District News
പെരുവ: പലചരക്കുകടയില്‍ പട്ടാപ്പകല്‍ മോഷണം. പെരുവ മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടപ്പറമ്പില്‍ സ്റ്റോഴ്സിലാണ് മോഷണം നടന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.45നും രണ്ടിനുമിടെയിലാണ് സംഭവം. കടയുടമ സുരേഷ് ഊണ് കഴിക്കാനായി ഷട്ടര്‍ താഴ്ത്തിയിട്ട് പോയപ്പോഴാണ് മോഷ്ടാവ് കടയ്ക്കകത്തു കയറിയത്.
ഉച്ചവരെ ഉണ്ടായിരുന്ന കളക്ഷന്‍ തുകയാണ് മോഷണം പോയതെന്ന് സുരേഷ് പറഞ്ഞു. മേശയ്ക്കുള്ളില്‍ വേറെ പണം ഉണ്ടായിരുന്നെങ്കിലും അതൊന്നും നഷ്ടപ്പെട്ടില്ല.
വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി സിസി ടിവികള്‍ പരിശോധിച്ചു. ആറു മാസം മുമ്പും ഇതേ കടയില്‍ രാത്രിയില്‍ മോഷണം നടന്നിരുന്നു.
District News
വെച്ചൂർ: കാർഷികമേഖലയിലെ പാലത്തിനോടു ചേർന്ന് ഹോട്ടൽ മാലിന്യം തള്ളുന്നത് പതിവായത് ഗ്രാമവാസികളുടെ ജീവിതം ദുരിതപൂർണമാക്കുന്നു. വെച്ചൂർ പോലീസ് ഔട്ട് പോസ്റ്റിനു കിഴക്കുഭാഗത്തുള്ള വളച്ചകരി പാലത്തിനു സമീപമാണ് ഹോട്ടലുകളിൽനിന്നുള്ള മാലിന്യം രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് തള്ളുന്നത്.
അഴുകിയ മാലിന്യത്തിന് കടുത്ത ദുർഗന്ധമാണെന്നും റോഡിലൂടെ മൂക്കുപൊത്തിമാത്രമേ കടന്നുപോകാൻ കഴിയുകയുള്ളുവെന്ന് നാട്ടുകാർ ആരോപിച്ചു.
മാലിന്യം തള്ളുന്നത് പതിവായതോടെ ഇവിടം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രവുമായി മാറി.
മാംസാവശിഷ്ടങ്ങളടക്കം കടിച്ചുപറിക്കുന്ന നായ്ക്കൾ നാട്ടുകാരുടെ നേർക്കും കുരച്ചുചാടുന്നു. മാലിന്യം തള്ളുന്നവർക്കെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
വൈക്കം: വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളിസന്ധ്യ വേല ഇന്ന് ആരംഭിക്കും. വിശേഷാൽ ചടങ്ങുകൾക്കു ശേഷം രാവിലെ എട്ടിന് എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ ഭഗവാന്റെ തിടമ്പേറ്റും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിക്കും . വൈകുന്നേരം എട്ടിന് വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും. 29, 31, രണ്ട് തീയതികളിലും പുള്ളിസന്ധ്യവേല നടക്കും.
മുഖസന്ധ്യവേലയുടെ കോപ്പുതുക്കൽ നവംബർ മൂന്നിനും മുഖസന്ധ്യവേല നവംബർ നാലു മുതൽ ഏഴുവരെ തുടർച്ചയായി നാലു ദിവസങ്ങളിലും നടക്കും. സമൂഹസന്ധ്യ വേല 26 മുതൽ 30 വരെ നടക്കും. 30ന് കൊടിയേറ്ററിയിപ്പ്. വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കൽ, കുലവാഴ പുറപ്പാട് എന്നി ചടങ്ങുകളും നടത്തും.
വൈക്കത്തഷ്ടമിയുടെ കൊടിയേറ്റ് ഡിസംബർ ഒന്നിന് രാവിലെ 6.30നും 7.30 നും മധ്യേയാണ്. ഡിസംബർ 12 നാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി.13ന് ആറാട്ടും 14ന് മുക്കുടി നിവേദ്യവും നടക്കും. ഉദയനാപുരം സുബ്രമ്മണ്യക്ഷേത്രത്തിൽ നവംബർ 26നാണ് കൊടിയേറ്റ്. ഡിസംബർ നാലിന് തൃക്കാർത്തിക. അഞ്ചിന് ആറാട്ടോടെ ഉത്സവം സമാപിക്കും.
District News
കടുത്തുരുത്തി: കോട്ടയം സഹോദയ സയന്‍സ് എക്സ്പോ ഇന്‍സ്പെയര്‍-2025ല്‍ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിന് തുടര്‍ച്ചയായ മിന്നും വിജയം. മൂന്നു ജില്ലകളിലെ വിവിധ സ്കൂളുകളില്‍നിന്നായി ആയിരത്തിലേറെ കുട്ടികള്‍ പങ്കെടുത്ത ശാസ്ത്രപ്രദര്ശനത്തില് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയാണ് വര്‍ഷങ്ങളായി തുടരുന്ന തങ്ങളുടെ മേധാവിത്വം ഇത്തവണയും എസ്കെപിഎസ് നിലനിര്‍ത്തിയത്.
മത്സരയിനങ്ങളില്‍ എല്ലാത്തിലും സമ്മാനം നേടാന്‍ സ്കൂളിന് കഴിഞ്ഞു. എരുമേലി നിര്‍മല പബ്ലിക് സ്കൂളില്‍ രണ്ടു ദിവസമായി നടന്ന പ്രദര്‍ശനത്തിലാണ് ബെസ്റ്റ് സ്റ്റോള്‍, വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, സാലഡ് മേക്കിംഗ്, ചാര്‍ട്ട് മേക്കിംഗ്, ഫ്ളവര്‍ അറേഞ്ചുമെന്റ്, വെജിറ്റബിള്‍ കാര്‍വിംഗ്, റീസൈക്ലിംഗ്, കൊളാഷ് തുടങ്ങിയ ഇനങ്ങളില്‍ ഒന്നാമതെത്തി സ്കൂള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.
കഴിഞ്ഞ പത്തു വര്‍ഷമായി എസ്കെപിഎസ് സ്കൂളിനാണ് കോട്ടയം സഹോദയ ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം. എഐ റോബോട്ടിക്സ്, മാലിന്യസംസ്കരണം, റീസൈക്ലിംഗ്, ശാസ്ത്ര പുരോഗതിക്കുള്ള നൂതന മാര്‍ഗങ്ങള്‍, വിവിധ ആര്‍ട്ട് മോഡലുകള്‍ തുടങ്ങിയ മാതൃകകളാണ് കുട്ടികള്‍ പ്രദര്‍ശിപ്പിച്ചത്.
വിവിധ ഹൗസ് ക്യാപ്റ്റന്മാരുടെയും സയന്‍സ്, ആര്‍ട്ട് അധ്യാപകരുടെയും നേതൃത്വത്തിലാണ് ശാസ്ത്രപ്രദര്ശനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. വിജയികളെയും നേതൃത്വം നല്കിയ അധ്യാപകരെയും സ്കൂള്‍ മാനേജര്‍ ഫാ. ബിനോ ചേരിയില്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. ജിന്‍സ് പുതുപ്പള്ളിമ്യാലില്‍, പ്രിന്‍സിപ്പള്‍ അജീഷ് കുഞ്ചിറക്കാട്ട്, പിടിഎ പ്രസിഡന്റ് കെന്നി തുടങ്ങിയവര്‍ അഭിനന്ദിച്ചു.
District News
ഗാന്ധിനഗർ: പ്രതിഷേധങ്ങൾക്കും പരാതികൾക്കുമൊടുവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗം ഇന്നു നടക്കും. രണ്ടു വർഷങ്ങൾക്കു ശേഷമാണ് ആശുപത്രി വികസന സമിതി യോഗം ഇന്നു നടക്കുന്നത്.
മെഡിക്കൽ കോളജ് ഓഫീസിൽ വൈകുന്നേരം മൂന്നിനാണ് യോഗം. 2023 ഏപ്രിൽ 14 നാണ് അവസാനമായി യോഗം ചേർന്നത്. ഇതിനുശേഷം രണ്ടു വർഷം കഴിഞ്ഞിട്ടും യോഗം വിളിക്കാത്തതിൽ വികസന സമിതിയംഗങ്ങൾ വലിയ പ്രതിഷേധമാണ് ഉയർത്തിരുന്നത്. കളക്ടർക്ക് അടക്കം പരാതിയും നൽകിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കളക്ടർ ചെയർമാനായി സൊസൈറ്റി ആക്ടിന്റെ കീഴിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നതാണ് ആശുപത്രി വികസന സമിതി.
ജില്ലയിൽനിന്നുള്ള എംപിമാരും എംഎൽഎമാരും മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യം, പിഡബ്ല്യുഡി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മെഡിക്കൽ കോളജ് അധ്യാപകരുടെ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് ആശുപത്രി വികസന സമിതി കമ്മിറ്റി.
സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു ചേർക്കണമെന്നാണ് ചട്ടം. എന്നാൽ 2023 ഏപ്രിൽ 14ന് ശേഷം സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം വിളിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർക്കു നിരവധി പരാതികൾ കൊടുത്തിരുന്നു. വികസന സമിതി കൂടാത്തത് ആശുപത്രിയുടെ ദൈനംദിന വികസന പ്രവർത്തനങ്ങളെയും രോഗികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനേയും പ്രതികൂലമായി ബാധിക്കും.
വർഷങ്ങളായി എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഉപയോഗിച്ചാണ് ആശുപത്രിയുടെ ഭരണം നിർവഹിക്കുന്നത്. ആശുപത്രിയിൽ നടക്കുന്ന നിർമാണ-വികസന പ്രവർത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേട് പുറത്തുവരാതിരിക്കാനാണ് ജനറൽബോഡി യോഗം വിളിച്ചുചേർക്കാത്തതെന്നായിരുന്നു യുഡിഎഫ് പ്രതിനിധികളുടെ പ്രധാന ആരോപണം.
കഴിഞ്ഞ ജൂലൈ മൂന്നിന് ശുചിമുറി കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി മരണപ്പെട്ട സാഹചര്യം ഉണ്ടായിട്ടുപോലും മൂന്നു മാസം കഴിഞ്ഞാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത്.
District News
കുമരകം: പള്ളിച്ചിറ ജംഗ്ഷനിൽ യാർഡിനു സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു തകർന്നു. ഇന്നലെ രാത്രി 8.30ന് എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റയാളെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
ഗാന്ധിനഗർ: പോലീസ് സ്റ്റേഷനിൽ 2023ൽ പോക്സോ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ വിചാരണയ്ക്കിടെ ഒളിവിൽപ്പോയ കോട്ടയം മള്ളുശേരി ഇളമ്പള്ളിയിൽ അജിൻ ബാബു ( 28 ) എന്ന യുവാവിനെയാണ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശാനുസരണം നടത്തിയ അന്വേഷണത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് ടിയുടെ നേതൃത്വത്തിൽ പള്ളിക്കത്തോട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
എസ്ഐ ജയപ്രകാശ്, എസ്സിപിഒ രഞ്ജിത്, മധു, ശ്രീനിഷ് തങ്കപ്പൻ, മനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോട്ടയം സെഷൻസ് കോടതിയിൽ ഹാജരാക്കും.
District News
വാകത്താനം: വാടകയ്ക്കെടുത്ത ടിപ്പറുമായി മുങ്ങിയ യുവാവിനെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു. അമയന്നൂര്‍ പുളിയന്മാക്കല് കോയിക്കല്‍ സുധിന്‍ സുരേഷ് ബാബു (31) അറസ്റ്റിലായത്.
വാകത്താനം സ്വദേശിയുടെ പക്കല്നിന്നുമാസം 8900 രൂപ വാടക സമ്മതിച്ച് ടിപ്പര്‍ കൊണ്ടു പോവുകയായിരുന്നു. എന്നാല്‍, കരാറിന് പ്രകാരമുള്ള വാടകയോ വാഹനമോ ഉടമയ്ക്കു നല്‍കാതെ പ്രതി പലയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.
ഇതുമൂലം നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായ ടിപ്പര്‍ ഉടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ വാകത്താനം പോലീസ് ഇന്നലെ വെളുപ്പിനെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരോ ഏറ്റുമാനൂര്‍, വര്‍ക്കല, തൊടുപുഴ സ്റ്റേഷനുകളില്‍ സമാനമായ കേസുകളും കിടങ്ങൂര്‍ സ്റ്റേഷനില്‍ എന്‍ഡിപിഎസ് പ്രകാരമുള്ള കേസും നിലവിലുണ്ട്.
District News
കുമരകം: കിഫ്ബി ഉദ്യോഗസ്ഥർ പൊളിച്ച പഞ്ചായത്ത് അംഗത്തിന്റെ കോണത്താറ്റ് പാലത്തിനു സമീപത്തുള്ള കുടുംബവീടും കാരിക്കത്തറ ലാബും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സന്ദർശിച്ചു. കോടതി പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തീർപ്പുണ്ടാകുന്നതിന് മുമ്പ് നടത്തിയ പൊളിക്കൽ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുമെന്നും നിയമപരമായി നേരിടുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സി.ജെ. സാബു, നേതാക്കളായ എ.വി. തോമസ് ആര്യപള്ളി, സലീമ ശിവാത്മജൻ, കുഞ്ഞച്ചൻ വേലിത്തറ, വി.എസ്. പ്രദീപ് കുമാർ, മെംബർമാരായ പി.കെ. മനോഹരൻ, ദിവ്യ ദാമോദരൻ എന്നിവരും ഡിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
District News
ഏറ്റുമാനൂർ: ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുമ്പ് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഭക്തർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് മന്ത്രി നിർദേശങ്ങൾ നൽകി. കോട്ടയം മെഡിക്കൽ കോളജിന്റെ ഏറ്റൂമാനൂര് എക്സ്റ്റൻഷൻ കൗണ്ടറിൽ സീസൺ ആരംഭിക്കുന്നതിനു മുമ്പ് ഒരു ഡോക്ടറെക്കൂടി നിയമിക്കണം. കൗണ്ടര്‍ വൈകുന്നേരവും തുറന്നു പ്രവര്‍ത്തിക്കണം. തിരക്കനുസരിച്ച് ഏറ്റുമാനൂരിൽനിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി കൂടുതൽ സര്‍വീസുകള്‍ നടത്തണം.
