പേരൂര്‍ക്കട: മോഷ്ടാക്കള്‍ കവര്‍ച്ച നടത്തി കൊണ്ടുകൊടുക്കുന്ന വാഹനങ്ങള്‍ പൊളിച്ചുവില്ക്കുന്നയാളെ തമ്പാനൂര്‍ സിഐ ജിജുകുമാര്‍, എസ്ഐ ബിനുമോഹന് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘം പൂന്തുറയില്‍ നിന്നു പിടികൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി മുനീര്‍ (30) ആണ് പിടിയിലായത്.
നഹാസ്, ഷമീര്‍, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി എന്നിവര്‍ ചേര്‍ന്നു നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നു മോഷ്ടിച്ചുകൊണ്ടു വരുന്ന വാഹനങ്ങളാണ് ഇയാള്‍ പൊളിച്ചുവില്‍ക്കുന്നത്. മൂവരും റിമാന്‍ഡില്‍ കഴിഞ്ഞുവരികയാണ്. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് പോലീസ് അന്വേഷണം മുനീറിലേക്ക് എത്തിയത്. മുനീര്‍ പൊളിച്ചുവില്‍ക്കുന്ന വാഹനങ്ങളില്‍ ബൈക്കുകളും സ്കൂട്ടറുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടുന്നു. മുനീറിന്റെ ഗോഡൗണില്‍ യാദൃശ്ചികമായി കണ്ടെത്തിയ പൊളിക്കാത്ത ഓട്ടോറിക്ഷ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്.
കടയ്ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും തോന്നുംപടിയാണ് വാഹനങ്ങള്‍ പൊളിക്കാന്‍ എടുത്തശേഷം മോഷ്ടാക്കള്‍ക്കു കൃത്യമായി പടി നല്‍കിയിരുന്നതെന്നും തമ്പാനൂര്‍ പോലീസ് പറഞ്ഞു. ഇയാള്‍ പൊളിച്ചുവിറ്റ വാഹനങ്ങള്‍ക്കും കൃത്യമായ കണക്കുകളില്ല. അറസ്റ്റിലായ മുനീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.