25-10-2025
ഹിജാബിന്റെ പേരിൽ കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങൾ വിജയിക്കാത്തതിൽ ആശ്വസിക്കാം. യൂണിഫോം നിശ്ചയിക്കാനുള്ള അവകാശത്തിൽ ഉറച്ചുനിന്ന സെന്റ് റീത്താസ് സ്കൂളിന്റെ നിലപാടും പ്രശ്നം വഷളാക്കാൻ താത്പര്യമില്ലെന്ന വിദ്യാർഥിനിയുടെ പിതാവിന്റെ നിശ്ചയദാർഢ്യവും അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഹർജി തീർപ്പാക്കി.
സ്കൂൾ മാനേജ്മെന്റുകൾക്ക് വിദ്യാർഥികളുടെ യൂണിഫോം തീരുമാനിക്കാമെന്നു ഹിജാബ് വിഷയത്തിൽതന്നെ കോടതികൾ വിധിച്ചിട്ടുള്ളതാണ്. എന്നിട്ടും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ലംഘിച്ചെന്ന സ്ഥാപിതതാത്പര്യക്കാരുടെ ദുർവ്യാഖ്യാനങ്ങൾ പലരും അറിഞ്ഞോ അറിയാതെയോ ഏറ്റെടുത്തു. ഭാവിയിലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളെ മത-രാഷ്ട്രീയ മുതലെടുപ്പിന്റെ വേദിയാക്കരുത്.
ഹിജാബ് വിഷയത്തിൽ മുൻ കോടതിവിധികളെ കണക്കിലെടുത്തും മതേതരത്വത്തെയും മതസൗഹാർദത്തെയും ഓർമിപ്പിച്ചുമുള്ള ഹൈക്കോടതിവിധി എല്ലാ സ്ഥാപിതതാത്പര്യങ്ങളെയും നിഷ്പ്രഭമാക്കുന്നതായി. “ഹിജാബ് വിഷയത്തിൽ കോടതി വാദം കേട്ടു. വിദ്യാര്ഥിനിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാന് തീരുമാനിച്ചെന്നു രക്ഷിതാക്കള് അറിയിച്ചതിനാൽ ഹർജിയിലെ വിഷയങ്ങളിലേക്ക് കടക്കേണ്ടതില്ല. വിഷയം വഷളാക്കരുതെന്നാണ് താത്പര്യമെന്നു സർക്കാരും പറഞ്ഞിരിക്കുന്നു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ സാഹോദര്യം ശക്തമായി നിലനില്ക്കുന്നുവെന്നതും ഈ കോടതി ശ്രദ്ധിക്കുന്നു. ഇതോടെ ഹർജിയിലെ നടപടികള് അവസാനിപ്പിക്കുകയാണ്”.
ബന്ധപ്പെട്ടവർക്കെല്ലാം തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ കോടതിയിൽ അവസരം ലഭിച്ചു. തീവ്രവാദ സംഘടനകളാണ് വിഷയം ആളിക്കത്തിച്ചതെന്നും അത്തരം ആളുകൾക്കൊപ്പമാണ് രക്ഷിതാവ് സ്കൂളിലെത്തിയതെന്നും വാദിച്ച സ്കൂൾ, ഇത്തരം ഇടപെടലുകൾക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ ആണ് നേതൃത്വം നൽകിയതെന്നും വ്യക്തമാക്കി.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രമ്യമായി പരിഹരിച്ച വിഷയം വിദ്യാഭ്യാസമന്ത്രി വഷളാക്കിയെന്നും സെന്റ് റീത്താസ് സ്കൂളിനുവേണ്ടി ഹാജരായ വക്കീൽ ആരോപിച്ചു. “പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി. രാഷ്ട്രീയ ഇടപെടലുണ്ടായി. മന്ത്രിയുടെ ഓഫീസിൽനിന്നുപോലും വിദ്യാർഥിനിയുടെ പിതാവിനെ ഫോൺ വിളിച്ചു. രക്ഷിതാവിന്റെ ഫോൺകോളുകൾ പരിശോധിക്കണം. പല രാജ്യങ്ങളിലും ഹിജാബ് നിരോധിച്ചതാണ്”. വക്കീൽ ചൂണ്ടിക്കാട്ടി.
ലത്തീൻ കത്തോലിക്കാ മാനേജ്മെന്റ് രാജ്യത്ത് നിരവധി സ്കൂളുകൾ നടത്തുന്നുണ്ടെങ്കിലും ഇവിടെ മാത്രമാണ് പ്രശ്നമെന്നു വിദ്യാർഥിനിയുടെ അഭിഭാഷകനും പറഞ്ഞു. മകളുടെ ഭാവിയും തുടർപഠനവും ഉദ്ദേശിച്ചും സംഘർഷ സാധ്യതകൾ ഒഴിവാക്കാനും മറ്റൊരു സ്കൂളിലേക്കു മാറ്റാനാണു തീരുമാനമെന്ന വിദ്യാർഥിനിയുടെ പിതാവിന്റെ നിലപാട് പ്രശ്നപരിഹാരത്തെ ത്വരിതപ്പെടുത്തി.
കത്തോലിക്കാ സ്കൂളിൽ പഠിച്ച തനിക്ക് അവരുടെ പ്രവർത്തനരീതിയും സിസ്റ്റേഴ്സിനെയും അറിയാമെന്നും ജഡ്ജി വ്യക്തമാക്കി. സ്കൂളിന്റെ നൈയാമിക അവകാശങ്ങളിൽ ഉറച്ചുനിന്നതിന്റെ പേരിൽ മതമൗലികവാദികളിൽനിന്നും വിഷയത്തിൽ അജ്ഞരായ വികാരജീവികളിൽനിന്നും അപമാനം സഹിക്കേണ്ടിവന്ന സ്കൂൾ മാനേജ്മെന്റിനും പ്രിൻസിപ്പലിനും ആശ്വാസവും ആത്മവിശ്വാസവും പകരുന്നതായി ജഡ്ജിയുടെ നിരീക്ഷണവും വിധിയും.
ലോകോത്തരമായ ഒരു ജനാധിപത്യ-മതേതര ഭരണഘടന നമുക്കുണ്ട്. വിവാദങ്ങളോ തർക്കങ്ങളോ ഉണ്ടാകുന്പോൾ അതിനെ വ്യാഖ്യാനിക്കാൻ കോടതികളുമുണ്ട്. വിദ്യാർഥികളുടെ യൂണിഫോമിനെക്കുറിച്ചു പറയുന്പോൾ, കന്യാസ്ത്രീക്ക് തലമുണ്ട് ധരിക്കാമെങ്കിൽ വിദ്യാർഥിനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നൊക്കെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന താരതമ്യങ്ങൾ ഉയർന്നിരുന്നു.
അധ്യാപകർക്കും യൂണിഫോം നിർബന്ധിതമാക്കുകയും എല്ലാ മതങ്ങളുടെയും അടിസ്ഥാന ശൈലികൾ അനുവദിക്കുന്ന എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ് നിരോധിക്കുകയും ചെയ്യുന്ന കാലത്ത് നമുക്ക് അതു ചർച്ച ചെയ്യാവുന്നതാണ്. ഹിജാബിൽ വരാനിരിക്കുന്ന സുപ്രീംകോടതിവിധിയും നാം അംഗീകരിക്കും.
ഹിജാബ് സംഭവം, സ്ത്രീകൾ പുരുഷന്മാർക്കൊപ്പമോ അതിലേറെയോ നേട്ടങ്ങൾ കൈവരിക്കുന്ന പരിഷ്കൃതകാലത്ത് ആത്മപരിശോധനകൾക്കും വഴിതെളിക്കണം. മെഹ്സ അമിനിയെന്ന യുവതിയെ, ഹിജാബിനു പുറത്ത് മുടി കണ്ടെന്നു പറഞ്ഞ് തടവിലിട്ടു കൊല്ലുകയും അതിന്റെ പേരിൽ സമരത്തിനിറങ്ങിയ നൂറുകണക്കിനു പെൺകുട്ടികളെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്ത ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയ്യുടെ മുതിര്ന്ന ഉപദേഷ്ടാവായ അലി ഷംഖാനിയുടെ മകള് പശ്ചാത്യശൈലിയിലുള്ള സ്ട്രാപ്പ്ലെസ് വിവാഹ വേഷത്തിൽ നിൽക്കുന്ന ഫോട്ടോയും വാർത്തയും പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
ഇവിടെ ഹിജാബ് വിവാദം നടന്നുകൊണ്ടിരിക്കുന്പോൾതന്നെ. പുരുഷന്മാർക്കൊപ്പം വിദ്യാർഥിനിയെ ഒരു വേദിയിൽ കയറാൻ അനുവദിക്കാത്ത, ആൺകുട്ടികളെപ്പോലെ സൗകര്യപ്രദമായ പാന്റ്സ് ധരിക്കാൻ അനുവദിക്കാത്ത, അധ്യാപകരുടെ മേൽനോട്ടത്തിൽപോലും ഒരു കായികനൃത്തത്തിന് അനുവദിക്കാത്ത... പുരുഷാധിപത്യം, സ്കൂൾ കുട്ടികളെ ഹിജാബ് ധരിപ്പിച്ചില്ലെങ്കിൽ ഭരണഘടനാ ലംഘനമാണെന്നു തർക്കിക്കുന്നതിൽ അതിശയമില്ല. അതാണ് അവരുടെ മതവീക്ഷണം. പക്ഷേ, വിചിത്രമെന്നു പറയട്ടെ, ആദ്യം പറഞ്ഞ മൂന്നു സംഭവങ്ങളിലും വായ തുറക്കാത്തവരും ഹിജാബ് വിഷയത്തിൽ ധാർമികരോഷം കൊണ്ടു. എന്തു സ്ത്രീ-പുരുഷ തുല്യതയും നവോത്ഥാനവുമാണ് ഇവരൊക്കെ കൊണ്ടുവരാനിരിക്കുന്നത്!
ഇനിയെങ്കിലും ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നവർ സ്കൂളുകളിലെ യൂണിഫോം കോഡ് അറിഞ്ഞതിനുശേഷം മാത്രം ചേരുക. ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നവരാകണമെന്നില്ല എല്ലാവരും. അത്തരം ചിലരും സെന്റ് റീത്താസിൽ ചേർന്നിട്ടുണ്ടാകാം. അവർക്കും അവസരമുണ്ടാകട്ടെ. ഈ സ്കൂളിലെ പ്രിൻസിപ്പൽ നാളെ സഭയുടെ കീഴിലുള്ള മറ്റൊരു സ്കൂളിലെത്തുന്പോൾ, ഹിജാബ് അനുവദനീയമാണെങ്കിൽ, അവിടത്തെ യൂണിഫോം നിബന്ധനകൾക്കുവേണ്ടി നിലകൊള്ളും. എല്ലാവരെയും ചേർത്തുനിർത്താൻ ഒരു മടിയും കാണിച്ചിട്ടില്ലാത്ത സഭാസ്ഥാപനങ്ങളുടെ അത്തരം അച്ചടക്ക നടപടികൾ വിദ്യാഭ്യാസ നിലവാരത്തെ ഉയർത്തിയിട്ടേയുള്ളൂ. അച്ചടക്കം സ്നേഹ-സാഹോദര്യങ്ങൾക്കു വിരുദ്ധമാണെന്നു പ്രചരിപ്പിക്കുന്നവർക്കു ലക്ഷ്യം വേറെയാണ്.
മതനിന്ദയ്ക്കും സൈബർ ആക്രമണങ്ങൾക്കും വ്യക്തിഹത്യക്കും ഇരയായിട്ടും നിലപാടിൽ ഉറച്ചുനിന്ന കന്യാസ്ത്രീയായ പ്രിൻസിപ്പലും മതസംഘടനയുടെയോ രാഷ്ട്രീയക്കാരുടെയോ സ്ഥാപിതതാത്പര്യത്തിനു വഴങ്ങാതെ പൊതുനന്മയ്ക്കായി നിലകൊണ്ട വിദ്യാർഥിനിയുടെ പിതാവും അഭിനന്ദനം അർഹിക്കുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത ആ വിദ്യാർഥിനി ആത്മവിശ്വാസത്തോടെ വിജയത്തിന്റെ പുതിയ പടവുകൾ കയറട്ടെ. വെള്ളം കലക്കിയവരും അതിൽ മീൻ പിടിക്കാനിറങ്ങിയവരും സ്ഥലം വിടട്ടെ.
24-10-2025
പൊതുസമൂഹത്തിനും ക്രൈസ്തവർക്കു പ്രത്യേകിച്ചും നിഷേധിക്കപ്പെട്ട അടിസ്ഥാന അവകാശങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞും ആ നിഷേധാത്മക രാഷ്ട്രീയത്തെ വിചാരണ ചെയ്തും കടന്നുപോയ ഒരു യാത്ര ഇന്നു സമാപിക്കുകയാണ്. കാസർഗോഡുനിന്ന് കത്തോലിക്ക കോൺഗ്രസ് (എകെസിസി) തുടങ്ങിയ 12 ദിവസത്തെ അവകാശസംരക്ഷണ യാത്ര ഇന്നു തിരുവനന്തപുരത്ത് എത്തുന്പോൾ, എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാത്ത രാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനമായി അതു മാറും.
ഭരണകൂടങ്ങൾ വന്യജീവികളേക്കാൾ വിലകെട്ടവരായി കണ്ട കർഷകരുടെയും, ഭരണകൂട പിന്തുണയുള്ള വർഗീയ-തീവ്രവാദ സംഘടനകളാൽ പീഡിതരായ ന്യൂനപക്ഷങ്ങളുടെയും, ഭരണകൂട പക്ഷപാതിത്വം അനുഭവിക്കുന്ന പരിവർത്തിത ക്രൈസ്തവരുടെയും ശബ്ദമാകാൻ എകെസിസി നടത്തിയ ശ്രമം അനിവാര്യമായൊരു രാഷ്ട്രീയ നവോത്ഥാനത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. മാറ്റം അനിവാര്യമാണ്.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ നയിക്കുന്ന യാത്രയുടെ ലക്ഷ്യങ്ങൾ ഈ രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കുമുള്ള അടിസ്ഥാന ആവശ്യങ്ങളാണ്. ബിജെപി സർക്കാരുകൾ കൊണ്ടുവന്ന ഭരണഘടനാവിരുദ്ധമായ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കുക, ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വര്ഗീയ സംഘടനകളെ നിലയ്ക്കു നിർത്തുക, രാജ്യപുരോഗതിയുടെ ചാലകശക്തിയായിരുന്ന ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേ ഉത്തരേന്ത്യയിൽ നടക്കുന്ന വർഗീയ ആക്രമണങ്ങളും കേരളത്തിലുൾപ്പെടെ നടക്കുന്ന തീവ്രവാദ അജണ്ടകളും തടയുക,
പാഠപുസ്തകങ്ങളിലെ ക്രൈസ്തവവിരുദ്ധ അപനിർമിതികൾ തിരുത്തുക, 80:20 അനുപാതത്തിലുള്ള സ്കോളർഷിപ്പിനെതിരേയുള്ള ഹൈക്കോടതി വിധി അട്ടിമറിക്കാൻ സംസ്ഥാനം സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ച് നീതി ഉറപ്പാക്കുക, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കുക, ദളിത് സംവരണം പരിവർത്തിത ക്രൈസ്തവർക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഈ രാജ്യത്തിന്റെ മതേതര ഘടനയ്ക്കു സംഭവിച്ച പരിക്കുകൾ ചൂണ്ടിക്കാണിക്കുന്നതാണ്.
കർഷകരും അധ്യാപകരും ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന്റെയും, മലയോരങ്ങളിലെയും വിഴിഞ്ഞത്തെയും മുനന്പത്തെയും മനുഷ്യരുടെയും നഷ്ടജീവിതവും യാത്രയിൽ ഉയർത്തിക്കാട്ടി. മനുഷ്യവിരുദ്ധമായി മാറിക്കഴിഞ്ഞ വനം-വന്യജീവി നിയമങ്ങൾ തിരുത്തുക, തെരുവുനായശല്യം പരിഹരിക്കുക, പട്ടയമടക്കം മതിയായ രേഖകളുള്ള ഭൂമിപോലും പിടിച്ചെടുക്കാൻ വനംവകുപ്പിന് അനുമതി നൽകുന്ന ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ട് ഭേദഗതി നിയമം പിൻവലിക്കുക, തകർന്നടിഞ്ഞ കാർഷികമേഖലയെ രക്ഷിക്കുക, പ്രകടനപത്രികയിൽ ഉറപ്പുനൽകിയ താങ്ങുവില റബറിനു നൽകുക, കർഷകരെ പാപ്പരാക്കിയ നെല്ലുസംഭരണശൈലി പരിഷ്കരിക്കുക, വനംവകുപ്പിന്റെ കുടിയിറക്കു കുതന്ത്രങ്ങൾ അവസാനിപ്പിക്കുക,
കർഷക കുടിയേറ്റത്തിന്റെ ചരിത്രവും നേട്ടങ്ങളും പഠിപ്പിക്കുക, ഭിന്നശേഷി സംവരണത്തിന്റെ മറവിൽ സംസ്ഥാനം ഇല്ലാതാക്കിയ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുക, വനാതിർത്തികളിലെ ബഫർസോൺ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഹരിക്കുക, ഇഡബ്ല്യുഎസ് സംവരണത്തിന്റെ സാന്പത്തിക മാനദണ്ഡങ്ങൾ ഒബിസിയുടേതിനു തുല്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇനി അവഗണിക്കാനാകില്ല. ഇതിൽ ഒരാവശ്യമെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയ്ക്കോ പുരോഗതിക്കോ വിലങ്ങുതടിയാണെങ്കിൽ പറയണം.
കത്തോലിക്ക കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ ക്രൈസ്തവർ ഉൾപ്പെടെയുള്ള വോട്ടർമാരുടെ അടിസ്ഥാന ആവശ്യങ്ങൾപോലും അവഗണിച്ച രാഷ്ട്രീയക്കാർക്കുള്ള കുറ്റപത്രമായി മാറിയെങ്കിൽ തിരുത്തിയേ തീരൂ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത സംഘടന പ്രക്ഷോഭതുല്യമായൊരു യാത്രയ്ക്കിറങ്ങിയത് നീതിക്കുവേണ്ടി മാത്രമാണ്; അധികാരത്തിന്റെ ബധിരകർണങ്ങളിലേക്കു ചിലതൊക്കെ ഉറക്കെ പറയാനാണ്. പാവപ്പെട്ട കർഷകരും ദരിദ്രരും വന്യജീവി ഇരകളുമൊക്കെ വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന അതേ കാര്യങ്ങളാണിതെല്ലാം. എന്നിട്ടും പ്രകടനപത്രികകളെയും വാഗ്ദത്ത പ്രസംഗങ്ങളെയുമൊക്കെ മുന്നണികൾ വഞ്ചനയുടെ ചരിത്രരേഖകളായി മാറ്റുകയാണ്.
ക്രൈസ്തവരുടെ ആവശ്യങ്ങൾ തങ്ങളുടേതല്ല എന്നു കരുതുന്ന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടേതാണ് എന്നു കരുതേണ്ട ആവശ്യം ക്രൈസ്തവർക്കുമില്ല. എല്ലാവരെയും ചേർത്തുനിർത്തുന്ന, വർഗീയ-തീവ്രവാദ മുഖംമൂടികളില്ലാത്ത, കർഷകവിരുദ്ധമല്ലാത്ത സർക്കാരുകൾ അസാധ്യമല്ല. അതിനു തടസമാകുന്ന രാഷ്ട്രീയം തിരുത്തണം. എകെസിസി ഉന്നയിച്ച നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. തങ്ങൾക്കു വേണ്ടി അധികാരം പിടിക്കണമെന്ന് ഒരു മുന്നണിയോടും കത്തോലിക്ക കോൺഗ്രസ് ഉത്തരവിട്ടതായി കേട്ടിട്ടില്ല. പക്ഷേ, അധികാരം തങ്ങളെ ചവിട്ടിത്തേയ്ക്കാനാണെങ്കിൽ കീഴടങ്ങില്ലെന്ന ശബ്ദം കാസർഗോഡ് മുതൽ കേൾക്കുന്നുണ്ട്. സീസറിനുള്ളതു കൊടുത്തിട്ടും നീതി കിട്ടാത്തവരുടെ ശബ്ദം!
22-10-2025
സർക്കാർ ജീവനക്കാർ ചവിട്ടിപ്പിടിച്ച കൃഷ്ണസ്വാമി എന്ന കർഷകന്റെ ഫയലും നിശ്ചലമായി. ഓരോ ഫയലും ഒരോ ജീവിതമാണെന്ന് ഉപദേശിച്ചവർ കാണുന്നുണ്ടോ?
ഒരു തണ്ടപ്പേർ മാറ്റിക്കിട്ടാൻ ആറു മാസം വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ടാണ് കൃഷ്ണസ്വാമി കയറെടുത്തത്. അല്ലെങ്കിൽ അദ്ദേഹം ജീവനൊടുക്കില്ലായിരുന്നെന്നു ഭാര്യ പറയുന്നു. അതു വസ്തുതാപരമാണെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കു കേസെടുക്കുകയും ജോലിയിൽനിന്നു പിരിച്ചുവിടുകയും വേണം. പക്ഷേ, സാധ്യതയില്ല.
ഓരോ ഫയലും ഒരോ ജീവിതമാണെന്ന് ഉപദേശിച്ചവർ കാണുന്നുണ്ടോ ജീവനക്കാർ ചവിട്ടിപ്പിടിച്ച ഒരു ഫയൽകൂടി നിശ്ചലമായത്? ജനങ്ങളുടെ ചോരയൂറ്റിക്കുടിക്കുന്ന ഈ ദുഷ്പ്രഭുക്കളെ ഒതുക്കാൻ ശേഷിയുള്ള ഭരണാധികാരികൾക്കായി ഇനിയെത്ര കാലം കാത്തിരിക്കണം!
അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയെ ആണ് തിങ്കളാഴ്ച രാവിലെ കൃഷിസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ഏക്കർ കൃഷിഭൂമിയുള്ള കർഷകനാണ് കൃഷ്ണസ്വാമി. ഇദ്ദേഹത്തിന്റെ ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലായിരുന്നു. ഇതു മാറ്റിക്കിട്ടാൻ ആറുമാസമായി വില്ലേജ് ഓഫീസിലും റവന്യു ഉദ്യോഗസ്ഥരെ നേരിൽ കണ്ടും പരാതി ബോധിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് കുടുംബം പറഞ്ഞത്.
എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണമാണു തണ്ടപ്പേരിൽ വ്യത്യാസം വന്നതെന്നും അതു പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടായിരുന്നുവെന്നുമാണ് റവന്യു വകുപ്പിന്റെ ന്യായീകരണം. ഇത്തരം കേസുകളിൽ പതിവായി കേൾക്കുന്ന വാക്കാണ് സാങ്കേതിക പ്രശ്നം. ആറു മാസംകൊണ്ടും തീർക്കാനാകാത്ത ആ സാങ്കേതിക പ്രശ്നം എന്താണെന്ന് അറിയാൻ ജനത്തിനു താത്പര്യമുണ്ട്. ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന്റെ നിജസ്ഥിതി അന്വേഷിക്കുകയും വേണം.
തണ്ടപ്പേർ പകർപ്പ് കൊടുക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മാനന്തനാടി പയ്യന്പള്ളി വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടിയത്. തണ്ടപ്പേർ പകർപ്പ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെത്തന്നെ പാലക്കാട് വാണിയംകുളം-1 വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിലായത് കഴിഞ്ഞ ജൂണിലാണ്. ഏപ്രിലിലാണ് കൈക്കൂലി വാങ്ങവെ പത്തനംതിട്ട കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ അറസ്റ്റിലായത്. വളരെ ചുരുക്കം ആളുകളാണ് സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ കൈക്കൂലിക്കേസിൽ പരാതി കൊടുക്കുന്നത്. 99 ശതമാനത്തിലധികവും പണം കൊടുത്ത് എങ്ങനെയെങ്കിലും കാര്യം സാധിക്കട്ടെയെന്നു തീരുമാനിക്കുകയാണ്.
പതിറ്റാണ്ടുകളായി മാറിമാറി വരുന്ന സർക്കാരുകൾ, ഭരണം സുതാര്യമാക്കുമെന്നും അഴിമതി തുടച്ചുനീക്കുമെന്നും വീന്പിളക്കുന്നതല്ലാതെ ഒരു ചുക്കും സംഭവിക്കുന്നില്ല. ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നു ശന്പളം വാങ്ങുന്നതിൽ വലിയൊരു വിഭാഗം അതേ ജനങ്ങളുടെ അവകാശങ്ങൾ നടത്തിക്കൊടുക്കാൻ കൈക്കൂലിയും വാങ്ങുന്നു. അഴിമതിക്കാരായ ഭരണകർത്താക്കൾക്ക് ഇതു നിയന്ത്രിക്കുന്നതിനു പരിമിതിയുണ്ട്. ജീവനക്കാരുടെ സംഘടനകളും തങ്ങളുടെ അഴിമതിക്കാരെ തൊടില്ല. പ്രസംഗവും അഴിമതിയും സമാന്തരമായി മുന്നേറുന്നതിനാൽ കൈക്കൂലി കൊടുത്താലേ കാര്യം നടക്കൂയെന്നതു നാട്ടുനടപ്പായി. വിരലിലെണ്ണാവുന്നവർ പിടിയിലായാലും ചെറിയൊരു സസ്പെൻഷന്റെ, ശന്പളത്തോടുകൂടിയ അവധി ആസ്വദിക്കുകയാണ്.
കൈക്കൂലിപോലെ മറ്റൊരു അഴിമതിയാണ് സർക്കാർ ഓഫീസുകളിലെ അലസത. 10 മിനിറ്റുകൊണ്ട് ചെയ്തുകൊടുക്കാവുന്ന ജോലികളും അവധിക്കു വച്ച് ജനത്തെ നരകിപ്പിക്കുന്നതു പതിവായി. ആവശ്യത്തിനും അനാവശ്യത്തിനും കോടതികൾ കേസ് അവധിക്കു വയ്ക്കുന്നതുപോലെയാണ് സർക്കാർ ഓഫീസുകളിലെയും സ്ഥിതി. കൈക്കൂലി, ഓഫീസിൽനിന്ന് മുങ്ങൽ, ജോലി വൈകിക്കൽ, ധാർഷ്ട്യം ഉൾപ്പെടെയുള്ള എല്ലാ അഴിമതികളെയും ഒളിപ്പിച്ചിരിക്കുന്ന കോട്ടകൾ തകർക്കേണ്ട കാലം കഴിഞ്ഞു. ഇത് അസാധ്യമല്ല, പക്ഷേ, അഴിമതിരഹിതരായ, ഇച്ഛാശക്തിയുള്ള ഭരണകർത്താക്കൾ ഉണ്ടാകണം.
ശിക്ഷിക്കപ്പെടുന്നവരെ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് തരംതാഴ്ത്തുകയോ ജോലിയിൽനിന്നു പിരിച്ചുവിടുകയോ ചെയ്യണം. ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ ജീവനക്കാരുടെ സംഘടനകളെ അനുവദിക്കരുത്. ജീവനക്കാർ കൈക്കൂലിക്കേസിൽ പിടിയിലാകുന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്നതുപോലെ അവർക്കെതിരേ സ്വീകരിച്ച നടപടികളും ജനങ്ങൾ അറിയേണ്ടതാണ്. ഓൺലൈൻ, ഡിജിറ്റൽ സാധ്യതകൾ ഇത്ര വിപുലമായ കാലത്ത് ജീവനക്കാരന്റെ മുന്നിൽ ജനം കുന്പിട്ടു നിൽക്കുന്ന സ്ഥിതി അപമാനകരമാണ്.
കൃഷ്ണസ്വാമിയില്ലാത്ത കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആധിയോ, എല്ലുമുറിയെ പണിതാലും പ്രത്യേക അവകാശങ്ങളൊന്നുമില്ലാത്ത കർഷകരുടെ ക്ലേശങ്ങളോ ചില്ലുമേടയിലിരിക്കുന്ന ജീവനക്കാർക്കു മനസിലാകില്ല. ഈ കേസിൽ ഉത്തരവാദികളുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ, നാളെ മറ്റൊരാൾ മറ്റൊരു പേരിൽ കൃഷ്ണസ്വാമിയുടെ വഴിയേ പോകും.
21-10-2025
രാജ്യത്ത് 5.34 കോടി കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. കാരണങ്ങൾ അറിയാമെങ്കിലും, പരിഹാരം സർക്കാരും കോടതിയും ചേർന്ന് അവധിക്കു വച്ചിരിക്കുകയാണ്.
ഇതല്ലേ യാഥാർഥ്യം? ഒരു പകലത്രയും കോടതിവരാന്തയിൽ ഇരിക്കാനൊരിടമില്ലാതെ കാതു കൂർപ്പിച്ചു നിൽക്കുന്ന സ്ത്രീകളും വൃദ്ധരും രോഗികളും ഉൾപ്പെടെയുള്ള കക്ഷികളിൽ ഏറെ പേർക്കും ആകെ അറിയാനുള്ളത്, കേസിന്റെ അടുത്ത അവധി എന്നായിരിക്കുമെന്നു മാത്രമാണ്.
അഭയാർഥികളെപ്പോലെ നിൽക്കാനുള്ള അടുത്ത തീയതിയും കുറിച്ച് വീട്ടിലെത്തുന്പോൾ നഷ്ടമാകുന്നത് ഒരു ദിവസം മാത്രമല്ല, നീതിയെക്കുറിച്ചുള്ള ജനാധിപത്യ പ്രതീക്ഷകളുമാണ്. ജില്ലാ കോടതികളിൽ 8,82,578 സിവിൽ കേസുകളിലെ ഹർജികൾ തീർപ്പാകാതെ കിടക്കുന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു.
സെപ്റ്റംബർ 25ലെ മറ്റൊരു കണക്കനുസരിച്ച്, രാജ്യത്ത് 5.34 കോടി കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. കാരണങ്ങൾ അറിയാമെങ്കിലും, പരിഹാരം സർക്കാരും കോടതിയും ചേർന്ന് അവധിക്കു വച്ചിരിക്കുകയാണ്.
ഹർജികൾ ആറു മാസത്തിനകം തീർപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹൈക്കോടതികൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിരിക്കേയാണ് കേസുകൾ വൈകുന്നത്. ഹൈക്കോടതികളിൽനിന്ന് ലഭിക്കുന്ന കണക്കുകൾ നിരാശപ്പെടുത്തിയെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാലയും പങ്കജ് മിത്തലും അടങ്ങിയ ബെഞ്ച് കഴിഞ്ഞദിവസത്തെ ഉത്തരവിൽ നിരീക്ഷിച്ചു.
നേരത്തേ ഒരു കേസിൽ 2025 മാർച്ച് ആറിന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയോ എന്ന കാര്യം പരിശോധിക്കുകയായിരുന്നു സുപ്രീംകോടതി. ഏറ്റവും കൂടുതൽ ഹർജികൾ തീർപ്പാകാതെ കിടക്കുന്നത് ബോംബെ ഹൈക്കോടതിയിലാണ് - 3.41 ലക്ഷം ഹർജികൾ. മദ്രാസ് ഹൈക്കോടതിക്കു കീഴിൽ 86,148 ഹർജികളും കേരളത്തിൽ 82,997 ഹർജികളുമാണ് തീർപ്പുകൽപ്പിക്കാൻ കാത്തുകിടക്കുന്നത്.
കഴിഞ്ഞ ആറു മാസത്തിൽ 3,38,685 ഹർജികൾ തീർപ്പാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും തീർപ്പാകാതെ കിടക്കുന്ന ഹർജികളുടെ എണ്ണം അതിന്റെ ഇരട്ടിയിലധികമാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കർണാടക ഹൈക്കോടതി കണക്കുപോലും കൊടുത്തിട്ടില്ല. നിലവിൽ രാജ്യത്ത് തീർപ്പാകാതെ കിടക്കുന്ന കേസുകൾ നാഷണൽ ജുഡീഷൽ ഡേറ്റാ ഗ്രിഡിന്റെ കണക്കിലുണ്ട്. 5.34 കോടി കേസുകൾ! ജില്ലാക്കോടതി വരെയുള്ള കീഴ്ക്കോടതികളിലാണ് 4.7 കോടി കേസുകളും. ഹൈക്കോടതികളിലുള്ളത് 63.8 ലക്ഷം. സുപ്രീംകോടതിയിൽ 88,251 കേസുകളുണ്ട്.
കേരള ഹൈക്കോടതിയിൽ മാത്രം വിധി കാത്തിരിക്കുന്നത് രണ്ടര ലക്ഷത്തോളം കേസുകളാണ്. ഇതിൽ പത്തുമുതൽ മുപ്പതു വർഷം വരെ പഴക്കമുള്ള കേസുകളുണ്ട്. ജില്ലാ കോടതികളിലും കീഴ്കോടതികളിലും തീർപ്പാകാതെ കിടക്കുന്നത് 18.05 ലക്ഷം കേസുകളാണ്. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭാവം, കുറ്റവാളികളുടെ മുങ്ങൽ, സാക്ഷികളില്ലാത്തത്, വിവിധ കോടതികളിലെ സ്റ്റേകൾ, രേഖകളുടെ അഭാവം, തുടർച്ചയായ അപ്പീലുകൾ തുടങ്ങിയവയാണ് കാരണങ്ങൾ.
നിസാര കാരണത്തിനുപോലും കേസുകൾ മാറ്റിവയ്ക്കുന്നത് പലപ്പോഴും നിർവികാരമായൊരു ഉദ്യോഗസ്ഥ മനോഭാവമായി മാറി. സുപ്രീംകോടതി ഇതിനെതിരേ നൽകിയിട്ടുള്ള നിർദേശങ്ങൾക്കു വലിയ വിലയൊന്നും കീഴ്കോടതികളിൽ ലഭിച്ചിട്ടില്ല. ജഡ്ജിമാരുടെ ഒഴിവുകൾ സമയബന്ധിതമായി നികത്തപ്പെടാത്തത് വലിയ പ്രതിസന്ധിയാണ്. അതേസമയം, ഏറെ ചർച്ച ചെയ്യപ്പെടാത്ത കാര്യമാണ് കോടതികളുടെ അവധിദിനങ്ങൾ. ഇത്രയേറെ കേസുകൾ കെട്ടിക്കിടക്കുന്പോഴും മധ്യവേനൽ അവധിയുൾപ്പെടെ കോടതികളുടെ പ്രവൃത്തിദിനങ്ങൾ ഏകദേശം 200 മുതൽ 250 വരെ മാത്രമാണ്.
ഇപ്പോൾ മധ്യവേനലവധിയുടെ പേര് ‘ഭാഗിക പ്രവൃത്തിദിനങ്ങൾ’ എന്നാണ്. മുതിർന്ന ജഡ്ജിമാർ ഈ സമയത്ത് വാദം കേൾക്കുന്നതു പതിവില്ലെങ്കിലും ചരിത്രത്തിൽ ആദ്യമായി ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അവധിക്കാല ബെഞ്ചിനു നേതൃത്വം നൽകി. മുന്പ്, രണ്ട് അവധിക്കാല ബെഞ്ചുകള് മാത്രമുണ്ടായിരുന്നിടത്ത് ഇത്തവണ 21 ബെഞ്ചുകൾ ചീഫ് ജസ്റ്റീസ് നാമനിര്ദേശം ചെയ്തതും ആശ്വാസകരമാണ്.
സമാനമല്ലെങ്കിലും, സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഇതിലുമധികം ഫയലുകൾകൂടി കണക്കിലെടുത്താൽ ഈ രാജ്യത്തെ ജനങ്ങളിൽ വലിയൊരു വിഭാഗം വിധിക്കപ്പെടാത്തൊരു തടവുശിക്ഷ അനുഭവിക്കുകയാണ്. കോടതിയുടെയും സർക്കാർ ഓഫീസുകളുടെയും വരാന്തയിൽ വിഷാദരോഗികളെപ്പോലെ ജനങ്ങൾക്കു കയറിയിറങ്ങേണ്ടിവരുന്നത്, ജനാധിപത്യത്തിന്റെ രണ്ടു തൂണുകളായ സർക്കാരിന്റെയും കോടതിയുടെയും ബലക്ഷയമാണ്. ഇതിനെതിരേ ഒരുത്തരവും പുറപ്പെടുവിക്കാനാകാത്ത പൗരന്മാർ ആ തൂണുകൾക്കു ചുവട്ടിൽ നിസഹായരായി നിന്നു ഹാജർ പറയുന്നു. ഇനിയും നിങ്ങൾ അവധിക്കു വയ്ക്കുകയാണോ?
20-10-2025
മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.