ക്ഷേത്രപരിസരത്തും ടൗണിലും കൂടുതൽ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്. അടുത്തയാഴ്ച മുതൽ ഇവ പ്രവര്‍ത്തനക്ഷമമാകും. വടക്കേ ഗോപുര നടയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
തീർഥാടന കാലത്ത് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഒരുക്കുന്ന സൗകര്യങ്ങൾ വിവിധ വകുപ്പു മേധാവികൾ വിശദീകരിച്ചു. ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. ഇത്തവണയും 70 പോലീസുകാരെ ഏറ്റുമാനൂരിൽ ഡ്യൂട്ടിക്ക് നിയോഗിക്കും. പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടാകും.
എക്സൈസിന്റെ നേതൃത്വത്തിൽ ക്ഷേത്രപരിസരത്തെ കടകളിൽ പ്രത്യേക പരിശോധന നടത്തും. എക്സൈസ് റേഞ്ച് ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടാകും. ആരോഗ്യ വകുപ്പിനു കീഴില്‍ ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കും. 24 മണിക്കൂറും ആംബുലൻസ് സേവനം ഉറപ്പുവരുത്തും.
കെഎസ്ആർടിസി കോട്ടയത്തുനിന്നുള്ള പമ്പ സർവീസിനായി ആദ്യ ഘട്ടത്തിൽ 50 ബസുകളും പിന്നീട് 20 ബസുകളും അധികമായി അനുവദിച്ചിട്ടുണ്ട്. എല്ലാ ദിവസവും ദീപാരാധനയ്ക്കുശേഷം ഏറ്റുമാനൂർ ക്ഷേത്ര പരിസരത്തുനിന്ന് പമ്പ സർവീസ് ഉണ്ടാകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന അഗ്നിരക്ഷാ യൂണിറ്റ് ക്ഷേത്രപരിസരത്ത് ഉണ്ടാകും. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷണശാലകളിൽ നിരന്തരമായി പരിശോധന നടത്തും. വകുപ്പിന്റെ മൊബൈൽ ലാബും പ്രവർത്തിക്കും.
പൊതു വിതരണ വകുപ്പ് ഇടത്താവളങ്ങളിൽ 10 രൂപയ്ക്ക് കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നഗര ശുചീകരണത്തിന് നഗരസഭ കൂടതൽ താത്കാലിക ജീവനക്കാരെ നിയമിച്ചു. തെരുവു വിളക്കുകൾ എല്ലാം കത്തുന്നുവെന്ന് ഉറപ്പാക്കും.
ഏറ്റുമാനൂര്‍ ശ്രീകൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, നഗരസഭാധ്യക്ഷ ലൗലി ജോർജ്, എഡിഎം എസ്. ശ്രീജിത്ത്, ആർഡിഒ ജിനു പുന്നൂസ്, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, കാഞ്ഞിരപ്പള്ളി തഹസീൽദാർ എ.എം. ബിജിമോൾ തുടങ്ങിയവർ പങ്കെടുത്തു.
District News
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാ കാര്യാലയത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്, കൗൺസിലർമാരായ വി.എസ്. വിശ്വനാഥൻ, അജിത ഷാജി, ബീന ഷാജി, വിജി ജോർജ്, ഡോ. എസ്. ബീന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സിബി ചിറയിൽ, പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ,
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, മുൻ നഗരസഭാ ചെയർമാൻമാരായ ജയിംസ് തോമസ്, ജോയി ഊന്നുകല്ലേൽ, ജോർജ് പുല്ലാട്ട്, നഗരസഭാ സെക്രട്ടറി ബിനുജി ജി, അസിസ്റ്റന്റ് എൻജിനിയർ ആരിഫ എന്നിവർ പ്രസംഗിച്ചു.
District News
ചിങ്ങവനം: ബിയര്‍ പാര്‍ലറില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. മറിയപ്പള്ളി ചിറയില്‍ വീട്ടില്‍ സന്ദീപ് സാബു (23) ആണ് അറസ്റ്റിലായത്. കോടിമതയിലുള്ള ബിയര്‍ പാര്‍ലറില്‍ കഴിഞ്ഞ ഒന്‍പതിന് രാത്രി നാലുപേര്‍ ചേര്‍ന്നു യുവാക്കളെ കയ്യില്‍ കരുതിയ വടിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചു മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ കേസില്‍ മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.
District News
പാമ്പാടി: പാമ്പാടി സബ്ജില്ലാ സ്കൂള്‍ കലോത്സവം ഇന്നു പാമ്പാടി ക്രോസ് റോഡ്സ് സ്കൂളില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ഇന്നു മുതല്‍ 29 വരെ ആറു വേദികളിലാണ് കലാമത്സരങ്ങള്‍ നടക്കുക. രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ആദ്യദിനം പാമ്പാടി ബിആര്‍സിയുടെ നേതൃത്വത്തില്‍ ഇന്‍ക്ലുസീവ് കലോത്സവവും നടക്കും. രചനാമത്സരങ്ങള്‍ കഴിഞ്ഞ ദിവസം നടന്നു.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അനുഗമിക്കുന്ന അധ്യാപകര്‍ക്കും ഉച്ചഭക്ഷണം കലോത്സവ വേദിയില്‍ ലഭ്യമാക്കും. എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ വിവിധ ദിവസങ്ങളിലായി കലോത്സവ നഗരിയില്‍ എത്തിച്ചേരും. കലോത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിനായി വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതായി കെഎസ്ടിഎയുടെ നേതൃത്വത്തിലുള്ള പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജോണ്സണ് സി. ജോണ്‍ അറിയിച്ചു.
District News
കടുവാക്കുളം: ലിറ്റില്‍ ഫ്ളവര്‍ യുവദീപ്തി-എസ്എംവൈഎം ഏര്‍പ്പെടുത്തിയ ഫാ. റോയി മുളകുപാടം എംസിബിഎസ് സ്മാരക സമര്പ്പിതന്-2025 അവാര്‍ഡ് നവജീവന്‍ ട്രസ്റ്റി പി.യു. തോമസിന് സമ്മാനിച്ചു. കടുവാക്കുളത്തു നടന്ന ഫാ. റോയി മുളകുപാടം അനുസ്മരണ ഉദ്ഘാടനവും അവാര്‍ഡ് ദാനവും ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. മാത്യു ചങ്ങങ്കരി നിര്‍വഹിച്ചു.
യുവദീപ്തി-എസ്എംവൈഎം യൂണിറ്റ് പ്രസിഡന്റ് അലല്‍ രാജന് മേട്ടുങ്കലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത യുവദീപ്തി ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് മുഖ്യസന്ദേശം നല്കി. വികാരി ഫാ. അനീഷ് മാക്കിയില്‍ എംസിബിഎസ്, ഫാ. ടിജോ മുണ്ടുനടയ്ക്കല്‍, ജോണ്സണ് പൂവന്തുരുത്ത്, ജയിംസ് ചൂരോടില്, സെബിന് സണ്ണി, ജിറ്റി തോമസ്, ഐവി എലിസബത്ത് ജോണ്‍, ലിറ്റി റോയ്, ജിത്തു ജോസ് മലമേല്‍, ഐവാന്‍ ജോണ്‍ നന്തികാട്ട് എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാവ് പി.യു. തോമസ് മറുപടി പ്രസംഗം നടത്തി.
District News
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പിന്നില്‍ മലിനജലം കെട്ടിക്കിടക്കുന്നതു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. നാളുകള്‍ക്കു മുമ്പു ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍നിന്നുള്ള മലിനജലം ഓടയിലേക്കും ടെമ്പിള്‍ റോഡിലേക്കും ഒഴുക്കിയിരുന്ന വലിയ പൈപ്പ് പൊതുജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് അടപ്പിച്ചിരുന്നു. ഇതോടെയാണ് മലിനജലം മുഴുവന്‍ തിരുനക്കര സ്റ്റാന്‍ഡിലെ കാത്തിരിപ്പു കേന്ദ്രത്തിനു പിന്നിലേക്ക് ഒഴുക്കിവിടുന്നത്. കടുത്ത ദുര്‍ഗന്ധം മൂലം യാത്രക്കാര്‍ക്ക് കാത്തിരിപ്പു കേന്ദ്രത്തില്‍ നില്ക്കാന് സാധിക്കാത്ത അവസ്ഥയാണിപ്പോൾ.
ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു മാറ്റിയപ്പോള്‍ ഒഴിപ്പിച്ച വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ ഹൈക്കോടതി 2025 ജൂണ്‍ 17നു ഉത്തരവായിരുന്നു. നഗരസഭാ കൗണ്‍സില്‍ ഒക്ടോബര്‍ നാലിനു ചേര്‍ന്നു കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ചുമതലപ്പെട്ട ആള് ഇല്ലാത്തതിനാല്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. നിലവിലത്തെ കൗണ്‍സിലിന്റെ കാലാവധി നവംബര്‍ നാലിനു തീരുകയാണ്. അതിനാല്‍ വ്യാപാരികള്‍ കോടതിയലക്ഷ്യത്തിനു വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ തയാറെടുക്കുകയാണ്.
District News
കിളിമാനൂർ: പുളിമാത്ത് പഞ്ചായത്തിലെ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി 6,50,000 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് പ്രദേശത്തെ 300 കുടുംബങ്ങളിൽ നടപ്പിലാക്കുന്ന ഓർഗാനിക് കമ്പോസ്റ്റ് ബിൻ വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുസ്മിത നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അഹമ്മദ് കബീർ അധ്യക്ഷനായിരുന്നു. ഉമ്മൻചാണ്ടി സ്മാരക ഹാളിൽ നടന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.രഞ്ജിതം, ജി. ശാന്തകുമാരി, ജി. രവീന്ദ്ര ഗോപാൽ, ടി. ആർ. ഷീലാ കുമാരി, എ.എസ്. ആശ, പഞ്ചായത്ത് സെക്രട്ടറി ജി. എൻ. ഹരികുമാർ, ഇമ്പ്ലീമെന്റിംഗ് ഓഫീസർ സൈറ എന്നിവർ പങ്കെടുത്തു.
District News
പേരൂര്‍ക്കട: തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജില്‍ രക്ഷാകര്‍തൃ-അധ്യാപക സമിതിയുടെ നേതൃത്വത്തില്‍ ബിഎഎംഎസ് വിദ്യാർഥികള്‍ക്കായി കളരി പരിശീലനം ആരംഭിച്ചു. വൈലോപ്പള്ളി സംസ്കൃതി ഭവന് വൈസ് ചെയര്മാന് ജി.എസ്. പ്രദീപ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ഉന്നമനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രിന്‍സിപ്പല്‍ വി.കെ. സുനിത അധ്യക്ഷത വഹിച്ചു.
മാധവമഠം സിവിഎന്‍ കളരിയിലെ ഡോ. ഗൗതമന് ഗുരുക്കളുടെ നേതൃത്വത്തിലാണ് കളരി അഭ്യാസം നടത്തുന്നത്. ആറു മാസത്തെ ആദ്യ ബാച്ചിന്റെ ട്രെയിനിംഗില്‍ 25 വിദ്യാർഥികള്‍ക്ക് പരിശീലനം നല്കി തുടങ്ങി. പിടിഎ പ്രസിഡന്റ് എസ്. ഗീത മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ആര്. രാജം, പിടിഎ സെക്രട്ടറി ആനന്ദ്, അധ്യാപക സംഘടന സെക്രട്ടറി നീനു പീറ്റർ, കോളജ് യൂണിയന് സ്റ്റാഫ് അഡ്വൈസർ ഡോ. അനില തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ആര്യങ്കോട്: കിഴക്കൻമല കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിലേക്ക്. ആര്യൻകോട്, പെരുങ്കടവിള പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 43.09 കോടി രൂപ വകയിരുത്തിയ പദ്ധതിയാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.
പദ്ധതി പ്രകാരം നെയ്യാറിലെ മൂന്നാറ്റുമുക്കിൽനിന്നു വെള്ളം പമ്പുചെയ്ത്, ആര്യൻകോട് പഞ്ചായത്തിലെ കിഴക്കൻമലയിലെ ജലശുദ്ധീകരണശാലയിലെത്തിച്ച് ആര്യൻകോട്, പെരുങ്കടവിള പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.
ജലശുദ്ധീകരണശാലയും അനുബന്ധഘടകങ്ങളും, ഓവർഹെഡ് ടാങ്കുകൾ, ട്രാൻസ്മിഷൻ മെയിൻ, ഡിസ്ട്രിബ്യൂഷൻ ലൈനുകൾ തുടങ്ങിയ സൗകര്യങ്ങളുടെ നിർമാണം പൂർത്തിയായിരിക്കുന്നു. പദ്ധതി ഉടൻ കമ്മീഷൻ ചെയ്ത് ജനങ്ങൾക്ക് സമർപ്പിക്കും.
പദ്ധതി നടപ്പിലാകുന്നതോടെ ആര്യൻകോട് പെരുങ്കടവിള പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാകുകയും, പ്രദേശവാസികളുടെ ആരോഗ്യനിലവാരവും ജീവിത നിലവാരവും ഉയരുകയും ചെയ്യും. ആരോഗ്യനിലവാരവും ജീവിത നിലവാരവും ഉയരുകയും ചെയ്യും.
District News
നേമം: തിരുവനന്തപുരം-കന്യാകുമാരി ഇരട്ടപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വേ റോഡ് ഏറ്റെടുത്തതോടെ നാട്ടുകാര്‍ യാത്രദുരിതത്തിലായി. നേമം പോലീസ് ക്വാര്‍ട്ടേഴ്സ് റോഡിനു സമീപത്തെ വട്ടവിള സുരേഷ് റോഡാണ് റെയില്‍വേ ഏറ്റെടുത്ത് പൊളിച്ചതോടെ നൂറിലധികം വരുന്ന കുടുംബങ്ങള്‍ക്ക് വഴിയില്ലാതെയായത്.
റോഡ് പൊളിച്ച ശേഷം ബാക്കിയുള്ള വീതികുറഞ്ഞ മണ്‍പാതയിലൂടെയാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര. ഈ റോഡിന് വീതികുറവും സുരക്ഷയുമില്ലാത്തതിനാല്‍ യാത്ര ദുഷ്കരമാവുകയാണ്. നേരത്തെയുണ്ടായിരുന്ന റോഡ് നേമം പഞ്ചായത്തിന്റെ കാലത്ത് അറ്റകുറ്റ പണികള്‍ നടത്തിവന്നിരുന്നതാണെന്നു നാട്ടുകാര്‍ പറയുന്നു. റോഡ് പിന്നീട് കോര്‍പ്പറേഷന്റെ ഭാഗമാവുകയും പാത വികസനത്തിന്റെ ഭാഗമായി റെയില്‍വേ ഏറ്റെടുക്കുകയുമായിരുന്നു.
