ്. കൂലി കൂട്ടി ചോദിച്ചാല്‍ തോക്കിന്റെ പാത്തികൊണ്ട് തല്ലും.
വാക്കു തര്ക്കുണ്ടായാല് വെടിവയ്ക്കാനും മടക്കില്ല. 2019 മുതല്‍ 2023 വരെ ഗോത്രവാസികളായ പത്ത് പേര് കുടകില്‍ ജോലിക്കുപോയവര്‍ മരിച്ചതായി പട്ടികജാതി വകുപ്പില്‍ നിന്നുള്ള വിവരാവകാശ രേഖ പറയുന്നു.
ദുരൂഹതയൊഴിയാതെ
2023 ജനുവരിയിലാണ് വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന് (49) കുടകില്‍ പണിക്കു പോയത്. കൂടെ പോയവരൊക്കെ തിരിച്ചെത്തി രണ്ടര മാസം കഴിഞ്ഞിട്ടും ശ്രീധരന് എത്താതായതോടെ ബന്ധുക്കള്‍ വെള്ളമുണ്ട പൊലീസില്‍ പരാതി നല്കി.
അനുജന് അനിലിനൊപ്പം പൊലീസ് കുടക് ഉതുക്കേരിയിലെത്തിയപ്പോള് ശ്രീധരന് കുളത്തില്‍ മുങ്ങിമരിച്ചതായി ഗോണിക്കുപ്പ പൊലീസ് പറഞ്ഞു. ജീര്‍ണിച്ച മൃതദേഹം അഞ്ച് ദിവസം മടിക്കേരി ഗവണ്മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം ബന്ധുക്കള്‍ എത്താത്തതിനാല്‍ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചിരുന്നു.
മരിച്ചുകിടക്കുന്ന ശ്രീധരന്റെ ഒരു ചിത്രവും ധരിച്ചിരുന്ന വസ്ത്രങ്ങളും ഒരു പിടി മുടിയും മാത്രമാണ് തിരികെ ലഭിച്ചത്. അതുപയോഗിച്ചാണ് മരണാനന്തര കര്‍മങ്ങള്‍ നടത്തിയത്. തോട്ടം ഉടമ മര്‍ദിച്ചുകൊലപ്പെടുത്തിയ ശേഷം കുളത്തില്‍ എറിഞ്ഞു കളഞ്ഞതായാണ് ബന്ധുക്കളുടെ സംശയം.
വായില്‍ ആഴത്തില്‍ മുറിവും കാലില്‍ മര്‍ദനമേറ്റ പാടും ഉണ്ടായിരുന്നതായി മൃതദേഹം കണ്ടവര്‍ അനിലിനോടു പറഞ്ഞിരുന്നു. ശ്രീധരന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇംഗ്ലീഷിലായതിനാല്‍ വായിച്ചു മനസിലാക്കാന്‍ പണിയ ഗോത്രവാസി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിനായില്ല.
കുളത്തിന് കാര്യമായ ആഴമില്ലെന്നും മരിച്ചു കിടന്ന തോട്ടത്തില്‍ ശ്രീധരന് ജോലിചെയ്തിട്ടില്ലെന്നും അനില്‍ പറയുന്നു. ഭാര്യ വസന്തയും ആറു മക്കളുമുള്ള ശ്രീധരന്റെ കുടുംബം മൂത്തമകള്‍ പ്രിയയുടെ തൊഴിലുറപ്പ് കൂലി കൊണ്ടാണ് ഇപ്പോള്‍ കഴിയുന്നത്.
Todays Story
മാരിക്കാറുകള്‍ മഴവില്ലാല്‍
തോരണങ്ങള്‍ തൂക്കുന്നു
മാനം പൂമഴ തൂകുന്നു
മദ്ദളമിടികള് മുഴക്കുന്നു
തുമ്പികള്‍ തംബുരു മീട്ടുന്നു
തുമ്പപ്പൂക്കള്‍ ചിരിക്കുന്നു
എന്നുള്ള ഒന്നാംക്ലാസിലെ പദ്യവരികള്‍ പലരുടെയും നാവിന് തുമ്പിലുണ്ടായിരിക്കും. കൊച്ചുകുട്ടി നര്‍ത്തനമാടാന്‍ മയിലിനെ മാടിവിളിക്കുന്നതാണ് പദ്യം. അന്നും ഇന്നും പീലിവിരിച്ചുനില്‍ക്കുന്ന മയിലിനെ കണ്ടാല്‍ നോക്കിനില്ക്കാത്തവര് ആരുമുണ്ടാകില്ല. എന്നാല്‍, മയിലിനെക്കാളേറെ ആകര്‍ഷകവും കൗതുകകരവുമാണ് മയൂരനൃത്തം.
മലബാറിലെ മയൂരനര്ത്തകനെന്ന് വിശേഷിപ്പിക്കാവുന്ന ബഹുമുഖ പ്രതിഭയാണ് പയ്യന്നൂര്‍ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രത്തിന് സമീപത്തെ "ശ്രീസന്നിധി'യിലെ ടി.എം. പ്രേംനാഥ്. ഗരുഡനൃത്തം, അര്‍ജുനനൃത്തം, കഥകളി എന്നിവക്ക് പുറമെ കഴിഞ്ഞ 22 വര്‍ഷമായി പൊയ്ക്കാലില്‍ മയൂരനൃത്തവും ചെയ്യുന്നു എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്.
പോത്താങ്കണ്ടം ആനന്ദഭവനം ആശ്രമത്തിന്റെ അമരക്കാരനായ സ്വാമി കൃഷ്ണാനന്ദ ഭാരതിയാണ് 2003-ല്‍ മയൂരനൃത്തിന്റെ ആകര്‍ഷണ കേന്ദ്രമായ മയില്പീലിത്തുണ്ടുകള് പ്രേംനാഥിന്റെ ചിന്തകളിലേക്ക് ചാര്‍ത്തിക്കൊടുത്തത്.
