Auto
മഹീന്ദ്രയുടെ സ്കോർപിയോ എന്ന വാഹനം ഇന്ത്യക്കാർക്ക് ഒരു വികാരമാണ്. പ്രത്യേകിച്ച് സൗത്ത് ഇന്ത്യക്കാർക്ക്. സിനിമകളിലും നിരത്തുകളിലും നിറഞ്ഞു നിൽക്കുന്ന വാഹനമാണ് സ്കോർപിയോ.
എസ്യുവി എന്നു കേട്ടാൽ ആദ്യം മനസിൽവരുന്ന വാഹനവും സ്കോർപിയോ തന്നെയാകും. ഇന്ത്യൻ നിരത്തുകളിൽ സ്കോർപിയോ അത്രയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിനുദഹരണമാണ് രണ്ട് പതിറ്റാണ്ടായി ഇപ്പോഴും ഡിമാന്‍ഡ് കുറയാതെ വിപണി വാഴുന്നത്.
രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി 2022ൽ ‘സ്കോർപിയോ എൻ’ എന്ന എസ്യുവി മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഈ വാഹനം വലിയ വിജയമാണ് മഹീന്ദ്രയ്ക്ക് സമ്മാനിച്ചത്. ഇപ്പോൾ സ്കോർപിയോ എൻ ഏതാനും അപ്ഡേറ്റുകളുമായി വീണ്ടും വിപണിയിൽ എത്തിയിരിക്കുകയാണ്.
സുരക്ഷയ്ക്കാണ് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിൽ മാറ്റമില്ലാതെയാണ് സ്കോർപിയോ എന്നിന്റെ വരവ്. പുതുതലമുറ വാഹനങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്ന ലെവൽ-2 അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം (അഡാസ്-2) ആണ് പുതിയ പതിപ്പ് വാഹനത്തിൽ നൽകിയിരിക്കുന്നത്.
അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിൾ സ്റ്റാർട്ട് അലേർട്ട് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ ലെവൽ 2 അഡാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്കോർപിയോ എൻ നിരയിലെ ഉയർന്ന പതിപ്പായ ഇസഡ് 8 എൽ എന്ന വേരിയന്റിലാണ് അഡാസ് നൽകിയിരിക്കുന്നത്.
ഇസഡ് 8 എൽ വേരിയന്റിന് കീഴിൽ ആറ്, ഏഴ് സീറ്റിംഗ് ലേഒൗട്ടുകളിലും ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിലുമായി പത്തോളം വകഭേദങ്ങളാണുള്ളത്. അഡാസ് സുരക്ഷാ സംവിധാനമുള്ള ആറ് സീറ്റർ പതിപ്പുകൾക്ക് 21.60 ലക്ഷം രൂപ മുതൽ 23.48 ലക്ഷം രൂപ വരെയും ഏഴ് സീറ്റർ പതിപ്പുകൾക്ക് 21.35 ലക്ഷം രൂപ മുതൽ 25.42 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ആറ് സീറ്റർ പതിപ്പിന്റെ അഡാസ് സംവിധാനമുള്ള മോഡലിൽ ഫോർ വീൽ ഡ്രൈവ് സംവിധാനം മഹീന്ദ്ര നൽകുന്നില്ല.
എക്സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ സ്കോർപിയോ എൻ എത്തിയിരിക്കുന്നത്. എൽഇഡി ഹെഡ് ലൈറ്റ്, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഫോഗ്ലാംപ്, സീക്വൻഷ്യൽ ടേണ്‍ ഇന്‍ഡിക്കേറ്ററുകൾ, അലോയ് വീലുകൾ എന്നിവ എക്സ്റ്റീരിയറിന് മിഴിവോകുന്നു.
ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, കണക്ടഡ് ഫീച്ചറുകൾ, ബിൽറ്റ് ഇൻ അലക്സ, ലെതറിൽ അപ്ഹോൾസ്ട്രി എന്നിവ ഇന്റീരിയറിനെ മികച്ചതാക്കുന്നു.
സുരക്ഷാ കൂട്ടിച്ചേർക്കലുകൾ ഒഴിച്ചാൽ മെക്കാനിക്കൽ വശങ്ങളിൽ സ്കോർപിയോ എൻ മാറ്റമില്ലാതെ തുടരുന്നു. മുൻ മോഡലിലെ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുകളാണ് നൽകിയിരിക്കുന്നത്.
ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളാണുള്ളത്. പെട്രോൾ എൻജിന് 203 എച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. ഡീസൽ എൻജിൻ 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ എൻജിനിൽ മൂന്ന് ഡ്രൈവ് മോഡുകളും നോർമൽ, ഗ്രാസ്, ഗ്രാവൽ, സ്നോ, മഡ്, സാൻഡ് എന്നീ ടെറൈൻ മോഡുകളുമുണ്ട്.
