Kerala
കോഴിക്കോട്: രാജ്യത്തുടനീളം 20,000 കിലോമീറ്ററിലേറെ ദേശീയപാതയില്‍ നെറ്റ്വര്‍ക്ക് സര്‍വേ വാഹനങ്ങള്‍ (എന്എസ്വി) വിന്യസിക്കാനൊരുങ്ങി ദേശീയപാത അഥോറിറ്റി. ദേശീയപാതകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
പകല്‍ സമയം റോഡുകളിലെ ദ്വിമാന, ത്രിമാന ചിത്രങ്ങള്‍ പകര്‍ത്താനും മനുഷ്യ ഇടപെടലില്ലാതെ റോഡുകളിലെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ശേഷിയുള്ള ത്രിമാന ലേസര്‍ അധിഷ്ഠിത എന്എസ്വി സംവിധാനം ഉപയോഗിച്ചാണ് റോഡിന്റെ ഉപരിതല നിലവാരം സംബന്ധിച്ച സര്‍വേകള്‍ നടത്തുന്നത്.
വ്യക്തതയേറിയ 360-ഡിഗ്രി കാമറകള്‍, ഡിജിപിഎസ് (ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം), ഐഎംയു (ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്), ഡിഎംഐ (ഡിസ്റ്റന്‍സ് മെഷറിംഗ് ഇന്‍ഡിക്കേറ്റര്‍) എന്നിവ ഈ വാഹനങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
റോഡിലെ വിള്ളലുകള്‍, കുഴികള്‍, കേടുപാടുകള്‍ എന്നിവയടക്കമുള്ള വിവരങ്ങൾ ശേഖരിക്കാന്‍ ഈ വാഹനങ്ങളിലൂടെ ദേശീയപാത അഥോറിറ്റിക്കു സാധിക്കും. റോഡുകളുടെ നിലവാരത്തിലെ കുറവുകള്‍ എടുത്തുകാണിക്കുന്ന എന്എസ്വി സര്‍വേ വിവരങ്ങള്‍ ദേശീയപാതകള്‍ മികച്ച രീതിയില്‍ പരിപാലിക്കുന്നതിനാവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ദേശീയപാത അഥോറിറ്റിയെ സഹായിക്കും.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചത് എങ്ങനെയെന്ന് വിദ്യാഭ്യാസമന്ത്രി പറയണമെന്ന് മന്ത്രി ജി.ആർ. അനിൽ. സിപിഐ എടുക്കുന്ന തീരുമാനം മന്ത്രിമാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി. ഇതുസംബന്ധിച്ച ഒരു കാര്യവും ഞങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ല.
സിപിഐ എടുക്കുന്ന തീരുമാനം ഒരുതുള്ളി വെള്ളം ചേർക്കാതെ മന്ത്രിമാർ നടപ്പാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
Kerala
തലശേരി: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റസ്ലിംഗ് മാതൃകയിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ രണ്ടു വിദ്യാർഥികൾക്ക് സസ്പെൻഷൻ.
പ്ലസ്ടു ക്ലാസ് മുറിയിൽ റസ്ലിംഗ് മാതൃകയിൽ മർദിക്കുകയും എടുത്തുയർത്തി നിലത്തെറിയുകയും ശരീരത്തിലേക്കു ചാടി വീണ്ടും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെയാണു നടപടി. ഒരു വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി ക്രൂരമായി ആക്രമിക്കുന്നതും കൂടെയുള്ളവർ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. ചില വിദ്യാർഥികൾ അനുനയിപ്പിക്കുന്നതോടെയാണ് ദൃശ്യം അവസാനിക്കുന്നത്. കൂട്ടത്തിലുള്ള വിദ്യാർഥിതന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പറയുന്നു.
ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ എങ്ങനെയെത്തി എന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് സ്കൂളിൽ അടിയന്തര യോഗം ചേർന്നിരുന്നു. മർദിച്ച വിദ്യാർഥികളെ ഈ അധ്യയന വർഷം സ്കൂളിൽനിന്ന് മാറ്റിനിർത്താനാണ് തീരുമാനം. എന്നാൽ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും.
Kerala
തിരുവനന്തപുരം: ഗുണ്ടാ ബന്ധമുണ്ടെന്നു കണ്ടെത്തിയ സംസ്ഥാനത്തെ 14 പോലീസ് ഉദ്യോഗസ്ഥരും ഇപ്പോഴും സർവീസിൽ തുടരുന്നതായി രേഖകൾ.
