2010ൽ ചെറിയ ചുമയും ശ്വാസമെടുക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളുമായിട്ടായിരുന്നു തുടക്കം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാഞ്ഞിരമറ്റം വാളാടിമാക്കൽ സജി സെബാസ്റ്റ്യൻ ആദ്യമൊക്കെ ഇതു കാര്യമാക്കിയില്ല. പക്ഷേ, അസ്വസ്ഥതകൾ കുറെയാതെ വന്നതോടെ ഡോക്ടറെ കണ്ടുകളയാം എന്നു തീരുമാനിച്ചു. പക്ഷേ, മരുന്നുവാങ്ങി കഴിച്ചിട്ടും അസ്വസ്ഥതകൾ തുടർന്നു.
ഇതോടെ പാലാ, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലായി പ്രമുഖ ആശുപത്രികളിൽ ചികിത്സ തേടി. പക്ഷേ, അസുഖത്തിന് യാതൊരു കുറവും ഉണ്ടായില്ല. എന്നാൽ, 2022 നവംബർ മുതൽ രോഗം ഗുരുതരമായി. തുടർന്ന് അമൃത ആശുപത്രിയിൽ അഡ്മിറ്റ് ആയി. അവിടെ നിരവധിയായ പരിശോധനകൾക്കു വിധേയനായി. ഒടുവിൽ പ്രോഗ്രസീവ് പൾമണറി ഫൈബ്രോസിസ് എന്നു കണ്ടെത്തി.
2023 മുതൽ കൂടെക്കൂടെ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വന്നു. പക്ഷേ, രോഗത്തിന് യാതൊരു ശമനവും ഉണ്ടാകാതിരുന്നതോടെ 2024 ജനുവരി മുതൽ വെല്ലൂർ സിഎംസിയിൽ ചികിത്സ തേടി. ശ്വാസകോശത്തിൽ പൂപ്പൽ അണുബാധയും കണ്ടെത്തി. തുടർന്ന് ആറു മാസത്തോളം വെല്ലൂരിൽ പലവട്ടം പോകേണ്ടിവന്നു.
ആരോഗ്യസ്ഥിതി കൂടുതൽ മോശമായതോടെ യാത്ര ചെയ്യാനാവാതെ വന്നു. ഇതോടെ വീണ്ടും അമൃതയിൽ ചികിത്സ തുടർന്നു. തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കുകയല്ലാതെ വേറെ വഴിയില്ല എന്നു ഡോക്ടർമാർ വിധിയെഴുതി. ഹൈദരാബാദ് യശോദ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് റഫർ ചെയ്തു. അവിടെ അന്വേഷിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. ട്രാൻസ്പ്ലാന്റ് നടത്താൻ ഏകദേശം അറുപതു ലക്ഷം രൂപയാകുമെന്നാണ് അവർ അറിയിച്ചത്. ഇത്രയും ഭാരിച്ച തുക ബാലികേറാമല പോലെ മുന്നിൽ നിന്നു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ.
ഇതിനിടെ, കോട്ടയം മെഡിക്കൽ കോളജിൽ ശ്വാസകോശം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടന്നതായി പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ കണ്ടു. ട്രാൻസ്പ്ലാന്റ് മാത്രമാണ് വഴിയെന്നും കോട്ടയം മെഡിക്കൽ കോളജിൽ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു മാസമായി അതിനുള്ള പരിശോധനകളിലാണ്. പരിശോധന പൂർണമായി കഴിഞ്ഞാൽ മൃതസഞ്ജീവിനിയിൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കു പേജ് രജിസ്റ്റർ ചെയ്യും.
ഇതിനകം തന്നെ വിവിധ ചികിത്സകൾക്കായി 20 ലക്ഷത്തിലേറെ രൂപ ചെലവിട്ടുകഴിഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കും ഒരു മാസത്തെ ആശുപത്രി വാസത്തിനുമായി 25 ലക്ഷം രൂപ ചെലവാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള മരുന്നിനും മറ്റു ചെലവുകൾക്കുമായി വേറെയും ലക്ഷങ്ങൾ വേണ്ടിവരും. സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന സജി രോഗം മൂർച്ഛിച്ചതോടെ ഏതാനും മാസമായി അവധിയിലാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ഇടത്തരം കുടുംബത്തിനു താങ്ങാനാവുന്നതല്ല ഇത്രയും വലിയ തുക. ഭാര്യയുടെ ജോലിയിൽനിന്നു കിട്ടുന്ന വരുമാനമാണ് ഇപ്പോൾ കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്. ഇതിനു പുറമേ 11,10, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകളുമുണ്ട്. സുമനസുകൾ തുണയാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സജി സെബാസ്റ്റ്യനും കുടുംബവും.
സഹായം Deepika Charitable Trust ന്റെ South Indian Bank കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നമ്പർ: 00370730 00003036, IFSC: SIBL0000037. ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുമ്പോൾ ആ വിവരം [email protected] ലേക്ക് മെയിൽ അയച്ചോ (91) 93495 99068 ലേക്ക് എസ്എംഎസ് അയച്ചോ അറിയിക്കണം. സംശയങ്ങൾക്ക് (91) 93495 99068.