ഇസഡ് 8 ടി
ഇസഡ് 8 ടി എന്ന പുതിയൊരു വേരിയന്റും കന്പനി സ്കോർപിയോ എൻ നിരയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇസഡ് 8, ഇസഡ് 8 എൽ എന്നീ വകഭേദങ്ങൾക്കിടയിലാണ് പുതിയ ഇസഡ് 8 ടി വേരിയന്റ് സ്ഥിതി ചെയ്യുന്നത്.
18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, 12 സ്പീക്കർ സോണി ഓഡിയോ സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് കാമറ, സിക്സ് വേ പവർഡ് ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഡിമ്മിംഗ് ഇൻസൈഡ് റിയർ വ്യൂ മിറർ തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകളോടെയാണ് ഇസഡ് 8 ടി വരുന്നത്.
Auto
ഓട്ടോസ്പോട്ട്/ അരുൺ ടോം
വാഹനപ്രേമികൾക്കിടയിൽ ഹോണ്ട എന്ന പേരിന് വലിയ സ്ഥനമുണ്ട്. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ടയുടെ വാഹനങ്ങളും. അതിൽ എടുത്തു പറയേണ്ട പേര് ഹോണ്ട സിറ്റിയുടെതാണ്. ഇന്ത്യയിൽ 1998ന് എത്തിയ ‘സിറ്റി’യുടെ ജൈത്രയാത്ര പുതിയ രൂപത്തിലും ഭാവത്തിലും ഇപ്പോഴും തുടരുകയാണ്. ഈ യാത്രയിലെ ഏറ്റവും പുതിയ എഡിഷൻ കഴിഞ്ഞ ദിവസം വിപണിയിലെത്തി.
ഹോണ്ട സിറ്റി സ്പോർട്ട് എന്ന പേരിലാണ് ഈ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്തി സ്പോർട്ടി ലുക്കും യുവത്വമുള്ള ഡിസൈനും നൽകിയാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട സിറ്റി വി വേരിയന്റിൽ ഇല്ലാത്ത അധിക ഫീച്ചറുകളും സിറ്റി സ്പോർട്ടിലുണ്ട്. ഹോണ്ട സിറ്റി സ്പോർട്ട് ലിമിറ്റഡ് എഡിഷൻ മോഡലിന് 14.89 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. നിലവിലെ സിറ്റി വി സിവിടി വേരിയന്റിനേക്കാൾ 49,000 രൂപ കൂടുതലാണ്. റേഡിയന്റ് റെഡ് മെറ്റാലിക്ക്, പ്ലാറ്റിനം വൈറ്റ് പേൾ, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്.
റോഡ് പ്രസൻസ്
ഏതൊരു വാഹനപ്രേമിയുടെയും കണ്ണുടക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഹോണ്ട വാഹനത്തിൽ വരുത്തിയിരിക്കു ന്നത്. മുൻഭാഗത്ത് സ്പോർട്ടി ബ്ലാക്ക് ഗ്രില്ലും പിന്നിൽ സ്പോർട്ടി ബ്ലാക്ക് സ്പോയിലറുമാണ് നൽകിയിരിക്കുന്നത്. മെറ്റാലിക് ഗ്രേ ഫിനിഷിലുള്ള മൾട്ടി സ്പോക്ക് അലോയ് വീലുകൾ വാഹനത്തിന്റെ ഭംഗി കൂട്ടുന്നു. ഗ്രോസ് ബ്ലാക്കിലുള്ള ഷാർക്ക് ഫിൻ ആന്റിന, ബ്ലാക്ക് ഒൗട്ട് റിയർ വ്യൂ മിറർ കവറുകൾ, പിൻഭാഗത്തെ സ്പോർട്ട് എംബ്ലം എന്നിവ ഹോണ്ട സിറ്റി സ്പോർട്ടിന്റെ റോഡ് പ്രസൻസ് ഉറപ്പിക്കുന്നു.