ഗുണ്ടകളുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ യോഗത്തിലും ആവർത്തിക്കുന്നതിനിടെയാണ് ഇവരെല്ലാം സർവീസിൽ തുടരുന്നതായി കണ്ടെത്തിയത്.
ഷാഫി പറന്പിൽ എംപിയെ മർദിച്ചതെന്നു പരസ്യമായി പറഞ്ഞ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡും പിരിച്ചുവിടണമെന്നു ശിപാർശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്.
ഡിവൈഎസ്പി തസ്തികയിലുള്ള രണ്ടു പേരും ഇൻസ്പെക്ടർ തസ്തികയിലുള്ള രണ്ടുപേരും എസ്ഐ തസ്തികയിലെ ഒരാളും ഗ്രേഡ് എസ്ഐമാരായ മൂന്നു പേരും ഒന്നു വീതം ഗ്രേഡ് എഎസ്ഐ, എഎസ്ഐയും പട്ടികയിലുണ്ട്. സിപിഒ, സീനിയർ സിപിഒ തസ്തികയിലുള്ള നാലുപേരും ഗുണ്ടാ- പോലീസ് ബന്ധത്തിൽ ഉൾപ്പെട്ടവരാണ്.
Kerala
ഇടുക്കി: മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. കാഞ്ചിയാർ സ്വദേശി സണ്ണിക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി ഡിസിആർബി ഗ്രേഡ് എസ്ഐ ബിജുമോൻ ആണ് മദ്യപിച്ച് വാഹനം ഓടിച്ചത്. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. ഇന്ന് രാത്രി ഏഴോടെയാണ് ഇയാൾ കാറുമായി കാഞ്ചിയാർ ടൗണിലേക്ക് എത്തിയത്.
ഇവിടെവച്ച് രണ്ടു ബൈക്കിലും ഒരു കാറിലും ഇയാൾ സഞ്ചരിച്ച വാഹനം ഇടിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് ഉദ്യോഗസ്ഥനെയും ഇയാൾ സഞ്ചരിച്ച കാറും തടഞ്ഞുവച്ചു. പിന്നീട് കട്ടപ്പനയിൽനിന്നും പോലീസ് എത്തിയശേഷമാണ് തടഞ്ഞുവച്ച ബിജുമോനെ കാറിൽ നിന്നും പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
Kerala
പാലക്കാട്: ഷൊർണൂരിൽ ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത്. ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു.
കാരക്കാട് കള്ളിക്കാട്ടിൽ നിതീഷിന്റെ ബൈക്കാണ് കത്തി നശിച്ചത്. ബൈക്കിൽ അര ടാങ്കോളം പെട്രോൾ ഉണ്ടായിരുന്നു.നിതീഷ് സുഹൃത്തുക്കൾക്കൊപ്പം ഊട്ടിയിലേക്ക് വിനോദയാത്ര പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഈ സമയം നിതീഷ് മാത്രമാണ് ബൈക്കിൽ ഉണ്ടായിരുന്നത്.
വീട്ടിൽ നിന്നും ഇറങ്ങി ഏകദേശം 200 മീറ്റർ കഴിഞ്ഞപ്പോൾ ബൈക്കിന്റെ എൻജിൻ ഭാഗത്തുനിന്നും പുകവരുകയും പിന്നീട് ആളിക്കത്തുകയുമായിരുന്നു. പുക വരുന്നത് കണ്ടു സംശയം തോന്നിയ യുവാവ് ബൈക്ക് ഒരു ഭാഗത്ത് നിർത്തിയിട്ടു. ഷൊർണൂർ കാരക്കാട്ടിലായിരുന്നു സംഭവം.
ബൈക്കിൽ നിന്നും ഇറങ്ങി മാറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. തുറന്ന ഷോർണൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. നാളെ ഷോറൂമിൽ നിന്നുള്ള സംഘം എത്തി പരിശോധന നടത്തിയശേഷമേ തീ പടരാനുള്ള കാരണം വ്യക്തമാകുകയുള്ളു.
Kerala
ഇടുക്കി: രാജമുടിയിൽ വിൽപനയ്ക്കായി സൂക്ഷിച്ച ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ. ബിജു(53) എന്നയാളാണ് അറസ്റ്റിലായത്.