ശാന്തമായി മുന്നോട്ടുപോയിരുന്ന ഒരു സ്കൂളിൽ തുടങ്ങിവച്ച ഹിജാബ് വിവാദത്തിന് വിദ്യാഭ്യാസമന്ത്രി കൊടുത്ത പിന്തുണയെ മതമൗലികവാദികളും രാഷ്ട്രീയ മുതലെടുപ്പുകാരും വിദഗ്ധമായി ഏറ്റെടുത്തു. യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്കൂൾ മാനേജ്മെന്റുകൾക്ക് ഉണ്ടെന്നും ഹിജാബ് അനുവദിക്കണമെന്നു വിധിക്കാനാകില്ലെന്നുമുള്ള 2018ലെ കേരള ഹൈക്കോടതി വിധി നിലനിൽക്കേയാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ എന്തോ ഭരണഘടനാലംഘനം നടത്തിയെന്നു പ്രചരിപ്പിക്കുന്നത്.
നിലവിൽ പല ക്രൈസ്തവ സ്കൂളുകളും ഹിജാബ് അനുവദിക്കുന്നുണ്ട്. അതുപോലെ സെന്റ് റീത്താസ് പോലെയുള്ള സ്കൂളുകളുടെ തീരുമാനവും മാനിക്കപ്പെടണം. അതിനപ്പുറം, ഹിജാബ് വിഷയത്തിലെ ഭരണഘടനാ വ്യാഖ്യാനങ്ങൾ കോടതി നടത്തട്ടെ. അത്തരം വിധികൾ എന്തായാലും മാനിക്കാൻ ക്രൈസ്തവർക്കറിയാം.
പക്ഷേ, മതസംഘടനകളും അഭ്യുദയകാംക്ഷികളും നടത്തുന്ന വ്യാഖ്യാനങ്ങളും കുത്തിത്തിരിപ്പും സ്വീകാര്യമല്ല. സമീപകാലത്ത്, ക്രൈസ്തവ സ്കൂളുകളിൽ മാത്രം മുസ്ലിം മതാചാരങ്ങൾ നടപ്പാക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് പതിവായതുകൊണ്ടാണ് അതു പറയേണ്ടിവരുന്നത്. കഴിഞ്ഞ നിലന്പൂർ തെരഞ്ഞെടുപ്പിലും ഓരോ മതമൗലികവാദ സംഘടനകളെ ഒക്കത്തിരുത്തിയവർക്കും താലിബാനെ താലോലിക്കുന്നവർക്കുമൊക്കെ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്.
പക്ഷേ, വിദ്യാഭ്യാസത്തെയെങ്കിലും വെറുതെ വിടണം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങളിലെ യഥാർഥ മതേതര വിശ്വാസികൾ നിശബ്ദരായിരിക്കരുത്. മതനേതാക്കൾ അവരുടെ ഉത്തരവാദിത്വം നിർവഹിക്കണം. മതഭ്രാന്തുകളെ വിദ്യാലയങ്ങളുടെ പടി കയറ്റാതിരിക്കാൻ നമുക്കൊരു സ്ഥിരം സംവിധാനമുണ്ടാകണം. ഭിന്നിക്കാനല്ല, കൈ കോർക്കാൻ ഇതാണു സമയം.
ചില അവാസ്തവങ്ങളെ ചൂണ്ടിക്കാണിച്ചില്ലെങ്കിൽ നുണകൾ അതിവേഗം ലോകംചുറ്റിവരും. ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീ, ഹിജാബ് ധരിച്ച വിദ്യാർഥിനിയോട് അതു പാടില്ലെന്നു പറയുന്നത് എന്തു വിരോധാഭാസമാണെന്നു പറഞ്ഞത് വിദ്യാഭ്യാസ മന്ത്രിയാണ്. സർ, കന്യാസ്ത്രീ ധരിച്ചിരിക്കുന്നത് അവരുടെ യൂണിഫോമാണ്.
വിദ്യാർഥികൾക്കു നിഷ്കർഷിച്ചിരുന്ന യൂണിഫോം കന്യാസ്ത്രീകൾക്കോ മറ്റധ്യാപകർക്കോ ബാധകമല്ല. മുസ്ലിം സ്കൂളുകളിൽ ഉൾപ്പെടെ മതവേഷം ധരിക്കുന്ന അധ്യാപകരുണ്ട്. ആ വേഷം ധരിക്കാൻ മുസ്ലിം മാനേജ്മെന്റും വിദ്യാർഥികളെ അനുവദിക്കാറില്ല. അതുപോലെ അനിവാര്യമായ മതാചാരങ്ങൾ (എസെൻഷ്യൽ റിലിജിയസ് പ്രാക്റ്റിസ്) ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം അനുവദനീയമാണ്. ഹിജാബിന്റെ കാര്യത്തിൽ അത്തരമൊരു തീരുമാനം ഉണ്ടായാൽ അതു നടപ്പാക്കുന്നതിൽ ആർക്കുമില്ല രണ്ടഭിപ്രായം.
പക്ഷേ, നിലവിൽ യൂണിഫോമിന്റെ കാര്യത്തിൽ ബന്ധപ്പെട്ട സ്കൂൾ മാനേജ്മെന്റുകൾ തീരുമാനമെടുക്കും. അതിനു മാനേജ്മെന്റിന് പൂർണ അധികാരമുണ്ടെന്ന് 2018ൽ കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും 2022ൽ കർണാടക ഹൈക്കോടതിയും വിധിച്ചിട്ടുള്ളതാണ്.
ഇതിനെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞവർഷം കേസ് വിശാലബെഞ്ചിനു വിട്ടു. വിധി ഉണ്ടാകുന്നതുവരെ യൂണിഫോമിന്റെ പേരിൽ കന്യാസ്ത്രീകളെ മന്ത്രി വർഗീയതയുടെ ശിരോവസ്ത്രം ധരിപ്പിക്കരുത്. യൂണിഫോം നിർബന്ധമായ പല സർക്കാർ സർവീസുകളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലുള്ള സംവിധാനങ്ങളിലും മതനിരപേക്ഷമായ യൂണിഫോമാണല്ലോ നിർദേശിച്ചിരിക്കുന്നത്.
മന്ത്രി പറഞ്ഞ മറ്റൊരു കാര്യം, വിദ്യാർഥിനിക്ക് എന്തെങ്കിലും വിഷമമുണ്ടായാൽ അതിന്റെ ഉത്തരവാദി സ്കൂൾ മാനേജ്മെന്റായിരിക്കുമെന്നാണ്. നാലു മാസം സെന്റ് റീത്താസിലെ മറ്റ് 449 വിദ്യാർഥികളെപ്പോലെ യൂണിഫോം ധരിച്ച് സന്തോഷവതിയായിരുന്ന കുട്ടിയെ ഒരു സുപ്രഭാതത്തിൽ ഹിജാബും ധരിപ്പിച്ചു വിട്ട മാതാപിതാക്കൾക്കും അതിന്റെ പേരിൽ സ്കൂളിന്റെ വളപ്പിൽ കടന്ന് ബഹളംവച്ച് എല്ലാ വിദ്യാർഥികളെയും ഭയപ്പെടുത്തിയ മുസ്ലിം സംഘടനാ ഭാരവാഹികൾക്കും കോലാഹലം ഉണ്ടാക്കിയവർക്കുമൊന്നും ഇല്ലാത്ത ഉത്തരവാദിത്വം നിശ്ചിത യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ട ക്രിസ്ത്യൻ മാനേജ്മെന്റിനു നൽകിയ അങ്ങയുടെ രാഷ്ട്രീയം ശുദ്ധമാണെന്നു തോന്നുന്നില്ല.
ആവശ്യത്തിന് ആളെ കിട്ടാത്തതിനാൽ ഭിന്നശേഷിസംവരണത്തിന്റെ പേരിൽ മറ്റ് അധ്യാപകരുടെ നിയമനം തടഞ്ഞുവയ്ക്കരുതെന്ന എൻഎസ്എസ് കേസിലെ സുപ്രീംകോടതിവിധി മറ്റുള്ളവർക്കും ബാധകമാക്കണമെന്നു പറഞ്ഞതിന്, ക്രൈസ്തവ മാനേജ്മെന്റുകൾ ജാതിയും മതവും നോക്കി വിരട്ടണ്ടെന്നും വിമോചനസമരത്തിനു ശ്രമിക്കണ്ടെന്നും പറയാൻ അങ്ങേക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു.
പിന്നീട് പാർട്ടിയുടെ സമ്മർദത്താലാകാം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ ആവശ്യം ന്യായമാണെന്ന് അങ്ങേക്കു മാറ്റിപ്പറയേണ്ടിവന്നു. ഹിജാബ് വിഷയത്തിലും വൈകിട്ടു പറയുന്നതല്ല അങ്ങ് രാവിലെ പറയുന്നത്. അങ്ങയെ ഭരണഘടനാ സംരക്ഷകനായി ചിത്രീകരിക്കുന്ന മതമൗലികവാദ സംഘടനയുടെയും അവരുടെ ഒളിപ്പോരാളികളുടെയും മതതാത്പര്യങ്ങൾ അറിഞ്ഞിരിക്കുന്നതു നല്ലത്. വെറുമൊരു വ്യായാമ നൃത്തത്തിന്റെ പേരിൽപോലും ഈ ഭരണഘടനാ ആരാധകരുടെ പ്രതികരണം കേരളം മറന്നിട്ടില്ല.
ചില വസ്തുതകൾകൂടി പറയാം. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കണ്ണൂരിലെ ഒരു സ്കൂളിൽ വെള്ളിയാഴ്ച നിസ്കാരത്തിനു കുട്ടികളെ സ്കൂൾ ബസിൽ കൊണ്ടുപോകുന്ന വീഡിയോ കാണിച്ച്, അതാണ് മതേതരത്വത്തിന്റെ ഉജ്വല മാതൃകയെന്നു ചിലർ ക്ലാസെടുക്കുന്നുണ്ട്. അതെ, കത്തോലിക്കാസഭയുടെ ആ മാതൃക ഇതര മതസ്ഥരായ വിദ്യാർഥികളുടെ മതപരമായ ആവശ്യങ്ങൾക്കുവേണ്ടി മുസ്ലിം മാനേജ്മന്റുകളും നടത്തട്ടെ.
അല്ലാതെ, തങ്ങളുടെ സ്ഥാപനത്തിൽ മറ്റൊരു മതത്തിനും പ്രാർഥനാമുറികൾ അനുവദിച്ചിട്ടില്ലാത്തവർ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം നിസ്കാരമുറി ആവശ്യപ്പെടുന്നതുപോലെയുള്ള നാടകം നടത്തരുത്. അതുപോലെ വത്തിക്കാനിലെ അപ്പസ്തോലിക ലൈബ്രറിയിൽ നിസ്കരിക്കാൻ അനുവാദം കൊടുത്തെന്ന വാർത്തയും മതമൗലികവാദികൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. അതു പുതിയ കാര്യമല്ല. കത്തോലിക്കാസഭയുടെ ആസ്ഥാനം ഒരാളെയും അകറ്റിനിർത്തില്ല.
അതിനൊരു പ്രധാന കാരണം, അവിടെ ഉപയോഗത്തിലൂടെ പോലും സ്വത്തുക്കൾ വഖഫാക്കുന്ന നിയമം ഇല്ലാത്തതാകാം. പതിറ്റാണ്ടുകൾക്കു മുന്പു നിയമാനുസൃതം വാങ്ങിയ സ്വന്തം കിടപ്പാടത്തിനുവേണ്ടി രാപകൽ സമരം ചെയ്യേണ്ടിവരുന്ന ഇന്ത്യയിൽ അതല്ലല്ലോ സ്ഥിതി. അതുപോലെ, കണ്ണൂർ ജില്ലയിലുൾപ്പെടെ ചില ക്രൈസ്തവ മാനേജ്മെന്റുകൾ സ്കൂളിൽ ഹിജാബ് അനുവദിക്കുന്നുണ്ട്.
കാസർഗോഡ് ഒരു അണ് എയ്ഡഡ് സിബിഎസ്ഇ സ്കൂളിൽ വെളുത്ത സ്കാർഫ് മാത്രം അനുവദിക്കുന്നുണ്ട്. അതൊന്നും ഒരു മതമൗലികവാദ സംഘടനയുടെയും തീട്ടൂരത്തിന്റെ അടിസ്ഥാനത്തിലല്ല. അതേപോലെ, സെന്റ് റീത്താസ് ഉൾപ്പെടെ പല സ്കൂളുകളും യൂണിഫോമിൽ ഹിജാബ് ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ കോടതിവിധികളനുസരിച്ച് അതിനെ അംഗീകരിക്കാൻ എല്ലാവരും തയാറാകണം.
വ്യക്തിയുടെ ഐഡന്റിറ്റിയെ പൂർണമായോ ഭാഗിമായോ മറയ്ക്കുന്ന പർദയെയും ഹിജാബിനെയുമൊക്കെ പൊട്ടിനോടും കുങ്കുമക്കുറിയോടും കൊന്തയോടുമൊക്കെ ഉപമിക്കുന്നത് നിർദോഷകരമല്ല. നമുക്കിവിടെ ഭരണഘടനയുണ്ട്. തർക്കമുണ്ടായാൽ അതു വ്യാഖ്യാനിക്കാൻ മതേതര കോടതികളുമുണ്ട്. സിക്കുകാരുടെ അനിവാര്യ മതാചാരങ്ങളെ അനുവദിച്ചതുപോലെ കോടതി ഇക്കാര്യങ്ങളിലും തീരുമാനം ഉണ്ടാക്കും.
അതുവരെ സാമൂഹികവിരുദ്ധരെ പള്ളിക്കൂടങ്ങളിൽ കയറ്റരുത്. ആ വിദ്യാലയങ്ങളുടെ സൃഷ്ടിയാണ് മതേതര കേരളം. അവിടെയാണ് ഇന്ത്യയുടെ ഭാവി. ഒരു വർഗീയതയെയും ഹിജാബിന്റെ ഗുണഭോക്താക്കളാക്കരുത്. ക്രൈസ്തവ സമുദായം ഈ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു കൊടുത്തിരിക്കുന്ന സംഭാവനകളും ഹിജാബ് വിഷയം ആളിക്കത്തിക്കാനെത്തിയവർ കേരളത്തിനു കൊടുത്തിരിക്കുന്ന സംഭാവനകളും താരതമ്യം ചെയ്യുന്നതു നല്ലതാണ്.
സമൂഹമാധ്യമങ്ങളിലുൾപ്പെടെ അഴിഞ്ഞാടുന്ന മതഭ്രാന്തരെ ഭയന്ന് മതവിശ്വാസികൾ മാറിനിൽക്കരുത്. രാഷ്ട്രീയത്തെയും മതം വിഴുങ്ങിയ കാലത്ത്, മതസൗഹാർദം നിലനിർത്താൻ യഥാർഥ മതവിശ്വാസികളുടെ സ്ഥിരം വേദിയുണ്ടാകണം. പറഞ്ഞാൽ തീരാത്തതൊന്നും ഇവിടെയില്ല. മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.
18-10-2025
സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും തീവ്രപരിചരണ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള റിപ്പോർട്ട് നൽകാത്തവരിൽ കേരളവുമുണ്ട്. ഐസിയുവിലെ അശ്രദ്ധയും അണുബാധയും പീഡനങ്ങളും വരെ വിവാദമാകുന്പോഴാണ് ഈ നന്പർ വൺ അനാസ്ഥ.
ആശുപത്രികളിലെ പൊതു തീവ്രപരിചരണ വിഭാഗങ്ങൾക്കും (ഐസിയു) ഹൃദ്രോഗ തീവ്രപരിചരണ വിഭാഗങ്ങൾക്കും (സിസിയു) രാജ്യവ്യാപകമായി മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിന് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ പാലിക്കാത്ത കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരിക്കുകയാണ്.
ഐസിയുവിലെ അശ്രദ്ധയും അണുബാധയും പീഡനങ്ങളും വരെ വിവാദമാകുന്പോഴാണ് ഈ നന്പർ വൺ അനാസ്ഥ. ആരോഗ്യരംഗത്തെ മികവ് പ്രസംഗവിഷയമാക്കിയ നാം ഇക്കാര്യത്തിൽ സുപ്രീംകോടതി ആവശ്യപ്പെട്ട അടിസ്ഥാനജോലിപോലും ചെയ്തില്ലെന്നതു തെറ്റാണ്. അതു തിരുത്തിയില്ലെങ്കിൽ അക്ഷന്ത്യവ്യമാകും.
പൊതു-സ്വകാര്യ ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി തീവ്രപരിചരണത്തിനു നടപടിക്രമങ്ങൾ തയാറാക്കി ഈ മാസം അഞ്ചിനുള്ളിൽ റിപ്പോർട്ട് തയാറാക്കി നൽകാനായിരുന്നു ഓഗസ്റ്റ് 19ന് സുപ്രീംകോടതി ഉത്തരവിട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സെപ്റ്റംബർ 30ഉം റിപ്പോർട്ട് കൈമാറുന്നത് ഒക്ടോബർ അഞ്ചും എന്ന സമയപരിധിയും നിശ്ചയിച്ചു. അത് അവഗണിച്ചതിനാലാണ് കോടതി നടപടികളിലേക്കു കടന്നത്.
സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവം ഞെട്ടലോടെ കാണുന്നുവെന്നു പറഞ്ഞ കോടതി, വിഷയം വീണ്ടും പരിഗണിക്കുന്ന നവംബർ 20നകം കാരണംകാണിക്കൽ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്ന് കോടതിയിൽ ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോടതി നടപടിയെടുത്താലും ഇല്ലെങ്കിലും, ആരോഗ്യരംഗത്തു മുന്നിലുള്ള കേരളത്തെയും ഈ അപമാന പട്ടികയിൽ കയറ്റിയ ഉദ്യോഗസ്ഥർക്കെതിരേ സംസ്ഥാനം നടപടിയെടുക്കേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ പ്രതികരണവും പ്രധാനമാണ്.
ഐസിയു കേവലം അടച്ചിട്ട മുറിയല്ല. അതിനുള്ളിൽ ഗുരുതരാവസ്ഥയിലുള്ളതും മരണത്തോടു മല്ലടിക്കുന്നവരുമായ രോഗികളാണ്. പുറത്തു നല്ല വാർത്തകൾക്കായി ഊണും ഉറക്കവുമിളച്ചു കാത്തിരിക്കുന്ന ബന്ധുക്കളുമുണ്ട്. കൂട്ടിരിപ്പുകാർക്കു പോലും പ്രവേശനമില്ലാത്ത ഐസിയുവിന്റെ സംവിധാനങ്ങൾ ഡോക്ടർമാർക്കു മാത്രമല്ല, രോഗികൾക്കും സുരക്ഷിതമായിരിക്കണം. അന്നന്നു ഡ്യൂട്ടിയിലുള്ളവരുടെ മനോധർമം അനുസരിച്ചല്ല, കർശന മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കണം പ്രവർത്തനം.
ഐസിയുവിൽ പ്രവേശിപ്പിക്കൽ, ചികിത്സാച്ചെലവ്, വാർഡിലേക്കു മാറ്റൽ; ശുചിത്വനിലവാരം, ആധുനിക സംവിധാനങ്ങൾ, ചികിത്സയുടെ നടപടിക്രമങ്ങൾ, രോഗികൾക്കുള്ള പരിഗണന; ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരുടെ യോഗ്യത, പുറത്തു കൂട്ടിരിപ്പുകാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, വിവരം കൈമാറൽ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടതാണ്.
എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് അൻഡ് ഹെൽത് കെയർ പ്രൊവൈഡേഴ്സ്), ഐപിഎച്ച്എസ് (ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ്) എന്നീ അംഗീകാരങ്ങളുള്ള ആശുപത്രികൾ അതിന്റേതായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടാകാം. പക്ഷേ, ഒരു സർട്ടിഫിക്കറ്റിൽ ആരോഗ്യരംഗം സുരക്ഷിതമാണെന്നു കരുതാനാകില്ല. അതുപോലെ, രണ്ടുമുറി നഴ്സിംഗ് ഹോമിലെ ഒറ്റമുറിയിൽ ഒന്നോ രണ്ടോ മോണിറ്ററുകൾ സ്ഥാപിച്ച് അതിനെ ഐസിയു എന്നു വിളിക്കുന്ന ആയിരക്കണക്കിന് ഉദാഹരണങ്ങളുമുണ്ട്.
രോഗികൾക്ക് നിശ്ചിത ചികിത്സ ലഭിക്കാനും ഐസിയുവിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകാനും രോഗികളുടെ ബന്ധുക്കൾക്കു സംശയമേതുമില്ലാതിരിക്കാനുമുള്ള നടപടിക്രമങ്ങൾ കാലാനുസൃതമായി ഉണ്ടാകേണ്ടതാണ്. കഴിഞ്ഞദിവസം, താമരശേരിയിൽ ഒന്പതു വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമല്ലെന്നും ചികിത്സയിലെ പിഴവുകൊണ്ടാണെന്നും ആരോപിച്ച് കുട്ടിയുടെ പിതാവ് ഡോക്ടറെ ആക്രമിച്ചതു വിവാദമായിരുന്നു.
ആശുപത്രി അധികൃതരുടെ റിപ്പോർട്ട് മസ്തിഷ്കജ്വരമാണെന്ന് ആയിരുന്നെങ്കിലും ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിരിക്കുന്നത്, ഇന്ഫ്ളുവന്സ എ അണുബാധ മൂലമുള്ള വൈറല് ന്യുമോണിയ മൂലമാണ് കുട്ടി മരിച്ചതെന്നാണ്. ഐസിയുകൾ അണുമുക്തമാണോ? ചികിത്സകർ ശുചിത്വ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോ? യന്ത്രങ്ങൾ പ്രവർത്തനസജ്ജമാണോ? തുടങ്ങിയ കാര്യങ്ങൾ രോഗിയുടെ ജീവനുമായി ബന്ധപ്പെട്ടതാണ്. ശസ്ത്രക്രിയ കഴിഞ്ഞെത്തിയ രോഗിയെ ആശുപത്രി ജീവനക്കാർതന്നെ ലൈംഗികമായി ദുരുപയോഗിച്ച സംഭവങ്ങളുമുണ്ട്.
ആശുപത്രി ജീവനക്കാരെ ആക്രമിച്ച സംഭവങ്ങളിൽ നടപടിയുണ്ടാകുമെങ്കിലും രോഗിയുടെ ദുരൂഹമായ മരണങ്ങൾ പലപ്പോഴും ഡോക്ടർമാരുടെ നേതൃത്വത്തിൽ തയാറാക്കുന്ന റിപ്പോർട്ടുകളിൽ ഒതുങ്ങും. ഒട്ടുമുക്കാലും ചികിത്സാപ്പിഴവില്ലെന്ന വിശദീകരണം മാത്രമായിരിക്കും. ഐസിയുവിൽ സിസിടിവി സാധ്യമല്ലെങ്കിൽ പഴുതടച്ച മേൽനോട്ട ക്രമീകരണമുണ്ടാകണം.
ഐസിയു ചികിത്സയുടെ സാന്പത്തികവശവും നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികൾ ഐസിയുവിൽ കിടക്ക കാലിയാകുന്നതിനനുസരിച്ച് രോഗികളെ പ്രവേശിപ്പിക്കുന്നതും അപൂർവമല്ല. ആതുരസേവനം ലാഭസാധ്യതകൾ തുറക്കുകയും കൂടുതൽ കച്ചവടക്കാർ അതിലേക്ക് ആവേശപൂർവം എത്തുകയും ചെയ്യുന്നതിനാൽ കർശനമായ മാനദണ്ഡങ്ങൾ ആവശ്യമാണ്. ഐസിയുവിൽ രോഗിക്കായിരിക്കണം ഒന്നാം സ്ഥാനം.
ഇന്നത്തെ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രി നടത്തിപ്പുകാരും ഡോക്ടർമാരും നഴ്സുമാരുമടക്കം ആരും നാളത്തെ രോഗികളാകാമെന്നതും മറക്കരുത്. ഈ റിപ്പോർട്ടിനുവേണ്ടി സുപ്രീംകോടതി ഇനിയും വടിയെടുക്കാൻ ഇടയാകരുത്.
17-10-2025
ഭീഷണിയില്ലാത്തൊരു രാജ്യം ഉറപ്പായാൽ പലസ്തീനികളുടെയും ഇസ്രേലികളുടെയും പ്രശ്നം തീരും. പക്ഷേ, ഹമാസിനു വേണ്ടത്, ലോകമാകെയുള്ള ഇസ്ലാമിക് സ്റ്റേറ്റാണ്.
ഏതു ദുഃഖമാണു കൂടുതൽ ഭാരപ്പെട്ടത്, വീടില്ലാത്തവന്റെയോ രാജ്യമില്ലാത്തവന്റെയോ? വീടില്ലാത്തവന്റെ ദുഃഖം അതു ലഭിക്കുന്നതോടെ തീരും. പക്ഷേ, രാജ്യമില്ലാത്തവനു വീടു കിട്ടിയാലും ഉറപ്പുള്ള വാസഗേഹമാകില്ല. അന്യഥാബോധം വിട്ടൊഴിയാത്ത മുറികളിൽ അവൻ തിരിഞ്ഞും മറിഞ്ഞും കിടക്കും. ഭീഷണിയില്ലാത്തൊരു രാജ്യം ഉറപ്പായാൽ പലസ്തീനികളുടെയും ഇസ്രേലികളുടെയും പ്രശ്നം തീരും.
പക്ഷേ, ഹമാസിന്, മറ്റേതൊരു ഇസ്ലാമിക ഭീകരപ്രസ്ഥാനത്തെയുംപോലെ യഹൂദരും ക്രിസ്ത്യാനികളുമില്ലാത്തൊരു ലോകം കിട്ടിയേ തീരൂ. അതുകൊണ്ടാണ് ഹമാസിനെ നിരായുധീകരിക്കാത്ത ഒരുടന്പടിയും അംഗീകരിക്കില്ലെന്ന് ഇസ്രയേൽ ആവർത്തിക്കുന്നത്. വെടിനിർത്തൽ കരാർ നിലവിൽ വന്നയുടനെ ഇസ്രയേലിന്റെ വാദത്തെ ന്യായീകരിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്.
ഒറ്റുകാരെന്നു സംശയിക്കുന്ന സ്വന്തം ജനത്തെ പോലും ഹമാസ് നിരത്തിനിർത്തി പരസ്യമായി കൊല്ലുന്ന ദൃശ്യങ്ങൾ ഐക്യദാർഢ്യക്കാരൊഴികെയുള്ള ലോകം കണ്ടു. വിവിധ മുസ്ലിം രാജ്യങ്ങളിൽ “അല്ലാഹു അക്ബർ’’ വിളിച്ച് ക്രൈസ്തവരെ കൊന്നൊടുക്കുന്ന അതേ രീതി. ഗാസ സങ്കീർണമാകുകയാണ്. കഴിഞ്ഞെന്നു ട്രംപ് പറഞ്ഞാൽ തീരുന്നതല്ല ഇസ്രയേൽ-ഹമാസ് യുദ്ധം.
കഴിഞ്ഞദിവസം, പടിഞ്ഞാറൻ ഗാസയിലെ സബ്രയെന്ന ചെറുപട്ടണത്തിലെ നിരത്തിലേക്ക് ഹമാസ് ഏഴോ എട്ടോ പേരെ വലിച്ചിഴച്ചുകൊണ്ടുവരുന്പോൾ ഏറെ ദൂരെയല്ലാതെ ഇസ്രയേൽ-പലസ്തീൻ തടവുകാരെ വെടിനിർത്തലിന്റെ ഭാഗമായി പരസ്പരം കൈമാറുകയായിരുന്നു. ഇസ്രയേൽ ബന്ധം ആരോപിച്ചാണ് സ്വന്തം ജനങ്ങളിൽപ്പെട്ട ആ മനുഷ്യരെ കണ്ണുകൾ മൂടിക്കെട്ടി കൈകൾ പിന്നിൽ ബന്ധിച്ച് മുട്ടിന്മേൽ നിർത്തിയത്.
പിന്നിൽ നിന്ന ഹമാസ് ഭീകരർ അവരുടെ ശിരസിനു പിന്നിൽ നിറയൊഴിച്ചത് കുട്ടികൾ ഉൾപ്പെടെയുള്ള ആൾക്കൂട്ടത്തെ സാക്ഷിയാക്കിയാണ്. ഈ ഭീകരരും അതുകണ്ട് “അല്ലാഹു അക്ബർ’’ വിളിക്കുന്ന കാണികളും തങ്ങൾക്കു ഭീഷണിയാണെന്നാണ് ഇസ്രയേൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ വീഡിയോ ഹമാസ് തന്നെ പ്രചരിപ്പിച്ചതാണ്. പലസ്തീനികളും ഹമാസ് വിരുദ്ധരുമായ നിരവധി ദുഗ്മുഷ് ഗോത്രക്കാരെയും ഹമാസ് കൊന്നുകഴിഞ്ഞു. ഹമാസ് പുറത്തുവിടുന്നതല്ലാതെ യഥാർഥ കണക്കൊന്നും ആർക്കുമറിയില്ല.
ഗാസയിലും ലിബിയയിലും നൈജീരിയയിലും ഇറാനിലും ഇറാക്കിലുമൊക്കെ ഭീകരർ തുടരുന്ന ഈ നരഹത്യ കണ്ടിട്ടും ഭീകരർക്കു ‘സ്വാതന്ത്ര്യസമരസേനാനി’ പട്ടം കൊടുക്കുന്നവരുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന്റെ ചൂടറിയാത്തതുകൊണ്ടു മാത്രമല്ല, അതിന്റെ രാഷ്ട്രീയ സാധ്യതകൾ അറിയുന്നതുകൊണ്ടുമാണ്. ഹമാസിന് ഭരണപങ്കാളിത്തമില്ലാത്തതും അറബ് രാജ്യങ്ങൾ ഉൾപ്പെടെ അംഗീകരിച്ചതുമായ വെടിനിർത്തൽ കരാർ ഹമാസിനെ നിലനിർത്തിക്കൊണ്ട് അസാധ്യമാണെന്ന് ഗാസ വെളിപ്പെടുത്തുന്നു.
തീവ്രവാദത്തെ തീവ്രവാദമെന്നു വിളിക്കാതിരിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്പോൾ ലഭിക്കുന്ന ലാഭം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടിലുമുണ്ട്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ നീക്കുപോക്കുകൾ തന്നെയാണത്. പക്ഷേ, ഹമാസ് ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾക്കു വച്ചുനീട്ടുന്ന പിന്തുണ, കേരളത്തിന്റെ ഇസ്ലാമിക് ബ്രദർഹുഡിന്റെ മുളകൾക്കു വളമായിക്കഴിഞ്ഞു. നാളെ അവ വടവൃക്ഷങ്ങളാകും.
അതിനെ ചൂണ്ടിക്കാണിച്ച് ഇതര മതവർഗീയതകളും ശക്തി പ്രാപിക്കുകയാണ്. ആപത്കരമായ ഈ പ്രീണനരാഷ്ട്രീയത്തിന്റെ വാർത്തകളും വീക്ഷണങ്ങളും നാളെ ചരിത്രമാകും. 2022 ഡിസംബറിൽ ഹമാസ് കമാൻഡർ മെഹ്മൂദ് അൽ സഹറിന്റേതായി മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടിവി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞത്, ഇന്നുവരെ അവരുടെ ഒരു നേതാവും തിരുത്തിയിട്ടില്ല. “ഇസ്രയേൽ നമ്മുടെ ആദ്യലക്ഷ്യം മാത്രമാണ്.
ഭൂഗോളത്തിന്റെ 510 മില്യൺ സ്ക്വയർ കിലോമീറ്റർ മുഴുവൻ നമ്മുടെ നിയമത്തിനു കീഴിലാകും. അവിടെ യഹൂദരും ക്രൈസ്തവരും ഉണ്ടാകില്ല.” കഴിഞ്ഞ വർഷം ഇസ്രയേൽ വധിച്ച, 2006ൽ ഗാസയുടെ പ്രധാനമന്ത്രിയായിരുന്ന ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ, ഇസ്ലാമിക ഭീകരൻ സാക്ഷാൽ ഒസാമ ബിൻ ലാദന്റെ ആരാധകനായിരുന്നു. ചിലർ ഗാസ വഴി, ചിലർ തുർക്കി വഴി, ചിലർ നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാൻ, ഇറാക്ക്, സുഡാൻ, നൈജീരിയ, കേരളം.... ലക്ഷ്യം ഒന്നുതന്നെ. പക്ഷേ, ഇതിനെ വംശഹത്യയുടെ വിളംബരമോ ഊട്ടിയുറപ്പിക്കലോ ആയി നമ്മുടെ രാഷ്ട്രീയക്കാർ കാണില്ല.
ഇസ്രയേൽ-പലസ്തീൻ വിഷയത്തിന്റെ ഏക കാരണം ഹമാസ് അല്ലെങ്കിലും ഇസ്ലാമിക തീവ്രവാദവും യഹൂദവിരുദ്ധതയും കൊണ്ടുനടക്കുന്നതിനാൽ ഹമാസുള്ളിടത്തോളം കാലം ഇസ്രയേൽ വഴങ്ങില്ല. പ്രത്യേകിച്ചും ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിലുള്ള പരസ്യ വധശിക്ഷ നടപ്പാക്കലും അരാജകത്വവും തുടരുന്നതിനാൽ. അറബ് രാജ്യങ്ങളും ഹമാസിനെ പിന്തുണയ്ക്കാനിടയില്ല.
അവശേഷിക്കുന്ന തുരങ്കങ്ങളിൽനിന്നിറങ്ങി ജനത്തെ കൊല്ലാനല്ലാതെ പലസ്തീൻ പുനർനിർമാണത്തിൽ ഹമാസിനൊന്നും ചെയ്യാനാകില്ല. ഈ ഭീകരപ്രസ്ഥാനം ഏറ്റവും വലിയ നഷ്ടം വരുത്തിവയ്ക്കുന്നത് പലസ്തീൻകാർക്കാണ്. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇസ്ലാമിക തീവ്രവാദികൾ വംശവെറിയാൽ ക്രൈസ്തവരെ കൊന്നൊടുക്കുകയും ആട്ടിപ്പായിക്കുകയുമാണെങ്കിൽ ഗാസയിൽ അവർ സ്വന്തം ജനതയുടെ അന്തകരായിരിക്കുന്നു.
16-10-2025
കുറ്റക്കാരായ ജനപ്രതിനിധികളെ കൈകാര്യം ചെയ്യുന്നതിനുള്ള ബിൽ പാസായാലും പ്രധാനമന്ത്രിയോ ബിജെപിക്കൊപ്പമുള്ള മന്ത്രിമാരോ കേസിൽ പെടുമെന്ന് സാമാന്യബോധമുള്ള ഒരു പൗരനും കരുതുന്നില്ല. പരസ്യത്തിലുള്ളതാകില്ല ലക്ഷ്യത്തിലുള്ളത്.
ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നതു പ്രധാനമന്ത്രിയായാലും കസേര തെറിക്കുമെന്ന നിയമം ഒരു ജനാധിപത്യരാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തായി ആഘോഷിക്കപ്പെടേണ്ടതാണ്. പക്ഷേ, 130-ാം ഭരണഘടനാ ഭേദഗതിയായി ബിജെപി അതു കൊണ്ടുവരുന്പോൾ ജനാധിപത്യ ധ്വംസനവും അഴിമതിയുമായി ചിത്രീകരിക്കപ്പെടുന്നു.
ഇതു ചർച്ച ചെയ്യാനുള്ള പാർലമെന്ററി സമിതിയെ പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരിച്ചു. എന്തുകൊണ്ടാണിത്? ജനാധിപത്യ ഭരണഘടനയ്ക്കു ചുവട്ടിലിരുന്ന് പ്രതിപക്ഷമുക്ത ഭാരതം സ്വപ്നം കാണുന്ന ബിജെപിയുടെ രാഷ്ട്രീയമാണ് പ്രധാന കാരണം.
മറ്റൊന്ന്, ഈ നിയമം വന്നാൽ, പ്രധാനമന്ത്രിയോ ബിജെപിക്കൊപ്പമുള്ള ഏതെങ്കിലും മന്ത്രിയോ കേസിൽ പെടുകയോ സ്ഥാനഭ്രഷ്ടരാകുകയോ ചെയ്യുമെന്ന് സാമാന്യബോധമുള്ള ഒരു പൗരനും കരുതുന്നില്ല. യുക്തിസഹമായി ചിന്തിച്ചാൽ, മോദിയുടെ 10 വർഷത്തിനിടെ അഴിമതിക്കാരനായ ഒരു ബിജെപിക്കാരനെപ്പോലും കണ്ടെത്താനാകാത്ത ഇഡിക്ക് ഇനിയും ജനാധിപത്യ ശുദ്ധീകരണത്തിന് പ്രതിപക്ഷം വേണ്ടിവരും.
