6,773 കുടുംബങ്ങളെയാണ് ജില്ലയില്‍ അതിദാരിദ്ര്യമുക്തമാക്കിയത്
കോഴിക്കോട്: അതിദരിദ്രരില്ലാത്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് ചുവടുവച്ച് കോഴിക്കോട്. നവംബര്‍ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കണ്ടത്.
28ന് രാവിലെ 10.30ന് കോഴിക്കോട് എസ്.കെ. പൊറ്റക്കാട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന് അതിദാരിദ്ര്യമുക്ത ജില്ല പ്രഖ്യാപനം നിര്‍വഹിക്കും. ഇതോടൊപ്പം ഒരു തൈ നടാം കാമ്പയിന് ജില്ലയില്‍ ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും. സമ്പൂര്‍ണ ജലബജറ്റ് ജില്ലാ പ്രഖ്യാപനവും കോര്‍പറേഷന്റെ ജലബജറ്റ് പ്രകാശനവും അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ നിര്‍വഹിക്കും.
സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലാ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിക്കും. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. ഹരിതകേരളം മിഷന് ജില്ലാ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പ്രകാശനം ചെയ്യും.
2021-22ല്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സര്‍വേ നടത്തിയപ്പോള്‍ 6,773 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിരുന്നത്. ഇവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയുമെല്ലാം സഹായത്തോടെ ആവശ്യമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും വരുമാന സംരംഭങ്ങളും സുരക്ഷിതമായ പാര്‍പ്പിടവും ഒരുക്കിയാണ് ലക്ഷ്യത്തിലേക്ക് മുന്നേറിയത്.
1,816 കുടുംബങ്ങള്‍ക്ക് ഭക്ഷണവും 4,775 പേര്‍ക്ക് മരുന്നും 579 കുടുംബങ്ങള്‍ക്ക് പാലിയേറ്റീവ് പരിചരണവും 73 പേര്‍ക്ക് ആരോഗ്യ സഹായ ഉപകരണങ്ങളും 513 കുടുംബങ്ങള്‍ക്ക് വരുമാനവും 2,050 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടവും ഒരുക്കി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെല്ലാം ഇതിനകം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.
Tags : Local News Nattuvishesham Kozhikode