പകരം റോഡ് നല്‍കാമെന്ന വാഗ് ദാനം നല്കിയ അധികൃതര്‍ വാക്ക് പാലിച്ചില്ലെന്നും നാട്ടുകാർ ആക്ഷേപമുയർത്തുന്നു. ഈ ഭാഗത്ത് രണ്ടാം പാതയ്ക്കായി നല്ല താഴ്ചയില്‍ മണ്ണിടിച്ചു കുഴിച്ചിരിക്കുന്നതിനാല് ഈ വഴിയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് കൈവരിയില്ലാത്തത് അപകടഭീഷണിയാണ്. മഴയത്ത് ചെളിക്കുണ്ടാകുന്ന പാതയിലൂടെ സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. റോഡിനായി കേന്ദ്ര റെയില്‍വേ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിക്കും വി. ശിവന്‍കുട്ടിക്കും മേയര്‍ക്കും നിവേദനം നല്കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.
1970-ലാണ് നാട്ടുകാര്‍ സഞ്ചരിച്ചിരുന്ന പഴയ റോഡ് റെയില്‍വേ ഏറ്റെടുത്തതെങ്കിലും നാട്ടുകാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിരുന്നു. പിന്നീട് 2021 ല്‍ പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട് റോഡ് വീണ്ടും റെയില്‍വേ മുഴുവനായി ഏറ്റെടുത്ത് ഇടിക്കുകയായിരുന്നു. പകരം റോഡ് നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിലവിലെ റോഡ് സുരക്ഷയോടെ സഞ്ചാരയോഗ്യമാക്കുകയോ അല്ലെങ്കില്‍ പുതിയ റോഡ് എന്ന ആവശ്യത്തിലാണ് നാട്ടുകാര്‍ ഉറച്ചുനില്‍ക്കുന്നത്. സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് ജില്ലാ കളക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
District News
നെയ്യാർഡാം: നെയ്യാർഡാം - കള്ളിക്കാട് റോഡിൽ വീണ്ടും മണ്ണിടിയുന്നു. നെയ്യാർ വലതുകര കനാലിനോടു ചേർന്നുവരുന്ന തുണ്ടുനടയിൽ കനാലിലേക്കാണ് വീണ്ടും മണ്ണിടിയുന്നുത്. നെയ്യാർ വലതുകര കനാലിനോടു ചേർന്നുവരുന്ന ഇവിടെ മുൻപ് മണ്ണിടിഞ്ഞിറങ്ങി റോഡ് അപകടസ്ഥിതിയിലായിരുന്നു. ഇതിന് ഏതാനും മീറ്റർ മാറിയാണ് വീണ്ടും മണ്ണ് കനാലിലേക്കിടിഞ്ഞത്.
നിലവിൽ റോഡിന്റെ ഈ ഭാഗം മണ്ണിടിഞ്ഞു വിണ്ടുകീറിയ സ്ഥിതിയിലാണ്. പൊതുമരാമത്തിനു കീഴിലാണ് ഈ റോഡ്. നെയ്യാർ ഇറിഗേഷൻ പ്രോജക്ടിനാണ് കനാൽ പരിപാലനച്ചുമതല. റോഡിനും കനാലിനും ഇടയിലുള്ള ഭാഗം ഇടിഞ്ഞുവീഴാൻ തുടങ്ങിയിട്ട് വർഷങ്ങളായി. റോഡിൽ ഇടിയുന്ന ഭാഗം ഡിവൈഡറുകൾ വെച്ച് തിരിച്ചാണ് ഗതാഗതം സാധ്യമാക്കിയിരിക്കുന്നത്. വീതിയില്ലാത്ത റോഡിൽ ഡിവൈഡറുകൾ വന്നതോടെ അപകടങ്ങളും പതിവായിരുന്നു. മണ്ണിടിച്ചിൽ തടയാൻ അടിയന്തര നടപടി വേണമെന്ന ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു പരിഗണനയും ഇല്ലാത്തത് വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
റോഡിനും കനാലിനും ഇടയിലുള്ള ഭാഗം ഇടിഞ്ഞുവീഴാൻ തുടങ്ങിയിട്ടു വർഷങ്ങളായി. മണ്ണിടിയുന്നത് ഒഴിവാക്കാൻ ഇവിടെ സംരക്ഷണഭിത്തി കെട്ടാനും ഇരുമ്പ് കൈവരി സ്ഥാപിക്കാനും ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകൾക്കും സ്ഥലം എംഎൽഎയ് ക്കും പരാതി നൽകിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും മണ്ണിടിയുന്ന ഭാഗം അളന്നുപോകുകയും ചെയ്തെങ്കിലും പിന്നീട് തുടർ നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോൾ ഓരോ മഴയിലും വീണ്ടും വീണ്ടും ഇവിടെ മണ്ണ് ഇടിയുകയാണ്.
ഈ സ്ഥിതി തുടർന്നാൽ റോഡിന്റെ ഒരുവശം അപ്പാടെ കനാലിലേക്കു വീഴുന്ന അവസ്ഥയിലാണ്. നിലവിൽ റോഡിലെ ടാർ വരുന്ന ഭാഗംവരെ മാത്രമേ ഉറപ്പുള്ള ഭാഗമുള്ളൂ. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പാത എന്നതിനു പുറമേ പന്ത, അമ്പൂരി, മായം എന്നിവിടങ്ങളിലേക്കുപോകാനുള്ള നൂറുകണക്കിനു വാഹനങ്ങളും കടന്നുപോകുന്നത് ഈ വഴിയാണ്. തുറന്ന ജയിൽ, ശിവാനന്ദ ആശ്രമം, സഹകരണ കോളേജുകൾ, ആശുപത്രി, നെയ്യാർഡാം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കും ഇവിടം കടന്നുവേണം പോകാൻ. കഷ്ടിച്ച് രണ്ടു വാഹനങ്ങൾ പോകാനുള്ള സൗകര്യം മാത്രമുള്ള റോഡിൽ വലിയ വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.
കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ എതിരേ മറ്റൊരു വാഹനം വരുമ്പോൾ അപകടസാധ്യത ഒഴിവാക്കാൻ മുന്നിൽ ഒതുക്കിയിടാറാണ് പതിവ്.
District News
കൊട്ടിയം: ഇത്തിക്കരയിൽ 25 ദിവസമായി നടത്തി വരുന്ന സഞ്ചാര സ്വാതന്ത്ര്യ സത്യഗ്രഹത്താൽ വിമുക്തഭടന്മാരും പങ്കാളികളായി. എക്സ് സർവീസ് മെൻ അസോസിയേഷൻ പ്രതിനിധി റിട്ട. സുബേദാർ സാബു കുമാർസത്യഗ്രഹം അനുഷ്ഠിച്ചു.
വിമുക്തഭടനും ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗവുമായ ഷാജി ലൂക്കോസ് ഉദ്ഘാടനം നിർവഹിച്ചു. ജി. രാജു അധ്യക്ഷത വഹിച്ചു.രാധാകൃഷ്ണൻ, രഘുനാഥൻ, രഘുനാഥൻ പിള്ള, സി. രാജു, സൈനംബീവി, വിജയകുമാരി, എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ റിട്ട.കേണൽ ഡിന്നി നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.
District News
നെയ്യാറ്റിന്‍കര: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഭാഗമായ സൈക്ലിംഗ് മത്സരങ്ങള്‍ക്ക് വേദിയായത് കാരോട് ബൈപാസാണ്. പുതുതലമുറയിലെ സൈക്ലിംഗ് താരങ്ങളുടെ പ്രകടനം യാത്രക്കാരും ആസ്വദിച്ചു.
ഇന്നലെ രാവിലെയാണ് കാരോടിനു സമീപത്തെ ബൈപാസില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സൈക്ലിംഗ് മത്സരങ്ങള്‍ അരങ്ങേറിയത്. മത്സരത്തിനു മുന്നോടിയായി നാലു കിലോമീറ്ററോളം ദൂരം സൈക്ലിംഗിനായി ക്രമീകരിച്ചിരുന്നു. മത്സരത്തിനായി ഒരുക്കിയിരുന്ന അത്രയും ഭാഗത്തേയ്ക്കുള്ള ഗതാഗതം താത്കാലികമായി വഴിതിരിച്ചുവിട്ടു.
പോലീസിന്റെ സേവനവും ലഭിച്ചു. മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു. കായികമേള സംഘാടകരും സംബന്ധിച്ചു. രാവിലെ നടന്ന മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ ബൈപാസിലൂടെ കടന്നുപോയ യാത്രക്കാരും ഉണ്ടായിരുന്നു.
District News
വെള്ളറട: വെള്ളറട പോലീസ് പരിധിയില്‍ ചെറിയ കൊല്ലക്ക് പൂട്ടിക്കിടന്ന വീട്ടിൽനിന്നും ഒന്‍പതുപവന്റെ സ്വർണാഭരണങ്ങളും വെള്ളിയാഭരണവും കവർന്നു. മുത്തുപറമ്പില്‍ ആന്റണിയുടെ വീട്ടിലായിരുന്നു കവര്‍ച്ച. ഒരാഴ്ചയായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
വിദേശത്തായിരുന്ന മക്കള്‍ കൊണ്ടുവന്ന സാധനങ്ങള്‍ ബന്ധുവീടുകളിൽ എത്തിക്കുന്നതിനായി കുടുംബത്തോടൊപ്പം ഇക്കഴിഞ്ഞ പതിനെട്ടുമുതൽ യാത്രയിലായിരുന്നു ആന്റണിയും കുടുംബവും. കഴിഞ്ഞദിവസം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾക്കൊപ്പം വിദേശത്തുനിന്നെത്തിച്ച നിരവധി വസ്തുക്കളും മോഷ്ടാക്കൾ അപഹരിച്ചിട്ടുണ്ട്.
വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ബാഗിലാണ് മോഷ്ടാക്കള്‍ വസ്തുക്കൾ നിറച്ചുകൊണ്ടുപോയിരിക്കുന്നത്. ആന്റണിയും ഭാര്യ ബിന്ദുവും വെള്ളറട പോലീസില്‍ പരാതി നല്കി. വിരലടയാള വിദഗ്ധരും ശ്വാനസേനയും സ്ഥലത്തെത്തി പരിശോധന നടത്തി.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍ ശശികുമാരന് നായര്‍ തുടങ്ങിയവരടങ്ങിയ പോലീസ് സംഘം തെളിവെടുപ്പിനു നേതൃത്വം നൽകി. അടങ്ങുന്ന വന്‍ പോലീസ് സംഘം വിശദമായ തെളിവെടുപ്പ് നടത്തി. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി എത്രയും പെട്ടെന്ന് മോഷ്ടാക്കളെ വലയിലാക്കുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് പറഞ്ഞു.
District News
വെള്ളറട: വിഷക്കൂൺ കഴിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കുടുംബത്തിന്റെ വീട്ടിൽ കവർച്ച. കാരിക്കുഴി കിഴക്കുംകര വീട്ടില്‍ മോഹനന് കാണി (60)യുടെ വീട്ടിലാണ് കവർച്ച നടന്നത്.
കുടുംബത്തിലെ അഞ്ചുപേരും വിഷക്കൂൺ കഴിച്ചതിനെ തുടർന്നു കഴിഞ്ഞ പത്തുദിവസമായി കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചികിത്സ കഴിഞ്ഞ് ഇന്നലെ വീട്ടിലെത്തിയപ്പോഴാണു മോഷണം നടന്ന നിലയിൽ കണ്ടെത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 40 കിലോ റബർ ഷീറ്റ്, 30 കിലോ ഒട്ടുപാല്, രണ്ടുചാക്ക് അടക്ക എന്നിവയാണ് കവർച്ച ചെയ്തിരിക്കുന്നത്. ലക്ഷം രൂപയിൽഅധികം വിലവരുന്ന സാധനങ്ങളാണ് കവർന്ന നിലയിൽ കണ്ടെത്തിയത്.
കുമ്പിച്ചല്‍ കടവ് താമസകാരായ ലിനു (28), കുക്കു (32), പാറ്റന്‍ എന്ന റെജി (46) അടങ്ങുന്ന സംഘം വസ്തുക്കള്‍ വില്‍ക്കുന്നതിനായി പ്രദേശത്ത് കൂടെ കൊണ്ടു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ആദിവാസികൾ പറയുന്നു. തുടർന്നു മോഹനന്‍കാണി നെയ്യാര്‍ ഡാം പോലീസില്‍ പരാതി നല്കി.
District News
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്ത് പത്തടി വാര്‍ഡില്‍ നടപ്പിലാക്കിയ വിവിധ റോഡുകള്‍, സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍, ലോമാസ്റ്റ് ലൈറ്റ് എന്നിവയുടെ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു.
വൈസ് പ്രസിഡന്റ് വി. രാജി, വാര്‍ഡ് അംഗം എം.ബി. നസീര്‍, പൊതുപ്രവർത്തകരായ ശൈലേന്ദ്രനാഥ്, രീജു ജോര്‍ജ്, ഷരീഫ് കൊടിയില്‍, ഷാജഹാന്, കുഞ്ഞുമോന്, അസീസ്, രാധാസുബ്രമണ്യം, സീനത്ത് ബീവി തുടങ്ങിയവര്‍ പ്രസംഗിച്ചു
പത്തടി കങ്കാണി പടിക്കല്‍ റോഡ്, വഞ്ചിപ്പെട്ടി വലിയവിള റോഡ്, തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തു നാടിന് സമര്‍പ്പിച്ചത്.
വഞ്ചിപ്പെട്ടി വലിയവിള റോഡ് നിര്‍മാണം ഫണ്ടിന്റെ അപര്യാപ്തയില്‍ വൈകിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇതേ തുടര്‍ന്നു വാര്‍ഡ് അംഗം എം.ബി. നസീര്‍ ഇടപെട്ടാണ് കൂടുതല്‍ തുക അനുവദിച്ചു വേഗത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
District News
കൊല്ലം: വിനോദസഞ്ചാരത്തിനായി കൊല്ലത്തെത്തിയ ഗുജറാത്ത് സ്വദേശിയുടെ വിലപ്പെട്ട ഡിജിറ്റൽ ഉപകരണങ്ങളടങ്ങിയ ബാഗ് കൊല്ലം വെസ്റ്റ് പോലീസിന്റെ സഹായത്തോടെ കണ്ടെത്തി തിരിച്ചു നൽകി.
ഗുജറാത്ത് സ്വദേശിയായ വിനോദും കുടുംബവും തങ്കശേരിയിൽ നിന്നും ആനന്ദവല്ലീശ്വരത്തെ ഹോട്ടലിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയിൽ മറന്നുവെച്ച ബാഗാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ തിരികെ കിട്ടിയത്. സിസിടിവി പരിശോധിച്ചതിൽ തിരുമുല്ലവാരം കേന്ദ്രീകരിച്ച് ഓടുന്ന ഓട്ടോറിക്ഷയാണെന്ന് മനസിലാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോറിക്ഷ കണ്ടെത്തുന്നത്.