ഉറപ്പാണ്, ഈ നിയമം ദുരുപയോഗിക്കപ്പെടും. ആയിരം രാഷ്ട്രീയ കുറ്റവാളികൾ രക്ഷപ്പെട്ടാലും ഈ ജനാധിപത്യവും ഫെഡറൽ സംവിധാനവും ശിക്ഷിക്കപ്പെടരുത്!
അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസിൽ തുടർച്ചയായി 30 ദിവസത്തിലേറെ അറസ്റ്റിലാകുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ പദവികളിൽനിന്നു നീക്കം ചെയ്യുന്നതിനു വ്യവസ്ഥ ചെയ്യുന്നതാണു വിവാദ ബിൽ.
പാർലമെന്റിന്റെ കഴിഞ്ഞ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പ്രതിപക്ഷ എതിർപ്പിനെ അവഗണിച്ച്, ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ ഭേദഗതി ബിൽ, ജമ്മു-കാഷ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ എന്നിവയുമുണ്ടായിരുന്നു.
ഇവ ചർച്ച ചെയ്യാൻ, സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കുന്നതിനു മുന്പുതന്നെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബഹിഷ്കരിച്ചിരിക്കുകയാണ്. ഭരണകക്ഷിക്കൊപ്പം ചെറുപാർട്ടികളെയും സ്വതന്ത്രരെയും ഉൾപ്പെടുത്തി കേന്ദ്രം ജെപിസി രൂപീകരിച്ചേക്കും.
കുറ്റകൃത്യ-അഴിമതി വിരുദ്ധമെന്നു ബിജെപി പരസ്യം കൊടുത്തിരിക്കുന്ന ബില്ലിന്റെ കാണാച്ചരടുകൾ ശത്രുസംഹാരക്രിയയിലൂടെ ജനാധിപത്യ ധ്വംസനത്തിനുള്ളതായിരിക്കുമെന്നു ഭയപ്പെടാൻ കാര്യമുണ്ട്.
നിലവിലെ നിയമമനുസരിച്ച്, പാർലമെന്റ് അംഗവും നിയമസഭാംഗവും രണ്ടു വർഷത്തിലേറെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ മാത്രമേ അയോഗ്യരാകുകയുള്ളൂ. എന്നാൽ, പുതിയ ഭേദഗതികളനുസരിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രജിസ്റ്റർ ചെയ്യുന്ന കേസിൽ അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസിൽ 30 ദിവസം അറസ്റ്റിൽ കഴിഞ്ഞാൽ അയോഗ്യരാകും. ഇവിടെ പ്രധാന ചോദ്യം, ആരാണ് കുറ്റവാളിയെ തീരുമാനിക്കുന്നത് എന്നതാണ്.
വിശ്വാസ്യത നഷ്ടപ്പെട്ട് കോടതികളിൽ പോലും തലകുനിച്ചു നിൽക്കുന്ന അന്വേഷണ ഏജൻസികൾ! ഈ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അഞ്ചു വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന ഏതെങ്കിലും കുറ്റം ചുമത്തി പ്രതിപക്ഷത്തെ ഒരു മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതും ജാമ്യം കിട്ടാത്ത വാദങ്ങൾ നിരത്തി 30 ദിവസം അകത്തിടാൻ കോടതിയിൽനിന്ന് അനുമതി വാങ്ങുന്നതും നിസാരമാണെന്ന് ആർക്കാണറിയാത്തത്? ഈ നിയമം വന്നാൽ, സംസ്ഥാന സർക്കാരിനു കീഴിലുള്ള ഉന്നതോദ്യോഗസ്ഥർ കേന്ദ്രത്തിനെതിരേ എന്തെങ്കിലും തീരുമാനമെടുക്കുമോ?.
130-ാം ഭരണഘടനാ ഭേദഗതിയുടെ ആപത്സാധ്യതകളെ, അന്വേഷണ ഏജൻസികളുടെ ബിജെപി ഭരണത്തിലെ നടപടികളുമായി ചേർത്തല്ലാതെ വിശകലനം ചെയ്യാനാകില്ല. ഇക്കഴിഞ്ഞ മാർച്ചിൽ, ഇഡി കേസുകളുമായി ബന്ധപ്പെട്ട് എ.എ. റഹീം എംപിയുടെ ചോദ്യത്തിനു മറുപടിയായി രാജ്യസഭയിൽ കേന്ദ്രമന്ത്രി പങ്കജ് ചൗധരി പറഞ്ഞതനുസസരിച്ച്, 10 വർഷത്തിനിടെ ഇഡി 193 കേസുകളെടുത്തു.
തെളിയിക്കാനായത് രണ്ടു ശതമാനം. 2014 മുതൽ 2022 വരെ എട്ടു വർഷത്തിനിടെ 121 രാഷ്ട്രീയ നേതാക്കൾക്കെതിരേ കേസെടുത്തു. 95 ശതമാനവും പ്രതിപക്ഷ നേതാക്കൾ. അതിലേറെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ കോൺഗ്രസുകാർ.
അതേസമയം, യുപിഎ സർക്കാരിന്റെ 2004 മുതലുള്ള 10 വർഷത്തിനിടെ 26 രാഷ്ട്രീയ നേതാക്കൾക്കെതിരേയാണ് ഇഡി കേസെടുത്തത്. ഇതിൽ ഏകദേശം പകുതി, അതായത് 14 പേർ മാത്രമായിരുന്നു പ്രതിപക്ഷത്തുനിന്നുള്ളത്. അഴിമതിക്കേസുകളില് പ്രതികളായവര് ബിജെപിയില് ചേര്ന്നാൽ പിന്നെ കേസ് വേറെ വഴിക്കാകും.
ഇഡി ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുകയാണെന്നു സുപ്രീംകോടതി വിമർശിച്ചതു രണ്ടു ദിവസം മുന്പാണ്. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപറേഷന് (ടാസ്മാക്) എതിരായ ഇഡി അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീട്ടിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ആഞ്ഞടിച്ചത്.
മൂന്നുമാസം മുന്പ്, രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതെന്തിനാണെന്നും തങ്ങളേക്കൊണ്ട് കൂടുതൽ പറയിച്ചാൽ ഇഡിക്കെതിരേ കഠിനമായ പരാമർശങ്ങൾ നടത്താൻ നിർബന്ധിതരാകുമെന്നുമാണ് ചീഫ് ജസ്റ്റീസ് തന്നെ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നൽകിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ ഭൂമിയിടപാട് കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ ഇഡി അപ്പീൽ നൽകിയതിനെയാണ് സുപ്രീംകോടതി വിമർശിച്ചത്.
പലതും ചേർത്തുവായിക്കേണ്ടതാണ്. അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്നതിലെ സർക്കാർ അപ്രമാദിത്വം, തുടർന്നുണ്ടായ വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപണങ്ങൾ എന്നിവയ്ക്കൊപ്പം ഈ ഭേദഗതി നിയമത്തിന്റെ ദുരുപയോഗവുമുണ്ടായാൽ പ്രതിപക്ഷമുക്ത സ്വസ്ഥഭരണത്തിന്റെ കുറുക്കുവഴിയാണ് തെളിയുന്നത്. ആ വഴി ജനാധിപത്യത്തിന്റേതല്ല.
ഭരണഘടനാ ഭേദഗതിയായതിനാൽ പാർലമെന്റിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ ബിൽ പാസാകില്ലെന്നു പ്രതിപക്ഷത്തിനു മാത്രമല്ല, ഭരണപക്ഷത്തിനും അറിയാമെന്നതു മറക്കരുത്. സർക്കാരിനു സമയമുണ്ട്.
പ്രതിപക്ഷത്തെ കൊടികെട്ടിയ അഴിമതിക്കാരെയോർത്താൽ ഈ നിയമം അനിവാര്യം തന്നെയാണ്. പക്ഷേ, ‘ഇവരെ സൂക്ഷിക്കുക’ എന്ന പോസ്റ്ററൊട്ടിക്കുന്നത് ഏകാധിപത്യമാണെങ്കിൽ പോസ്റ്ററിലേക്ക് മാത്രമല്ല നോക്കേണ്ടത്. മമത ബാനർജി സമൂഹമാധ്യമത്തിൽ കുറിച്ചതുപോലെ “ഇഡി, സിബിഐ തുടങ്ങിയ തെരഞ്ഞെടുക്കപ്പെടാത്ത അധികാരികൾക്ക്, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ അവസരം കൊടുക്കരുത്.”
15-10-2025
വിദേശരാജ്യങ്ങളിൽ കുടിയേറി സ്വന്തം മതത്തിന്റെ പ്രകടനങ്ങൾകൊണ്ട് അന്നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഫലം ഇന്ത്യക്കാരുൾപ്പെടെ ലോകമെങ്ങും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്.
മതേതരസമൂഹത്തെ വെറുപ്പിക്കുന്ന ഇത്തരം പ്രകടനക്കാർ ഇപ്പോഴുള്ളതു പള്ളുരുത്തിയിലെ പള്ളിക്കൂടത്തിലാണ്.
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ മുസ്ലിം പെൺകുട്ടിയെ ശിരോവസ്ത്രം (ഹിജാബ്) ധരിക്കാൻ അനുവദിക്കാത്തതിനെതിരേ മാതാപിതാക്കളും മുസ്ലിം സംഘടനയും സമ്മർദം ചെലുത്തിയതിനെത്തുടർന്ന് രണ്ടു ദിവസം സ്കൂൾ അടയ്ക്കേണ്ടിവന്നു. കഴിഞ്ഞവർഷം ക്രൈസ്തവ സ്കൂളുകളിൽ നിസ്കാരമുറികൾ അനുവദിക്കണമെന്നാവശ്യപ്പെട്ടവർ ഇക്കൊല്ലം ഹിജാബ് ധരിക്കാനുള്ള ആവശ്യവുമായി എത്തിയിരിക്കുകയാണ്.
കോടതിവിധികളെപ്പോലും മാനിക്കാതെ, ഭരണഘടനാവകാശം നിഷേധിച്ചെന്ന ഇരവാദവും പൊക്കിപ്പിടിച്ചുള്ള നാടകങ്ങൾക്ക് ബന്ധപ്പെട്ട സമുദായത്തിന്റെ നേതാക്കൾ തന്നെ തിരശീലയിടുന്നത് നല്ലതാണ്. ഒരു ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യങ്ങൾകൊണ്ട് പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണം. പള്ളുരുത്തിയിലുൾപ്പെടെ എല്ലാ സ്കൂളുകളിലെയും യൂണിഫോം മാനേജ്മെന്റുകൾ തീരുമാനിക്കട്ടെ; താത്പര്യമില്ലാത്തവർക്കു മതപ്രകടനങ്ങൾ അനുവദിക്കുന്ന സ്കൂളിലേക്കു പോകാമല്ലോ.
അച്ചടക്കത്തിന്റെ ഭാഗമായുള്ള യൂണിഫോം വസ്ത്രധാരണത്തെ മാനിക്കാതെ, എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ മാനേജ്മെന്റ് അനുവദിക്കാത്തതാണ് പ്രശ്നം. ഈ വർഷം പ്രവേശനം നേടിയ വിദ്യാർഥിനി ഇതുവരെ ഹിജാബ് ധരിച്ചിരുന്നില്ലെങ്കിലും അപ്രതീക്ഷിതമായി അത് ആവശ്യപ്പെടുകയായിരുന്നു. വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവർ സ്കൂളിലെത്തി ബഹളമുണ്ടാക്കിയെന്നാണ് പിടിഎ പ്രസിഡന്റ് അറിയിച്ചത്.
സ്കൂളിലേക്ക് അതിക്രമിച്ചു കയറിയ ഇവരെ പോലീസെത്തി മാറ്റുകയും കേസെടുക്കുകയും ചെയ്തു. തുടർന്ന്, പരീക്ഷ തുടങ്ങാനിരിക്കെ വിദ്യാർഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയുമൊക്കെ മാനസിക സമ്മർദമൊഴിവാക്കാൻ സ്കൂളിനു രണ്ടു ദിവസത്തേക്ക് അവധി നൽകാൻ പ്രിൻസിപ്പൽ നിർബന്ധിതയായി.
സ്കൂളുകളിൽ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും യൂണിഫോം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും പറഞ്ഞ വിദ്യാഭ്യാസമന്ത്രി, സ്കൂൾ മാനേജ്മെന്റ് ഇത്തരം കാര്യങ്ങൾ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യണമെന്നും ബാലൻസ് ചെയ്താണു പ്രതികരിച്ചത്. മറ്റു മതസ്ഥർ നടത്തുന്ന സ്കൂളുകളിൽ നിസ്കാരമുറിയുടെയും ഹിജാബിന്റെയുമൊക്കെ മറയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന മതമൗലികവാദത്തെ ചെറുക്കുന്നതല്ലേ ഉത്തരവാദിത്വബോധം? ഈ വിഷയത്തിൽ സ്കൂൾ അധികൃതർ നൽകിയ ഹർജിയിൽ സ്കൂളിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുമുണ്ട്.
സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും പെൺകുട്ടിയുടെ രക്ഷിതാവിനും കോടതി നോട്ടീസയച്ചു. ഹർജി നവംബർ 10ന് വീണ്ടും പരിഗണിക്കും. മതവർഗീയത സമൂഹത്തെ ഛിന്നഭിന്നമാക്കുന്ന ഇക്കാലത്ത്, കുട്ടികളെയെങ്കിലും വെറുതേ വിട്ടുകൂടേ? ഒന്നോ രണ്ടോ വ്യക്തികളോ മതസംഘടനയോ വിചാരിച്ചാൽ മറ്റെല്ലാവരും പേടിച്ചു പിന്മാറണമെന്ന നില, രാഷ്ട്രീയമൗനത്തിന്റെകൂടി ഫലമാണ്. മതേതരത്വമോ വർഗീയപ്രീണനമോ ഏതെങ്കിലുമൊന്ന് പാർട്ടികൾ ഒഴിവാക്കണം; ജനം തെറ്റിദ്ധരിക്കാതിരിക്കട്ടെ.
അഗസ്റ്റീനിയൻ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിൽ 30 വർഷത്തോളമായി പ്രവർത്തിക്കുന്ന പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂൾ പശ്ചിമകൊച്ചിയിലെ മികച്ച പഠനാന്തരീക്ഷമുള്ള സിബിഎസ്ഇ വിദ്യാലയങ്ങളിലൊന്നാണ്. പ്രീ കെജി മുതൽ പത്താം ക്ലാസ് വരെ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള 450 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. മുസ്ലിം സമുദായത്തിലേത് ഉൾപ്പെടെ 449 മറ്റു വിദ്യാർഥികളെപ്പോലെ പെരുമാറാൻ പറ്റില്ലെന്ന വാശിയിലാണെങ്കിൽ മാതാപിതാക്കൾ വിദ്യാർഥിനിയെ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന മറ്റേതെങ്കിലും സ്കൂളിലേക്കു മാറ്റേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്നു നിശ്ചയിക്കുന്നതിന് മാനേജ്മെന്റിന് പൂര്ണ അധികാരമുണ്ടെന്ന് 2018ൽ കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും 2022ൽ കർണാടക ഹൈക്കോടതിയും വിധിച്ചിട്ടുള്ളതാണ്. ഇതിനെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞവർഷം കേസ് വിശാല ബെഞ്ചിനു വിട്ടിരിക്കുകയാണ്.
തങ്ങളുടെ സ്കൂളിന്റെ നിയമങ്ങൾ പാലിച്ച്, സഹപാഠികൾ ഉൾപ്പെടെയുള്ളവരുടെ വികാരങ്ങളെ ബഹുമാനിച്ച് പഠിക്കാനെത്തുന്ന മുസ്ലിം ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും മാതൃക എന്താണ് ചിലർക്കു മാത്രം അസാധ്യമാകുന്നത്? വിദേശരാജ്യങ്ങളിൽ കുടിയേറി സ്വന്തം മതത്തിന്റെ പ്രകടനങ്ങൾകൊണ്ട് അന്നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഫലം ഇന്ത്യക്കാരുൾപ്പെടെ ലോകമെങ്ങും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. ചെറുപ്പം മുതലേ കുട്ടികളിൽ തീവ്ര മതവികാരം കുത്തിനിറയ്ക്കുന്ന ഇത്തരം പ്രകടനങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാരുകളും കോടതികളും ജാഗ്രത പാലിക്കണം. വിദ്യാർഥികളെയെങ്കിലും രക്ഷിക്കണം.
തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ഭരണഘടനാവകാശം നിഷേധിക്കുകയാണെന്ന ഇരക്കരച്ചിലുമായി സംഘടനാ പ്രതിനിധികൾ ചാനലുകളിൽ പ്രകടനം തുടങ്ങിയിട്ടുണ്ട്. ശ്രദ്ധ പിടിച്ചുപറ്റാനും പ്രീണിപ്പിക്കാനുമായി കുരിശിനെയും ഏലസിനെയും കുങ്കുമത്തെയുമൊക്കെ, വ്യക്തിത്വം മറയ്ക്കുന്ന ഹിജാബിനോടു കൂട്ടിക്കെട്ടുന്നവരുമുണ്ട്. ഇവരൊക്കെ വളർന്നുവരുന്ന തലമുറയെ മതഭ്രാന്തിന് കൂട്ടിക്കൊടുക്കുകയാണ്. വിവിധ മതങ്ങളിലെ പുരോഹിത-സന്യാസ വേഷങ്ങളെ പിടിച്ചും ഹിജാബിനെ ന്യായീകരിക്കാൻ ശ്രമമുണ്ട്. സന്യസ്ഥരുടെ അനിവാര്യ സ്ഥാനചിഹ്നങ്ങളെ രാജ്യത്തെ വിദ്യാർഥികളെല്ലാം അനുകരിക്കാൻ തുടങ്ങിയാൽ എന്താകും സ്ഥിതിയെന്നുകൂടി അവർ പറയട്ടെ.
മതസ്വാതന്ത്ര്യമാണെന്ന വ്യാഖ്യാനം ചമച്ച്, കഴിഞ്ഞ വർഷം ക്രൈസ്തവ സ്കൂളുകളിൽ നിസ്കാരമുറി ചോദിച്ചവരെ നിലയ്ക്കു നിർത്താൻ മുസ്ലിം സമുദായത്തിലെതന്നെ വിവേകികൾ മുന്നിലുണ്ടായിരുന്നു. കുട്ടികളെ മുന്നിൽ നിർത്തി ഹിജാബിന്റെ പേരിൽ മറ്റുള്ളവരുടെ സ്ഥാപനങ്ങളിൽ അരാജകത്വമുണ്ടാക്കാൻ ശ്രമിക്കുന്നവരെയും ഒപ്പമുള്ളവർ തിരുത്തണം. അല്ലെങ്കിൽ ഇസ്ലാമോഫോബിയയുടെ കാരണമന്വേഷിച്ച് ഏറെ അലയേണ്ടിവരും.
14-10-2025
ഭിന്നശേഷി സംവരണ പ്രതിസന്ധി പരിഹരിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. പക്ഷേ, കോടതിവിധിയനുസരിച്ച് ഉത്തരവിറക്കുന്നതിനു പകരം വീണ്ടും കോടതിയിലേക്കു പോകുന്നത് എന്തിനാണ്? സംശയനിവൃത്തി വരുത്തണം.
ഭിന്നശേഷി സംവരണസീറ്റുകൾ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന, നായർ സർവീസ് സൊസൈറ്റിയുടെ കേസിലെ സുപ്രീംകോടതി വിധി ക്രൈസ്തവ മാനേജ്മെന്റുകൾക്ക് ഉൾപ്പെടെ ബാധകമാക്കുമെന്നു സർക്കാർ തീരുമാനിച്ചിരിക്കുന്നു.
തികച്ചും സ്വാഗതാർഹം! പക്ഷേ, തീരുമാനം നടപ്പാക്കുമെന്നതിനു പകരം അതിനുള്ള നിയമനടപടി സ്വീകരിക്കുമെന്ന അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഉത്തരവ് മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കാമെന്ന സുപ്രീംകോടതി വിധി നിൽക്കെ, വീണ്ടും കോടതിയിലേക്കു പോകുമെന്ന തീരുമാനം പ്രശ്നപരിഹാരം വൈകിക്കുമെന്ന ആശങ്കയ്ക്കാണ് വഴി തെളിച്ചിരിക്കുന്നത്.
ഉദ്യോഗാർഥികളെ കിട്ടാനില്ലാത്തതിനാൽ വൈകുന്ന ഭിന്നശേഷി നിയമനത്തിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് "ബന്ദി’കളാക്കപ്പെട്ടിരുന്ന 16,000 അധ്യാപകരെ മോചിപ്പിക്കാനുള്ള അധികാരം കോടതി സർക്കാരിനു നൽകിയിരിക്കേ, എന്തുകൊണ്ടോ അത് ഉപയോഗിച്ചിട്ടില്ല. സങ്കീർണതകൾ കഴിവതും ഒഴിവാക്കുകയല്ലേ വേണ്ടത്? കാര്യങ്ങൾ സുതാര്യമാകട്ടെ.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാനമായ തീരുമാനം ഉണ്ടായതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ""ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന ചില തർക്കങ്ങളും നിയമപ്രശ്നങ്ങളുമുണ്ട്. ഇതു കാരണം നിരവധി അധ്യാപകരുടെ നിയമനാംഗീകാരം തടസപ്പെട്ടു.
എൻഎസ്എസ് മാനേജ്മെന്റിനു ലഭിച്ച ആനുകൂല്യം മറ്റു മാനേജ്മെന്റുകൾക്കും നൽകുന്നതിനാവശ്യമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കും. കേസ് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ ഈ നിലപാട് സുപ്രീംകോടതിയെ അറിയിക്കും. ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപകസമൂഹത്തിന്റെയും മാനേജ്മെന്റുകളുടെയും ന്യായമായ പ്രശ്നങ്ങൾ പരിഗണിച്ചുകൊണ്ടും മുള്ള ഒരു സമഗ്രമായ പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഈ തീരുമാനം കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കും.’’മന്ത്രി അറിയിച്ച ഉന്നതതല യോഗ തീരുമാനം പ്രശംസാർഹമാണ്. പക്ഷേ, മന്ത്രി പറഞ്ഞതുപോലെ പുതിയ അധ്യായം തുറക്കാനുള്ള അധികാരം സുപ്രീംകോടതി സർക്കാരിനു നൽകിക്കഴിഞ്ഞു. എന്നിട്ടും ഉത്തരവല്ല, നിയമനടപടി സ്വീകരിക്കുമെന്ന പ്രസ്താവനയാണ് മന്ത്രി ഇന്നലെ പുറത്തിറക്കിയത്.
വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ സർക്കാർ പുതിയ നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്നതു നിയമപരമായി ന്യായീകരിക്കാനായേക്കും. പക്ഷേ, വൈകിയെത്തിയ നീതിയെ പടിവാതിൽക്കൽ തടയുന്നതിനു തുല്യമാകും. ഭിന്നശേഷി ഉദ്യോഗാർഥികൾക്കായുള്ള സീറ്റുകൾ ഒഴിച്ചിട്ടുകൊണ്ട് മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്നാണ് എൻഎസ്എസ് കേസിൽ സുപ്രീംകോടതി ഉത്തരവിട്ടത്.
സർക്കാർ അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്ന് സുപ്രീംകോടതി ഈ വിധിന്യായത്തിൽതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. അത്ര ലളിതമായ പരിഹാരം ഒഴിവാക്കി, നിയമപരിഹാരം തേടുമെന്നു പറയുന്പോൾ സർക്കാർ തെരഞ്ഞെടുപ്പുവരെ കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണോയെന്ന് കാത്തിരിപ്പിന്റെ ദുരിതപർവങ്ങൾ പിന്നിട്ട അധ്യാപകർക്ക് ഉത്കണ്ഠയുണ്ടാകും.
വിദ്യാഭ്യാസമേഖലയിലെ വലിയൊരു പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മക നിലപാടാണ് ഉദ്ദേശിക്കുന്നതെങ്കിൽ സർക്കാർ സംശയനിവൃത്തി വരുത്തേണ്ടതാണ്. എൻഎസ്എസിന്റേതിനു സമാനമായ വിഷയവും പ്രതിസന്ധിയുമാണെങ്കിലും മറ്റുള്ള മാനേജ്മെന്റുകൾ കോടതിയെ സമീപിക്കട്ടെ എന്നതായിരുന്നു സർക്കാരിന്റെ വാശി.
അതോടെ, മാനേജ്മെന്റുകളും സർക്കാരും ശ്രമിച്ചിട്ടും ഒഴിവു നികത്താനാവശ്യമായ ഭിന്നശേഷിക്കാരെ കിട്ടാതെവന്നതോടെ അതിന് ഉത്തരവാദികളല്ലാത്ത മറ്റ് അധ്യാപകർ സ്ഥിരനിയമനവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് ദിവസക്കൂലിക്കാരുടെ സ്ഥിതിയിലായി.
അനുകൂല വിധി നിലനിൽക്കെ മറ്റു മാനേജ്മെന്റുകൾ വീണ്ടും കോടതിയിൽ പോയാൽ കാലതാമസവും സാന്പത്തികനഷ്ടവും വരുത്താമെന്നല്ലാതെ കോടതിയുടെ മുൻ തീരുമാനത്തിൽ മാറ്റമുണ്ടാകാനിടയില്ല. സർക്കാർ അടിയന്തരമായി ഉത്തരവിറക്കണം. ജനാധിപത്യത്തിന്റെ ഇന്ത്യൻ ശാപമായ ചുവപ്പുനാടകൾ പൊട്ടിച്ചെറിയുന്നതിനു പകരം പുതിയ ഫയൽ തുറക്കരുത്. ഓരോ ഫയലും ഓരോ ജീവിതല്ലേ?
13-10-2025
ഭരണഘടനയുടെ മതേതര സ്വർണപ്പാളികളെ സംരക്ഷിക്കേണ്ടവരിൽ ചിലർ പാർലമെന്റ് സന്നിധാനത്തിരുന്ന് അതു പൊളിച്ചടുക്കിയ ചരിത്രമാണ് വഖഫ് നിയമത്തിന്റേത്. വഖഫ് ബോർഡിന്റെ മുനന്പത്തെ തട്ടിപ്പുശ്രമം കോടതി കണ്ടെത്തി. ഇതു നീതി നടപ്പാക്കാൻ സർക്കാരിനു കിട്ടിയ സുവർണാവസരമാണ്. വച്ചുതാമസിപ്പിക്കരുത്.
മുനന്പത്തെ മനുഷ്യരുടെ നിലവിളിക്കു കോടതി കാത് നൽകിയിരിക്കുന്നു. 610 കുടുംബങ്ങൾ വിലകൊടുത്തു വാങ്ങിയ കിടപ്പാടത്തിൽ കൈയേറ്റത്തിന്റെ കൊടി കുത്തിയ വഖഫ് ബോർഡിനു മുന്നിൽ ഇന്ത്യൻ രാഷ്ട്രീയം കുന്പിട്ടുനിൽക്കവേയാണ് ഇരകൾക്ക് ആശ്വാസമായി കോടതി നിരീക്ഷണം. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മുനന്പത്ത് കണ്ണീർ വാർത്തിട്ട്, നിയമസഭയിലും പാർലമെന്റിലും വഖഫ് നിയമ സംരക്ഷണത്തിനു കൈകോർത്തവർക്കുകൂടിയുള്ളതാണ് ഈ കോടതി നിരീക്ഷണം. ഇനി കമ്മീഷനും പഠനവും ചർച്ചയുമല്ല, അനധികൃതമായി വഖഫ് ബോർഡ് കവർന്ന റവന്യു അവകാശങ്ങൾ ഉടമകൾക്കു തിരിച്ചുകൊടുക്കുകയാണു സർക്കാർ ചെയ്യേണ്ടത്.
കോടതി വളച്ചുകെട്ടില്ലാതെ ചൂണ്ടിക്കാട്ടിയ സത്യത്തെ രാഷ്ട്രീയ വ്യാഖ്യാനങ്ങൾകൊണ്ട് അട്ടിമറിക്കരുത്. ഇതാണു സമയം! മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാന് കഴിയില്ല. 1950ലെ ആധാരപ്രകാരം മുഹമ്മദ് സിദ്ദിഖ് സേട്ട്, കോഴിക്കോട് ഫാറൂഖ് കോളജിന് ഇഷ്ടദാനമായി നൽകിയതാണത്. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറി.
ഇതു വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ 2019ലെ നീക്കം ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. ഭൂമി കൈമാറി 69 വർഷത്തിനുശേഷമുള്ള നടപടിയിൽ നീതീകരിക്കാനാകാത്ത കാലതാമസമുണ്ട്. വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തത് -ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വിധിക്കുകയും ചെയ്തു.
കഴിഞ്ഞ നവംബറിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷനെ ഇക്കൊല്ലം മാർച്ചിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 1954ലാണ് വഖഫ് നിയമം പാസാക്കിയത്. കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40-ാം അനുഛേദ പ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം. അങ്ങനെ 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 610 കുടുംബങ്ങളുടെ 404 ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ ആസ്തി വിവരത്തിൽ ഉൾപ്പെടുത്തി. 2022 ജനുവരി 13ന് വഖഫ് ബോർഡ് റവന്യു വകുപ്പിനു (കൊച്ചി തഹസീൽദാർക്ക്) നോട്ടീസയച്ചു.
അതോടെ മുനന്പംകാർക്ക് തങ്ങളുടെ ഭൂമിക്കു കരമടയ്ക്കാൻ സാധിക്കാതെയായി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിലെത്തിയപ്പോൾ സർക്കാർ തീരുമാനമനുസരിച്ച്, കുടുംബങ്ങൾക്കു കരം അടയ്ക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടർ പറയുകയും റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു.
പക്ഷേ, 2022 ഡിസംബർ 27ന് ഡിവിഷൻ ബെഞ്ചിലെത്തിയപ്പോൾ, വഖഫ് ഭൂമി കൈവശപ്പെടുത്തിയവർക്കാണ് കരമടയ്ക്കാൻ അനുവാദം കൊടുത്തതെന്ന് പ്രോസിക്യൂട്ടർ നിലപാടു മാറ്റി. ഇതു സർക്കാർ അറിയാതെയാണോ? അതോടെ കരമടയ്ക്കൽ കോടതി റദ്ദാക്കി. അതു പുനഃസ്ഥാപിക്കാനുള്ള അവസരമാണ് 10-ാം തീയതിയിലെ കോടതി പരാമർശത്തിലൂടെ സർക്കാരിനു കൈവന്നിരിക്കുന്നത്.
മതേതരത്വത്തിന്റെ മൂടുപടമിട്ട് ഇന്ത്യൻ രാഷ്ട്രീയം മതമൗലികവാദപ്പുരകളിലേക്കു നടത്തിയ അപഥസഞ്ചാരങ്ങളുടെ സൃഷ്ടിയായിരുന്നു വഖഫ് നിയമം. നിരവധി മനുഷ്യരെ അതു വഴിയാധാരമാക്കുകയും പൊതുമുതലുകൾ കവരുകയും ചെയ്തു. ഒടുവിൽ, മുനന്പത്തെ ഇരകൾ സ്വന്തം മണ്ണിനുവേണ്ടി നിലവിളിക്കുന്പോഴും ആ മതേതരവിരുദ്ധ നിയമത്തിന്റെ ഒന്നാം ഉത്തരവാദിയായ കോൺഗ്രസ് പാർട്ടി തങ്ങളുടെ സൃഷ്ടിയെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു.
വഖഫ് നിയമത്തിലെ കൈയേറ്റാവകാശത്തിന്റെ വാറോലയുമായി മുനന്പത്തെത്തിയ വഖഫ് ബോർഡിനെ നിയന്ത്രിക്കാത്ത സിപിഎം ഉൾപ്പെടെയുള്ള മറ്റു പാർട്ടികളും ഇരയ്ക്കൊപ്പമെന്നു തെറ്റിദ്ധരിപ്പിച്ചു വേട്ടക്കാരനൊപ്പം ഓടി. സമരപ്പന്തലിലേക്കു ബിജെപി എത്തിയത്, രാഷ്ട്രീയ സാധ്യതകളുടെ ആഹ്ലാദത്തെ ഉള്ളിലൊളിപ്പിച്ചു മാത്രമായിരുന്നെന്ന് മുനന്പത്തെ തൊടാതെ അവർ പാസാക്കിയ വഖഫ് ഭേദഗതി നിയമം വെളിപ്പെടുത്തി.
പതിയെപ്പതിയെ ‘മതേതര-ജനാധിപത്യ ജോലികൾ’ തുടരാൻ പാർട്ടിക്കാർ മുനന്പം വിട്ടു. പക്ഷേ, വഖഫ് ഇരകൾക്കു പോകാനിടമില്ലായിരുന്നു. രാഷ്ട്രീയ പിന്തുണയുള്ള വഖഫ് ബോർഡ് പ്രാകൃതനിയമത്തിന്റെ കുതിരപ്പുറത്തേറി വന്നെങ്കിലോയെന്ന ആധിയിൽ അവർ സമരപ്പന്തലിൽ ഉറങ്ങാതിരുന്നു. ഈ കോടതിവിധി, നികൃഷ്ടനിയമം കവർന്ന മുനന്പംജനതയുടെ നഷ്ടജീവിതത്തെ തിരിച്ചുപിടിക്കാനുള്ളതാണ്.
ഇതിനിടെ, കൈയേറ്റ വകുപ്പുകൾ ഉൾപ്പെടെ റദ്ദാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ അടച്ച് എതിർത്തു. മുനന്പത്ത് അവർ വാരിപ്പൂശിയ മതേതരത്വത്തിന്റെ നിറങ്ങൾ പാർലമെന്റിൽ ഒലിച്ചുപോയി. ബിജെപിക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാകാം.
പക്ഷേ, ഒരു മുസ്ലിം രാജ്യത്തുപോലും ന്യായീകരിക്കാനാവാത്ത കൈയേറ്റ വകുപ്പുകളാണ് അവർ ഭേദഗതി ചെയ്തതിൽ ഏറെയും. ഇതിനെതിരേ 140 ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. പക്ഷേ, മുനന്പത്ത് ഭൂമി തട്ടിയെടുക്കാൻ സഹായിച്ച 40-ാം വകുപ്പിന്റെ ഭേദഗതിയുൾപ്പെടെയുള്ളവ കോടതി റദ്ദാക്കിയില്ല. വർഗീയ ധ്രുവീകരണത്തെപ്പോലെ തന്നെ, വോട്ടിനുവേണ്ടിയുള്ള പ്രീണനരാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയത്തെ മലിനമാക്കിയെന്നു തെളിയിക്കുന്നതാണ് മുനന്പം ഭൂമി തട്ടിപ്പുകേസ്.
വഖഫ് നിയമം ഭേദഗതി ചെയ്തതോടെ രാജ്യത്തൊരിടത്തും മുനന്പം ആവർത്തിക്കില്ല. പക്ഷേ, അതിനു മുൻകാല പ്രാബല്യമില്ലാതെ വന്നതോടെ മുനന്പം ഇരകൾ നിരാശയിലായിരുന്നു. അപ്പോഴാണ് രാഷ്ട്രീയം തടഞ്ഞ നീതിയെ കോടതി ഉയർത്തിപ്പിടിച്ചിരിക്കുന്നത്. അന്തിമമായി പറഞ്ഞാൽ, ഇന്ത്യയിലെ ചില രാഷ്ട്രീയ പാർട്ടികളെ സ്വന്തം ആസ്തിപ്പട്ടികയിൽ ഉൾപ്പെടുത്തിയശേഷമാണ് വഖഫ് ബോർഡ് മുനന്പത്തെത്തിയത്.
അല്ലായിരുന്നെങ്കിൽ മുനന്പത്തിന്റെ കണ്ണീരിൽ ചവിട്ടിയെത്തിയ രാഷ്ട്രീയ പാർട്ടികൾ പാർലമെന്റിൽ വഖഫിലെ കൈയേറ്റവകുപ്പുകളെയെങ്കിലും തള്ളിപ്പറയുമായിരുന്നു. ഭരണഘടനയുടെ മതേതര സ്വർണപ്പാളികളെ സംരക്ഷിക്കേണ്ടവരാണ് പാർലമെന്റ് സന്നിധാനത്തിരുന്ന് അതു പൊളിച്ചടുക്കിയത്. ഏതായാലും ഭേദഗതിയുടെ പിൻബലമില്ലാതെതന്നെ വഖഫ് ബോർഡിന്റെ മുനന്പത്തെ തട്ടിപ്പുശ്രമം കോടതി കണ്ടെത്തി. ഇതു നീതി നടപ്പാക്കാൻ സർക്കാരിനു കിട്ടിയ സുവർണാവസരമാണ്. വച്ചുതാമസിപ്പിക്കരുത്.