അറിയപ്പെടുന്ന മയൂരനര്ത്തകന് കോട്ടയം ഏറ്റുമാനൂര്‍ ചൂരക്കുളങ്ങരയിലെ കുമാരനെല്ലൂര്‍ മണിയുമായി സ്വാമിജിക്കുണ്ടായിരുന്ന ബന്ധമാണ് ഇതിനിടയാക്കിയത്. ഇതേത്തുടര്‍ന്ന് പൊയ്ക്കാലിലേറാന് മാനസികമായി ഒരുങ്ങിയ പ്രേംനാഥിന് പോത്താങ്കണ്ടം ആനന്ദഭവനില്‍ വച്ചായിരുന്നു മണിയാശാനെ കൊണ്ടുവന്ന് പരിശീലനം നല്‍കിയത്.
ആശ്രമത്തിന് സമീപം കണ്ടെത്തിയ കുമിഴ് മരം മുറിച്ചാണ് അതില്‍ കോട്ടയത്തുനിന്നു കൊണ്ടുവന്ന വിദഗ്ദനായ ആശാരിയെക്കൊണ്ട് പൊയ്ക്കാലുണ്ടാക്കിയത്. മയില്‍പ്പീലിയും മറ്റും പിടിപ്പിച്ച് അരയില്‍ ബന്ധിപ്പിക്കേണ്ട ഇരുപത് കിലോയോളം തൂക്കം വരുന്ന കുമിഴിന്റെ മയില്‍ രൂപത്തിലുള്ള ചട്ടം ഒറ്റത്തടിയില്‍ ചെത്തി മിനുക്കിയെടുത്തതും ഗുരു അയച്ച ആശാരിയായിരുന്നു.
അഞ്ചുമാസത്തോളം നീണ്ട പരിശീലനം പൂര്‍ത്തീകരിച്ച പ്രേംനാഥ് 2003-ല്‍ ആനന്ദഭവന് ആശ്രമത്തിലെ നവരാത്രിയാഘോഷത്തോടുനുബന്ധിച്ചായിരുന്നു തെക്കന്‍ കേരളത്തിന്റെ ഈ കലാരൂപത്തിന്റെ അരങ്ങേറ്റം കുറിച്ചത്.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ വാദ്യമേളത്തിന്റെ അകമ്പടിയോടെയായിരുന്നു മലബാറിലെ ആദ്യ മയൂരനര്ത്തനത്തിന്റെ അരങ്ങേറ്റവും. ഇതിനിടയാക്കിയ സ്വാമി കൃഷ്ണാനന്ദ ഭാരതിയോടാണ് നന്ദിപറയേണ്ടതെന്ന് പ്രേംനാഥ് പറയുന്നു.
മയൂര നര്‍ത്തനത്തിന്റെ പശ്ചാത്തലം
കുമാരനെല്ലൂര്‍ രാജാക്കന്മാരുടെ കാലത്ത് പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്രസന്നിധികളിലായിരുന്നു മയൂരനൃത്തം അരങ്ങേറിയിരുന്നത്. പിന്നീട് ആനയെഴുന്നുള്ളത്തോടുകൂടി ക്ഷേത്രങ്ങളില്‍ വഴിപാടായി നടത്താന്‍ തുടങ്ങി.
സ്കന്ദപുരാണത്തിലെ ശൂരപദ്മാസുര വധമാണ് മയൂരനര്ത്തനത്തിന്റെ പശ്ചാത്തലമാകുന്നത്. താരകാസുരനെ വധിച്ചശേഷം മയിലിന്റെ പുറത്തേറിയുള്ള ശ്രീ സുബ്രഹ്മണ്യന്റെ വിജയശ്രീലാളിതനായുള്ള വരവാണ് നൃത്തരൂപത്തിലൂടെ ആവിഷ്കരിക്കുന്നത്. മയൂരനര്ത്തനത്തിന്റെ പശ്ചാത്തലമിതാണെങ്കിലും ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇത് അവതരിപ്പിക്കാനായുള്ളതെന്ന് പ്രേംനാഥ് പറഞ്ഞു.
ഇവരുടെ കൂട്ടത്തില്‍ പ്രമുഖനായ കുമാരനെല്ലൂര്‍ മണിയെയാണ് സ്വാമി കൃഷ്ണാനന്ദ ഭാരതി പ്രേംനാഥിന്റെ ഗുരുവായി കണ്ടെത്തിയത്. 15 വയസ് മുതല്‍ കഥകളി പഠിച്ചത് മയൂരനൃത്തത്തിന് സഹായകമായെന്നും ഗരുഡനൃത്തവും അര്‍ജുനനൃത്തവും കഥകളിയും പഠിച്ചവര്‍ മയൂരനൃത്തത്തിലേക്ക് വരാന്‍ മടിക്കുന്നതിനാല്‍ ഈ നാലു കലാരൂപങ്ങളും പഠിച്ചവര്‍ അത്യപൂര്വമായിരിക്കുമെന്നും പ്രേംനാഥ് പറയുന്നു.
ഒന്നരയടി ഉയരമുള്ള പൊയ്ക്കാലില്‍ ശരീരഭാരത്തിന്റെ തുലനം നിലനിര്‍ത്തി അതിസൂക്ഷ്മതയോടെയുള്ള ചുവടുവയ്പ്പുകളിലൂടെയാണ് മയൂരനര്‍ത്തനം അരങ്ങേറുന്നത്. രണ്ടിഞ്ചില്‍ താഴെയാണ് നിലത്തുമുട്ടുന്ന പൊയ്ക്കാലിന്റെ ചുറ്റളവ്. ഒന്നരയടി ഉയരത്തില്‍ പാദങ്ങള്‍ വയ്ക്കാനുള്ളിടത്തും മുട്ടിന് താഴേയുമായി പൊയ്ക്കാലിനെകെട്ടി ബന്ധിപ്പിച്ചാണ് ഒരുക്കങ്ങള്‍ തുടങ്ങുന്നത്.