തുടർന്ന് ഓട്ടോറിക്ഷയിൽ നിന്ന് തന്നെ ബാഗ് കണ്ടെത്തി. ഓട്ടോറിക്ഷയിൽ ബാഗ് ഉണ്ടെന്ന് വിവരം ഡ്രൈവർ അറിഞ്ഞിരുന്നില്ല. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫയാസ്,സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ബിനു, സിപിഒ രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നഷ്ടപ്പെട്ട ബാഗ് കണ്ടെത്തിയത്.
District News
കുണ്ടറ : വീടിന്റെ കോമ്പൗണ്ടിൽ കിടന്ന കാറിന് തീപിടിച്ചു. പടപ്പക്കര മണപ്പൊയ്ക ചെറുവേലിക്കലിൽ ഫെസിൽ ഡോണയുടെ ഉടമസ്ഥതയിലുള്ള ഹോണ്ട അമേസ് കാർ ആണ് കത്തിയ നിലയിൽ കണ്ടത്.
ഇന്നലെ പുലർച്ചെ 3.30 ഓടുകൂടിയാണ് സംഭവം. തീപിടുത്തകാരണം വ്യക്തമല്ല. കുണ്ടറ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിച്ചു.
District News
കൊല്ലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ എൽഡിഎഫ്. പഞ്ചായത്ത്, കോർപറേഷൻ, മുൻസിപ്പാലിറ്റി തലത്തിൽ നടന്നുകൊണ്ടിരിക്കുന്ന എൽഡിഎഫ് വികസന ജാഥകൾ ഉടൻ പൂർത്തിയാകും.
സംഘടനാപരമായ മുന്നൊരുക്കങ്ങളുടെ ഭാഗമായി എൽഡിഎഫ് അസംബ്ലി മണ്ഡലം തല കമ്മിറ്റികൾ പഞ്ചായത്ത്, വാർഡ്, ബൂത്ത് തലങ്ങളിലുള്ള കമ്മിറ്റികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചേർന്ന് തുടർന്നുള്ള പരിപാടികൾ നടപ്പിലാക്കുവാനും ഇന്നലെചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചു.
എം.എൻ. സ്മാരകത്തിൽ ജില്ലാ കൺവീനർ പി.എസ്. സുപാൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ എൽഡിഎഫ് ഭാവി പരിപാടികളുടെ പ്രോഗ്രാംഎസ്. ജയമോഹൻ അവതരിപ്പിച്ചു.
മുല്ലക്കര രത്നാകരൻ, കെ.എൻ. ബാലഗോപാൽ, കെ. രാജഗോപാൽ, വഴുതാനാത്ത് ബാലചന്ദ്രൻ, എ. ഷാജു , സി.കെ ഗോപി എന്നിവർ ഉൾപ്പെടെ ജില്ലയിലെ മറ്റ് എൽഡിഎഫ് നേതാക്കന്മാർ യോഗത്തിൽ പങ്കെടുത്തു.
പഞ്ചായത്ത്, വാർഡ്, ബൂത്ത് തലങ്ങളിലുള്ള കമ്മിറ്റികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചേരാനും തീരുമാനമായി. വാർഡ് തലത്തിലുള്ള കമ്മിറ്റികൾ അഞ്ചികവും ബൂത്ത് തലത്തിലുള്ള കമ്മിറ്റികൾ ഏഴിനകവും യോഗം ചേരണം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ എട്ട്, ഒന്‍പത് തീയതികളിൽ ജില്ലയിലെ മുഴുവൻ വീടുകളിലേക്കും ഗൃഹസന്ദർശനം നടത്തും.
ഇടതുപക്ഷ ജനാധിപത്യമുന്നണി സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തുകൊണ്ടാണ് പരിപാടി. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ പ്രചാരണം ശക്തമായി ജില്ലയിലാകമാനം സംഘടിപ്പിക്കാനും തീരുമാനിച്ചു.
District News
കൊല്ലം : ജപ്പാൻ കരാട്ടെ-ഡോ മറുയോഷിക്കായി ഓർഗനൈസേഷൻ ( ജെകെഎംഒ ) ഇന്ത്യയുടെ ഗോൾഡൻ ജൂബിലി വർഷ ആഘോഷവും ലോക കരാട്ടെ ദിനാഘോഷവും കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലുള്ള കരുതൽ സൂംബ, യോഗ ആന്റ് കരാട്ടെ സെന്ററിൽ നടന്നു.
ആഘോഷപരിപാടി മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.ജെകെഎംഒ കൊല്ലം തിരുവനന്തപുരം ചീഫ് എക്സാമിനർഷിഹാൻ ചാൾസ് മോഹൻ മെൻഡസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എം. നൗഷാദ്എംഎൽഎ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് എണസ്റ്റ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
കരുതൽ അക്കാഡമി മാനേജർ ജോർജ് എഫ് സേവ്യർ വലിയവീട്, പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ,വിക്രമൻ നായർ , വി ടി കുരീപ്പുഴ, രാധാകൃഷ്ണൻ, ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, സെമ്പായി ഇമ്നാ ജോർജ് എന്നിവർ പ്രസംഗിച്ചു.
സ്പോർട്സ് മേഖലയിലെ സംഘാടന മികവിന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് എണസ്റ്റ്,വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, ഫുട്ബോളിൽ ചന്ദ്രബാബു, കരാട്ടേയിൽ മോഹൻ കുമാർ, ഷാജി ,വിജയ് വി. നായർ, ലക്ഷ്മി, ടെഡ്സൻ തോമസ്, സഗീഷ് ഗോവിന്ദൻ, ജോഫി ജെ മോത്തിസ് എന്നിവർക്ക് മന്ത്രി ചിഞ്ചുറാണി കർമ്മരത്ന പുരസ്കാരം സമ്മാനിച്ചു.
District News
ചാത്തന്നൂർ :തിരുമുക്കിൽവലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ മുപ്പത്തി ഒൻപതാം ദിവസംപ്രമുഖ സാഹിത്യകാരി പി.രമണിക്കുട്ടിയുടെ നേതൃത്വത്തിൽ നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരാണ്സായാഹ്ന സത്യഗ്രഹസമരത്തിൽ പങ്കാളികളായത്. പ്രതിഷേധ ജ്വാല തെളിയിച്ച് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിർമല വർഗീസ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.
സമരസമിതി ജനറൽ കൺവീനർ.കെ.കെ.നിസാർ അദ്ധ്യക്ഷത വഹിച്ചു.നന്മ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി നാസർ, പി.രമണിക്കുട്ടി,ജി.രാജശേഖരൻ, എൻ.അനിൽകുമാർ, തുടങ്ങിയവർപ്രസംഗിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമുതൽ എംഇഎസ് കോളജ് വിദ്യാർഥികളുടെ രക്ഷിതാക്കളും വിദ്യാർഥികളുമാണ്സായാഹ്ന സത്യഗ്രഹസമരത്തിൽ പങ്കെടുക്കുന്നത്. എംഇഎസ് കോളജ് പ്രിൻസിപ്പൽ ഡോ.ഒ.വിൽസൻ സമരം ഉദ്ഘാടനം ചെയ്യും.
District News
കൊല്ലം: പേര് മാറ്റാതെ വാഹനം മറിച്ചു വിറ്റു എന്നതിന്റെ പേരിൽ വാഹന ഉടമയ്ക്കെതിരേ ആരംഭിച്ച റവന്യൂ റിക്കവറി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
കരുനാഗപ്പള്ളി ആദിനാട് വടക്ക് പുന്നക്കൽ വീട്ടിൽ ശ്രീനാഥ് 2014 ൽ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിന് തന്റെ വാഹനം സറണ്ടർ ചെയ്തിരുന്നു. പ്രസ്തുത വാഹനം ആർസി ബുക്കിലെ പേര് മാറ്റാതെ ഫിനാൻസ് സ്ഥാപനം മറിച്ച് വിൽക്കുകയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് ശ്രീനാഥിന്റെ പേരിൽ കരുനാഗപ്പള്ളി ഡെപ്യൂട്ടി തഹസീൽദാർ വഴി ടാക്സ് ഇനത്തിൽ പിഴയായി 2, 47,000 രൂപയുടെ റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചു.
കുലശേഖരപുരം വില്ലേജ് ഓഫീസർ വില്ലേജ് ഓഫീസർ റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ട് പോയതിനെ തുടർന്നാണ് ശ്രീനാഥ് ഹൈക്കോടതിയെ സമീപിച്ചത്.
2020-ൽ മോട്ടോർ വാഹന വകുപ്പ് നൽകിയ ഡിമാന്റ് നോട്ടീസിന് ശ്രീനാഥ് മറുപടി നൽകിയില്ല എന്ന വാദം അധികൃതർ ഉന്നയിച്ചങ്കിലും ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു.
തുടർന്ന് കേസ് തീരുന്നത് വരെ റവന്യൂ റിക്കവറി നടപടികൾ കോടതി സ്റ്റേ ചെയ്തു. ഫിനാൻസ് സ്ഥാപനത്തിന് നോട്ടീസ് അയക്കാനും കോടതി ഉത്തരവായി. ശ്രീനാഥിന് വേണ്ടി അഡ്വ. രഞ്ജിത്ത് തായ് മഠത്തിൽ കോടതിയിൽ ഹാജരായി.
District News
കൊട്ടിയം: ചാത്തന്നൂർ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളയിൽ യുപിവിഭാഗത്തിൽ 169 പോയിന്റുമായി മൈലക്കാട് പഞ്ചായത്ത് യുപി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ്എം.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യുപിവിഭാഗം ഓവറോൾ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാറിൽ നിന്നും കുട്ടികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി.
District News
കൊല്ലം : തികച്ചും ഏകപക്ഷീയമായ രീതിയിൽ തപാൽ സൗകര്യങ്ങൾ വെട്ടിക്കുറയ്ക്കുകയും നിരക്കുകൾ മൂന്നിരട്ടിയോളം വർധിപ്പിക്കുകയും ചെയ്ത നടപടി പിൻവലിക്കണമെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് കൊല്ലം ഡിവിഷണൽ സമ്മേളനം ആവശ്യപ്പെട്ടു.
കൊല്ലം കെ. ജി. ബോസ് സെന്ററിൽ നടന്ന എൻ എഫ് പി ഇ യുടെയും ഓൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയന്റെയും സംയുക്ത ഡിവിഷണൽ സമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്. കേന്ദ്രസർക്കാർ ജനവാസ മേഖലകളിലെ തപാൽ ഓഫീസുകൾ അടച്ചുപൂട്ടാൻ നടത്തുന്ന നീക്കത്തെ സംഘടന പൊതുജനങ്ങളെ ഉൾപ്പെടെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് എൻഎഫ് പിഇ സംസ്ഥാന കൺവീനർ എൻ. വിനോദ് കുമാർ പറഞ്ഞു.
കെ. ഗോപാലകൃഷ്ണൻ നായർ, എ.ബി. ലാൽകുമാർ ജെ. നൈസാം, ആർ. അരുൺകൃഷ്ണ, എസ്.സുജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തപാൽ സ്വകാര്യവൽക്കരണത്തിനെതിരേ സമ്മേളനം പ്രമേയം പാസാക്കി. പുതിയ ഭാരവാഹികളായി കെ.എസ്. മായ - പ്രസിഡന്റ്, പി. പ്രമോദ് -സെക്രട്ടറി, എ. അരുൺ കുമാർ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
District News
അഞ്ചല്‍ : കാട്ടുപന്നികള്‍ വിഹരിക്കുമ്പോഴും നടപടി എടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കുന്നില്ല എന്ന പരാതിക്ക് പരിഹാരവുമായി അലയമണ്‍ പഞ്ചായത്ത്. കാട്ടുപന്നികള്‍ നാട്ടിലിറങ്ങിയാല്‍ വെടിവച്ചുകൊല്ലാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്ക്കുണ്ട്.
എന്നാല്‍ അലയമണ്‍ പഞ്ചായത്തില്‍ നാളിതുവരെ ലൈസൻസുള്ള ഒരു ഷൂട്ടറെ പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട മീന്‍കുളം സനാതന ലൈബ്രററി, റസിഡന്റ്സ് അസോസിയേഷന് എന്നിവ സംയുക്തമായി വനം വകുപ്പിനും പഞ്ചായത്ത് അധികൃതര്‍ക്കും പരാതിയും നിവേദനവും നല്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിച്ചത്. നാട്ടിലിറങ്ങി അക്രമം കാട്ടുന്ന പന്നികളെ നിയമത്തിന്നു വിധേയമായി വെടിവച്ചു കൊല്ലാന്‍ തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള ആറുപേരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ അറിയിക്കുന്ന മുറയ്ക്ക് പന്നികളെ കൊല്ലുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.ജയശ്രീ, വൈസ് പ്രസിഡന്റ് ജി. പ്രമോദ് എന്നിവര്‍ അറിയിച്ചു.
പഞ്ചായത്ത് നടപടിയില്‍ സന്തോഷവും നന്ദിയും അറിയിക്കുന്നതായി മീന്‍കുളം സനാതന ലൈബ്രററി, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ഒരാഴ്ച മുമ്പും കൂട്ടമായി ഇറങ്ങിയ പന്നികള്‍ ചണ്ണപ്പേട്ടയില്‍ നിരവധി ഇടങ്ങളിലെ ഏക്കര്‍ കണക്കിനു കൃഷി വിളകള്‍ നശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമായത് .
District News
മാനന്തവാടി: പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദഗ്ധരെ പങ്കെടുപ്പിച്ച് കോണ്‍ക്ലേവ് സംഘടിപ്പിച്ച് ഗോത്രമേഖലയിൽ നടപ്പാക്കേണ്ട പദ്ധതികളുടെ അന്തിമ രൂപരേഖ തയാറാക്കുമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
വൊക്കേഷണൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിഷൻ-2031 സംസ്ഥാനതല സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷൻ-2031ൽ ഉയർന്ന ആശയങ്ങൾ സംസ്ഥാന ആസൂത്രണ ബോർഡിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ ചർച്ച ചെയ്ത് ക്രോഡീകരിക്കും.
സംസ്ഥാന സർക്കാരും പട്ടികജാതി-വർഗ വികസന വകുപ്പും നിരവധി വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. ഗോത്രമേഖലയിലുള്ളവർ ചൂഷണത്തിന് വിധേയരാവുന്ന സാഹചര്യമുള്ളതിനാൽ ഓരോരുത്തരും സ്വയം വിമർശനമായി കണ്ട് അക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഗോത്രമേഖലയിൽ ഭവന നിർമാണത്തിന് കരാറിൽ ഏർപ്പെടുന്നവർ വീടുപണി പാതിവഴിയിൽ ഉപേക്ഷിക്കുന്നത് പതിവാണ്. ഭവന നിർമാണത്തിൽ ശ്രദ്ധക്കുറവ് പാടില്ല.
