മാനന്തവാടി: പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദഗ്ധരെ പങ്കെടുപ്പിച്ച് കോണ്‍ക്ലേവ് സംഘടിപ്പിച്ച് ഗോത്രമേഖലയിൽ നടപ്പാക്കേണ്ട പദ്ധതികളുടെ അന്തിമ രൂപരേഖ തയാറാക്കുമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
വൊക്കേഷണൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിഷൻ-2031 സംസ്ഥാനതല സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷൻ-2031ൽ ഉയർന്ന ആശയങ്ങൾ സംസ്ഥാന ആസൂത്രണ ബോർഡിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ ചർച്ച ചെയ്ത് ക്രോഡീകരിക്കും.
സംസ്ഥാന സർക്കാരും പട്ടികജാതി-വർഗ വികസന വകുപ്പും നിരവധി വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. ഗോത്രമേഖലയിലുള്ളവർ ചൂഷണത്തിന് വിധേയരാവുന്ന സാഹചര്യമുള്ളതിനാൽ ഓരോരുത്തരും സ്വയം വിമർശനമായി കണ്ട് അക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഗോത്രമേഖലയിൽ ഭവന നിർമാണത്തിന് കരാറിൽ ഏർപ്പെടുന്നവർ വീടുപണി പാതിവഴിയിൽ ഉപേക്ഷിക്കുന്നത് പതിവാണ്. ഭവന നിർമാണത്തിൽ ശ്രദ്ധക്കുറവ് പാടില്ല.
പുത്തൻ ദിശാബോധവും പുതിയ കാഴ്ചപ്പാടും രൂപപ്പെടുത്തുന്പോൾ ചൂഷണത്തിനുള്ള അവസരം ശ്രദ്ധാപൂർവം ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഡയറക്ടർ ഡി. ധർമലശ്രീ, പട്ടികവർഗ വികസന ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, പിന്നാക്ക ക്ഷേമ ഡയറക്ടർ മിസാൽ സാഗർ ഭരത്, കിർത്താട്സ് ഡയറക്ടർ എസ്. ബിന്ദു, എഡിഎം കെ. ദേവകി, ഐടിഡിപി പ്രോജക്ട് ഓഫീസർ ജി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.
Tags : OR Kelu Local News Nattuvishesham Wayanad