കഥകളിയിലെ മുഖത്തെഴുത്തും അടയാഭരണങ്ങളുടെ കുറേ ഭാഗവും ചേര്‍ത്തുള്ള ചമയങ്ങള്‍ മയൂരനൃത്തത്തിന്റെ അഴക് വര്‍ധിപ്പിക്കുന്നു. അരയില്‍ ബന്ധിപ്പിച്ച മരത്തടിയില്‍ അഞ്ച് അടുക്കുകളിലായി രണ്ടായിരത്തോളം മയില്‍പ്പീലികളാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഈ മയില്പീലികള് തന്നെയാണ് മയൂരനൃത്തത്തിന്റെ വശ്യതയും. പഞ്ചവാദ്യം, ചെണ്ടമേളം, തായമ്പക എന്നിവയാണ് പശ്ചാത്തലമായി ഉപയോഗിക്കുന്നത്. കുണ്ടനാച്ചി, പാഞ്ചാരി, മുറിയടന്ത, ഏകം, തൃപുട, ചെമ്പട താളങ്ങളാണ് മയൂരനര്ത്തനത്തിനായി ഉപയോഗിക്കുന്നത്.
പ്രോത്സാഹനം ലഭിക്കാതെപോയ നാടന്‍കല
കാര്യമായ വരുമാനമൊന്നും ഇതിലൂടെ ലഭിക്കുന്നില്ലെങ്കിലും ഒരനുഷ്ഠാനമെന്ന രീതിയിലാണ് പ്രേംനാഥ് മയൂര നൃത്തത്തെ കാണുന്നതും അവതരിപ്പിക്കുന്നതും. കേന്ദ്രസര്‍ക്കാരിന്റെ ഭാരത് ഭവന് സാംസ്കാരിക സംഘടന ഇന്ത്യയ്ക്കകത്തും പുറത്തുമായി സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ പ്രേംനാഥ് മയൂരനൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
രജനീകാന്തിന്റെ വേട്ടയാന്‍ സിനിമയിലെ പാട്ടുസീനില്‍ മയൂരനൃത്തം അവതരിപ്പിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി പ്രേംനാഥ് കരുതുന്നു. ക്ഷേത്രോത്സവത്തിനും ആനയെഴുന്നള്ളത്തിനും ഘോഷയാത്രകള്‍ക്കും വര്‍ണപ്പൊലിമ ചാര്‍ത്താനായി സംഘാടകര്‍ പ്രേംനാഥിനെ ക്ഷണിക്കാറുണ്ട്.
മലബാര്‍ മേഖലയില്‍ മയൂരനൃത്തത്തില് പ്രേംനാഥിന് പകരം വയ്ക്കാന്‍ മറ്റാരുമില്ലായെന്നതാണവസ്ഥ. അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍ കലകള്‍ക്കായി ജീവിതം മാറ്റിവയ്ക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ പ്രോത്സാഹനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്.
അന്യം നില്ക്കുന്ന കലകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫോക്ലോര് അക്കാദമിയും പ്രേംനാഥിനെ മറന്ന മട്ടാണ്. ഫോണ്‍: 9656921076. സംഗീതാധ്യാപിക ശ്രീകലയാണ് ഭാര്യ. മക്കള്‍: നിലീന, നയനിക.
Todays Story
അധികമൊന്നും മനുഷ്യസ്പർശമേൽക്കാത്ത കാടുകളുടെ ഉള്ളറകളിൽനിന്ന് നമ്മുടെ പഴയകാലത്തെ നായാട്ടുകാരും ആദിവാസി സമൂഹങ്ങളും പറഞ്ഞുപരത്തിയ ഉൾക്കിടിലമുണ്ടാക്കുന്ന കഥകളിലെ പതിവുസാന്നിധ്യമായിരുന്നു പേടിപ്പെടുത്തുന്ന രൂപമുള്ള കരിങ്കോളി എന്ന പാമ്പ്.
പാമ്പെന്ന് തീർത്തും വിളിക്കാനാവില്ല. കോഴിയുടെയും പാമ്പിന്റെയും പ്രത്യേകതകൾ ഒത്തുചേർന്ന ജീവിയെന്നാണ് പഴയ കാലങ്ങളിലെ വിവരണം. ഇങ്ങനെയൊരു ജീവി യഥാർഥത്തിൽ നമ്മുടെ വനാന്തരങ്ങളിലുണ്ടെന്നു തന്നെയാണ് ഇപ്പോഴും പലരും വിശ്വസിക്കുന്നത്.
നിബിഡ വനങ്ങൾക്കുള്ളിൽ നിന്ന് ചൂളംവിളിക്കുന്നതുപോലുള്ള ശബ്ദം കേട്ടാൽ അത് കരിങ്കോളിയുടേതാണെന്നാണ് പണ്ടുള്ള പലരും പറയുക. കരിങ്കോളികളുടെ പൂവനും പിടയും അടുത്തടുത്തുണ്ടെന്നു കാണിക്കാനാണത്രേ ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്.
ആൺ പാമ്പ് പൂവൻകോഴിയുടെ കൂവലിന് സമാനമായ ശബ്ദവും ഉണ്ടാക്കും. പെൺപാമ്പ് പിടയെപ്പോലെ കുറുകും. ആൺപാമ്പിന് 16 അടിയോളം നീളവും കരിങ്കോഴിയുടെ നിറവും തലയിൽ ചുവന്ന പൂവുമുണ്ടാകും. കോഴിപ്പൂവൻ എന്നുതന്നെയാണ് അതിനെ നാട്ടുഭാഷയിൽ വിളിക്കുക. കോളിയെന്നും പിടയെന്നും വിളിക്കുന്ന പെണ്ണിന് ആണിനേക്കാൾ നീളക്കൂടുതലുണ്ടാകും.
നിബിഡ വനങ്ങൾക്കുള്ളിൽ ചോലകൾക്ക് സമീപമായാണ് ഇവ പൊതുവേ ഉണ്ടാകുക. ചെറുജീവികളാണ് ഇവയുടെ ഭക്ഷണം. മനുഷ്യരെ കണ്ടാൽ വിഷംചീറ്റി ആക്രമിക്കും. പെൺപാമ്പ് ഇലകളും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട് അടയിരിക്കുമ്പോഴും പൂവൻ അടുത്ത് കാവലുണ്ടാകും.