വീട്ടിൽ ചാരായം നിർമ്മിച്ച് കാറിൽ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. 13 ലിറ്റർ ചാരായവുമായാണ് ബിജു അറസ്റ്റിലായിരിക്കുന്നത്.
തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഹുൽ ജോൺ, പ്രിവന്റീവ് ഓഫീസർമാരായ ജയൻ.പി. ജോൺ, പ്രിൻസ് എബ്രഹാം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സി.എൻ. ജിൻസൺ, ജോഫിൻ ജോൺ, ബിനു ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷീന തോമസ്, സിവിൽ എക്സൈസ് ഓഫീസർ ആനന്ദ് വിജയൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിലേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.
Kerala
കണ്ണൂർ: കോട്ടപ്പറമ്പിൽ ട്രാവലറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചെങ്ങളായികോട്ടപ്പറമ്പ് സ്വദേശി റാഷിദ്.കെ.കെ (33) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് 26.85 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നസീബ്.സി.എച്ച് ഉം പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ട്രാവലർ എക്സൈസ് കസ്റ്റഡിയിലെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ പി.സി. വാസുദേവൻ, പി.വി. പ്രകാശൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മാരായ പി.എ. രഞ്ജിത് കുമാർ, എം.വി. പ്രദീപൻ, എം.എം. ഷഫീക്ക്, കെ.വി. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ എം. രമേശൻ, ശ്യാംജിത്ത് ഗംഗാധരൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.കെ. മല്ലിക, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ടി.എം. കേശവൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: സിപിഐ കുരയ്ക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ ജീവിയാണെന്നു കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടും. ഛർദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യും. 45 വർഷമായി സിപിഐയുടെ പല്ലും നഖവും എകെജി സെന്ററിൽ പണയം വച്ചിരിക്കുകയാണ്.
പിഎം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് ആത്മാർഥമാണെങ്കിൽ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സിപിഎം ബിജെപി രഹസ്യ ബന്ധത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Kerala
ആലപ്പുഴ: ചേർത്തലയിൽ മദ്യലഹരിയിൽ പോലീസിന്റെ അടിയന്തര സേവന നമ്പറിലേക്ക് വ്യാജ സന്ദേശം അയച്ചയാൾ അറസ്റ്റിൽ. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് പള്ളിപ്പുറം കുരിശിങ്കൽ വീട്ടിൽ സെബാസ്റ്റ്യൻ ആണ് അറസ്റ്റിലായത്.
ചേർത്തല പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ എമർജൻസി നമ്പറായ 112ലേക്ക് വ്യാജ സന്ദേശങ്ങൾ അയച്ചതിനാണ് അറസ്റ്റ്.
Kerala
കൊച്ചി: മുൻ മന്ത്രി ആന്റണി രാജുവിനെതിരെയുള്ള തൊണ്ടി മുതൽ കേസില്‍ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന സ്വകാര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസയച്ചു.
പൊതുപ്രവർത്തകർ ഉൾപ്പെട്ട വഞ്ചനാക്കേസ് കൂടി കേസിലെ പ്രതികൾക്കെതിരെ ചുമത്തണമെന്നാണ് ആവശ്യം. നിലവിൽ നെടുമങ്ങാട് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു.
1990 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതാണെന്നാണ് കേസ്.
Kerala
കോഴിക്കോട്: താമരശേരി ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടത് ഉടമകള്‍ നിയോഗിച്ച ഗുണ്ടകളാണെന്നും അക്രമങ്ങള്‍ക്ക് പോലീസ് തന്നെ കൂട്ടു നിന്നെന്നും സമരസമിതി. സംഘര്‍ഷം ഉണ്ടായ ദിവസം ഉടമകളിലൊരാള്‍ കണ്ണൂരിലെ ഒരു രാഷ്ട്രീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നും സമരസമിതി ചെയര്മാന് ബാബു കുടുക്കില്‍ ആരോപിച്ചു.
സമരത്തിന്റെ ഗതിതിരിച്ചുവിടാന്‍ ഗൂഢാലോചന നടന്നു. ഫാക്ടറിക്ക് തീയിട്ടത് ഉടമകളുടെ ഗുണ്ടകളാണ്. റൂറല്‍ എസ് പി സംഘര്‍ഷ സ്ഥലത്ത് എത്തിയ ശേഷമാണ് സ്ഥിതി മാറിമറിഞ്ഞതെന്നും ബാബു കുടുക്കില്‍ ആരോപിച്ചു.
