Letters
തെരുവുനായ്ക്കളുടെ പ്രശ്നം വർഷങ്ങളായി കേരളം ചർച്ച ചെയ്തിട്ടും നാട്ടുകാർക്ക് ഒരു പ്രയോജനവും ഉണ്ടായില്ല. നിയമങ്ങൾ ഇഴകീറി പരിശോധിക്കുന്ന ജഡ്ജിമാരും അധികാരികളും കാറിൽ സഞ്ചരിക്കുന്നത് കൊണ്ടാണോ ഈ പ്രശ്നം അവർ അഭിമുഖീകരിക്കാത്തത് എന്നറിയില്ല.
ആനപ്പുറത്ത് ഇരിക്കുന്നവരെ നായ കടിക്കില്ല എന്ന യാഥാർഥ്യം നമുക്ക് അറിയാമെങ്കിലും അങ്ങനെ ആ പ്രശ്നത്തെ ചെറുതാക്കി കാണാൻ ആവില്ലല്ലോ! എന്തുകൊണ്ടാണു മറ്റു സംസ്ഥാനങ്ങളിൽ തെരുവുനായ നിയമപ്രശ്നം ആകാത്തതും തെരുവുനായ്ക്കൾ അവിടെ പ്രശ്നമാകാത്തതും എന്ന് ആരെങ്കിലും ആലോചിക്കാറുണ്ടോ? പ്രബുദ്ധത കൂടിപ്പോയതും മറ്റുള്ളവർക്ക് ഏതുകാര്യത്തിനും ‘ഒരുപണി കൊടുക്കാം’ എന്ന ദുഷിച്ച ചിന്ത മനസിൽ ഒളിപ്പിച്ച വ്യവഹാരപ്രിയർ കൂടുതലുള്ള നാടായി കേരളം എന്നതുമാകാം കാരണം.
പൊതുജനത്തിന്റെ ന്യായമായ വികാരത്തിനെതിരേ നിൽക്കുന്നവരെ നിലയ്ക്കു നിർത്താൻ രാഷ്ട്രീയ, ജാതി, മതഭേദമന്യേ എല്ലാവരും ഒന്നിക്കുന്ന സംസ്ഥാനങ്ങളാണ് മറ്റുള്ളവ എന്നതാണു സത്യം. നായ്ക്കളെ ഇല്ലായ്മ ചെയ്യാൻ എടുക്കുന്ന ഏതു നടപടിയേയും പിന്തുണയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾ പ്രമേയം പാസാക്കുമ്പോൾ എതിർക്കുന്നവർ തങ്ങളുടെ ചെലവിൽ തെരുവുനായ്ക്കളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കണം.
നായ ഇറച്ചി കഴിക്കുന്ന രാജ്യങ്ങളിലേക്ക് അതു കയറ്റി അയച്ച് വിദേശനാണ്യം സമ്പാദിക്കാനും നിയമമുണ്ടാക്കിക്കൂടെ?
<b>- ആർ. രാധാകൃഷ്ണൻ പാലക്കാട്</b>
Letters
വിദ്യാലയവർഷം ആരംഭിക്കുന്നതിനു മുന്പായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുമരാമത്ത് വകുപ്പിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സന്പാദിക്കണം. എങ്കിൽ മാത്രമേ കുട്ടികളെ പ്രവേശിപ്പിച്ച് വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം ആരംഭിക്കാനാകൂ. അതുപോലെ ആളുകൾ താമസിക്കുന്നതും പൊതുജനങ്ങൾ ഒത്തുകൂടുന്നതുമായ സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള പൊതുസ്ഥാപനങ്ങളിലെ കെട്ടിടങ്ങൾക്ക് എല്ലാ സാന്പത്തിക വർഷാരംഭത്തിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സന്പാദിച്ചാൽ മാത്രമേ പ്രവർത്തനാനുമതി നൽകാവൂ.
ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളുടെ പൂർണമായ വിവരങ്ങൾ സ്ഥാപനമേധാവികൾ വകുപ്പ് മേധാവികളെ അറിയിച്ച് പൊളിക്കാനുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റണം. കെട്ടിടം നിർമിക്കാനുള്ള അനുമതി വാങ്ങി പൊതുജന പങ്കാളിത്തത്തോടെ പൂർത്തിയാക്കി സുരക്ഷയുള്ള കെട്ടിടങ്ങളാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ഇതിനാവശ്യമായ അവകാശവും അധികാരവും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും സ്ഥാപന മേധാവികൾക്കും ലഭ്യമാക്കണം.
മേലിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലോടെ പ്രവർത്തിക്കാം.
-റോയി വർഗീസ്ഇലവുങ്കൽ, മുണ്ടിയപ്പള്ളി
Letters
മലയാള ഭാഷയുടെ വ്യാപനത്തിനും പരിപോഷണത്തിനും വേണ്ടി 2015ൽ നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിന്, നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ അനുമതി നിഷേധിച്ചുവെന്ന വാർത്ത വലിയ നിരാശയുളവാക്കുന്നതാണ്.
കേരളം വലിയ പ്രതീക്ഷ വച്ചു പുലർത്തിയതായിരുന്നു മലയാള ഭാഷാ ബിൽ. ബിൽ നടപ്പായിരുന്നുവെങ്കിൽ മലയാള ഭാഷയുടെ സർവവ്യാപനം സാധ്യമാകുമായിരുന്നു.
ഭരണഭാഷ മലയാളമാക്കുക, മത്സരപരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിൽ കൂടിയാക്കുക, ജില്ലാ കോടതി വരെയുള്ള കോടതികളിലെ വ്യവഹാരഭാഷ മലയാളമാക്കുക, ബോർഡുകൾ മലയാളത്തിൽ കൂടിയാക്കുക തുടങ്ങി എല്ലാ രംഗത്തും മലയാളം ഉപയോഗിക്കുന്നതിനുള്ള ഒട്ടേറെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയതായിരുന്നു ബിൽ.
മലയാളത്തിന്റെ സർവവ്യാപനം നടപ്പാവുകതന്നെ വേണം. ബില്ലിന് അനുമതി നേടാനാകാതെ വന്ന സാഹചര്യത്തിൽ സാധ്യമായ മറ്റു മാർഗങ്ങൾ സർക്കാർ തേടണം.
മുരളീമോഹൻ മഞ്ചേരി, മലപ്പുറം
Letters
സർക്കാർ ഓഫീസ് പരിസരത്ത് അലഞ്ഞുനടക്കുന്ന നായ്ക്കളുടെ ആക്രമണം പലയിടത്തും ഉണ്ടാകുന്നുണ്ട്. ഏത് സർക്കാർ ഓഫീസിൽ പോയാലും നിരവധി നായ്ക്കൾ ഓഫീസുകളിലെ വരാന്തയിലും പരിസരത്തും ചുറ്റിത്തിരിഞ്ഞ് നടക്കുന്നത് കാണാം.
കോടതി വരാന്തകളിലും സർക്കാർ ആശുപത്രി വരാന്തകളും പരിസരങ്ങളും വിദ്യാഭ്യാസ ഓഫീസുകളുടെ പരിസരവുമെല്ലാം നായ്ക്കൾ താവളം ആക്കിയിരിക്കുകയാണ്. പലപ്പോഴും ജീവനക്കാരും കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ ഭാഗ്യംകൊണ്ടാണ് നായ്ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നത്. അടിയന്തരമായി സുരക്ഷാ ജീവനക്കാരെ സർക്കാർ ഓഫീസ് പരിസരത്ത് നിയോഗിക്കണം.
റോയി വർഗീസ്, ഇലവുങ്കൽ, മുണ്ടിയപ്പള്ളി