ഗാന്ധിനഗർ: പ്രതിഷേധങ്ങൾക്കും പരാതികൾക്കുമൊടുവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗം ഇന്നു നടക്കും. രണ്ടു വർഷങ്ങൾക്കു ശേഷമാണ് ആശുപത്രി വികസന സമിതി യോഗം ഇന്നു നടക്കുന്നത്.
മെഡിക്കൽ കോളജ് ഓഫീസിൽ വൈകുന്നേരം മൂന്നിനാണ് യോഗം. 2023 ഏപ്രിൽ 14 നാണ് അവസാനമായി യോഗം ചേർന്നത്. ഇതിനുശേഷം രണ്ടു വർഷം കഴിഞ്ഞിട്ടും യോഗം വിളിക്കാത്തതിൽ വികസന സമിതിയംഗങ്ങൾ വലിയ പ്രതിഷേധമാണ് ഉയർത്തിരുന്നത്. കളക്ടർക്ക് അടക്കം പരാതിയും നൽകിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കളക്ടർ ചെയർമാനായി സൊസൈറ്റി ആക്ടിന്റെ കീഴിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നതാണ് ആശുപത്രി വികസന സമിതി.
ജില്ലയിൽനിന്നുള്ള എംപിമാരും എംഎൽഎമാരും മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യം, പിഡബ്ല്യുഡി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മെഡിക്കൽ കോളജ് അധ്യാപകരുടെ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് ആശുപത്രി വികസന സമിതി കമ്മിറ്റി.
സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു ചേർക്കണമെന്നാണ് ചട്ടം. എന്നാൽ 2023 ഏപ്രിൽ 14ന് ശേഷം സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം വിളിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർക്കു നിരവധി പരാതികൾ കൊടുത്തിരുന്നു. വികസന സമിതി കൂടാത്തത് ആശുപത്രിയുടെ ദൈനംദിന വികസന പ്രവർത്തനങ്ങളെയും രോഗികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനേയും പ്രതികൂലമായി ബാധിക്കും.
വർഷങ്ങളായി എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഉപയോഗിച്ചാണ് ആശുപത്രിയുടെ ഭരണം നിർവഹിക്കുന്നത്. ആശുപത്രിയിൽ നടക്കുന്ന നിർമാണ-വികസന പ്രവർത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേട് പുറത്തുവരാതിരിക്കാനാണ് ജനറൽബോഡി യോഗം വിളിച്ചുചേർക്കാത്തതെന്നായിരുന്നു യുഡിഎഫ് പ്രതിനിധികളുടെ പ്രധാന ആരോപണം.
കഴിഞ്ഞ ജൂലൈ മൂന്നിന് ശുചിമുറി കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി മരണപ്പെട്ട സാഹചര്യം ഉണ്ടായിട്ടുപോലും മൂന്നു മാസം കഴിഞ്ഞാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത്.
Tags : Local News Nattuvishesham Kottayam