മരിച്ചു വീഴേണ്ടി വന്നാലും സമരം തുടരുമെന്നും ബാബു കുടുക്കിൽ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടെ ഫാക്ടറി വീണ്ടും പഴയരീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തിലാണ് ഉടമകള്‍.
Kerala
കോട്ടയം: പാലായില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കിൽ കറങ്ങിയ മൂവർസംഘം പിടിയിൽ. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി കെ.എം. സതീഷ്, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന് എന്നിവരാണ് പിടിയിലായത്.
ബൈക്കിന്റെ പിന്നിലിരുന്ന രണ്ട് പേരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. പോലീസുകാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും ഇവർ ബൈക്ക് വെട്ടിച്ച് കടന്നുപോവുകയായിരുന്നു. പിടിച്ചെടുത്ത വാഹനത്തിന് ഇന്‍ഷുറന്‍സും ഇല്ലായിരുന്നു.
ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ കയറിയതിനും പോലീസ് കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയതിനും പോലീസ് നിര്‍ദേശം പാലിക്കാതിരുന്നതിനുമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് പേരെയും സ്റ്റേഷന് ജാമ്യത്തില്‍ വിടും.
Kerala
ഇടുക്കി: മറയൂരിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും തമ്മിൽ സംഘർഷം. പതിനഞ്ച് സഞ്ചാരികൾക്കും ആറ് ജീപ്പ് തൊഴിലാളികൾക്കും പരിക്കേറ്റു. മറയൂരിന് സമീപം പയസ് നഗറിൽ വച്ചാണ് സംഭവം.
തമിഴ്നാട് തിരുനെൽവേലിയിൽ നിന്നുമെത്തിയ സഞ്ചാരികളുടെ ടൂറിസ്റ്റ് ബസ്സിന് പിന്നാലെ എത്തിയ ജീപ്പ് തുടർച്ചയായി ഹോൺ മുഴക്കി. ഇത് ചോദ്യം ചെയ്തതാണ് തർക്കത്തിനും സംഘർഷത്തിനും കാരണമായത്.
ജീപ്പ് തൊഴിലാളികൾ സംഘടിച്ചെത്തി ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തുകയും സഞ്ചാരികളെ ആക്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ടൂറിസ്റ്റ് ബസിന്റെ ചില്ലുകളും ജീപ്പ് തൊഴിലാളികൾ അടിച്ചു തകർത്തു.
വിനോദസഞ്ചാരികളുടെ ആക്രമണത്തിൽ പരിക്കേറ്റ ആറ് ജീപ്പ് തൊഴിലാളികളും ചികിത്സയിലാണ്. മറയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: ചെല്ലാനത്തുനിന്നും മത്സ്യബന്ധനത്തിനുപോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി. കണ്ടക്കടവ് സ്വദേശികളായ സെബിൻ, കുഞ്ഞുമോൻ പ്രിൻസ്, ആന്റപ്പൻ എന്നിവരെയാണ് കാണാതായത്.
ഇവർക്കായി കോസ്റ്റ് ഗാർഡും നാവികസേനയും തെരച്ചിൽ നടത്തിവരികയാണ്. ഇന്ന് പുലർച്ചെ നാലിനാണ് ഇവർ മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ഒരു എൻജിനുള്ള വള്ളത്തിലാണ് ഇവർ കടലിൽ പോയത്. രാവിലെ ഒൻപതോടെ മടങ്ങി എത്തേണ്ടതായിരുന്നു.
Kerala
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുരാരി ബാബുവില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ എസ്ഐടി അന്വേഷണം ആരംഭിച്ചു. ഇതിന്റ ഭാഗമായി മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ പോലീസ് സംഘം പരിശോധന നടത്തുന്
ഇന്ന് ഉച്ചകഴിഞ്ഞാണ് ഹൈക്കോടതി നിർദേശ പ്രകാരമുള്ള പ്രത്യേക അന്വേഷണ സംഘം മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ എത്തിയത്. പരിശോധന ഇപ്പോഴും തുടരുന്നു എന്നാണ് വിവരം.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില രേഖകള്‍ സംഘത്തിന് കിട്ടിയതായാണ് സൂചന. നേരത്തെ ദേവസ്വം വിജിലൻസും മുരാരിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. മുരാരി ബാബുവിനെ കൂടാതെ മറ്റ് എട്ട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയാണ് അന്വേഷണസംഘം കേസില്‍ പ്രതി ചേർത്തിരിക്കുന്നത്.
