വെള്ളറട: വെള്ളറട പോലീസ് പരിധിയില്‍ രാത്രിയില്‍ മറ്റു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തിൽ പാറപ്പൊടി കയറ്റിയ ടാറസ് ലോറികള്‍ ചീറിപ്പായുന്നുവെന്ന് ആക്ഷേപം. മതിയായ രേഖകളില്ലാതെയും പാസില്ലാതെയും അമിതഭാരം കയറ്റിയുമാ ണ് വാഹനങ്ങളുടെ നെട്ടോട്ടം.
പാസ് ഇല്ലാതെ വരുന്ന വാഹനങ്ങളെ കടത്തിവിടുന്നതിനായി പ്രത്യേക ഏജന്‍സിയും വെള്ളറടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. സ്റ്റേഷനില്‍നിന്ന് പോലീസ് വാഹനം പുറത്തിറങ്ങുന്നതു നിരീക്ഷിക്കുന്നതിനായി വെള്ളറട ഓട്ടോ സ്റ്റാന്‍ഡിനു സമീപത്തും കൊല്ലക്കുടി കയറ്റം തുടങ്ങുന്ന ഭാഗത്തും- ടയര്‍ കടയ്ക്ക് സമീപത്തുമായിട്ടാണ് ഏജന്‍സികള്‍ നിലയുറപ്പിച്ചിട്ടുള്ളത്.
"ഇന്‍ഫര്‍മേഷന്‍' സംഘം പോലീസ് വാഹനം വരുന്നുണ്ടോ എന്നുള്ള വിവരം ഉടന്‍ തന്നെ അനധികൃതമായി പാസ് ഇല്ലാതെ പോകുന്ന ടാറസ് ലോറികളുടെ ഡ്രൈവര്‍മാര്‍ക്ക് കൈമാറുകയും അവരില്‍ നിന്നും ഫീസ് വാങ്ങുകയുമാണ് അവരുടെ രീതി. ഇവരെയെല്ലാം മറികടന്നാണു പോലീസ് ഇന്നലെ അനധികൃതമായി പാസ് ഇല്ലാതെ അമിത ലോഡ് കയറ്റിവന്ന മൂനനു ടോറസ് ലോറികളെ പിടികൂടി പിഴ ചുമത്തി വിട്ടയച്ചത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, എസ്ഐമാരായ ശശികുമാരന് നായര്‍, പ്രമോദ്, അനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാഹനങ്ങളെ പിടികൂടി പിഴചുമത്തി താക്കീത് ചെയ്ത് വിട്ടയച്ചു. വരും ദിവസങ്ങളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതകള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
Tags : fined nattuvishesham local news