13-10-2025
‘പഠിച്ചു പഠിച്ച് പിന്നോട്ട്’ എന്നു പറയാറുണ്ട്. അതാണിപ്പോൾ കേരളത്തിലെ സ്കൂൾ കായികരംഗത്ത് നടക്കുന്നത്. സൂക്ഷ്മനിരീക്ഷണവും ശാസ്ത്രീയമായ പരിശീലനരീതികളുംവഴി ലോകരാജ്യങ്ങളെല്ലാം പുതിയ ഉയരവും വേഗവും ദൂരവും കണ്ടെത്താൻ ദൃഢനിശ്ചയത്തോടെ മുന്നോട്ടുകുതിക്കുന്പോൾ ഇവിടെ ക്ലോക്കും കലണ്ടറുമെല്ലാം പിറകോട്ടു തിരിച്ചുവച്ചിരിക്കുകയാണ്. ‘ചെറുപ്പത്തിലേ പിടികൂടുക’ എന്നത് ‘ചെറുപ്പത്തിലേ പടിയടയ്ക്കുക’ എന്നായി.
സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലം കായികകേരളത്തിന്റെ ഭാവിയാണ് ഇരുളടഞ്ഞിരിക്കുന്നത്. മാത്രവുമല്ല, കുട്ടികളുടെ കായികക്ഷമതയിൽ അങ്ങേയറ്റം ശ്രദ്ധപുലർത്തേണ്ട ഡിജിറ്റൽ കാലത്ത് ഭാവിതലമുറകളുടെ കായികക്ഷമതയുടെ കടയ്ക്കലാണ് നിരുത്തരവാദപരമായ നിലപാട് വഴി കത്തിവച്ചിരിക്കുന്നത്. കളികളിലും വിനോദങ്ങളിലും ഏർപ്പെടുക എന്നതു കുട്ടികളുടെ അവകാശമാണെന്ന് അർഥശങ്കയ്ക്കിടമില്ലാത്തവിധം ലോകമെങ്ങും അംഗീകരിച്ച കാര്യമാണ്. അതനുസരിച്ചുള്ള ആസൂത്രണവും പദ്ധതികളുമാണ് വിവിധ രാജ്യങ്ങൾ നടപ്പാക്കുന്നത്. അപ്പോഴാണിവിടെ പഴയൊരു കെഇആറിന്റെ പേരിൽ സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കാതെ കോപ്രായം കാട്ടുന്നത്.
സ്കൂൾ കായികമേളയുടെ സബ്ജില്ലാ തല മത്സരങ്ങൾ വിവിധ ജില്ലകളിൽ നടക്കുമ്പോൾ കായികാധ്യാപകർ നിസഹകരണ സമരത്തിലാണ്. അവരുടെ ആവശ്യങ്ങളാകട്ടെ തികച്ചും ന്യായവും. തസ്തിക മാനദണ്ഡം ശാസ്ത്രീയമായി പരിഷ്കരിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കി മുഴുവൻ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കുക, ഹയർ സെക്കൻഡറി വിഭാഗത്തിൽ കായികാധ്യാപക നിയമനം നടത്തുക തുടങ്ങിയവയാണ് സംയുക്ത കായികാധ്യാപക സംഘടനയുടെ ആവശ്യങ്ങൾ. തട്ടിക്കൂട്ട് ബദൽ സംവിധാനങ്ങളിലൂടെയാണ് മത്സരങ്ങൾ നടത്തുന്നത്. ‘കാച്ച് ദെം യംഗ്, വാച്ച് ദെം ഗ്രോ’ എന്നൊരു മുദ്രാവാക്യം മൈതാനത്തിന്റെ മൂലയിൽ അന്ത്യശ്വാസം വലിച്ചുകിടക്കുന്നത് ആരും കാണുന്നില്ല.
കേരളത്തിന്റെ കായികപാരമ്പര്യം ഉജ്വലമായിരുന്നു എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ദേശീയ, ഏഷ്യൻ, ലോക വേദികളിൽ തിളങ്ങിയ കായികതാരങ്ങളൊന്നുംതന്നെ വിണ്ണിൽനിന്ന് പൊട്ടിവീണവരല്ല. ഗ്രാമങ്ങളിലെ സ്കൂളുകളിൽനിന്ന് കായികാധ്യാപകർ കണ്ടെടുത്ത് ഊതിക്കാച്ചി പൊന്നിൻകുടങ്ങളാക്കിയവരാണ്. തോമസ് മാഷിനെപ്പോലുള്ള അനേകം കായികാധ്യാപകരുടെ കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെയും ആത്മാർഥതയുടെയും ഫലങ്ങളാണ്.
യുപി, ഹൈസ്കൂൾ ക്ലാസുകളിൽനിന്ന് കായികപ്രതിഭകളെ തിരിച്ചറിഞ്ഞ് വളർത്തിക്കൊണ്ടുവരണമെങ്കിൽ എല്ലാ സ്കൂളിലും കായികാധ്യാപകർ വേണം. ആർക്കും മനസിലാകുന്ന ഈ ലളിതയുക്തി സർക്കാരിനുമാത്രം ബോധ്യപ്പെടുന്നില്ല. വിദ്യാഭ്യാസവകുപ്പ് ഇപ്പോഴും പഴയൊരു നിയമത്തിന്റെയും അനുപാതക്കണക്കുകളുടെയും വ്യാജയുക്തിയിലാണ് അഭിരമിക്കുന്നത്.
സംസ്ഥാനത്തെ എഴുപതു ശതമാനത്തോളം സ്കുളുകളിൽ കായികാധ്യാപകരില്ലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 500 കുട്ടികൾക്ക് ഒന്ന് എന്ന കണക്കിലാണ് കെഇആർ അനുവദിക്കുന്ന നിയമനം. കായികാധ്യാപകർ സമരം തുടങ്ങിയപ്പോൾ അത് യുപി സ്കൂളുകളിൽ 300ന് ഒന്ന് എന്നാക്കി. ഇതുവഴി ഈ വർഷം തസ്തിക നഷ്ടപ്പെടുന്ന അധ്യാപകർക്കു മാത്രമാണ് പ്രയോജനമെന്ന് സംഘടനകൾ പറയുന്നു. കണ്ണിൽ പൊടിയിടുന്ന മറ്റൊരു തന്ത്രം. അനുപാതം കുറച്ചതുവഴി അധികതസ്തിക പാടില്ലെന്ന കർശനനിർദേശവുമുണ്ട്.
സീനിയർ അണ്ടർ-19 വിഭാഗത്തിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾ ഹയർ സെക്കൻഡറിയിൽ നിന്നുള്ളവരാണ്. എന്നാൽ ആ സ്കൂളുകളിൽ കായികാധ്യാപകരില്ല. കായികാധ്യാപകരില്ലാത്ത അവസ്ഥയിലും കുറച്ചു കുട്ടികളെങ്കിലും മികവു കാട്ടുന്നുണ്ടെങ്കിൽ അതിനു കാരണം തികഞ്ഞ ആർജവത്തോടെ പ്രവർത്തിക്കുന്ന ചില അക്കാദമികളുള്ളതാണ്.
കായികമേളകളിൽ ഇനങ്ങൾ കൂടി. മത്സരങ്ങളും. കുട്ടികളെ പരിശീലിപ്പിക്കാനോ മത്സരങ്ങൾ ശാസ്ത്രീയമായി നടത്താനോ ആളില്ല. സ്പോർട്സിന്റെ സാങ്കേതിക വശങ്ങൾ അറിയാത്തവർ നടത്തുന്ന കായികമേളകൾ ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുക. പുതിയ എത്രയോ ചെറുപ്പക്കാർ ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്സുകൾ പഠിച്ച് പുറത്തിറങ്ങുന്നു. അവരുടെ അറിവും കഴിവും സംസ്ഥാനത്തിന് പ്രയോജനപ്പെടാതെ പോവുകയാണ്.
രണ്ടായിരാമാണ്ടിൽ ‘സന്പൂർണ കായികക്ഷമതാ പരിപാടി’ നടപ്പാക്കിയിരുന്നു. അതുവഴി രാജ്യാന്തര മാനദണ്ഡം ഉപയോഗിച്ച് കുട്ടികളുടെ കായികക്ഷമത അളന്നു. സംസ്ഥാനത്തെ ഇരുപതു ശതമാനം കുട്ടികൾക്കേ പ്രായത്തിനനുസരിച്ച കായികക്ഷമതയുള്ളൂ എന്നായിരുന്നു കണ്ടെത്തൽ. അതവിടെ തീർന്നു. പിന്നെയാരും അതേക്കുറിച്ചു ചിന്തിച്ചില്ല. ഇങ്ങനെ തുടരുകയാണ് കായികഭരണം. മുന്പൊക്കെ കളി മൈതാനങ്ങളിലല്ലാതെ കുട്ടികൾക്ക് കായികക്ഷമതയ്ക്ക് അവസരമുണ്ടായിരുന്നു. അതായിരുന്നു അന്നത്തെ ജീവിതസാഹചര്യം. ഇന്ന് കാലം മാറി. ജീവിതരീതി മാറി. ഭക്ഷണരീതി മാറി. മനോഭാവം മാറി. കൂടുതൽ ജാഗ്രത പാലിക്കേണ്ട ഈ സമയത്ത് നമ്മൾ ഉറക്കംതൂങ്ങുകയാണ്.
ഇനിയിപ്പോൾ സംസ്ഥാന സ്കൂൾ കായികമേളയെന്നൊരു മാമാങ്കം നടത്തും. കേരള ടീമുകളെ പ്രഖ്യാപിക്കും. ആ കുട്ടികൾ ദേശീയമത്സരങ്ങളിൽ പങ്കെടുത്ത് മറ്റു സംസ്ഥാനങ്ങളിലെ കുട്ടികൾ പുതിയ ദൂരവും ഉയരവും വേഗവും വെട്ടിപ്പിടിക്കുന്നത് കണ്ട് അന്തംവിട്ടു തിരിച്ചുപോരും. പഴയ പാണൻമാർ അപ്പോഴും പി.ടി. ഉഷയെന്നും ഷൈനി വിത്സനെന്നുമൊക്കെ പാടിനടക്കും.
കോടികൾ മുടക്കി നമ്മൾ ഫുട്ബോൾ ജീനിയസ് മെസിയെ കേരളത്തിൽ കൊണ്ടുവരുന്നു. നല്ലതുതന്നെ. യുവത്വത്തെ ഉണർത്താൻ കിട്ടുന്ന അവസരമൊന്നും നഷ്ടപ്പെടുത്താൻ പാടില്ല. അതേസമയം, ഇവിടത്തെ കായികരംഗത്തെ സമഗ്രപുരോഗതിയെക്കുറിച്ചും മേലാളൻമാർ ഇടയ്ക്കൊന്നു ചിന്തിക്കണം. സർക്കാർ പിടിവാശി ഉപേക്ഷിക്കണം. അനുപാതം നോക്കാതെ എല്ലാ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കണം.
നൂറു കുട്ടികൾ പഠിക്കുന്ന വിദ്യാലയമാകട്ടെ, കായികവിദ്യാഭ്യാസം ആ കുട്ടികളുടെയും അവകാശമാണ്. കെഇആർ തടസമാണെങ്കിൽ അത് പരിഷ്കരിക്കണം. തൊട്ടതിനും പിടിച്ചതിനും വിദേശത്തേക്കു പറക്കാൻ വെമ്പുന്ന ഭരണാധികാരികൾ അവിടങ്ങളിൽ നടക്കുന്നത് കണ്ണ് തുറന്നു കാണണം. കരുത്തരായി വളർന്ന് രാജ്യത്തെ നയിക്കേണ്ട തലമുറയെയാണ് നശിപ്പിക്കുന്നതെന്ന് എല്ലാവരും ചിന്തിക്കണം.
13-10-2025
ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മഹത്തായ സേവനമാണു ചെയ്യുന്നത്. ബോധപൂർവമായ തെറ്റുകളുണ്ടായാൽ നിയമവ്യവസ്ഥ കർശനമായി ഇടപെടണം. ഓരോ രോഗിയുടെയും ജീവൻ വിലപ്പെട്ടതാണ്. അതുപോലെതന്നെയാണ് ആരോഗ്യപ്രവർത്തകരുടെ ജീവനും എന്ന കാര്യം ആരും മറക്കരുത്.
ഞെട്ടിക്കുന്നതാണ് ബുധനാഴ്ച കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്ക് ആശുപത്രിയിൽ നടന്നത്. ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്കു വെട്ടേറ്റു. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ അച്ഛനാണ് ചികിത്സാപ്പിഴവ് ആരോപിച്ച് കൊടുവാൾകൊണ്ട് ഡോ. ടി.പി. വിപിനെ വെട്ടിയത്. വെട്ടേറ്റ ഡോക്ടർക്ക് കുട്ടിയുടെ ചികിത്സയിൽ നേരിട്ട് പങ്കൊന്നും ഉണ്ടായിരുന്നില്ല.
മകൾ നഷ്ടപ്പെട്ട അച്ഛന്റെ വേദനയ്ക്ക് പരിധിയില്ല എന്നതു ശരിതന്നെ. എങ്കിലും താമരശേരിയിൽ നടന്ന സംഭവം ആശങ്കയുളവാക്കുന്ന ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട്. 2023 മേയ് പത്തിനു പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ചതിനുശേഷം ഒരുപാടു കാര്യങ്ങൾ നമ്മൾ കേട്ടു.
കേരളത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഡോക്ടർ ആശുപത്രിയിൽവച്ചു കൊല്ലപ്പെടുന്നത്. ഈ കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കകം ആശുപത്രി സുരക്ഷാ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. പക്ഷേ, തുടർന്നു ചെയ്യേണ്ട ഒന്നും ചെയ്തില്ലെന്നതിന്റെ തെളിവാണ് താമരശേരിയിൽ നടന്ന സംഭവം. പക്ഷേ, സംവിധാനത്തിന്റെ തകർച്ചയെ മാത്രം പഴിപറഞ്ഞു കൈകഴുകിയിരിക്കാനാകില്ല.
സോഷ്യൽ മീഡിയ വഴി അതിവേഗം പ്രചരിക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രം, പവിത്രമായിരുന്ന ഡോക്ടർ-രോഗി ബന്ധത്തിനു വന്ന അപചയം, വൈദ്യശാസ്ത്രം പഠിച്ച ഡോക്ടറവിടെ നിൽക്കട്ടെ, സോഷ്യൽ മീഡിയ അല്പജ്ഞാനിയായ ഞാൻ പറയാം കാര്യങ്ങൾഎന്ന മനോഭാവം, അപക്വമായ മാധ്യമവിചാരണ, ആൾക്കൂട്ടത്തിലൊളിച്ചു പുറത്തുവിടുന്ന അക്രമവാസന, നിയമവ്യവസ്ഥയിലും നീതിപീഠങ്ങളിലുമുള്ള വിശ്വാസമില്ലായ്മ, വർധിച്ചുവരുന്ന ആശുപത്രിച്ചെലവ്, ബഹുജന നേതൃത്വത്തിന്റെ വിവേകമില്ലായ്മ തുടങ്ങി എത്രയോ കാരണങ്ങൾ ആരോഗ്യപ്രവർത്തകർക്കു നേരേയുണ്ടാകുന്ന അക്രമങ്ങൾക്കു പിറകിൽ ചൂണ്ടിക്കാട്ടാനാകും.
ഒന്നുകിൽ കളരിക്കു പുറത്ത്, അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് എന്ന പഴയ ചൊല്ല് പുതിയ കാലത്തെ സോഷ്യൽ മീഡിയയ്ക്കാണ് ഏറ്റവും യോജിക്കുക. ഒന്നുകിൽ വെട്ടിയ ആളെ അടപടലം പിന്തുണച്ച്, അല്ലെങ്കിൽ ഡോക്ടർമാരെ മുച്ചൂടും എതിർത്ത്... അതാണ് സമൂഹമാധ്യമങ്ങളിൽ കാണുന്നത്. പോരാത്തതിന്, വെറുപ്പിന്റെ ക്രൂരമായ വാക്കുകളാണ് വിഷംചീറ്റി പുറത്തുവരുന്നത്. തികച്ചും ഏകപക്ഷീയവും അക്രമാസക്തവുമായ പ്രതികരണങ്ങൾ.
വസ്തുതകളുടെ സൂക്ഷ്മമായ വിലയിരുത്തലില്ല, ഔചിത്യം തൊട്ടുതേച്ചിട്ടില്ല, ആക്രോശങ്ങൾ മാത്രം. ഇന്റർനെറ്റിൽനിന്നു കിട്ടുന്ന അറിവുകൾ വച്ച് എല്ലാറ്റിന്റെയും അവസാനവാക്ക് തങ്ങളാണെന്നു കരുതുന്നവരുടെ എണ്ണം കൂടിവരുന്നതും എരിതീയിൽ എണ്ണയൊഴിക്കുന്നുണ്ട്. ഇതിനു ചൂട്ടുപിടിക്കുന്നതാണ് ഇതേ മനോഭാവത്തോടെ അറിവില്ലായ്മയും അപക്വതയും ചേർത്ത് ചില മാധ്യമങ്ങൾ നടത്തുന്ന വിചാരണകൾ.
ഒരു രോഗിക്കെന്തെങ്കിലും സംഭവിച്ചാൽ അതെല്ലാം ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ആശുപത്രികളുടെയും കുഴപ്പമാണെന്ന മുൻവിധി ഏറിവരുന്നതും അക്രമസംഭവങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ഏറ്റവും ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് പരന്പരാഗത ഡോക്ടർ-രോഗി ബന്ധത്തിൽ വന്ന തകർച്ച.
രോഗികളോടും പരിചാരകരോടും ഒന്നും പറയേണ്ടതില്ലെന്ന ചില ഡോക്ടർമാരുടെ ധാർഷ്ട്യവും ഡോക്ടർ പറയുന്നതൊന്നും കേൾക്കാൻ തയാറാകാത്ത രോഗിയും പരിചാരകരും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. ഇക്കാര്യത്തിൽ ഐഎംഎ പോലുള്ള പ്രഫഷണൽ സംഘടനകൾക്ക് കാര്യമായി ചെയ്യാൻ കഴിയും. തനിക്കു ലഭിക്കുന്ന ചികിത്സയെക്കുറിച്ചും താൻ കഴിക്കുന്ന മരുന്നുകളെക്കുറിച്ചും അറിയുകയെന്നത് രോഗിയുടെ അവകാശമാണ്.
അതുപോലെതന്നെ പ്രധാനമാണ് അറിവും പരിചയസന്പത്തുമുള്ള ഡോക്ടറുടെ വാക്കുകളെ വിശ്വാസത്തിലെടുക്കുകയെന്നതും. ഇന്റർനെറ്റും മറ്റും നല്കുന്ന യാഥാർഥ്യമല്ലാത്ത പ്രതീക്ഷകൾ നിരാശയിലേക്കും അക്രമത്തിലേക്കും നയിക്കാറുണ്ട്. സംവിധാനത്തിലെ പോരായ്മകളും സംഘർഷത്തിനു കാരണമാകുന്നു. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും എണ്ണത്തിലുണ്ടാകുന്ന കുറവ് ചികിത്സയുടെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കും.
അധികസമ്മർദത്തിനടിപ്പെട്ടു ജോലി ചെയ്യേണ്ടിവരുന്നവർ സ്വന്തം ജീവനും കാക്കണമെന്ന അവസ്ഥ കാര്യങ്ങൾ കൈവിട്ടുപോകുന്നിടത്തെത്തിക്കും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ഇനിയെങ്കിലും പൂർണമനസോടെ പ്രവർത്തിക്കണം. നിയമം കർശനമാക്കണം. ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്തണം. ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിലുള്ള കുറവ് നികത്തണം.
അതുപോലെ ആരോഗ്യപ്രവർത്തകരും മാറിയ കാലത്തിനനുസരിച്ച് പക്വതയോടെ രോഗികളും പരിചാരകരുമായി ഇടപെടണം. ഇരുകൂട്ടർക്കുമിടയിൽ വ്യക്തമായ ആശയവിനിമയം നടക്കണം. സംഘർഷങ്ങളുണ്ടാകുന്പോൾ അതു വഷളാകാതെ നോക്കാൻ സാമൂഹ്യപ്രവർത്തകരും ജനപ്രതിനിധികളും നേതാക്കളും കരുതലോടെ ഇടപെടണം. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മഹത്തായ സേവനമാണ് ചെയ്യുന്നത്.
തങ്ങൾ ചികിത്സിക്കുന്ന രോഗിയുടെ ജീവൻ നഷ്ടപ്പെടാൻ ബോധപൂർവം ആരും ആഗ്രഹിക്കില്ലല്ലോ. ബോധപൂർവമായ തെറ്റുകളുണ്ടായാൽ നിയമവ്യവസ്ഥ കർശനമായി ഇടപെടണം. ഓരോ രോഗിയുടെയും ജീവൻ വിലപ്പെട്ടതാണ്. അതുപോലെതന്നെയാണ് ആരോഗ്യപ്രവർത്തകരുടെ ജീവനും എന്ന കാര്യം ആരും മറക്കരുത്.
13-10-2025
ദുരിതബാധിതർക്കെതിരേയുള്ള ജപ്തി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അത്രയും നല്ലത്. ഇനി വേണ്ടത് കേന്ദ്രസർക്കാരിന്റെ നിലപാട് തിരുത്തിക്കാനുള്ള ശ്രമങ്ങളാണ്. വായ്പ എഴുതിത്തള്ളൽ, ദുരന്തത്തിനിരയായ നിസഹായരായ മനുഷ്യരുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല.
ഒടുവിൽ കേന്ദ്രസർക്കാർ തനിനിറം കാട്ടി. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാനാകില്ല. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതിന് രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ല; വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
സത്യവാങ്മൂലത്തോടു കോടതി അതിരൂക്ഷമായാണ് പ്രതികരിച്ചത്. ചിറ്റമ്മനയം വേണ്ട. കേന്ദ്രത്തിന് അധികാരമില്ലെന്ന് പറയാനാകില്ല. വായ്പ എഴുതിത്തള്ളാൻ മനസുണ്ടോ എന്നതാണ് പ്രശ്നം. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്നുപറയണം. ജസ്റ്റീസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് തുറന്നടിച്ചു. ആസാം, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസംകൂടി പണം അനുവദിച്ചത് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.
ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്? കേന്ദ്രസർക്കാരിനോട് കോടതിയുടെ ചോദ്യം. ഇതേ ചോദ്യമാണ് ജനങ്ങൾക്കും ചോദിക്കാനുള്ളത്. ആരുടെ കൂടെയാണ് നിങ്ങൾ എന്നൊരു ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. വായ്പകൾ എഴുതിത്തള്ളുമോ എന്ന കോടതിയുടെ ചോദ്യത്തിനു മറുപടി നല്കാൻതന്നെ ഒരു മാസത്തോളമെടുത്തു. വിചിത്രവും അപഹാസ്യവുമായിരുന്നു കാരണം. ഏതു മന്ത്രാലയമാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്ന കൺഫ്യൂഷനിൽ ആയിരുന്നത്രെ. കൺഫ്യൂഷൻ തീർക്കണമേ എന്നു പാടിപ്പാടി ഒടുവിൽ ദുരന്തബാധിതരുടെ മണ്ടയ്ക്കിട്ടു കൊട്ടുകയും ചെയ്തു.
ഒന്നോർക്കുക, കോർപറേറ്റ് വായ്പകൾ എഴുതിത്തള്ളാൻ ഒരു കൺഫ്യൂഷനുമില്ല. നിയമതടസങ്ങളുമില്ല. കൃത്യമായ സമയത്ത്, കൃത്യമായ ഇടത്തുനിന്ന് തീരുമാനം വരും. അറിയുക, 2014നും 2019നും ഇടയിൽ ഷെഡ്യൂൾഡ്, വാണിജ്യ ബാങ്കുകൾ എഴുതിത്തള്ളിയത് 6.35 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ്! ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ അഞ്ചുവർഷത്തിനുള്ളിൽ 1.6 ലക്ഷം കോടി രൂപ എഴുതിത്തള്ളി. ബാങ്കുകൾ തങ്ങളുടെ ബാലൻസ് ഷീറ്റുകളിൽനിന്ന് കിട്ടാക്കടം എഴുതിത്തള്ളുന്നത് (നീക്കം ചെയ്യുന്നത്) അവരുടെ കണക്കുകൾ ശരിയാക്കുന്നതിനും നികുതി കാര്യക്ഷമതയ്ക്കും വേണ്ടിയാണ്.
പിന്നീട്, ആ വായ്പകളിൽനിന്നു തിരിച്ചുപിടിക്കുന്ന തുക ലാഭമായി ചേർക്കുന്നു. “എഴുതിത്തള്ളൽ എന്നാൽ, പൂർണമായും ഒഴിവാക്കുന്നു എന്നല്ല അർഥം. കടമെടുത്തവർക്ക് എഴുതിത്തള്ളലിന്റെ പ്രയോജനം ലഭിക്കുന്നില്ല. ബാങ്കുകൾ ആ വായ്പകൾ തിരിച്ചുപിടിക്കുന്നത് തുടരുന്നു”- ഇതാണ് സർക്കാരിന്റെ സ്ഥിരം അവകാശവാദം.
എന്നാൽ, ഈ വാദം വെള്ളം ചേർക്കാത്ത കള്ളമാണെന്നതാണ് സത്യം. 2014-2019 കാലത്ത് എഴുതിത്തള്ളിയ 6.35 ലക്ഷം കോടിയിൽ വെറും 9.7 ശതമാനം മാത്രമാണ് തിരിച്ചുപിടിച്ചത് എന്നറിയുന്പോൾ സർക്കാർ വാദങ്ങളുടെ പൊള്ളത്തരം പകൽപോലെ വ്യക്തം. എഴുതിത്തള്ളിയതിൽ ഭൂരിഭാഗവും കോർപറേറ്റുകൾക്ക് നല്കിയ വലിയ വായ്പകളാണെന്നുകൂടി അറിയുന്പോൾ ദുഷ്ടലാക്കും വ്യക്തം.
ദുരിതബാധിത മേഖലയിലെ ആകെ വായ്പാ കുടിശിക ഏകദേശം 35.30 കോടി രൂപയാണ്, ഇതിൽ 11 കോടി രൂപയുടെ കാർഷിക വായ്പകളുണ്ട്. ബാക്കി ഭവന വായ്പകൾ, വ്യക്തിഗത വായ്പകൾ, എസ്എച്ച്ജി ലിങ്കേജ് വായ്പകൾ, വാഹന വായ്പകൾ തുടങ്ങിയവയും. മുകളിൽ പറഞ്ഞ സംഖ്യകളുമായി തട്ടിച്ചുനോക്കുന്പോൾ എത്രയോ കുറഞ്ഞ സംഖ്യയാണിത്.
ഇനി ഹൈക്കോടതി ഉന്നയിച്ച കാതലായ ചോദ്യത്തിലേക്കു വരാം. ചെയ്യാൻ മനസുണ്ടോ? കേരളത്തോടെന്താ ചിറ്റമ്മനയം? അതിനു മറുപടി പറയേണ്ടത് ജനങ്ങൾ തെരഞ്ഞെടുത്ത, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഭരണകൂടമാണ്. ദുരന്തബാധിത കുടുംബങ്ങളുടെ വായ്പകള് സംസ്ഥാന സര്ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ബാങ്ക് ഇതിനകം എഴുതിത്തള്ളിയിട്ടുണ്ട്. ഈ മാതൃക പിന്തുടർന്നുകൂടേ എന്ന് ഹൈക്കോടതിയും ചോദിച്ചിരുന്നു. ഇവിടെയാണ് മനസുണ്ടോ എന്ന ചോദ്യം പെരുമ്പറയടിക്കുന്നത്.
വീടുകളും കൃഷിഭൂമിയും നശിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽനിന്ന് വായ്പയുടെ ഇഎംഐ തിരിച്ചുപിടിക്കാൻ ധനകാര്യ സ്ഥാപനങ്ങൾ ശ്രമിച്ചത് തികച്ചും ക്രൂരമായിരുന്നു. ആ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരും മറ്റു രാഷ്ട്രീയ കക്ഷികളും സംഘടനകളുമെല്ലാം വായ്പ ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടത്.
സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുടെ യോഗം വിളിച്ചുചേർത്ത് എല്ലാ ബാങ്കുകൾക്കും മുന്നിൽ ഈ ആവശ്യം മുഖ്യമന്ത്രി ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തുനിന്ന് ഫണ്ട് ശേഖരിക്കുകയും വലിയ ലാഭം ഉണ്ടാക്കുകയും ചെയ്യുന്ന പൊതുമേഖലാ ബാങ്കുകൾ സാധാരണക്കാരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നു എന്ന ആരോപണം നേരത്തേയുണ്ട്.
കേന്ദ്ര നിലപാട് ഹൈക്കോടതിയെ മാത്രമല്ല അസ്വസ്ഥപ്പെടുത്തുന്നത്. ഈ രാജ്യത്ത് ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ആശങ്കയാണത്. ജനങ്ങൾ അങ്ങേയറ്റം ദുരിതമനുഭവിക്കുമ്പോൾപോലും ഭരിക്കുന്നവരുടെ രാഷ്ട്രീയം നോക്കി തീരുമാനമെടുക്കുന്ന ഭരണകൂടങ്ങൾ ജനാധിപത്യത്തിനു നാണക്കേടാണ്.
ദുരിതബാധിതർക്കെതിരേയുള്ള ജപ്തി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അത്രയും നല്ലത്. ഇനി വേണ്ടത് കേന്ദ്രസർക്കാരിന്റെ നിലപാടു തിരുത്തിക്കാനുള്ള ശ്രമങ്ങളാണ്. സംസ്ഥാനത്തുടനീളം നടന്ന് ‘തള്ളിമറിക്കുന്ന’ കേന്ദ്രമന്ത്രിമാരും ഇതിൽ ഇടപെടണം. വായ്പ എഴുതിത്തള്ളൽ ദുരന്തത്തിനിരയായ നിസഹായരായ മനുഷ്യരുടെ അവകാശമാണ്.
ആരുടെയും ഔദാര്യമല്ല. ഇത് കോടതിക്കു ബോധ്യമുണ്ട്. ആ ബോധ്യമാണ് ‘ഭരണഘടന വായിക്കൂ’ എന്ന പരാമർശത്തിലൂടെ പുറത്തുവന്നത്. ദുരന്തകാലത്തായാലും സമാധാനകാലത്തായാലും അതിജീവനം പോരാട്ടത്തിലൂടെ മാത്രമേ സാധിക്കൂ എന്ന സത്യം നമുക്കു മറക്കാതിരിക്കാം.
08-10-2025
ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു മോഷണക്കേസിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ആഗോള അയ്യപ്പഭക്തരെ ചതിച്ചവരെ കണ്ടെത്തണം, ശിക്ഷിക്കണം.
രാജ്യത്തെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന വിവരം ലക്ഷക്കണക്കിനു ഭക്തരുടെ ഹൃദയങ്ങളെ ഉലച്ചിരിക്കുന്നു. ശ്രീകോവിലിന്റെ കാവൽക്കാരായ ദ്വാരപാലകരുടെ ശില്പത്തെ പൊതിഞ്ഞ സ്വർണംപോലും തട്ടിയെടുത്തവർ മറ്റെന്തു കവർച്ചയ്ക്കും മടിക്കാത്തവരാണ്.
ദ്വാരപാലകരെ ‘വകവരുത്തിയവർ’ എവിടെയൊക്കെ കടന്നുകയറിയെന്നും അറിയേണ്ടതുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്പലംവിഴുങ്ങികളെ മാത്രമല്ല, അവരെ പോറ്റിവളർത്തിയവരെയും നിയമത്തിനു മുന്നിലെത്തിക്കട്ടെ. ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു മോഷണക്കേസിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്.
ശബരിമലയിൽനിന്ന് 2019ൽ അറ്റകുറ്റപ്പണിക്കു കൊണ്ടുപോയ അത്രയും സ്വർണം ദ്വാരപാലകശില്പത്തിനൊപ്പം തിരിച്ചെത്തിയില്ലെന്നു വ്യക്തമാണെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടിയത്. സ്വർണം പൊതിഞ്ഞ യഥാർഥ ദ്വാരപാലകശില്പങ്ങൾ 2019ൽ സ്പോൺസർ വില്പന നടത്തിയോയെന്നും സംശയിക്കാമെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി.
അഡീഷണല് ഡയറക്ടര് ജനറല് ഓഫ് പോലീസ് എച്ച്. വെങ്കിടേഷിനെ തലവനാക്കി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച കോടതി 30 വർഷത്തെ നടപടികൾ അന്വേഷണപരിധിയിൽ വരണമെന്നും ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു.
കഴിഞ്ഞ 40 വർഷമായി ശബരിമലയിലെ എല്ലാ ഇടപാടുകൾക്കും ദേവസ്വം ബോർഡിന്റെ ആളെന്ന മട്ടിൽ വ്യാപരിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മൂന്നുതവണ സ്വർണം പൂശിയ ചരിത്രമാണ് ദ്വാരപാലകശില്പങ്ങൾക്കുള്ളത്.
1998 സെപ്റ്റംബറിലാണ് വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിലും ദ്വാരപാലകശില്പങ്ങളും ആദ്യമായി സ്വർണം പൊതിഞ്ഞു കൊടുത്തത്. പിന്നീട് 2019 ജൂലൈയിൽ വീണ്ടും സ്വർണം പൊതിയാനെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന ആൾ ഇത് ദേവസ്വം ബോർഡിൽനിന്നു വാങ്ങിക്കൊണ്ടുപോയി.
സെപ്റ്റംബർ 11ന് പോറ്റിയിൽനിന്ന് ദേവസ്വം ബോർഡ് പാളികൾ തിരികെ വാങ്ങുകയും ശില്പത്തിൽ ചേർക്കുകയും ചെയ്തു. താൻ ദേവസ്വം ബോർഡിൽനിന്ന് ഏറ്റുവാങ്ങിയത് ചെന്പുപാളികളായിരുന്നെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്. എന്നാൽ, വിജയ് മല്യ 800 ഗ്രാം (100 പവൻ) സ്വർണത്തിൽ പൊതിഞ്ഞു കൊടുത്ത പാളികളാണ് 2019ൽ പോറ്റി കൊണ്ടുപോയതെന്നു വിജിലൻസ് കണ്ടെത്തിയെന്നാണു സൂചന.
അതു തിരിച്ചെത്തിച്ചപ്പോൾ 397 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. താൻ കൊണ്ടുപോയത് ചെന്പു പാളികളായിരുന്നെന്നും അരക്കിലോ സ്വർണം വാങ്ങിയതിൽ 397 ഗ്രാം പാളിക്കുവേണ്ടി ഉപയോഗിച്ചെന്നും ബാക്കി സ്വർണംകൊണ്ട് മാളികപ്പുറം ക്ഷേത്രത്തിൽ മാല പണിതു നൽകിയെന്നുമാണ് പോറ്റിയുടെ വാദം.
എങ്കിൽ വിജയ് മല്യ നൽകിയ 100 പവന്റെ സ്വർണപ്പാളി എവിടെയെന്ന ചോദ്യമാണ് ബാക്കി. മൂന്നാമത്തെ തവണ, ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിന് വീണ്ടും പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്കു കൊണ്ടുപോയി. 2019ൽ ദ്വാരപാലക പാളികൾക്കൊപ്പം രണ്ടു താങ്ങുപീഠങ്ങളും താൻ ദേവസ്വം ബോർഡിനെ ഏൽപ്പിച്ചെന്നും ഇപ്പോൾ സ്വർണം പൊതിയാൻ വേണമെങ്കിൽ അതിൽനിന്നെടുക്കാമെന്നും പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി ഇ-മെയിൽ അയച്ചു.
പക്ഷേ, ആ പീഠങ്ങൾ അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിൽനിന്ന് വിജിലൻസ് കണ്ടെത്തിയതോടെയാണ് പോറ്റി സംശയത്തിന്റെ നിഴലിലായത്. നിർദേശമുണ്ടായിരുന്നിട്ടും ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളികൾ ചെന്നൈയിലേക്കു കൊടുത്തുവിട്ട ദേവസ്വം ബോർഡിന്റെ നടപടിയും സംശയകരമാണ്.
മാത്രമല്ല, 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കു കൊടുത്ത പാളികൾ ചെന്പാണെന്ന് ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയതിനും ബോർഡിനു കൃത്യമായ മറുപടിയില്ല. ദേവസ്വം ബോർഡും ഉണ്ണികൃഷ്ണൻ പോറ്റിയും പറയുന്നതിലെ ദുരൂഹതകൾ അഴിക്കുന്പോൾ അന്വേഷണസംഘത്തിനു മുന്നിൽ വെളിപ്പെടുന്നതിൽ കാണാതായ സ്വർണപ്പാളികൾ മാത്രമായിരിക്കില്ല. സമഗ്രമായ അന്വേഷണം ഉണ്ടാകട്ടെ. ആഗോള അയ്യപ്പഭക്തരെ കബളിപ്പിച്ചത് ആരാണെങ്കിലും ശബരിമലയിൽ വച്ചുപൊറുപ്പിക്കരുത്.
