STHREEDHANAM
ജീവിത യാതനകള്‍ക്കിടയില്‍ കഠിന പ്രയത്നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഊടും പാവുമിട്ട് അമ്പത്തഞ്ചുകാരി വീട്ടമ്മ നെയ്തെടുത്ത ബാല്യകാല സ്വപ്നം ഇനി കൈയെത്തും ദൂരെ. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ നെടുളി വീട്ടില്‍ പത്മിനിയാണ് ആയുസിന്റെ പാതി പിന്നിടുമ്പോഴും പാതിവഴിയില്‍ കൈവിട്ടുപോയ തന്റെ പഠനമോഹം മുറുകെ പിടിച്ച് വിജയ പീഠത്തിലേക്കുള്ള പടവുകളേറുന്നത്.
കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും പത്മിനി നേടിയെടുത്തത് കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി പ്രവേശന പരീക്ഷയിലെ ഉജ്വല വിജയമാണ്. സ്കൂള്‍ പഠനകാലത്തെ ഇല്ലായ്മകള്‍ക്കിടയിലും പത്മിനി താലോലിച്ച സ്വകാര്യ സ്വപ്നമായിരുന്നു ജീവിതത്തില്‍ ഒരു വക്കീല്‍ കോട്ടണിയുക എന്നത്.
ബുദ്ധിമുട്ടി ഇഴഞ്ഞ് നീങ്ങിയ സ്കൂള്‍ പഠനത്തിനൊടുവില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കണ്ടതോടെ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു. പക്ഷെ പഠനം പൂര്‍ത്തീകരിക്കാനായില്ല. വിവാഹ ജീവിതത്തോടെ താന്‍ കാത്തുവച്ച സ്വപ്നം എന്നെന്നേക്കുമായി പൊലിഞ്ഞെന്ന് തന്നെ ഈ കുടുംബിനി കരുതി.
ഇതിനിടെയാണ് തന്റെ ആഗ്രഹം ഭര്‍ത്താവിനോടും മക്കളോടും തുറന്ന് പറഞ്ഞത്. സന്തോഷത്തോടെ പത്മിനിയുടെ തുടര്‍പഠനത്തിന് കുടുംബം പച്ചക്കൊടി കാട്ടി. പിന്നീട് ഒട്ടും ശങ്കിച്ചില്ല. ജീവിതഭാരം കുറയ്ക്കാന്‍ ചേമഞ്ചേരി ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ തുടര്‍ന്നുവന്ന ജോലിക്കിടയിലും പത്മിനി തുടര്‍വിദ്യാ പദ്ധതിയില്‍ ചേര്‍ന്ന് പ്ലസ്ടു തുല്യതാ പരീക്ഷ എഴുതി. നേടിയത് തിളക്കമാര്‍ന്ന വിജയം.
തുടര്‍ന്ന് പൊളിറ്റിക്സ് ഐച്ഛിക വിഷയമായെടുത്ത് ബിരുദവും സമ്പാദിച്ചു. ഇതേ വിഷയത്തില്‍ മെച്ചപ്പെട്ട മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് മൂന്നു തവണ എഴുതിയിട്ടും വിജയിക്കാന്‍ കഴിയാത്ത എല്‍എല്‍ബി പ്രവേശന പരീക്ഷയെ ഇത്തവണ പത്മിനി കീഴടക്കി.
ഇരുപത്തഞ്ചാം റാങ്കുംനേടി ദൃഢനിശ്ചയത്തിന്റെ പെണ്മാതൃകയായ ഈ വീട്ടമ്മയുടെ വിജയഗാഥ നാടിനാകെ മാതൃകയായിക്കഴിഞ്ഞു. പക്ഷെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയില്‍ ഇത്തവണ പത്മിനിക്ക് കൈയൊഴിയേണ്ടി വന്നത് ജീവിതമാര്‍ഗമായ നെയ്ത്ത് ജോലിയാണെന്ന് മാത്രം.