ഉണ്ണിക്കൃഷ്ണന് പോറ്റി ഒന്നാംപ്രതിയായിട്ടുള്ള രണ്ടു കേസുകളിലും രണ്ടാംപ്രതിയാണ് മുരാരി ബാബു. മുരാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തും. കൂടുതല്‍ തെളിവ് ലഭിക്കുകയാണെങ്കില്‍ മറ്റ് ഉദ്യോഗസ്ഥരുടെയും അറസ്റ്റിലേക്ക് അന്വേഷണസംഘം കടക്കുമെന്നാണ് സൂചന.
Kerala
കൊച്ചി: നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേയ്ക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വീമാനത്തിലാണ് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങിയത്.ഗവർണർ രാജേന്ദ്ര അർലേക്കർ, ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ രാഷ്ട്രപതിക്ക് യാത്ര അയപ്പ് നൽകി.
ബെന്നി ബെഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, പൊതു ഭരണ വകുപ്പ് സെക്രട്ടറി കെ. ബിജു, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പോലീസ് മേധാവി( എറണാകുളം റൂറൽ) എം. ഹേമലത, സി ഒ 21 (കെ) എൻസിസി ബറ്റാലിയൻ കൊച്ചിൻ കേണൽ. എൻ എബ്രഹാം, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം. എസ് ഹരികൃഷ്ണൻ എന്നിവർ യാത്ര അയക്കാൻ എത്തിയിരുന്നു.
നാലുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച വൈകീട്ടാണ് പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി രാവിലെയാണ് കൊച്ചിയിൽ എത്തിയത്.
എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി കൊച്ചിയിലേക്ക് എത്തിയത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് തീരുമാനം ആരോടും ചര്‍ച്ച ചെയ്യാതെയാണെന്ന് ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്‍ഡിഎഫിന്റെ ശൈലി ഇതല്ല. ഇതാകരുത് എല്‍ഡിഎഫിന്റെ ശൈലിയെന്നും മുന്നണി മര്യാദയുടെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത് എല്‍ഡിഎഫിൽനിന്ന് പ്രതീക്ഷിക്കാത്തതാണ്.
സിപിഐയെ ഇരുട്ടിൽ നിര്‍ത്തി തീരുമാനമെടുക്കാനാകില്ല. ഇത് ജനാധിപത്യത്തിന്റെ വഴിയല്ല, തിരുത്തപ്പെടണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ഗൗരവമായ വിഷയത്തിൽ എംഒയു ഒപ്പിടുമ്പോൾ ഘടക പാർട്ടികളെ അറിയിക്കാത്തതിലെ രാഷ്ട്രീയ യുക്തി മനസിലാകുന്നില്ല. മന്ത്രിസഭയിലെ മന്ത്രിമാർക്കും ഇക്കാര്യത്തിൽ അറിവില്ലായിരുന്നു. രണ്ട് തവണ മന്ത്രിസഭയിൽ വന്നു, നയപരമായ തീരുമാനത്തിന് മാറ്റി വച്ച വിഷയം ആണിത്. പിന്നീട് ഒരിക്കലും എൽഡിഎഫിൽ ചർച്ചക്ക് വന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഒപ്പിട്ടത് വാർത്ത കണ്ടപ്പോള്‍ അന്വേഷിച്ചു, വാർത്ത ശരിയാണെന്ന് മനസിലായി. കേൾക്കുന്ന വാർത്ത ശരിയെങ്കിൽ മുന്നണി മര്യാദയുടെ ലംഘനം എന്ന് ഇന്നലെ പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം തന്നെയെന്ന് ആവർത്തിച്ച് പറയുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ എഐവൈഎഫും എഐഎസ്എഫും പരസ്യ പ്രതിഷേധത്തിലേയ്ക്ക്. ശനിയാഴ്ച തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും. 26 ന് എല്ലാ ജില്ലകളിലും പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ധാരണപത്രത്തിൽ ഒപ്പിട്ട നടപടി പിൻവലിക്കണമെന്നാണ് ആവശ്യം.