സ്വന്തം നാട്ടിൽ ദൈവത്തിനുപോലും രക്ഷയില്ലെന്ന അവസ്ഥ സംജാതമായതിൽ സർക്കാരിനും കൈകഴുകാനാവില്ല. ശബരിമലയിൽ അവതാരങ്ങളെ ആവശ്യമില്ലെന്നും അകറ്റിനിർത്തണമെന്നുമാണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്. പക്ഷേ, കോടതി കർശന നിലപാട് സ്വീകരിക്കുവോളം ഇത്തരം അവതാരങ്ങൾ സർക്കാരിന്റെ കണ്ണിൽപ്പെട്ടില്ലെങ്കിൽ അപമാനകരമാണ്.
ദൈവത്തിൽ മാത്രമല്ല, ആരാധനാലയങ്ങളുടെ നടത്തിപ്പുകാരിലും ഭക്തർക്കു വിശ്വാസമുണ്ട്. ദൈവത്തിന്റെ ആളുകൾ ചതിക്കില്ലെന്ന വിശ്വാസം! നിർഭാഗ്യവശാൽ ആ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർ എല്ലാ മതസ്ഥാപനങ്ങളിലും കയറിക്കൂടിയിട്ടുണ്ട്. ശബരിമല എല്ലായിടത്തും തിരുത്തലിനുള്ള മുന്നറിയിപ്പാകട്ടെ.
07-10-2025
ജനങ്ങളുടെ ചോര കുടിക്കാൻ നേര്യമംഗലം-വാളറ റോഡിലെ അപകടവളവുകളിൽ
ഉദ്യോഗസ്ഥരുടെയും ഹർജിക്കാരുടെയും വേഷത്തിലെത്തുന്ന കള്ളിയങ്കാട്ടു നീലിമാരുണ്ടെങ്കിൽ തളയ്ക്കുകതന്നെ വേണം. ജനം അത്രയ്ക്കു മടുത്തു.
കേരളത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലേക്കുള്ള അപകടവഴി ഒന്നു നന്നാക്കാൻ പോലും കെൽപ്പില്ലാതെ വനംവകുപ്പിനും പരിസ്ഥിതി ഹർജിക്കാർക്കും മുന്നിൽ മുട്ടിടിച്ചു നിൽക്കുകയാണ് സർക്കാർ. ദേശീയപാത-85ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗത്തെ വിപുലീകരണ ജോലിയാണ് ബിജെപി നേതാവിന്റെ ഹർജിയിൽ കോടതി വിലക്കിയതിനെത്തുടർന്നു മൂന്നു മാസത്തോളമായി മുടങ്ങിക്കിടക്കുന്നത്.
ആദ്യം വഴിമുടക്കിയതു വനംവകുപ്പാണെങ്കിലും വഴി വനംവകുപ്പിന്റേതല്ലെന്നു സ്വകാര്യ വ്യക്തികൾ കോടതിയിൽ തെളിയിച്ചതോടെ പിന്മാറി. പിന്നാലെയാണ് പുതിയ ഹർജിക്കാരനെത്തിയത്. ഹർജിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊടുത്ത തെറ്റായ സത്യവാങ്മൂലം തിരുത്താൻ കോടതി രണ്ടുതവണ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. ഇന്നു മൂന്നാമത്തെ അവസരമാണ്.
മണ്ണിടിഞ്ഞും മരം വീണും വണ്ടിയിടിച്ചും മരണമേഖലയായ നേര്യമംഗലം-വാളറ റോഡ് സർക്കാർ നന്നാക്കുമോ? അതോ, വനംവകുപ്പിന്റെയും ബിനാമികളുടെയും താളത്തിനുള്ള തുള്ളൽ തുടരുമോ? ഇന്നറിയാം. കേരളത്തിന്റെ മലയോര-വനാതിർത്തി മേഖലകളെ വന്യജീവികൾക്കു സുഖവാസകേന്ദ്രവും കർഷകർക്കും ആദിവാസികൾക്കും മരണമേഖലയുമാക്കിയ വനംവകുപ്പാണ് നേര്യമംഗലം-വാളറ റോഡിലും വഴി മുടക്കിയത്.
കൊച്ചി-ധനുഷ്കോടി ദേശീയപാത (എൻഎച്ച് 85) 980 കോടി രൂപ മുടക്കി നവീകരിക്കുന്നതിനിടെയാണ് നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ വനമായതിനാൽ വീതി കൂട്ടാനോ കാനകൾ നിർമിക്കാനോ സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ലെന്നു പറഞ്ഞ് പണി തടസപ്പെടുത്തിയത്.
വനം മന്ത്രിയും സർക്കാരും നോക്കുകുത്തിയായി നിൽക്കവേ, ഇതിനെതിരേ മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥിനി കിരൺ സിജു, ഫാം (ഫാർമേഴ്സ് അവെയർനെസ് റിവൈവൽ മൂവ്മെന്റ്) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, ബബിൻ ജെയിംസ്, വാളറയിൽ റോഡരികിൽ കരിക്കു വിൽക്കുന്നതിനിടെ വനത്തിൽ അതിക്രമിച്ചു കയറിയെന്ന ആരോപണത്തത്തുടർന്ന് അറസ്റ്റിലായ മീരാൻ എന്നിവരാണ് റോഡ് വനംവകുപ്പിന്റേതല്ലെന്നു പറഞ്ഞു കോടതിയെ സമീപിച്ചത്.
തുടർന്ന്, രാജഭരണകാലം മുതലേ റോഡ് 100 അടി വീതിയിൽ പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തതാണെന്നും നിലവിലുള്ള റോഡിന്റെ നടുവിൽനിന്ന് ഇരുവശങ്ങളിലേക്കും അമ്പത് അടി വീതമുള്ള ഭാഗത്ത് വനംവകുപ്പിന് അവകാശമില്ലെന്നും റോഡുപണിക്കു തടസം നിൽക്കരുതെന്നും 2024 മേയ് 28ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു.
റവന്യു രേഖകൾ പ്രകാരം റോഡ് പുറമ്പോക്ക് എന്നു പറഞ്ഞിരിക്കുന്നതിനാൽ നിർമാണപ്രവർത്തനം നടത്താൻ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയും ആവശ്യമില്ല. അതിനുശേഷം, ഓഗസ്റ്റ് രണ്ടിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത മീറ്റിംഗിൽ, 10 മീറ്റർ വീതിയിൽ ടാറിംഗ് നടത്താമെന്നും വനംവകുപ്പ് തടസം സൃഷ്ടിക്കരുതെന്നും തീരുമാനമായി. പ്രശ്നം ഇവിടെ തീരേണ്ടതായിരുന്നെങ്കിലും ദുരൂഹമായ നീക്കങ്ങളാണ് പിന്നീടുണ്ടായത്.
ഇക്കൊല്ലം ജനുവരി 21നു തുടങ്ങിയ പണി തുടരുന്നതിനിടെയാണ് മരം മുറിച്ചെന്നാരോപിച്ച് ബിജെപി നേതാവ് എം.എൻ. ജയചന്ദ്രൻ കോടതിയിലെത്തിയത്. ഇതിന്റെ ഭാഗമായി, റിസർവ് വനമായിരുന്ന ഇവിടം റവന്യു ഭൂമിയായി പ്രഖ്യാപിക്കുന്ന വിജ്ഞാപനം പുറത്തിറക്കിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറിക്കുവേണ്ടി എന്നവകാശപ്പെട്ട് വനംവകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.
അതായത്, വനംവകുപ്പിന്റേതല്ലെന്നു കോടതി വിധിച്ച 14.5 കിലോമീറ്റർ വനമാണെന്നു വീണ്ടുമൊരു പ്രസ്താവന! 2024 ഓഗസ്റ്റ് രണ്ടിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെടുത്ത തീരുമാനത്തിനു കടകവിരുദ്ധമായി ചീഫ് സെക്രട്ടറിക്കുവേണ്ടി എന്നു പറഞ്ഞ് ഇത്തരമൊരു നിലപാട് ബിജെപി നേതാവിന്റെ ഹർജിയോടനുബന്ധിച്ച് സർക്കാർ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചതിൽ ദുരൂഹതയുണ്ട്.
ഇതു പരിഹരിക്കാൻ പുതിയ സത്യവാങ്മൂലം നൽകുമെന്നു സർക്കാർ പറഞ്ഞെങ്കിലും ഓഗസ്റ്റ് 21നും സെപ്റ്റംബർ 18നും കോടതി അനുവദിച്ച തീയതികളിൽ സർക്കാർ ഒരു രേഖയും സമർപ്പിച്ചില്ല. ഇന്ന് അവസാന തീയതി നൽകിയിരിക്കുകയാണ്. ഇന്നലെ ദേശീയപാത സംരക്ഷണ സമിതി റോഡ് ഉപരോധവും ചക്രസ്തംഭന സമരവും നടത്തി. ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ, നേര്യമംഗലം-വാളറ റോഡിൽ വനംവകുപ്പിനു കാര്യമില്ലെന്ന് സർക്കാർ ഇന്നു കോടതിയിൽ സത്യവാങ്മൂലം നൽകണം.
മാത്രമല്ല, സർക്കാരിന്റെ തീരുമാനങ്ങളെ ഉദ്യോഗസ്ഥർ അട്ടിമറിച്ചെങ്കിൽ ആ ഗൂഢാലോചന അന്വേഷിക്കണം. ഉത്തരവാദിയിൽനിന്ന് മൂന്നുമാസത്തോളം റോഡ് നിർമാണം മുടക്കിയതിന്റെ നഷ്ടം ഈടാക്കണം. ആർക്കും നിയന്ത്രണമില്ലാത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥഭരണം ജനജീവിതത്തെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്.
വന്യജീവി ആക്രമണത്തിലും കൃഷിനാശത്തിലും വനംവകുപ്പിന്റെ കള്ളക്കേസുകളിലും സഹികെട്ട ജനങ്ങളുടെ ചോര കുടിക്കാൻ നേര്യമംഗലം-വാളറ റോഡിലെ അപകടവളവുകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഹർജിക്കാരുടെയും വേഷത്തിലെത്തുന്ന കള്ളിയങ്കാട്ടു നീലിമാരുണ്ടെങ്കിൽ തളയ്ക്കുകതന്നെ വേണം. ജനം അത്രയ്ക്കു മടുത്തു.
06-10-2025
പാലക്കാട് എലപ്പുള്ളിയിൽ കുടിവെള്ളം മുട്ടിക്കുന്ന മദ്യനിർമാണശാല സ്ഥാപിക്കരുതെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം കരുത്താർജിക്കുകയാണ്. ദിവസങ്ങൾക്കുമുന്പ്, ശുചീകരണപ്രവർത്തനങ്ങൾക്ക് എന്നു പറഞ്ഞെത്തിയ മദ്യക്കന്പനിക്കാരെ ജനം തടഞ്ഞിരുന്നു. ഇന്ന്, പ്രദേശത്ത് സംസ്ഥാനതല സമ്മേളനം നടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നു മദ്യനിർമാണത്തിനുള്ള സ്പിരിറ്റ് വാങ്ങുന്നതിന്റെ നഷ്ടം ഒഴിവാക്കാമെന്നതാണ് സർക്കാരിന്റെ ന്യായം.
അതായത്, ഇപ്പോൾതന്നെ അമിതലാഭമുള്ള മദ്യക്കച്ചവടത്തെ കൊള്ളസങ്കേതമാക്കാനുള്ള ചതുരുപായങ്ങളിലാണ് സർക്കാർ. മദ്യവും മയക്കുമരുന്നും കേരളത്തിന്റെ ഏറ്റവും വലിയ ശാപമായി മാറിയതുപോലും സർക്കാരിനെ പിന്തിരിപ്പിക്കുന്നില്ല. ക്ഷേമത്തേക്കാൾ ലാഭത്തിനു പ്രാധാന്യം കൊടുക്കുന്ന ഈ നിലപാടിൽനിന്നു സർക്കാർ പിന്തിരിയണം. മദ്യക്കന്പനിയെ വാഴിക്കാൻ എലപ്പുള്ളിക്കാരെ വീഴിക്കരുത്.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളി ഗ്രാമപഞ്ചായത്തില് 600 കോടി നിക്ഷേപത്തില് വന്കിട മദ്യനിര്മാണത്തിനാണ് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് എക്സൈസ് വകുപ്പ് അനുമതി നല്കിയത്. പഞ്ചായത്തിനോട് ആലോചിക്കുകപോലും ചെയ്യാതെയുള്ള സർക്കാർ തീരുമാനം അറിഞ്ഞതുമുതൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. കോൺഗ്രസും ബിജെപിയും ജനങ്ങൾക്കൊപ്പമുണ്ട്.
നാലു ഘട്ടമായി 500 കിലോ ലിറ്റര് ശേഷിയുള്ള എഥനോള് പ്ലാന്റ്, മള്ട്ടി ഫീഡ് ഡിസ്റ്റിലേഷന് യൂണിറ്റ്, ഇന്ത്യന് നിര്മിത വിദേശ മദ്യ യൂണിറ്റ്, ബ്രൂവറി, മാള്ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി-വൈനറി പ്ലാന്റ് എന്നിവയുള്പ്പെട്ട മദ്യനിർമാണ കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. മദ്യനിര്മാണത്തിനാവശ്യമായ ഏകദേശം 80 ലക്ഷം ലിറ്റര് സ്പിരിറ്റ് പ്രതിമാസം മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, കര്ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില് നിന്നാണ് കേരളത്തിലേക്കു കൊണ്ടുവരുന്നത്.
ഇതുകാരണം ജിഎസ്ടിയിൽ 210 കോടിയുടെ നഷ്ടമുണ്ടെന്നാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. നിലവിൽ കിട്ടുന്ന 16,000 കോടിയിലധികം രൂപയുടെ മദ്യലാഭത്തിലേക്ക് ഇതുകൂടി ചേർക്കാൻ ജലദൗർലഭ്യമുള്ള ഗ്രാമത്തെ ഒരു മദ്യക്കന്പനിക്കു വിൽക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.
മലയാളിയെ അനാരോഗ്യത്തിലേക്കും അക്രമാസക്തിയിലേക്കും കുടുംബത്തകർച്ചകളിലേക്കും വലിച്ചെറിയുന്ന മദ്യവിൽപനയിലൂടെ സർക്കാരിനു കിട്ടുന്ന ലാഭം നിസാരമല്ല. കഴിഞ്ഞ സാമ്പത്തിക വര്ഷം കേരളത്തില് നടന്നത് 19,561.85 കോടിയുടെ മദ്യവില്പനയാണ്. 2023-24ൽ ഇത് 19,088.68 കോടിയും 2022-23ല് 18,510.98 കോടിയുമായിരുന്നു. വിൽക്കുന്നതിന്റെ ഒട്ടുമുക്കാലും ലാഭമണ്. അതായത്, നികുതിയിനത്തില് ഖജനാവിലേക്കെത്തുന്ന വരുമാനം വർഷം ഏകദേശം 17,000 കോടിയോട് അടുത്തു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതുമുതൽ 2025 മാർച്ച് 31 വരെ ബാർ ലൈസൻസ് ഫീസിനത്തിൽ ഖജനാവിലെത്തിയത് 1,225.70 കോടി രൂപ. ഇതൊന്നും പോരാഞ്ഞിട്ടാണ് സ്പിരിറ്റ് ഇറക്കുമതിയുടെ 210 കോടി ലാഭിക്കാൻ എലപ്പുള്ളിയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നത്. മദ്യക്കന്പനി പൂർണമായി പ്രവർത്തനസജ്ജമായാൽ പ്രതിദിനം വേണ്ടിവരുന്നത് അഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ്.
ഭൂവിനിയോഗം, നെൽവയൽ തണ്ണീർത്തട സംരക്ഷണം, കുടിവെള്ളവിതരണം, മാലിന്യനിർമാർജനം എന്നിവ പൂർണമായും പഞ്ചായത്തിന്റെ അധികാരപരിധിയിലാണെങ്കിലും അതിനെയൊക്കെ മറികടന്നാണ് മന്ത്രിസഭ മദ്യക്കന്പനിക്കുവേണ്ടി തീരുമാനമെടുത്തത്. അനുമതി കൊടുത്തത് സുതാര്യമായിട്ടല്ലെന്ന ആരോപണവുമുണ്ട്.
കന്പനി പുറംതള്ളുന്ന മാലിന്യം എങ്ങനെ സംസ്കരിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ മറുപടിയില്ല. ഭൂഗർഭജലമല്ല, മലന്പുഴ ഡാമിൽനിന്ന് എത്തിക്കുന്ന ജലമാണ് കന്പനി ഉപയോഗിക്കുന്നതെന്ന സർക്കാരിന്റെ വിശദീകരണം ഘടകകക്ഷിയായ സിപിഐ പോലും മുഖവിലയ്ക്കെടുത്തിട്ടില്ല. തമിഴ്നാടിനോട് ചേര്ന്നുകിടക്കുന്ന വരണ്ട പ്രദേശമായതിനാല് എലപ്പുള്ളിയിൽ നെല്ക്കൃഷിക്കു വെള്ളം തീരെയില്ല. പലരും കൃഷി ഉപേക്ഷിച്ചു.
കുടിവെള്ളത്തിനും ക്ഷാമമാണ്. പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ച സ്വാഗതസംഘവും കർഷക, പരിസ്ഥിതി, മനുഷ്യാവകാശ, മദ്യവിരുദ്ധ, ഗാന്ധിയൻ സംഘടനകളും ചേർന്നു രൂപീകരിച്ച ‘ഗാന്ധിയൻ സ്ട്രഗ്ൾ എഗെൻസ്റ്റ് പ്രൊപ്പോസ്ഡ് ബ്രൂവറി അറ്റ് എലപ്പുള്ളി’ എന്ന പ്രസ്ഥാനമാണ് ഇന്നു സംസ്ഥാനതല സമ്മേളനം സംഘടിപ്പിക്കുന്നത്. പദ്ധതിക്കു നൽകിയ പ്രാഥമികാനുമതി റദ്ദാക്കണമെന്നു ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി അതിനു കടകവിരുദ്ധമായ ഭരണമാണ് നടത്തുന്നത്. എലപ്പുള്ളിയിൽ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ ജനങ്ങൾ അതൃപ്തരാണ്. സിൽവർലൈനിനുവേണ്ടി ആയിരക്കണക്കിനു മനുഷ്യരുടെ ഭാവി അനിശ്ചതത്വത്തിലാക്കിയതുപോലെയുള്ള അപക്വമായ നടപടിയായി ഇതും മാറരുത്.
ലോകകന്പനിയായ കൊക്കക്കോളയെ കെട്ടുകെട്ടിച്ചത് പ്ലാച്ചിമടയിലെ ആദിവാസികൾ ഉൾപ്പെടുന്ന പാവങ്ങളായിരുന്നു. പഞ്ചായത്തുകളെ മറികടന്ന് തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കാം. പക്ഷേ, ജനവിരുദ്ധ തീരുമാനങ്ങളെടുക്കുന്ന മന്ത്രിസഭകളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ജനാധിപത്യം അതിനും മുകളിലാണെന്നു മറക്കരുത്. സിംഗൂരിലും നന്ദിഗ്രാമിലും അതിന്റെ സ്മാരകങ്ങളുണ്ട്; ധാർഷ്ട്യത്തിന്റെ കബറിടങ്ങൾപോലെ.
04-10-2025
ഭിന്നശേഷി സംവരണ ഒഴിവുകൾ സർക്കാർ നികത്തില്ല, മറ്റ് അധ്യാപകരുടെ നിയമനങ്ങൾ ക്രമപ്പെടുത്തുകയുമില്ല. കെടുകാര്യസ്ഥത മറയ്ക്കാൻ നുണ പോരാഞ്ഞ്, ഇപ്പോൾ വർഗീയ കാർഡും! മതിയാക്കൂ, ഈ രാഷ്ട്രീയാഭ്യാസം.
നുണ പറയുന്നവർക്കു വർഗീയത കളിക്കാനും മടിയുണ്ടാകില്ലെന്നു തോന്നും, വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ കേട്ടാൽ. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നായിരുന്നു ആദ്യ പ്രസ്താവന. ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും സർക്കാരിനു നിയമനം നടത്താൻ കഴിഞ്ഞിട്ടില്ലെന്നു തെളിഞ്ഞതോടെയാണ് രോഷാകുലനായ മന്ത്രി വർഗീയ കാർഡിറക്കിയത്. മതവും ജാതിയും നോക്കി വിരട്ടാന് നോക്കേണ്ടെന്നും കോടതിവിധി അനുസരിക്കണമെന്നുമാണ് ഭീഷണി.
ഭിന്നശേഷി ഒഴിവുകൾ നികത്താൻ സർക്കാർ പരാജയപ്പെട്ടതിനാൽ സ്ഥിരനിയമനം മുടങ്ങിയ മറ്റ് അധ്യാപകർക്കുവേണ്ടി ശബ്ദിക്കുന്നതിൽ എന്തു മതവും ജാതിയുമാണ് ഉള്ളതെന്നു മനസിലാകുന്നില്ല. ഇങ്ങനെയൊക്കെ വസ്തുതകളെ വളച്ചൊടിക്കണമെങ്കിൽ വർഗീയതയുടെ കനലൊരുതരിയെങ്കിലും ഉള്ളിലുണ്ടാകണം. തീർച്ചയായും ആത്മപരിശോധന നടത്തണം. 16,000 അധ്യാപകരാണു മഴയത്തു നിൽക്കുന്നത്; പതിനായിരക്കണക്കിനു വിദ്യാർഥികളും. വർഗീയ ധ്രുവീകരണമല്ല സർ, വകതിരിവാണു വേണ്ടത്.
അഞ്ചു വർഷത്തിലധികമായി സർക്കാരിനു പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപകരുടെ നിയമനം. ഈ നാലു ശതമാനം സംവരണം നടത്തിയില്ലെങ്കിൽ മറ്റ് അധ്യാപകരുടെ സ്ഥിരനിയമനം നടത്താനാവില്ല. സർക്കാരാണ് അധ്യാപകരെ കൊടുക്കേണ്ടതെങ്കിലും പൂർണമായും കഴിഞ്ഞിട്ടില്ല. മാനേജ്മെന്റുകൾ പത്രപ്പരസ്യത്തിലൂടെ ശ്രമിച്ചിട്ടും ആവശ്യത്തിനു ഭിന്നശേഷിക്കാരെ കിട്ടുന്നില്ല. ഇങ്ങനെ ഏകദേശം 16,000 അധ്യാപകർ ദിവസക്കൂലിക്കാരായി ആനുകൂല്യങ്ങളൊന്നുമില്ലാതെ നിൽക്കുകയാണ്.
ഒഴിവു നികത്താൻ സർക്കാർ അന്പേ പരാജയപ്പെട്ടതോടെ എൻഎസ്എസ് മാനേജ്മെന്റ് കോടതിയെ സമീപിച്ചു. സംവരണസീറ്റുകൾ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന് കഴിഞ്ഞ മാർച്ചിലെ വിധിയിൽ സുപ്രീംകോടതി തീർപ്പു കൽപ്പിക്കുകയും ചെയ്തു. സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുള്ളതുമാണ്. പക്ഷേ, സർക്കാർ ഒഴിവു നികത്തില്ല, മറ്റു നിയമനങ്ങൾ ക്രമപ്പെടുത്തുകയുമില്ല. ഈ കെടുകാര്യസ്ഥത മറയ്ക്കാനാണ് നുണകളും ഒടുവിൽ വർഗീയ കാർഡും വീശുന്നത്.
ക്രൈസ്തവ മാനേജ്മെന്റുകളുടെ മാത്രം പ്രതിസന്ധിയല്ലെങ്കിലും വിഷയം ചൂണ്ടിക്കാണിച്ചതിനാൽ മന്ത്രിയുടെ കലി അവരോടായി. സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും കോടതിക്കും നൽകിയിട്ടുമുണ്ട്.
പക്ഷേ, വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറയുന്നത്. “മതവും ജാതിയും നോക്കി വിരട്ടാന് നോക്കേണ്ട. കോടതിവിധി അനുസരിക്കണം. എയ്ഡഡ് സ്കൂളുകളില് അയ്യായിരത്തിലധികം ഒഴിവുകളുണ്ട്. അത് റിപ്പോര്ട്ട് ചെയ്യാത്തവര്ക്കെതിരേ നടപടിയുണ്ടാകും. എല്ഡിഎഫിനെതിരായി എക്കാലത്തും നിലപാട് സ്വീകരിച്ചവരാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗവണ്മെന്റ് കീഴടങ്ങില്ല. പണ്ട് വിമോചനസമരം നടത്താന് സാധിച്ചിട്ടുണ്ടാകാം. ഇപ്പോള് നടത്താന് സാധിച്ചെന്നു വരില്ല. സ്വകാര്യ മാനേജ്മെന്റുകളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും അവര്ക്കുള്ള ആനുകൂല്യങ്ങളും വിദ്യാര്ഥികളുടെ കാര്യങ്ങളും ഗവണ്മെന്റ് സംരക്ഷിക്കും”. ആദ്യപ്രസ്താവന നുണയായിരുന്നെങ്കിൽ ഇത്തവണ വർഗീയതകൂടി തിരുകിക്കയറ്റി. പക്ഷേ, വെറുതെ വർഗീയത പറഞ്ഞ് ആടിനെ പട്ടിയാക്കാൻ പറ്റില്ലല്ലോ. ഇതു കേരളമല്ലേ.
ഈ മന്ത്രിയുടെ പെരുമാറ്റത്തിൽ സർക്കാരിന് ഒരു പ്രത്യേകതയും തോന്നുന്നില്ലേ? ആരാണ് മതവും ജാതിയും നോക്കി സർക്കാരിനെ വിരട്ടിയത്? ക്രൈസ്തവ മാനേജ്മെന്റുകളുടെ സ്കൂളുകളിൽ മാത്രമാണോ ഈ വിഷയമുള്ളത്? ഈ സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ കുടുങ്ങിപ്പോയ 16,000 അധ്യാപകരും ക്രൈസ്തവരാണോ, അവർ പഠിപ്പിക്കുന്ന പതിനായിരക്കണക്കിനു വിദ്യാർഥികളെല്ലാം ക്രൈസ്തവരാണോ? ഇതൊന്നുമല്ലെങ്കിൽ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് എന്തെങ്കിലും ജാതി-മത ധ്രുവീകരണമാണോ ലക്ഷ്യം?
എൽഡിഎഫിനെതിരായി എല്ലാക്കാലത്തും നിലപാട് സ്വീകരിച്ചവരാണ് ഇപ്പോൾ സമരവുമായി രംഗത്തെത്തിയതത്രേ! ക്രൈസ്തവ സഭകളുടേത് ഉൾപ്പെടെയുള്ള എയ്ഡഡ് സ്കൂൾ മാനേജ്മെന്റും 16,000 വരുന്ന അധ്യാപകരും അവരുടെ കുടുംബങ്ങളും ഈ അനീതിക്കെതിരേ പ്രതികരിക്കുന്നവരുമൊക്കെ എൽഡിഎഫിനെതിരേ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ, ഈ സർക്കാർ വീണ്ടും അധികാരത്തിലെത്തുമായിരുന്നോ? അതോ എൽഡിഎഫിനെതിരേ നിലപാട് എടുത്താൽ, അധ്യാപകരെ ദ്രോഹിച്ചാണെങ്കിലും സമുദായത്തെ പാഠം പഠിപ്പിക്കുമെന്നാണോ? എങ്കിൽ തുറന്നുപറയണം.
പിന്നെയീ, ജനദ്രോഹസർക്കാരുകൾക്കെതിരേയുള്ള അവകാശസമരങ്ങളും വിമോചനസമരവുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഇല്ലെന്നേയുള്ളൂ. അതുപോലെ, ഭിന്നശേഷി സംവരണ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേ നടപടിയെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. കണക്കുകൾ പുറത്തു വരട്ടെ. ഈ സർക്കാർ നീതിയുടെ പക്ഷത്താണെങ്കിൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേയും റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവിന്റെ പകുതിപോലും നികത്താനാകാതെ നുണപ്രചാരണവും വർഗീയാക്ഷേപവും നടത്തുന്നവർക്കെതിരേയും നടപടിയെടുക്കണം. അധ്യാപകരെ സ്ഥിരപ്പെടുത്തിയാൽ സർക്കാരിനുണ്ടാകുന്ന അധികച്ചെലവാണ് പ്രശ്നമെങ്കിൽ, അതിനുള്ള സാന്പത്തികഭദ്രതയില്ലെങ്കിൽ, മാനേജ്മെന്റുകൾ കോടതിയിൽ പോയാൽ വിഷയം നീട്ടിക്കൊണ്ടു പോകാമെന്നാണെങ്കിൽ... അതു പറയണം.
ഭിന്നശേഷിക്കാരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിലാകട്ടെ, കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ മികവിലാകട്ടെ ക്രൈസ്തവസഭകൾ തല ഉയർത്തിത്തന്നെയാണു നിൽക്കുന്നത്. സ്വാശ്രയ വിഷയങ്ങളിലുൾപ്പെടെ ഏറെ ചെളിവാരിയെറിഞ്ഞിട്ടുള്ളതും സിപിഎമ്മാണ്. പക്ഷേ, നിയമസംവിധാനങ്ങളുള്ളതുകൊണ്ട് തകർക്കാനായിട്ടില്ല. മന്ത്രീ, അങ്ങയുടെ പാർട്ടിയുടെ വിദ്യാർഥി സംഘടന ഇവിടത്തെ കലാലയങ്ങളിൽ ചെയ്യുന്ന അപനിർമിതിയാണ് നിങ്ങൾ വിദ്യാഭ്യാസമേഖലയോടു ചെയ്തുകൊണ്ടിരിക്കുന്നത്. റാഗിംഗ്, ആൾക്കൂട്ട വിചാരണകൾ, മാർക്ക് തട്ടിപ്പ്, നേതാവിന്റെ സ്ത്രീവിരുദ്ധത, സർവകലാശാലകളിലെ പിൻവാതിൽ നിയമനങ്ങൾ, അക്രമം, ഗുണ്ടായിസം... കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും യുവാക്കൾ രക്ഷപ്പെടുകയാണ്. മറക്കരുത്. വിദ്യാഭ്യാസത്തെ രാഷ്ട്രീയാഭ്യാസമാക്കരുത്.
ഇനിയും പറയും; ഭിന്നശേഷിക്കാരുടെ ഒഴിവു നികത്താനുള്ള കഴിവുകേടു മറച്ചുവച്ച് മറ്റ് അധ്യാപകരുടെ സ്ഥിരനിയമനം തടഞ്ഞ് അവരെ ബന്ദികളാക്കുന്ന കൊടിയ മനുഷ്യാവകാശലംഘനമാണ് ഈ സർക്കാർ നടത്തുന്നത്. മന്ത്രി ശിവൻകുട്ടി വർഗീയാരോപണം നടത്തിക്കളയുമോയെന്നു പേടിച്ച്, കേരളം കണ്ട ഏറ്റവും വലിയ കെടുകാര്യസ്ഥതയും അനീതിയും കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ അധ്യാപകരുടെയും ആശമാരുടെയുമൊക്കെ കണ്ണീർ നിങ്ങളെ വേട്ടയാടില്ലെന്നാണോ കരുതുന്നത്?
03-10-2025
പലസ്തീനികളും യഹൂദരും വെറുക്കപ്പെട്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ.
എന്നേക്കുമായി പലസ്തീനികളുടെ കണ്ണീരുണങ്ങുമെന്നും യഹൂദരുടെ സുരക്ഷാഭീതി ശമിക്കുമെന്നും പറയാറായിട്ടില്ലെങ്കിലും ഒരു സമാധാനപദ്ധതി രൂപംകൊണ്ടിരിക്കുന്നു. അമേരിക്കയുടെ മുൻകൈയിൽ തയാറാക്കപ്പെട്ടതെങ്കിലും അറബ് രാജ്യങ്ങളും പിന്തുണയ്ക്കുന്ന പദ്ധതി നടപ്പായാൽ പലസ്തീനികൾക്കും യഹൂദർക്കും സമാധാനത്തോടെ ജീവിക്കാനുള്ള പുതിയൊരു യുഗത്തിന്റെ ഉദ്ഘാടനമായേക്കാം.
ഭീകരപ്രസ്ഥാനമായ ഹമാസിന് ഭരണപങ്കാളിത്തമില്ലാത്ത പദ്ധതി, ഗാസയെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഇരവാദത്തിനുള്ള ഷോകേസായി ഉപയോഗിക്കുന്നവർക്കും ഇസ്രയേൽ വിരുദ്ധതയാൽ അന്ധരായവർക്കും വോട്ട് രാഷ്ട്രീയക്കാർക്കും ഒഴികെയുള്ള ജനാധിപത്യലോകത്തിന് ആശ്വാസകരമായിരിക്കും.
വൈറ്റ് ഹൗസ് പുറത്തിറക്കിയ സമാധാനപദ്ധതിയിൽ 20 നിർദേശങ്ങളാണുള്ളത്. വെടിനിർത്തൽ, ബന്ദികളുടെയും തടവുകാരുടെയും മോചനം, ഘട്ടങ്ങളായി ഇസ്രയേൽ സൈന്യത്തിന്റെ പിൻവാങ്ങൽ, അടിയന്തര സഹായങ്ങളെത്തിക്കൽ, ഐക്യരാഷ്ട്രസഭ, സന്നദ്ധസംഘടനകൾ എന്നിവയിലൂടെയുള്ള പുനർനിർമാണം തുടങ്ങിയവ ഇതിലുണ്ട്. ഭരണമാറ്റമാണ് പദ്ധതിയുടെ കാതൽ.
ട്രംപ് അധ്യക്ഷനായ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ പോലുള്ള വ്യക്തികൾ ഉൾപ്പെടുന്ന, ‘ബോർഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര സമിതിയുടെ മേൽനോട്ടത്തിൽ ഒരു പലസ്തീൻ സമിതി ഗാസ ഭരിക്കും. ഹമാസിനെ നിരായുധീകരിക്കുകയും സംഘത്തിലുള്ളവർക്ക് പൊതുമാപ്പ് നൽകുകയും ചെയ്യും. ഹമാസ് കേന്ദ്രങ്ങളും ടണലുകളും ഇല്ലാതാക്കി ഗാസയെ പുനർനിർമിക്കും.
അമേരിക്ക, അറബ്, പ്രാദേശിക പങ്കാളികൾ അടങ്ങുന്ന ഒരു ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് (ഐഎസ്എഫ്) പലസ്തീൻ പോലീസിനൊപ്പം സുരക്ഷാപ്രവർത്തനങ്ങൾ നയിക്കും. ക്രമേണ, ഗാസയുടെ ഭരണം പരിഷ്കരിച്ച പലസ്തീൻ അഥോറിറ്റിക്ക് (പിഎ) കൈമാറും. അഥോറിറ്റിയുടെ പരിഷ്കാരനിർദേശങ്ങളും ട്രംപിന്റെ 2020ലെ ‘വികസനത്തിനു സമാധാനം’ പദ്ധതിയും അടിസ്ഥാനമാക്കി പലസ്തീൻ സ്വയംനിർണയത്തിലേക്കും പരമാധികാര രാഷ്ട്രത്തിലേക്കും നീങ്ങും.
നെതന്യാഹു അമേരിക്കൻ പദ്ധതി അംഗീകരിച്ചെങ്കിലും പലസ്തീൻ രാഷ്ട്രം അംഗീകരിക്കില്ലെന്ന നിലപാടിലാണെന്നു റിപ്പോർട്ടുണ്ട്. മധ്യസ്ഥരാജ്യങ്ങളായ ഖത്തറും ഈജിപ്തും നിർദേശങ്ങൾ ഹമാസ് പ്രതിനിധികൾക്കു കൈമാറി. 3-4 ദിവസങ്ങൾക്കകം ഇത് അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യമാകും ഫലമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിട്ടുമുണ്ട്.
1948ൽ ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച ദ്വിരാഷ്ട്രവാദത്തെ തള്ളിക്കളഞ്ഞ പലസ്തീൻ സംഘടനകളുടെയും അറബ് രാഷ്ട്രങ്ങളുടെയും ചരിത്രപരമായ മണ്ടത്തരം തിരുത്താനുള്ള അവസരമായി പദ്ധതിയെ സ്വീകരിക്കാവുന്നതാണ്.‘നദി മുതൽ കടൽ വരെ’ എന്ന മുദ്രാവാക്യം പലസ്തീനികളും യഹൂദരും ഉപേക്ഷിച്ച് പരസ്പരം അംഗീകരിച്ചാൽ ഏറെ സാധ്യതകളുള്ള പദ്ധതിയാണിത്.