ഇങ്ങനെ പോകുന്നു പഴയകാലത്തെ വിവരണങ്ങൾ. പക്ഷേ ആധുനിക ലോകത്തുനിന്ന് ജന്തുശാസ്ത്ര ഗവേഷകരോ വനംവകുപ്പുകാരോ ഉൾപ്പെടെ ആരും ഇങ്ങനെയൊരു ജീവിയെ നേരിട്ട് കണ്ടിട്ടില്ല.
ഇങ്ങനെയൊരു പാമ്പിന്റെ കഥ കേരളത്തിൽ മാത്രമല്ല ഉള്ളത്. അമേരിക്കയിലും ചൈനയിലും ആഫ്രിക്കൻ രാജ്യങ്ങളിലുമെല്ലാം ക്രോവിംഗ് ക്രസ്റ്റഡ് കോബ്ര (crowing crested cobra) എന്ന് ഇംഗ്ലീഷിൽ പേരുള്ള ഈ പാമ്പിനെക്കുറിച്ചുള്ള ഭീതിജനകമായ കഥകൾ നൂറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ട്.
ആധുനിക കാലത്ത് ഇതിനെ നേരിട്ടു കണ്ടവർ അവിടെയും ആരുമില്ലെന്നു മാത്രം. കരിങ്കോളി എന്നതിനു പുറമേ മഞ്ഞക്കോളി, കരിവെതല, കരിഞ്ചാത്തി എന്നീ പേരുകളിലും ആദിവാസികൾക്കിടയിലും മറ്റും കാലങ്ങളായി ഇത് അറിയപ്പെടുന്നുണ്ട്.
കേരളത്തിൽ പലയിടങ്ങളിലും ദശാബ്ദങ്ങൾക്കു മുമ്പ് ഇവ മലവെള്ളത്തിൽ ഒഴുകിയെത്തിയിരുന്നതായും തേയിലത്തോട്ടങ്ങളിലെ ലയങ്ങളിലെത്തിയിരുന്നതായും നായാട്ടുകാർ വെടിവച്ചു കൊന്നതായുമൊക്കെ ഒന്നോ രണ്ടോ തലമുറകൾക്കുമുമ്പ് കൈമാറിക്കിട്ടിയ കഥകളുണ്ട്. പക്ഷേ ഈ കഥകൾക്കു പിന്നാലെ അന്വേഷിച്ചുപോയവർക്ക് ഇതുവരെ കാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല.
പാമ്പ് വർഗത്തിൽപ്പെട്ട ജീവികൾക്ക് സ്വനപേടകമില്ലാത്തതിനാൽ കൂവാനോ ചൂളമടിക്കാനോ കഴിയില്ല എന്നതുതന്നെയാണ് ഈ കഥകളെ ശാസ്ത്രസത്യങ്ങളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ സംശയാസ്പദമാക്കുന്നത്. ചൂളമടിക്കുന്ന പാമ്പ് എന്ന സങ്കല്പം പഴയ കാലത്തെ ആളുകളുടെ ഭയവും ഭാവനയും ഇടകലർന്നപ്പോൾ ഉണ്ടായതാകാം.
പരിണാമത്തിന്റെ ഇതുവരെ അറിവായ ഘട്ടങ്ങൾ വച്ചുനോക്കിയാൽ പക്ഷിവർഗത്തിൽപ്പെട്ട കോഴിയും ഉരഗവർഗത്തിൽപ്പെട്ട പാമ്പും കൂടിച്ചേർന്ന ഒരു ജീവിയുണ്ടാകാനുള്ള സാധ്യത തുലോം വിരളമാണ്. ആളുകൾ ഭയാനകമായ ഏതെങ്കിലും പാമ്പിനെ കണ്ട സമയത്ത് കാട്ടിൽനിന്ന് കേട്ട മറ്റു ശബ്ദങ്ങളെ പാമ്പിന്റേതാണെന്ന് തെറ്റിദ്ധരിച്ചതാകാനാണ് സാധ്യത.
രാജവെമ്പാല പോലുള്ള പാമ്പുകൾ പടംപൊഴിക്കുമ്പോൾ പലപ്പോഴും തൊലിയുടെ അല്പഭാഗം തലയോടുചേർന്ന് ബാക്കിനിൽക്കാറുണ്ട്. ഇതിനു മിക്കവാറും ചുവന്ന നിറം തന്നെയാണ് ഉണ്ടാകാറുള്ളത്.
ഇങ്ങനെ കണ്ടതിനെയാകാം പഴയകാലത്തെ ആളുകൾ പൂവായി തെറ്റിദ്ധരിച്ചതെന്നും ആധുനിക കാലത്തെ ശാസ്ത്ര ഗവേഷകർ കരുതുന്നു. ഇലകളും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട് അടയിരിക്കുന്ന സ്വഭാവവും രാജവെമ്പാലയുമായി യോജിക്കുന്നതാണ്.
1958ൽ എൻ. പരമേശ്വരൻ എഴുതിയ വനസ്മരണകൾ എന്ന പുസ്തകത്തിൽ കരിങ്കോളി എന്ന പാമ്പിനെക്കുറിച്ച് ആധികാരികമായി പരാമർശിച്ചിട്ടുണ്ട്. എന്നാൽ, അതിനുശേഷം ശാസ്ത്രകാരനായ ഡോ. കെ.ജി. അടിയോടി എഴുതിയ കേരളത്തിലെ വിഷപ്പാമ്പുകൾ എന്ന പുസ്തകത്തിൽ പാമ്പുകളെക്കുറിച്ച് കാലങ്ങളായുള്ള ഭയവും ഭാവനയും ഇടകലർന്ന് സൃഷ്ടിക്കപ്പെട്ട സാങ്കല്പിക സർപ്പമാണ് ഇതെന്നാണ് വ്യക്തമാക്കുന്നത്.
Todays Story
41 വർഷത്തിനുശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക്. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെടുന്ന നാലംഗസംഘം 14 ദിവസം നീളുന്ന ദൗത്യവുമായി ബഹിരാകാശത്തേക്കു കുതിച്ചു.
ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.01ന് അമേരിക്കയിലെ ഫ്ലോറിഡയിലുള്ള കെന്നഡി സ്പെയ്സ് സെന്ററിലെ 39എ ലോഞ്ച്പാഡിൽനിന്നാണ് പേടകവുമായി ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്.
ശുഭാംശു ശുക്ലയ്ക്കു പുറമെ, നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് യാത്രാസംഘത്തിലുള്ളത്.
നാസ, ഇസ്രോ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആക്സിയം- 4 ദൗത്യത്തിന്റെ ഭാഗമായാണ് ഇവരുടെ യാത്ര.
വ്യാഴാഴ്ച വൈകുന്നേരം 4.30ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാകും ശുഭാംശു.
വിംഗ് കമാൻഡർ രാകേഷ് ശർമയാണ് ഇതിനു മുന്‍പ് ബഹിരാകാശയാത്ര നടത്തിയ ഇന്ത്യക്കാരൻ. 1984ലായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര. ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ നാലാമത്തെ മിഷനാണിത്.
സാങ്കേതിക പ്രശ്നം കാരണം ഏഴ് വട്ടം ദൗത്യം മാറ്റിവച്ചിരുന്നു. മൈക്രോ ഗ്രാവിറ്റിയിൽ 60ലേറെ പരീക്ഷണങ്ങളാണ് സംഘത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒക്കായി ഏഴ് പരീക്ഷണങ്ങൾ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. 14 ദിവസത്തിനുശേഷം സംഘം മടങ്ങും.
ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഐഎസ്ആർഒയുടെ നാല് ബഹിരാകാശ യാത്രികരിൽ ഒരാളാണ് ശുഭാംശു. ഗഗൻയാൻ പദ്ധതിക്ക് ശുഭാംശുവിന്റെ ബഹിരാകാശയാത്ര കൂടുതൽ കരുത്ത് പകരും. 550 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നത്.
Todays Story
ഐ.എം. വിജയനെ ഈ പ്രായത്തിൽ കാൽപന്തു കളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്നത് ശരിയാണോ എന്നാർക്കെങ്കിലും സംശയമുണ്ടെങ്കിൽ കളിക്കളങ്ങളിലേക്ക് വരിക. ഇപ്പോഴും വിജയൻ കളിക്കുന്ന ഫുട്ബോൾ കാണുക..
റിട്ടയർമെന്റും പ്രായവുമൊക്കെ അക്കങ്ങളിലും കടലാസിലും മാത്രമാണെന്നും കളിക്കളത്തിൽ ചുറുചുറുക്കോടെ കറുത്തമാൻ കുതിച്ചുപായും പോലെ പായുന്ന ഐ.എം.വിജയൻ ഇന്നും ഇനി കുറേക്കാലവും കാൽപന്തു കളിയുടെ രാജകുമാരൻ തന്നെയാണെന്ന് മനസിലാകും.
വർഷങ്ങൾക്കു മുമ്പ് അടിച്ച സിസർകട്ട് ഈ പ്രായത്തിലും വിജയനടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. പന്ത് കാലിൽ കിട്ടിയാൽ ഇപ്പോഴും എതിരാളിയുടെ ഗോൾവല ചലിപ്പിച്ചേ വിജയൻ മൈതാനം വിടൂ.
പണ്ട് തൃശൂർ കോലോത്തുംപാടത്ത് ഫുട്ബോളു തട്ടി നടന്ന വിജയനല്ല ഇപ്പോൾ.. പത്മശ്രീ വിജയൻ എന്ന തിടന്പേറ്റിയാണ് വിജയൻ ഇനി തൃശൂരിൽ വിലസുക. കുറേക്കൂടി നേരത്തെ കിട്ടേണ്ടിയിരുന്ന ഒരു പുരസ്കാരം വൈകിയെങ്കിലും കൈക്കുന്പിളിലേക്ക് വന്നണഞ്ഞിരിക്കുന്നു.
തൃശൂർക്കാരും വിജയന്റെ ലോകമെങ്ങുമുള്ള ആരാധകരും ഓരോ റിപ്പബ്ലിക് ദിനത്തലേന്നും ആകാംക്ഷയോടെ കാത്തിരിക്കാറുള്ള പത്മപുരസ്കാരപ്രഖ്യാപനത്തിനുള്ള ഒരു കാരണം വിജയനായിരുന്നു.
കഷ്ടപ്പാടും ദാരിദ്ര്യവും ഇല്ലായ്മയും എല്ലാം വിജയൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതിൽ നിന്നെല്ലാമാണ് ഇന്നത്തെ പത്മശ്രീ ഐ.എം.വിജയനിലേക്ക് ഈ കറുത്ത മുത്ത് തലയെടുപ്പോടെ വളർന്നത്.
പത്മശ്രീ പുരസ്കാരം തന്റെ പേരിനൊപ്പം എഴുതിച്ചേർത്തപ്പെടുന്പോൾ ഫുട്ബോൾ മൈതാനങ്ങളിൽ ആവേശത്തിന്റെ ഗോൾവലകൾ കുലുക്കിയ ഇന്ത്യകണ്ട ഏറ്റവും മികച്ച ഫുട്ബോൾ മാന്ത്രികനിത് അഭിമാന മുഹൂർത്തം, അതിലേറെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും അധ്വാനത്തിനും ആത്മസമർപണത്തിനും കാലം കാത്തുവെച്ച ആദരം കൂടിയാവുകയാണ്.
വിജയനെ സ്നേഹിക്കുന്നവർക്ക് ആഹ്ലാദത്തിന്റെ ഗോൾവർഷവും... വിജയന്റെ അച്ഛനമ്മമാരായ അയനിവളപ്പിൽ മണിയും ഭാര്യ കൊച്ചമ്മുവും ഇപ്പോൾ താമരത്തിളക്കത്തിൽ തങ്ങളുടെ പൊന്നുമോൻ തിളങ്ങുന്നതുകണ്ട് നക്ഷത്രങ്ങളുടെ ലോകത്തിരുന്ന് പൊന്നോമനയുടെ നേട്ടങ്ങൾക്കുമേൽ അനുഗ്രഹം ചൊരിയുന്നുണ്ടാകും.