പുത്തൻ ദിശാബോധവും പുതിയ കാഴ്ചപ്പാടും രൂപപ്പെടുത്തുന്പോൾ ചൂഷണത്തിനുള്ള അവസരം ശ്രദ്ധാപൂർവം ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഡയറക്ടർ ഡി. ധർമലശ്രീ, പട്ടികവർഗ വികസന ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, പിന്നാക്ക ക്ഷേമ ഡയറക്ടർ മിസാൽ സാഗർ ഭരത്, കിർത്താട്സ് ഡയറക്ടർ എസ്. ബിന്ദു, എഡിഎം കെ. ദേവകി, ഐടിഡിപി പ്രോജക്ട് ഓഫീസർ ജി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.
District News
കാവുംമന്ദം: തരിയോട് പഞ്ചായത്ത് സിഡിഎസിന്റെ സഹകരണത്തോടെ "ഉയരേ’ എന്ന പേരിൽ വനിതാസംഗമവും സിഡിഎസ് വാർഷികവും സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു.
മനക്കരുത്തുകൊണ്ട് വൈകല്യങ്ങളെ അതിജീവിച്ച താഹിറയെ അവർ മെമന്റോ നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി റസാഖ്, ഐസിഡിഎസ് സൂപ്പർവൈസർ എൻ.ജി. ജിഷ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെയും കൂട്ടായ്മകളെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഷീജ ആന്റണി, വി.ജി. ഷിബു, സെക്രട്ടറി എം.പി. രാജേന്ദ്രൻ, സിഡിഎസ് ചെയർപേഴ്സണ്‍ രാധ മണിയൻ എന്നിവർ ആദരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ കെ.വി. ഉണ്ണിക്കൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസണ്‍, വിജയൻ തോട്ടുങ്ങൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, കെ.എൻ. ഗോപിനാഥൻ, മെഡിക്കൽ ഓഫീസർ ഡോ. ഷൈനി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ രാധ പുലിക്കോട്, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ ജസി തോമസ് എന്നിവർ പ്രസംഗിച്ചു.
സംഗമത്തിന്റെ ഭാഗമായി നടത്തിയ റാലിക്ക് വനിതാ ജനപ്രതിനിധികൾ, സിഡിഎസ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ, ആശാവർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
District News
കൽപ്പറ്റ: വൈസ്മെൻ ഇന്റർനാഷണലും കൊട്ടാരം ചാരിറ്റീസും സംയുക്തമായി സംയുക്തമായി സംഘടിപ്പിച്ച വയനാട് ഓപ്പണ്‍ വെറ്ററൻസ് ഷട്ടിൽ ബാഡ്മിന്റണ്‍ ടൂർണമെന്റ് സമാപിച്ചു.
വൈസ്മെന്റ സ്റ്റേഡിയത്തിലും കോസ്മോപൊളിറ്റൻ ക്ലബിലുമായി നടന്ന മത്സരങ്ങളിൽ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 55 മുതൽ 87 വരെ വയസുള്ള പുരുഷൻമാരും 40 മുതൽ 73 വരെ വയസുള്ള സ്തീകളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.
87 വയസുള്ള സുരേഷ് ഹെഗ്ഡെ, 74കാരി സരോജ, 72കാരൻ ബസവരാജു എന്നിവർ ശ്രദ്ധാകേന്ദ്രങ്ങളായി. 70നു മുകളിൽ പ്രായമുള്ള പുരുഷ വിഭാഗം ഡബിൾസിൽ ഹെഗ്ഡെ-ബസവരാജു ടീം ജേതാക്കളായി.
ജില്ലയിൽ സ്പോർട്സ്, അഡ്വഞ്ചർ ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചതാണ് ടൂർണമെന്റ്. വൈസ്മെൻ ക്ലബ് പ്രസിഡന്റ് ഡോ. റോജേഴ്സ് സെബാസ്റ്റ്യൻ, സെക്രട്ടറി പി. ബാലചന്ദ്രൻ, ട്രഷറർ ബേബി മാത്യു, കൊട്ടാരം ചാരിറ്റീസ് ട്രസ്റ്റ് സെക്രട്ടറി കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
District News
മീനങ്ങാടി: മാലിന്യനിർമാർജനവും ചെണ്ടമേളവും ഒരേ താളത്തിലാക്കി മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് ഹരിതകർമ്മ സേന. ചെണ്ട വാങ്ങുന്നതിനും പരിശീലനത്തിനും ആവശ്യമായ പണം ഗ്രാമപ്പപഞ്ചായത്ത് വാർഷിക പദ്ധതിയിൽ വകയിരുത്തിയാണ് പത്ത് ഹരിതകർമ സേനാംഗങ്ങൾ പരിശീലനം പൂർത്തിയാക്കിയത്.
വാതിൽപ്പടി അജൈവമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനതല പുരസ്കാരം പലകുറി ലഭിച്ച ഹരിതകർമ സേനയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാണ് പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റം കുറിച്ച ഹരിതം വാക്യമേള സംഘം.
ജനകീയ ഹോട്ടൽ ഗ്രീൻ കഫെറ്റീരിയ ടേക്ക് എ ബ്രേക്ക് തുടങ്ങിയവയും ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വരുന്നു. ചെണ്ട കലാകാരൻ കലാമണ്ഡലം വി.ജി. ശരത്തിനു കീഴിലാണ് പരിശീലനം പൂർത്തിയാക്കിയതും അരങ്ങേറ്റം നടത്തിയതും.
District News
മാനന്തവാടി: അഞ്ച് വർഷത്തെ മികച്ച നേട്ടങ്ങൾ അവതരിപ്പിച്ച് എടവക ഗ്രാമപ്പഞ്ചായത്ത് വികസന സദസ്. നാലാംമൈൽ ജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
നാടിന്റെ വികസനത്തിനായി കക്ഷി രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കണമെന്നും ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിയാവണം വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ വികസന സദസിൽ അവതരിപ്പിച്ചു.
എടവക ഫാമിലി ഹെൽത്ത് സെന്ററിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരം, വാളേരി ഹോമിയോ ഡിസ്പെൻസറിയ്ക്ക് എൻഎബിഎച്ച് അംഗീകാരം, ജില്ലയിൽ കിടത്തി ചികിത്സയുള്ള ജില്ലയിലെ ഏക ആയുർവേദ ആശുപത്രിയായ ദ്വാരക തുടങ്ങിവ ആരോഗ്യ മേഖലയിൽ പഞ്ചായത്ത് കൈവരിച്ച മികച്ച നേട്ടങ്ങളാണ്. എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള എട്ട് സബ്സെന്ററുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി.
ദ്വാരക ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ്, പഞ്ചകർമ ചികിത്സയ്ക്ക് പുറമെ നേത്രരോഗ ചികിത്സയ്ക്കായി ഓട്ടോ ഡിക്ടറ്റോ മീറ്ററും സ്ഥാപിച്ചു. മറ്റു ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ചികിത്സക്കായി ആളുകൾ ഇവിടെ എത്തുന്നുണ്ട്. എടവക ഫാമിലി ഹെൽത്ത് സെന്ററിൽ ഫിസിയോതെറാപ്പി, എക്സ്റേ യൂണിറ്റുകൾക്കായി പ്രാരംഭ നടപടികൾ ആരംഭിച്ചു. ഓട്ടോമേറ്റഡ് ബയോ കെമിസ്ട്രി അനലൈസറടക്കം ആധുനിക സൗകര്യങ്ങളോടെ ലാബും പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തുതന്നെ ആദ്യമായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കി സ്വന്തമായി ക്ലൈമറ്റ് ആക്ഷൻ പഠനം നടത്തി. ജിഐഎസ് മാപ്പിംഗ് മുഖേന ഡിജിറ്റൽ സർവേ പൂർത്തിയാക്കിയതും എടവക പഞ്ചായത്തിന്റെ നേട്ടങ്ങളാണ്. 415 വീടുകളാണ് ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ചത്. ബാക്കിയുള്ളവയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു.
എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. വിജോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിരാ പ്രേമചന്ദ്രൻ, എടവക ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബുദ്ദീൻ അയാത്ത്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, അസിസ്റ്റന്റ് സെക്രട്ടറി അസീസ്, ഹെഡ് ക്ലർക്ക് ബൈജു, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
District News
മാനന്തവാടി: സംസ്ഥാനത്തെ പട്ടികജാതി-വർഗക്കാർക്ക് സ്ഥിരമായ ഉപജീവനം, ഗുണമേൻമയുള്ള ജീവിതം, സമഗ്ര സാമൂഹികപുരോഗതി എന്നിവ കൈവരിക്കാൻ ലക്ഷ്യമിട്ട് തയാറാക്കിയ കരട് നയരേഖ മന്ത്രി ഒ.ആർ. കേളു ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിഷൻ-2031 സംസ്ഥാനതല സെമിനാറിൽ അവതരിപ്പിച്ചു.
അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരികം, ഉപജീവനം തൊഴിലും നൈപുണ്യ വികസനവും, നിയമ പരിരക്ഷ, ഭരണനിർവഹണം തുടങ്ങി ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് നയരേഖ അവതരിപ്പിച്ചത്.
ഭൂമിയും വീടും ഉറപ്പുവരുത്തി അടിസ്ഥാന സൗകര്യം വികസനം പൂർത്തിയാക്കുകയാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് നയരേഖയിൽ പറയുന്നു. വിവിധ കർമപദ്ധതികളുടെ സംയോജനത്തിലൂടെ ഉന്നതികളുടെയും നഗറുകളുടെയും മുഖഛായമാറ്റും. പ്രത്യേക പദ്ധതികൾക്കൊപ്പം ഇന്റർനെറ്റ് കണക്ടിവിറ്റി ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കും. അതിദുർബല ജനവിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതി തയാറാക്കും.
കുട്ടികളുടെ അവകാശമായ ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സ്കൂളുകളിൽ കൊഴിഞ്ഞുപോക്ക് പൂർണമായും ഇല്ലാതാക്കും. വിദ്യാഭ്യാസത്തിലൂടെ ലഭ്യമാവുന്ന സാമൂഹിക ഉന്നതിയെക്കുറിച്ച് രക്ഷകർത്താക്കളെ ബോധവത്കരിക്കും. പരിഹാര ബോധന പ്രവർത്തനങ്ങൾ, വ്യക്തിത്വ വികസനം, കരിയർ സാധ്യതാപരിശീലനം, ഫിനിഷിംഗ് സ്കൂളുകൾ, ഇൻസ്പയർ പ്രോഗ്രാമുകൾ, സാമൂഹിക പഠനമുറികൾ എന്നിവ മികവുറ്റതാക്കും.
ആധുനികവും ഗുണമേൻമയുള്ളതുമായ ആരോഗ്യ പരിപാലനം ഉറപ്പുവരുത്തുകയാണ് മറ്റൊരു ലക്ഷ്യം.
ഉന്നതികളിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാനും വിവിധങ്ങളായ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയും ആരോഗ്യ പരിപാലനവും ഉറപ്പുവരുത്താനും പദ്ധതി നടപ്പാക്കും. അടിയന്തര ചികിത്സയും വിദഗ്ധ ചികിത്സയും ആവശ്യമുള്ള സന്ദർഭങ്ങളിൽ താമസമില്ലാതെ ലഭ്യമാക്കും. മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ പ്രവർത്തനവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ശക്തമാക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ പരന്പരാഗത സംസ്കാരവും കലാവിഷ്കാരങ്ങളും സാഹിത്യം, ഭക്ഷ്യസംസ്കാരം എന്നിവയും സംരക്ഷിക്കും. സൂക്ഷ്മ ഗവേഷണത്തിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തും. ഗോത്ര കലകളുടെയും അറിവുകളുടെയും പരിപോഷണത്തിനു നിയമനിർമാണം ഉൾപ്പെടെ നടത്തും.
പട്ടികജാതി-വർഗ വിഭാഗങ്ങളുടെ വികസനത്തിൽ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലയായി കണ്ടെത്തിയിരിക്കുന്നത് ഉപജീവനവും തൊഴിലും നൈപുണി വികസനവുമാണ്. ഇതിനു പ്രത്യേക നയ രൂപീകരണം വിഷൻ-2031 കരട് രേഖ മുന്നോട്ടുവയ്ക്കുന്നു. സുസ്ഥിര ഉപജീവനമാർഗങ്ങൾ കണ്ടെത്താൻ സംരഭകത്വ വികസനത്തിനുള്ള സമഗ്രപദ്ധതികളാണ് ആവശ്യം. വിവിധ വകുപ്പുകളുടെ പദ്ധതികൾക്കു പുറമേ പട്ടികജാതി-വർഗ വിഭാഗങ്ങളുടെ സഹകരണ സംഘം, കുടുംബശ്രീ എന്നിവയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തും. നൈപുണി വികസനത്തിനു പുത്തൻ സാധ്യതകൾ കണ്ടെത്തും.
പട്ടികജാതി- വർഗ വിഭാഗത്തിന് നിയമ സേവനങ്ങൾ ലഭ്യമാക്കാനും ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിനും വിശദമായ പദ്ധതികൾ കരട് രേഖയിലുണ്ട്. കരട് വികസന നയരേഖ മുൻനിർത്തി ആറ് പാനൽ ചർച്ച വിഷൻ-2031 സെമിനാറിൽ നടന്നു. ചർച്ചകളുടെ വിശദാംശങ്ങൾ ക്രോഡീകരിച്ച് സെമിനാറിൽ അവതരിപ്പിച്ചു. വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറും.
District News
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിൽ ഭീതി പരത്തിയിരുന്ന രാധാകൃഷ്ണൻ എന്ന കൊലയാളി കൊന്പനെ തമിഴ്നാട്ടിലെ നല്ലൈ ജില്ലയിലെ കോതയാർ വനത്തിൽ വിട്ടു.
പത്ത് വർഷത്തിലധികമായി ഓവാലിയിൽ ഭീതി പരത്തിയ ആന 12 പേരെ കൊലപ്പെടുത്തിയിരുന്നു.
ആനയെ കഴിഞ്ഞ മാസമാണ് മയക്കുവെടിവച്ച് പിടികൂടിയത്. തുടർന്ന് മുതുമല വന്യജീവി സങ്കേതത്തിലെ അഭയാറണിയിലെ ആനപ്പന്തിയിൽ കൊട്ടിലിൽ അടച്ചിരിക്കുകയായിരുന്നു. അവിടെ നിന്നാണ് വനംവകുപ്പ് ലോറിയിൽ ആനയെ കോതയാർ വനത്തിൽ എത്തിച്ച് തുറന്നുവിട്ടത്.