ബ്ലാക്ക് & റെഡ്
പുറത്തുമാത്രം ഒതുങ്ങാതെ ഉള്ളിലേക്കും മാറ്റങ്ങൾ കൊണ്ടുവരാൻ ഹോണ്ട ശ്രമിച്ചിട്ടുണ്ട്. ചുവപ്പിന്റെ അകന്പടിയോടെയുള്ള ബ്ലാക്ക് ഇന്റീരിയറാണ് നൽകിയിരിക്കുന്നത്. ഏഴ് നിറത്തിലുള്ള ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, ലെതറിൽ പൊതിഞ്ഞ അപ്ഹോൾസ്റ്ററി, റെഡ് സ്റ്റിച്ചിംഗുള്ള കറുത്ത സ്റ്റിയറിംഗ്്, ഗ്ലോസി ബ്ലാക്ക് എസി വെന്റുകൾ എന്നിവ പ്രധാന മാറ്റങ്ങളാണ്. ഡോറുകൾ, റൂഫ്, പില്ലറുകൾ എന്നീ ഇന്റീരിയർ ഘടകങ്ങളും ബ്ലാക്ക് ഒൗട്ട് ചെയ്തിട്ടുണ്ട്. സീറ്റുകൾ, ഡോർ ഇൻസെർട്ടുകൾ എന്നിവിടങ്ങളിൽ ചുവപ്പ് ഹൈലൈറ്റുകൾ നൽകിയിട്ടുണ്ട്. ഡാഷ്ബോർഡിനും ചുവപ്പ് ട്രിമ്മിംഗ് ലഭിക്കും. ഒരൽപ്പം ത്രില്ല് വേണ്ടവർക്ക് വേണ്ടി പാഡിൽ ഷിഫ്റ്റും സ്റ്റിയറിംഗിൽ നൽകിയിട്ടുണ്ട്. ഫ്രണ്ട് ഫോഗ് ലൈറ്റുകൾ, ഓട്ടോ ഹൈ-ബീം ഹെഡ്ലൈറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി ആൻഡ് ഗോ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്ട്രോൾ, ലെവൽ 2 അഡാസ് തുടങ്ങിയ നിരവധി ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും ഏറേക്കുറേ വി വേരിയന്റിന് സമമാണ്.
സ്പോർട്സ് മോഡ്
ഹോണ്ട സിറ്റിയുടെ മറ്റ് മോഡലുകളിലുള്ള 121 പിഎസ് കരുത്തും 145 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റർ ഐവിടെക് പെട്രോൾ എൻജിനാണ് പുതിയ സ്പോർട്ട് വേരിയന്റിലുമുള്ളത്.
ഹോണ്ട സിറ്റി സ്പോർട്ട് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമാണ് ലഭിക്കുക. സ്പോർട്സ് മോഡ് ഉൾപ്പെടുത്തിയ 7 സ്പീഡ് ഓട്ടോമാറ്റിക് സിവിടി ഗിയർബോക്സാണുള്ളത്. ഹോണ്ട സിറ്റി സ്പോർട്ട് ലിമിറ്റഡ് എഡിഷൻ മോഡലിന് 18.40 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കന്പനി അവകാശപ്പെടുന്നത്.
വില :14.89 ലക്ഷം
മൈലേജ്: 18.40 കിലോമീറ്റർ
Auto
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി ചുവടുറപ്പിക്കുകയാണ്. പരന്പരാഗതമായ ഫോസിൽ ഇന്ധനത്തിൽ നിന്ന് ഇലക്ട്രിക്കിലേക്ക് മാറുന്നതിലുള്ള ആളുകളുടെ ആശങ്ക കുറഞ്ഞുവരുന്നു. പ്രമുഖ വാഹന നിർമാതാക്കളെല്ലാം ഇതിനകം തന്നെ ഇലക്ട്രിക് പതിപ്പുകൾ അവതരിപ്പിച്ചു കഴിഞ്ഞു
റേഞ്ചും ചാർജിംഗും ആയിരുന്നു ഇവി വാങ്ങുന്നവരുടെ പ്രശ്നം. അതിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ കന്പനികൾക്ക് കഴിഞ്ഞിട്ടുണ്ട്.
നിരവധി ചാർജിംഗ് സ്റ്റേഷനുകൾ വരികയും ചാർജിംഗ് വേഗത്തിലാക്കുകയും ഒറ്റ ചാർജിൽ കൂടുതൽ റേഞ്ച് ലഭിക്കുന്ന വാഹനങ്ങൾ നിർമാണ കമ്പനികൾ പുറത്തിറക്കുകയും ചെയ്തതോടെ കൂടുതൽ ആളുകൾ ഇവിയിലേക്ക് എത്തുന്നു.
രാജ്യത്ത് ഇന്നു ലഭിക്കുന്ന മികച്ച ഇലക്ട്രിക് കാറുകളെ പരിചയപ്പെടാം
ടാറ്റ ടിയാഗോ ഇ വി
കൈയിലൊതുങ്ങുന്ന വിലയിൽ ഒരു ഇലക്ട്രിക് കാർ അതാണ് ടാറ്റയുടെ ടിയാഗോ ഇ വി. ഹൃസ്വദൂര യാത്രകൾക്കും ഉതകുന്ന വാഹനമാണ് ടിയാഗോ. മികച്ച നിർമാണവും സുരക്ഷയും ടിയാഗോ ഉറപ്പുതരുന്നു.