ജില്ലാലൈബ്രറി കൗണ്‍സില്‍ അംഗവും മികച്ച സംഘാടകയുമാണ് പത്മിനി. ഭര്‍ത്താവ്: ബാലന്. മക്കള്‍: വിഷ്ണുപ്രസാദ്, ഹരിപ്രസാദ്.
STHREEDHANAM
"വയനാട്ടിലെ ദുരന്തം അറിഞ്ഞപ്പോള്‍ മനസില്‍ മിന്നി മറഞ്ഞത് നാലര മാസം പ്രായമുള്ള എന്റെ കുഞ്ഞിന്റെ മുഖമാണ്. അവന്റെ പ്രായമുള്ള ഏതെങ്കിലും കുഞ്ഞിന് അമ്മയെ നഷ്ടമായിട്ടുണ്ടാകാം. പാലു മാത്രം കുടിക്കുന്ന ഈ സമയത്ത് ആ കുഞ്ഞു മക്കള്‍ എങ്ങനെ ഈ സാഹചര്യം തരണം ചെയ്യുമെന്നത് എന്നെ സങ്കടപ്പെടുത്തി.
അമ്മ നഷ്ടമായ, ആറു മാസത്തില്‍ താഴെ പ്രായമുള്ള ഒരു കുഞ്ഞിനെ ദുരന്ത മുഖത്തുനിന്ന് കിട്ടിയാല്‍ എന്റെ ലീവ് തീരും വരെ ഞാന്‍ നോക്കിക്കൊള്ളാമെന്ന് അപര്‍ണ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചത് അതുകൊണ്ടാണ്'- എറണാകുളം തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ ആര്. രശ്മിമോളുടെ മാതൃത്വം നിറയുന്ന വാക്കുകളാണിത്.
ചേര്‍ത്തല പൂച്ചാക്കല്‍ വടക്കേമറ്റത്തില്‍ സനീഷ്കുമാറിന്റെ ഭാര്യയായ രശ്മി നിലവില്‍ പ്രസവാവധിയിലാണ്. വയനാട് ദുരന്തം അറിഞ്ഞപ്പോള്‍ രശ്മിയുടെ മനസ് നിറയെ നാലര മാസം പ്രായമുള്ള മകന് അയാന്റെ രൂപമായിരുന്നു. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് ദുരന്തത്തില്‍ അമ്മമാരെ നഷ്ടമായിരിക്കാം. അതുകൊണ്ടുതന്നെയാണ് തൃശൂര്‍ സിറ്റി സൈബര്‍ സ്റ്റേഷനിലെ എഎസ്ഐ അപര്‍ണ ലവകുമാറിന് രശ്മി ആ സന്ദേശം അയച്ചത്.
"വയനാട് ദുരന്തത്തില്‍ അമ്മയെ നഷ്ടമായ ആറു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞിനെ എന്റെ ലീവ് തീരും വരെ നോക്കിക്കൊള്ളാം' എന്നായിരുന്നു സന്ദേശം. രശ്മിക്ക് സെപ്റ്റംബര്‍ ആറു വരെ പ്രസവാവധിയുണ്ട്. അതിനുശേഷം ശിശു സംരക്ഷണത്തിനുള്ള ലീവും ലഭിക്കും.
അതുകൊണ്ടുതന്നെയാണ് ഒറ്റ ദിവസം കൊണ്ട് അനാഥമായി പോയ പിഞ്ചു കുഞ്ഞ് ഉണ്ടെങ്കില്‍ പോറ്റമ്മയാകാന്‍ തയാറായതും. അടുത്തിടെ അമ്മയെ നഷ്ടമായ തനിക്ക് അമ്മയില്ലാത്ത സങ്കടം നന്നായി മനസിലാകുമെന്നും ഇവര്‍ പറയുന്നു. 2017ല്‍ പോലീസ് സേനയുടെ ഭാഗമായ രശ്മിക്ക് 11 വയസുകാരനായ അക്ഷയ് എന്ന മകന് കൂടിയുണ്ട്.