District News
സുൽത്താൻ ബത്തേരി: 2016 ലെ ഭിന്നശേഷി നിയമം പ്രകാരം ഏർപ്പെടുത്തിയ നാല് ശതമാനം പ്രമോഷൻ എല്ലാ വകുപ്പുകളിലും മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് വൃദ്ധ-ഭിന്നശേഷി പാർക്കിൽ നടന്ന കോണ്‍ഫെഡറസി ഓഫ് ഡിഫറന്റ്ലി എബിൾഡ് എംപ്ലോയീസ്(സിഡിഎഇ)ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാർക്കു അർഹമായ പ്രമോഷൻ സമയബന്ധിതമായി നൽകുക, എല്ലാ ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷിക്കാരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് പ്രത്യേകം സ്ഥലം ഏർപ്പെടുത്തുക, ശന്പള പരിഷ്കരണം നടപ്പാക്കുക, ഡി.എ. കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
അനിൽകുമാർ പന്നിച്ചാൽ ഉദ്ഘാടനം ചെയ്തു. പി.എം. ഷിജു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി അനിൽകുമാർ പന്നിച്ചാൽ(പ്രസിഡന്റ്), എം. ഹുസൈൻ(സെക്രട്ടറി), സി.എസ്. ഷിജു(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
District News
സുൽത്താൻ ബത്തേരി: പിഎം ശ്രീ പദ്ധതിയിൽനിന്നു കേരളം പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ടൗണിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഘടകകക്ഷികളുടെ എതിർപ്പ് അവഗണിച്ച് പിഎം ശ്രീ കരാറിൽ ഒപ്പിട്ട സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ശ്രമം എന്തു വില കൊടുത്തും ചെറുക്കേണ്ടതുണ്ടെന്നു പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് എം.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ബിജു മാത്യു, എം.ടി. ബിജു, നവീൻ പോൾസണ്‍, കെ.കെ. രാമചന്ദ്രൻ, ജിജോ കുര്യാക്കോസ്, കെ. നിമാറാണി, കെ.എസ്. അനൂപ്കുമാർ, കെ.ജെ. ജോബി, രജീഷ് മായൻ, സി.കെ. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
District News
മലപ്പുറം: വികസന സൂചകങ്ങളിൽ പുതിയൊരു ചരിത്രം കൂടി രചിച്ച് രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുന്പോൾ മലപ്പുറം ജില്ലയ്ക്കും അഭിമാന നേട്ടം. ജില്ലയിലെ പദ്ധതിയുടെ 100 ശതമാനവും പൂർത്തിയായി.
ജില്ലയിലെ 8553 കുടുംബങ്ങളിൽ നിന്നായി 18022 കുടുംബാംഗങ്ങളാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവർക്കായി മൈക്രോ പ്ലാനുകൾ തയാറാക്കി തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് ദാരിദ്ര്യനിർമാർജന പദ്ധതികൾ നടപ്പാക്കിയത്. 2021 ൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സർവേ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കളുടെ പട്ടിക അതത് ഭരണ സമിതികൾ അർഹത പരിശോധിച്ചു അന്തിമ തീർപ്പാക്കിയ ഗുണഭോക്താക്കളെയാണ് അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുത്തിയത്.
അതിദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയവർക്ക് ആവശ്യകത അനുസരിച്ചു ഭക്ഷണ, ആരോഗ്യ സേവനങ്ങൾ (മരുന്ന്, ചികിത്സ), വരുമാനം, സുരക്ഷിതമായ വാസസ്ഥലം (വീട് മാത്രം, വീടും ഭൂമിയും,വീട് പുനരുദ്ധാരണം, കുടിവെള്ളം, ടോയ്് ലറ്റ് , വൈദ്യുതീകരണം, മാലിന്യ സംസ്കരണ ഉപാധികൾ) എന്നീ സേവനങ്ങൾ നൽകുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ ഗുണഭോക്തൃതല മൈക്രോ പ്ലാനുകൾ നടപ്പാക്കുന്നുണ്ട്. ഈ നാല് ഘടകങ്ങളിലായി 7699 മൈക്രോ പ്ലാനുകളാണ് ജില്ലയിൽ തയാറാക്കിയത്. അവശ്യ സേവനങ്ങൾ നൽകി 8148 കുടുംബങ്ങളെ അതിദരിദ്ര്യത്തിൽ നിന്ന് കരകയറ്റാനായിട്ടുണ്ട്.
ജില്ലയിൽ ഭക്ഷണം ആവശ്യമുള്ള 3479 ആളുകളിൽ മുഴുവൻ പേർക്കും ഭക്ഷണം എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഇവരിൽ പാചകം ചെയ്ത ഭക്ഷണം 353 പേർക്കും കിറ്റ് ആവശ്യമുള്ളത് 3126 പേർക്കുമായിരുന്നു. വിവിധ ആരോഗ്യസേവനങ്ങൾ ആവശ്യമുള്ള 4540 പേർക്കും സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞു. വരുമാനം ആവശ്യമുള്ള 877 പേരിൽ മുഴുവൻ പേർക്കും കുടുംബശ്രീ വഴിയും വിവിധ പദ്ധതികളിലൂടെയും തൊഴിൽ ലഭ്യമാക്കി വരുമാനം ഉറപ്പാക്കി.
ജില്ലയിൽ ഭൂരഹിതരായ 53 കുടുംബങ്ങൾക്ക് റവന്യു ഭൂമി നൽകാനായി എന്നതും നേട്ടമാണ്. ഏറനാട് താലൂക്കിലെ പുൽപ്പറ്റ പഞ്ചായത്തിൽ 36 കുടുംബങ്ങൾക്കും തിരൂരങ്ങാടി താലൂക്കിലെ നെടുവ, പെരുവള്ളൂർ വില്ലേജുകളിലായി എട്ട് കുടുംബങ്ങൾക്കും പൊന്നാനി താലൂക്കിലെ ഇഴുവൻതുരുത്തി വില്ലേജിൽ ഒന്‍പത് കുടുംബങ്ങൾക്കുമാണ് റവന്യു ഭൂമി പതിച്ചു നൽകിയത് .
ജില്ലയിൽ സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി 722 വീട് മാത്രം വേണ്ടവരിൽ 579 എണ്ണം പൂർത്തീകരിക്കുകയും ബാക്കിയുള്ളവയുടെ നിർമാണം പുരോഗതിയിലുമാണ്. 354 വീടും സ്ഥലവും ആവശ്യമുള്ളവരിൽ 189 പൂർത്തീകരിക്കുകയും 165 എണ്ണം നിർമാണം പുരോഗതിയിലുമാണ്. 935 ഭവന പുനരുദ്ധാരണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതിദാരിദ്ര്യം പൂർണമായും ഇല്ലായ്മ ചെയ്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന നേട്ടം കൈവരിക്കുന്ന കേരളം അതിദരിദ്ര്യ മുക്തമായി നവംബർ ഒന്നിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗും ത്രിതല തദ്ദേശ സ്ഥാപന, ജില്ലാ, സംസ്ഥാന തല സൂപ്പർ ചെക്കിംഗും നടത്തി എല്ലാ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയാണ് പദ്ധതി പൂർത്തീകരണ പ്രഖ്യാപനം.
District News
കടുങ്ങപുരം: മങ്കട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കടുങ്ങപുരം വില്ലേജ്പടിയിൽ നിർമിച്ച കെട്ടിടത്തിൽ പകൽവീട് സജ്ജമാക്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാന്പിന്റെയും സൗജന്യ മരുന്ന് വിതരണത്തിന്റെയും ഉദ്ഘാടനം പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചൻ ഉമ്മുക്കുൽസു നിർവഹിച്ചു. പകൽ വീട്ടിലേക്ക് അനുവദിച്ച ഫർണിച്ചറുകളുടെയും വാട്ടർ പ്യൂരിഫയറിന്റെയും കൈമാറ്റം സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.കെ. ശശീന്ദ്രൻ, ഫൗസിയ പെരുന്പള്ളി എന്നിവർ നിർവഹിച്ചു.
സ്ഥാപനത്തിൽ സ്ഥാപിച്ച രാഷ്ട്രനേതാക്കളുടെ ഫോട്ടോ അനാച്ഛാദനം മുൻ വൈസ് പ്രസിഡന്റ് വി. സൈതലവി, കെട്ടിടത്തിന് സൗജന്യമായി സ്ഥലം നൽകിയ കുടുംബത്തിലെ മുതിർന്ന അംഗം പാറോട്ടിൽ ബാലകൃഷ്ണൻ, മുതിർന്ന വനിത അംഗം പാറോട്ടിൽ ഉമ്മാത്ത എന്നിവരെ ബ്ലോക്ക് മെംബർ കെ.പി. അസ്മാബി പൊന്നാട അണിയിച്ച് ആദരിച്ചു. പുഴക്കാട്ടിരി ആയുർവേദിക് മെഡിക്കൽ ഓഫീസർ ഡോ. സനിയ, ഡോ. നിഖിൽ, ഡോ. രശ്മി എന്നിവർ മെഡിക്കൽ ക്യാന്പിന് നേതൃത്വം നൽകി.
District News
മഞ്ചേരി: സർക്കാർ നിർദേശ പ്രകാരം മഞ്ചേരിയിൽ ജനറൽ ആശുപത്രി ഏറ്റെടുക്കുന്നതിനുള്ള ആദ്യഘട്ടമെന്ന നിലയിൽ ആശുപത്രി മാനേജ്മെന്റ് കമ്മറ്റി (എച്ച്എംസി) രൂപീകരിക്കാനുള്ള ശ്രമം നഗരസഭ ആരംഭിച്ചു.
ഇതിന്റെ മുന്നോടിയായി എച്ച്എംസി അംഗങ്ങളെ നിർദേശിക്കുന്നതിന് രാഷ്ട്രീയ സംഘടനകൾക്ക് കത്ത് നൽകി. അതേസമയം നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ നിലവിലുള്ള കെട്ടിടങ്ങൾ മെഡിക്കൽ കോളജിന് വിട്ടു നൽകിയതാണെന്നും ജനറൽ ആശുപത്രിക്ക് നൽകുവാൻ സാധിക്കില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞിരുന്നു.
കൂടാതെ മെഡിക്കൽ കോളജിൽ ജനറൽ ആശുപത്രി എച്ച്എംസിയുടെ ബോർഡ് സ്ഥാപിക്കുവാൻ അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ സർക്കാർ എച്ച്എംസി രൂപീകരണത്തിന് സർക്കാർ അനുമതി ലഭിച്ചിട്ടുണ്ടെന്നും ജനറൽ ആശുപത്രി എച്ച്എംസി രൂപീകരിക്കുവാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും ചെയർപേഴ്സണ്‍ വി.എം. സുബൈദ പറഞ്ഞു.
28ഓടെ എച്ച്എംസി രൂപീകരണം പൂർത്തിയാകും. തുടർന്ന് ജനറൽ ആശുപത്രി എവിടെ പ്രവർത്തിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കും. എച്ച്എംസി ബോർഡ് സ്ഥാപിക്കരുതെന്ന പ്രിൻസിപ്പലിന്റെ നിർദേശം കമ്മിറ്റി നിലവിൽ വന്ന ശേഷം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും വി.എം. സുബൈദ പറഞ്ഞു.
District News
നിലമ്പൂർ : തിരഞ്ഞെടുപ്പുകളിൽ സമുദായതാത്പര്യം സംരക്ഷിക്കുന്നവർക്ക് മുന്നണി നോക്കാതെ വോട്ട് ചെയ്യണമെന്ന് കത്തോലിക്ക കോൺഗ്രസ് (എകെ സിസി) മാനന്തവാടി രൂപത നിർവാഹക സമിതി അംഗം അനീഷ് ഒമക്കര പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസ് ഇടവക കേന്ദ്രികരിച്ച് കമ്മറ്റികൾ രൂപികരിച്ച് പ്രവർത്തനം ഊർജിതമാക്കുകയാണ്. ജസ്റ്റിസ് ജെ. ബി.കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ മുന്നണികൾ ആർജവം കാണിക്കണമെന്ന് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോനാ പള്ളിയിൽ സംഘടനാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഫ്രാൻസിസ് അമ്പലത്തിങ്കൽ (പ്രസിഡന്റ്), സെബാസ്റ്റ്യൻ മേക്കാട്ട്, റീജ ചെറായിൽ ( വൈസ് പ്രസിഡന്റുമാർ), ഡെയ്സി ശങ്കരത്തിൽ (സെക്രട്ടറി), ലാലിച്ചൻ കുളഞ്ഞികൊമ്പിൽ (ജോ. സെക്രട്ടറി), ജോർജ് തോമസ് പട്ടർകളം (ട്രഷറർ), തോമസ് കിഴക്കയിൽ, ഗ്രേസി പിണക്കാട്ട് (രൂപത പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു. മൂന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വിപുലീകരിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് ഉയർത്തുന്ന ജനകീയ വിഷയങ്ങൾക്ക് സമുദായത്തിൽ നിന്നും ലഭിക്കുന്നത് വലിയ പിന്തുണയാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമതി വൈസ് പ്രസിഡന്റ് ഡോ.കെ.പി.സാജു കൊല്ലപ്പള്ളി ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തിൽ നടന്ന കത്തോലിക്കാ കോൺഗ്രസ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമ്യഗ ശല്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അധികൃതർ കാര്യമായ ഇടപ്പെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസിന്റെ ശക്തി വരുന്ന തെരഞ്ഞെടുപ്പുകളിൽ സമുദായ താത്പര്യം സംരക്ഷിക്കാത്തവർക്ക് സ്വയം മനസിലാക്കുമെന്നും. ഡോ.കെ.പി.സാജു പറഞ്ഞു. മലപ്പുറത്തിന്റ് മലയോര മേഖലകളിൽ കത്തോലിക്കാ കോൺഗ്രസ് നിലപാട് ഏറെ നിർണായകമാകും. കത്തോലിക്കാ കോൺഗ്രസ് ഇടവകകളിൽ നടത്തിയ യോഗത്തിൽ വലിയ പങ്കാളിത്തമാണുണ്ടായത്. ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തിൽ നടന്ന യോഗത്തിൽ ഇടവക വികാരി.ഫാ. കുര്യാക്കോസ് കൂമ്പക്കിൽ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
District News
പെരിന്തൽമണ്ണ : കഴിഞ്ഞദിവസംതാഴെക്കോട് ഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യബസിൽ വയോധികൻ ആക്രമണത്തിനിരയായ സംഭവത്തിൽ സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ്അന്വേഷണം ഊർജ്ജിതമാക്കി.
താഴേക്കോട് സ്വദേശി ഹംസ പേരഞ്ചിയേയാണ് യുവാവ് മർദ്ദിച്ചത്. പെരിന്തൽമണ്ണ പോലീസ് ഹംസയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ആക്രമിച്ച വ്യക്തി ഒളിവിലാണ്.
വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന ഹംസയ്ക്ക് എല്ലാ വിധത്തിലുമുള്ള സഹായങ്ങൾ താഴെക്കോട് സിപിഎംപ്രവർത്തകർ നൽകുമെന്ന് ഹംസയുടെ വീട് സന്ദർശിച്ച താഴെക്കോട് ലോക്കൽ സെക്രട്ടറി പി.കെ. അഫ്സൽ, ഏരിയകമ്മിറ്റിയംഗം കെ.പി. അനീഷ് ബ്രാഞ്ച് സെക്രട്ടറിമാരായ ജലീൽ ചേളപറമ്പിൽ, വി .കെ. റഷീദ്, കെ. ടി. ജിജീഷ്, എം. മനാഫ് എന്നിവർ പറഞ്ഞു.
District News
എടക്കര: വഴിക്കടവ് ആനമറിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ആനമറിയിലെ കൊളവണ്ണ കൃഷ്ണന്, തേങ്ങാപറമ്പില് രാജി എന്നിവരുടെ കമുക്, തെങ്ങ് തുടങ്ങിയ വിളകളാണ് കാട്ടാന നശിപ്പിച്ചത്.
കര്‍ഷകര്‍ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച സോളാര്‍ സംവിധാനവും കാട്ടാന തകര്‍ത്തു. രാത്രി പന്ത്രണ്ട് മണിയോടെ കാടിറങ്ങിയെത്തിയ കാട്ടാന കൃഷി നശിപ്പിച്ചശേഷം ജനവാസകേന്ദ്രത്തിലെത്തി ഭീതിപരത്തിയാണ് മടങ്ങിയത്. ശനിയാഴ്ച രാത്രി മാത്രം പത്തോളം തെങ്ങുകളും കമുകുകളും നശിപ്പിച്ചിട്ടുണ്ട്. പടക്കം പൊട്ടിച്ചും ബഹളം വെച്ചും നാട്ടുകാര്‍ നടത്തിയ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആന തിരിച്ചുപോയത്.
ഇവരുടെ വീടിനോട് ചേര്‍ന്നുള്ള തോട്ടത്തിലെ കായ്ഫലമുണ്ടായിരുന്ന നിരവധി തെങ്ങുകളാണ് ഇതിനോടകം ആന നശിപ്പിച്ചത്. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. കുട്ടികള്‍, ടാപ്പിംഗ് തെഴിലാളികള്‍, പള്ളികളില്‍ നമസ്ക്കാരത്തിന് പോകുന്നവര്‍ എന്നിവര്‍ക്ക് കാട്ടാനകള്‍ ഭീഷണിയാണിയായി മാറിയിരിക്കുകയാണ്. കാട്ടാനശല്യം ചെറുക്കാന്‍ നെല്ലിക്കുത്ത് വനമേഖലയില്‍ മൂന്ന് കിലോമീറ്റര്‍ ഭാഗത്ത് തൂക്ക് ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ നെല്ലിക്കുത്ത് വനം ഔട്ട്പോസ്റ്റ് മുതല്‍ ആനമറി വനം സ്റ്റേഷന് വരെയുള്ള ഇരുനൂറ് മീറ്റര്‍ ഭാഗത്തേക്ക് തൂക്ക് ഫെന്‍സിങ് ഇല്ലാത്തതാണ് കാട്ടാനകള്‍ ജനവാസകേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നിത്യവും ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകള്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിട്ടും വനം അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകര്‍ പറയുന്നു.
District News
പെരിന്തൽമണ്ണ: പുലാമന്തോൾ പഞ്ചായത്ത് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ച് യുഡിഎഫ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. യുഡിഎഫ് പുലാമന്തോൾ പഞ്ചായത്ത് കമ്മറ്റി ഇന്നലെ രാവിലെ 10 ന് ആരംഭിച്ച സമരം അഞ്ച് വരെ നീണ്ടു.വൈകീട്ട് പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തിയ യുഡിഎഫ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പുലാമന്തോൾ പഞ്ചായത്തിലെ ഒന്നാം വാർഡിൽ മാനദണ്ഡങ്ങൾ പാലിക്കാതെ മറ്റു വാർഡുകളിലെ പേരുള്ള 18 ആളുകളെ ചേർത്തതായി യുഡിഎഫ് നേതാക്കൾ ആരോപിച്ചു. പഞ്ചായത്തിലെ ഭരണാധികാരം നഷ്ടപ്പെടുമെന്ന ഭയത്തിൽ സിപിഎം ഭരണ സ്വാധീനം ദുരുപയോഗം ചെയ്യുകയാണെന്നും അവർ ആരോപിച്ചു.
പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കുഞ്ഞുമുഹമ്മദ്, കൺവീനർ ഇസ്സുദ്ധീൻ, നേതാക്കളായ ഷിബു ചെറിയാൻ, കെ. കെ. ഹൈദ്രസ് ഹാജി, മുത്തു കട്ടുപ്പാറ, ഷാജി കട്ടുപ്പാറ,ഹാരിസ് ചെമ്മലശ്ശേരി, നാഫിഹ് വളപുരം, സാലിഹ് കുരുവമ്പലം പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ,യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്സ് നേതാക്കൾ സമരത്തിന് നേതൃത്വം നൽകി.
District News
കാളികാവ്: പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിൽ വീണ്ടും കടുവാ സാന്നിധ്യം. കടുവയുടെ കാൽപ്പാടുകളാണെന്ന് സ്ഥിരീകരിച്ചതോടെ മലയോരത്ത് വീണ്ടും തൊഴിലാളികളും നാട്ടുകാരും ആശങ്കയിലായി. യാതൊരു സുരക്ഷയുമില്ലാതെ ജോലി ചെയ്യുന്ന എസ്റ്റേറ്റ് തൊഴിലാളികൾ ഭീതിയിലായി. പുല്ലങ്കോട് എസ്റ്റേറ്റ് കളിമുറ്റം ഭാഗത്താണ് ഇന്നലെ കടുവയുടെ കാൽപ്പാട് കണ്ടത്. രണ്ടുമാസം മുമ്പ് എസ്റ്റേറ്റിൽ പശുവിനെ കടുവ ആക്രമിച്ചുകൊന്ന അതേ ഭാഗത്താണ് കടുവയുടെ കാൽപ്പാടുകൾ കണ്ടത്.
എസ്റ്റേറ്റ് മാനേജ്മെന്റ് വിവരമറിയിച്ചതിനേതുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ഈ ഭാഗത്ത് തൊഴിലാളികൾ പലതവണ കടുവയെ നേരിട്ടുകണ്ടതാണ്. മാസങ്ങൾക്കുമുമ്പ് എസ്റ്റേറ്റിൻ്റെ മറുഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊന്നതിനുശേഷം കടുത്ത ഭയത്തിലായിരുന്നു തൊഴിലാളികൾ ജോലി ചെയ്യുന്നത്.
കെണിക്കൂട്ട് സ്ഥാപിച്ച് കടുവയേയും ഒരു പുലിയേയും പിടികൂടിയിരുന്നെങ്കിലും തുടർന്നും പ്രദേശത്ത് കടുവയേയും പുലിയേയും നിരവധി തവണ കണ്ടിരുന്നു. കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന് എസ്റ്റേറ്റ് മാനേജ്മെന്റും തൊഴിലാളികളും നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.
രണ്ടു മാസം മുമ്പ് എഴുപതേക്കറിൽ പശുവിനെ കടുവ കൊന്നുതിന്നതോടേയാണ് ഇവിടെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്.എന്നാൽ രണ്ടു മാസത്തോളമായിട്ടും കടുവ പിന്നീടാവഴിക്കു വന്നില്ല. പുല്ലങ്കോട് എസ്റ്റേറ്റിന്റെ പല ഭാഗത്തും പന്നിയടക്കമുള്ള ജീവികളെ കടുവകൊന്നു തിന്നുന്നുമുണ്ട്.
തൊഴിലാളികൾ എസ്റ്റേറ്റിൽ ജോലിക്ക് വരാൻ പോലും ഇപ്പോൾ ഭയക്കുകയാണ്. തൊഴിലാളികളുടെ ജീവൻ രക്ഷിക്കുന്നതിന് ആദ്യകാലം മുതൽ എസ്റ്റേറ്റിൽ ഉപയോഗിച്ചിരുന്ന തോക്കുകൾ കഴിഞ്ഞ നാലു വർഷമായി അധികൃതർ തടഞ്ഞു വെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തോക്ക് ലൈസൻസ് പുതുക്കി നൽകണമെന്നാണ് മനേജ്മെന്റ് ആവശ്യപ്പെടുന്നത്.
District News
കോഴിക്കോട്: കേരളത്തിന് പുറത്തേക്ക് മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് അധിഷ്ഠിത ഓണ്‍ലൈന്‍ ട്രാക്കിംഗ് സംവിധാനം നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മാലിന്യം നീക്കുന്ന വാഹനങ്ങള്‍ etracks.kerala.gov.in എന്ന വെബ് പോര്‍ട്ടലിലും സുരക്ഷാമിത്ര ആപ്പിലും രജിസ്റ്റര്‍ ചെയ്തിരിക്കണം. ട്രാന്സ്പോര്ട്ടര് ആപ്, എന്‍ഫോഴ്സ്മെന്റ് അഥോറിറ്റി ആപ് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളും സംവിധാനത്തിന്റെ ഭാഗമാണ്.
സംസ്ഥാനത്തെ ആശുപത്രികളില്‍ നിന്നുള്ള ബയോ മെഡിക്കല്‍ വേസ്റ്റ് തമിഴ്നാട്ടില്‍ കൊണ്ടുപോയി തട്ടിയത് വിവാദമായതിനെ തുടര്‍ന്ന് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരമാണ് മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനത്തിന് പുറത്തേക്ക് മാലിന്യം കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ നിബന്ധനകള്‍ക്കനുസരിച്ചുള്ള ജിപിഎസ് ഘടിപ്പിക്കണം.
മാലിന്യ ഉത്പാദകന് മുതല്‍ സ്വീകരിക്കുന്നവര്‍ വരെയുള്ള മുഴുവന്‍ മാലിന്യ സംസ്കരണ പ്രക്രിയയും ജിപിഎസ് സഹായത്തോടെ തത്സമയം നിരീക്ഷിക്കുക, നിയമലംഘനങ്ങള്‍ കണ്ടെത്തുക, മുന്നറിയിപ്പുകള്‍ നല്‍കുക എന്നിവയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്, ഇ-വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്, ഹസാര്‍ഡസ് ആന്‍ഡ് അദര്‍ വേസ്റ്റ് റൂള്‍സ് എന്നിവ പ്രകാരം അനുവദനീയമായ നോണ്‍-ബയോഡീഗ്രേഡബിള്‍ വേസ്റ്റ്, റിഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവല്‍, ഇ-വേസ്റ്റ്, ഹസാര്‍ഡസ് വേസ്റ്റ് എന്നിവ മാത്രമേ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമുള്ളൂ.
ബയോമെഡിക്കല്‍ വേസ്റ്റ്, ബയോഡീഗ്രേഡബിള്‍ വേസ്റ്റ് എന്നിവ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ എന്‍ഫോഴ്സ്മെന്റ് അഥോറിറ്റി വാഹനം പിടിച്ചെടുക്കും. അതിര്‍ത്തി കടക്കുന്ന വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിനായി പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് അതിര്‍ത്തികളില്‍ കണ്ട്രോള് റൂം സ്ഥാപിക്കും.വാഹനങ്ങളില്‍ കയറ്റുന്ന മാലിന്യം എവിടെയാണ് നിക്ഷേപിക്കുന്നതെന്നും ഏതെല്ലാം റൂട്ടുകളിലൂടെയാണ് കടന്നുപോകുന്നതെന്നുമുള്ള കൃത്യമായ വിവരങ്ങള്‍ ജിപിഎസ് സംവിധാനത്തിലൂടെ മനസിലാക്കാനാകും.
District News
കോഴിക്കോട്: ആത്മഹത്യകളും അഡിക്ഷനുകളും വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമാകാന്‍ താമരശേരി രൂപതയുടെ മാനസികാരോഗ്യ കേന്ദ്രമായ പോപ് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ ഹെല്പ് ലൈന്‍ ആരംഭിച്ചു. "ഹോപ് ലൈന്‍' എന്ന് പേരിട്ടിരിക്കുന്ന കൗണ്‍സലിംഗ് പദ്ധതി താമരശേരി രൂപാതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.ജീവിതത്തിലെ വിഷമതകള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നല്കുവാന് ഹോപ് ലൈന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി കേള്‍ക്കുവാന്‍ ആളില്ല എന്നുള്ളതാണ്. ജീവിതത്തിന്റെ ആകുലതകളും ഉത്കണ്ഠകളും പങ്കുവയ്ക്കുവാന്‍ ഒരിടം തേടി അലയുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിനുള്ള ഒരു പരിഹാരമാണ് ഹോപ് ലൈന്‍ എന്നും ബിഷപ് പറഞ്ഞു.
ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് 0495 352 3636 എന്ന ഹോപ് ലൈന്‍ നമ്പറില്‍ വിളിച്ച് വിദഗ്ധരായ കൗണ്‍സിലര്‍മാരുടെ സേവനം സൗജന്യമായി തോടാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. കുര്യന് പുരമടത്തില്‍ അറിയിച്ചു.
ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് ഹോപ് ലൈന്‍ സേവനം. ചടങ്ങില്‍ ചേവായൂര്‍ സബ് ഇന്‍സ്പെക്ടര്‍ ഏലിയാസ്, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോയി തേക്കുംകാട്ടില്‍, ഫാ. ജോജി, ഫാ. ജോബി, സി.ആന്സിന് തുടങ്ങിയവര്‍ സംസാരിച്ചു.
District News
കോഴിക്കോട്: കനാല്‍ സിറ്റി പോലുള്ള പദ്ധതികളിലൂടെ പുതിയ കോഴിക്കോടിനെ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോര്പറേഷന് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച വികസന സദസ് പരിശോധിച്ചാല്‍ കേരളത്തിലെ വലിയ രീതിയിലുള്ള മാറ്റം കാണാന്‍ കഴിയും.
സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. കല്ലുത്താന്‍കടവ് പച്ചക്കറി മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ മേയര്‍ ബീനാ ഫിലിപ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും വികസന നേട്ടങ്ങളുടെ വീഡിയോ അവതരണം, റിപ്പോര്‍ട്ട് അവതരണം, കോര്പറേഷന് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വിട്ടുനല്‍കിയവരെ ആദരിക്കല്‍, സെമിനാറുകള്‍, ഭക്ഷ്യമേള, മെഡിക്കല്‍ ക്യാമ്പ്, കൃഷി വകുപ്പിന്റെ പ്രദര്‍ശനമേള, പുസ്തകമേള, കെ സ്മാര്‍ട്ട് ക്ലിനിക്കുകള്‍, വിവിധ വകുപ്പുകളുടെ പ്രദര്‍ശനം എന്നിവ സദസിന്റെ ഭാഗമായി നടന്നു.