"ഇത് സിപിഎം-സിപിഐ തർക്കമല്ല. ഡിവൈഎഫ്ഐയ്ക്കും എസ്എഫ്ഐയ്ക്കും ഇതേ നിലപാട്.ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രതികരിക്കാത്തതിൽ അൽഭുതവും ആശങ്കയുമുണ്ട്.ധാരണാപത്രം ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ധൃതി പിടിച്ച് ഒപ്പിട്ടത് ശരിയായ നടപടിയല്ല.'-എഐവൈഫ് പ്രതികരിച്ചു.
എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോയാൽ ശക്തമായ സമരം നടത്തും. ദേശീയ വിദ്യാഭ്യാസ നയത്തിൽ വർഗീയത ഒളിച്ചുകടത്തുന്നു. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കേണ്ടതില്ല എന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്മാറുന്നതുവരെ സമരമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ കേരളം ധാരണാപത്രത്തിൽ ഒപ്പുവച്ചതിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ അഭിനന്ദിച്ച് എബിവിപി.മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് എബിവിപി നേതാക്കൾ അഭിനന്ദനമറിയിച്ചത്.
എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി മന്ത്രിയെ അനുമോദിച്ചത്.വിദ്യാഭ്യാസ മേഖലയിലുള്ള മറ്റ് വിഷയങ്ങളില്‍ മന്ത്രിയുടെ ഇടപെടലും എബിവിപി ആവശ്യപ്പെട്ടു.
തങ്ങളുടെ സമരവിജയമാണിതെന്ന് എബിവിപി വ്യക്തമാക്കിയിരുന്നു. പിഎം ശ്രീ നടപ്പിലാക്കാത്തതിനെതിരെ നേരത്തെ സംഘടന സമരം നടത്തിയിരുന്നു.
Kerala
കൊച്ചി: വിദേശത്ത് നടക്കുന്ന സംഗീത പരിപാടികളില്‍ പങ്കെടുക്കാനായി ഇളവ് വേണമെന്നാവശ്യപ്പെട്ട് റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ ചിലത് ഒഴിവാക്കണമെന്നാണ് വേടന്റെ ആവശ്യം. ഇക്കാര്യത്തില്‍ ജസ്റ്റിസ് സി.പ്രതീപ് കുമാര്‍ സര്‍ക്കാരില്‍നിന്നു വിശദീകരണം തേടി.
ഈ മാസം 25ന് കൊളംബോ, നവംബര്‍ 11ന് ദുബായി, നവംബര്‍ 28ന് ഖത്തര്‍, ഡിസംബര്‍ 13ന് ഫ്രാന്‍സ്, ഡിസംബര്‍ 20ന് ജര്‍മനി എന്നിവിടങ്ങളിലാണ് തന്റെ സംഗീത പരിപാടികള്‍ എന്ന് ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ കോടതിയുടെ ഉത്തരവോടു കൂടി മാത്രമേ കേരളത്തിനു പുറത്തേക്കു പോകാന്‍ പാടുള്ളൂ എന്നാണ് ജാമ്യവ്യവസ്ഥയിലുള്ളത്. ഇതിനൊപ്പം എല്ലാ ഞായറാഴ്ചയും രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ഇത്തരത്തിലുള്ള വ്യവസ്ഥയിലൂടെ, സ്റ്റേജ് ഷോകള്‍ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. ഈ രണ്ടു വ്യവസ്ഥകളും റദ്ദാക്കിയാലും കേസിന്റെ അന്വേഷണത്തെ അത് ഒരു വിധത്തിലും ബാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
യുവതിക്ക് നല്കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പോലീസ്
റാപ്പര്‍ വേടനെതിരെ ലൈംഗികാതിക്രമ പരാതി നല്കിയ യുവതിക്ക് നല്കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് എടുത്ത കേസില്‍ മൊഴി നല്കാന് എറണാകുളം സെന്‍ട്രല്‍ പോലീസ് നല്കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
മൊഴി നല്കാന് നേരിട്ടെത്തുന്നത് തന്നെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ പുറത്ത് പോകാന്‍ ഇടയാക്കുമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആരോപണം. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിലവിലുണ്ടെന്നും നേരിട്ടെത്തി മൊഴി നല്‍കാനാവില്ലെന്നുമുള്ള പരാതിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. ജസ്റ്റീസ് സി. പ്രതീപ് കുമാര്‍ പോലിസിന്റെ വിശദീകരണം രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി.