ഒരുപാട് കാത്തിരിപ്പുകൾക്കൊടുവിൽ
കഴിഞ്ഞ കോവിഡ് കാലത്താണു കോലോത്തുംപാടത്തെ ഫുട്ബോൾ ചരിത്രപുരുഷനെത്തേടി പത്മപുരസ്കാര നോമിനേഷൻ ആദ്യമായെത്തിയത്. തൃശൂർക്കാർക്കു മാത്രല്ല ഐ.എം. വിജയനെ ചെറിയ പരിചയം മാത്രമുള്ളവർക്കുപോലും അതു ത്രില്ലടിപ്പിക്കുന്ന സംഗതിയായിരുന്നു.
പക്ഷെ പ്രതീക്ഷകളും സ്വപ്നങ്ങളും നോമിനേഷനിൽ മാത്രമൊതുങ്ങി.. 2003ൽ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചിരുന്നു. പക്ഷേ ഇപ്പോൾ സ്വർണപാദുകമണിഞ്ഞ പ്രിയപ്പെട്ട കളിക്കാരനു പദ്മദളങ്ങൾ കോർത്ത പുരസ്കാരഹാരമണിയിക്കാൻ കാലം അവസരമൊരുക്കിയിരിക്കുന്നു.
ശീതള പാനീയങ്ങൾ വിറ്റുനടന്ന ബാല്യം
തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്കിടെ ശീതളപാനീയങ്ങൾ വിറ്റുനടന്നിരുന്ന വിജയൻ എന്ന പയ്യനിലേക്കൊരു ഫ്ളാഷ്ബാക്ക് കട്ട്. ഒരു സുപ്രഭാതത്തിൽ വിജയൻ നേടിയെടുത്ത സൗഭാഗ്യങ്ങളോ നേട്ടങ്ങളോ അല്ല ഒന്നും.
അച്ഛൻ മണി വാഹനാപകടത്തിൽ മരിച്ചശേഷം ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്നു വിജയൻ പലപ്പോഴും പറയാറുണ്ട്. അമ്മ കൂലിവേല എടുത്താണ് മക്കളെ വളർത്തിയത്.
പഠിപ്പല്ല, പട്ടിണിയുടെ ഫസ്റ്റ് ക്ലാസും ഡിസ്റ്റിംഗഷുമായിരുന്നു വിജയന്റെ കാലങ്ങൾ. വയറിലൊന്നുമുണ്ടാകാറില്ലെങ്കിലും മനസു നിറയെ പന്തുകളിയായിരുന്നു. തൃശൂർ സിഎംഎസ് സ്കൂളിൽ പഠിക്കുന്പോൾ അഞ്ചിൽ അഞ്ചു തവണ തോറ്റ വിജയൻ പന്തുകളിയിൽ തന്റെ പ്രതിഭ പുറത്തെടുത്തു.
ജില്ല, സംസ്ഥാനതല ഫുട്ബോൾ മത്സരങ്ങളിൽ വരാൻ പോകുന്ന കൊടുങ്കാറ്റിന്റെ ശീൽക്കാരം കളിക്കളത്തിൽ നിറഞ്ഞു. ജോസ് പറന്പനാണു തന്റെ കഴിവ് ആദ്യം തിരിച്ചറിയുന്നതെന്നു വിജയൻ പറഞ്ഞിട്ടുണ്ട്.
വിജയനെ ആദ്യമായി മൂന്നുവർഷത്തെ ഫുട്ബോൾ ക്യാന്പിൽ ചേർത്തതു ജോസ് പറന്പനായിരുന്നു. അന്നു വിജയനെ പരിശീലിപ്പിച്ചത് മുൻ അന്താരാഷ്ട്ര താരം ടി.കെ. ചാത്തുണ്ണിയും. എട്ടാം ക്ലാസിൽ പഠിക്കുന്പോൾ വിജയൻ പോലീസിൽ കയറി.
അന്നു വിജയന് വയസ് പതിനേഴ് കഴിഞ്ഞിരുന്നു. തോറ്റുതോറ്റ് എട്ടിൽ പതിനേഴാം വയസു പിന്നിട്ടപ്പോൾ കേരള പോലീസിൽ പണി കിട്ടി. പതിനെട്ടു തികയാനായി ആറു മാസം പോലീസ് ടീമിൽ ഗസ്റ്റ് കളിച്ചു. തികഞ്ഞതോടെ പോലീസ് ടീമിൽ ഔദ്യോഗിക ഇടം പതിച്ചുകിട്ടി. പിന്നെ വിജയനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
സൂപ്പർ പെർഫോമെൻസുകളുടെ കാൽപ്പന്തുകാലം
കേരളംവിട്ടു ടീം മാറിക്കളിച്ചപ്പോൾ പരിഭവങ്ങളുണ്ടായിരുന്നെങ്കിലും ആരാധകർ തങ്ങളുടെ മുത്തിനെ ഹൃദയത്തിൽനിന്ന് പടിയിറക്കിയില്ല. ഏതൊരു കായികതാരത്തേയുമെന്ന പോലെ വിജയനും കരിയറിൽ കയറ്റങ്ങൾപോലെത്തന്നെ ഇറക്കങ്ങളുമുണ്ടായിട്ടുണ്ട്. ഏങ്കിലും ഫുട്ബോൾ വിജയങ്ങൾ ഐ.എം. വിജയനനെ നിത്യഹരിത നായകനാക്കി.
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാവിലെ ഇടയ്ക്കുള്ള ജോഗിംഗിന് എത്തി വെറുതെ പന്തുതട്ടാൻ തുടങ്ങുന്പോൾ വിജയനു ചുറ്റും ഇന്നും ആൾക്കൂട്ടം നിറയും. വെറുതെ ഒരു പാസാണെങ്കിൽപോലും അതിനുണ്ട് കാലം മോഹിക്കുന്ന വിജയൻ ടച്ച്!
