താമരശേരി രൂപതയുടെ സൗജന്യ ഹെല്പ് ലൈന്‍ പദ്ധതി താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ആത്മഹത്യകളും അഡിക്ഷനുകളും വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമാകാന്‍ താമരശേരി രൂപതയുടെ മാനസികാരോഗ്യ കേന്ദ്രമായ പോപ് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ ഹെല്പ് ലൈന്‍ ആരംഭിച്ചു. "ഹോപ് ലൈന്‍' എന്ന് പേരിട്ടിരിക്കുന്ന കൗണ്‍സലിംഗ് പദ്ധതി താമരശേരി രൂപാതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.ജീവിതത്തിലെ വിഷമതകള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നല്കുവാന് ഹോപ് ലൈന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി കേള്‍ക്കുവാന്‍ ആളില്ല എന്നുള്ളതാണ്. ജീവിതത്തിന്റെ ആകുലതകളും ഉത്കണ്ഠകളും പങ്കുവയ്ക്കുവാന്‍ ഒരിടം തേടി അലയുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിനുള്ള ഒരു പരിഹാരമാണ് ഹോപ് ലൈന്‍ എന്നും ബിഷപ് പറഞ്ഞു.
ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് 0495 352 3636 എന്ന ഹോപ് ലൈന്‍ നമ്പറില്‍ വിളിച്ച് വിദഗ്ധരായ കൗണ്‍സിലര്‍മാരുടെ സേവനം സൗജന്യമായി തോടാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. കുര്യന് പുരമടത്തില്‍ അറിയിച്ചു.
ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് ഹോപ് ലൈന്‍ സേവനം. ചടങ്ങില്‍ ചേവായൂര്‍ സബ് ഇന്‍സ്പെക്ടര്‍ ഏലിയാസ്, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോയി തേക്കുംകാട്ടില്‍, ഫാ. ജോജി, ഫാ. ജോബി, സി.ആന്സിന് തുടങ്ങിയവര്‍ സംസാരിച്ചു.
Tags : Thamarassery Roopatha Local News Nattuvishesham Kozhikode