നഗരത്തിൽ കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പം കറങ്ങാൻ അനുയോജ്യമാണ് ടിയാഗോ ഇ വി.
റേഞ്ച്: 19.2 കിലോവാട്ട്-250 കി.മീ, 24 കിലോവാട്ട്-315 കി.മീ
വില: 7.99 ലക്ഷം രൂപ മുതൽ 11.14 ലക്ഷം രൂപ വരെ
ടാറ്റ പഞ്ച് ഇ വി
സ്റ്റൈലിഷ് ഡിസൈൻ, കരുത്തുറ്റ ബിൽഡ് ക്വാളിറ്റി, മികച്ച ഇന്റീരിയർ എന്നീ സവിശേഷതകളോടെ ടാറ്റ് പുറത്തിറക്കിയ ഇലക്ട്രിക് വാഹനമാണ് പഞ്ച്.
കാഴ്ചയിൽ പെട്രോൾ പഞ്ചിനോട് സമാനമാണെങ്കിലും പൂർണമായ ഇവി പ്ലാറ്റ്ഫോമിലാണ് പഞ്ച് നിർമിച്ചിട്ടുള്ളത്. 5 സ്റ്റാർ റേറ്റിംഗും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉപഭോക്താക്കളുടെ മെച്ചപ്പെട്ട ഓപ്ഷനായി പഞ്ചിനെ മാറ്റുന്നു.
റേഞ്ച്: 25 കിലോവാട്ട്, 315 കി.മീ
35 കിലോവാട്ട്, 421 കി.മീ
വില: 9.99 ലക്ഷം രൂപ മുതൽ 14.44 ലക്ഷം രൂപ വരെ
മഹീന്ദ്ര ബിഇ6 ഇ വി
ആകർഷകവും ആധുനികവുമായ ഒരു ഡിസൈനിൽ മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ് ബിഇ6. നിരവധി സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം 5 സ്റ്റാർ റേറ്റിംഗും 200 കിലോമീറ്റർ വരെ വേഗതയാർജിക്കാനുള്ള കഴിവും ലോംഗ് റേഞ്ചും വാഹനത്തെ വ്യത്യസ്തമാക്കുന്നു.
റേഞ്ച്: 59 കിലോവാട്ട്-557 കി.മീ.
79 കിലോവാട്ട്-683 കി.മീ.
വില: 18.90 ലക്ഷം രൂപ മുതൽ 27.65 ലക്ഷം രൂപ വരെ
എംജി കോമറ്റ് ഇ വി
2023 ഏപ്രിലിൽ പുറത്തിറക്കിയ എംജി കോമറ്റ് ഇവി നഗര യാത്രക്ക് യോജിച്ച വാഹനമാണ്. പ്രായോഗികതയും കുറഞ്ഞ പ്രവർത്തനച്ചെലവും കോമറ്റിനെ വ്യത്യസ്തമാക്കുന്നു.
രണ്ട് ഡോറുകളും നാല് സീറ്റുമുള്ള ഒതുക്കമുള്ള രൂപകൽപ്പനയാണ് കോമറ്റിന് നൽകിയിട്ടുള്ളത്.
റേഞ്ച്: 17.4 കിലോവാട്ട് ബാറ്ററി പായ്ക്ക് - 230 കി.മീ.
വില: ബാറ്ററി - ആസ് - എ - സർവീസ് : 5 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.
ബാറ്ററി പായ്ക്ക് സഹിതം : 7.35 ലക്ഷം രൂപ മുതൽ 9.86 ലക്ഷം രൂപ വരെ
ടാറ്റ നെക്സോൺ ഇ വി
2020 ൽ ആദ്യമായി പുറത്തിറങ്ങിയ ടാറ്റ നെക്സോൺ ഇവി, ഇന്ത്യയിലെ ഏറ്റവും ആവശ്യക്കാരുള്ള കോംപാക്റ്റ് ഇലക്ട്രിക് എസ്യുവികളിൽ ഒന്നാണ്.
ആധുനിക രൂപകൽപനയും മെച്ചപ്പെട്ട സവിശേഷതകളും കൊണ്ട്, ഇത് നഗര, ഹൈവേ ഉപയോക്താക്കളെ ഒരുപോലെ ആകർഷിക്കുന്നു.
റേഞ്ച്: 30 കിലോവാട്ട് - ദൂരം 325 കി.മീ
45 കിലോവാട്ട് - ദൂരം 489 കി.മീ.