കോട്ടൂളിയില്‍ കളിസ്ഥലം നിര്‍മിക്കുക, പ്രീ പ്രൈമറി തലം മുതല്‍ ശുചിത്വ നിയമങ്ങള്‍ പഠിപ്പിക്കുക, വയോജനങ്ങളെ താമസിപ്പിക്കാനും ശുശ്രൂഷിക്കാനും കോര്‍പറേഷന്റെ കീഴില്‍ പ്രത്യേക കേന്ദ്രം ഒരുക്കുക, വ്യായാമത്തിനായി പദ്ധതികള്‍ ആവിഷ്കരിക്കുക, തെരുവ് നായ്ക്കളുടെ വ്യാപനം കുറയ്ക്കാന്‍ വന്ധ്യംകരണം നടത്തുക, മാലിന്യം വലിച്ചെറിയുന്ന പ്രവണത കുറയ്ക്കാന്‍ ബോധവത്കരണം നടത്തുക, കാര്‍ബണ്‍ ന്യൂട്രല്‍ സിറ്റിയായി നഗരത്തെ മാറ്റുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
ചടങ്ങില്‍ എംഎല്‍എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്, ഡെപ്യൂട്ടി മേയര്‍ സി. പി. മുസാഫര്‍ അഹമ്മദ്, കോര്പറേഷന് സെക്രട്ടറി കെ.യു. ബിനി, അഡീഷണല്‍ സെക്രട്ടറി എന്‍.കെ. ഹരീഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. നിഖില്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എംഡി ഡോ. അലക്സാണ്ടര്‍, കെന്‍സ സ്റ്റീല്‍ ചെയര്മാന് മൊയ്തീന് കോയ പാലക്കണ്ടി, പി.വി. നിതീഷ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, മുന്‍ മേയര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ് അഞ്ച് സംഘാടക സമിതി രൂപീകരിച്ചു. ബേപ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെടിഐഎല്‍) ചെയര്‍പേഴ്സൺ എസ്.കെ. സജീഷ് പരിപാടി വിശദീകരിച്ചു.
ബേപ്പൂരില പ്രധാന വേദികളിലായി ഡിസംബർ അവസാന വാരമാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. ഫെസ്റ്റിന്റെ ഭാഗമായി വിവിധ ജലകായിക മത്സരങ്ങളും പ്രദർശനങ്ങളും കലാപരിപാടികൾ, ഭക്ഷ്യമേള, കര-നാവിക സേനകളുടെ അഭ്യാസപ്രകടനങ്ങൾ, കൈറ്റ് ഫെസ്റ്റിവൽ തുടങ്ങിയവ നടക്കും. ചടങ്ങില്‍ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി. രാജന് അധ്യക്ഷത വഹിച്ചു.
ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൺ എൻ.സി. റസാക്ക്, കോർപറേഷൻ കൗണ്‍സിലര്‍മാരായ കെ. രാജീവ്, കെ. സുരേഷ്, വി. നവാസ്, ടി. രജനി, ഗിരിജ, പി.കെ. ഷമീന, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. നിഖിൽ, സബ് കളക്ടര്‍ ഗൗതം രാജ്, സിറ്റി പോലീസ് കമ്മീഷ്ണർ അരുൺ കെ. പവിത്രൻ, എഡിഎം സി. മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യരക്ഷാധികാരിയും മന്ത്രി എ.കെ. ശശീന്ദ്രന്, മേയര്‍ ഡോ. ബീന ഫിലിപ്, എം.കെ. രാഘവന് എംപി, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, പി.ടി.എ. റഹീം, മുൻ എംഎൽഎ വി.കെ.സി. മമ്മദ് കോയ എന്നിവര്‍ രക്ഷാധികാരികളായുമുള്ള 1001 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ചെയര്‍മാനാകും. 20 സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി.
District News
കോഴിക്കോട്: കൊടുവള്ളി മുനിസിപ്പാലിറ്റിയിലും വോട്ട് ക്രമക്കേട് ആരോപണവുമായി യുഡിഎഫ്. ശനിയാഴ്ച പുറത്തിറങ്ങിയ കൊടുവള്ളി മുനിസിപ്പാലിറ്റി വോട്ടര്‍ ലിസ്റ്റില്‍ വ്യാപക ക്രമക്കേടെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അനധികൃതമായി കൂട്ടിച്ചേര്‍ത്തും ഒഴിവാക്കിയും വ്യാപക ക്രമക്കേടാണ് നടത്തിയത്. മുനിസിപ്പാലിറ്റിയില്‍ ആയിരത്തിലധികം വോട്ടര്‍മാരെ സ്വന്തം വാര്‍ഡുകളില്‍ നിന്ന് മാറ്റി.
ഡിവിഷന് കൗണ്‍സിലറുടെ ഭാര്യയെ ഉള്‍പ്പെടെ താമസിക്കുന്ന ഡിവിഷനില്‍ നിന്ന് മാറ്റി. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥിയുടെ വരെ വോട്ട് സ്വന്തം ഡിവിഷനില്‍ നിന്നും മാറ്റി. ജനാധിപത്യത്തെ അട്ടിമറിച്ച നീക്കത്തിനെതിരേ നിയമപരമായും ജനാധിപത്യപരമായും യുഡിഎഫ് നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ. റസാഖ് എന്നിവര്‍ പറഞ്ഞു.
സെപ്റ്റംബര്‍ രണ്ടിനാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. അതേ മാസം 29ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 14 വരെ ചേര്‍ത്താനും തള്ളാനും സമയമുണ്ടായിരുന്നു. ഈ സമയത്ത് ഡിലിമിറ്റേഷന്‍ പ്രകാരം 305 പരാതികളാണ് നല്‍കിയത്. എന്നാല്‍ ഒരു പരാതി പോലും പരിഗണിച്ചില്ലെന്ന് എം.എ. റസാഖ് പറഞ്ഞു.
കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ വച്ച് കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തില്‍ മൂന്നു മുതല്‍ അഞ്ചുവരെ പോലീസ് ക്യാമ്പ് ചെയ്താണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ടര്‍ പട്ടിക അട്ടിമറിച്ച വിഷയം ചര്‍ച്ചയാവുമെന്നതിനാലാണ് പോലീസിനെ അയച്ചതെന്നാണ് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ഈ വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ 22ന് കളക്ടറെ നേരിട്ട് കണ്ട് അപാകതകള്‍ നേരില്‍ അറിയിച്ചിട്ടും കളക്ടര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.പി. മജീദ്, കൊടുവള്ളി മുനിസിപ്പാലിറ്റി ചെയര്മാന് വെള്ളറ അബ്ദു, വി.കെ. അബ്ദു ഹാജി, എസ്.പി. നാസര്‍ എന്നിവരും പങ്കെടുത്തു.
District News
കോഴിക്കോട്: ബീച്ചില്‍ ഫുഡ് സ്ട്രീറ്റ് തുടങ്ങിയതോടെ അവിടെ കച്ചവടം നടത്തിയിരുന്ന പഴകിയതും ദ്രവിച്ചു തുടങ്ങിയതുമായ ഉന്തുവണ്ടികള്‍ കോര്പറേഷന് പിടിച്ചെടുത്ത് കോന്നാട് ബീച്ചില്‍ തള്ളുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. 90 ഉന്തുവണ്ടികള്ക്കാണ് ബീച്ചില്‍ അനുമതിയുള്ളത്. അവയില്‍ പകുതിയില്‍ താഴെ മാത്രമെ രംഗത്തുള്ളൂ.
എന്നാല്‍, രജിസ്റ്റര്‍ ചെയ്ത ഉന്തുവണ്ടികളല്ലാത്തവ അനുവദിക്കില്ല എന്ന നിലപാടിലാണ് കോര്പറേഷന്. ഇതിന്റെ ഭാഗമായാണ് പഴയവണ്ടികള്‍ പിടിച്ചെടുത്ത് മാറ്റിയത്. ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം നടന്നതിന്റെ തലേദിവസം മുതല്‍ കോന്നാട് ബീച്ചില്‍ പഴയ ഉന്തുവണ്ടികള്‍ കൂട്ടത്തോടെ എത്തിച്ചിരുന്നു. ഇവിടെ കച്ചവടക്കാര്‍ തമ്പടിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. കോന്നാട് ബീച്ചിന്റെ സൗന്ദര്യം നശിപ്പിക്കാന്‍ ഇത് ഇടയാക്കുമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. തള്ളിയ ഉന്തുവണ്ടികള്‍ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എവിടെനിന്നോ വരുന്ന ആളുകളാണ് പുതിയ ലൈസന്‍സ് ഇല്ലാത്ത കട ഇവിടെ കൊണ്ടുപോയി ഇടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വണ്ടികള്‍ എത്രയും പെട്ടന്ന് ഇവിടെനിന്ന് എടുത്തു മാറ്റിയില്ലെങ്കില്‍ ഇതിനെതിരേ നാട്ടുകാര്‍ വന്‍പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായി കാമ്പുറം സ്നേഹതീരം റസിഡന്‍സി സെക്രട്ടറി ഹര്ഷന് കാമ്പുറം, പ്രസിഡന്റ് യൂസഫ് എന്നിവര്‍ പറഞ്ഞു.
രാത്രികാലങ്ങളില്‍ ഉന്തുവണ്ടികള്‍ക്ക് മറവില്‍ സാമൂഹ്യവിരുദ്ധര്‍ കോന്നാട് ബീച്ച് കൈയടക്കുമോ എന്ന ആശങ്കയും നാട്ടുകാര്‍ പങ്കുവയ്ക്കുന്നു. ഈ വിഷയത്തില്‍ പരിസരവാസികളുടെ പ്രതിഷേധം ശക്തമാണ്. നേരത്തെ കോന്നാട് ബീച്ചില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരുന്നു.
വിവാഹചടങ്ങുകളുടെ ഭാഗമായുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഇവിടെ തള്ളിയിരുന്നു. നാട്ടുകാരുടെ ഇടപെടല്‍ കാരണം അതിന് ശമനം വന്നു. അപ്പോഴാണ് ഉന്തുവണ്ടികള്‍ ഒന്നിച്ച് തള്ളുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.
അതേസമയം, ഫുഡ് സ്ട്രീറ്റ് പരിസരത്ത് പഴയ ഉന്തുവണ്ടികള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് കോര്പറേഷന്. പഴയ ഉന്തുവണ്ടികള്‍ വയ്ക്കുന്നതിന് കോര്പറേഷന് തന്നെ സംവിധാനം കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
District News
6,773 കുടുംബങ്ങളെയാണ് ജില്ലയില്‍ അതിദാരിദ്ര്യമുക്തമാക്കിയത്
കോഴിക്കോട്: അതിദരിദ്രരില്ലാത്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് ചുവടുവച്ച് കോഴിക്കോട്. നവംബര്‍ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കണ്ടത്.
28ന് രാവിലെ 10.30ന് കോഴിക്കോട് എസ്.കെ. പൊറ്റക്കാട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന് അതിദാരിദ്ര്യമുക്ത ജില്ല പ്രഖ്യാപനം നിര്‍വഹിക്കും. ഇതോടൊപ്പം ഒരു തൈ നടാം കാമ്പയിന് ജില്ലയില്‍ ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും. സമ്പൂര്‍ണ ജലബജറ്റ് ജില്ലാ പ്രഖ്യാപനവും കോര്‍പറേഷന്റെ ജലബജറ്റ് പ്രകാശനവും അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ നിര്‍വഹിക്കും.
സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലാ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിക്കും. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. ഹരിതകേരളം മിഷന് ജില്ലാ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പ്രകാശനം ചെയ്യും.
2021-22ല്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സര്‍വേ നടത്തിയപ്പോള്‍ 6,773 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിരുന്നത്. ഇവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയുമെല്ലാം സഹായത്തോടെ ആവശ്യമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും വരുമാന സംരംഭങ്ങളും സുരക്ഷിതമായ പാര്‍പ്പിടവും ഒരുക്കിയാണ് ലക്ഷ്യത്തിലേക്ക് മുന്നേറിയത്.
1,816 കുടുംബങ്ങള്‍ക്ക് ഭക്ഷണവും 4,775 പേര്‍ക്ക് മരുന്നും 579 കുടുംബങ്ങള്‍ക്ക് പാലിയേറ്റീവ് പരിചരണവും 73 പേര്‍ക്ക് ആരോഗ്യ സഹായ ഉപകരണങ്ങളും 513 കുടുംബങ്ങള്‍ക്ക് വരുമാനവും 2,050 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടവും ഒരുക്കി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെല്ലാം ഇതിനകം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.
District News
തിരുവമ്പാടി: പഞ്ചായത്ത് വികസന സന്ദേശ യാത്രക്ക് ആനക്കാംപൊയിലിൽ തുടക്കമായി. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, തിരുവന്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസണ് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.ജെ. ടെന്നിസൺ മുഖ്യപ്രഭാഷണം നടത്തി. ബോസ് ജേക്കബ്, ബാബു കളത്തൂർ, ഷൗക്കത്ത് കൊല്ലളത്തിൽ, ഷിനോയ് അടക്കാപ്പാറ, മില്ലി മോഹൻ, മനോജ് വാഴെപ്പറമ്പിൽ, രാജു അമ്പലത്തിങ്കൽ, അസ്ക്കർ ചെറിയമ്പലം, മഞ്ജു ഷിബിൻ എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: മലബാർ സഹോദയ കോംപ്ലക്സ് കോഴിക്കോട് ജില്ലാ സിബിഎസ്സി സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിന് വൻ വിജയം.
മൊത്തം എണ്ണൂറ്റൻപതിലേറെ പോയന്റുകൾ എന്ന ചരിത്ര നേട്ടത്തോടെയാണ് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ജില്ലാ കിരീടം നിലനിർത്തിയത്. ചെത്തുകടവ് കെപിസിഎം ശ്രീനാരായണ വിദ്യാലയത്തിൽ വച്ച് നടന്ന കലോത്സവത്തിൽ മൊത്തം 857 പോയന്റുകൾ കരസ്ഥമാക്കിയാണ് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ചാമ്പ്യൻമാരായത്.
808 പോയിന്റ് നേടി ദേവഗിരി സിഎംഐ സ്കൂൾ രണ്ടാമതെത്തിയപ്പോൾ 619 പോയിന്റുമായി ചേവായൂർ ഭാരതീയ വിദ്യാഭവൻ സ്കൂളാണ് മൂന്നാം സ്ഥാനം നേടിയത്. കോഴിക്കോട് ജില്ലയിലെ 67 സ്കൂളുകളിൽ നിന്ന് നാല് കാറ്റഗറികളിലായി 3900 വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുത്തു. ഐടി ഫെസ്റ്റ്, ഓഫ് സ്റ്റേജ്, പെർഫോമിംഗ് ആർട്ട്സ്, സ്റ്റേജ് ഇനങ്ങൾ എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് ജില്ലാ കലോത്സവം നടന്നത്.