കോഴിക്കോട് കോർപറേഷൻ വികസന സദസ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കനാല്‍ സിറ്റി പോലുള്ള പദ്ധതികളിലൂടെ പുതിയ കോഴിക്കോടിനെ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോര്പറേഷന് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച വികസന സദസ് പരിശോധിച്ചാല്‍ കേരളത്തിലെ വലിയ രീതിയിലുള്ള മാറ്റം കാണാന്‍ കഴിയും.
സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. കല്ലുത്താന്‍കടവ് പച്ചക്കറി മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ മേയര്‍ ബീനാ ഫിലിപ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും വികസന നേട്ടങ്ങളുടെ വീഡിയോ അവതരണം, റിപ്പോര്‍ട്ട് അവതരണം, കോര്പറേഷന് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വിട്ടുനല്‍കിയവരെ ആദരിക്കല്‍, സെമിനാറുകള്‍, ഭക്ഷ്യമേള, മെഡിക്കല്‍ ക്യാമ്പ്, കൃഷി വകുപ്പിന്റെ പ്രദര്‍ശനമേള, പുസ്തകമേള, കെ സ്മാര്‍ട്ട് ക്ലിനിക്കുകള്‍, വിവിധ വകുപ്പുകളുടെ പ്രദര്‍ശനം എന്നിവ സദസിന്റെ ഭാഗമായി നടന്നു.
കോട്ടൂളിയില്‍ കളിസ്ഥലം നിര്‍മിക്കുക, പ്രീ പ്രൈമറി തലം മുതല്‍ ശുചിത്വ നിയമങ്ങള്‍ പഠിപ്പിക്കുക, വയോജനങ്ങളെ താമസിപ്പിക്കാനും ശുശ്രൂഷിക്കാനും കോര്‍പറേഷന്റെ കീഴില്‍ പ്രത്യേക കേന്ദ്രം ഒരുക്കുക, വ്യായാമത്തിനായി പദ്ധതികള്‍ ആവിഷ്കരിക്കുക, തെരുവ് നായ്ക്കളുടെ വ്യാപനം കുറയ്ക്കാന്‍ വന്ധ്യംകരണം നടത്തുക, മാലിന്യം വലിച്ചെറിയുന്ന പ്രവണത കുറയ്ക്കാന്‍ ബോധവത്കരണം നടത്തുക, കാര്‍ബണ്‍ ന്യൂട്രല്‍ സിറ്റിയായി നഗരത്തെ മാറ്റുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
ചടങ്ങില്‍ എംഎല്‍എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്, ഡെപ്യൂട്ടി മേയര്‍ സി. പി. മുസാഫര്‍ അഹമ്മദ്, കോര്പറേഷന് സെക്രട്ടറി കെ.യു. ബിനി, അഡീഷണല്‍ സെക്രട്ടറി എന്‍.കെ. ഹരീഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. നിഖില്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എംഡി ഡോ. അലക്സാണ്ടര്‍, കെന്‍സ സ്റ്റീല്‍ ചെയര്മാന് മൊയ്തീന് കോയ പാലക്കണ്ടി, പി.വി. നിതീഷ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, മുന്‍ മേയര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kozhikode