വില: 12.5 ലക്ഷം രൂപ മുതൽ 17.19 ലക്ഷം രൂപ വരെ
എംജി വിൻഡ്സർ ഇ വി
പ്രീമിയം എക്സ്റ്റീരിയർ, ഇന്റീരിയർ സ്റ്റൈലിംഗ്, മികച്ച സുരക്ഷ, ആഡംബര കോംപാക്റ്റ് എസ്യുവികളെ തോൽപ്പിക്കുന്ന പ്രായോഗികതയോടെ എംജി പുറത്തിറക്കിയ വാഹനമാണ് വിൻഡ്സർ ഇ വി.
മുൻപ് റേഞ്ച് പ്രശ്നമായിരുന്നു എങ്കിൽ ഇപ്പോൾ അത് പരിഹരിച്ച് പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് എം ജി. ബാറ്ററി വാടകയ്ക്ക് എന്ന രീതിയിലും ഈ വാഹനം വാങ്ങിക്കാൻ കഴിയുന്നതാണ്.
റേഞ്ച്: 38 കിലോവാട്ട് - 332 കി.മീ.
52.9 കിലോവാട്ട് - 449 കി.മീ.
വില: 14.00 ലക്ഷം രൂപ മുതൽ 18.10 ലക്ഷം രൂപ വരെ
Auto
വാഹനപ്രേമികൾ ഏറെനാളായി കാത്തിരുന്ന ഗോൾഫ് ജിടിഐ ഇന്ത്യൻ വിപണിയിലെത്തി. ജർമൻ വാഹനനിർമാക്കളായ ഫോക്സ്വാഗൻ പോളോ ജിടിഐക്ക് ശേഷം ഇന്ത്യൻ വിപണിയിൽ ഇറക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോൾഫ് ജിടിഐ.
മുൻമോഡലിനെ സ്വീകരിച്ചതുപോലെ ഗോൾഫ് ജിടിഐയെയും രാജ്യത്തെ വാഹനപ്രേമികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കാറിന്റെ പ്രീ ബുക്കിംഗ് മേയ് അഞ്ചിന് ആരംഭിച്ചിരുന്നു. ബുക്കിംഗ് തുടങ്ങി വെറും മൂന്നു ദിവസങ്ങൾക്കുള്ളിൽ ആദ്യ ബാച്ചിലെ 150 യൂണിറ്റുകളുടെ ബുക്കിംഗ് പൂർത്തിയായി.
ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞുവെങ്കിലും ഡിമാൻഡ് അടിസ്ഥാനമാക്കി 100 കാറുകൾ കൂടി രണ്ടാം ബാച്ചിൽ ഇന്ത്യയിൽ എത്തിക്കാൻ ഫോക്സ് വാഗൻ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ ഫോക്സ്വാഗണിന്റെ ഏറ്റവും വില കൂടിയ മോഡലാണ് ഗോൾഫ് ജിടിഐ.
53 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറും വില. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്താണ് വാഹനം വിൽക്കുന്നത്.
പുറംമോടി
ഡിസൈൻ സാധാരണ ഗോൾഫിന് സമാനമാണെങ്കിലും ഗ്രൗണ്ട് ക്ലിയറൻസിൽ 136 മില്ലിമീറ്റർ കുറവാണ് ജിടിഐക്ക്. വൃത്താകൃതിയിലുള്ള ഫോഗ് ലാന്പുകൾക്ക് പകരം എക്സ് ആകൃതിയിൽ എൽഇഡി ഫോഗ് ലാന്പുകളാണ് നൽകിയിരിക്കുന്നത്. സ്ലിം മാട്രിക്സ് എൽഇഡി ഹെഡ്ലാന്പുകൾ വാഹനത്തെ കൂടുതൽ മനോഹരമാക്കുന്നു.
18 ഇഞ്ച് ഡ്യുവൽ ടോണ്‍ അലോയ് വീലുകളാണുള്ളത്. ചുവന്ന ബ്രേക്ക് കാലിപ്പറുകൾ, ഇല്യൂമിനേറ്റഡ് ലോഗോ, സ്പോർട്ടി ഫ്രണ്ട്, റിയർ ബന്പറുകൾ, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, ഷാർക്ക് ഫിൻ ആന്റിന, റൂഫ് സ്പോയിലർ, ഡ്യുവൽ എക്സ്ഹോസ്റ്റ് എന്നിവ വാഹനത്തിന്റെ പ്രധാന ഹൈലൈറ്റുകളാണ്.
ഏഴ് എയർബാഗുകൾ, റിയർ വ്യൂ കാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, റിയർ ട്രാഫിക് അലേർട്ട് തുടങ്ങിയ ഫീച്ചറുകളും ലെവൽ 2 ഏഡാസ് സംവിധാനവുമാണ് ഗോൾഫ് ജിടിഐയുടെ സുരക്ഷ മേഖല കൈകാര്യം ചെയ്യുന്നത്.