1948ൽ പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനു രണ്ടു വർഷം മുന്പ് പിഎൽഒ നേതാവ് യാസർ അരാഫത്ത്, ഇസ്രയേൽ ഇല്ലാത്ത പലസ്തീനെ സ്വപ്നം കണ്ട് ഉയർത്തിയ മുദ്രാവാക്യമാണ് ‘നദി മുതൽ കടൽ വരെ’, അഥവാ ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ എന്നത്. ഇതിനു തിരിച്ചടിയായി 1977ൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി, “കടലിനും ജോർദാനുമിടയിൽ ഇസ്രേലി പരമാധികാരം മാത്രമേ ഉണ്ടാകൂ” എന്നു പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം, ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു ഇത് ആവർത്തിക്കുകയും ചെയ്തു. പല രാജ്യങ്ങളും നിരോധിച്ച ഈ മുദ്രാവാക്യം ബ്രിട്ടനിലെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഉയർത്തിയതിനാണ് ആൻഡി മക് ഡൊണാൾഡ് എംപിയെ കഴിഞ്ഞദിവസം ലേബർ പാർട്ടി പുറത്താക്കിയത്. ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ പലസ്തീൻ അനുകൂല റാലിക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു.
സിപിഎമ്മിനും കോൺഗ്രസിനും ഇസ്രയേൽ പ്രശ്നം നിലനിൽക്കണമെന്ന് വാശിയൊന്നും ഉണ്ടാകാനിടയില്ലെങ്കിലും, അതിന്റെ പേരിൽ ലഭിക്കാനിടയുള്ള വോട്ടുകൾ ഉപേക്ഷിക്കാനാകില്ല. പലസ്തീൻ പരിഹാരം എന്നതിലുപരി ഇസ്രയേൽ വിരുദ്ധതയുടെ വിൽപ്പന സാധ്യത അവർക്കറിയാം. ഹമാസ് ഇല്ലാത്ത പലസ്തീൻ പരിഹാരത്തിനു പിന്തുണയേറുന്നുണ്ടെന്നത് ആശാവഹമാണ്; ഇസ്ലാമിക തീവ്രവാദത്തിനു തിരിച്ചടിയും.
തങ്ങൾ വംശഹത്യയാണു നടത്തുന്നതെങ്കിൽ ജറുസലെമിലും വെസ്റ്റ് ബാങ്കിലും പലസ്തീൻ നാഷണൽ അഥോറിറ്റിയുടെ കീഴിലുള്ള പ്രദേശങ്ങളിലും എങ്ങനെയാണ് പലസ്തീനികൾ സുരക്ഷിതരായി കഴിയുന്നത്, എന്തിനാണ് ഗാസയിലേക്കുള്ള ഓരോ ആക്രമണത്തിനും മുന്പ് പലസ്തീനികളെ ഒഴിപ്പിക്കുന്നത്, എന്തിനാണ് ഹമാസ് തട്ടിയെടുക്കുന്നതിനിടയിലും പലസ്തീനികൾക്കു ഭക്ഷണവും മരുന്നുമെത്തിച്ചുകൊണ്ടിരിക്കുന്നത്, എന്തിനാണ് സ്വന്തം സുരക്ഷയ്ക്കുവേണ്ടി ഹമാസിനോട് പോരാടുന്നതൊഴിച്ചാൽ ലോകത്ത് ഒരിടത്തും ഒരു മുസ്ലിമിനെയും തങ്ങൾ ലക്ഷ്യമിടാത്തത്? നെതന്യാഹു ഉൾപ്പെടെയുള്ള യഹൂദരുടെ ഈ ചോദ്യങ്ങൾക്ക് കൂക്കിവിളി മറുപടിയാകില്ല.
ലോകത്തിന്റെ അങ്ങേയറ്റം വരെ ജൂതനും ക്രിസ്ത്യാനിക്കും ജീവിക്കാൻ അവകാശമില്ലെന്നു കരുതുന്ന ഹമാസ് ഉൾപ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളിൽ വംശീയതയുടെ ലക്ഷണങ്ങൾ കാണാത്തവർക്കു മുന്നിൽ ചോദ്യം ചാകാതെ നിൽക്കും. ഒരു ബോട്ട് യാത്രയുടെ കഥകൂടി പറയാം. ഗാസയിലെ വേദനിക്കുന്ന മനുഷ്യർക്കുള്ള ഭക്ഷണവും മരുന്നുമായി ഗ്രേറ്റ തുംബെർഗ് ഗാസയിലേക്കു പോയത് മനുഷ്യത്വത്തിന്റെ ഭാഗമാണ്.
പക്ഷേ, ഹമാസിന്റെ സഹോദരസ്ഥാപനങ്ങളായ ഇസ്ലാമിക് സ്റ്റേറ്റും ബൊക്കോ ഹറാമും ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾ വർഷങ്ങളായി നിരവധി രാജ്യങ്ങളിൽ വെടിവച്ചും കഴുത്തറത്തും കൊല്ലുകയും, ക്രൂരമായി ബലാത്സംഗം ചെയ്യുകയും, ജന്മനാടുകളിൽനിന്ന് ആട്ടിപ്പായിക്കുകയും ചെയ്ത ലക്ഷക്കണക്കിനു ക്രൈസ്തവർക്ക് ആശ്വാസമെത്തിക്കുന്നതു പോയിട്ട് അതൊക്കെ ചെയ്തുകൊണ്ടേയിരിക്കുന്ന ഭീകരർക്കെതിരേ ഗ്രേറ്റ ഒരു വാക്കെങ്കിലും ഉരിയാടുന്നതു കേട്ടവരുണ്ടോ?
ഗ്രേറ്റയുടെ ബോട്ടുകളിൽ ഭക്ഷണവും മരുന്നുമാണെങ്കിൽ അതൊഴുകുന്ന കടലിൽ ലിബിയയിലെ സെർത്ത് കടപ്പുറത്ത് ഇസ്ലാമിക തീവ്രവാദികൾ കഴുത്തറത്ത 20 പേരുടേത് ഉൾപ്പെടെ ആയിരക്കണക്കിനു ക്രിസ്ത്യാനികളുടെ ചോരയുണ്ട്. ഗാസയിലെ പലസ്തീനികളുടെ പലായനകാലത്തുതന്നെ അസർബൈജാനിൽനിന്ന് തല്ലിയോടിക്കപ്പെട്ട അർമേനിയൻ ക്രിസ്ത്യാനികളോട് നിങ്ങളൊരു ഐക്യദാർഢ്യവും പ്രകടിപ്പിച്ചിട്ടില്ല.
നൈജീരിയയിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വീണുകൊണ്ടിരിക്കുന്ന ചോര നിങ്ങളുടെയൊക്കെ മൗനംകൊണ്ട് നിലവിളിക്കുകയാണ്. ഗ്രേറ്റയുടേതു ജീവകാരുണ്യപ്രവൃത്തി തന്നെയാണ്. പക്ഷേ, എല്ലാ മനുഷ്യർക്കും അനുവദിച്ചിട്ടില്ലാത്ത ഇത്തരം ജീവകാരുണ്യ ബോട്ടുകൾ മനുഷ്യത്വത്തിന്റെയോ വിശ്വസാഹോദര്യത്തിന്റെയോ തുറമുഖങ്ങളിൽനിന്നു പുറപ്പെട്ടതല്ലെന്ന യാഥാർഥ്യം തുറന്നുപറയേണ്ടതുണ്ട്.
ഇസ്ലാമിക തീവ്രവാദത്തിന്റെ വംശവെറിയും മനുഷ്യാവകാശത്തിന്റെയും വിമോചനപ്പോരാട്ടങ്ങളുടെയും മറയിലുള്ള അതിന്റെ പരകായപ്രവേശവും അവസാനിക്കട്ടെ, ജനാധിപത്യത്തിന്റെയും തീവ്രവാദ പ്രീണനത്തിന്റെയും കൊടി ഒന്നിച്ചു പിടിക്കുന്ന തട്ടിപ്പുരാഷ്ട്രീയം തുലയട്ടെ.
പലസ്തീനികളും യഹൂദരും പരസ്പരം വെറുക്കേണ്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ. ഗാസയിലെ ഒടുവിലത്തെ സൈത്തുമരവും മണ്ണടിയുംമുന്പ് മനുഷ്യരാശി അതിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കട്ടെ.
01-10-2025
വർഗീയതയുടെ ചപ്പുചവറുകളെ രാഷ്ട്രീയത്തിൽനിന്നും മറ്റ് പൊതു-സ്വകാര്യ ഇടങ്ങളിൽനിന്നുമെല്ലാം നിർമാർജനം ചെയ്യേണ്ട രാജ്യസേവനദിനമാണ് നാളെ; ഗാന്ധിജയന്തി.
ഗാന്ധിഭക്തരിൽനിന്ന് ഗോഡ്സെ ഭക്തരിലേക്കുള്ള ഒരുപറ്റം ഇന്ത്യക്കാരുടെ പരിണാമത്തിന്റെ ചരിത്രംകൂടിയാണ് സമകാലിക ഇന്ത്യൻ രാഷ്ട്രീയം. അതു രാഷ്ട്രീയത്തിന്റെ പരാജയം എന്നതിനൊപ്പം അതിലേക്കു നുഴഞ്ഞുകയറിയ ഗോഡ്സെയുടെ വിജയമായിട്ടാണ് വിലയിരുത്തേണ്ടത്. ഗോഡ്സെ ഒരു ആശയമാണ്; മതരാഷ്ട്രീയത്തിന്റെ ഹിംസാത്മക ആശയം.
അതിനെ തൂക്കിലേറ്റാനാവില്ലെന്നു തിരിച്ചറിഞ്ഞ്, ജാഗ്രത പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയോ പുതുക്കുകയോ ചെയ്യേണ്ട ദിവസമാണ് നാളെ. വർഗീയതയുടെ ചപ്പുചവറുകളെ രാഷ്ട്രീയത്തിൽനിന്നും മറ്റ് പൊതു-സ്വകാര്യ ഇടങ്ങളിൽനിന്നുമെല്ലാം നിർമാർജനം ചെയ്യേണ്ട രാജ്യസേവനദിനം; ഗാന്ധിജയന്തി.
ഗാന്ധിജയന്തിയിൽ എന്തുകൊണ്ട് നാം ഗാന്ധിവധത്തെ പരാമർശിച്ചു എന്നു ചോദിച്ചാൽ, മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനത്തെ മഹത്വരമാക്കിയത് ജനനമല്ല, അദ്ദേഹം പിന്നീട് നയിച്ച ജീവിതമാണ്. സത്യത്തിലും അഹിംസയിലും അടിയുറച്ചുനിന്ന അവിശ്വസനീയമായ രാഷ്ട്രീയത്തിൽനിന്നാണ് മഹാത്മാഗാന്ധി പിറന്നത്.
ഈ രാജ്യത്തെ മുഴുവൻ മനുഷ്യരെയും ഒന്നിച്ചുണർത്തി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ നേർക്കുനേർ നിർത്തുകയെന്ന ഏറെക്കുറെ അസാധ്യമായിരുന്ന കാര്യമാണ് അദ്ദേഹം ചെയ്തത്. പക്ഷേ, ഗാന്ധിജി ഉണർത്തിയ ദേശീയബോധത്തോട് അടിയറവു പറഞ്ഞ് സാമ്രാജ്യത്വം പിൻവാങ്ങിയെങ്കിലും, മതമെന്നാൽ വിദ്വേഷവും അക്രമോത്സുകതയും വികലദേശീയതയുമാണെന്ന ആശയത്തെ പിന്തുടർന്ന നഥുറാം ഗോഡ്സെ, അഹിംസയെ അഥവാ ഗാന്ധിയെ പിന്തുടരുകയായിരുന്നു. ഗോഡ്സെ മാത്രമല്ല, ഗാന്ധിയും ആശയമാണ്.
നാം ഏതു തെരഞ്ഞെടുക്കുന്നു എന്നതാണ് ഇന്ത്യയെ കാലാകാലം നിർവചിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ഉണ്ടായിരുന്ന രണ്ട് ആശയധാരകളെക്കുറിച്ച്, ‘എന്തുകൊണ്ട് ഞാൻ ഗാന്ധിയെ കൊന്നു’ എന്ന പുസ്തകത്തിൽ ഗോഡ്സെ പറയുന്നുണ്ട്. “എല്ലാത്തിലുമുപരി, വീർ സവർക്കറും ഗാന്ധിജിയും എഴുതുകയും പറയുകയും ചെയ്തതെല്ലാം ഞാൻ സൂക്ഷ്മമായി പഠിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ, കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ ഇന്ത്യക്കാരുടെ ചിന്തയെയും പ്രവൃത്തിയെയും രൂപപ്പെടുത്തുന്നതിൽ മറ്റേതൊരു ഘടകത്തേക്കാളും ഈ രണ്ട് പ്രത്യയശാസ്ത്രങ്ങൾ കൂടുതൽ സംഭാവന നൽകിയിട്ടുണ്ട്.
ഇത്തരത്തിലുള്ള വായനയും ചിന്തയുമെല്ലാം ഒരു ദേശസ്നേഹി എന്ന നിലയിലും ലോക പൗരൻ എന്ന നിലയിലും ഹിന്ദുത്വത്തെയും ഹിന്ദുക്കളെയും സേവിക്കുക എന്നതാണ് എന്റെ പ്രഥമ കടമയെന്ന് വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചു.”രാജ്യം ഒറ്റക്കെട്ടായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും നേതാക്കളുൾപ്പെടെ ജയിൽവാസം അനുഭവിക്കുകയും നിരവധിപേർ രക്തസാക്ഷികളാകുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കേ, രാജ്യത്ത് സമാന്തരമായി വളർത്തപ്പെട്ടുകൊണ്ടിരുന്ന മറ്റൊരാശയം സവർക്കറിന്റേതായിരുന്നു എന്ന് ഗോഡ്സെ സാക്ഷ്യപ്പെടുത്തുകയാണ്.
1948 മേയ് 27 മുതൽ 1949 ഫെബ്രുവരി 10 വരെയായിരുന്നു ഗാന്ധിവധത്തിന്റെ വിചാരണ. വധശിക്ഷയ്ക്കുമേലുള്ള അപ്പീലിൽ 1949 മേയ് അഞ്ചിന് പഞ്ചാബ് ഹൈക്കോടതിയുടെ സിംല സെഷനിൽ നടത്തിയ പ്രസ്താവനയിലാണ് താൻ തെരഞ്ഞെടുത്ത സവർക്കർ ആശയത്തെക്കുറിച്ച് ഗോഡ്സെ പറഞ്ഞത്. 76 വർഷം പിന്നിട്ടു. രാഷ്ട്രപിതാവിനെ മുഖാമുഖം നിന്നു വെടിവച്ചുകൊല്ലാൻ തക്കവിധം ഗോഡ്സെയെ സ്വാധീനിച്ച ആശയം സജീവമാകുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്.
ഹിന്ദുത്വയെ സേവിക്കലാണ് ദേശസ്നേഹത്തിന്റെയും ലോകപൗരത്വത്തിന്റെയും കടമയെന്നു കരുതുന്ന ഗോഡ്സെയുടെ ഇടുങ്ങിയ വീക്ഷണം രാജ്യത്തെ യഥാർഥ വികസനത്തിൽനിന്നും പുരോഗതിയിൽനിന്നും പിന്നോട്ടടിക്കുകയാണ്. എല്ലാവരുടെയും പങ്ക് ആവശ്യമില്ലെന്നു തോന്നിപ്പിക്കുന്ന രാഷ്ട്രീയനടപടികളെ എങ്ങനെയാണ് രാഷ്ട്രനിർമാണമെന്നു വിവക്ഷിക്കാനാകുന്നത്?
മതം രാഷ്ട്രീയത്തിൽ പിടിമുറുക്കുന്പോൾ ഗാന്ധിജിയുടെ ആത്മകഥയിലെ ചില വാക്യങ്ങൾ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ളതാണ്. “സത്യമാണ് എന്നെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്; മതത്തിന് രാഷ്ട്രീയത്തിൽ ഒരു കാര്യവുമില്ലെന്നു പറയുന്നവർക്ക് മതം എന്താണെന്ന് അറിയില്ലെന്ന് എനിക്ക് നേരിയ സന്ദേഹംപോലുമില്ലാതെ, എല്ലാ വിനയത്തോടെയും പറയാൻ കഴിയും.”
ആത്മകഥയിലെ ഗാന്ധിജിയുടെ വാക്കുകൾ രാഷ്ട്രീയത്തിലെ മതത്തിന്റെ ഇടപെടലുകളെ ന്യായീകരിക്കുന്നുവെന്നു തോന്നിക്കുന്നതാണ്. പക്ഷേ, ഗാന്ധിജി സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ സാധ്യമാക്കിയ മതം നാം കണ്ടുകൊണ്ടിരിക്കുന്ന ആചാരാനുഷ്ഠാന-പ്രകടന-വെട്ടിപ്പിടിക്കൽ കേന്ദ്രീകൃതമായ മതവുമായി ഒരു ബന്ധവുമുള്ളതല്ല. അതുകൊണ്ട്, അത്യന്തം മൂല്യാധിഷ്ഠിത ആശയതലത്തിൽ ഗാന്ധിജിയുടെ മത-രാഷ്ട്രീയബന്ധത്തെ നിലനിർത്തിക്കൊണ്ട്, പ്രായോഗിക തലത്തിൽ മതത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്തേണ്ടതുണ്ട്.
നമുക്ക് മതത്തെ സ്വകാര്യവിഷയമായി നിലനിർത്തണം. അധികാരലബ്ധിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ ഒതുങ്ങുന്നതല്ല രാഷ്ട്രീയമെന്നു മതേതര രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം. സമൂഹമാധ്യമങ്ങളിലുൾപ്പെടെ വളർന്നു പന്തലിക്കുന്ന മതധ്രുവീകരണത്തെ ചെറുക്കാൻ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും മുൻകൈയെടുക്കണം. മതങ്ങളുടെ നിശബ്ദത വർഗീയതയുടെ ശബ്ദമായി രൂപാന്തരപ്പെടരുത്.
വർഗീയതയുടെ നുഴഞ്ഞുകയറ്റം മതാധിഷ്ഠിത പാർട്ടികളിൽ മാത്രമല്ലെന്നും മറക്കരുത്. അതിനെ ഒഴിപ്പിക്കുന്നതിനു പകരം, പൗരന്റെ ന്യായമായ അവകാശങ്ങളെ മതാടിസ്ഥാനത്തിൽ പരിഹരിച്ചുകൊടുക്കാൻ ശ്രമിക്കുന്ന പാർട്ടികളും വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. വർഗീയത സ്വന്തം മതത്തിന്റേതായാൽ ന്യായീകരിക്കുന്ന പ്രലോഭനങ്ങൾക്ക് ആരും വഴങ്ങരുത്. മതേതര ചട്ടക്കൂടുകളെ ബലപ്പെടുത്തുന്ന എന്താണ് കരിക്കുലങ്ങളിലുള്ളതെന്നു നാം പരിശോധിക്കണം.
വിദ്യാർഥികളോടു പറയണം, സ്വന്തം മതത്തെ സേവിക്കുന്നതാണ് ദേശസ്നേഹമെന്നു കരുതുന്ന ഗോഡ്സെയുടേതല്ല, എല്ലാവരെയും ചേർത്തുനിർത്തുന്ന ഗാന്ധിജിയുടേതാണ് ഇന്ത്യയെന്ന്. മാധ്യമങ്ങളും വർഗീയമുക്തമായ രാഷ്ട്രീയത്തിനും രാഷ്ട്രത്തിനും വേണ്ടി പുതിയൊരു സ്വാതന്ത്ര്യസമരത്തിലെന്നപോലെ പങ്കെടുക്കണം.
വൈകിയെങ്കിലും തിരിച്ചറിയൂ, ഇന്ത്യൻ രാഷ്ട്രീയത്തിൽ പിടിമുറുക്കിയ ഗോഡ്സെ സമസ്തമേഖലകളിലേക്കും ചുവടുവയ്ക്കുന്നുണ്ട്. ഗോഡ്സെ തനിച്ചുവരില്ല; വെറുപ്പിന്റെയും ഇതരമത വിദ്വേഷത്തിന്റെയും അതിദേശീയവാദത്തിന്റെയും തോക്ക് അയാളുടെ മസ്തിഷ്കത്തിലും കൈയിലുമുണ്ടാകും. ഉചിതമായ സമയത്ത് അത് പുറത്തെടുക്കുകതന്നെ ചെയ്യും. ജാഗ്രത പാലിക്കുമെന്നു പ്രതിജ്ഞയെടുക്കാനുള്ള ദിവസമാണ് നാളെ; ഗാന്ധിജയന്തി.
30-09-2025
എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി സംവരണ പ്രതിസന്ധിയുടെ പേരിൽ വേലയ്ക്കു കൂലിയും അവകാശങ്ങളും നിഷേധിക്കപ്പട്ടവർക്കും തോന്നേണ്ടേ
ഇവിടെയൊരു സർക്കാരുണ്ടെന്ന്!
ഈ സർക്കാർ പൗരന്മാരിൽനിന്ന് ആവശ്യപ്പെട്ട എല്ലാ ആദരവുകളും നൽകിക്കൊണ്ടു പറയട്ടെ, ബഹു. വിദ്യാഭ്യാസമന്ത്രി ഏതു രാഷ്ട്രീയത്തിന്റെയോ തെരഞ്ഞെടുപ്പിന്റെയോ ഭാഗമാകട്ടെ; നുണ പറയരുത്. ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നു ധ്വനിപ്പിക്കുന്ന അങ്ങയുടെ പ്രസ്താവന നുണയും അവഹേളനവുമാണ്.
സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും കോടതിക്കും നൽകിയിട്ടുണ്ടെന്ന യാഥാർഥ്യം മറച്ചുവച്ചുകൊണ്ടുള്ള ഈ പ്രസ്താവന, നീതിക്കു മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടത്തുന്ന അഭ്യാസംപോലെയാണ് തോന്നുന്നത്. ദയവായി, ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തിൽ നിയമവിരുദ്ധരായി ചിത്രീകരിക്കരുത്.
എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്കായി നിയമാനുസൃത ഒഴിവുകൾ എയ്ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന്, എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ, സുപ്രീംകോടതി തീർപ്പു കൽപ്പിച്ചത് കഴിഞ്ഞ മാർച്ചിലാണ്. തുടർന്ന് അനുകൂലമായ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തു.
സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതിയുടെ ഈ വിധിന്യായത്തിൽതന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യത്തിൽ ക്രിസ്ത്യൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യം ഹൈക്കോടതിയിൽനിന്ന് അനുകൂലമായ ഉത്തരവ് നേടിയിട്ടുമുണ്ട്. വിധിയുടെ സത്ത ഉൾക്കൊണ്ട്, ഈ കോടതി ഉത്തരവ് പ്രകാരം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ സമാനമായുള്ള പ്രതിസന്ധിയും പരിഹരിച്ചുകൂടേ എന്നേ ചോദിച്ചുള്ളൂ.
നിർഭാഗ്യവശാൽ വിദ്യാഭ്യാസവകുപ്പിന്റെ ധിക്കാരപൂർവമായ മറുപടി, “നിങ്ങൾ വേണമെങ്കിൽ കോടതിയിൽ പൊയ്ക്കൊള്ളൂ” എന്നായിരുന്നു. പൗരാവകാശങ്ങൾക്കുവേണ്ടി എപ്പോഴും കോടതിയിൽ പോകാനാണെങ്കിൽ ജനാധിപത്യ സർക്കാരിന്റെ ചുമതലയെന്താണെന്നുകൂടി മന്ത്രി വ്യക്തമാക്കണമെന്ന സീറോമലബാർ സഭയുടെ പ്രതികരണം മന്ത്രിയെ ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണ്. നീതി ചോദിക്കുന്നവരോട് “ന്നാ താൻ കേസ് കൊട്” എന്നാണോ ഒരു ജനാധിപത്യ സർക്കാർ പറയേണ്ടത്?
2017 മുതൽ നാലു ശതമാനം ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിക്കണമെന്നാണു വ്യവസ്ഥ. പക്ഷേ, പത്രപ്പരസ്യങ്ങൾ കൊടുത്തിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സമീപിച്ചിട്ടും യോഗ്യതയുള്ള ഭിന്നശേഷിക്കാരെ പല വിഷയത്തിലും കിട്ടാനില്ല. സർക്കാരിനും ഇതറിയാം. സംവരണം പാലിച്ചിട്ടില്ലെങ്കിൽ, 2021 നവംബർ എട്ടിനുശേഷമുള്ള മറ്റ് അധ്യാപകരുടെ നിയമനങ്ങളും അതിനു മുന്പുള്ള തസ്തികയാണെങ്കിൽപോലും സ്ഥിരനിയമനം നൽകിയത് ഈ തീയതിക്കു ശേഷമാണെങ്കിൽ അതും താത്കാലിക നിയമനമായേ അംഗീകരിക്കൂ.
താത്കാലികക്കാർക്ക് ഉയർന്ന ശന്പളമോ ആനുകൂല്യങ്ങളോ ശന്പളത്തോടെയുള്ള അവധിയോ കൊടുക്കേണ്ടതില്ലാത്തതിനാൽ സർക്കാരിന് ലാഭമായിരിക്കാം. മാത്രമല്ല, ദിവസവേതനാടിസ്ഥാനത്തിൽ നിയമന ഉത്തരവു നൽകിയാൽ സ്ഥിരനിയമനമെന്ന അവകാശം കോടതിയിൽപോലും അധ്യാപകർക്ക് ഉന്നയിക്കാനാവില്ല. മാനേജ്മെന്റുകളോടുള്ള ഈ സർക്കാരിന്റെ പക ഏകദേശം 16,000ത്തിലധികം അധ്യാപകരെയും ലക്ഷക്കണക്കിനു വിദ്യാർഥികളെയും ദുരിതത്തിലാക്കിയിട്ടു വർഷങ്ങളായി.
നീതിക്കുവേണ്ടിയുള്ള എൻഎസ്എസിന്റെ നിയമപോരാട്ടം ധീരമായിരുന്നു. അതിനുമുന്പ് വിദ്യാഭ്യാസരംഗത്തെ പ്രമുഖരെല്ലാം ചൂണ്ടിക്കാട്ടിയ നീതി സർക്കാർ നടപ്പാക്കിയിരുന്നെങ്കിൽ എൻഎസ്എസിനു കോടതിയെ സമീപിക്കേണ്ടിവരില്ലായിരുന്നു. പുറത്തു പറഞ്ഞതല്ല, സർക്കാർ അന്നു കോടതിയിൽ പറഞ്ഞത്. ഭിന്നശേഷി സംവരണത്തിനായി മാറ്റിവയ്ക്കേണ്ടതിൽ ഒഴികെയുള്ളവയുടെ കാര്യത്തിൽ എതിർപ്പില്ലെന്ന് സമ്മതിക്കുകയായിരുന്നു.
ക്രൈസ്തവ സഭകളുടെയും മുസ്ലിം മാനേജ്മെന്റിന്റെയും വ്യക്തികളുടെയുമൊക്കെ സ്കൂളുകളിൽ ഇതേ പ്രതിസന്ധിയാണ്. പക്ഷേ, സമ്മതിക്കില്ല. ഈ ഇരട്ടത്താപ്പ് മറച്ചുവയ്ക്കാനാണ് ഇപ്പോൾ നുണപ്രചാരണവും തുടങ്ങിയിരിക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതു തിരുത്തുക തന്നെ വേണം. അതിനു പകരം, അതെല്ലാം പിൻവാതിൽ നിയമനത്തിനുള്ള നീക്കമാണെന്നു കാണുന്നത്, മഞ്ഞപ്പിത്തക്കാഴ്ചയുടെ ഫലമാണ്.
ഭിന്നശേഷിക്കാരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ജാതിമത ഭേദമില്ലാതെ ചേർത്തുനിർത്തി കാലങ്ങളായി ലാഭേച്ഛയില്ലാതെ പരിചരിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളെക്കുറിച്ച് ഈ സർക്കാരിന് അറിയില്ലായിരിക്കാം. പലരും പിൻവാതിലുകളിലൂടെ അവിടെയെത്തിക്കുന്ന കുഞ്ഞുങ്ങളെ സ്വന്തമെന്നപോലെ പരിചരിക്കുന്നവരെയും നിങ്ങൾക്ക് അറിയില്ലായിരിക്കാം. പക്ഷേ, അറിയാൻ ശ്രമിക്കണം. സാരമില്ല; പക്ഷേ, നിന്ദിക്കരുത്.
നാലു വോട്ടിനും കുറച്ചു സീറ്റിനുംവേണ്ടി ബഹു. മന്ത്രീ, നിങ്ങൾ നുണ പറയരുത്. ഭിന്നശേഷിക്കാരായ അധ്യാപകരെ ആവശ്യത്തിനു കിട്ടുന്നില്ലെന്ന നഗ്നസത്യം അംഗീകരിക്കാനുള്ള മര്യാദയാണ് ഈ സർക്കാർ ആദ്യം കാണിക്കേണ്ടത്. എന്നിട്ട് മറ്റു നിയമനങ്ങൾ അംഗീകരിക്കൂ. നീതിക്കായ് കാത്തിരിക്കുന്ന ആ മനുഷ്യർക്കും തോന്നട്ടെ തങ്ങൾ പറയുന്നതു കേൾക്കാൻ ഇവിടെയൊരു സർക്കാരുണ്ടെന്ന്. മുഖ്യമന്ത്രി തങ്ങൾക്കൊപ്പമാണെന്നതു കേവലം പരസ്യമല്ലെന്നും തോന്നട്ടെ.
29-09-2025
രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു.
തകർന്നുവീണ സിസ്റ്റത്തിൽ ശ്വാസംമുട്ടി 40 പേർകൂടി മരിച്ചു. ശനിയാഴ്ച തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി ടിവികെ (തമിഴക വെട്രി കഴകം) കരൂരിൽ നടത്തിയ റാലിയിൽ പങ്കെടുത്തവരും കാഴ്ചക്കാരുമാണ് തിക്കിലും തിരക്കിലും പെട്ടു മരിച്ചത്.
രാഷ്ട്രീയത്തിലും മതത്തിലും ആശ്വാസം തേടി തിങ്ങിക്കൂടുന്ന മനുഷ്യർ തിരക്കിൽ ശ്വാസംമുട്ടി മരിക്കുന്നത് ആദ്യമല്ല; അവസാനത്തേതുമായിരിക്കില്ല. കാരണം, ഒന്നിനു പിറകെ മറ്റൊന്നായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്പോഴും സർക്കാരുകൾ ഒരു മുൻകരുതലും സ്വീകരിക്കുന്നില്ല.
ഒരിറ്റു വെള്ളത്തിനും ഒടുവിലൊരു ശ്വാസത്തിനുമായുള്ള മനുഷ്യരുടെ പിടച്ചിൽ നിഷ്ക്രിയ ഭരണകൂടങ്ങളെയും അതിന്റെ ഉത്പന്നമായ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെയും നോവിക്കുന്നില്ല. രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു.
നാമക്കലിലെ യോഗത്തിൽ പങ്കെടുത്തശേഷം രാത്രി ഏഴോടെയാണ് ടിവികെ പ്രസിഡന്റ് വിജയ് കരൂരിലെത്തിയത്. കരൂർ വേലുച്ചാമിപുരത്ത് ഉച്ചയ്ക്കു നടക്കേണ്ടിയിരുന്ന റാലി വൈകിയതോടെ രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നവരും പിന്നീട് എത്തിയവരുമായി ആൾക്കൂട്ടം പെരുകി. 10,000 പേരെ പ്രതീക്ഷിച്ചിടത്ത് 1.5 ലക്ഷം പേർ എത്തിയെന്നാണ് ചില കണക്കുകൾ.
നാമക്കലിൽനിന്ന് മറ്റു വാഹനങ്ങളിൽ വിജയ്യെ പിന്തുടർന്നെത്തിയവരും തിരക്കു വർധിപ്പിച്ചു. ഇതിനിടെ ഒരു മരക്കൊന്പ് ഒടിഞ്ഞുവീണതോടെ ആളുകൾ ചിതറിയോടിയെന്നും ഏതാണ്ട് അതേസമയത്ത് പോലീസ് ലാത്തിച്ചാർജ് നടത്തിയെന്നുമൊക്കെ റിപ്പോർട്ടുകളുണ്ട്. ദുരന്തത്തിനുമുമ്പ് കല്ലേറുണ്ടായെന്നും വേദിക്കടുത്ത് പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച ടിവികെ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഗൂഢാലോചനാ സിദ്ധാന്തങ്ങളും പാർട്ടികളുടെ ആരോപണ-പ്രത്യാരോപണങ്ങളുമൊക്കെ ഇത്തരം ആൾക്കൂട്ട ദുരന്തങ്ങളുടെ പിന്നാലെ പതിവുള്ളതാണ്. അതിന്റെ യാഥാർഥ്യങ്ങൾ തെളിഞ്ഞാലും, തിരുത്തലുകൾ നടത്തി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഒരു നടപടിയും ഉണ്ടാകില്ല.
കഴിഞ്ഞ ജൂൺ നാലിനാണ് ഐപിഎല്ലിൽ ആദ്യമായി കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണപരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്. മേയ് മൂന്നിന് ഉത്തരഗോവയിലെ ശ്രീ ലായ്റായി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഏഴുപേർ മരിക്കുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രുവരി 15ന് അർധരാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 കുംഭമേള തീർഥാടകരെങ്കിലും മരിച്ചു. ജനുവരി 29ന് മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ 30 പേരാണ് പ്രയാഗ്രാജിൽ തിരക്കിൽപ്പെട്ടു മരിച്ചത്. ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറു പേർ മരിച്ചത് ജനുവരി എട്ടിന്. ഇതൊക്കെ ഇക്കൊല്ലം മാത്രം സംഭവിച്ചതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കിൽ ഈ മനുഷ്യനിർമിത ദുരന്തങ്ങൾ ഇങ്ങനെ തുടർക്കഥയാകില്ലായിരുന്നു.
കരൂർ ദുരന്തത്തിൽ സർക്കാരും വിജയ്യും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസധനവും പരിക്കേറ്റവർക്ക് ചികിത്സാസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അതാവശ്യമാണ്. പക്ഷേ, ദുരന്തത്തിൽനിന്നു പാഠങ്ങൾ പഠിച്ച് ഇനി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലും, അഴിമതിയില്ലാത്തതും കർശനവുമായ നടപടിക്രമങ്ങളും അതുപോലെതന്നെ പ്രധാനമാണ്. തമിഴ് രാഷ്ട്രീയത്തിൽ പുതിയ മുന്നേറ്റത്തിനിറങ്ങിയിരിക്കുന്ന ടിവികെയുടെ പ്രാദേശിക നേതാക്കൾക്കെതിരേ മാത്രമല്ല, പ്രസിഡന്റ് വിജയ്ക്കെതിരേയും കേസെടുക്കണം.
രാവിലെ മുതൽ വേലുച്ചാമിപുരത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിനു സാക്ഷിയായിട്ടും അനുമതി റദ്ദാക്കാതിരുന്ന ഉദ്യോഗസ്ഥരെയെല്ലാം പ്രതികളാക്കണം. മാതൃകാപരമായ ശിക്ഷയുണ്ടായാൽ മരണം വിതയ്ക്കുന്ന കെടുകാര്യസ്ഥത ഒരുപരിധിവരെയെങ്കിലും കുറയും. ജനങ്ങളും തിരിച്ചറിയണം, യഥാർഥ രാഷ്ട്രീയത്തെയും മതത്തെയുമൊന്നും ശ്വാസംമുട്ടിക്കുന്ന ആൾക്കൂട്ടങ്ങളിലല്ല തിരയേണ്ടത്. ആൾദൈവങ്ങളൊന്നും നിങ്ങളില്ലാതാകുന്ന വീടിനു തണലാകില്ല.
രാജ്യത്ത്, ഒന്പതു മാസത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്ന ആറാമത്തെ വലിയ ദുരന്തമാണ് കരൂരിലേത്. ഏതാനും സസ്പെൻഷനുകൾ ഒഴിച്ചാൽ ബാക്കി അഞ്ചിലും അന്വേഷണവും നടപടികളുമൊക്കെ ഇഴയുകയാണ്. ആ പട്ടികയിലേക്ക് കരൂരിനെയും ചേർത്തുവയ്ക്കാനാണെങ്കിൽ ഏഴാമത്തേത് എവിടെ, എത്ര മരണം എന്നുകൂടിയേ എഴുതിച്ചേർക്കേണ്ടതുള്ളൂ. ജനം കരുതിയിരിക്കുക.
27-09-2025
രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി. എവിടെ വരുമെന്നല്ല വരുമോയെന്നു മാത്രം പറയൂ.
