കരുവാരകുണ്ട്: കരുവാരകുണ്ട് പുൽവെട്ട ജിഎൽപി സ്കൂളിൽ നിർമിച്ച വർണക്കൂടാരം വിദ്യാർഥികൾക്ക് സമർപ്പിച്ചു. കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവിലാണ് സ്കൂളിൽ വർണക്കൂടാരം ഒരുക്കിയത്.
പ്രീ പ്രൈമറി വിദ്യാർഥികൾക്ക് മാനസികോല്ലാസം സമ്മാനിക്കുക, വിവിധ പഠന, പാഠ്യേതര പ്രവർത്തനങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വർണക്കൂടാരം സജ്ജമാക്കിയത്. ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും വൻ സ്വീകരണമാണ് സ്കൂൾ അധികൃതരും നാട്ടുകാരും നൽകിയത്. കരുവാരകുണ്ട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ ബാന്റ്വാദ്യ അകന്പടിയോടെയാണ് ഇവരെ സ്വീകരിച്ചത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ഷീന ജിൽസ്, ടി.കെ.ഉമ്മർ, ബ്ലോക്ക് അംഗം ഷൈലേഷ് പട്ടിക്കാടൻ, വാർഡ് അംഗം ഇ.കുഞ്ഞാണി, ഐ.ടി. സാജിത, ടി.പി. അറമുഖൻ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ സുരേഷ് കൊളശേരി തുടങ്ങിയവർ പങ്കെടുത്തു.
Tags : school nattuvishesham local news