2020 ഡിസംബറില്‍ ദളിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചപ്പോള്‍ ലൈംഗികാതിക്രമം കാണിച്ചെന്നായിരുന്നു യുവതി മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലുള്ളത്. ഈ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് വേടനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്.
വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു എന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ ജാമ്യത്തിലാണ് ഇയാള്‍.
Kerala
മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന പാഠ്യപദ്ധതിയാണ് ഇതെന്നും ആ സിസ്റ്റത്തിലേക്ക് മാറിയത് വളരെ ഗൗരവമുള്ള വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിഎം ശ്രീ നടപ്പിലാക്കില്ല. ഫണ്ടിന്റെ കാര്യം പറഞ്ഞുള്ള ഒപ്പിടൽ വിശ്വസനീയമല്ല. ചരിത്രം തിരുത്താനുള്ള ലോംഗ് ടൈം അജണ്ടയുമായിട്ടാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്.
ഗാന്ധി വധം തമസ്കരിക്കുന്നതടക്കം അതിന് ഉദാഹരണമാണ്. അത്തരം വീക്ഷണങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതാണ് എൻഇപി. അതുകൊണ്ടാണ് തമിഴ്നാടും മതേതര സർക്കാരുകളും പദ്ധതിയെ എതിർത്തത്. മറ്റു മതേതര സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
എന്താണ് ഈ തീരുമാനത്തിന്റെ പിറകിൽ എന്ന് അറിയില്ല. എൽഡിഎഫിന്റെ ഘടകകക്ഷികൾക്ക് പോലും അത് വ്യക്തമായിട്ടില്ല. സിപിഐ തീരുമാനങ്ങൾ എടുത്തു പറയട്ടെയെന്നും അതിനുശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സർക്കാരും പദ്ധതിയിൽ നേരെ പോയി ഒപ്പിട്ടിട്ടില്ലെന്നും ഫണ്ട് ബിജെപിയുടെ ഔദാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് ആക്രമിച്ച് ഭർത്താവ്. പത്തനംതിട്ട അടൂരിലാണ് സംഭവം.
ആക്രമണത്തിൽ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 22നാണ് യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത്. തുടർന്ന് ഭർത്താവിന്റെ അമ്മ യുവതിയെ കാണാതായി എന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെ കണ്ടെത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്താണ് ഭർത്താവ് ആക്രമിച്ചത്. വിദേശത്തായിരുന്ന ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലെത്തിയത്.
പോലീസ് സ്റ്റേഷനിൽ എത്തിച്ച യുവതിയെ പോലീസ് സംരക്ഷണത്തിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേയാണ് ആക്രമണം ഉണ്ടായത്. ഉടൻതന്നെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയും ഭർത്താവും പ്രണയിച്ച് വിവാഹിതരായവരാണ്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം ആണിതെന്നും ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ സര്‍വ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158.13 കോടി കേരളത്തിന് നഷ്ടമായി. ഒപ്പിട്ടതിനാൽ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സര്‍വ ശിക്ഷ പദ്ധതി പ്രകാരം കിട്ടുമെന്നും മന്ത്രി പറഞ്ഞു.
ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവൻസുകള്‍ എന്നിവയെ ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്‍ദത്തിന് വഴങ്ങാൻ സര്‍ക്കാര്‍ തയ്യാറാല്ല. ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ നിലപാടിൽ മാറ്റമില്ലെന്നും പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിന് ഇനിയും 8500 കോടി രൂപ കൂടി കിട്ടാനുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന് ഇടതു മുന്നണി എന്നും എതിരാണെന്നും ഗോവിന്ദൻ വ്യക്തമാക്ക. കേന്ദ്രം ഇതിന്റെ പേരിൽ സാമ്പത്തിക ഉപരോധമാണ് നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
"ഇടതുപക്ഷ നയം മുഴുവൻ നടപ്പാക്കുന്ന സർക്കാരല്ല ഇത്. അങ്ങനെ യാണോ നിങ്ങൾ കരുതുന്നത് ? പണം കിട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ല. കേന്ദ്രം സാമ്പത്തിക ഉപരോധമാണ് നടപ്പാക്കുന്നത്.എല്ലാ പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കും.'-ഗോവിന്ദൻ പറഞ്ഞു.