വർഷങ്ങൾക്കുമുന്‍പ് സന്തോഷ് ട്രോഫി മത്സരങ്ങൾക്കിടയിൽ കാണികൾക്ക് സോഡ വിറ്റു നടന്ന ആ പയ്യന്റെ പേരിൽ ഇന്ന് അതേ നഗരത്തിനരികെ ഒരു സ്റ്റേഡിയസമുച്ചയം ഒരുങ്ങിയിരിക്കുന്നു. അതു കാലം കാത്തുവച്ച കൗതുകം.
വെള്ളിത്തിരയിൽ ശാന്തനായും എതിരാളിയെ വിറപ്പിക്കുന്ന വില്ലനായും വിജയൻ ആരാധകർക്കു മുമ്പിലെത്തി.
ഗോൾ അക്കൗണ്ട് സന്പന്നം
1992ൽ ഇന്ത്യൻ ഫുട്ബോൾ ടീമിനായി കളിക്കാനിറങ്ങിയ 72 മത്സരങ്ങളിൽ നിന്ന് 29 ഗോൾ നേടി. 1992 മേയ് ഒന്‍പതിന് പാക്കിസ്ഥാനെതിരേയായിരുന്നു ആദ്യഗോൾ. 2003ൽ ഉത്തരകൊറിയക്കെതിരേ കളിച്ചാണ് അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചത്.
മൂന്ന് തവണ സാഫ് ചാന്പ്യൻഷിപ്പ് നേടിയ ടീമിൽ അംഗമായി. 1993 നെഹ്റുകപ്പിൽ മികച്ച താരത്തിനുള്ള പുരസ്കാരം നേടി. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ മികച്ചതാരത്തിനുള്ള പുരസ്കാരം മൂന്നു തവണ നേടി.
കേരള പോലീസ്, മോഹൻ ബഗാൻ, ജെ.സി.ടി. മിൽസ് ടീമുകൾക്കൊപ്പം ഫെഡറേഷൻ കപ്പും കേരളം, ബംഗാൾ ടീമുകൾക്കൊപ്പം സന്തോഷ് ട്രോഫിയും നേടി. എഫ്.സി.കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് ക്ലബ്ബുകൾക്കായും കളിച്ചു.
കാൽപന്തുകളിയിൽ രാജകുമാരൻ
വീട്ടിൽ കൊച്ചുമക്കളുടെ അപ്പൂപ്പൻ തൃശൂർക്കാരുടെ ചുള്ളൻ പ്രയോഗം ഏറ്റവും ചേരുക ഐ.എം.വിജയനാണെന്ന് പറയാറുണ്ട്. ഫുട്ബോൾ ഗ്രൗണ്ടിൽ കാൽപന്തുകളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്ന വിജയൻ വീട്ടിൽ കൊച്ചുമക്കളുടെ പ്രിയങ്കരനായ അപ്പൂപ്പനാണ്.
പക്ഷേ കണ്ടാൽ അപ്പൂപ്പനായെന്ന് ആരും പറയില്ല. കാവിമുണ്ടും കറുപ്പോ കടുംകളർ ഷർട്ടോ ധരിച്ച് നെറ്റിയിൽ കുങ്കുമക്കുറിയണിഞ്ഞ് നിറചിരിയോടെ വിജയൻ തൃശൂരിലൂടെ പോകുന്പോൾ ന്താ ചുള്ളാ എന്ന് ചോദിക്കുന്നവരുണ്ട്...
ശാന്തം സിനിമയിൽ അഭിനയിക്കുന്പോൾ വിജയന്റെ കഥാപാത്രം കൈത്തണ്ടയിൽ കറുത്ത ചരട് കെട്ടിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ചരട് അഴിച്ചപ്പോൾ ചരടു കെട്ടിയ ഭാഗം വെളുത്തിരുന്നു. ഇത് കണ്ട് വിജയൻ സംവിധായകൻ ജയരാജിനോടു പറഞ്ഞത്രെ - ജയരാജേട്ടാ ഇങ്ങനെ വെളുക്കുമെങ്കിൽ ദേഹം മുഴുവൻ ചരടു കെട്ടായിരുന്നു...
Todays Story
സുല്‍ത്താന്‍ ബത്തേരി.. പേരില്‍ തന്നെയുണ്ട് ഒരു തലയെടുപ്പ്. അതുമാത്രമല്ല ഒരുപാട് ഓര്‍മകള്‍ ഉറങ്ങുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണിത്. ചുരം കയറി എത്തുന്നവര്‍ക്ക് എല്ലാക്കാലത്തും ബത്തേരിയും പരിസര പ്രദേശങ്ങളും സമ്മാനിക്കുന്നത് വിസ്മയ കാഴ്ചകള്‍ തന്നെയാണ്
വയനാട്ടിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ സുല്‍ത്താന്‍ ബത്തേരിക്കുള്ള പങ്ക് ചെറുതല്ല. സുല്‍ത്താന്‍ ബത്തേരിയെ അറിയുക എന്നാല്‍ വയനാടിനെയും അതുവഴി കേരള ചരിത്രത്തെയും അറിയുക എന്നതാണ്. അതുകൊണ്ടുതന്നെ ഈ നാട് പത്തരമാറ്റ് തിളക്കത്തില്‍ നിലകൊള്ളുന്നു.
സുല്‍ത്താന്റെ ആയുധപ്പുര
വയനാട്ടിലെ ബ്രിട്ടീഷ് ഭരണത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. ആദ്യത്തേത് പഴശിരാജയുടെ കൈയില്‍നിന്ന് ലഭിച്ച വയനാടന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലം. 1858-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈയില്‍ നിന്ന് രാജ്ഞി നേരിട്ട് ഭരണം ഏറ്റെടുക്കുന്നതുവരെ അത് തുടര്‍ന്നു.