അകംമോടി
ഇന്റീരിയറിൽ സ്പോർട്സ് സീറ്റുകൾ, സീറ്റുകളിൽ ചുവപ്പ് നിറത്തിൽ തുന്നിച്ചേർത്ത ‘ജിടിഐ’ ബാഡ്ജ്, ലെതർ സ്റ്റിയറിംഗ് വീൽ, 12.9 ഇഞ്ച് ഇൻഫൊടെയിൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ചാറ്റ് ജിപിടി പിന്തുണയ്ക്കുന്ന വോയ്സ് കമാൻഡുകൾ,
ആപ്പിൾ കാർപ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ, വയർലെസ് ചാർജർ, പാഡിൽ ഷിഫ്റ്ററുകൾ, 30 കളർ ആംബിയന്റ് ലൈറ്റിംഗ്, സണ്‍റൂഫ്, വെന്റിലേറ്റഡ് മുൻസീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയാണ് അകത്തെ ഹൈലൈറ്റുകൾ.
പവർ യൂണിറ്റ്
2.0 ലിറ്ററിന്റെ 4 സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് ഗോൾഫ് ജിടിഐ ഹൃദയം. 265 എച്ച്പി കരുത്തും 370 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്.
0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.9 സെക്കൻഡുകൾ മതി. പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. കംഫർട്ട്, സ്പോർട്ട്, ഇക്കോ, ഇൻഡിവിജ്വൽ എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളാണുള്ളത്.
കിംഗ്സ് റെഡ് മെറ്റാലിക്, ഒറിക്സ് വൈറ്റ് പേൾ, മൂണ്‍സ്റ്റോണ്‍ ഗ്രേ, ഗ്രെനഡില്ല ബ്ലാക്ക് മെറ്റാലിക് എന്നീ നാല് കളർ ഓപ്ഷനിലാണ് വാഹനം ഉപഭോക്താക്കൾക്ക് ലഭ്യമാവുക.
Auto
<b>ഓട്ടോസ്പോട്ട് / അരുൺ ടോം </b>
മെഴ്സിഡീസ് ബെന്‍സ് ഇന്ത്യ ഇന്ത്യന്‍ മണ്‍സൂണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്രത്യേക പതിപ്പ് പുറത്തിറക്കി. എഎംജി ജി 63 ‘കളക്ടേഴ്സ് എഡിഷന്’ എന്ന പേരിലാണ് ഈ പ്രത്യേക പതിപ്പ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. മെഴ്സിഡീസ് ഇന്ത്യയും മെഴ്സിഡീസ് ബെന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഇന്ത്യയും ചേര്‍ന്നാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മണ്‍സൂണില്‍ ഇന്ത്യന്‍ കാടുകളുടെയും ഭൂമിയുടെയും നിറങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന് മെഴ്സിഡീസ് നിറം നല്‍കിയിരിക്കുന്നത്. കാടുകളിലെ പച്ചപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മൈല്‍ഡ് ഗ്രീന്‍ മാഗ്നോ, മണ്ണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള റെഡ് മാഗ്നോ എന്നീ രണ്ട് നിറങ്ങളിലാണ് എഎംജി ജി 63 കളക്ടേഴ്സ് എഡിഷന് എത്തുക.
<b>ഗോള്‍ഡ് അലോയി </b>
പുറംഭാഗത്ത് ‘കളക്ടേഴ്സ് എഡിഷന്’ ബ്രാന്‍ഡിംഗിനൊപ്പം വശങ്ങളിലൂടെ നീളുന്ന സ്പെഷ്യല്‍ സൈഡ് പ്രൊട്ടക്ഷന്‍ സ്ട്രിപ്പ്, സ്പെയര്‍ വീല്‍ കവറില്‍ ‘വണ്‍ ഓഫ് തേര്‍ട്ടി’ എന്ന ഫലകം, എഡിഷന് വ്യക്തമാക്കുന്ന ബാഡ്ജിംഗ്, സ്വര്‍ണ നിറത്തിലുള്ള 22 ഇഞ്ച് ടെക് ഗോള്‍ഡ് അലോയ് വീല്‍ എന്നിവ സ്റ്റാൻഡേർഡ് പതിപ്പില്‍ നിന്ന് കളക്ടേഴ്സ് എഡിഷനെ വ്യത്യസ്തവും മനോഹരവുമാക്കുന്നു.
