പേരൂര്‍ക്കട: കത്തിക്കുത്തിനിടെ യുവാവ് മരിച്ച സംഭവത്തില്‍ രണ്ടുപേരെ കരമന സിഐ അനൂപ്, എസ്ഐമാരായ ശ്രീജിത്ത്, അജിത്ത്, സതീഷ്കുമാർ, എസ്സിപിഒ കൃഷ്ണകുമാര്‍, സിപിഒമാരായ ഹിരണ്‍, അജികുമാർ, ശരത്ത്, ശ്യാംമോഹന് എന്നിവര്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
മണക്കാട് കുര്യാത്തി എം.എസ്.കെ നഗറിൽ അജീഷ്കുമാര്‍ (39), നേമം കരുമം ഇടഗ്രാമം സുനിതാലയത്തില്‍ വാടകയ്ക്കു താമസിക്കുന്ന അജി എന്ന അജയന് (38) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഇരുവരും ബന്ധുക്കളാണ്. കരുമം ഇടഗ്രാമം സ്വദേശി ഷിജോ (34) യാണ് കത്തിക്കുത്തിനിടെ മരണപ്പെട്ടത്. അറസ്റ്റിലായ അജയന് ഭാര്യ പ്രീതയുമായി പിണങ്ങിക്കഴിയുകയാണ്. ഇതിന്റെ കാരണം ചോദിക്കുന്നതിനായി പ്രീതയുടെ സഹോദരനായ രാഹുല്‍ തന്റെ സുഹൃത്തുക്കളായ ഷിജോ, ജോജോ, ടെല്ജിന് എന്നിവരുമായി കഴിഞ്ഞദിവസം ഇടഗ്രാമത്ത് അജയന് താമസിക്കുന്ന വാടകവീട്ടിലെത്തിയിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
തർക്കത്തിനിടെ അജയന് തന്റെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിജോ, ജോജോ എന്നിവരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അജീഷ്കുമാര്‍ രാഹുലിനെയും സുഹൃത്തുക്കളെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിജോ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. ജോജോ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. ഫോര്‍ട്ട് എസി ബിനുകുമാറിന്റെ നിർദേശപ്രകാരമായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.