പിന്നീട് 1947 വരെ മലബാര്‍ കളക്ടറുടെ ബ്രിട്ടീഷ് ഭരണമായിരുന്നു വയനാട്ടില്‍. മുന്നനാട്, മുത്തൂര്‍നാട്, ഇളങ്കൂര്‍നാട്, നല്ലൂര്‍നാട്, ഇടനാശങ്കൂര്‍, പോരന്നൂര്‍, കുറുമ്പാല, വയനാട്, നമ്പിക്കൊല്ലി, ഗണപതിവട്ടം എന്നീ ഡിവിഷനുകളാണ് ഉണ്ടായിരുന്നത്.
ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പില്ക്കാലത്ത് സുല്‍ത്താന്‍ ബത്തേരി ആയിമാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നെയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കി മാറ്റിയത് എന്നു വിശ്വിസിക്കുന്നു.
ചെറിയ ജനപദമെന്ന രീതിയില്‍ ദശാബ്ദങ്ങള്‍ അറിയപ്പെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ സുല്‍ത്താന്റെ ആയുധപ്പുര എന്നര്ഥത്തില് സുല്‍ത്താന്‍സ് ബാറ്ററി എന്ന പേരിട്ടത്.
പ്രസ്തുത കാലഘട്ടത്തിലെ ഒരു വാണിജ്യ കേന്ദ്രമായും മൈസൂരിലേക്കുള്ള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടുവെന്നു വിശ്വസിക്കാം. മധ്യകാലഘട്ടത്തിലെ നഗരങ്ങള്‍ വളര്‍ന്നുവന്ന രീതിയില്‍ നാലും കൂടിയ വഴിക്ക് ചുറ്റുമായും പ്രധാന പാതയോരത്തായും ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതി വട്ടം വളരുകയായിരുന്നു.
കിടങ്ങനാട് പഞ്ചായത്ത് വിഭജിച്ചാണ് 1968 ല്‍ നൂല്‍പ്പുഴ പഞ്ചായത്തും 1974 ല്‍ നെന്മേനി പഞ്ചായത്തും 1968 ല്‍ സുല്‍ത്താന്‍ബത്തേരി പഞ്ചായത്തും രൂപീകരിക്കപ്പെട്ടത്. തമിഴ്, കര്‍ണാടക, കുടക് ഗ്രാമങ്ങളിലൂടെയായി മധ്യകാലഘട്ടം മുതലേ സുല്‍ത്താന്‍ബത്തേരിയും വയനാടിന്റെ ഇതരഭാഗങ്ങളും ബന്ധം പുലര്‍ത്തിയിരുന്നതായി തെളിവുകളുണ്ട്.
മധ്യകാല ജനപ്രയാണങ്ങളുടെ കഥപറയുന്ന വീരക്കല്ലുകള്‍, കാടിനുള്ളില്‍ ചിതറിക്കിടക്കുന്ന പഴയ തടയണകളുടെ മാതൃകകള്‍, എല്ലാം സുല്‍ത്താന്‍ബത്തേരിയെ പ്രാചീന ചരിത്ര സംസ്കാരങ്ങളുടെ സംഗമസ്ഥാനമെന്ന് വിളിക്കുന്നു.
കാലാവസ്ഥ
മിത-ശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെയുള്ളത്. വർഷം മുഴുവൻ അമിതമായ ചൂടോ അമിതമായ തണുപ്പോ ഇവിടെ അനുഭവപ്പെടാറില്ല. വർഷത്തിൽ 2,322 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി അന്തരീക്ഷതാപം 290-180 ഡിഗ്രി സെല്ഷ്യസിനിടയ്ക്കാണ്.
ഹുമിഡിറ്റി മൺസൂൺ കാലത്ത് 95ശതമാനം വരെ എത്താറുണ്ട്. കാലാവസ്ഥയെ പ്രധാനമായും നാലു ഋതുക്കളായി തിരിക്കാം.1. തണുപ്പുകാലം (ഡിസംബർ-ഫെബ്രുവരി) 2. ചൂടു കാലം (മാർച്ച്-മേയ്) 3. തെക്കു പടിഞ്ഞാറൻ മൺസൂൺ (ജൂൺ-സെപ്റ്റംബർ) 4. വടക്കു കിഴക്കൻ മൺസൂൺ (ഒക്ടോബര്‍-നവംബർ).
ടൂറിസം
വയനാട് വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്ന വനമേഖലയാണ് സുൽത്താൻ ബത്തേരിയുടെ വടക്കെ അതിർത്തി. നീലഗിരി ബയോസ്ഫിയർ മേഖലയിൽപ്പെട്ട ഇവിടത്തെ കാട് കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി, മലയണ്ണാൻ, കാട്ടാട്, വിവിധതരം മാനുകൾ, കുരങ്ങുകൾ, രാജവെമ്പാല ഉൾപ്പെടെയുള്ള ഉരഗ ജീവികൾ, വ്യത്യസ്ത തരം പക്ഷികൾ, അപൂർവ ഔഷധസസ്യങ്ങൾ, വിവിധ തരം മരങ്ങൾ, മുള ഉൾപ്പെടെയുള്ള പുല്ല് വർഗങ്ങൾ എന്നിവയുടെ അപൂർവ കലവറയാണ്.
ജൈനക്ഷേത്രം: ഇവിടെ മനോഹരമായ ചില കൊത്തുപണികൾ ഉണ്ട്. ഈ ജൈന ക്ഷേത്രത്തിനോടു ചേർന്നുള്ള കിണറിൽ നിന്ന് മൈസൂരിലേക്ക് ടിപ്പു സുൽത്താൻ ഒരു തുരങ്കം നിർമിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
അമ്പുകുത്തി മല: സുൽത്താൻ ബത്തേരിക്ക് 12 കിലോമീറ്റർ അകലെയായി ഉള്ള ഈ മലയിൽ ഏകദേശം ഒരു കിലോമീറ്റർ മുകളിലായി നവീന ശിലായുഗ കാലഘട്ടത്തിലെ ചുമർ ചിത്രങ്ങളുള്ള ഇടക്കൽ ഗുഹയുണ്ട്. ഇടക്കൽ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് അമ്പുകുത്തി മല.