കേരളത്തിൽ എയിംസിന് (ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്) തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കലുങ്ക് സംവാദത്തിൽ പറഞ്ഞത് അഭിനന്ദനാർഹമാണ്. അദ്ദേഹത്തിന് കേന്ദ്രസർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടായിരിക്കാം.
അല്ലെങ്കിൽ അതിവിടെ കൊണ്ടുവരുന്ന കാര്യത്തിൽ അത്ര നിശ്ചയദാർഢ്യം ഉണ്ടായിരിക്കാം. എന്തായാലും മലയാളിക്ക് അതിന്റെ രാഷ്ട്രീയം പ്രശ്നമല്ല. ചികിത്സയുടെയും ആരോഗ്യ ഗവേഷണത്തിന്റെയും ഈ മികച്ച സ്ഥാപനം വരുന്നത് കേരളത്തിന്റെ ഏറെനാളായുള്ള കാത്തിരിപ്പാണ്. അതുകൊണ്ട്, രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഏറ്റവും മികച്ച കേന്ദ്രമാണ് എയിംസ്. അഖിലേന്ത്യാ പ്രവേശനപരീക്ഷയിലൂടെ വിവിധ എയിംസുകളിലായി മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദ്യാർഥികൾ പരിമിതമായ ഫീസിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്. ഏറ്റവും മികച്ച ചികിത്സയും ലഭ്യമാണ്. രാജ്യത്തെ എറ്റവും മികച്ച ഗവേഷണങ്ങൾ എയിംസിൽനിന്നാണ് പുറത്തുവരുന്നത്.
അക്യൂട്ട് ലിംബോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച കുട്ടികളിൽ 30 ശതമാനമായിരുന്നു അതിജീവനത്തിന്റെ നിരക്കെങ്കിൽ നിലവിലത് 88 ശതമാനമായി ഉയർന്നെന്ന ആശ്വാസകരമായ റിപ്പോർട്ട് ദിവസങ്ങൾക്കുമുന്പ് പുറത്തുവിട്ടത് എയിംസാണ്. ഇത്തരമൊരു സ്ഥാപനം കേരളത്തിൽ എവിടെ സ്ഥാപിക്കണമെന്ന തർക്കം കേട്ട് പലരും ആശയക്കുഴപ്പത്തിലാണ്. കാരണം, എയിംസ് അനുവദിച്ചതുകൊണ്ടാകാം ഈ തർക്കമെന്നാണ് പലരും കരുതിയിരിക്കുന്നത്.
അങ്ങനെയൊരു സംഭവമേയില്ല. ഇതാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയം. എയിംസ് കേരളത്തിന് അനുവദിക്കുമോ എന്നതിനെക്കുറിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. പക്ഷേ, അതെവിടെ സ്ഥാപിക്കുമെന്നതിനെക്കുറിച്ചു തർക്കം ഉച്ചസ്ഥായിയിലാണ്. ഈ രാഷ്ട്രീയ തർക്കം എയിംസിന്റെ സാധ്യതകളെപ്പോലും ഇല്ലാതാക്കുമെങ്കിൽ അത് അവസാനിപ്പിക്കണം.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പഠിക്കാൻ വിദ്യാർഥികൾ ക്യൂ നിൽക്കുന്പോൾ സ്ഥലത്തെക്കുറിച്ചുള്ള തർക്കം എയിംസിലും ചികിത്സയില്ലാത്ത രാഷ്ട്രീയരോഗമാണ്. ഇത്തരം തർക്കങ്ങൾ പുതിയതല്ല; പക്ഷേ, ഈ രാഷ്ട്രീയം പുതിയതാണ്. ഇന്ത്യയിലെ ആദ്യത്തെ എയിംസ് 1956ൽ ഡൽഹിയിൽ സ്ഥാപിതമായി.
അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആഗ്രഹം അതു കോൽക്കത്തയിൽ സ്ഥാപിക്കണമെന്നായിരുന്നു. പക്ഷേ, പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബി.സി. റോയ് നിരസിച്ചതിനെത്തുടർന്ന് ന്യൂഡൽഹിയിൽ സ്ഥാപിക്കുകയായിരുന്നു എന്നാണ് ചില രേഖകൾ പറയുന്നത്. നെഹ്റുവിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ-പ്രാദേശിക പരിഗണനകൾക്കപ്പുറമായിരുന്നു രാജ്യം.
രാജ്യത്തിന്റെ വികസനത്തെ ശാസ്ത്രവുമായി ബന്ധപ്പെടുത്തണമെന്ന നിർബന്ധബുദ്ധിയുണ്ടായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ആ കാഴ്ചപ്പാടിന്റെ സ്മാരകമാണ് എയിംസ്. ഏകദേശം ഏഴു പതിറ്റാണ്ടിനുശേഷം ആലപ്പുഴയിലാണോ തൃശൂരാണോ തിരുവനന്തപുരത്താണോ കാസർഗോട്ടാണോ കോഴിക്കോട്ടാണോ വേണ്ടതെന്ന തർക്കത്തിലാണ് നമ്മൾ.
അതിലേറെയും, എയിംസ് തങ്ങളുടെ മണ്ഡലത്തിലെത്തിക്കാൻവേണ്ടി തങ്ങൾ ശ്രമിച്ചിരുന്നു എന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള വെറും അഭ്യാസങ്ങളാണ്. രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിൽ അനുമതിയായിട്ടില്ലെന്നുകൂടി ഓർമിക്കണം. രാജ്യത്തും വിദേശത്തും ഏറ്റവുമധികം ഡോക്ടർമാരെയും നഴ്സുമാരെയും സംഭാവന ചെയ്യുന്ന കേരളത്തിൽ ഇതു സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പലപ്പോഴും ബജറ്റുകളിൽ അതു ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഏതോ രാഷ്ട്രീയം അതിനെയൊക്കെ കടപുഴക്കിക്കളഞ്ഞു. ഇപ്പോൾ ആ ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. കേരളത്തിന് എയിംസ് അനുവദിച്ചതായി കേന്ദ്രം ഇന്നു പറഞ്ഞാൽ നാളെ രാവിലെ സ്ഥലം നൽകാൻ സർക്കാർ സജ്ജമാണെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
ഒരുപക്ഷേ, എയിംസ് കിട്ടാനിടയില്ലെന്ന തോന്നലാകാം അദ്ദേഹത്തെക്കൊണ്ട് അതു പറയിച്ചത്. അതുകൊണ്ട്, സ്ഥലത്തെക്കുറിച്ച് തർക്കിക്കുന്ന ജനപ്രതിനിധികളും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആദ്യം കേരളത്തിന് എയിംസ് നേടിയെടുക്കൂ. ചാൾസ് ഡിക്കൻസിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്: “വസ്തുതകൾ... വസ്തുതകൾ മാത്രമേ ജീവിതത്തിൽ ആവശ്യമായിട്ടുള്ളൂ.” എയിംസിന്റെ കാര്യത്തിൽ നാം അതുമാത്രം കാണുന്നില്ല.
26-09-2025
ലഡാക്കിലെ നിരാഹാര സമരങ്ങൾ തെരുവുയുദ്ധങ്ങളായി മാറിയതിന്റെ നാൾവഴി പരിശോധിക്കേണ്ടതാണ്. അതിവേഗ മാറ്റങ്ങളുടെ ഡിജിറ്റൽ തലമുറ, കെടുകാര്യസ്ഥതയുടെ ഇഴയുന്ന രാഷ്ട്രീയത്തെ ചോദ്യംചെയ്യുകയാണ്.
കാഷ്മീരിലെ മഞ്ഞുമലകൾക്കു കീഴിലെ അഗ്നിപർവതങ്ങൾ അണഞ്ഞിട്ടില്ല. ലഡാക്കിലെ യുവാക്കളുടെ കണ്ണുകളിലൂടെ അതു പുകയുന്നുണ്ടെങ്കിൽ കേന്ദ്രസർക്കാർ പരിഗണനയുടെയും അംഗീകാരത്തിന്റെയും ലേപനങ്ങളുമായി അവിടെയെത്തണം. കേന്ദ്രഭരണപ്രദേശമെന്ന പദവിയിൽ പ്രതീക്ഷയർപ്പിച്ചിരുന്നവരാണ് ഇപ്പോൾ സംസ്ഥാനപദവി ആവശ്യപ്പെട്ടു സമരത്തിനിറങ്ങിയിരിക്കുന്നത്.
ലഡാക്കിലെ നിരാഹാര സമരങ്ങൾ തെരുവുയുദ്ധങ്ങളായി മാറിയതിന്റെ നാൾവഴി പരിശോധിക്കേണ്ടതാണ്. അതിവേഗ മാറ്റങ്ങളുടെ ഡിജിറ്റൽ തലമുറ, കെടുകാര്യസ്ഥതയുടെ ഇഴയുന്ന രാഷ്ട്രീയത്തെ ചോദ്യംചെയ്യുകയാണ്. അക്രമാസക്തമല്ലെങ്കിൽ ജെൻ-സി സമരങ്ങളെ രോഗമായല്ല, വൃദ്ധരാഷ്ട്രീയത്തിനുള്ള മരുന്നായി കണ്ടാൽ മതി.
ലഡാക്കിനു പൂർണ സംസ്ഥാന പദവി നല്കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം പത്തു മുതൽ 15 നേതാക്കൾ 35 ദിവസത്തെ നിരാഹാരസമരം നടത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് സമരക്കാരെ ചൊവ്വാഴ്ച ആശുപത്രിയിലേക്കു മാറ്റി.
ഇതോടെ ലഡാക്ക് അപ്പെക്സ് ബോഡി (എൽഎബി) എന്ന സംഘടനയുടെ യൂത്ത് വിംഗ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ലഡാക്കിലെ പ്രധാന സമുദായങ്ങളായ ബുദ്ധ-മുസ്ലിം സംഘടനകൾ ഈ പ്രക്ഷോഭത്തിൽ ഒന്നിച്ചാണ്. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് മുന്പും ചർച്ച നടന്നിരുന്നു.
ഒക്ടോബർ ആറിന് ആഭ്യന്തര മന്ത്രാലയവും എൽഎബി, കാർഗിൽ ഡെമോക്രാറ്റിക് അലൈൻസ് (കെഡിഎ) എന്നിവയുടെ പ്രതിനിധികളും വീണ്ടും ചർച്ച നടത്താനിരിക്കേയാണു സംഘർഷം. നാലുപേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. 22 പോലീസുകാർ ഉൾപ്പെടെ 59 പേർക്കു പരിക്കേറ്റു.
ജമ്മു കാഷ്മീരിനെ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ 2019 മുതൽതന്നെ സംസ്ഥാനമാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തൊഴിലില്ലായ്മ ഉൾപ്പെടെ പല പ്രതിസന്ധികളും ഉടലെടുത്തതോടെയാണ് ആവശ്യം ശക്തമായത്.
ലഡാക്കിനായി പ്രത്യേക പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിക്കുക, നിലവിലുള്ള ഒന്നിനു പകരം രണ്ട് ലോക്സഭാ സീറ്റുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കൊന്നും വിഘടനവാദ പശ്ചാത്തലമോ ഭരണഘടനാവിരുദ്ധതയോ ആരോപിക്കാനുമാകില്ല. സംസ്ഥാനപദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പദവിയും ഒരുപോലെ നൽകില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഒന്നും കൊടുത്തിട്ടുമില്ല.
നിരാഹാരസമരത്തിലായിരുന്ന സമരനായകനും പരിസ്ഥിതി പ്രവർത്തകനും മഗ്സസെ അവാർഡ് ജേതാവുമായ സോനം വാങ്ചുക്കിന്റെ വാക്കുകളിൽ പ്രക്ഷോഭത്തിന്റെ കാരണം കേന്ദ്രസർക്കാരിന്റെ ഉദാസീനതയാണെന്ന സൂചനയുണ്ട്. “കഴിഞ്ഞ അഞ്ചുവര്ഷമായി ഞങ്ങള് സമാധാനപാതയിലായിരുന്നു. അഞ്ചുതവണ നിരാഹാരസമരം നടത്തി.
ലേയില്നിന്ന് ഡല്ഹിയിലേക്കു നടന്നു. പക്ഷേ, സമാധാനസന്ദേശങ്ങൾ പരാജയപ്പെടുന്നതാണു കണ്ടത്.” സംഘർഷം അക്രമാസക്തമായതോടെ സോനം സമരം പിൻവലിച്ചു. എന്നാൽ, സോനത്തിന്റെ പ്രകോപനപരമായ പ്രസംഗമാണു പ്രക്ഷോഭത്തിനു കാരണമെന്നാണ് കേന്ദസർക്കാരിന്റെ നിലപാട്.
നേപ്പാളിലെ ജെന്-സി പ്രതിഷേധങ്ങളുമായും അറബ് വസന്തവുമായും ലഡാക്കിലെ സമരത്തെ താരതമ്യപ്പെടുത്തിയെന്ന് സർക്കാർ പറയുന്നു. ജനങ്ങൾക്കിടയിൽ വർഷങ്ങളായി ഉരുത്തിരിയുന്ന അസംതൃപ്തി കണ്ടില്ലെന്നു നടിച്ചവർ ഒടുവിലതു സ്ഫോടനാത്മകമായപ്പോൾ തലേന്നത്തെ സംഭവങ്ങളെ പ്രതിക്കൂട്ടിലാക്കുന്നതു യഥാർഥ കാരണങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണ്.
വേണമെങ്കിൽ സമരക്കാരുടെ വിദേശബന്ധങ്ങളെയും ജെൻ-സി വിപ്ലവത്തെയുമൊക്കെ പഴിക്കാം. ഡൽഹിക്കു തെറ്റു പറ്റിയിട്ടില്ലെന്നു സ്ഥാപിക്കാൻ അതു മതി. പക്ഷേ, പ്രശ്നം പരിഹരിക്കാൻ ലഡാക്കിലെ വിദ്യാർഥികളും യുവാക്കളും ബുദ്ധസന്യാസികളും ചൂണ്ടിക്കാണിക്കുന്ന യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കണം.
തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉണ്ടായിട്ടും സുപ്രീംകോടതി പറഞ്ഞിട്ടും സംസ്ഥാനപദവി നൽകാതെ കാഷ്മീരിനെ മഞ്ഞത്തു നിർത്തിയതുപോലെയാകരുത് കാര്യങ്ങൾ.
25-09-2025
കോടതിയുടെ അവധിത്തലേന്ന് അനധികൃത കൈയേറ്റം നടത്തിയാൽ നിയമത്തെ അട്ടിമറിക്കാമെന്നു ക്രിമിനലുകൾക്കറിയാം. കളമശേരി മാർത്തോമ്മാ ഭവൻ കൈയേറിയതും അങ്ങനെയാണ്. ആ കൈയേറ്റങ്ങൾക്കു സർക്കാരിപ്പോൾ കാവലുമിട്ടു. സഭയും ദീപികയും പെട്ടെന്നു പ്രതികരിക്കാതിരുന്നത് എന്തെന്ന വർഗീയ കുത്തിത്തിരിപ്പിനുകൂടി മറുപടി പറയാം.
ഈ മുഖപ്രസംഗം ആപത്കരമായ രണ്ടു വിഷയങ്ങളെക്കുറിച്ചാണ്. ഒന്ന്, കളമശേരി മാർത്തോമ്മാ ഭവന്റെ മതിൽ പൊളിച്ച് കൈയേറ്റം നടത്തിയവരെക്കുറിച്ചും അതിനു കാവൽ നിൽക്കുന്ന സർക്കാർ സംവിധാനത്തെക്കുറിച്ചുമാണ്.
കോടതികളുടെ അവധിദിവസങ്ങൾക്കു തലേന്ന് കൈയേറ്റം നടത്തി നിയമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ പരാതിക്കാരും നിയമസംവിധാനങ്ങളും നിസഹായരാകുന്ന സ്ഥിതിയാണിത്. രണ്ട്, രാത്രിയിലെത്തിയ കുറ്റവാളികൾക്കു പിന്നാലെ, ഈ സംഭവത്തെ കത്തോലിക്കാ സഭയ്ക്കും ദീപികയ്ക്കും എതിരേ ആയുധമാക്കാൻ അതിരാവിലെയെത്തിയ ചില വർഗീയ സംഘടനകളുടെ ഭിന്നിപ്പിക്കൽ തന്ത്രങ്ങളെക്കുറിച്ചാണ്. രണ്ടും നാടിനാപത്താണ്.
കളമശേരിയിൽ കൈയേറ്റം നടന്നത് ഓണത്തലേന്നാണ്. പുലർച്ചെ ഒന്നിനും നാലിനുമിടയ്ക്കാണ് ഏകദേശം 70 പേരടങ്ങുന്ന ക്രിമിനൽസംഘം കളമശേരി, എച്ച്എംടി കോളനിക്കടുത്ത് കന്യാസ്ത്രീ മഠം ഉൾപ്പെടെയുള്ള മാർത്തോമ്മാ ഭവനിലെത്തിയത്. വാഹനങ്ങളും ക്രെയിനും മാരകായുധങ്ങളുമായെത്തിയവർ ആദ്യമേതന്നെ മഠത്തിന്റെ സിസിടിവികൾ തകർത്തു.
100 മീറ്ററോളം മതിൽ തകർത്ത് റെഡിമെയ്ഡ് മുറികൾ മാർത്തോമ്മാ ഭവന്റെ വളപ്പിൽ സ്ഥാപിച്ചു. ജലവിതരണ പൈപ്പുകൾ തകർത്തു, കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചു. ‘പ്രോപ്പർട്ടി ഓഫ് എം.എച്ച്. ബിൽഡേഴ്സ് ആന്ഡ് ഡെവലപ്പേഴ്സ്’ എന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 45 വർഷമായി നിലവിലുള്ള സ്ഥാപനം കൈയേറിയവർക്കെതിരേ മാർത്തോമ്മാ ഭവൻ അധികൃതർ പരാതി കൊടുത്തിട്ടും ഈ നിമിഷം വരെ പോലീസ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചിട്ടില്ല.
രണ്ടാമത്തെ കാര്യം, കോടതിയുടെ അവധിദിവസങ്ങൾക്കു തലേന്ന് ഇത്തരം കൈയേറ്റങ്ങൾ നടത്തിയാൽ പരാതിക്കാരൻ നിസഹായനാകും. അവധി തീർന്നു കോടതിയിലെത്തിയാൽ തത്സ്ഥിതി നിലനിർത്തി കേസ് തുടരാനാകും മിക്കവാറും വിധിയുണ്ടാകുക. കൈയൂക്കുള്ളവർ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഈ പഴുതടയ്ക്കാൻ സർക്കാരിനോ കോടതികൾക്കോ സാധിച്ചിട്ടില്ല.
നിയമത്തെ നോക്കുകുത്തിയാക്കിയ ഈ സംഭവം വേദനാജനകമെങ്കിലും ഏതെങ്കിലും മതത്തിന്റെ സംഘടിതനീക്കമായി ചിത്രീകരിക്കരുതെന്നും അത്തരം ശ്രമങ്ങൾ തെറ്റാണെന്നും തത്കാലം വാർത്തപോലും കൊടുക്കേണ്ടതില്ലെന്നുമായിരുന്നു മാർത്തോമ്മാ ഭവന്റെയും സഭയുടെയും നിലപാട്. പക്ഷേ, കൈയേറ്റക്കാരെ ഒഴിപ്പിക്കാനോ അവരെ കണ്ടെത്തി കേസെടുക്കാനോ ഒരു നടപടിയുമില്ലെന്നു കണ്ടതോടെയാണ് മാർത്തോമ്മാ ഭവന്റെ സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക ഒആർസി കൂടുതൽ പ്രതികരണത്തിനു തയാറായത്. ഉത്തരവാദിത്വത്തോടെയുള്ള ആ പ്രതികരണങ്ങൾ ദീപിക യഥാസമയം കൊടുത്തിട്ടുമുണ്ട്.
അതിൽ ഇങ്ങനെ പറയുന്നു: “1982ൽ മാർത്തോമ്മാ ഭവനു സ്ഥലം കൈമാറിയ ഉടമസ്ഥന്റെ മക്കൾ 2010ൽ വസ്തുതകൾക്കു നിരക്കാത്ത വാദങ്ങളുമായി മറ്റൊരാൾക്ക് അതേ സ്ഥലം വിറ്റു. സ്ഥലത്തിന്റെ യഥാർഥ ഉടമസ്ഥർ മാർത്തോമ്മാ ഭവന് തന്നെയെന്ന് എറണാകുളം സബ് കോടതി അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിയോ അവരുടെ പേരിൽ മറ്റാരുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ലെന്നും ഉത്തരവിട്ടിട്ടുള്ളതാണ്. എന്നിട്ടും കൈയേറി. ഇപ്പോഴും നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി സ്ഥലത്തുള്ള പോലീസ് ഇടപെടുന്നില്ല.
അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ കുറ്റകൃത്യത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയാറാകണം. ജനപ്രതിനിധികളും ഇടപെടണം.”
സാമൂഹിക ഐക്യത്തിനു വിഘാതമാകാതെ പ്രശ്നം പരിഹരിക്കാനാണ്, ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവസമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നതെന്നും ഇനിയും നിഷ്ക്രിയത്വം തുടരാനാണ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മനോഭാവമെങ്കിൽ നിയമ, പ്രതിഷേധ നടപടികളിലേക്കു നീങ്ങാൻ നിർബന്ധിതരാകുമെന്നും ഫാ. ജോർജ് പാറയ്ക്ക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇക്കാരണങ്ങളാലാണ് സഭയോ ദീപികയോ എടുത്തുചാടി പ്രതികരിക്കാതിരുന്നത്. മുന്നോട്ടും ഇതേ സമീപനം തന്നെയായിരിക്കും. പക്ഷേ, വർഗീയ സാധ്യതകൾക്കു തക്കംപാർത്തിരിക്കുന്ന ക്രൈസ്തവ വർഗീയ സംഘടനയും കൂട്ടാളികളും രംഗത്തെത്തി. പ്രതിസ്ഥാനത്ത് മുസ്ലിം നാമധാരികളാണ് എന്നതു മാത്രമായിരുന്നു ധാർമികരോഷത്തിനു കാരണം. ആ രാഷ്ട്രീയം നാം ഏറ്റെടുക്കില്ല.
പുരോഹിതരും കന്യാസ്ത്രീകളും ഉൾപ്പെടെ ക്രൈസ്തവരെ ആൾക്കൂട്ട വിചാരണ നടത്തുകയും ആക്രമിക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്ത സംഘപരിവാറിനു മംഗളപത്രമെഴുതിക്കൊണ്ടിരിക്കുന്നവരും ചങ്ങാതിമാരായ രാഷ്ട്രീയ ഭിക്ഷാംദേഹികളുമാണ് സഭയെ സംരക്ഷിക്കാനും ദീപികയെ മാധ്യമപ്രവർത്തനം പഠിപ്പിക്കാനും ശ്രമിക്കുന്നത്. വർഗീയവിഷത്തിന്റെ ഈ കാസയിൽനിന്നു കുടിക്കരുതെന്ന് ജാതി-മത ഭേദമെന്യേ വിവേകമുള്ളവരെല്ലാം മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്.
ക്രൈസ്തവരെ ഏതോ ആലയിലേക്ക് ആട്ടിത്തെളിക്കാനുള്ള അച്ചാരം വാങ്ങി ക്രിസ്തുവിനെ ദുരുപയോഗിക്കുന്ന ഇത്തരം വ്യക്തിതാത്പര്യ-ഇതരമതവിദ്വേഷ സംഘങ്ങളെക്കുറിച്ച് ‘പാനപാത്രമേതായാലും വിഷം കുടിക്കരുത്’ എന്ന മുഖപ്രസംഗത്തിൽ ദീപിക മുന്നറിയിപ്പു നൽകിയിരുന്നു. അതു വീണ്ടും ഓർമിപ്പിക്കുന്നു.
മൂവാറ്റുപുഴ നിർമല കോളജിലുൾപ്പെടെ നിസ്കാരമുറി അനുവദിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുയർത്തിയപ്പോൾ അവിടെയെന്നല്ല, കേരളത്തിലെ ഒരു ക്രൈസ്തവ സ്ഥാപനത്തിലും അത് അനുവദിക്കില്ലെന്ന് ദീപിക മുഖപ്രസംഗമെഴുതി. വഖഫ് നിയമത്തിന്റെ മതേതര-ഭരണഘടനാവിരുദ്ധ വകുപ്പുകളെ ഉൾപ്പെടെ ചെറുത്തിട്ടുണ്ട്.
ഗാസ വിഷയത്തിൽ യുദ്ധത്തെ എതിർക്കുന്നതിനൊപ്പം ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഭാഗമായ ഹമാസിനെ തുറന്നുകാണിക്കുകയും ചെയ്തു. സംഘപരിവാർ ക്രൈസ്തവരെ ആക്രമിച്ചപ്പോൾ മാത്രമല്ല, മുസ്ലിംകളെ ആൾക്കൂട്ടക്കൊലപാതകം നടത്തിയപ്പോഴും ബിജെപി സംസ്ഥാനങ്ങളുടെ ബുൾഡോസർ രാജിനെതിരേയും തൂലിക ചലിപ്പിച്ചു.
കാഷ്മീർ വിഷയത്തിലെയും തീവ്രവാദ ആക്രമണങ്ങളിലെയുമൊക്കെ കേന്ദ്രസർക്കാരിന്റെ ധീരമായ നിലപാടിനെ പിന്തുണച്ചു. കോൺഗ്രസിനും സിപിഎമ്മിനുമെതിരേയും ശക്തമായെഴുതി. ഇതൊന്നും സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും ഇല്ലാതാക്കാനല്ല; ജനാധിപത്യത്തെയും മതേതരത്വത്തെയും മാധ്യമധർമത്തെയും ഒറ്റിക്കൊടുക്കാതിരിക്കാനാണ്.
വളർന്നുവരുന്ന വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കാനുള്ള ശ്രമത്തിൽനിന്നു പിന്തിരിയില്ലെന്ന് ദീപിക വായനക്കാർക്കും കേരള സമൂഹത്തിനും ഉറപ്പ് നൽകുന്നു. അത് അനായാസ മാധ്യമപ്രവർത്തനമല്ലെന്നറിയാം. പക്ഷേ, മാതൃരാജ്യത്തോടും വിശ്വസാഹോദര്യത്തോടുമുള്ള ആ ഉത്തരവാദിത്വം കത്തോലിക്ക സഭയുടെ ക്രൈസ്തവ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്ന സ്ഥാപക പിതാക്കന്മാരുടെ നിലപാടുകൾ വഴിയിലുപേക്ഷിക്കില്ല.
ഈ നിലപാടിന്, അനുദിനം വർധിക്കുന്ന വരിക്കാരും വായനക്കാരും നൽകുന്ന പിന്തുണയാണ് ദീപികയുടെ പ്രചോദനം. ക്രിയാത്മക വിമർശനങ്ങൾക്കനുസരിച്ച് തിരുത്താനും മടിക്കാറില്ല. എന്നാൽ, ഈ പത്രത്തെ ഏതെങ്കിലും വർഗീയതയുടെയോ രാഷ്ട്രീയത്തിന്റെയോ തൊഴുത്തിൽ കെട്ടാനുള്ള ശ്രമങ്ങൾ സ്വീകാര്യമല്ല; അണിഞ്ഞിരിക്കുന്നത് ക്രൈസ്തവ മുഖംമൂടിയാണെങ്കിലും, വർഗീയത വിനാശമാണ്. നാം ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും ഉൾപ്പെടുന്ന യഥാർഥ വിശ്വാസികളും മതേതര വിശ്വാസികളും ഒന്നിച്ചുനിന്നു പറയണം ‘മാ നിഷാദ’.
24-09-2025
ഹമാസ് എന്ന ഭീകരപ്രസ്ഥാനത്തെ വച്ചുപൊറുപ്പിക്കാൻ ഇസ്രയേലിനു ബാധ്യതയില്ല. പക്ഷേ, തിരിച്ചടി പരിധി ലംഘിക്കുന്പോൾ ജനാധിപത്യലോകത്തിന്റെ സമാധാനശ്രമങ്ങളെ വെല്ലുവിളിക്കുകയുമരുത്.
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന്റെ പരിഹാരമായി ഏതാണ്ട് ലോകം മുഴുവൻ അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരത്തെ തള്ളിക്കളയുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്നത് ബെഞ്ചമിൻ നെതന്യാഹുവിനല്ലാതെ ഇസ്രയേൽ എന്ന ജനാധിപത്യ രാഷ്ട്രത്തിന് ഗുണകരമാകില്ല. ഹമാസ് ഭീകരർ മാത്രമേ ഗാസയിലുള്ളൂ എന്ന മട്ടിലുള്ള ആക്രമണങ്ങൾക്കെതിരേ കൂടുതൽ രാജ്യങ്ങൾ രംഗത്തു വന്നുകഴിഞ്ഞു.
ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയവരെ മാത്രമല്ല, കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഗാസ നിവാസികളെയും ബന്ദികളാക്കി ഹമാസ് നടത്തുന്ന ഭീകരാക്രമണത്തിന് തിരശീല വീഴ്ത്തേണ്ടതു തന്നെയാണ്. പക്ഷേ, ജനാധിപത്യ രാജ്യങ്ങളെയും മാർപാപ്പ ഉൾപ്പെടെയുള്ള മതനേതാക്കളെയുമൊക്കെ അവഗണിച്ച് ജോർദാൻ നദിക്കു പടിഞ്ഞാറ് പലസ്തീൻ എന്ന രാഷ്ട്രം ഇനിയില്ല എന്ന നെതന്യാഹുവിന്റെ മറുപടി ജനാധിപത്യ ലോകക്രമത്തോടുള്ള നിന്ദയും വെല്ലുവിളിയുമാണ്.
ഇസ്രയേലിന്റെ യുദ്ധം ഹമാസിന്റെ വേരറക്കുകയുമില്ല. കാരണം, അതിന്റെ തായ്വേരുകൾ ഗാസയിലല്ല, തീവ്രവാദ മനസുകളിലും വിവിധ ഇസ്ലാമിക രാജ്യങ്ങളുടെ പണത്തിലും മണ്ണിലുമാണ്. ലോകസമാധാനത്തിന്റെ മുഖ്യതടസങ്ങളിലൊന്ന് ഇസ്ലാമിക തീവ്രവാദമാണ്. പക്ഷേ, തീവ്രവാദികളെ ഉന്മൂലനം ചെയ്യാനെന്ന പേരിൽ അവർ പിടിമുറുക്കിയ രാജ്യങ്ങളിലെ ജനങ്ങളെ അപ്പാടെ ശിക്ഷിക്കാനോ ആട്ടിപ്പായിക്കാനോ ആകില്ല.
തീവ്രവാദ സംഘടനകളെ തീറ്റിപ്പോറ്റി ഇന്ത്യയിൽ കൊലപാതകത്തിനിറക്കുന്ന അയൽരാജ്യമായ പാക്കിസ്ഥാനോട് ഇന്ത്യ അങ്ങനെയൊരു സമീപനമല്ല സ്വീകരിച്ചിട്ടുള്ളത്. നിയന്ത്രിത തിരിച്ചടികളെയും നയതന്ത്രങ്ങളെയും ജനാധിപത്യ കൂട്ടുകെട്ടുകളെയുമാണ് അവലംബിക്കുന്നത്. യഹൂദരെയും ക്രിസ്ത്യാനികളെയും ലോകത്തുനിന്ന് ഉന്മൂലനം ചെയ്യുന്നതാണു പരമലക്ഷ്യമെന്നു കരുതുന്ന ഹമാസ് എന്ന മുസ്ലിം ബ്രദർഹുഡ് പോഷകസംഘടനയെയും ഒറ്റക്കെട്ടായി നേരിടാൻ ലോകം ഇനിയെങ്കിലും തയാറാകണം.
ഒപ്പം, ഗാസയെന്നാൽ ഹമാസ് മാത്രമല്ലെന്നും ദ്വിരാഷ്ട്ര പരിഹാരത്തെ തള്ളിക്കളയരുതെന്നുമുള്ള മറ്റു രാജ്യങ്ങളുടെ മുന്നറിയിപ്പുകൾ ഇസ്രയേൽ ചെവിക്കൊള്ളുകയും വേണം. ഒരിക്കൽ പലസ്തീൻ നേതാക്കളും അറബ് ലീഗും തള്ളിക്കളഞ്ഞ ദ്വിരാഷ്ട്ര രൂപീകരണത്തിന് ഇസ്രയേൽ തയാറായാൽ അത്തരമൊരു പലസ്തീനിൽനിന്നു ഹമാസിനെ പുറത്താക്കാനുള്ള പിന്തുണ ഇപ്പോൾ അവർക്കു ലഭിക്കും. പക്ഷേ, ഇസ്രയേൽ വഴങ്ങുന്നില്ല.
നികുതിയുദ്ധത്തിലൂടെ ലോകത്തെ വെറുപ്പിക്കുന്ന ട്രംപിന്റെ പാതയിലാണ് നെതന്യാഹുവും. ഗാസയിലെ മരണം 65,000 കടന്നു. അതിന്റെ ഉത്തരവാദിത്വം ഇസ്രയേലിനു മാത്രമല്ല. 2023 ഒകടോബർ ഏഴിന് ഭീകരാക്രമണം നടത്തി 1,200ലധികം നിരപരാധികളെ കൊല്ലുകയും അതിലേറെപ്പേരെ പരിക്കേൽപ്പിക്കുകയും ഇരുനൂറിലധികം പേരെ ബന്ദികളാക്കി കൊണ്ടുപോകുകയും അവരെ മോചിപ്പിക്കാനുള്ള ആഹ്വാനങ്ങളെ നിരസിക്കുകയും ഗാസ നിവാസികളെ പരിചകളാക്കുകയും ചെയ്ത ഹമാസിനുമുണ്ട്.
ഇന്നലെ ഐക്യരാഷ്ട്രസഭാ ഉച്ചകോടിയിൽ പലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച ഫ്രാൻസ് പറഞ്ഞത്, ഈ അംഗീകാരം ഹമാസിനുള്ള തിരിച്ചടിയാണെന്നാണ്. പലസ്തീനുള്ള അംഗീകാരം ഒരിക്കലും ഹമാസിനുള്ളതല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും പറഞ്ഞു. അതുപോലെ, കാനഡയും ഓസ്ട്രേലിയയുമൊന്നും ഹമാസിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനല്ല പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്.
കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മരണവും പട്ടിണിയും ഒഴിവാക്കാനാണ്. പലസ്തീനെ ഐക്യരാഷ്ട്രസഭയിൽ അംഗീകരിക്കുന്നത് യുദ്ധവിരുദ്ധ സന്ദേശമല്ലാതെ ഒന്നുമല്ല. പൊതുസഭയിലെ ഈ അംഗീകാരത്തിന് അമേരിക്കയുൾപ്പെടുന്ന രക്ഷാസമിതിയിൽ അംഗീകാരം ലഭിക്കുകയുമില്ല. പക്ഷേ, ആ പ്രതികരണത്തെ ഇസ്രയേൽ മാനിക്കേണ്ടതുണ്ടായിരുന്നു.
ഹമാസിന്റെ ഭീകരാക്രമണത്തിൽ ഇസ്രയേലിനൊപ്പം നിന്ന രാജ്യങ്ങളാണ് ഇപ്പോൾ അരുതെന്നു പറയുന്നത്. ബന്ദികളെ മോചിപ്പിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിനു തയാറാകണമെന്നുമാണ് ഫ്രാൻസിസ് മാർപാപ്പയും ഇപ്പോൾ ലെയോ മാർപാപ്പയും ആവശ്യപ്പെട്ടിട്ടുള്ളത്. തീവ്രവാദം ഒരാശയമാണ്; ഇരവാദംകൊണ്ട് ജനാധിപത്യ പൊതുബോധത്തിൽപോലും സ്ഥാനം പിടിച്ച മാരക വൈറസ്.
ഹമാസും ഇസ്ലാമിക് സ്റ്റേറ്റും പോപ്പുലർ ഫ്രണ്ടും ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങളെ വിമോചനപ്പോരാളികളാക്കുന്ന വോട്ട് രാഷ്ട്രീയം ഇന്ത്യയിൽ ഉൾപ്പെടെ വിലപ്പോകുന്നുമുണ്ട്. ഇസ്ലാമിക തീവ്രവാദികൾ കൊന്നൊടുക്കുകയും ജന്മനാടുകളിൽനിന്ന് ആട്ടിപ്പായിക്കുകയും ചെയ്യുന്ന ക്രൈസ്തവരെ കണ്ടില്ലെന്നു നടിക്കുന്ന ആ ‘മനുഷ്യാവകാശ’ നാട്യക്കാരെ കേരളത്തിലും തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.