<b>ഗ്രാബ് ഹാന്‍ഡില്‍ </b>
ഉപഭോക്താക്കളുടെ പേര് ഉള്‍പ്പെടുത്തി കസ്റ്റമൈസ് ചെയ്യാവുന്ന പാസഞ്ചര്‍ ഗ്രാബ് ഹാന്‍ഡില്‍ ആണ് ക്യാബിന്റെ പ്രധാന ഹൈലൈറ്റ്. കറ്റാലാന ബീജ്, ബ്ലാക്ക് എന്നീ രണ്ടു നിറത്തിലുള്ള നാപ്പ ലെതറാണ് അകത്തളത്തിന് ഭംഗി നൽകുന്നത്. വാൾനട്ട് വുഡ് ട്രിം നിറമാണ് ഡാഷ്ബോർഡിന് നൽകിയിട്ടുള്ളത്. മറ്റു ഫീച്ചറുകളും ലേഔട്ടും എഎംജി ജി 63ലേതുപോലെ തന്നെ കളക്ടേഴ്സ് എഡിഷനിലും ലഭിക്കും.
അഡാപ്റ്റീവ് സസ്പെന്‍ഷനോടുകൂടിയ എഎംജി ആക്റ്റീവ് റൈഡ് കണ്ട്രോള്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്ഫോടെയിന്മെന്റിനുമുള്ള ട്വിന്‍ 12.3 ഇഞ്ച് ഡിസ്പ്ലേകള്‍, ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീനിനുള്ള പുതിയ ഓഫ് റോഡ് കോക്ക്പിറ്റ് ഡിസ്പ്ലേ, 18 സ്പീക്കര്‍ ബര്‍മെസ്റ്റര്‍ ത്രിഡി സൗണ്ട് സിസ്റ്റം, 360 ഡിഗ്രി കാമറ എന്നിങ്ങനെ നീളും ഫീച്ചറുകള്‍.
<b>30 യൂണിറ്റ് മാത്രം</b>
പവര്‍ട്രെയിന്റെ കാര്യത്തില്‍ എഎംജി ജി 63 മോഡലില്‍നിന്ന് മെക്കാനിക്കലായ മാറ്റം വരുത്താതെയാണ് പുതിയ എഡിഷന്റെ വരവ്. വാഹനപ്രേമികള്‍ക്ക് പരിചിതമായ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.
ഇതിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയുമുണ്ട്. 22 എച്ച്പി പവര്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ വകയാണ്. 577 ബിഎച്ച്പി കരുത്തും 850 എന്‍എം പീക്ക് ടോര്‍ക്കും ഈ എന്ജിന് ഉത്പാദിപ്പിക്കും. ഒന്‍പത് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്.
മണിക്കൂറില്‍ 240 കിലോമീറ്റര്‍ ടോപ്പ് സ്പീഡ് കൈവരിക്കാനാവുന്ന ഓൾ വീൽ ഡ്രൈവാണ് വാഹനം. 4.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും. വാഹനത്തിന്റെ വില എഎംജി ജി 63 മോഡലിനെക്കാള്‍ 66 ലക്ഷം രൂപ കൂടുതലാണ്. 4.30 കോടി രൂപയാണ് എഎംജി ജി 63 കളക്ടേഴ്സ് എഡിഷന്റെ എക്സ്ഷോറൂം വില.
വാഹനം 30 യൂണിറ്റ് മാത്രമായിരിക്കും നിർമിക്കുക. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം അവസാനത്തോടെയായിരിക്കും നിരത്തിലിറങ്ങുക.
Auto
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ആക്ടീവ ലിമിറ്റഡ് എഡിഷന് അവതരിപ്പിച്ചു. ആക്ടീവ ഡിഎല്‍എക്സ് ലിമിറ്റഡ് എഡിഷന് 80,734 രൂപയും ആക്ടിവ സ്മാര്‍ട്ട് ലിമിറ്റഡ് എഡിഷന് 82,734 രൂപയാണ് എക്സ്ഷോറൂം വില.
ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബോഡി പാനലുകളിലെ ശ്രദ്ധേയമായ ഷേഡുകള്‍ക്കൊപ്പം ആദ്യമായി ഡാര്‍ക്ക് കളര്‍ തീമും ബ്ലാക്ക് ക്രോം എലമന്റ്സും നല്കി ആക്ടീവ ലിമിറ്റഡ് എഡിഷന് രൂപഭംഗിക്ക് മാറ്റുകൂട്ടുന്നതാണെന്ന് കന്പനി അവകാശപ്പെട്ടു.
10 വര്‍ഷത്തെ പ്രത്യേക വാറണ്ടി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.
