പുല്ലങ്കോട് എസ്റ്റേറ്റ് ഭാഗത്ത് ഇന്നലെ കണ്ട കടുവയുടെ കാൽപാടുകൾ
കാളികാവ്: പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിൽ വീണ്ടും കടുവാ സാന്നിധ്യം. കടുവയുടെ കാൽപ്പാടുകളാണെന്ന് സ്ഥിരീകരിച്ചതോടെ മലയോരത്ത് വീണ്ടും തൊഴിലാളികളും നാട്ടുകാരും ആശങ്കയിലായി. യാതൊരു സുരക്ഷയുമില്ലാതെ ജോലി ചെയ്യുന്ന എസ്റ്റേറ്റ് തൊഴിലാളികൾ ഭീതിയിലായി. പുല്ലങ്കോട് എസ്റ്റേറ്റ് കളിമുറ്റം ഭാഗത്താണ് ഇന്നലെ കടുവയുടെ കാൽപ്പാട് കണ്ടത്. രണ്ടുമാസം മുമ്പ് എസ്റ്റേറ്റിൽ പശുവിനെ കടുവ ആക്രമിച്ചുകൊന്ന അതേ ഭാഗത്താണ് കടുവയുടെ കാൽപ്പാടുകൾ കണ്ടത്.
എസ്റ്റേറ്റ് മാനേജ്മെന്റ് വിവരമറിയിച്ചതിനേതുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ഈ ഭാഗത്ത് തൊഴിലാളികൾ പലതവണ കടുവയെ നേരിട്ടുകണ്ടതാണ്. മാസങ്ങൾക്കുമുമ്പ് എസ്റ്റേറ്റിൻ്റെ മറുഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊന്നതിനുശേഷം കടുത്ത ഭയത്തിലായിരുന്നു തൊഴിലാളികൾ ജോലി ചെയ്യുന്നത്.
കെണിക്കൂട്ട് സ്ഥാപിച്ച് കടുവയേയും ഒരു പുലിയേയും പിടികൂടിയിരുന്നെങ്കിലും തുടർന്നും പ്രദേശത്ത് കടുവയേയും പുലിയേയും നിരവധി തവണ കണ്ടിരുന്നു. കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന് എസ്റ്റേറ്റ് മാനേജ്മെന്റും തൊഴിലാളികളും നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.
രണ്ടു മാസം മുമ്പ് എഴുപതേക്കറിൽ പശുവിനെ കടുവ കൊന്നുതിന്നതോടേയാണ് ഇവിടെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്.എന്നാൽ രണ്ടു മാസത്തോളമായിട്ടും കടുവ പിന്നീടാവഴിക്കു വന്നില്ല. പുല്ലങ്കോട് എസ്റ്റേറ്റിന്റെ പല ഭാഗത്തും പന്നിയടക്കമുള്ള ജീവികളെ കടുവകൊന്നു തിന്നുന്നുമുണ്ട്.
തൊഴിലാളികൾ എസ്റ്റേറ്റിൽ ജോലിക്ക് വരാൻ പോലും ഇപ്പോൾ ഭയക്കുകയാണ്. തൊഴിലാളികളുടെ ജീവൻ രക്ഷിക്കുന്നതിന് ആദ്യകാലം മുതൽ എസ്റ്റേറ്റിൽ ഉപയോഗിച്ചിരുന്ന തോക്കുകൾ കഴിഞ്ഞ നാലു വർഷമായി അധികൃതർ തടഞ്ഞു വെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തോക്ക് ലൈസൻസ് പുതുക്കി നൽകണമെന്നാണ് മനേജ്മെന്റ് ആവശ്യപ്പെടുന്നത്.
Tags : Pullancode Local News Nattuvishesham Malappuram