ഹമാസിന്റെ സഹസംഘടനകൾ നൈജീരിയയിൽ ദിവസവും കൊന്നൊടുക്കുന്നത് ശരാശരി 30 ക്രിസ്ത്യാനികളെയാണ്. ഈ വർഷം ആദ്യ ഏഴു മാസങ്ങളിൽ ഏഴായിരത്തിലധികം ക്രിസ്ത്യാനികൾ നൈജീരിയയിൽ മാത്രം കൊല്ലപ്പെട്ടെന്നാണ് ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) എന്ന സംഘടനയുടെ കണക്ക്.
പക്ഷേ, ഇതു ചൂണ്ടിക്കാണിച്ച് ഗാസയിലെ മനുഷ്യക്കുരുതി ന്യായീകരിക്കാൻ യഥാർഥ ക്രൈസ്തവർ തയാറാകില്ല. തങ്ങൾക്കു കിട്ടാത്ത നീതി മറ്റുള്ളവർക്ക് കൊടുക്കരുതെന്നു ശഠിക്കുകയുമില്ല. ദിവസങ്ങൾക്കുമുന്പ് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെസോഗുമായുള്ള കൂടിക്കാഴ്ചയിൽ ബന്ദികളെ മോചിപ്പിക്കണമെന്ന ആഹ്വാനത്തിനൊപ്പം ലെയോ മാർപാപ്പ ഊന്നൽ നൽകിയത് ദ്വിരാഷ്ട്ര പരിഹാരത്തിനാണ്.
സ്വന്തം ജനത ലോകമെങ്ങും ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെടുന്പോഴും ഗാസയിൽ മനുഷ്യത്വത്തിന്റെ കൊടി താഴെയിടാൻ വിസമ്മതിക്കുന്ന നിലപാടാണ് മാർപാപ്പയുടേത്. തീവ്രവാദികൾ പഠിച്ചിട്ടില്ലാത്ത ജനാധിപത്യ മതേതര സന്ദേശങ്ങൾ നെതന്യാഹുവും വായിക്കുന്നില്ലെങ്കിൽ ഗാസയ്ക്കു നേരേ മാത്രമല്ല അനിവാര്യമായ സമാധാനശ്രമങ്ങൾക്കു നേരേയും നെതന്യാഹു തോക്കു ചൂണ്ടുകയാണ്.
ഒരിക്കൽ ഫാസിസത്തിന്റെ മരണച്ചൂളയിൽനിന്ന് അതിജീവനത്തിന്റെ അദ്ഭുതസാക്ഷ്യമായി പുറത്തുവന്ന യഹൂദരെ സുരക്ഷയുടെ പേരു പറഞ്ഞ് നെതന്യാഹു മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിക്കരുത്.
23-09-2025
ജിഎസ്ടി ഇളവ് സാന്പത്തിക വളർച്ചയുടെ ഊർജസ്വലമായൊരു കാൽവയ്പാണ്. പക്ഷേ, ‘ഒരു രാജ്യം ഒരു നികുതി’ എന്നത് ‘ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടു മാത്രമാണെന്നുകൂടി തിരിച്ചറിയണം.
എൻഡിഎ ഭരണത്തിലെ ഏറ്റവും വലിയ സാന്പത്തികാശ്വാസം നടപ്പിലായി. ചങ്ങാത്ത മുതലാളിത്ത ആരോപണങ്ങളെ ഫലപ്രദമായി ചെറുക്കാനാകാതിരുന്ന കേന്ദ്രത്തിന് സാധാരണക്കാരെയും പരിഗണിച്ചെന്നു പറയാനാകുന്ന അവസരം ജിഎസ്ടി ഇളവിലൂടെ കൈവന്നിരിക്കുന്നു. ആദായനികുതിയിളവിന്റെ പരിധി വർധിപ്പിച്ചതിനു ശേഷമുള്ള മികച്ച ചുവടുവയ്പ് ജനങ്ങൾക്ക് ആശ്വാസമായി.
പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കുറയ്ക്കുകയും ഈ സർക്കാർ പിൻവലിച്ച പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കുകയും ചെയ്താൽ ജനങ്ങളെ സാന്പത്തികമായി ശക്തീകരിക്കുന്ന നടപടി ദ്രുതഗതിയിലാകും. ഇവയ്ക്കൊപ്പം വർഗീയതയും തീവ്രവാദവും അവയുടെ ഉപോത്പന്നങ്ങളായ ആൾക്കൂട്ട ഭരണങ്ങളും വിദ്വേഷപ്രചാരണങ്ങളും അക്രമങ്ങളുമൊക്കെ ഒഴിവാക്കാനായാൽ നമ്മുടെ കരുത്തിനെ വെല്ലുവിളിക്കാൻ ഒരു വിദേശ ശക്തിക്കും കഴിയില്ല.
പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സാന്പത്തിക വളർച്ച, ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്, ആഗോള താരിഫ് യുദ്ധം, വരാനിരിക്കുന്ന പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവ ജിഎസ്ടി ഇളവുകൾക്കു കാരണമായിട്ടുണ്ട്; അതൊരു ന്യൂനതയല്ലെങ്കിലും. അഞ്ച്, 12,18, 28 ശതമാനം എന്നീ നികുതി നിരക്കുകൾ അഞ്ച്, 18 ശതമാനം എന്നീ സ്ലാബുകളിലേക്കു നിജപ്പെടുത്തിയതാണ് സംഭവം.
നിത്യോപയോഗ വസ്തുക്കൾ മുതൽ മരുന്ന്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ വസ്തുക്കൾ, നിർമാണ സാമഗ്രികൾ തുടങ്ങി 375ഓളം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവിലുള്ള നികുതി പൂർണമായും ഇല്ലാതാക്കുകയോ യഥാക്രമം അഞ്ച്, 18 ശതമാനം എന്നീ സ്ലാബുകളിലേക്കു കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ആരോഗ്യ ഇൻഷ്വറൻസിൽ 18 ശതമാനം നികുതി ഒഴിവാക്കണമെന്ന ദീർഘകാല ആവശ്യവും പുതിയ നികുതി പരിഷ്കരണത്തിലൂടെ പ്രാബല്യത്തിൽ വന്നു.
വ്യക്തിഗത ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് എന്നിവയ്ക്ക് ഇനി നികുതിയില്ല. പുകയിലപോലെ വിനാശകരമായവയ്ക്കു നികുതി വർധിപ്പിച്ചതും പ്രശംസാർഹമാണ്. അതേസമയം, ലോട്ടറി നികുതി 28ൽനിന്നു 40ലേക്കു വർധിപ്പിച്ചത് പാവങ്ങളായ ലോട്ടറിക്കച്ചവടക്കാരുടെ ജീവിതത്തെ ബാധിക്കില്ലെന്നു സർക്കാരുകൾ ഉറപ്പാക്കേണ്ടതുമുണ്ട്. വിലക്കുറവ് ആളുകളുടെ വാങ്ങൽശേഷി കൂട്ടുമെന്നും അതിലൂടെ നഷ്ടനികുതിയുടെ വലിയൊരു ഭാഗം ഖജനാവിൽ തിരിച്ചെത്തുമെന്നുമാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
നോട്ട് നിരോധനം പോലെതന്നെ കൃത്യമായ പഠനം നടത്താതെയാണ് പുതിയ മാറ്റമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്. ബാലഗോപാല് വിമർശിച്ചിട്ടുണ്ട്. പക്ഷേ, ഓർമിക്കാൻപോലും ഭയപ്പെടുന്ന ആ ദുരന്തകാല അനുഭവമല്ല ജനങ്ങൾക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന് ഉണ്ടാകാനിടയുള്ള 10,000 കോടിയുടെ നികുതി നഷ്ടമാകാം ധനമന്ത്രി ഉദ്ദേശിച്ചത്. ഈ ആശങ്ക തള്ളിക്കളയാവുന്നതുമല്ല. സാമൂഹിക ക്ഷേമത്തിൽ ഏറ്റവുമധികം ചെലവ് നടത്തുന്ന സംസ്ഥാനമാണ് കേരളം.
വിവിധ ക്ഷേമ പദ്ധതികൾ, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പെന്ഷന് എന്നിവയ്ക്ക് പണം വേണം. 2017ല് ജിഎസ്ടി നടപ്പിലാക്കിയപ്പോൾ സംസ്ഥാനങ്ങള്ക്ക് അഞ്ചു വര്ഷത്തേക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയിരുന്നു. 2022ല് അത് അവസാനിച്ചു. ഇതു പുനഃപരിശോധിക്കണം. കേന്ദ്രത്തിനും വരുമാന നഷ്ടം ഉറപ്പായിരിക്കേ പരിഹാരം ആസൂത്രണം ചെയ്യുകയും സംസ്ഥാനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. മുന് ജിഎസ്ടി ഇളവുകള് ഉപഭോക്താക്കള്ക്ക് വിലക്കുറവായി മാറിയില്ലെന്ന യാഥാർഥ്യവുമുണ്ട്.
ശ്രദ്ധിക്കപ്പെടുന്ന ചില വസ്തുക്കളുടെ വിലക്കുറവിന്റെ ആരവത്തിൽ ഈ ഉത്സവം മുങ്ങിപ്പോകരുത്. നികുതിയിളവിന്റെ ഗുണം ഉപഭോക്താക്കളിലെത്തിയില്ലെങ്കിൽ ഉപഭോഗം വർധിക്കാതിരിക്കുകയും അതിലൂടെ ലഭ്യമാകേണ്ട നികുതി ഖജനാവിലെത്താതിരിക്കുകയും ചെയ്യും. ലാഭം ആർക്കൊക്കെ കിട്ടുമെന്നതും പ്രധാനമാണ്. മൊത്തം ജിഎസ്ടി വരുമാനത്തിന്റെ ഏകദേശം 65 ശതമാനം 18 ശതമാനം സ്ലാബിന്റെ സംഭാവനയാണ്.
വാഹനങ്ങളും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കുമൊക്കെയുള്ള ഈ ഇളവ് മധ്യവർഗത്തിനു ഗുണകരമാണെങ്കിലും ഏറ്റവും താഴേത്തട്ടിലുള്ളവരെ അത്രയ്ക്കു കൈപിടിച്ചുയർത്തില്ല. എന്നാൽ, പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അമിതമായി വർധിപ്പിച്ച നികുതി കുറച്ചാൽ എല്ലാ ജനവിഭാഗങ്ങൾക്കും ഗുണകരമാകും.
നികുതിഭാരത്തിൽനിന്ന് ജനങ്ങൾക്കു മോചനം നൽകിയെന്ന പ്രധാനമന്ത്രിയുടെ ഞായറാഴ്ച പ്രസംഗത്തിൽ ഒരു തിരുത്തലിന്റെ ഭാഷയുണ്ട്; ജനങ്ങളുടെ മുതുകിൽ ഭാരമുണ്ടായിരുന്നു എന്ന ക്രിയാത്മകമായൊരു കുറ്റസമ്മതം! രാജ്യപുരോഗതിയും സാന്പത്തിക വളർച്ചയും ബജറ്റിനെയും നികുതിയിളവുകളെയും മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന സമാധാനത്തിലും ഇന്ത്യൻ വിജയമന്ത്രമായ നനാത്വത്തിലെ ഏകത്വത്തിലും അടിസ്ഥാനപ്പെട്ടതാണ് എന്നത് ഇനിയെങ്കിലും തിരിച്ചറിയുകയും വേണം.
എല്ലാ വർഗിയ, തീവ്രവാദ, വിദ്വേഷ സ്രോതസുകളും കർശന ശിക്ഷകളുടെ താക്കോലിട്ട് അടച്ചുപൂട്ടേണ്ടതുണ്ട്. അതിനുമുന്പ്, ന്യൂനപക്ഷ-ദളിത്, ആദിവാസി വിരുദ്ധതയിലും മതപരിവർത്തന നിരോധന ബില്ലുകളിലും ബിജെപി സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജിലും ആൾക്കൂട്ട അക്രമങ്ങളിലും വ്യാപിച്ചുകിടക്കുന്ന ധ്രൂവീകരണ രാഷ്ട്രീയത്തിന്റെ നികുതിയിളവുകൾ ബിജെപി സർക്കാർ പിൻവലിക്കുകയും വേണം. ‘ഒരു രാജ്യം ഒരു നികുതി’ എന്നത് ‘ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടു മാത്രമാണ്.
22-09-2025
ഫാൽക്കെ പുരസ്കാരത്തെയും കണ്ഠാഭരണമാക്കിയ പ്രിയപ്പെട്ട ലാൽ, താങ്കൾ അഭിനയരംഗത്തെ തന്പുരാനായി, ഒടിയനായി, പുലിമുരുകനായി... മലയാളസിനിമയുടെ സ്പിരിറ്റായി... മലയാളിയുടെ ലാലേട്ടനായി തുടരൂയെന്ന് ആശംസിക്കുന്നു, ഹൃദയപൂർവം!
അടുത്തയിടെ, ഒരു സ്വർണക്കടയുടെ പരസ്യത്തിനുവേണ്ടി കണ്ഠാഭരണവും അണിഞ്ഞ് സ്ത്രൈണഭാവത്തോടെ നിൽക്കുന്ന മോഹൽലാൽ ആരെയും കൊതിപ്പിക്കുന്ന പ്രകടനമായിരുന്നു നടത്തിയത്. ഇന്ത്യൻ ചലച്ചിത്രരംഗത്തെ അംഗീകാരങ്ങളുടെ ആടയാഭരണങ്ങളെല്ലാം അണിഞ്ഞുകഴിഞ്ഞ ലാൽ ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും കണ്ഠാഭരണമാക്കിയിരിക്കുന്നു.
ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കാണ് 2023ലെ ഫാൽക്കെ അവാർഡ്. പ്രിയപ്പെട്ട ലാൽ, താങ്കൾ അഭിനയരംഗത്തെ തന്പുരാനായി, ഒടിയനായി, പുലിമുരുകനായി... മലയാളസിനിമയുടെ സ്പിരിറ്റായി... മലയാളിയുടെ ലാലേട്ടനായി തുടരൂയെന്ന് ആശംസിക്കുന്നു, ഹൃദയപൂർവം! സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുശേഷം ഫാൽക്കെ അവാർഡ് ഒരിക്കൽകൂടി മോഹൻലാലിലൂടെ കേരളത്തിലേക്ക് എത്തിയിരിക്കുകയാണ്.
അഞ്ചു ദേശീയ ചലച്ചിത്ര അവാർഡുകൾ, 2001ൽ പത്മശ്രീ, 2019ൽ പത്മഭൂഷൻ ബഹുമതികൾ എന്നിവയ്ക്കു പിന്നാലെയാണ് ഫാൽക്കെ കിരീടധാരണം. 1960 മേയ് 21നായിരുന്നു ലാലിന്റെ ജനനം. 1978ൽ 18-ാത്തെ വയസിൽ സിനിമയിലെ ജനനം. അക്കൊല്ലം, കൊല്ലത്തെ കൃഷ്ണ തിയറ്ററിൽ ഒരു ഷോ മാത്രം പ്രദർശിപ്പിച്ച് പെട്ടിയിലായ ‘തിരനോട്ടം’ എന്ന ചിത്രത്തിലായിരുന്നു ആദ്യാഭിനയം.
പ്രീഡിഗ്രി പഠനകാലത്ത് കൂട്ടുകാരുമൊത്ത് നിർമിച്ച ആ ചിത്രത്തിൽ ബുദ്ധിമാന്ദ്യമുള്ള കുട്ടപ്പനെന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിച്ചത്. 1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ അഭിനയിച്ചതു വില്ലനായിട്ടായിരുന്നു. പക്ഷേ, പിറന്നത് നായകനായിരുന്നു. തൊട്ടടുത്ത വർഷം എട്ടു സിനിമകളിൽ വേഷമിട്ടു.
82ൽ 14ഉം 83ൽ 26ഉം സിനിമകളിൽ അഭിനയിച്ച ലാൽ, ലാലേട്ടനായി വളരുകയായിരുന്നു. ഹിന്ദി ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ അദ്ദേഹം മികവ് തെളിയിച്ചു. സിനിമയ്ക്കു പുറമേ നാടകം, സിനിമ വ്യവസായം, നിർമാണം, സംവിധാനം, പരസ്യചിത്രങ്ങൾ, ഗാനാലാപനം തുടങ്ങിയ രംഗങ്ങളിലും മികവ് തെളിയിച്ചു.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ, പഞ്ചാഗ്നിയിലെ റഷീദ്, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമൻ, നാടോടിക്കാറ്റിലെ ദാസൻ, തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ, മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണി, ചിത്രത്തിലെ വിഷ്ണു, കിരീടത്തിലെ സേതുമാധവൻ, ഭരതത്തിലെ ഗോപി, പാദമുദ്രയിലെ മാതുപ്പണ്ടാരവും കുട്ടപ്പനും, ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠൻ, ഇരുവരിലെ ആനന്ദൻ, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ, തന്മാത്രയിലെ രമേശൻ നായർ, പരദേശിയിലെ വലിയകത്തു മൂസ, താഴ്വാരത്തിലെ ബാലൻ, താളവട്ടത്തിലെ വിനോദ്, സ്ഫടികത്തിലെ ആടുതോമ, തുടരും എന്ന ചിത്രത്തിലെ ബെൻസ്, ഹൃദയപൂർവത്തിലെ സന്ദീപ്... മോഹൻലാലിന്റെ ജൈത്രയാത്ര തുടരുകയാണ്.
മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയുടെ വാക്കുകളാണ് പ്രസക്തം: “അർഹിച്ച ബഹുമതിയാണ് മോഹൻലാലിനു ലഭിച്ചത്. സിനിമ ജീവശ്വാസമാക്കുകയും അതിൽ ജീവിക്കുകയും ചെയ്ത യഥാർഥ കലാകാരനുള്ളതാണ് ഫാൽക്കെ അവാർഡ്. ഈ കിരീടത്തിന് ലാൽ, നിങ്ങൾ ശരിക്കും അർഹനാണ്.”
എന്താണ് മോഹൻലാൽ എന്ന നടൻ എന്ന കാതലായ ചോദ്യത്തിന്റെ ഉത്തരം അദ്ദേഹത്തിന്റെതന്നെ വാക്കുകളിലുണ്ട്. “ഇട്ടിമാണിയിൽ മാർഗംകളിയും കമലദളത്തിൽ നൃത്തവും വാനപ്രസ്ഥത്തിൽ കഥകളിയും അവതരിപ്പിച്ചപ്പോൾ ആളുകൾ ചോദിച്ചു. നിങ്ങളിതൊക്കെ പഠിച്ചിട്ടുണ്ടോയെന്ന്.
ഇല്ല, പക്ഷേ, എന്റെ ഉള്ളിലുണ്ടായിരുന്ന ഇവയെ എല്ലാം ആവശ്യം വന്നപ്പോൾ ഞാൻ കണ്ടെത്തി. ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ ആനന്ദവും സൗഭാഗ്യവും ഇത്തരത്തിലുള്ള പരകായ പ്രവേശങ്ങളും അതിന്റെ അനുഭവങ്ങളുമാണ്. പുരുഷനും സ്ത്രീയും ട്രാൻസ്ജെൻഡറുമുൾപ്പെടെ എല്ലാ വേഷങ്ങളും ഒറ്റ ശരീരത്തിന്റെ ചുറ്റളവിൽ അയാൾ സാധ്യമാക്കുന്നു. ഇതിനർഥം ഇവയെല്ലാം നമ്മളിലുണ്ട് എന്നാണ്.”
നാലര പതിറ്റാണ്ടു പിന്നിട്ട അഭിനയ പരീക്ഷണങ്ങളിലൂടെ സാധ്യമാക്കിയ ഈ പരകായ പ്രവേശത്തിന്റെ മിന്നലാട്ടം, ലാൽ അടുത്തയിടെ അഭിനയിച്ച ജ്വല്ലറി പരസ്യത്തിലുമുണ്ട്. ഒരു നെക്ലെസ് അണിഞ്ഞ് സ്ത്രീയെപ്പോലെ നൃത്തം ചെയ്യുന്ന ലാൽ നിമിഷങ്ങൾക്കു മുന്പ് പുരുഷനായിരുന്നു. ഒടുവിലൊരു അർധനാരീശ്വരനായി പറയുന്നു, “ആരും കൊതിച്ചുപോകും.”
ദേശഭേദമില്ലാതെ ചലച്ചിത്രലോകം കൊതിച്ചുപോകുന്നൊരു വിസ്മയമാണ് മോഹൻലാൽ. എന്നിട്ടും ഈ മഹാനടനെ ലാലേട്ടൻ എന്ന് വിളിക്കാൻ മലയാളിയെന്ന സ്വത്വത്താൽ നാം അവകാശമുള്ളവരാണ്. ആ ലാഘവത്വം സിനിമാപ്രേമികൾക്ക് ഈ പുരസ്കാര വേളയെ കൂടുതൽ പ്രിയതരമാക്കുന്നു.
പ്രിയപ്പെട്ട ലാൽ, വെറും 19 വർഷത്തെ സിനിമ പ്രവർത്തനത്തിലൂടെ പ്രതിഭ തെളിയിച്ച ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായ ദാദാ സാഹിബ് ഫാൽക്കെയുടെ പേരിലുള്ള പുരസ്കാരം നാളെ താങ്കളിലേക്ക് എത്തുകയാണ്.
ഈ പുരസ്കാരത്തിന്റെ ആനന്ദം സമാന്തരമായി സമ്മാനിക്കുന്ന ഉത്തരവാദിത്വഭാരം, നിങ്ങളിലുള്ളതും പുറത്തെടുക്കാനിരിക്കുന്നതുമായ സൃഷ്ടികളെ ചൂണ്ടിക്കാണിക്കുന്നുണ്ടാകാം. നിങ്ങളുടെ ദേഹീ-ദേഹ ചുറ്റളവുകളിലേക്ക് അവയെ അഭിനയക്രിയകളാൽ ആവാഹിച്ചുവരുത്തുക. ആശംസകൾ! അഭിനന്ദനങ്ങൾ!
20-09-2025
ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നതിനാൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടിക്കിടക്കേണ്ടിവരുന്നത് ഇരകൾക്കുള്ള തുടർപീഡനമാണ്.
ലൈംഗികാതിക്രമങ്ങളിൽ ഏറ്റവും ക്രൂരമാണ് കുട്ടിക്കൾക്കെതിരേയുള്ളത്. എത്രയും വേഗം കേസുകൾ പൂർത്തിയാക്കി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും നീതി ലഭ്യമാക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
കള്ളക്കേസിൽ കുടുക്കപ്പെട്ട നിരപരാധികളുടെ മോചനവും തുല്യപ്രാധാന്യമുള്ളതാണ്. എന്നാൽ, ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നതിനാൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നെന്ന വാർത്ത അസ്വസ്ഥജനകമാണ്. ഈ കെടുകാര്യസ്ഥത, പോക്സോ കേസുകളിലെ മാത്രമല്ല, അവയുടെ ദുരുപയോഗത്തിന്റെ ഇരകൾക്കും നീതി വൈകിക്കുന്ന തുടർപീഡനമാണ്.
ആഭ്യന്തരവകുപ്പില്നിന്നുള്ള കണക്കുകള് പ്രകാരം ഈ വര്ഷം ജൂലൈ 31 വരെ തീര്പ്പാക്കാനുള്ള പോക്സോ കേസുകളുടെ എണ്ണം 6,522 ആണ്. കൂടുതലും ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലാണ്. 1,370 കേസുകൾ. 704 കേസുകളുമായി എറണാകുളവും 642 കേസുകളുമായി കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്.
ഫോറന്സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ കുറവു മൂലമാണ് പലപ്പോഴും ഫോറന്സിക് റിപ്പോര്ട്ടുകള് ലഭിക്കുന്നതില് കാലതാമസം നേരിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില് ഫോറന്സിക് സയന്സ് ലബോറട്ടറികളില് 28 ഫോറന്സിക് ഓഫീസര് തസ്തികകള് ആഭ്യന്തരവകുപ്പ് അടുത്തിടെ അനുവദിച്ചിരുന്നു. അനുവദിച്ച തസ്തികകളിൽ എത്രയും വേഗം നിയമനം നടത്തിയാൽ കേസുകളുടെ കാലതാമസം ഒരു പരിധിവരെ ഒഴിവാക്കാം.
പോക്സോ കേസുകളിലെ ഇരകൾ സമൂഹത്തിലെ ഏറ്റവും ദുർബലരായതിനാൽ നിയമത്തിന്റെ നൂലാമാലകളിൽ കുടുക്കിയിടുന്നത് ലൈംഗികാതിക്രമത്തിന്റെ മാനസിക മുറിവുകളെ ഉണങ്ങാതെ നിലനിർത്തുന്നതിനു തുല്യമാണ്. മാത്രമല്ല, വ്യക്തിവൈരാഗ്യവും പകയും തീർക്കാൻ കെട്ടിച്ചമച്ച കള്ളക്കേസുകളും സമീപകാലത്ത് വർധിച്ചിട്ടിട്ടുണ്ട്. സമൂഹത്തിൽ അങ്ങേയറ്റം വെറുക്കപ്പെട്ടവരായി ചിത്രീകരിക്കപ്പെടുന്ന നിരപരാധികളും എത്രയും വേഗം മോചിപ്പിക്കപ്പെടേണ്ടതാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഈ ശ്രമം പരാജയപ്പെടുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്.
മുടി, രക്തം, സ്രവങ്ങൾ, വിരലടയാളം എന്നിവയും കൈയക്ഷര വിശകലനവും ഫോറൻസിക് തെളിവുകളുടെ ഭാഗമാകാം. മെഡിക്കൽ പരിശോധന, മൊഴികൾ, സാഹചര്യ തെളിവുകൾ തുടങ്ങിയവയെ കൂടുതൽ ആധികാരികമാക്കുകയോ അധിക തെളിവുകൾ നൽകുകയോ ചെയ്യുന്നവയാണ് ഫോറൻസിക് പരിശോധനാഫലങ്ങൾ. വിചാരണവേളയിൽ കുറ്റവാളികളെയും നിരപരാധികളെയും വേർതിരിച്ചറിയാനും ഈ ശാസ്ത്രീയ തെളിവുകൾ സഹായിക്കും.
ബലാത്സംഗ-പോക്സോ കേസുകൾ വേഗത്തില് തീര്പ്പാക്കുന്നതിനായി 14 എക്സ്ക്ലൂസീവ് പോക്സോ കോടതികള് ഉള്പ്പെടെ 56 അതിവേഗ പ്രത്യേക കോടതികളാണു സംസ്ഥാനത്തുള്ളത്. ഇവ കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ അഡീഷണല് ഡിസ്ട്രിക്ട് ആന്ഡ് സെഷന്സ് കോടതികളെയും മറ്റു ജില്ലകളിലെ ഫസ്റ്റ് അഡീഷണല് ഡിസ്ട്രിക്ട് ആന്ഡ് സെഷന്സ് കോടതികളെയും കുട്ടികളുടെ കോടതിയായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതായത്, ആവശ്യത്തിനു നിയമസംവിധാനങ്ങളുണ്ടെങ്കിലും അനുബന്ധ രേഖകൾ യഥാസമയം നൽകാനാകുന്നില്ല. എത്ര സജ്ജമായ യന്ത്രത്തെയും ഊരിപ്പോയ ഒരാണി നിശ്ചലമാക്കുന്നതുപോലെ.
കുട്ടികളുടെ സംരക്ഷകരായിരിക്കേണ്ട കുടുംബാംഗങ്ങളും അധ്യാപകരുമൊക്കെ പോക്സോ കേസുകളിൽ കൂടുതലായി ഉൾപ്പെടുന്ന ഭയാനക സ്ഥിതി നിലവിലുണ്ട്. ഇരകളാകുന്ന ആൺകുട്ടികളുടെ എണ്ണവും വർധിച്ചു. വിദ്യാഭ്യാസ വകുപ്പിലെ 77 പോക്സോ കേസുകളിൽ വകുപ്പുതല ശിക്ഷാനടപടി നേരിടുന്നത് 65 അധ്യാപകരാണ്. 12 പേർ മറ്റു ജീവനക്കാരാണ്. സ്നേഹത്തിന്റെ കരങ്ങളെന്നു കരുതിയവതന്നെ ഞെരിച്ചെന്ന യാഥാർഥ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് പോക്സോ ഇരകൾ.
ലൈംഗികാതിക്രമങ്ങൾ കുട്ടികളുടെ വർത്തമാനകാലത്തെ തരിപ്പണമാക്കിയെങ്കിൽ നീതി വൈകിക്കുന്നതിലൂടെ സർക്കാർ അവരുടെ ഭാവിയെയും ഭയത്തിനു പണയപ്പെടുത്തുകയാണ്. ബാക്കിയുള്ളത് ഭൂതകാലത്തിന്റെ ഉണങ്ങാത്ത മുറിവുകളാണ്. കേവലം ഫോറൻസിക് റിപ്പോർട്ടിന്റെ പേരിൽ അവരെ അവിടെ തളച്ചിടരുത്.
19-09-2025
കേന്ദ്രസർക്കാർ തന്നിഷ്ടപ്രകാരം നിയോഗിച്ച കമ്മീഷനെതിരേയാണ് വോട്ടുതട്ടിപ്പ് ആരോപണം. കമ്മീഷനു പറ്റുന്നില്ലെങ്കിൽ സർക്കാർ മറുപടി പറയണം.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്നലെയും ആവർത്തിച്ച വോട്ടുമോഷണ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനു മറുപടിയില്ലെങ്കിൽ കേന്ദ്രസർക്കാർ വായ തുറക്കണം. പ്രതിപക്ഷത്തിന്റെയോ ചീഫ് ജസ്റ്റീസിന്റെയോ ഇടപെടലില്ലാതെ സർക്കാർ ഏകപക്ഷീയമായി നിയോഗിച്ച കമ്മീഷനാണിത്. കമ്മീഷന്റെ നിലപാടിനെ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും വിമർശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിച്ചില്ലായിരുന്നെങ്കിൽ ഈ സർക്കാർ അധികാരത്തിലെത്തില്ലായിരുന്നോ എന്ന ചോദ്യമാണ് അന്തരീക്ഷത്തിൽ നിൽക്കുന്നത്. രാഹുലിന്റെ ഇന്നലത്തെ ആരോപണത്തിന്, ആർക്കും ആരെയും ഓൺലൈനായി വോട്ടർപട്ടികയിൽനിന്നു നീക്കാനാവില്ലെന്ന സമാധാനിപ്പിക്കലല്ല, അന്വേഷണസംഘത്തിനു രേഖകൾ കൊടുക്കുകയാണു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ചെയ്യേണ്ടത്.
വോട്ടുതട്ടിപ്പിൽ രണ്ടാമത്തെ വാർത്താസമ്മേളനമാണ് ഇന്നലെ രാഹുൽ ഗാന്ധി ന്യൂഡൽഹിയിൽ നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ടുകൊള്ളക്കാരെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “നൂറു ശതമാനം തെളിവുകൾ മുന്നിൽ വച്ചിട്ടും കമ്മീഷൻ ഉറങ്ങുകയാണ്. കോൺഗ്രസിനു കൂടുതൽ വോട്ടുള്ള ബൂത്തുകളിൽ കൂട്ടമായി വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കി. കർണാടകത്തിലെ അലന്ദ് മണ്ഡലത്തിൽ 6,018 വോട്ടുകൾ, വ്യാജ അപേക്ഷകൾ നൽകി വെട്ടിക്കളഞ്ഞു.
വോട്ട് നീക്കംചെയ്യാൻ അപേക്ഷിച്ചെന്നു പറയുന്ന ആൾക്കോ, വോട്ട് നഷ്ടപ്പെട്ട ആൾക്കോ ഇതേക്കുറിച്ച് അറിയില്ല. മറ്റേതോ ശക്തി ഈ നടപടിക്രമത്തെ ഹൈജാക്ക് ചെയ്ത് വോട്ട് നീക്കംചെയ്തു. വോട്ട് വെട്ടാൻ പ്രത്യേക സോഫ്റ്റ്വെയറുകളും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള മൊബൈൽ ഫോണുകളും ഉപയോഗിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കർണാടക സിഐഡി 18 മാസത്തിനിടെ 18 കത്തയച്ചിട്ടും കമ്മീഷൻ ഇതു സംബന്ധിച്ച പൂർണവിവരങ്ങൾ കൈമാറുന്നില്ല. മഹാരാഷ്ട്രയിലെ രജൗരയിൽ 6,850 വോട്ടുകൾ കൂട്ടിച്ചേർത്തതും സമാന രീതിയിലായിരുന്നു. ഹരിയാനയിലും യുപിയിലും ഇതു സംഭവിച്ചു.” താൻ പറഞ്ഞിരുന്ന ഹൈഡ്രജൻ ബോംബ് ഇതല്ലെന്നും അതു വരാനിരിക്കുന്നതേയുള്ളുവെന്നും രാഹുൽ പറഞ്ഞു.
കർണാടക മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളിൽ ഒരു ലക്ഷത്തിലധികം വ്യാജവോട്ടുകളായിരുന്നെന്നു രാഹുൽ ഗാന്ധി ആരോപിച്ചത് കഴിഞ്ഞ മാസമാണ്. മറുപടി പറയുന്നതിനു പകരം, രാഹുൽ മാപ്പു പറയണമെന്നായിരുന്നു കമ്മീഷന്റെ രോഷത്തോടെയുള്ള പ്രതികരണം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും ആരോപണം ഉയർന്നതോടെ സുപ്രീംകോടതി ഇടപെട്ട് കുറച്ചെങ്കിലും മാറ്റം വരുത്തി.
രാഹുലിന്റെ ആരോപണത്തിൽ കമ്മീഷൻ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നു മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരും പ്രതികരിച്ചിരുന്നു. പക്ഷേ, കമ്മീഷന്റെ മൗനം ദുരൂഹമായൊരു നിസഹായാവസ്ഥയുടെ പ്രതിഫലനമെന്നോണം തുടരുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമായിരിക്കണമെന്നു ബിജെപി സർക്കാർ വാശി പിടിച്ചതോടെ സംശയം മണത്തെങ്കിലും ആദ്യമായാണ് ശക്തമായ തെളിവുകൾ കമ്മീഷനെതിരേ നിരത്തപ്പെടുന്നത്. സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനു നിയമസംരക്ഷണം ഉറപ്പാക്കിക്കൊടുത്ത Appointment, Conditions of Service and Term of Office Act, 2023 അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്.
ഇപ്പോഴിതെല്ലാം പരസ്പരം ചേർത്തു വായിക്കേണ്ടി വന്നിരിക്കുന്നു. ഇന്നലെ സമൂഹമാധ്യമത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചു: “അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെ നീക്കാനുള്ള ശ്രമം ചിലയിടങ്ങളിൽനിന്നുണ്ടായെങ്കിലും വിജയിച്ചില്ല. ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ 2018ൽ ബിജെപിയുടെ സുഭാധ് ഗട്ടീദാറാണ് വിജയിച്ചതെങ്കിലും 2023ൽ കോൺഗ്രസിലെ ബി.ആർ. പാട്ടീലാണ് വിജയിച്ചത്.
വോട്ടർമാരെ പൊതുജനത്തിനു പട്ടികയിൽനിന്നു നീക്കാനാകുമെന്നത് രാഹുലിന്റെ തെറ്റിദ്ധാരണയാണ്.” പക്ഷേ, തെറ്റിദ്ധാരണ നീക്കാൻ ആവശ്യമായ രേഖകൾ കമ്മീഷൻ കൊടുക്കുകയുമില്ല. മാത്രമല്ല, കോൺഗ്രസ് ജയിച്ചതുകൊണ്ട്, അവിടെ തട്ടിപ്പു നടന്നിട്ടില്ലെന്നും വോട്ട് വെട്ടിയ ജനാധിപത്യ ഘാതകരെ വെറുതേ വിട്ടേക്കാമെന്നും കരുതാനാവില്ലല്ലോ.
കാര്യങ്ങൾ സുതാര്യമല്ലെന്ന പ്രതീതി മാനംമുട്ടെ ഉയർന്നിരിക്കുന്നു. അത്, രാഹുൽ ഗാന്ധി ബോധപൂർവം സൃഷ്ടിച്ചതാണെങ്കിൽ നടപടിയെടുക്കണം. അല്ലെങ്കിൽ കമ്മീഷന്റെയും സർക്കാരിന്റെയും വിശ്വാസ്യത പുനഃസ്ഥാപിക്കണം. രാഹുൽ കത്തിച്ചത് ഹൈഡ്രജൻ ബോംബല്ല പൂത്തിരിയാണെന്നു ബിജെപി നേതാവ് അനുരാഗ് താക്കൂറിനു പരിഹസിക്കാം. പക്ഷേ, ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന വോട്ടുതട്ടിപ്പ് പുറത്തു കൊണ്ടുവരുന്പോൾ കോമാളിത്തം പറയാൻ, ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സൗജന്യമായി കിട്ടിയതല്ലെന്നു കരുതുന്നവർക്ക് ആവില്ല.