കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പിന്നില്‍ മലിനജലം കെട്ടിക്കിടക്കുന്നതു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. നാളുകള്‍ക്കു മുമ്പു ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍നിന്നുള്ള മലിനജലം ഓടയിലേക്കും ടെമ്പിള്‍ റോഡിലേക്കും ഒഴുക്കിയിരുന്ന വലിയ പൈപ്പ് പൊതുജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് അടപ്പിച്ചിരുന്നു. ഇതോടെയാണ് മലിനജലം മുഴുവന്‍ തിരുനക്കര സ്റ്റാന്‍ഡിലെ കാത്തിരിപ്പു കേന്ദ്രത്തിനു പിന്നിലേക്ക് ഒഴുക്കിവിടുന്നത്. കടുത്ത ദുര്‍ഗന്ധം മൂലം യാത്രക്കാര്‍ക്ക് കാത്തിരിപ്പു കേന്ദ്രത്തില്‍ നില്ക്കാന് സാധിക്കാത്ത അവസ്ഥയാണിപ്പോൾ.
ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു മാറ്റിയപ്പോള്‍ ഒഴിപ്പിച്ച വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ ഹൈക്കോടതി 2025 ജൂണ്‍ 17നു ഉത്തരവായിരുന്നു. നഗരസഭാ കൗണ്‍സില്‍ ഒക്ടോബര്‍ നാലിനു ചേര്‍ന്നു കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ചുമതലപ്പെട്ട ആള് ഇല്ലാത്തതിനാല്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. നിലവിലത്തെ കൗണ്‍സിലിന്റെ കാലാവധി നവംബര്‍ നാലിനു തീരുകയാണ്. അതിനാല്‍ വ്യാപാരികള്‍ കോടതിയലക്ഷ്യത്തിനു വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ തയാറെടുക്കുകയാണ്.
Tags : Local News Nattuvishesham Kottayam