മുക്കം: പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും യുഡിഎഫ് വോട്ടുകൾ വ്യാപകമായി തള്ളിയതായി ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ കാരശേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത് സംഘർഷത്തിൽ കലാശിച്ചു. രാവിലെ എട്ട് മുതൽ ഓഫീസിലെ രണ്ട് കവാടങ്ങളും ഉപരോധിച്ചതോടെ ഒരു ഉദ്യോഗസ്ഥന് പോലും ഓഫീസിൽ കയറാനായില്ല. തുടർന്ന് 10.30 ഓടെ മുക്കം ഇൻസ്പെക്ടർ കെ.പി. ആനന്ദിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സമരം ഡിസിസി മെമ്പർ എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൽ വാർഡ് വിഭജനം തീർത്തും അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഭരണ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് വ്യാപകമായിട്ടുള്ള രീതിയിൽ അട്ടിമറി നടത്തിയിട്ടുള്ളതെന്നും സിപിഎമ്മിന്റെ സമ്മർദപ്രകാരം നൂറുകണക്കിന് വോട്ടുകൾ ഹിയറിംഗ് നോട്ടീസ് പോലും നൽകാതെ വെട്ടിമാറ്റിയെന്നും യുഡിഎഫ് ആരോപിച്ചു. യുഡിഎഫ് ചെയർമാൻ കെ. കോയ അധ്യക്ഷത വഹിച്ചു. കൺവീനർ സമാൻ ചാലൂളി, യൂനുസ് പുത്തലത്ത്, സലാം തേക്കുംകുറ്റി, പി.എം. സുബൈർ ബാബു, ജോസ് പാലിയത്ത്, എം.ടി. സൈത് ഫസൽ, ജംഷിദ് ഒളകര എന്നിവർ നേതൃത്വം നൽകി.
Tags : vote nattuvishesham local news