Auto
ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നത് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യയാണ്. ഡ്രൈവറെ സഹായിക്കാനും അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള ഈ ആധുനിക സുരക്ഷാ ഫീച്ചറുകൾക്ക് യുവ ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രീമിയം കാറുകളിൽ മാത്രം ലഭ്യമായിരുന്ന ഈ സംവിധാനങ്ങൾ ഇപ്പോൾ മിഡ്-റേഞ്ച് വാഹനങ്ങളിലും എത്താൻ തുടങ്ങി.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ ഫീച്ചറുകളാണ് ADAS-ൽ പ്രധാനമായും ഉൾപ്പെടുന്നത്. നഗരങ്ങളിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിലും ഹൈവേ യാത്രകളിലും ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതവും സമ്മർദ്ദം കുറഞ്ഞതുമാക്കാൻ ഇത് സഹായിക്കുന്നു. സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന പുതിയ തലമുറയാണ് ഈ സാങ്കേതികവിദ്യയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത്.
സർക്കാരും വാഹന നിർമ്മാതാക്കളും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സമയത്ത്, ADAS സാങ്കേതികവിദ്യക്ക് വലിയ പ്രാധാന്യമുണ്ട്. വരും വർഷങ്ങളിൽ ഇത് മിക്ക പുതിയ കാറുകളിലും ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും ADAS ഒരു പ്രധാന പങ്ക് വഹിക്കും.
Auto
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) വർദ്ധിച്ചുവരുന്ന സ്വീകാര്യത ലഭിക്കുന്നതായി റിപ്പോർട്ടുകൾ. ഉയർന്ന ഇന്ധനവിലയും പരിസ്ഥിതി സൗഹൃദമായ ഗതാഗത മാർഗ്ഗങ്ങളോടുള്ള താൽപ്പര്യവുമാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന സബ്സിഡികളും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിലെ വളർച്ചയും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ ഇലക്ട്രിക് സ്കൂട്ടറുകളും കാറുകളും ഇപ്പോൾ ഒരു സാധാരണ കാഴ്ചയാണ്.
നിലവിൽ, വിവിധ വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് വാഹന മോഡലുകൾ കേരള വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ടാറ്റ മോട്ടോർസ്, എംജി മോട്ടോർ, മഹീന്ദ്ര, ഓല ഇലക്ട്രിക് തുടങ്ങിയ കമ്പനികൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒറ്റ ചാർജിൽ കൂടുതൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും കുറഞ്ഞ പരിപാലനച്ചെലവുമാണ് ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
സംസ്ഥാനത്ത് കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് നികുതി ഇളവുകൾ നൽകുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇത് ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കാൻ സഹായിക്കും. ഗതാഗത മേഖലയിലെ കാർബൺ പുറന്തള്ളൽ കുറച്ച് ഒരു ഹരിത കേരളം കെട്ടിപ്പടുക്കുന്നതിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
Auto
പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ രൂപകൽപ്പനയും മെച്ചപ്പെട്ട എഞ്ചിൻ പ്രകടനവുമാണ് പുതിയ മോഡലിന്റെ പ്രധാന ആകർഷണങ്ങൾ. യുവതലമുറയെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന ഈ വാഹനം, കൂടുതൽ ഇന്ധനക്ഷമതയും മികച്ച ഡ്രൈവിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്നു. അകത്തും പുറത്തും വരുത്തിയിട്ടുള്ള മാറ്റങ്ങൾ സ്വിഫ്റ്റിന് ഒരു പുതിയ ഭാവം നൽകുന്നു.
പുതിയ സ്വിഫ്റ്റിൽ 1.2 ലിറ്റർ Z-സീരീസ് എഞ്ചിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഇത് മികച്ച പവറും ടോർക്കും നൽകുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. സുരക്ഷാ ഫീച്ചറുകളിലും മാരുതി സുസുക്കി വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഒന്നിലധികം എയർബാഗുകൾ, EBD സഹിതമുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ പുതിയ സ്വിഫ്റ്റിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ആധുനിക ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്നോളജി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും പുതിയ സ്വിഫ്റ്റിനെ കൂടുതൽ ആകർഷകമാക്കുന്നു. നഗര യാത്രകൾക്കും കുടുംബ ആവശ്യങ്ങൾക്കും ഒരുപോലെ അനുയോജ്യമായ ഈ വാഹനം മാരുതി സുസുക്കിയുടെ നിരയിലെ മറ്റൊരു വിജയഗാഥയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരാധിഷ്ഠിതമായ ഹാച്ച്ബാക്ക് സെഗ്മെന്റിൽ സ്വിഫ്റ്റ് തങ്ങളുടെ ആധിപത്യം തുടരുമെന്ന് കമ്പനി അറിയിച്ചു.